കോൾ

1558 Views

Story Call by Hibon Chacko

ചെറുകഥ – ഹിബോൺ ചാക്കോ

ധാരാളം സമ്പത്തുള്ള വീട്ടിൽ അരുമയായി വളർന്നുവന്ന പെൺകുട്ടിയായിരുന്നു ഗൗതമി. വളർന്നപ്പോൾ അവളെ മാതാപിതാക്കൾ വലിയൊരു സ്വകാര്യ ഐ. ടി. കമ്പനി ഉടമയെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. വളർന്നുവന്നത് സമ്പത്തിന്റെ നടുവിലാണെങ്കിലും അത്തരം സാഹചര്യങ്ങളും അവ നയിക്കുന്ന വഴികളും ചിന്തിക്കുവാനോ അവയിലേക്കിറങ്ങുവാനോ ഗൗതമി തയ്യാറായിരുന്നില്ല. വിവാഹം വരെ അവൾ എത്തിയത് ഒരുപാട് പ്രതീക്ഷകളും അവയിൽനിന്നും ഉരുത്തിരിയുന്ന സ്വപ്നങ്ങളുംപേറി മാത്രമായിരുന്നു.

എന്നാൽ വിവാഹശേഷം മദ്യപാനിയും ഉപരിയായി പരസ്ത്രീബന്ധത്തിൽ മുഴുകി ജീവിക്കുന്നവനുമായ ഭർത്താവ് അവളെയാകെ തകർത്തുകളഞ്ഞു! ഒരു മകനും മകളും കൗമാരപ്രായത്തിലേക്ക് എത്തുന്നതുവരെ എല്ലാംസഹിച്ചു ഗൗതമി സമ്പത്തുമാത്രം കൂട്ടായി ജീവിതം കഴിച്ചു. അങ്ങനെയിരിക്കെ യാമിനി എന്നൊരു സമപ്രായക്കാരിയെ അവൾ പരിചയപ്പെടുവാനിടയായി. സ്വന്തം ഭർത്താവിനാൽ, തനിക്ക് സമാനമായ രീതിയിൽ ചവിട്ടിമെതിക്കപ്പെട്ടശേഷം ‘കോൾ ബോയ്’ കളിൽ അഭയംതേടി ജീവിതം നയിച്ചുപോന്നിരുന്ന യാമിനിയുടെ ജീവിതകഥയിൽ ഗൗതമി അഭയംതേടിപ്പോയി.

യാമിനി വഴി തന്റെ താല്പര്യങ്ങൾക്കും നിബന്ധനകൾക്കും പറ്റിയ ഒരു യുവാവിനെ തരപ്പെടുത്തിയ ഗൗതമിക്ക് പിന്നീടങ്ങോട്ട് ജീവിതം വളരെ മധുരിക്കുംപോലെ തോന്നി. ആദ്യമാദ്യം അവൾക്ക് തന്നെക്കാൾ ചെറുപ്പമായിരുന്ന ആ യുവാവിനോട് ഇഷ്ടമായി, താമസിയാതെ അത് പ്രണയത്തിലേക്ക് നീങ്ങിയെത്തി. താല്പര്യങ്ങളും നിബന്ധനകളുമെല്ലാം കാറ്റിൽപ്പാറിത്തുടങ്ങിയനിമിഷം അവനിൽനിന്നുമൊരു കുഞ്ഞുവേണമെന്നായി ഗൗതമി എന്ന നാല്പതുകാരിക്ക്. യുവാവുമൊത്ത് പതിവായി ശരീരം പങ്കിട്ടിരുന്ന ഗൗതമിക്ക് അതൊരു പ്രയാസമേ അല്ലായിരുന്നു! എന്നാൽ, മദ്യപിച്ചെത്തുന്ന തന്റെ ഭർത്താവുമായി കിടക്കപങ്കിട്ട് ഒരു തെളിവുണ്ടാക്കുവാൻ അവൾക്കല്പം ബുദ്ധിമുട്ടേണ്ടിവന്നു.

താമസിയാതെ, യുവാവുമൊത്ത് ജീവിക്കണമെന്ന തീരുമാനത്തിലേക്കവൾ എത്തി. എന്നാൽ, താൻ യുവാവിനാൽ ഗർഭിണിയാണെന്നറിഞ്ഞ ദിവസംതന്നെ- അവൻ പുതിയൊരു പ്രണയത്തിൽ വീണിരിക്കുന്നുവെന്ന വിവരം അവളെ ഞെട്ടിച്ചുകളഞ്ഞു! യുവാവിന്റെ പ്രണയത്തിനുപിന്നാലെ പായേണ്ടിവന്ന ഗൗതമിയെ, താൻ അവനായി നൽകിയിരുന്ന ഫ്ളാറ്റിൽ വെച്ച രഹസ്യക്യാമറയിലൂടെ കാമുകിയോടൊത്തുള്ള അവന്റെ ശാരീരികബന്ധം കാണേണ്ടിവന്നത് അപ്പാടെ തകർത്തുകളഞ്ഞു.

ഗൗതമി വൈകാതെ മദ്യപാനത്തിന് അടിമയായി. വിവാഹത്തിന് മുൻപുള്ള ഗൗതമിയും ശേഷമുള്ള അവളുടെ ജീവിതവും പിന്നീടുണ്ടായ പ്രവർത്തികളും കൂടിച്ചേർന്നപ്പോൾ അവനോട് അവൾക്കൊന്നും ചോദിക്കുവാനോ പറയുവാനോ ഉണ്ടായില്ല. വിങ്ങിപ്പൊട്ടുവാൻപോലുമാകാതെ വിഷമിച്ച മനസ്സുമായി ഒരുദിവസം രാത്രി തന്റെ ബെൻസ് കാർ ഡ്രൈവ് ചെയ്ത് പോവുകയായിരുന്ന ഗൗതമിയെ പിറ്റേന്നരാവിലേ ഏവരും വരവേറ്റത് നിയന്ത്രണംവിട്ട കാർ മറിഞ്ഞു മരണമടഞ്ഞു എന്ന മാധ്യമപ്രചരണങ്ങളിലൂടെയായിരുന്നു!
©Hibon Chacko

 

കൂടുതൽ കഥകൾ ഇവിടെ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക


Malayalam Story: Call Story by Hibon Chacko – Aksharathalukal Online Malayalam Story

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply