കൊതുക്

  • by

2394 Views

mosquito-bite

” ഈ ലോകത്ത് എല്ലാ ജീവികൾക്കും അതിന്റെതായ ഓരോ കടമ ഉണ്ട്.. ഇവരൊക്കെ അവരുടെ കാര്യങ്ങൾ ചെയ്യുന്നതോണ്ടാണ് നമ്മുടെ ലോകം നിലനിന്നു പോവുന്നത് “, അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് പരിസ്ഥിതി പഠനം ക്‌ളാസ് എടുത്തുകൊണ്ടിരിക്കെ മിനി ടീച്ചർ പറഞ്ഞു.

 

മിനി ടീച്ചർ വന്നിട്ട് രണ്ടു ദിവസം ആയിട്ടേ ഉള്ളൂ.  പരിചയപ്പെടൽ കഴിഞ്ഞു ക്‌ളാസ് എടുക്കുന്നത് ആദ്യമായിട്ടാണ്. പഠിത്തം കഴിഞ്ഞിട്ട് ആദ്യം ആയി കിട്ടുന്ന ജോലിയാണ്, അതും സർക്കാർ സ്‌കൂളിൽ ടീച്ചർ ആയിട്ട്.

 

” നമ്മൾ എന്താ ചെയ്യേണ്ടത് ടീച്ചറെ?? “, കൂട്ടത്തിൽ നിന്നും ആരോ ചോദിച്ചു.

 

” നമ്മൾ എന്താ ചെയ്യാ..?? ഈ ജന്തുക്കളെ കൂട്ടത്തിൽ ഏറ്റവും ബുദ്ധി നമുക്കല്ലേ… മനുഷ്യൻമാർക്കല്ലേ വല്യ രീതിയിൽ  ആലോചിക്കാനും ചിന്തിക്കാനും  ഓരോ കാര്യങ്ങൾ ചെയ്യാനും ഒക്കെ പറ്റൂ.. അപ്പൊ മറ്റുള്ള ജന്തുക്കളേം സസ്യങ്ങളേം എല്ലാത്തിനേം നന്നായിട്ട് നോക്കണം…നമ്മുടെ ലോകം ഇന്ന് കാണുന്ന പോലെ ഇനിയും മുന്നോട്ട് കൊണ്ട് പോവുന്നത് മനുഷ്യരല്ലേ… ”

 

കുട്ടികൾക്ക് തൃപ്‌തി ആയെന്നു തോന്നുന്നു.. ടീച്ചർ ചോക്കെടുത്തു ബോർഡിൽ ഒരു ചെറിയ ഭക്ഷ്യശൃംഗല വരച്ചു.

 

പുല്ല്–>പുൽച്ചാടി–>തവള–>പാമ്പ്–>കഴുകൻ

 

“ഇത് കണ്ടില്ലേ..ഇതിനെ ആണ്  ഭക്ഷ്യശൃംഗല എന്ന് പറയുന്നത്. നമുക്ക് ഇത് വിശദം ആയിട്ട് പഠിക്കാൻ ഉണ്ട്.. ഇപ്പൊ നിങ്ങക്ക് ഒരു ഉദാഹരണം പറഞ്ഞതാ.. ഇതിലെ ഓരോ ജീവികളെയും കണ്ടില്ലേ, ഓരോന്നും അതിന്റെ മുമ്പ് ഉള്ള ജീവികൾ അധികം ആവാതെ, അതിനെ ആഹാരമാക്കി ജീവിക്കും. ഇപ്പൊ തവള ഇല്ല എന്ന് വെച്ചാൽ എന്താണ്ടാവാ??? പുൽച്ചാടികൾ കുറെ ഉണ്ടാവും, അത് പുല്ലും ചെടികളും ഒക്കെ നശിപ്പിക്കും. അങ്ങനെ പറ്റോ?? നമുക്ക് തിന്നണ്ട കുറെ സാധനങ്ങളും പുൽച്ചാടി തിന്നാൽ നമ്മൾ പട്ടിണി ആവൂലെ..??”

 

” ആ…”ക്‌ളാസ്സിന്നു ആർപ്പുവിളി ഉയർന്നു.

 

” അപ്പൊ പാമ്പ് നല്ലതാല്ലേ ടീച്ചറെ.. ഇന്നാള് പാടത്തു പാമ്പിനെ കണ്ടപ്പോ ന്റെ മാമൻ അയിനെ തല്ലിക്കൊന്നു”,  ഒരാൾ എണീറ്റ് നിന്ന് പറഞ്ഞു.

 

” പാമ്പ് നല്ലതാണ്.. പക്ഷെ അത് നമ്മളെ ഉപദ്രവിക്കാൻ വരുമ്പോ അല്ലെ പ്രശ്നം?? നമ്മൾ അതിനെ ഒന്നും ചെയ്തില്ലേൽ അത് നമ്മളേം ഒന്നും ചെയ്യില്ല. കൂടുതൽ ഉള്ള പാമ്പിനെ കഴുകൻ തിന്നും.. നമ്മളായിട്ട് ഒന്നിനേം കൊല്ലാൻ പാടില്ല..” ടീച്ചർ ചിരിയോടെ പറഞ്ഞപ്പോഴേക്കും ‘ട്ടേ’ എന്നൊരു ഒച്ച ക്ലാസിൽ മുഴങ്ങി.ജനാലയ്ക്കരികിലെ സീറ്റിൽ ഇരുന്ന കുട്ടി ഒരു കൊതുകിനെ തല്ലിക്കൊന്നതാണ്.. എല്ലാവരുടെയും ശ്രദ്ധ തന്റെ നേർക്ക് ആയതുകൊണ്ട് അവൻ ഒരു സങ്കോചത്തോടെ എഴുന്നേറ്റു.

 

” അത്..കൊതുക് കടിക്കാൻ വന്നിട്ടാ ടീച്ചറെ…”

 

ടീച്ചർക്ക് അവന്റെ നിഷ്‌കളങ്കമായ മറുപടിയിൽ ചിരിയാണ് വന്നത്.

 

” അതല്ലേ നമ്മൾ ഇപ്പൊ പറഞ്ഞത്.. നമ്മൾക്ക് അപകടം ആവുമ്പൊ നമ്മൾ അങ്ങനെ ചെയ്യും..അതിൽ തെറ്റില്ല. പക്ഷെ നമ്മൾ വെറുതെ ആരെയും ദ്രോഹിക്കാൻ പാടില്ല. ”

 

അവനു സമാധാനം ആയി. ” ടീച്ചറെ…കൊതുക് എന്താ ചെയ്യ്ന്നത് ലോകത്തു??? ”

 

” കൊതുക് അല്ലെ കുറെ ചെടികൾക്ക് പരാഗണം നടത്താൻ ഒക്കെ സഹായിക്കുന്നത്. പിന്നെ അതിനെ തിന്നുകൊണ്ട് കുറെ ജന്തുക്കൾ ഇല്ലേ..?? ”

ഒരു അർധശങ്കയോടെ ടീച്ചർ പറഞ്ഞു.

 

” അത് നമ്മളെ ചോര കുടിക്കുന്നില്ല്യേ ടീച്ചറെ.പിന്നെങ്ങനെയാ പരാഗണം..?? ”

 

” അത് രണ്ടു തരം ഉണ്ട്.. ആൺകൊതുകും പെൺകൊതുകും… ആൺകൊതുക് ചെടികളുടെ ഒക്കെ നീര് കുടിക്കും, അതിന്റെ ഒക്കെ പരാഗണം നടത്താൻ സഹായിക്കും.. നിങ്ങക്ക് പരാഗണം എന്താന്നറിയോ??? ” ടീച്ചർ വേഗം വിഷയം മാറ്റാൻ നോക്കി.

 

ചിലർ ഉണ്ടെന്നും ഇല്ലെന്നും തലയാട്ടി.. വാച്ചിൽ ബെല്ലടിക്കാൻ അഞ്ചു മിനുട്ട് കൂടിയേ ഉള്ളൂ..

 

” നമുക്കത് അടുത്ത ക്ലാസിൽ പറയാം.. ”

 

അപ്പോഴേക്കും അവൻ വീണ്ടും എണീറ്റ് ടീച്ചറോട് പറഞ്ഞു.

 

” കൊതുക് അല്ലെ ടീച്ചറെ മനുഷ്യന്മാര് അധികം ആവുന്നത് തടയുന്നെ?? ”

 

ഒരു നിമിഷം ടീച്ചർ ആലോചിച്ചു.. ഒരു കണക്കിന് അതും ശരിയാണ്.. ഒരുപാട് അസുഖങ്ങൾ വരുത്തുന്നത് കൊതുക് ആണല്ലോ.. അപ്പോൾ എലിപ്പനിയോ?? അങ്ങനെ ആണെങ്കിൽ എലിയും ഇത് തന്നെ അല്ലെ ചെയ്യുന്നത്.. മനസ്സിൽ അവനുള്ള ഉത്തരം തിരയുന്നതിനിടയിൽ  ബെൽ മുഴങ്ങി.  ടീച്ചർ വേഗം തന്നെ മേശയിൽ ഇരുന്ന ബുക്ക് എടുത്തു പുറത്തേക്ക് ഇറങ്ങി.

 

സ്റ്റാഫ് റൂമിലേക്ക് കേറിയപ്പോൾ തന്നെ കൂടെ ഉള്ള ടീച്ചർമാരുടെ വിശേഷം തിരക്കൽ തുടങ്ങി.

 

” ഒന്നും പറയണ്ട ടീച്ചറെ.. നമ്മൾ ഒന്നും പഠിച്ചപ്പോ ചിന്തിക്കാത്ത രീതീലാ ഇപ്പളത്തെ കുട്ട്യോൾടെ ബുദ്ധി പോണത്… എന്തൊക്കെയാ അവർ ചിന്തിക്കുന്നേ?? ഓരോരുത്തർടെ ചോദ്യത്തിന് നമുക്ക് ഉത്തരം ഇല്ലന്നെ..”, മിനി ടീച്ചർ എല്ലാവരോടും ആയി പറഞ്ഞു.

 

“നമ്മക്കൊക്കെ എന്തെങ്കിലും ഉത്തരം കേട്ടാ അത് മതി ന്നാവും  ..അത് പോലെ ആണോ കുട്ട്യോൾ.. അവർ ചെകഞ്ഞു  ചെകഞ്ഞു അകത്തേക്ക് പോവും…സാരല്യ..ടീച്ചർ ആദ്യായിട്ട് അല്ലേ..ഇനി ശീലം ആയിക്കോളും “,  സ്റ്റാഫ് റൂമിൽ മിനി ടീച്ചറെ കൂടാതെ ഉള്ള ഒരേ ഒരു പെൺപ്രജ കണക്ക്  ടീച്ചർ പറഞ്ഞു.

 

” ന്റെ ടീച്ചറെ… ഇന്ന് ഞാൻ ക്ലാസ് എടുത്തോണ്ടിരിക്കുമ്പോൾ ഒരു കുട്ടി കൊതുകിനെ തല്ലി.. എന്നിട്ടൊരു ചോദ്യം..കൊതുക് ഈ ലോകത്തു എന്താ ചെയ്യുന്നേ എന്ന്.. ഞാൻ ഇത് വരെ ചിന്തിച്ചിട്ടും കൂടി ഇല്ല ആ ചോദ്യം… അവസാനം മെയിൽ മോസ്‌കിറ്റോ പരാഗണത്തിനു സഹായിക്കുന്നു എന്ന് പറഞ്ഞു പോന്നു.. പോരാൻ നേരം പിന്നേം, പാമ്പ് തവളെനെ തിന്ന് എണ്ണം നിയന്ത്രിക്കുന്ന മാതിരി കൊതുക് മനുഷ്യന്റെ എണ്ണം നിയന്ത്രിക്കൽ അല്ലേന്ന്… അതിനൊക്കെ എന്താ പറയാ.. നമ്മൾ ഒരു ഉത്തരം തെറ്റായി പറഞ്ഞാ അവരൊക്കെ അത്  വെച്ചു നടക്കൂലേ…

 

സ്റ്റാഫ് റൂമിലെ പൊട്ടിച്ചിരിക്ക് ഇടയിലും ടീച്ചറുടെ മനസിൽ  അവന്റെ ഉത്തരം ആയിരുന്നു. അത് കണ്ടാണ് കണക്ക് ടീച്ചർ പിന്നെയും പറഞ്ഞത്..

 

” അത് മറന്നേക്ക് ടീച്ചറെ.. അവർക്ക് അതൊന്നും ഓർമ  ഉണ്ടാവൂല നാളേക്ക്.. അല്ലെങ്കിൽ തന്നെ അതൊക്കെ പഠിപ്പിക്കാൻ ഉള്ളതാണോ..?? ”

 

ഉച്ചക്ക് സ്‌കൂളിൽ ഉച്ചക്കഞ്ഞി വിളമ്പാൻ നിൽക്കുമ്പോഴാണ് ഞെണുങ്ങി ഒരു പരുവം ആയ സ്റ്റീൽ പ്ളേറ്റും കൊണ്ട് അവൻ വീണ്ടും ടീച്ചറുടെ മുന്നിൽ എത്തിയത്. സാധാരണ കൊടുക്കുന്ന ഒരു കോരി ചോറിനു ശേഷവും അവൻ അവിടെ തന്നെ നിന്നപ്പോൾ ടീച്ചർ വീണ്ടും ഒരു കോരി കൂടെ അവന്റെ പ്ളേറ്റിലേക്ക് ഇട്ടു. നന്ദി എന്നവണ്ണം മുഖത്തൊരു ചിരി വരുത്തി അവൻ ക്‌ളാസിലേക്ക് നടന്നു..

 

” അവനാ ടീച്ചറെ ആ ഉത്തരം പറഞ്ഞത്…” ശബ്ദം താഴ്ത്തി മിനി ടീച്ചർ കണക്ക് ടീച്ചറോട് പറഞ്ഞു.

 

പ്ളേറ്റും കൊണ്ട് തിരിച്ചു പോവുന്ന അവനെ നോക്കി ടീച്ചർ പറഞ്ഞു, ” ഓനത് പറയാ ടീച്ചറെ..ഓനെ കൊണ്ടേ അങ്ങനെ പറയാനും പറ്റൂ.. ഓന്റെ അച്ഛൻ രണ്ടാഴ്ച മുമ്പ് മരിച്ചതാ.. ഡെങ്കിപ്പനി വന്നിട്ട്.. അപ്പൊ പിന്നെ ഓൻ അതല്ലാണ്ട് വേറെന്താ പറയാ?? ”

 

 

കൂടുതൽ കഥകൾ ഇവിടെ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply