കവലയിൽ ബസ്സിറങ്ങുമ്പോൾ ചിന്തകളുടെ ഭാരം അവനെ അലട്ടിക്കൊണ്ടിരുന്നു.പതിവുപോലെ ഇന്നും വൈകിയാണ് ഓഫീസിൽ നിന്നും ഇറങ്ങിയത്. വഴിവിളക്കിലെ മഞ്ഞ വെളിച്ചം കവലയുടെ ഹൃദയഭാഗത്തെ പ്രകാശമാനമാക്കിയിരിക്കുന്നു. മിക്കവാറും എല്ലാ കടകളും അടച്ചു കഴിഞ്ഞു. പീടിക തിണ്ണകളിൽ ആളൊഴിഞ്ഞിട്ടില്ല. അവരെന്തൊക്കെയോ വലിയ ചർച്ചയിലാണ്.
അവൻ ചിരിച്ചെങ്കിലും അവരത് കണ്ടതായി ഭാവിച്ചില്ല.
വലിയ പത്രാസുള്ള ജോലിയൊന്നുമല്ല നിങ്ങളുടേതെങ്കിൽ ഇതുപോലുള്ള അവഗണനകൾക്ക് ദൈനദിന ജീവിതത്തിൽ ഒരു കുറവും കാണില്ല. അരണ്ട മഞ്ഞ വെളിച്ചത്തിൽ രൂപപ്പെട്ട നിഴൽ നോക്കി അവൻ നടത്തം തുടർന്നു. അവൻ്റെ മനസ്സിലിപ്പോഴും രണ്ടു ദിവസം മുമ്പുണ്ടായ ആ സംഭവമാണ്. സമാധാനത്തോടെ ജീവിതം മുന്നോട്ട് പോകുന്നത് പലർക്കും ഇഷ്ടമല്ല. അപ്പാൾ അവർ എന്തെങ്കിലും പ്രശ്നങ്ങൾ സൃഷ്ടിക്കും.
ചിന്തകൾ കാടുകയറി.ഉച്ചത്തിൽ ഹോണടിച്ച് ഒരു ബൈക്ക് അവനെ കടന്ന് പോയി.ഇനിയും കുറേ നടക്കാനുണ്ട്. അവൻ വേഗത്തിൽ നടക്കാൻ തുടങ്ങി.
കയറ്റം കയറി ഇറങ്ങുന്നിടത്ത് ഒരു ചില്ലറ പീടികയുണ്ട്. അവിടെ ഇപ്പോഴും കുറച്ച് പേർ കൂട്ടം കൂടി നിൽക്കുന്നുണ്ട്. കടയിലെ വൃദ്ധൻ അവരെയും നോക്കി ഇരിക്കുകയാണ്.
കുഞ്ഞൂട്ടനാശാരിയാണ് അവനെ ആദ്യം കണ്ടത്. അവനെ കണ്ടതും അയാളുടെ മുഖത്ത് നിഗൂഢമായ ഒരു ചിരിവിടർന്നു.
“എടാ ലവൻ വരുന്നുണ്ട് “അയാൾ പതുക്കെ പറഞ്ഞു. ഇപ്പോ എല്ലാവരുടെയും നോട്ടം അവനിലാണ്.
ഒരു പരിഹാസചിരിയോടെ
അയാൾ പറഞ്ഞു
” മറ്റവൻ നിന്നേം നോക്കി നടക്കുന്നുണ്ട്”
അവനതിന് മറുപടിയൊന്നും പറഞ്ഞില്ല.
” എന്നാലും അതാരായിരിക്കും ചെയ്തത് …… ആരോ ഇതിനിടക്ക് കളിച്ചിട്ട്ണ്ട് ”
അതും പറഞ്ഞ് അയാൾ മറ്റുള്ളവരെ നോക്കി ചിരിച്ചു.
” സത്യം എന്നായാലും ജയിക്കും” അവൻ ദൃഢമായി പറഞ്ഞു.
അതു കേട്ടപ്പോൾ അയാളൊന്നു പരുങ്ങി
കൂട്ടത്തിൽ നിന്ന് മാറി സിഗരറ്റ് വലിച്ച് കൊണ്ടിരുന്നയാൾ അവൻ കേൾക്കാനായി ഉറക്കെ പറഞ്ഞു
“ഇഞ്ഞി പോയി കുറേ പണോണ്ടാക്ക് ….എന്നിട്ട് വാ….. അന്നേരം ചെലപ്പം ഇൻ്റ സത്യം ജയിക്കും”
വീണ്ടും അവിടെ കൂട്ട ചിരി ഉയർന്നു.
ഹ…….. ഹ……… ഹ……… ഹ……….
ഇരുട്ടിലേക്ക് നടന്നു കയറുമ്പോഴും
അവരുടെ പകയോടെയുള്ള നോട്ടം
അവനെ പിൻതുടരുന്നുണ്ടായിരുന്നു.
ചിലർ അവഗണിക്കാൻ മത്സരിക്കുമ്പോൾ മറ്റുചിലർ പരിഹസിക്കാൻ മത്സരിക്കുന്നു.
വിജനമായ നിരത്തിലൂടെ ഒറ്റക്ക് നടക്കുമ്പോൾ അവന് ആശ്വാസം തോന്നി.
തെങ്ങിൻ തലപ്പ്കൾക്ക് മുകളിലൂടെ നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തേക്ക് നോക്കുമ്പോൾ മറ്റെല്ലാം മറന്ന് പോകുന്നു.
അനന്തമായ പ്രപഞ്ചം
കാക്കതൊള്ളായിരം നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉള്ള പ്രപഞ്ചത്തിൽ ഈ ഭൂമി ഒരു മണൽതരിയോളം ചെറുതാണെന്ന ബോധം അവനുണർവ്വ് നൽകി.
A Short Story
By
Sarathlal
_________________________________