ഏക

2470 Views

ekha story

അവൾ ക്യാഷ് എണ്ണി നോക്കി ഒരു നെടുവീർപ്പോടെ അത് ബാഗിൽ ഇട്ടു…..കയ്യിൽ കിട്ടിയ ശേഷം അഞ്ചാം തവണയാണ് ഇപ്പൊ ഇത് എണ്ണി നോക്കുന്നത്…അവളുടെ ജീവിതത്തിലെ ആദ്യ ശമ്പളം….. ആശ്വാസവും ആത്മവിശ്വാസവും നിസ്സംഗതയും അവളിൽ മാറി മാറി പ്രതിഫലിച്ചു…..

ഇത് കൊണ്ട് എന്തുചെയ്യണം….മുഴുവൻ ചെലവാക്കിയാലോ….വേണ്ട ഇനിയും ഒരുപാട് ആവശ്യങ്ങൾ ഉണ്ട്….ഓരോന്ന് ചിന്തിച്ചു ഹോസ്റ്റൽ എത്തിയത് അവൾ അറിഞ്ഞില്ല….

ഒന്ന് കുളിക്കണമെന്നുണ്ടായിരുന്നു എല്ലാരും എത്തുന്നസമയം ആണ്….ബാത്റൂമിൽ ക്യു ആയിരിക്കും….മുറിയിൽ തന്നെ ഇരുന്നു…കട്ടിലിനോട് ചേർത്തിട്ടിരിക്കുന്ന മേശയുടെ വലിപ്പിൽ നിന്ന് ഒരു ഡയറി പുറത്തെടുത്തു…. പുറംചട്ട മറിച്ചപാടെ രണ്ട് ഫോട്ടോകൾ അതിൽ നിന്നുതിർന്നു വീണു…അത് ഉയർത്തിപിടിച്ചതിലേക്ക് നോക്കി….ശേഷം കണ്ണുകൾ അടച്ചു അത് ഡയറിയിൽ തന്നെ തിരുകിവെച്ചു മറ്റേ ഫോട്ടോ നോക്കി…..അതിൽ നോക്കും തോറും അവളുടെ കണ്ണിൽ വാത്സല്യം തുളുമ്പി….ജോലി കഴിഞ്ഞു വന്നാൽ ഇത് ഒരു ചര്യയാണ്….എന്നിരുന്നാലും ആദ്യമായി കാണുന്ന പോലെ ആ ഫോട്ടോയിലേക്ക് നോക്കിയിരുന്നു…..

അവരിപ്പോൾ എന്തുചെയ്യുകയായിരിക്കും…വല്ലതും കഴിച്ചുകാണുമോ….വാത്സല്യം തുളുമ്പിയിരുന്ന കണ്ണിൽ നനവ് പടർന്നു.ആ ഫോട്ടോ നെഞ്ചോട് ചേർത്ത് കണ്ണുകൾ അടച്ചു ചാരികിടന്നു…

കോളേജിൽ പഠിക്കുമ്പോൾ പഠിപ്പിക്കുന്ന സാറിനോട് തോന്നിയ ഒരു ഇഷ്ട്ടം…..അത് വളർന്നു അസ്തിക്ക് പിടിച്ചപ്രേമമായി മാറുമെന്ന് കരുതിയില്ല….എല്ലാ കമിതാക്കളെ പോലെയും എതിർപ്പുകളും അവഗണനയും ഭീഷണിയും ഞങ്ങളും നേരിട്ടു…….എല്ലാ പെണ്ണുങ്ങളെ പോലെ വീട്ടുകാരുടെ ശാപവാക്കുകൾക്കും  കണ്ണീരിനുമുന്നിൽ എന്റെ പ്രണയം ഞാൻ കുഴിച്ചുമൂടാൻ ശ്രമിച്ചു…

“ഇങ്ങനെ ഉപേക്ഷിക്കാനായിരുനെങ്കിൽ എന്തിനാ നീ എന്നെ സ്നേഹിച്ചത്….നീ എന്നെ വേണ്ടാന്നു വെച്ചാൽ എനിക്കും എന്നെ വേണ്ടാ…..വിജിത്തിന്റെ ജീവിതത്തിൽ സുജാതയല്ലാതെ മറ്റൊരു പെണ്ണും ഉണ്ടാകില്ല…….നിന്റെ തീരുമാനത്തിനിപ്പോ എന്റെ ജീവന്റെ വിലയാണ്..”

ഞാൻ പതറി പോയ നിമിഷം……ജീവനു തുല്യം എന്റെ പാതിയായി സ്വപ്നം കണ്ട് സ്നേഹിച്ച പുരുഷൻ ഇട്ടിട്ട് പോകരുതെന്ന് യാചിക്കുമ്പോൾ എനിക്ക് മറ്റൊന്നും ചിന്തിക്കാൻ കഴിഞ്ഞില്ല…..

കോളേജിൽ പുതുതായി വന്ന ഗസ്റ്റ് ലെക്ചർ….ആദ്യ രണ്ടാഴ്ചക്ക് ശേഷം ഒരു ക്ലാസ്സിലും എന്നെ ഇരുത്തിയില്ല….വിജുസാറിന്റെ എല്ലാ പീരിയഡും സുജാത ക്ലാസിന് വെളിയിൽ…ഒരു കാര്യവും കൂടാതെ എന്നും എന്നെ പുറത്താക്കിയത്തിന്റെ കാരണം അന്വേഷിച്ചു സാറിന്റെ അടുത്തു ചെന്നു…

“ഞാൻ പഠിപ്പിക്കാൻ വേണ്ടിയാണ് ക്ലാസ്സിൽ വരുന്നത്….തന്നെ കണ്ടാൽ എനിക്കതിന് കഴിയില്ല….മറ്റുകുട്ടികളുടെ മുന്നിൽ ആ പതർച്ച മറക്കാൻ ആണ് ഞാൻ…..”

ആ വാക്കുകളിൽ തളിരിട്ട പ്രണയം പൂത്തുലഞ്ഞു…സ്വന്തം വീട്ടുകാരുടെ ഭീഷണിയെ വകവെക്കാതെ അമ്പലത്തിൽ വെച്ച് ഒരു ചരടുകെട്ടി എന്നെ കൂടെ കൂട്ടി…എന്നെ ഞാൻ ആ മനുഷ്യനിൽ മാത്രമായി കുടിയിരുത്തി…ബന്ധങ്ങൾ എല്ലാം ഒരു കാതം അകലേക്ക് നീക്കിവെച്ചു…..

മകൻ കെട്ടിയ മഞ്ഞ ചരടുമാത്രം അണിഞ്ഞുവന്ന പെണ്ണിനെ സ്വീകരിക്കാൻ ആഭിചാർഥ്യയായ അമ്മക്ക് കഴിഞ്ഞില്ല…മുഖം തിരിച്ചുപോയ അമ്മക്ക് പകരം ആ വീട്ടിലെ ജോലിക്കാരിയായ അമ്മയാണ് എന്നെ കൈ പിടിച്ചു കയറ്റിയത്….അവരുടെ പകരക്കാരിയാണെന്നറിയാതെ…

“നിനക്ക് കൂലി തന്ന് പോറ്റാൻ ഉള്ള വകയൊന്നും എനിക്കില്ല…ഇപ്പൊ ഇത് വെച്ചോ….പറമ്പിന്ന് നാല് തേങ്ങയും എടുത്തോ….ഇനി നീ ഇങ്ങോട്ട് വരണമെന്നില്ല…..”

എന്റെ ആകമനം ആ അമ്മയെ സ്ഥാനഭ്രഷ്ടയാക്കി…
കുത്തുവാക്കുകളും ശാപവും വീട്ടുജോലിയുടെ ക്ഷീണവുമെല്ലാം രാത്രി ആ നെഞ്ചോരം ചേർന്നുകിടക്കുമ്പോൾ അലിഞ്ഞില്ലാതായി….ആ നെഞ്ചിലെ  ചൂട് എല്ലാം ക്ഷമിക്കാനുള്ള  ആർജവമാണ് എനിക്കുപകർന്നു തന്നത്…..നിനക്കിവിടെ സുഖമല്ലേ ടാ എന്ന ചോദ്യത്തിനുമുന്നിൽ ഒന്നും തുറന്നുപറയാൻ കഴിയാതെപോയി…

എന്തും സഹിക്കാമായിരുന്നു….കഴിക്കാനെടുക്കുമ്പോൾ കണക്കുപറയുന്നത്…..ആത്മാവിനെ വലിച്ചുകീറുന്നതുപോലെയാണ്… കോളേജിലെ ഗസ്റ്റ് ലെക്ചർടെ പോസ്റ്റ് പർമേനന്റ് ആകിയതോടെ വിജിയേട്ടന്റെ ജോലി ഒരു പാരലൽ കോളേജിലേക്ക് ഒതുങ്ങി….ആ സമയത്താണ് എന്റെ ഉദരത്തിൽ എന്റെ മോന്റെ ജീവൻ തുടിച്ചത്…ആ സന്തോഷത്തിന്റെ കൂടെ ഞങ്ങളെ നോക്കാൻ രാപകലില്ലാതെ ട്യൂഷൻ സെന്ററുകളിൽ ഓടി നടന്നു ക്ലാസ്സ് എടുത്തിരുന്ന ആ മനുഷ്യനോട് ഇതൊന്നും പറയാൻ എനിക്ക് കഴിഞ്ഞില്ല….കുഞ്ഞുവന്നാൽ എല്ലാം നേരയാകും എന്ന ആശ്വാസത്തിൽ ഞാനും ആ സ്നേഹത്തിലും കരുതലിലും  നീന്തിതുടിച്ചു…

പ്രസവച്ചെലവും ശുശ്രൂഷ ചെലവും വിജുവേട്ടന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു…കടം വാങ്ങിയും എല്ലാം ഒപ്പിച്ചു തികയാത്തത് അമ്മയോട് ചോദിച്ചു…പിന്നീട് കണക്കുകളുടെ കൂട്ടത്തിൽ അതും ചേർക്കപ്പെട്ടു…..എന്റെ ഉദരത്തിൽ പിറവിയെടുത്തത് കൊണ്ടായിരിക്കണം ആ വിവേചനം ‘അമ്മ ഞങ്ങളുടെ മോനോടും കാണിച്ചു…

“നിന്നെ ഇങ്ങോട്ട് കെട്ടിയെടുത്ത അന്ന് മുടിയാൻ തുടങ്ങിയതാണ് ഈ കുടുംബം….നിനക്കും നിന്റെ അസത്തിനും ചെല്ലും ചെലവും തരാൻ നീ നിന്റെ തറവാട്ടിന്ന് എന്തെങ്കിലും കൊണ്ടുവന്നിട്ടുണ്ടോടി….സന്ധ്യയാവും മുന്നേ കെട്ടിലമ്മ അകത്തു കയറി അടയിരുക്കും…..”

മാസമുറയുടെ ആലസ്യത്തിൽ ഒന്ന് കിടന്നതിനാണ് ഭർണിപ്പാട്ട് തുടങ്ങിയത്….ഇത് കേട്ടുകൊണ്ടാണ് അന്ന് വിജുവേട്ടൻ കേറിവന്നത്….അമ്മയുടെ മൂർച്ചയുള്ള നാവിനുമുന്നിൽ പിടിച്ചുനിക്കാൻ വിജുവേട്ടന്ന് സാധിച്ചില്ല….

“ഇതെന്റെ ഭർത്താവ് പണികഴിപ്പിച്ച വീടാണ് ….ഇപ്പോ ഇതെന്റെ പേരിലും…എന്നെ ധിക്കരിച്ച് ആരും ഇവിടെ നിക്കണ്ടാ….എന്നെ അനുസരിക്കാൻ പറ്റില്ലെങ്കിൽ ഇപ്പൊ ഇറങ്ങിക്കോണം ആ ചെറുമിപെണ്ണിനെയും അവളുടെ അസത്തിനെയും കൂട്ടി…”

ഏട്ടന്റെ അവസ്ഥ നന്നായി അറിഞ്ഞിരുന്നത് കൊണ്ട് ആ വീട്ടിൽ നിന്നിറങ്ങാൻ ഞാൻ അനുവദിച്ചില്ല…

“എന്തിനാ സുജേ…. ഇങ്ങനെ….നിനക്കെനോട് പറയാമായിരുന്നില്ലേ….എനിക്കുവേണ്ടിയാ നീയിതൊക്കെ സഹിച്ചതെന്നോർക്കുമ്പോൾ……ഇനിയും വേണ്ടെടി….നമ്മുക്ക് പോകാം….എന്റെ ശരീരത്തിൽ ജീവനുള്ളോടുത്തോളം കാലം നിന്നെയും മോനെയും പോറ്റാൻ എനിക്ക് പറ്റും….വല്യ ആർഭാടങ്ങൾ ഒന്നും വേണ്ട നമ്മുക്ക്…..നീയും മോനും ഞാനും നമ്മുക്ക് സന്തോഷായി ജീവിക്കാം….”

“അതൊന്നും വേണ്ട ഏട്ടാ…..നിങ്ങളും മോനും ഉള്ളേടം എവിടെയാണേലും ഞാൻ സന്തോഷവതിയാണ്…..പിന്നെ അമ്മേടെ കാര്യം ……അമ്മമാരായാൽ മക്കളെ വഴക്ക് പറയും ശാസിക്കും….അത് അത്രയേ ഒള്ളു…..എനിക്ക് വേണ്ടി വിജുവേട്ടന് അമ്മയെ തനിച്ചാക്കരുത്….അത് നമ്മുടെ മോനും കണ്ട് പഠിക്കും….അവനെന്നും നല്ല മാതൃക അവന്റെ അച്ഛൻ തന്നെ ആയിരിക്കണം….”

“നിനക്ക് ഒരു സങ്കടവും ഇല്ലേ…മോളെ….നീ എന്തിനാ ഇങ്ങനെ കള്ളം പറയുന്നേ….നിന്റെ നെഞ്ചു നീറുന്നുണ്ടെന്ന് എനിക്കറിയാം…..’അമ്മ പറഞ്ഞത് കേട്ടിട്ട് എനിക്ക് പോലും സഹിക്കാൻ കഴിഞ്ഞില്ല…അപ്പോ ഇത് തന്നെ ദിവസവും കേൾക്കുന്ന നീയോ….”

“ആ നീറ്റൽ മാറ്റാൻ ഉള്ള മരുന്നല്ലേ എന്റെ ഈ കെട്ടിയോൻ…..ഈ നെഞ്ചിൽ ചേർന്ന് ഇങ്ങനെ കെട്ടിപിടിച്ചു കിടക്കുമ്പോൾ എല്ലാ വേദനയും നീറ്റലും ഞാൻ മറക്കും…. ഈ ചങ്കിനകത്ത് ഈ സ്നേഹം ഉള്ളിടത്തോളം കാലം….എന്തും സഹിക്കാൻ സുജാതക്ക് പറ്റും….”

എന്തൊക്കെ പ്രശ്നമുണ്ടെങ്കിലും ഞങ്ങളുടെതായ ലോകം ഞങ്ങൾക്ക് സ്വർഗം തന്നെയായിരുന്നു…
വിജുവേട്ടന്റെ ജ്യേഷ്ഠനും കുടുംബവും കൊൽക്കത്തയിൽ നിന്ന് അവധിക്ക് വന്ന ശേഷം അമ്മക്ക് ഒരു കൂട്ടായി…ആഢ്യത്തമുള്ള തറവാട്ടിലെ അംഗമായ ഏട്ടത്തിയെ പറ്റിയുള്ള പുകഴ്ത്തലുകൾ ഞാൻ അവിടത്തെ വെറുമൊരു വാല്യക്കാരിയാണെന്നേനെ  ഓർമിപ്പിച്ചു കൊണ്ടിരുന്നു….ഇടവും വലവും കുത്തുവാക്കുകൾ കൊണ്ട് മൂടിയപ്പോഴും എന്റെ ശക്തി എന്റെ പ്രിയതമാനായിരുന്നു…അഛനും മോനും കളിക്കുന്നത് കാണുമ്പോൾ തന്നെ എന്റെ മനസ് നിറയും…..

പൂനെയിൽ ജോലിചെയ്യുന്ന അനിയന്റെ വധുകൂടി സർവാഭരണഭൂഷയായി കയറി വന്നു….. മറ്റുരണ്ടു മരുമക്കളിൽ നിന്നുമാറി എന്നോട് കാണിക്കുന്ന വിവേചനം വിജുവേട്ടനെ ചൊടിപ്പിച്ചു….

“എന്തിനാ അമ്മേ എന്റെ ഭാര്യയെ മാത്രം അമ്മയിങ്ങനെ ശത്രു പക്ഷത്ത് നിർത്തിയിരിക്കുന്നത്….മറ്റുരണ്ടു മരുമക്കളെ പോലെയല്ലേ അമ്മേ അവളും…”

“ഇവരുടെ കൂടെ നിക്കാനുള്ള യോഗ്യത പോലും നിന്റെ പെമ്പരനൊത്തിക്കിലേട….. അഴുക്കിൽ കിടന്ന അവളെങ്ങനെ ഇവരെ പോലെയാകുന്നേ…..”

അമ്മയുടെ മനോഭാവം തന്നെയായിരുന്നു ഏട്ടത്തിക്കും  നവവധുവിനും എന്നോട്….അവരുടെ അടിവസ്ത്രങ്ങൾ പോലും എന്നെക്കൊണ്ട് കഴുകിപ്പിച്ചു….

കോളേജും ട്യൂഷൻ സെന്ററുകളും വേനലവധിക്ക് അടച്ചതുകൊണ്ട്…. വിജുവേട്ടന് ജോലിയില്ലാതായി….ഏട്ടന്റെയും അനിയന്റെയും ചെലവിൽ ജീവിച്ചപ്പോൾ അവരുടെ പുച്ഛവും ഒളിഞ്ഞും തെളിഞ്ഞുമുള്ള അവരുടെ ഭാര്യമാരുടെ മുനവെച്ച സംസാരവും വല്ലാതെ നോവിച്ചുകൊണ്ടിരുന്നു എന്റെ ഹൃദയത്തിന്റെ കാവൽക്കാരനെ…

എന്റെ സ്പർശനമോ വാക്കുകളോ ആ ഹൃദയത്തെ തണുപ്പിച്ചില്ല….സംസാരം നന്നേ കുറഞ്ഞു…..ചേർത്തുപിടിച്ചിരുന്ന കൈകൾക്ക് ബലം നന്നേ കുറഞ്ഞു….മോനോടുപോലും കളിച്ചിരികൾ കുറഞ്ഞുവന്നു…..എന്റെ മാറിലെ ചൂടിലിട്ട് പൊതിഞ്ഞുപിടിച്ചു ഞാൻ അവരെ….അങ്ങനെയിരിക്കെ എന്റെ വയറ്റിൽ വിജുവേട്ടന്റെ അംശം വീണ്ടും തുടിച്ചു……

” ഇവളിങ്ങനെ പെറ്റുകൂട്ടിയാൽ തറവാട് മുടിഞ്ഞുപോകുമല്ലോ……ഇതിനൊക്കെ ഇവക്കടെ വീട്ടുകാര് വല്ലതും കൊണ്ടുതന്നിരുന്നോ…..ഈ പേറിന്റെ ചെലവും ആരെടുക്കുമെന്നാ…”

“ഇവളേം കെട്ടി കാൽക്കാശിന് ഗതിയില്ലാതെ ജീവിക്കണമായിരുന്നോ നിനക്ക്….അന്നേ പറഞ്ഞതാണ് വേണ്ടാ വേണ്ടാന്ന്….. കേട്ടോ നീ…..അപ്പോ അവന്റെയൊരു ദിവ്യപ്രേമം….എന്നിട്ടിപ്പൊ എന്തായി…അനുഭവിച്ചോ….എന്താന്ന് വെച്ചൽ ആയിക്കോ….ഒന്നിനും ഞങ്ങളേം അമ്മെനേം നീ  പ്രതീക്ഷിക്കണ്ട….”

വിസ്താരം കഴിഞ്ഞു ഓരോരുത്തുരായി പിരിഞ്ഞുപോയി….ഇതൊക്കെ കേട്ട് മുറിയിലിരിക്കുന്ന എന്റെ അടുത്തേക്ക് വിജിയേട്ടൻ വന്നു….കരഞ്ഞുകൊണ്ട് ഞാനൊന്നു ചിരിച്ചു…വിജിയേട്ടന്റെ ചുണ്ടുകൾ ഇരുവശത്തേക്കും ഒന്നു വലിഞ്ഞു…..അടുത്തുവന്നു തിരിഞ്ഞു കിടന്നു…..എന്നെ ഒന്ന് ആ നെഞ്ചിൽ അണച്ചുപിടിച്ചിരുനെങ്കിൽ ഉമ്മകൾ കൊണ്ട് മൂടിയിരുന്നെങ്കിൽ എന്ന് ഞാൻ കൊതിച്ചു….അന്ന് മാത്രമല്ല പിന്നീടൊരിക്കലും അതുണ്ടായില്ല….

ഞങ്ങൾക്കിടയിൽ ഒരു മതിൽ ഉയർന്നുകൊണ്ടിരിന്നു….മനസിലെ ഭാരം കൊണ്ടാകുമെന്ന് ഞാനും കരുതി….സ്ത്രീകൾ കരയുമെങ്കിലും ചെയ്യും….അവരോ….ഉള്ളിലൊതുക്കും…
അത് ചെലപ്പോ ദേഷ്യമായും മൗനമായുമെല്ലാം പുറത്തുവരും….എന്നാലും എന്റെ മാറിൽ മുഖം പൂഴ്ത്തിയൊന്ന് കരഞ്ഞൂടെ… ഒന്ന് തുറന്നുപറഞ്ഞൂടെ….ആശ്വസിപ്പിക്കാൻ എന്റെ കൈകൾ ഇല്ലേ….തലോടാൻ എന്റെ വിരലുകൾ ഇല്ലേ….

ഏട്ടന്റെ ആ മൗനം ആ വീട്ടിൽ എന്നെ തീർത്തും ഒറ്റപ്പെടുത്തി….എന്നാലും ആ നോട്ടം എന്നിലേക്ക് നീളുന്നത് ഞാൻ അറിഞ്ഞിരുന്നു….അതെനിക്ക് സുഖമുള്ള ഒരു നോവായിരുന്നു….ഒളിഞ്ഞും തെളിഞ്ഞുമുള്ള നോട്ടം ഞങ്ങളുടെ പ്രണയക്കാലത്തെ ഓർമപ്പെടുത്തി….അത് എന്നെ പുഞ്ചിരിപ്പിക്കും…

വീട്ടിലുള്ളവരുടെ കുന്നുപോലെ കൂട്ടിയിട്ടിരിക്കുന്ന തുണികൾ അലക്കിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് മോന്റെ കരചിലുകേട്ട് നോക്കുമ്പോൾ ഏട്ടത്തി അവനെ പൊതിരെ തലുകയാണ്….
അലക്കിക്കൊണ്ടിരുന്ന തുണിയവിടെയിട്ട് അവന്റെ അടുത്തേക്ക് പോയി അവനെ പൊതിഞ്ഞു പിടിച്ചു..

“എന്തിനാ ഏട്ടത്തി എന്റെ കുഞ്ഞിനെ ഇങ്ങനെ തല്ലുന്നേ……നിങ്ങൾ എന്നോട് ചെയ്യുന്നത് പോരാഞ്ഞിട്ടാണോ…”

“നിന്റെയല്ലേ സന്തതി….ഇതും ചെയ്യും ഇതിനപ്പുറം ചെയ്യും…”

“അവനെന്ത് ചെയ്തെന്നാ…”

“മോഷണം…. ഞാൻ മുറിയിലേക്ക് ചെല്ലുമ്പോൾ അവൻ മോഷ്ടിക്കാൻ വേണ്ടി പമ്മി പമ്മി സുജിത്തേട്ടന്റെ പേഴ്‌സ് എടുക്കുന്നു…..പഠിച്ച കള്ളനാ ഇവൻ….”

“ഇല്ല….അമ്മേ…അപ്പു…ജോക്കുട്ടന്റെ കറങ്ങ്ണ കാർ കാണാൻ പോയതാ….”

” ഇത്തിരിയില്ലാത്ത ഈ കുഞ്ഞാണോ ഏട്ടത്തി മോഷ്ടിക്കുന്നെ….”

“നിന്റെയല്ലേ സന്തതി….ഇനിയതോ നീ പറഞ്ഞുവിട്ടതാണോ…”

“ദേ….സൂക്ഷിച്ചു സംസാരിക്കണം….”

“ഇല്ലെങ്കിൽ നീയെന്ത് ചെയ്യുമെടി ചൂലെ…”

“നിങ്ങടെ ആ പിഴച്ച നാക്ക് ഞാനിങ്ങ് പിഴുതെടുക്കും…”

“എന്നാ അതൊന്നു കാണട്ടെടി കള്ളി….പെരുങ്കള്ളി….”

അവർക്ക് നേരെ കൈയ്യോങ്ങിയതും അവർ വലിയവായിൽ നിലവിളിച്ചു…വന്നവരോടൊക്കെ ഞാനവരെ കൈവീശി തല്ലിയെന്ന് പറഞ്ഞു….ആരോടും ഞാൻ തിരുത്താൻ നിന്നില്ല…ബഹളം കേട്ടു വിജുവേട്ടനും അവിടെയെത്തി…

“എന്റെ കാലശേഷം ഈ വീടിന്റെ വിളക്കാടാ ഇവൾ…ആ ഇവളെയാ നിന്റെ കെട്ടിലമ്മ കൈവീശിയടിച്ചത്….എന്റെ മൂത്തമരുമകളാ ഇവൾ….അവളെയാ ഈ അഹങ്കാരി…”

“ഇല്ല വിജുവേട്ടാ….ഞാൻ അടിച്ചിട്ടില്ല…. നമ്മുടെ മോനേ കള്ളനാക്കിയപ്പോ ദേഷ്യം വന്നപ്പോ കൈയോങ്ങി എന്നുള്ളത് നേരാ….പക്ഷെ സത്യമായിട്ടും ഞാൻ തല്ലിയിട്ടില്ല….ഞാൻ അങ്ങനെ ചെയ്യില്ല….വിജുവേട്ടനറിയില്ലേ എന്നെ…”

പറഞ്ഞുതീരും മുന്നേ മുഖമടച്ചൊരു അടിയായിരുന്നു…തലയുയർത്തും മുന്നേ മറുകവിളിലും ആ കൈ പതിഞ്ഞു..

“സഹിക്കുന്നതിനും ഒരു പരിധിയുണ്ട്….മനുഷ്യന്റെ മനസമാധാനം കളയാനായിട്ട്…..എന്റെ ജീവിതത്തിൽ ബാധിച്ചകരിനിഴലാണ് നീ….നാശം പിടിക്കാൻ ഏതു നേരത്താണോ…..”

പറഞ്ഞ ഓരോ വാക്കും ഇടി തീ പോലെ എന്റെ കർണപുടങ്ങളെ പുൽകി….അണപൊട്ടിയൊഴുകുന്ന കണ്ണമർത്തി തുടച്ചു മോനെ എടുത്തു കൊണ്ട് അകത്തേക്കോടി…..മോനെ കെട്ടിപിടിച്ചു കരയുമ്പോഴും…പറഞ്ഞ വാക്കിന്റെ പേരിൽ സങ്കടം മാത്രമേ ഉണ്ടായിരുന്നുള്ളു…..വെറുപ്പോ ദേഷ്യമോ എനിക്കാമനുഷ്യനോട് തോന്നിയില്ല….അറിയാമായിരുന്നു എനിക്ക്…മനപ്രയാസം കൊണ്ടാണ്….അവരുടെ വാക്കുകളിൽ സഹിക്കെട്ടിട്ടാണ്….. വിജുവേട്ടന് പറഞ്ഞ പോലെ സഹിക്കുന്നതിനും ഒരു പരിതിയില്ലേ….. ആ മനുഷ്യന് സ്നേഹിക്കാനും ദേഷ്യപ്പെടാനും ഞാൻ മാത്രമല്ലേ ഒള്ളു….എന്നോടല്ലാതെ ആരോട് പറയാനാണ്….ആരോട് തീർക്കാനാണ്…..എന്നെ അടിച്ചുവെങ്കിലും രാത്രി മറുകൈ കൊണ്ടെന്നെ തലോടുമെന്ന് എനിക്കറിയാമായിരുന്നു…എന്റെ ഇരുകൈകളും നെഞ്ചോട് കൂട്ടിപിടിച്ച് മാപ്പ് പറയുമെന്ന് എനിക്കുറപ്പായിരുന്നു. അപ്പോൾ വിജുവേട്ടനെ എന്നിലേക്ക് വലിച്ചെടുപ്പിച്ചുകൊണ്ട്…. എനിക്ക് മനസ്സിലാവും ദേഷ്യമില്ല…എനിക്കതിന് കഴിയില്ല എന്ന് പറയണം….

രാത്രി ഉമ്മറത്ത് ചാരുകസേരയിലിരുന്ന് മാനം നോക്കിയിരിക്കുകയാണ് അങ്ങേര്….ആകാശം പോലെ തന്നെ അനന്ദമായ ചിന്തയില്ലാണെന്ന് കണ്ടാൽ അറിയാം…ചിന്തിച്ചോട്ടെ…ശല്യം ചെയ്യാൻ പോയില്ല….ഞാനും ഒരു മറവിൽ നിന്ന് അങ്ങേരെ നോക്കി കണ്ടു…. ജ്യേഷ്ഠന്റെ കൈ തോളിൽ പതിഞ്ഞപ്പോൾ ആണ് വിജിയേട്ടന്റെ കണ്ണുകൾ ആകാശത്തുനിന്ന് പിൻവാങ്ങിയത്….

“നീ ഞാൻ പറഞ്ഞതിനെ പറ്റി ചിന്തിച്ചോ…. എന്താ എന്റെ തീരുമാനം….”

“ഏട്ടൻ പറഞ്ഞതെല്ലാം എനിക്ക് മനസിലായി…. പക്ഷെ എന്തു പറഞ്ഞാ ഞാൻ ആ ശല്യത്തെ ഒഴിവാക്കുന്നേ…..പോകാൻ ഒരിടമില്ല…. അതുകൊണ്ട് ഇവിടെത്തന്നെ കടിച്ചു തൂങ്ങും….”

എന്റെ ഭർത്താവ് തന്നെയാണോ ഇത് പറയുന്നതെന്ന് ഞാൻ സംശയിച്ചു…ശല്യമോ…..ഞാനോ…..ഭൂമി കീഴ്മേൽ മറിയുന്നപോലെ തോന്നി….പിന്നെ അവിടെ നിക്കാൻ കഴിഞ്ഞില്ല….വിജിയേട്ടൻ മുറിയിലേക്ക് വന്നപ്പോൾ പതർച്ച മറച്ചു ഞാൻ അങ്ങേരെ കെട്ടിപിടിച്ചു….എന്റെ മുഖം നെഞ്ചിൽ അമരും മുൻപ് എന്നെ തള്ളിമാറ്റി…

“എനിക്ക് നല്ല സുഖമില്ല….നീ കിടക്കാൻ നോക്ക്….”

തുടർന്നും ഞാൻ അവഗണിക്കപ്പെട്ടുകൊണ്ടിരുന്നു…..അകത്തുനിന്ന് വീട്ടുകാരോട് തമാശകൾ പറഞ്ഞു ചിരിക്കുന്ന എന്റെ പഴയ വിജുവേട്ടനെ ഞാൻ പുറത്തുനിന്ന് കണ്ടു…പക്ഷെ എന്നോട് മാത്രം പുതിയ ഭാവം…എനിക്ക് അന്യമായ ഭാവം…
കുളിമുറിയിൽ എണ്ണയിൽ വഴുക്കി വീണു എന്റെ ഉള്ളിലെ ജീവന്റെ തുടിപ്പും വെള്ളത്തോടൊപ്പം ഒഴുകിപോയപ്പോൾ….കരളു തകർന്നത്  എന്റെ  മാത്രമാണ്…ബാക്കി എല്ലാവരിലും നിസ്സംഗതമാത്രം ….
തളർന്നുകിടന്നിരുന്ന എന്റെ അടുത്തേക്കു വന്ന ആളിന്റെ കണ്ണിൽ ഞാൻ കണ്ടു ഒരു ഭാരം ഒഴിഞ്ഞതിന്റെ ആശ്വാസം….

എല്ലാ മാറ്റങ്ങളെയും ഞാൻ അംഗീകരിച്ചു…എന്റെ മോന്റെ മുഖം മാത്രം എന്നെ പൊള്ളിച്ചുകൊണ്ടിരുന്നു….
എന്നിരുന്നാലും ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കരങ്ങളിൽ അവനെ ഏൽപ്പിച്ചു ഞാൻ പടിയിറങ്ങി…

‘അമ്മ പ്രസവിച്ചിടുന്നേ ഒള്ളു….അവകാശം മുഴുവൻ അച്ഛനാണ്…അറിയപ്പെടുന്നത് അയാളിലൂടെയാണ്….കൂടെ ചേരുന്നത് അച്ഛന്റെ പേരാണ്…. തന്തക്ക് പിറന്നവനാണ് തള്ളക്ക് പിറക്കാറില്ല…. അത്കൊണ്ട് അതിലും സുരക്ഷിതമായ കരങ്ങൾ എന്റെ കുഞ്ഞിന് കിട്ടാനില്ല….

എങ്ങോട്ടെന്ന് അറിയാത്ത
എന്റെ നിസാഹായതയാണ് എന്റെ കുഞ്ഞിനെ ഉറക്കികിടത്തി പോരാൻ പ്രേരിപ്പിച്ചത്….അവനവിടെ ദുസ്സഹമായിരിക്കും അറിയാം….എന്നാലും അവൻ അച്ഛന്റെ കൂടെയാണ്….അമ്മയുടെ കൂടെ വന്ന് പട്ടിണികിടക്കേണ്ടല്ലോ….

പലവീട്ടിലും ജോലി അന്വേഷിച്ചു ചെയ്തു…. പാത്രം കഴുകിയും വിറകു വെട്ടിയും അടിച്ചു തുടച്ചു കൊടുത്തും  അവരു തരുന്ന ആഹാരം കഴിച്ചും ജീവിച്ചു…ആരുടെയൊക്കെയോ കൃപകൊണ്ട് ആശുപത്രിയിൽ ഒരു റീസെപ്ഷനിസ്റ്റ ന്റെ ജോലി തരപ്പെട്ടു…..

ആശുപത്രി ജീവനകാർക്കായുള്ള കോട്ടേഴ്‌സ് തരപ്പെട്ടിട്ടുണ്ട്….നാലുപേര്കൂടിയായതു കൊണ്ട് ചെലവ് കുറയും…നാളെ തന്നെ അങ്ങോട്ട് മാറണം….നാളെ പോയി മോനെ കൂടെ കൂട്ടണം… പഠപ്പിക്കണം….ഉത്തരവാദിത്വം ഏറെയാണ്…

“ചേച്ചി….കുളിക്കുന്നില്ലേ…..തിരക്കൊന്ന് ഒഴിഞ്ഞിട്ടുണ്ട്….”

നെഞ്ചിൽ പറ്റിച്ച ഫോട്ടോയെടുത്ത് ഡയറിയിൽ  വെച്ച് എഴുനേറ്റു തോർത്തും സോപ്പും എടുത്തു…

“ചേച്ചി നാളെ താമസം മാറും അല്ലെ…..പോയാലും ഞങ്ങളെ ഒന്നും മറക്കരുത്…വരണം കേട്ടോ….”

“ഞാൻ വരും മോനെ കൂട്ടി വരും….”

നിശ്ചയദാർഢ്യത്തോടെ മുഖം അമർത്തിതുടച്ചു….അവൾ കുളിമുറിയിലേക്ക് നടന്നു……

 

കൂടുതൽ കഥകൾ ഇവിടെ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക


Malayalam Story: Story by Mrs.keeleri achu – Aksharathalukal Online Malayalam Story

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply