അങ്ങനെ ഒരുനാൾ

5244 Views

kite flying child

കഥ

ഉച്ചയൂണിനുശേഷം അയാൾ പൂമുഖത്ത് നീണ്ടു നിവർന്നു കിടന്നു. ഇത് തനിക്ക് പതിവില്ല. കുറച്ചു ദിവസങ്ങളായുള്ള ശീലമാണ്. ഈ കൊറോണ കാലത്ത് മറ്റെന്തു ചെയ്യാൻ?

ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തികൊണ്ട് ആ കുഞ്ഞന്‍റെ താണ്ഡവം അങ്ങനെ നീണ്ടുപോകുന്നു. അതോടെ പതിവുശീലങ്ങളും മാറി.

മുറ്റത്തു കിടക്കുന്ന തന്‍റെ ഉന്തുവണ്ടി നോക്കി അയാൾ ഒന്നു നെടുവീർപ്പിട്ടു. നിലക്കടലയും ചീനച്ചട്ടിയും മറ്റെല്ലാമൊരുക്കി കടപ്പുറത്തേയ്ക്ക് യാത്രയാകേണ്ട സമയമാണിത്. അതാ അകലെനിന്നും കടലിന്‍റെ ഇരമ്പൽ. ഒരുപക്ഷെ അത് തന്നെ മാടിവിളിക്കുകയാവാം. ആ കാഴ്ചകൾ അയാളുടെ മനസ്സിൽ മിന്നിമറഞ്ഞു.

തന്‍റെ ദൗത്യം പൂർത്തിയാക്കിയ ചാരിതാർഥ്യത്തോടെ ആഴിയിലേയ്ക്ക് ചായുന്ന ചുവന്നു തുടുത്ത സൂര്യൻ! സായാഹ്നസവാരി മധുരതരമായ ഒരു വ്യായാമത്തിന്‍റെ തലത്തിലേയ്ക്ക് എത്തിച്ചുകൊണ്ട് ഒരു ” റ്റു ഇൻ വൺ ” പ്രോഗ്രാമിന്‍റെ നിർവ്വഹണത്തിലേർപ്പെട്ടിരിക്കുന്ന മധ്യവയസ്ക്കർ. ഇടുങ്ങിയ ഒാഫീസ്ക്യാബിനുള്ളിൽ തിരക്കുകൾക്കുശേഷം ഫ്ളാറ്റുകളിലെ ചുവരുകൾക്കുള്ളിലേയ്ക്ക് ചേക്കേറുന്നതിനു മുൻപായി ശുദ്ധവായുവുമൊത്ത് സല്ലാപത്തിലേർപ്പെട്ടിരിക്കുന്ന ചെറുപ്പക്കാർ.

സെൽഫിയിലൂടെ അവിസ്മരണീയ ദൃശ്യങ്ങൾ പകർത്തുന്ന വിനോദസഞ്ചാരികൾ. മണ്ണും മരവും വിട്ട് കോൺക്രീറ്റ് പ്രതലങ്ങളുമായുള്ള ബന്ധങ്ങൾ മാത്രമായതിനാൽ തങ്ങളെ തൊട്ടു തലോടുന്ന മണൽതരികളുമായി ചങ്ങാത്തം കൂടുന്ന കുട്ടികൾ. ഈ കച്ചവടത്തിലൂടെ ഇവരിൽ പലരും തന്‍റെ മിത്രങ്ങളായി മാറി.
പട്ടിയുടെ ഉച്ചത്തിലുള്ള കുര! ആരും വരുവാൻ സാധ്യതയില്ലലോ? അയാൾ പുറത്തേയ്ക്ക് ഒന്നു നോക്കി. ഒരു കുട്ടി സൈക്കിളിൽ അങ്ങോട്ടും ഇങ്ങോട്ടുമായി സവാരി നടത്തുന്നു. കുട്ടികളുടെ കൂട്ടം ചേർന്നുള്ള കളികൾ അവർക്ക് ഈയവസരത്തിൽ നഷ്ടമായിരിക്കുന്നു………

പെട്ടെന്ന് അന്നൊരിക്കൽ കടപ്പുറത്തു കണ്ടുമുട്ടിയ മൂന്നു ചുണക്കുട്ടന്മാരുടെ ചിത്രം അയാളുടെ മനസ്സിൽ തെളിഞ്ഞുവന്നു. ഏതാണ്ട് തന്‍റെ മകന്‍റെ പ്രായം തോന്നിക്കുന്ന കുട്ടികൾ. നിലക്കടലയും പട്ടവും തന്‍റെ കൈയ്യിൽ നിന്ന് വാങ്ങിയ ശേഷം ” താങ്ക് യൂ അങ്കിൾ ” എന്നു പറഞ്ഞവർ. അല്പം തിരക്കു കുറഞ്ഞ സമയമായിരുന്നതിനാൽ താൻ വീണ്ടും അവരെ ശ്രദ്ധിച്ചു. ഒരാൾ അവന്‍റെ പട്ടം കാണിച്ചുകൊണ്ട് അമ്മയോട് എന്തൊക്കെയോ പറയുന്നതു കണ്ടു. പട്ടത്തെകുറിച്ചുള്ള എന്തോ പരാതിയാണെന്ന് ആ ഭാവപ്രകടനങ്ങളിൽ നിന്നും മനസ്സിലാക്കി. മറ്റൊരാൾ പട്ടം ചേർത്തു പിടിച്ചുകൊണ്ട് അത് കിട്ടിയതിന്‍റെ ആഹ്ളാദത്തിലായിരുന്നു. മൂന്നാമനാകട്ടെ തന്‍റെ പട്ടം പറപ്പിക്കാനുള്ള ശ്രമത്തിലും.

ഒന്നുരണ്ടു തവണ അതു പരാജയപ്പെട്ടു.ഒടുവിൽ പട്ടത്തെ സ്വതന്ത്രമായി മുകളിലേയ്ക്ക് ഉയർത്തി കൈയ്യിലെ ചരട് മെല്ലെമെല്ലെ വിട്ടുകൊടുത്തു. അനായാസം പട്ടം മുകളിലേയ്ക്ക് ഉയർന്ന് കാറ്റിൽ പറന്ന് ഇളകിയാടി കളിച്ചു. അതുകണ്ട് മറ്റു രണ്ടുകുട്ടികളും അവനോടൊപ്പം ചേർന്ന് മതിമറന്ന് കൈകൊട്ടി ചിരിക്കാൻ തുടങ്ങി. തനിക്കു ലഭിച്ചതിന്‍റെ കുറവുകൾ കണ്ടെത്താതെ, സ്വന്തമാക്കി മാത്രം വയ്ക്കാതെ, വിട്ടുകൊടുത്തു കൊണ്ടുള്ള ആ തിരിച്ചറിവ് അന്ന് തന്നെ വല്ലാതെ ആകർഷിച്ചു. അതെ; കുട്ടികളിൽ നിന്ന് പലകാര്യങ്ങളും നമുക്ക് പഠിക്കുവാനുണ്ട്.

” ശിശുക്കളെ എന്‍റെ അടുത്തുവരാൻ അനുവദിക്കുവിൻ. അവരെ തടയരുത്. എന്തെന്നാൽ സ്വർഗ്ഗരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്. ” യേശുനാഥന്‍റെ ഈ വാക്കുകൾ എത്ര അർത്ഥവത്താണ്!

ചൂടിന്‍റെ കാഠിന്യത്തെ വെല്ലുവിളിച്ചുകൊണ്ട് ഇളംകാറ്റ് ഒാടിയെത്തി. ആ ആശ്വാസത്തിൽ അയാൾ ഒന്നു ചരിഞ്ഞു കിടന്നു. തന്‍റെ കൂട്ടുകാരൻ, സ്ഥിരവരുമാനമുള്ള മെച്ചപ്പെട്ട പണിക്ക് അയാൾക്കൊപ്പം ചെല്ലുവാൻ തന്നെ പലതവണ വിളിച്ചു. എന്തുകൊണ്ടോ, ഈ കച്ചവടവും ഈ കടപ്പുറവും വിട്ടുപോകാൻ മനസ്സു വന്നില്ല. മതങ്ങൾക്കതീതമായി പ്രായഭേദമെന്യേ സന്തോഷിക്കുന്ന ഒത്തിരി മുഖങ്ങൾ എന്നും കാണുന്നതു കൊണ്ടുള്ള ആത്മഹർഷമാവാം ഒരു പിൻവിളിയായി കൂടെയുള്ളത്.

വിജനമായ കടപ്പുറത്തിന് സൗന്ദര്യം പോരാ. ഈ അവസ്ഥ മാറും; കൊറോണ വൈറസ്സിനെ നാം തോല്പിക്കും. അതിനാണല്ലോ ഭരണകൂടവും ആരോഗ്യപ്രവർത്തകരും പോലീസ്ഉദോഗസ്ഥരും എല്ലാം ഒത്തൊരുമയോടെ അക്ഷീണം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ‘കുടിലുതൊട്ട് കൊട്ടാരം വരെയുള്ളവർ’ ഈ പ്രവർത്തനങ്ങൾക്ക് പിന്തുണയും നൽകുന്നു. ഇതിനെല്ലാം മുകളിലായി ദൈവത്തിന്‍റെ കരുണയുടേയും കരുതലിന്‍റെയും അദൃശ്യകരങ്ങളും. സുസ്ഥിതി ഉണ്ടാവുക തന്നെ ചെയ്യും. അന്ന് മോടി കൂട്ടിയ തന്‍റെ വണ്ടിയുമായി വീണ്ടും കടപ്പുറത്തേയ്ക്ക് എത്തും. ആ കുളിർക്കാറ്റേറ്റു വാങ്ങും. നിരനിരയായ് ഒാടിയെത്തി, തീരത്തിന്‍റെ കാതിൽ കിന്നാരം ചൊല്ലി, ആർത്തിരമ്പികൊണ്ട് ഒാടിയകലുന്ന, തിരമാലകളെ കൺകുളിർക്കെ കാണും. പഴയ സൗഹൃദങ്ങൾ പുതുക്കും. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും. ഇളംകാറ്റ് വീണ്ടും അയാളുടെ കണ്ണുകളെ തഴുകി. മെല്ലെ അയാൾ ഉറക്കത്തിലേയ്ക്ക് വഴുതി വീണു……………….

 

കൂടുതൽ കഥകൾ ഇവിടെ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply