Skip to content

പുനർജന്മം

Rebirth Story

ഒരു സാധാരണ ഹിന്ദു കുടുംബത്തിലാണ് ബാബു ജനിച്ചത്. അവനത്ര സമർത്ഥനായ വിദ്യർത്ഥിയൊന്നുമല്ലായിരുന്നു. മാതാപിതാക്കൾക്ക് നല്ല ഉദ്യോഗമുണ്ടായിരുന്നതുകൊണ്ട് “നല്ലത്” എന്നു പറയുന്ന ഒരു സ്ക്കൂളിലാണ് അവൻ പഠിച്ചത്. വിദ്യാർത്ഥികളെല്ലാം നന്നായി മാർക്കു മേടിക്കണം എന്ന വാശി അവിടത്തെ അധികാരികൾക്കും അദ്ധ്യാപകർക്കും ഉണ്ടായിരുന്നു. നല്ല മാർക്കു ലഭിക്കാനായി അദ്ധ്വാനിക്കാൻ ബാബു തയാറായിരുന്നു. അതുകൊണ്ട്, ഓരോ ദിവസവും പഠിപ്പിക്കുന്ന പാഠങ്ങൾ അന്നന്നു വൈകിട്ട് അവൻ പഠിക്കുമായിരുന്നെന്നു മാത്രമല്ല, പരീക്ഷയടുക്കുമ്പോൾ വൈകിട്ടത്തെ കളിയൊക്കെ വേണ്ടെന്നുവച്ച് നേരത്തെതന്നെ അമ്പലത്തിലൊക്കെ പോയി കുളിച്ചു തയാറായി പഠിക്കാനിരിക്കുമായിരുന്നു. അങ്ങനെ അവനാൽ കഴിയുന്നതെല്ലാം ബാബു ചെയ്തു. പക്ഷെ എന്നിട്ടും അവന്റെ ടീച്ചറന്മാർക്ക് തൃപ്തിയായില്ല. മാതാപിതാക്കൾ ഒരുവിധമൊക്കെ അങ്ങ് അംഗീകരിച്ചു എന്നുമാത്രം. മൊത്തത്തിൽ, ജീവിതം തന്നോട് ക്രൂരമാണ് എന്നവനു തോന്നി, പ്രത്യേകിച്ച് ആ തടിയൻ രമേശനും ആ വായാടി ജോർജ് തോമസുമൊക്കെ വിശേഷിച്ചു വലിയ അധ്വാനമൊന്നുമില്ലാതെ നല്ല മാർക്കുകൾ വാങ്ങുന്നതു കണ്ടപ്പോൾ അവന് അസൂയയും പരീക്ഷയോടും ജീവിതത്തോടുതന്നെയും മടുപ്പും തോന്നി. ആ ജോർജ് തോമസാണെങ്കിൽ പരീക്ഷസമയത്തുപോലും ക്രിക്കറ്റു കളിക്കാൻ പോകുന്നതു കാണുമ്പോൾ കൂടെ പോകാൻ പലതവണ തോന്നിയതാണ്. പിന്നെ, മാർക്ക് ലിസ്റ്റു വരുമ്പോഴുള്ള അമ്മയുടെയും അച്ഛന്റെയും വിഷമവും ടീച്ചറന്മാരുടെ ശകാരവും ഓർത്തിട്ടാണ് അവൻ പുറത്തിറങ്ങാതെയിരുന്നു പഠിച്ചത്.

ഈശ്വരവിശ്വാസികളുടെ കുടുംബത്തിൽ ജനിച്ചതുകൊണ്ടാവാം ബാബു പതിവായി വിളക്കിനു മുന്നിലിരുന്ന് പ്രാർത്ഥിക്കുമായിരുന്നു, പരീക്ഷയില്ലാത്ത കാലങ്ങളിലും. പരീക്ഷ അടുത്തുവരുമ്പോൾ പതിവായി അമ്പലത്തിലും പോകുമായിരുന്നു. അവന്റെ ഫ്രണ്ട്സ് അവനോടു പറഞ്ഞിരുന്നു പരീക്ഷയ്ക്കുമുമ്പ് ദൈവത്തെ ഒന്നു പ്രീതിപ്പെടുത്തുന്നതു നല്ല മാർക്കു ലഭിക്കാൻ സഹായിക്കുമെന്ന്. അങ്ങനെ അവൻ പതിവായി വീട്ടിലിരുന്നു പ്രാർത്ഥിക്കുകയും പരീക്ഷയടുക്കുമ്പോൾ അമ്പലത്തിൽപ്പോകുകയും ചെയ്തു. കുറ്റം പറയരുതല്ലോ, അവൻ അവന്റെ പങ്കും കഴിവതും ശ്രമിച്ചു. എന്നിട്ടും എന്തോ ദൈവം കനിയാഞ്ഞിട്ടോ അദ്ധ്യാപകർ കനിയാഞ്ഞിട്ടോ അവൻ ഒരു ശരാശരി വിദ്യാർത്ഥിമാത്രമായി തുടർന്നു. എന്നാൽ അവന്റെ ബന്ധുക്കൾക്കും ടീച്ചറനമാാർക്കും അതുകൊണ്ടു തൃപ്തിയായില്ല. എന്നാൽ അവനിനി കൂടുതലായി എന്തുചെയ്യണമെന്നു പറഞ്ഞുകൊടുക്കാനും അവർക്കായില്ല. അവന്റെ അമ്മ ശ്രമിക്കാഞ്ഞിട്ടല്ല. അവർ അവന് ബ്രഹ്മിയും അതുപോലെ ഓർമ്മ കൂട്ടാനായി പറയുന്ന പലതും വാങ്ങിക്കൊടുക്കുകയും ചെയ്തു. അതുപോലെ ഓരോന്നും ചെയ്യുമ്പോഴും ബാബുവിന്റെ മനസ്സിൽ ആത്മവിശ്വാസം കുറഞ്ഞുവന്നതല്ലാതെ, മാർക്കു കൂടിയില്ല. അവന് ഇതിൽനിന്നൊക്കെ രക്ഷപ്പെട്ടാൽമതി എന്നായി.

അങ്ങനെയിരിക്കെയാണ് ഒരു ദിവസം അവന്റെ ക്ലാസ്‍ടീച്ചർ ആ ഭയങ്കര കാര്യം പ്രഖ്യാപിച്ചത്: പരീക്ഷകൾ വരുന്നു. എല്ലാവരും പഠിച്ചുതുടങ്ങിക്കൊള്ളൂ! അതോടെ ബാബുവിന് ആധിയായി. ഇനിയും തുടങ്ങണമല്ലോ, ദൈവങ്ങളെ പ്രീതിപ്പെടുത്തലും കളിസമയമൊക്കെ വീട്ടിലിരുന്ന് പഠിക്കലും. അന്നവൻ വീട്ടിലേക്ക് പോകുന്ന വഴിക്ക് പലപ്പോഴും കാണാറുള്ള ആ ചെമ്പൻ പട്ടി അവന്റെയടുത്തു വന്നു. വാലുമാട്ടി അവനെ നോക്കിനിൽക്കുന്ന ചെമ്പനെ കണ്ടപ്പോൾ ബാബുവിനു തോന്നി, “ഈ പട്ടികൾക്കൊക്കെ എന്തു സുഖമായിരിക്കും! സ്ക്കൂളിലും പോകണ്ട, പരീക്ഷയും എഴുതണ്ട, മാർക്ക് ലിസ്റ്റിനേം പേടിക്കണ്ട, ടീച്ചറേം പേടിക്കണ്ട. തോന്നുന്നതുപോലെ കൂട്ടുകാരുടെ കൂടെ കളിച്ചുനടന്നാൽ മതി. പിന്നെ ആരെങ്കിലുമൊക്കെ കൊടുക്കുന്ന എന്തെങ്കിലുമൊക്കെ കഴിക്കാനും കിട്ടും.”

പരീക്ഷ അടുത്തിരിക്കുന്നതുകൊണ്ട്, വീട്ടിലെത്തി കുളിച്ചു തയാറായി ബാബു അമ്പലത്തിൽ പോയി. അടുത്തുള്ള ശിവക്ഷേത്രമാണ് അവർ സാധാരണ സന്ദർശിക്കാറുള്ളത്. ആ ദിവസം, എന്തോ കാരണവശാൽ, ആ ചെമ്പൻ അവിടെയുമെത്തി. അമ്പലത്തിലേക്കു കയറാനൊരുങ്ങിയ ബാബുവിന്റെ മുന്നിൽ വാലുമാട്ടിക്കൊണ്ട് അവനെത്തി. ചെമ്പനെ വീണ്ടും കണ്ടപ്പോൾ ബാബുവിനു തോന്നി അവനെന്തോ പറയാൻ ശ്രമിക്കുകയാണെന്ന്. അല്ലെങ്കിൽ, സാധാരണഗതിയിൽ കണ്ടാൽ വാലാട്ടി സ്നേഹം പറഞ്ഞിട്ട് അവൻ പോകാറാണ് പതിവ്. ആ ദിവസം സ്ക്കൂളീന്നു വരുമ്പൊ കണ്ടപ്പോഴും അമ്പലത്തിനടുത്തുവച്ചു കണ്ടപ്പോഴും ചെമ്പൻ അടുത്തുവന്നു വാലാട്ടി നിൽക്കുകയും അവന്റെ മുഖത്തേക്കുതന്നെ നോക്കുകയും ചെയ്തു. “അവനെന്തോ എന്നോടു പറയാൻ ശ്രമിക്കുകയാണോ? അതോ എന്റെ അവസ്ഥ കണ്ട് അനുതാപം അറിയിക്കാൻ വന്നതാണോ?” ഇങ്ങനെ പോയി അവന്റെ ചിന്ത.

അന്ന് ബാബു കുറേനേരം പ്രാർത്ഥിച്ചു. പരമശിവനോട് തന്റെ കഷ്ടപ്പാടുകൾ വിശദമായിത്തന്നെ പറഞ്ഞു. എന്നിട്ട് തന്നെ ഒന്നു രക്ഷിക്കാൻ യാചിച്ചു. കൈക്കൂലിയായി പലതും കൊടുക്കാമെന്ന് ഏൽക്കുകയും ചെയ്തു. പക്ഷെ, എന്തുകൊണ്ടോ, ശിവൻ കനിഞ്ഞതായി അവനു തോന്നിയില്ല. ഇനിയെന്താണ് വഴി എന്നാലോചിച്ചപ്പോഴാണ് ഓർമ്മവന്നത്. വിദ്യയുടെ ദേവി സരസ്വതിയാണെന്ന് അങ്ങേതിലെ ചേച്ചി പറഞ്ഞതും ചില കൂട്ടുകാർ സരസ്വതിയെ പൂജിക്കുന്നതായി മറ്റുചിലർ പറഞ്ഞതും. എന്തായാലും ഇനി ഒരു വഴിയും ഒഴിവാക്കരുത് എന്നു കരുതി അവൻ അടുത്തുള്ള മറ്റൊരു ക്ഷേത്രത്തിൽ പോയി. അവിടെ സരസ്വതിയുടെ വിഗ്രഹമുണ്ടായിരുന്നു. അവിടെയും കാര്യങ്ങളൊക്കെ പറഞ്ഞിട്ടാണ് അന്നവൻ വീട്ടിലെത്തിയത്. പക്ഷെ എന്നിട്ടും അവനത്ര സന്തോഷമായില്ല. ഇനിയുള്ളത് സ്പെഷ്യൽ റെക്കമൻഡേഷനാണ്. അതിന് അമ്മയെ ശട്ടംകെട്ടണം എന്ന ചിന്തയോടെയാണ് അവൻ വന്നത്.

പിന്നെയും ദാ വീട്ടിനടുത്തെത്തിയപ്പോൾ വരുന്നു ചെമ്പൻ വാലുമാട്ടിക്കൊണ്ട്. “എന്താടാ, നിനക്കെന്താ വേണ്ടത്? നീ വിചാരിച്ചാൽ എന്നെ സഹായിക്കാൻ പറ്റുമോ? ഞാൻ നിനക്ക് പറ്റുമ്പോഴൊക്കെ വല്ലതും തിന്നാൻ തരാറുള്ളതല്ലേ? നീ പറ. ഞാനിപ്പൊ രണ്ട് അമ്പലത്തിലും പോയി ദൈവത്തിനോട് കാര്യമായി പറഞ്ഞിട്ടാ വരുന്നത്. പക്ഷെ അവരൊന്നും കേട്ട ഭാവമില്ല. നിനക്കു സുഖമല്ലേ? സ്ക്കൂളിലും പോകണ്ട, പരീക്കേമില്ല, ചുമ്മാ ഓടിക്കളിച്ചു നടന്നാ മതി. എന്നെക്കൂടി നിന്റെ കൂട്ടത്തിൽ കൂട്ടുമോടാ?” എന്നവൻ ഉറക്കെത്തന്നെ ചോദിച്ചു. പക്ഷെ ചെമ്പനും വലിയ താല്പര്യ കാട്ടിയില്ല. അവൻ വെറുതെ തുറിച്ചു നോക്കിയിട്ടു സ്ഥലംവിട്ടു.

“എന്തുപറ്റി, മോനൂ. ഇന്നെന്താ ഇത്ര വൈകിയത്?” എന്ന ചോദ്യവുമായാണ് അമ്മ അവനെ സ്വീകരിച്ചത്.

“അമ്പലത്തിൽ പോയിരുന്നു അമ്മേ. പരീക്ഷ വരുവാ. എന്തെങ്കിലുമൊക്കെ കാര്യമായി ചെയ്താലേ നല്ല മാർക്കു വാങ്ങാനൊക്കൂ. അമ്മയുടെ വക സ്പെഷൽ പൂജ വല്ലതും ചെയ്യിക്കണം.” എന്ന് ബാബു വിശദീകരിച്ചു.

ചായകുടിക്കാനിരിക്കുമ്പഴും ബാബുവിന്റെ ചിന്ത ചെമ്പനെക്കുറിച്ചായിരുന്നു. ഒരു പട്ടിയായി ജനിച്ചിരുന്നെങ്കിൽ എന്തു സുഖമായിരുന്നു! വല്ല എല്ലിൻകഷണവും ഇറച്ചിക്കഷണവും ചന്തേന്നു കിട്ടും. അതൊക്കെ കടിച്ചുചവച്ച് കൂട്ടുകാരുടെ കൂടെ കളിച്ചു നടന്നാൽപ്പോരേ? ഈ പരീക്ഷേമില്ല, മാർക്കും വാങ്ങണ്ട, ആരും ചോദിക്കേമില്ല. തോന്നുന്നിടത്തു കറങ്ങിനടന്നു കളിക്കാം.

അന്നുരാത്രി പഠിക്കാനിരിക്കുമ്പോൾ അവന്റെ ചിന്ത വീണ്ടും പരീക്ഷയിലേക്കു തിരിഞ്ഞു. മടുപ്പു തോന്നിയപ്പോൾ മുഖമുയർത്തി നോക്കിയത് മുമ്പിലത്തെ ജനാലയിലൂടെ പുറത്തേക്കാണ്. നല്ല രാത്രി. ചെറുതായി നിലാവെളിച്ചമുണ്ടെങ്കിലും നക്ഷത്രങ്ങൾ മിന്നുന്നതും കാണാം. നല്ല ഭംഗിയുള്ള രാത്രി. അവന് മുറിക്കുള്ളിലിരിക്കാൻ തോന്നിയില്ല. പതുക്കെ എണീറ്റ് ശബ്ദമുണ്ടാക്കാതെ പുറത്തുകടന്നു. നല്ല സുഖമുള്ള അന്തരീക്ഷം ചെറുതായ തണുപ്പുമുണ്ട്, മരങ്ങളുടെ ഇടയിൽക്കൂടി നക്ഷത്രങ്ങളെ കാണാനും നല്ല രസമുണ്ട്. അവനവിടെയങ്ങനെ നിന്ന് മുകളിലേക്കു നോക്കുമ്പോൾ താരസുന്ദരികളുടെ ഇടയിൽ വിരാജിക്കുന്ന രാജകുമാരിയെപ്പോലെ തിളങ്ങുന്ന അർദ്ധചന്ദ്രൻ അവനോട് എന്തോ പറയുന്നതുപോലെ തോന്നി. താരസുന്ദരികളാണെങ്കിൽ അവനെ കണ്ണിറുക്കി കാണിക്കുന്നു. എല്ലാംകൂടി നല്ല രസം. അവൻ കുറച്ചുനേരമങ്ങനെ നിന്നു. അപ്പോഴതാ അധികം ദൂരത്തല്ലാതെ ഏതോ പട്ടി ഓലിയിടുന്നു. ബാബുവിനു വീണ്ടും തോന്നി ആ പട്ടിക്ക് എന്തോ സന്ദേശമുണ്ട്. അല്ലെങ്കിൽ ഈ നേരത്ത് സാധാരണയായി ഇങ്ങനെയൊന്നും കേൾക്കാറില്ല. അവൻ വീണ്ടും ചിന്തിച്ചു, “ഒരു പട്ടിയായിരുന്നെങ്കിൽ! ദേ ഈ രാത്രിയിൽപ്പോലും കളിച്ചു നടക്കുവല്ലേ? പഠിക്കാനുമില്ല, ഹോംവർക്കുമില്ല. പരീക്ഷയെ പേടിക്കുകേം വേണ്ട. ഞാനൊരു പട്ടിയായിരുന്നെങ്കിൽ!” ആ അവസാനത്തെ ഭാഗം അവൻ ഓ‍ർക്കാതെ ഉറക്കെ പറഞ്ഞുപോയി.

കുറച്ചുനേരം അങ്ങനെ നിന്നപ്പോൾ നേരം പോകുന്നല്ലോ എന്ന തോന്നൽ, പഠിക്കണ്ടേ? എന്നാൽ അവന് അകത്തേക്കു പോകാനും തോന്നുന്നില്ല. അങ്ങനെ, ബാബു വരാന്തയുടെ പടിയിൽ പോയിരുന്നു. അങ്ങനെ ഇരുന്നുകൊണ്ട് പരീക്ഷയെപ്പറ്റിയും വൈകിട്ടത്തെ ഫലപ്രദമാകാത്ത ക്ഷേത്രസന്ദർശനത്തെപ്പറ്റിയും ഒക്കെ ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ അവനു വീണ്ടും തോന്നി, “ഹൊ, ഈ പട്ടികൾക്ക് എന്തു സുഖമായിരിക്കണം! ഒരു പട്ടിയായി ജനിച്ചിരുന്നെങ്കിൽ!” പെട്ടെന്ന് അവനു തോന്നി, പരമശിവനോട് പ്രാർത്ഥിച്ചാലോ, തന്നെയൊരു പട്ടിയാക്കാൻ. പിന്നീട് പരീക്ഷയെല്ലാം കഴിയുമ്പൊ തിരിച്ച് കുട്ടിയായൽപ്പോരെ? അവനത് ഉറക്കെ പറഞ്ഞോ എന്ന് അവനുതന്നെ അറിയില്ല.

ഏതായാലും അങ്ങനെയിരിക്കുമ്പോൾ അവന്റെ മുന്നിലേക്ക് ആരോ നടന്നുവരുന്നതുപോലെ തോന്നി. പെട്ടെന്ന് കള്ളനോ മറ്റോ ആയിരിക്കുമോ എന്നവൻ പേടിച്ചു. പക്ഷെ പൊലീസ് സ്റ്റേഷന്റെ ഇത്ര അടുത്ത് കള്ളന്മാരാരും വരില്ല എന്ന് ആലോചിച്ചപ്പോൾ തോന്നി. അങ്ങനെ, ആ മനുഷ്യൻ അടുത്തേക്കു നടന്നുവരുന്നു. നോക്കിയപ്പോൾ സാധാരണ വേഷമൊന്നുമല്ല എന്ന് അവന് തോന്നി. ആ പാതിവെളിച്ചത്തിൽത്തന്നെ വേറെയെന്തോ വേഷമാണെന്നു മനസ്സിലാക്കാം. പക്ഷെ എങ്ങിനത്തെ വേഷമാണെന്ന് അവനു തിരിച്ചറിയാനായില്ല. കുറച്ചുകൂടി അടുത്തേക്കു വന്നപ്പോഴാണ് അവൻ ശരിയായി കാണുന്നത്. അതുകണ്ട് ബാബു ഭയന്നോ സന്തോഷിച്ചോ അതോ വെപ്രാളപ്പെട്ടോ എന്ന് അവനുപോലും അറിയില്ല. കാരണം പരമശിവന്റെ വേഷം ധരിച്ച ഒരാളെയാണ് അവൻ കണ്ടത്. ഇതുപോലത്തെ വേഷംകെട്ടിയ ഒരാൾക്ക് നാടകരംഗത്തുനിന്ന് ഇറങ്ങി ഓടേണ്ടതായി വന്നത് ഒരു സിനിമയിൽ കണ്ടത് അവനോർത്തു. ഇനി അങ്ങനെ വല്ലതുമായിരിക്കുമോ? എന്തായാലും ചാടിയെണീക്കാനുള്ള മനഃസാന്നിദ്ധ്യം അവനുണ്ടായി. അവൻ കൈ തൊഴുതുകൊണ്ട് അങ്ങനെ നിന്നു.

“എന്താ മകനേ, നിനക്കു വേണ്ടത്?” ആദ്യം സംസാരിച്ചത് വിരുന്നുകാരൻ തന്നെയായിരുന്നു. ബാബുവിന് ഒന്നും പറയാനാവുന്നില്ല. “ദിവസവും നീ എന്നോടു പ്രാർത്ഥിക്കുന്നതല്ലേ? ഇപ്പോൾ ഞാൻ നിന്റെ മുമ്പിൽ വന്നപ്പോൾ പേടിക്കുന്നതെന്തിനാ? നീ വിളിച്ചിട്ടല്ലേ ഞാൻ വന്നത്? അങ്ങനെ എല്ലാവരും വിളിച്ചാലൊന്നും ഞാൻ വരില്ല, കേട്ടോ. നീ നല്ല കുട്ടിയാണ്. എനിക്കു നിന്നെ ഇഷ്ടമായതുകൊണ്ടാണ് വന്നത്. നിനക്കെന്താണ് വേണ്ടതെന്നു പറ.”

“നിനക്കെന്താ പഠിക്കാൻ പ്രയാസമാണല്ലേ? അതുകൊണ്ട് കുറച്ചുകാലം ഒരു പട്ടിയായി ജീവിക്കാനാഗ്രഹമാണല്ലേ? എന്നാൽപ്പിന്നെ നിന്റെ ആഗ്രഹംപോലെ നടക്കട്ടെ” എന്നു പറഞ്ഞിട്ട് ആ രൂപം നടന്നകന്നു. ആ രൂപവും ഗാംഭീര്യം നിറഞ്ഞ ശബ്ദവും കേട്ടിട്ട് ബാബുവിന് ഒന്നും പറയാൻ പറ്റിയില്ല. അവൻ വെറുതെ തല കുലുക്കുക മാത്രം ചെയ്തു.

ബാബുവിന് ഭയവും സന്തോഷവും എല്ലാംകൂടി വല്ലാത്തൊരു അനുഭൂതി. ശരിക്കും പരമശിവൻ തന്നെയായിരിക്കുമോ വന്നത്? താനിപ്പോഴൊരു പട്ടിയായി മാറുമോ? അവനങ്ങനെ ചിന്തിച്ചതേയുള്ളൂ, ദേഹത്തിന് എന്തോ സംഭവിക്കുന്നതുപോലെ ഒരു തോന്നൽ. അവന്റെ കാലുകൾക്കും കൈകൾക്കും എന്തോ സംഭവിക്കുന്നതുപോലെ. ദാ, ക്രമേണയായി അവന്റെ വിരലുകളുടെ രൂപമെല്ലാം മാറുന്നു. കൈകാലുകൾ ശോഷിച്ച് തീരെ മെലിഞ്ഞതായി. അവനു വീണ്ടും പേടിയായി. തനിക്കെന്താണീ സംഭവിക്കുന്നത് എന്ന പേടി. പണ്ട് ഒരു സിനിമയിൽ ഒരു കുട്ടിയെ പട്ടിയാക്കി മാറ്റിയ കുമ്മാട്ടിയെ കണ്ടതോർത്തു. ആ സിനിമയിൽ ബാക്കി കുട്ടികളെയെല്ലാം തിരിച്ചു കുട്ടികളാക്കിയപ്പോൾ ഒരു പട്ടി മാത്രം ഓടിപ്പോയതിനാൽ പട്ടിയായിത്തന്നെ തുടർന്നു. അത് അവനെ ഭയപ്പെടുത്തി. തന്റെ അച്ഛനും അമ്മയും തന്നെ തിരിച്ചറിയുമോ? അറിഞ്ഞില്ലെങ്കിൽ എന്തുചെയ്യും? തുടങ്ങിയ ചോദ്യങ്ങൾ അവന്റെ മനസ്സിലൂടെ കടന്നുപോയി. എന്നാലും അവനാഗ്രഹിച്ചതുപോലെ പട്ടിയായല്ലോ. ഇനി സ്ക്കൂളുമില്ല, പരീക്ഷയുമില്ല, ഒരുപ്രശ്നവുമില്ല എന്ന് അവൻ സന്തോഷിച്ചു. “വല്ല പട്ടിയും വന്നെങ്കിൽ അവരുടെകൂടെ കളിക്കാമായിരുന്നു.” എന്നവൻ വിചാരിച്ചു.

അതേസമയം, അവന്റെ മനസ്സിലൊരു സംശയവുമുണ്ടായി. താനിനി എങ്ങനെ തന്റെ അച്ഛനോടും അമ്മയോടും പറയും താനവരുടെ മകനാണെന്ന്. ഒരു സിനിമയിൽ കുട്ടികളെ കുമ്മാട്ടി പട്ടികളാക്കിയപ്പോൾ അതു കണ്ടവരുണ്ടായിരുന്നു. ഇന്നിപ്പോൾ താനൊറ്റയ്ക്കാണ്. അബദ്ധമായിപ്പോയോ എന്ന ചിന്ത അവനെ വല്ലാതെ അലട്ടി. അവൻ വിളിച്ചിട്ടാണല്ലോ ശിവൻ വന്നത്. അവനെ ഇഷ്ടമായതുകൊണ്ടാണെന്നല്ലേ പറഞ്ഞത്? അതുകൊണ്ട് ഒന്നുകൂടി വിളിച്ചുനോക്കാം. എന്നുള്ള ചിന്തയിൽ അവൻ പരമശിവനെ വിളിച്ചു. ഭഗവാനെ വിളിച്ചത് ഒരു കുരയായാണ് പുറത്തുവന്നത്. ശിവൻ എപ്പഴേ പൊയ്ക്കഴിഞ്ഞു! അവനൊന്നുകൂടി വിളിച്ചു, കുറച്ചുകൂടി ഉച്ചത്തിൽ. ഇപ്പോൾ ഉച്ചത്തിലുള്ള കുരയാണ് പുറത്തുവന്നത്. ഉടനെതന്നെ അതാ അപ്പുറത്തുനിന്നും കേൾക്കുന്നു കുര! അവൻ ഉറക്കെ നിലവിളിക്കാൻ ശ്രമിച്ചു. ഇത്തവണ കുരയ്ക്കു പകരം ഓലിയിടുന്ന ശബ്ദമാണ് പുറത്തുവന്നത്. ഉടനെതന്നെ പലയിടങ്ങളിൽനിന്നും പട്ടികൾ ഓലിയിടാൻ തുടങ്ങി.

താമസിയാതെ ആ വീട്ടുമുറ്റത്ത് എട്ടുപത്തു പട്ടികൾ കൂട്ടമായെത്തുന്ന ശബ്ദം കേട്ടു. ബാബു ആലോചിച്ചു. “ഇതാരാണോ വരുന്നത്! പട്ടികളാണെന്നു തോന്നുന്നു, ആ ചെമ്പനുണ്ടാവുമോ എന്തോ. വല്ല പട്ടിയും തന്നെ തിരിച്ചറിയുമോ? അവർ ഫ്രെണ്ട്‍ലി ആയിരിക്കുമോ? അതോ വഴക്കിടാനാണോ വരുന്നത്?”

എന്തായാലും വന്ന പട്ടികളുടെ കൂട്ടത്തിൽ ചെമ്പനുമുണ്ടായിരുന്നു. ബാബുവിനു സന്തോഷമായി. ഒരു പഴയ പരിചയക്കാരനെ കണ്ടതുപോലെ. എന്നാൽ, ചെമ്പന്റെ ഭാവത്തിൽ ഒരു മാറ്റവുമില്ല.

“നീയേതാ, എവിടന്നു വന്നു?”

“നിനക്കെന്താ ഇവിടെ കാര്യം?”

ഇങ്ങനെ പോയി ഓരോ ചോദ്യം. ഇപ്പോൾ പട്ടികൾ പറയുന്നത് അവനു മനസ്സിലാകുന്നുണ്ടായിരുന്നു.

“ആഹാ, കൊള്ളാമല്ലൊ, എന്റെ വീട്ടിൽ കയറിവന്നിട്ട് എന്നോടു ചോദിക്കുന്നോ ഞാനാരാന്ന്!” അപ്പോഴും ബാബുവിന്റെ മനസ്സിൽ ഓടിവന്നു ആ പ്രശസ്ത സിനിമാ ഡയലോഗ്, “ഞാനാരാണെന്ന് തനിക്കറിയില്ലെങ്കില്‍ താനെന്നോട് ചോദിക്ക് ഞാനാരാണെന്ന്. അപ്പോ തനിക്കു ഞാന്‍ പറഞ്ഞു തരാം ഞാനാരാണെന്നും താനാരാണെന്നും.”

പക്ഷെ ഇതൊന്നും ആ പട്ടികളുടെയടുത്ത് വിലപ്പോകില്ല എന്നവൻ കണ്ടു. എന്താ ആ ചെമ്പൻ പോലും, എത്രതവണ അവന് ഭക്ഷണം കൊടുത്തിട്ടുള്ളതാ!

“ആ വിദ്യയൊന്നും ഇവിടെയിറക്കണ്ട കേട്ടോ, വേഗം സ്ഥലംവിട്ടോ. ഇതു ഞങ്ങളുടെ സാമ്രാജ്യമാ. വേറെയാർക്കും പ്രവേശനമില്ല. പുതിയൊരാൾക്കു കഴിക്കാൻ ഭക്ഷണവുമില്ല. ഉള്ളതുകൊണ്ട് ഞങ്ങൾ ഒരുവിധത്തിൽ കഴിഞ്ഞുകൂടുകയാ. അതുകൊണ്ട് മോൻ പോ. നമ്മടെയടുത്താ കളിക്കാൻ വരുന്നെ!” നേതാവിന്റെ ഭാവമുള്ള ഒരു പട്ടിയാണ് പറഞ്ഞത്.

“എടാ ചെമ്പാ, നിനക്കെന്നെ അറിയില്ലേ? ഇന്നു വൈകിട്ടും ഞാൻ നിനക്ക് എന്റെ ലഞ്ച് ബോക്സീന്നുള്ള ഭക്ഷണം തന്നതല്ലേ?” ബാബു അവസാനമായി ഒന്നു ശ്രമിച്ചുനോക്കി. പക്ഷെ ചെമ്പനെങ്ങനെ ബാബുവിനെ തിരിച്ചറിയാനാ! എന്നാലും അവൻ പറഞ്ഞു, “വൈകിട്ടു ഭക്ഷണം തന്നത് ഇവിടത്തെ കുട്ടിയാണല്ലൊ. നീയെവിടുന്നാ എനിക്കു ഭക്ഷണം തരുന്നെ?” അതു കേട്ടപ്പോൾ ബാബുവിന് അല്പം ആശ്വാസമായി.

“ആ കുട്ടിതന്നെയാടാ ഞാൻ! കുറച്ചുമുമ്പ് ശിവൻ വന്ന് എന്നെ പട്ടിയാക്കിയതാ, എന്റെ ആഗ്രഹമനുസരിച്ച്. എനിക്കു മടുത്തു ഈ സ്ക്കൂളിലും പോയി എപ്പഴുമിരുന്നു പഠിച്ചിട്ടും എനിക്കു നല്ല മാർക്കു കിട്ടുന്നില്ല. അതുകൊണ്ട് ഞാൻ പ്രാർത്ഥിച്ചതാ എന്നെ പട്ടിയാക്കാൻ. അങ്ങനെ രാത്രിയിൽ പരമശിവൻ വന്ന് എന്നെ പട്ടിയാക്കി. ഇനി നിങ്ങളുടെ കൂടെയൊക്കെ കളിച്ചു നടക്കാമല്ലോ!”

അതുകേട്ടപ്പോൾ ചെമ്പൻ അടുത്തുവന്ന് അവനെ മണത്തുനോക്കി. അപ്പോൾ ആ നേതാവിനെപ്പോലെ തോന്നിച്ച പട്ടി ചോദിച്ചു, “ഇവൻ പറയുന്നത് നേരാണോ? ആണെങ്കിൽ അവനെ വെറുതെവിടാം.”

മണത്തുനോക്കിയിട്ട് ചെമ്പൻ തലകുലുക്കി. “അതേന്നുതോന്നുന്നു.” അവൻ പറഞ്ഞു. “പക്ഷെ അവനെ അങ്ങനെ വിടണ്ട. അവന് നമ്മടെ കാര്യങ്ങളൊന്നും അറിയില്ല എന്നു തോന്നുന്നു. ഞാനൊന്നു സംസാരിക്കട്ടെ.”

“എന്നാ നീ സംസാരിക്ക്.” എന്നു പറഞ്ഞുകൊണ്ട് നേതാവു പോയി. പിന്നാലെ മറ്റു പട്ടികളും.

“എടാ, നീ വിചാരിക്കുന്നതുപോലൊന്നുമല്ല ഞങ്ങളുടെ ജീവിതം. ഞങ്ങളിൽ ഓരോരുത്തർക്കും അവരുടെ സാമ്രാജ്യമുണ്ട്. അതാണ് ഞങ്ങൾ മൂത്രമൊഴിച്ച് അടയാളപ്പെടുത്തുന്നത്. മറ്റൊരു പട്ടിയുടെ അധികാരപരിധിയിൽ കടന്നാൽ അവൻ ഓടിച്ചുവിടും. ഓടിപ്പോയില്ലെങ്കിൽ അവൻ ആക്രമിക്കും. അതുകൊണ്ട് കൂടുതൽ കരുത്തുള്ള പട്ടിയാണ് അവിടെ വിജയിക്കുക. നീയിപ്പൊ ഇവിടെ പട്ടിയായി പ്രത്യക്ഷപ്പെട്ടതുകൊണ്ട് ഈ സ്ഥലത്തിന്റെ അധികാരിയായ പട്ടി നിന്നെ ആക്രമിക്കും. അതുകൊണ്ട് അവൻ തിരകെയെത്തുന്നതിനുമുമ്പുതന്നെ സ്ഥലംവിടുന്നതാണ് നല്ലത്.”

“എന്നാലും ഇതെന്റെ വീടല്ലേ? എനിക്ക് ഇവിടെ കഴിഞ്ഞൂടേ? ഞാനെവിടെ പോകാനാ?” എന്നായി ബാബു.

“എടാ, നിനക്കെന്താ മനസ്സിലാകാത്തെ? നിന്റെ വീട്ടിൽ വേറൊരാൾ വന്നു താമസമാക്കിയാൽ നിന്റെ അച്ഛനോ നീയോ സമ്മതിച്ചുകൊടുക്കുമോ? അതുപോലെതന്നെയാണ് പട്ടികളുടെ കാര്യവും. നീ എന്തെങ്കിലും വഴി കണ്ടുപിടിക്ക്. അല്ലെങ്കിൽ പ്രശ്നമാ. അവൻ വന്നാൽപ്പിന്നെ എനിക്കും സഹായിക്കാൻ പറ്റില്ല. അവൻ കരുത്തനാണെന്നു മാത്രമല്ല, അവന്റെ സൈഡിലാ ന്യായവും.”

അങ്ങനെ സംസാരിച്ചു നിൽക്കുമ്പോൾ പട്ടികൾ വരുന്ന ശബ്ദം കേട്ടു. മുമ്പിലുണ്ടായിരുന്നു ആ വീടിന്റെ പരിസരത്തെ അധികാരിയായ കറുത്ത ഒരു വലയ പട്ടി. “ആരാടാ എന്റെ സ്ഥലം പിടിക്കാൻ വന്നിരിക്കുന്നെ? ഓടിക്കോണം, കണ്ടുപോകരുത്” എന്നു പറഞ്ഞുകൊണ്ടാണ് അവൻ എത്തിയത്. അവന്റെ വരവു കണ്ടിട്ട് ബാബുവും പേടിച്ചുപോയി. തിരികെ മനുഷ്യനാവുക മാത്രമേ വഴിയുള്ളൂ എന്നവനു തോന്നി.

അറിയാതെ അവൻ വിളിച്ചു “ഭഗവാനേ!” അപ്പോൾ ദാ വീണ്ടും വന്നു പരമശിവൻ. “എന്താ ബാബൂ വിളിച്ചത്? നിനക്കിനി എന്തുവേണം? നീ ആഗ്രഹിച്ചതുപോലെയല്ലേ നിന്നെ ഞാൻ പട്ടിയാക്കിയത്?”

“അതു ശരിയാ ഭഗവാനേ, പക്ഷെ അത് അബദ്ധമായിപ്പോയി എന്നു തോന്നുന്നു. പട്ടികളുടെ ജീവിതം അത്ര സുഖകരമല്ല എന്നു മനസ്സിലായി. എനിക്ക് തിരിച്ച് മനുഷ്യനായാൽ മതി. പക്ഷെ, ഒരു കാര്യംകൂടി. ദയവായി എന്റെ അച്ഛനേം അമ്മയേം ടീച്ചറന്മാരേം ഒന്നു മനസ്സിലാക്കിക്കണം എനിക്ക് ഇത്രയൊക്കെ മാർക്കേ വാങ്ങാനാവുള്ളൂ എന്ന്. ഞാൻ എനിക്കു പറ്റുന്നതിന്റെ മാക്സിമം ശ്രമിക്കാം. പക്ഷെ, എന്തുചെയ്യാനാ. എത്ര പഠിച്ചാലും എനിക്ക് കൂടുതൽ മാർക്കൊന്നും കിട്ടുന്നില്ല. പക്ഷെ ഞാൻ നല്ലവണ്ണം ക്രിക്കറ്റ് കളിക്കുന്നില്ലേ? എന്നെ കളിക്കാരനാക്കിയാമതി.”

പരമശിവൻ സമ്മതിച്ചു. “ഭൂമിയിൽ എന്തായി ജീവിച്ചാലും അതിന്റേതായ ബുദ്ധിമുട്ടുകളുണ്ടാകും. നീ എന്തായി ജനിച്ചുവോ അതായിത്തന്നെ ജീവിക്കാൻ പഠിക്കണം അതാണ്. നല്ലത്. ബാക്കി ഞാനേറ്റു.” അങ്ങനെ പറഞ്ഞുകൊണ്ട് ശിവൻ അവന്റെ പുറത്തുതട്ടി.

നോക്കിയപ്പൊ ദാ അമ്മ നിൽക്കുന്നു മുന്നിൽ! “എന്താ മോനേ ഇവിടെ വന്നിരുന്ന് ഉറക്കം തൂങ്ങുന്നെ? നിനക്ക് ചായയോ കട്ടൻകാപ്പിയോ വല്ലതും വേണോന്നു ചോദിക്കാനായി നിന്റെ മുറിയിൽ നോക്കിയപ്പൊ നീയില്ല. അങ്ങനെയാ ഇവിടെ വന്നത്. അപ്പൊ നീ നല്ല ഉറക്കം. എന്നാ പോയിക്കിടന്നുറങ്ങ്. ഇനി നാളെ നേരത്തെ എണീറ്റിരുന്നു പഠിക്കാം.”

 

കൂടുതൽ കഥകൾ ഇവിടെ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക


Malayalam Story: Rebirth Story by Dr. V. Sasi Kumar – Aksharathalukal Online Malayalam Story

3.5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!