കൂടെ പിറക്കണമെന്നില്ല……..
ഓടിക്കിതച്ച് റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോഴേക്കും വൈകിയെത്തിയവരെ കൂകി കളിയാക്കി കുലുങ്ങി ചിരിച്ച് ഓടുന്നുണ്ടായിരുന്നു യശ്വന്തപുരം – കണ്ണൂർ എക്‌സ്പ്രസ്., നിങ്ങളെ കാത്തിരിക്കാൻ എനിക്ക് സമയമില്ല, ദൂരെമേറെ താണ്ടാനുണ്ടെന്ന് മന്ത്രിച്ചു കൊണ്ട്. ……
ഒത്തിരി നാളുകൾക്ക് ശേഷമായിരുന്നു എനിക്കിന്ന് ട്രെയിൻ മിസ്സായത്. പുലർച്ചെ എന്തോ നിശ്ചയിച്ചുറപ്പിച്ചതുപോലെ ആരവത്തോടെ പെയ്ത കനത്ത മഴയുടെ കുളിരുന്ന കൈകൾ ഉടലാകെ തടവി പുതപ്പിനടയിൽ പിടിച്ചു കെടത്തിയത്, നേരത്തെ മനസ്സിൽ വരച്ചിട്ട സമയക്രമം പാടെ തെറ്റിക്കുകയായിരുന്നു.
ഇനി ബസ്സ് യാത്ര തന്നെ ശരണം. വടകര റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ് സ്റ്റാൻഡിലേക്ക് ഏ കദേശം10 മിനുട്ട് കാൽ നട യാത്രയുണ്ട്.
പതുക്കെ ഉറക്കമുണരുന്ന നഗരവീഥികളിലെ കാഴ്ചകൾ കണ്ട് നടക്കാനുള്ള സമയമില്ല. എന്നാലും, നിത്യമെന്നോണം ഉയരുന്ന പുതിയ ഷോപ്പുകളിലെ സൈൻ ബോർഡിലെ വർണ്ണവിസ്മയങ്ങൾ കണ്ണുകളെ ആകർഷിച്ചിരുന്നു. തരംഗദൈർഘ്യത്തെ കൂട്ട് പിടിച്ച് പ്രകാശ കിരണങ്ങൾ കാണിക്കുന്ന മായജാലങ്ങളാണല്ലോ നിറങ്ങൾ. അവ മനസ്സിനേകുന്ന അവാച്യമായ അനുഭൂതി പറഞ്ഞറിയിക്കാൻ പറ്റില്ല. നിറങ്ങളുടെ സഞ്ചയത്തിൽ ചിത്രകാരൻമാർ വിരിയിക്കുന്ന വർണ്ണോത്സവങ്ങൾ എപ്പോഴും ആസൂയാവഹമാണ്. ആശയങ്ങളും സ്വപ്നങ്ങളും വർണ്ണത്തിൽ ലയിപ്പിച്ച് മനുഷ്യ മനസുകളെ ഒന്നിപ്പിക്കുന്ന ചിത്രങ്ങളും ചിത്രകാരൻമാരും എപ്പോഴും ആരാധന മൂർത്തികളായിരുന്നു
ബസ്സ്സ്റ്റാൻഡിൽ കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ബസ്സ് നിർത്തിയിടുന്ന സ്ഥലത്തേക്ക് നടക്കുന്നതിനിടയിലാണ് പോലീസ് എയിഡ് ബൂത്തിന്റെ പടിഞ്ഞാറ് വശത്തായി ഒരു ആൾക്കൂട്ടം കണ്ടത്.
ഓ .. അത്, ഏതെങ്കിലും തൈലമോ ബുക്ക് വിൽപനയോ ആയിരിക്കും എന്ന് മനസ്സിൽ അതിനെ നിസ്സാരവത്ക്കരിച്ചു.
കുറച്ച് സമയത്തിനു ശേഷം, ബസ്സ് ഒന്നും കാണതായപ്പോൾ, നേരെത്തെ ആൾക്കൂട്ടം കണ്ട ഭാഗത്തേക്കൊന്ന് തിരിഞ്ഞു നോക്കി.
നിമിഷ നേരം കൊണ്ട് മെലിഞ്ഞുപോയ ആൾക്കൂട്ടത്തിനു നേരെ
ഇതൊക്കെ നമ്മൾ എത്ര കണ്ടതാണ് എന്ന പുച്ഛഭാവം മുഖത്ത് ഒട്ടിച്ചു വെച്ച് പതുക്കെ നീങ്ങി.
മനോഹരമായി വാലിട്ട് കണ്ണെഴുതി, മുടിയിൽ തുളസിക്കതിർ ചൂടി പട്ടുപാവാട യുടുത്ത പെൺകൊടിയുടെ ജീവൻ തുളുമ്പുന്ന ചിത്രം, ചോക്കും കരിയും പച്ചിലകളും ഉപയോഗിച്ച് വരച്ചിട്ടുണ്ടവിടെ. കനലെരിയുന്ന മനസ്സിൽ പതിഞ്ഞു പോയ ചിത്രത്തിന് വിരൽ തുമ്പിലെ കണ്ണൂകളുപയോഗിച്ച് പൂർണ്ണത വരുത്തുകയും ചിത്രത്തിൽ പറന്നു വീഴുന്ന നാണയതുട്ടുകൾ പെറുക്കുന്നതിനുമിടയിലാണ് അയാൾ തല തിരച്ച് എന്നെ നോക്കിയത്.
ഞങ്ങളുടെ കണ്ണുകൾ ഒരു നിമിഷം ഉടക്കി. പ്രാകൃതനായ രൂപത്തിലാണെങ്കിലും, അയാളുടെ കണ്ണുകളിൽ ഒരു പരിചയത്തിന്റെ കൈവിളി കളിയാടിയിരുന്നു.
ഒന്നുകൂടെ ചിത്രത്തെയും മുഖം തിരിച്ചു നില്ക്കുന്ന ചിത്രകാരനെയും നോക്കി. നഷ്ടപ്പെടു പ്പോയ തന്റെ ജീവിതത്തിന്റെ നിറങ്ങൾ നിർലോഭം വാരി വിറതി സുന്ദരമാക്കിയ ചിത്രം കണ്ണുകളിലും കണ്ണുകളെക്കാൾ വേഗത്തിൽ പായുന്ന മനസ്സിൽ ചിത്രകാരനുമായ് ഞാൻ കണ്ണൂർ ബസ്സ് വന്നു നിൽക്കുന്ന ഭാഗത്തേക്ക് തിരിച്ചു നടന്നു.
പെട്ടന്നാണ്,പിന്നിൽ നിന്ന് ‘പ്രസാദേ…’ എന്നുള്ള പരിചിതമായൊരു നീട്ടി വിളി കേട്ടത്.
തിരിഞ്ഞുനോക്കുമ്പോൾ ശ്രീനിത്ത്.
“എന്താടാ ട്രെയിനിന്നും മിസ്സായോ.. നീ ഇതുവരെ നന്നായില്ലേ ”
ശ്രീനിത്ത് ചിരിച്ചു കൊണ്ട് എന്റെ അടുത്തേക്ക് വന്നു.
അവൻ എന്റെ പ്രീ.ഡിഗ്രി ക്ലാസ് മേറ്റാണ്. ഇപ്പോ പോലീസ് വകുപ്പിൽ ആണ്
“ഓ.. എടാ ഞാൻ എങ്ങിനെയെങ്കിലും ജോലിക്ക് പോകുന്നുണ്ടല്ലോ
നീയോ?’
ഞാൻ കളിയാക്കി തിരിച്ചടിച്ചു.
“എടാ ഞാൻ ഡ്യൂട്ടിയിലാ.
ഇന്ന് മഫ്തിയിലാ .”
” ശ്രീനിത്തേ…. , നീ ആ വരച്ച ചിത്രം കണ്ടോ?”
ഞാൻ അവിടെ വരച്ച ചിത്രം ചൂണ്ടി ചോദിച്ചു.
” അത് ഇവിടെ പതിവാ.”
“അതെല്ലടാ അത് വരച്ചയാളെ നീ ശ്രദ്ധിച്ചോ?”
“ഓ ഇല്ലടാ. അവൻമാരൊന്നും വലിയ കുഴപ്പക്കാരല്ല. പാവങ്ങളാ ചിലർ കഞ്ചാവും മദ്യവും ഒക്കെ ഉപയോഗിക്കും എന്നേ ഉള്ളൂ ജീവതത്തിന്റെ നിരാശ ഒഴിവാക്കാൻ ”
” പക്ഷേ അയാളെ എനിക്ക് നല്ല പരിചയം ഉണ്ട്. എവിടുന്നാണെന്ന് മനസ്സിലാവുന്നില്ല.
വാ നമുക്കൊന്ന് പോയി നോക്കാം” എന്ന് പറഞ്ഞ് ഞങ്ങൾ രണ്ടു പേരും അങ്ങോട്ട് നടന്നു.
അപ്പോഴേക്കും ചിത്രത്തിന്റെ സ്വീകാര്യകതയ്ക്ക് അടയാളമായി വീണു കിടക്കുന്ന നാണയ തുട്ടകൾകളല്ലാതെ അയാളെ അവിടെയെങ്ങും കണ്ടില്ല.
പെട്ടന്നാണ് ബസ്സ് സ്റ്റാൻഡിന്റെ ഇടതുവശത്തെ കോർണറിൽ അയാൾ നിൽക്കുന്നത് കണ്ടത്. ഞങ്ങൾ അങ്ങോട്ട് നീങ്ങുമ്പോഴേക്കും അയാൾ പൊയ്തു കൊണ്ടിരിക്കുന്ന കനത്ത മഴയിലിറങ്ങി റോഡ് മുറിച്ച് കടന്ന് കടകളുടെ ഇടയിലൂടെ മറഞ്ഞു. ‘
” നീ വാ… ചിലപ്പോ നാണയ തുട്ടകളെടുക്കാൻ അവൻ വീണ്ടും വരും. അപ്പോ നോക്കാം”.
ഞങ്ങൾ തിരിച്ചു നടന്നു.
കൊച്ചു വർത്തമാനങ്ങൾ പറഞ്ഞ് കൊണ്ടിരിക്കെ കണ്ണൂർ ബസ്സ് വന്നു.
എന്നാലും ഓർമകൾ തെളിയാതെ ആ കണ്ണുകൾ മനസ്സിനെ വലാതെ മദിച്ചു കൊണ്ടിരുന്നു……..…
************
ഞായാറാഴ്ചകളിലെ പ്രഭാതാഭ്യാസമായ പത്രത്താളുകൾ മറിച്ചിട്ടുമ്പോഴായിരുന്നു ശ്രീനിത്തിന്റെ ഫോൺ വന്നത്.
“നീയൊന്ന് പോലീസ് സ്റ്റേഷൻ വരെ വര്വോ. പേടിക്കാനൊന്നുമില്ല ഒരു പേഴ്സണൽകാര്യം പറയാനാ”
സ്റ്റേഷനിലെത്തുമ്പോൾ ശ്രീനിത്ത് സ്റ്റേഷന്റെ മുമ്പിൽ തന്നെ
എന്നെയും കാത്ത് നില്പുണ്ടായിരുന്നു.
“നിനക്ക് ഒരാളെ കാണിച്ചുതരാം, വാ” അവന്റെ പിന്നാലെ നടക്കുമ്പോൾ മനസ്സിലെ ഉൾഭയത്തിൽ നിന്നുയുരന്ന സംശയങ്ങൾ നിറഞ്ഞു കവിയുകയായിരുന്നു.
സ്റ്റേഷനിലെ സെല്ലിന് പുറത്ത് കാൽമുട്ടിൽ തല താഴ്ത്തിയിരിക്കുന്ന മുഷിഞ്ഞ വസ്ത്രമണിഞ്ഞൊരു പ്രാകൃത രൂപത്തിന്റെ അടുത്തെത്തി.
കാൽപെരുമാറ്റം കേട്ടാവാം അയാൾ പെട്ടന്ന് ഞെട്ടി മുഖമുയർത്തി ദീനതയോടെ ഞങ്ങളെ നോക്കി.
ആശ്ചര്യത്തോടെ ഞാൻ ചോദിച്ചു ” ഇത് ബസ് സ്റ്റാൻഡിൽ അന്ന് ചിത്രം വരച്ച …..”
” അതെ …അതേടാ അവൻ തന്നെ”
“ഇവിടെ എങ്ങിനെ?” ഞാൻ ചോദിച്ചു
“പറയാം നീ ആദ്യം ആളെ ഒന്നുകൂടെ നല്ലോണം നോക്കി വാ” അവൻ പറഞ്ഞു
ഞാൻ ആ കണ്ണുകളെയും രൂപത്തെയും മനസ്സിരുത്തി ഒന്ന് നോക്കി.
“നല്ല പരിചയം വിളിച്ചോതുന്ന കണ്ണുകളും മുഖവും പക്ഷേ എവിടെയാണെന്ന് ……”
” വാ ഞാൻ പറയാം” ശ്രീനിത്ത് എന്നെയും വിളിച്ച് സ്റ്റേഷന്റെ മുന്നിലുള്ള മാവിൻ ചുട്ടിലേക്ക് നടന്നു.
“ഇന്നലെ റെയിൽവേ സ്റ്റേഷൻ പരിസരം പരിശോധിക്കുമ്പോൾ അവിടെ കലുങ്കിനടിയിൽ ബോധമില്ലാതെ കിടക്കുകയാരുന്നു കക്ഷി.
അപ്പോ തന്നെ ആശുപത്രിയിൽ കൊണ്ടുപോയി. കഞ്ചാവിന്റെ ലഹരിയിൽ ബോധം പോയതാണെന്നാണ് ഡോക്ടർ പറഞ്ഞത്.”
ബോധം വന്നതിനു ശേഷം ശരിക്കൊന്നു ചോദ്യം ചെയ്യതപ്പോൾ അതുവരെ ഹിന്ദി സംസാരിച്ചയാൾ മലയാളം പറയാൻ തുടങ്ങി. എനിക്ക് ആളെ മനസ്സിലായി. നമ്മുടെ പ്രീഡിഗ്രി ക്ലാസിലുണ്ടായിരുന്ന ദീപക് കൃഷണനാണ്.”
പെട്ടന്ന് ഞാൻ ആശ്ചര്യത്തോടെ ചോദിച്ചു പോയി “ആര്…..? നമ്മുടെ വിപ്ലവം ദീപക്കോ?”
“അതെ അവൻ തന്നെ”
ശ്രീനിത്ത് പറഞ്ഞു.
“നീ എന്താടാ പറയുന്നെ. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല”
” അതയെടാ അവൻ തന്നെ. ഇന്നലെ മുഴുവൻ ചോദ്യം ചെയ്തതാ.
പിന്നെ കേസൊന്നും ചാർജ് ചെയ്തിട്ടില്ല. നല്ല ബോധമൊക്കെയുണ്ട് പക്ഷേ കഞ്ചാവിന് അടിമയാ കക്ഷി”
“നമ്മൾ എന്താ ചെയ്യുക” അങ്കലാപ്പോടെ ഞാൻ ചോദിച്ചു.
അവന്റെ വീട്ടിൽ ബന്ധപെടാൻ ശ്രമിക്കുന്നുണ്ട് അവരെല്ലാം ഇപ്പോ ചെന്നൈയിൽ ആണ്. ഫോൺ നമ്പർ ഒന്നും അറിയില്ല. അമ്മയും ഒരു സിസ്റ്ററും ഉണ്ടെന്നാ പറഞ്ഞത്. അവിട്ടത്തെ പോലീസ് സ്റ്റേഷനിൽ മെസേജ് കൊടുത്തിട്ടുണ്ട്” ശ്രീനിത്ത് പറഞ്ഞു.
കേസ് ചാർജ് ചെയ്യാത്തതിനാൽ ദീപക്കിനെ അധികനേരം സ്റ്റേഷനിൽ നിർത്തുന്നത് അപകടമാണ്. അതു കൊണ്ട് ഞങ്ങൾ ഹോട്ടലിൽ ഒരു റൂം എടുക്കാൻ തീരുമാനിച്ചു
ഞാൻ ഇവന് കുറച്ച് വസ്ത്രങ്ങൾ വാങ്ങിച്ച് ഹോട്ടൽ കൃഷ്ണയിൽ നിൽക്കാം. നീ അപ്പോഴേക്കും ഇവനെയും കൊണ്ട് അങ്ങോട്ട് വന്നാൽ മതി.
**************
ഹോട്ടൽ റിസപ്ഷനിലെ പത്രങ്ങളും മാഗസിനുകളും എടുത്ത് നോക്കിയെങ്കിലും വായിക്കാൻ ശ്രദ്ധ കിട്ടുന്നില്ല. ചഞ്ചലമായ മനസ്സിനെ ആരോ ഓർമ്മകൊളുത്തിട്ട് പിന്നോട്ട് വലിക്കുന്നതുപോലെ..
ഒന്നാം വർഷ പ്രീ.ഡിഗ്രി ക്ലാസ്സിലെ ആദ്യ ദിനങ്ങളിൽ S.S.L.C പരീക്ഷയ്ക്ക് 530 ന് മുകളിൽ മാർക്ക് കിട്ടിയവർ എഴുന്നേൽക്കുക എന്ന് ക്ലാസിൽ വരുന്ന ഓരോ അദ്ധ്യാപകരുടെയും ചോദ്യത്തിന്……
ബാക്ക് ബെഞ്ചിന്റെ വലതുഭാഗത്ത് നിന്ന് ഉയരുന്ന ചുരുണ്ട മുടിയും നീണ്ട നാസികയും കഥ പറയുന്ന സജലങ്ങളായ കണ്ണുകളോട് കൂടിയ ദീപക്കിന്റെ മുഖം മനസ്സിൽ തെളിഞ്ഞു വന്നു.. ആ രൂപം ക്ലാസിലെ കുട്ടികളുടെ മനസ്സിൽ ചേക്കേറിയതും വളരെ വേഗത്തിൽ ആയിരുന്നു.
പിന്നീട് സാറൻമാരുടെ ചോദ്യങ്ങൾക്ക് ഉത്തരവും, സംശയവും ഉയർന്നു വരുന്ന ബാക്ക് ബെഞ്ചിലെ വലതുമൂലയിൽ നിന്നു വരുന്ന ശബ്ദം ക്ലാസിലെ ചെവികൾക്ക് സുപരിചതമായി.
സംശയങ്ങൾ ചോദിച്ച് മനസ്സിലാക്കാനും അസൈൻമെന്റ്കളും ഹോം വർക്കുകളും ചെയ്യാനും ഒക്കെ ഞങ്ങളുടെ ആശ്രയമായി ദീപക് മാറി.
പതുക്കെ അവൻ ക്ലാസിലെ ഹിറോയായി വളർന്ന് വിലസുകയായിരുന്നു…….
.
ആയിടയ്ക്ക് കോളേജിൽ നടന്ന N.S.S ദശദിന സഹവാസ ക്യാമ്പിൽ പങ്കെടുത്ത് തിരിച്ചെത്തിയ അവൻ , ആകെ മാറിയിരുന്നു
സംസാരത്തിലൊക്കെ വിപ്ലവത്തിന്റെ ചില ചുവ തുടങ്ങിയിരുന്നു.. ഫ്യൂഡലിസ്റ്റിക് നവലിബറൽ ബൂർഷ്വ തുടങ്ങിയ കടിച്ചാ പൊട്ടാത്ത പദങ്ങൾ ആ കൊച്ചു വായിൽ നിന്ന് ഒഴുകിവരുന്നത് കണ്ട് ഞങ്ങൾ അമ്പരുന്നു. എന്തിനെയും എതിർക്കുന്ന ഒരു സ്വഭാവം. ക്യാമ്പസിലെ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ വിമർശിക്കപ്പെട്ടു. കാപ്പിറ്റലിസത്തെയും അധികാരത്തിന്റെ കാവല്‍ദണ്ഡ് കൈയ്യേറാൻ ആശയങ്ങൾ അടിയറ വെച്ച് ആരെയും കൂട്ട് പിടിക്കുന്നവരെയും നിശിതമായി വിമർശിച്ചു.
മാർകിസം സിദ്ധാന്തങ്ങൾ നെഞ്ചിലേറ്റിയ
അവൻ പിന്നീട് ക്ലാസിൽ വരാതായി.. കൂടതൽ സമയവും കോളേജിന്റെ ടെറസിനു മുകിൽ വാട്ടർ ടാങ്കിന്റെ അടിവശത്തെ താവളത്തിലായിരുന്നു.
വിപ്ലവം തോക്കിൻ കുഴലിലൂടെ എന്ന വിശ്വസിച്ച ചില ദൂതഗണങ്ങളും കൂടെ ഉണ്ടായിരുന്നു.
അവിടെ വിപ്ലവാശങ്ങളും സിദ്ധാന്തങ്ങളും ഇഴ കീറി സംവാദങ്ങൾ നടന്നു. ദൂത ഗണങ്ങളുടെ എണ്ണം കൂടി ക്കൂടി വന്നു.
വിപ്ലവം പതുക്കെ ക്യാമ്പസിൽ ചെറിയ അനക്കം സൃഷ്ടിക്കുകയും അത് മുഖ്യധാര ക്യാമ്പസ് പാർട്ടികളുടെ ശാരീരിക തലോടകളിലും കൊച്ചു ഭീഷണിക്കും ദീപക്കും കൂട്ടരും വിധേയരാവുകയും ചെയ്തു.
ദീപകിന്റെ വിപ്ലവാശയങ്ങൾ ക്യാമ്പസിൽ വേരു പിടിക്കുകയായിരുന്നു. പോസ്റ്ററുകളും കൈവരകളും ക്യാമ്പസിന്റെ ചുവരുകളിൽ സ്ഥാനം പിടിച്ചു. അതുവരെ രഹസ്യമായി കിട്ടി കൊണ്ടിരുന്ന ശാരീരക ദണ്ഡനങ്ങൾ പരസ്യമായി കിട്ടി തുടങ്ങി.
യഥാർത്ഥ്യത്തെ സൗന്ദര്യത്തിൽ ഒളിപ്പിച്ചു വെച്ച ദീപക്കിക്കിന്റെ വരകളും വാക്കുകളും കുട്ടികളുടെ മനസ്സിൽ ആഴ്ന്നിറങ്ങി യിരുന്നു ദീപക് അങ്ങിനെ കുട്ടികളുടെ മനസ്സിലിടം തേടി.
ആർട്സ് ക്ലബ് സെക്രട്ടറിയായി നോമിനേഷൻ കൊടുത്ത ദീപക്കിന് ശീരീരിക മാനസിക പീഡനങ്ങൾ നിത്യ സംഭവമായി.
എന്നാൽ ദീപക്കിന്റെയും കൂട്ടരുടെയും ആവേശങ്ങൾ കൈക്കരുത്തിൽ ഇല്ലായ്മ ചെയ്യാൻ പറ്റില്ലെന്നും ശരീരം കൊണ്ട് ആവതില്ലെങ്കിലും നൂറ് പേരെ അടിച്ചിടാനുള്ള അവരുടെ ചങ്കുറപ്പ് മനസ്സിലാക്കി, അവർ മറ്റു വഴികൾ തേടി.
പിന്നീട് നടന്ന ശക്തമായ ബാഹ്യ രാഷ്ട്രീയ ഇടപെടലുകൾക്ക് മുമ്പിൽ ഒരു കൊടിതോരണങ്ങളുടെയും ആൾക്കൂട്ടത്തിന്റെയും പിന്‍ബലവും ഇല്ലായിരുന്ന ദീപിക്കിനും കൂട്ടർക്കും പിടിച്ച് നിൽക്കാനായില്ല. നോമിനേഷൻ പിൻവലിച്ച അവനെ പിന്നീട് ആരും കണ്ടിരുന്നില്ല. ഒടുവിൽ അറിഞ്ഞു അവൻ പരീക്ഷയെഴുതി നാട്ടിലേക്ക് താമസം മാറ്റിയെന്ന്.
ഓർമ്മളെ ഇടമുറിച്ച് ദീപക്കിനെയും കൊണ്ട് അവരെത്തി.
റൂമിലെത്തിയ ഞങ്ങൾ അപരിചിതത്വത്തിന്റെ കൊക്കൂൺ ആവരണമിട്ട് ചോദ്യങ്ങൾക്കൊന്നും പ്രതികരിക്കാത്ത ദീപക്കിനെ അല്പം ബലം പ്രയോഗിച്ച് കുളിപ്പിച്ച് പുതിയ വസ്ത്രങൾ ധരിപ്പിച്ച് മുറിയിൽ ഇരുത്തി ഭക്ഷണം കൊടുത്തു.
ഞങ്ങളുടെ ചോദ്യങ്ങൾക്ക് തികച്ചു നിസ്സംഗതനായി നിൽക്കുന്ന ദീപക് ചില അസ്വസ്ഥകൾ കാണിക്കാൻ തുടങ്ങി. നോക്കി നിൽക്കേ അവന്റെ ഭാവം മാറി. നിരാശ, ശോകം, പക ദേഷ്യം ഭാവങ്ങൾ മിന്നിമാറി വന്നു ഒടുവിൽ അത് കരച്ചിലും യാചനയുമായി.
“പേടിക്കേണ്ട ഇത് മറ്റവൻ പണി തുടങ്ങിയതാ” കൂടെ വന്ന പോലീസുകാരൻ പറഞ്ഞു.
ശ്രീനിത്ത് വേഗം തന്നെ ദീപക്കിന് ഒരു ബീഡി കൈമാറി പറഞ്ഞു. “ഇത് ഇന്നലെ ഇവനിൽ നിന്ന് പിടിച്ചെടുത്തതാ. കേസ് ചാർജ് ചെയ്യാതിരിക്കാൻ മാറ്റി വെച്ചതാ”
ദീപക്ക് തീപ്പെട്ടിക്ക് ചോദിച്ചു കൊണ്ടേയിരുന്നു.
“ഓ… നിനക്ക് അപ്പോൾ സംസാരിക്കാൻ അറിയാം അല്ലേ.”
ശ്രീനിത്ത് അല്പം ശബ്ദം കൂട്ടി പോലീസ് ചുവയിൽ ചോദിച്ചു.
ദീപക് വീണ്ടും തീപ്പെട്ടിക്ക് കെഞ്ചി കൊണ്ടിരുന്നു വിറയലോടെ.
“തീപ്പെട്ടി തരാം…. പക്ഷേ നീ എങ്ങിനെ ഈ കോലത്തിൽ ഇവിടെ എത്തി എന്ന് പറയണം”
ശ്രീനിത്ത് തീപ്പെട്ടി കാണിച്ചു
പറഞ്ഞു.
“പറയാം പറയാം…..”
ദീപക് ഒരു പ്രത്യേക ഭാവത്തിൽ പറഞ്ഞു കൊണ്ട് ശ്രീനിത്തിന്റെ അരികെ ഓടി വന്നു.
ആർത്തിയോടെ ദീപക് പുക വലിച്ചു കൊണ്ടിരുന്നു. പുകച്ചുരുളുകൾ മുറിയിൽ നൃത്തം വെച്ചു. അകലേയ്ക് കണ്ണുനട്ട് …മാംസപേശികൾ വലിഞ്ഞ് …
അവന്റെ മുഖത്ത് ചിരിയുടെ ഒരു രൂപം തെളിഞ്ഞു. പുകച്ചുരളുകൾ വട്ടം കറങ്ങി പതുക്കെ നിവരാൻ തുടങ്ങി. ദീപക്ക് അവനറിയാതെ മായികലോകത്തിന്റെ പടവുകളേറി…. പതുക്കെ പറഞ്ഞു തുടങ്ങി….
അമ്മയുടെ കണ്ണുനീരും ചേച്ചിയുടെ ശാസനയും അനുഭവിച്ച വിഷമതകളും മനസ്സിലുൾക്കൊണ്ട് ‘ഇനി നല്ല കുട്ടിയായ് ജീവിക്കും’ എന്ന് ശപഥമെടുത്താണ് ഞാൻ പുതിയ കോളേജിൽ ഡിഗ്രിക്ക് ചേർന്നത്. അറിവ് അധികാരം ആഡംബരം ഇവയാണ് വിദ്യാഭ്യാസത്തിന്റെ മൂല മന്ത്രങ്ങളെന്ന് ഞാൻ മനസ്സിലാക്കി. അല്ല… പ്രീഡിഗ്രി ക്കാലത്തെ അനുഭവങ്ങൾ എന്നെ പഠിപ്പിച്ചു.
പുതിയ കോളേജിലെ ആദ്യ ദിനത്തിൽ നവാഗതരെ സ്വാഗതം ചെയ്യുന്ന അലങ്കരിച്ച കൊടി തോരണങ്ങളുടെ നിറവും ബാനറുകളും എന്നെ തീരെ ആകർഷിച്ചില്ല
കാന്റീന്റെ വലതു ഭാഗത്തുള്ള രസതന്ത്ര വകുപ്പിലെ ഒന്നാം വർഷ ബിരുദ ക്ലാസിലെ ഫസ്റ്റ് ബെഞ്ചിൽ തന്നെ പോയിരുന്നു.
കഴിഞ്ഞ പ്രീ. ഡിഗ്രി കാല ചരിത്രം ആവർത്തിക്കില്ല എന്ന് മനസ്സിലുരുവിട്ട് പുറത്തും ക്ലാസിലും നടക്കുന്ന വിവിധ രാഷ്ട്രീയ നിറങ്ങളുടെ ഘോഷയാത്രയിൽ സഹ കരിക്കുന്നുണ്ടെന്ന് വരുത്തി, ആരെയും വെറുപ്പിക്കാതെ അച്ചടക്കത്തോടെ ക്ലാസിൽ ഇരുന്നു.
ക്ലാസ് ട്യൂട്ടർ ഡോ രഞ്ജിനി മിസ് ക്ലാസിൽ വന്ന് പറഞ്ഞു “നിങ്ങൾക്കിന്ന് ക്ലാസില്ല. സീനേയേഴ്സ് നൽകുന്ന വെൽക്കം പാർട്ടിയാണ്. എല്ലാവരും ലാബിന്റെ മുകളിലുള്ള സെമിനാർ ഹാളിൽ എത്തി ചേരുക.”
വകുപ്പ് തലവൻ എത്തിയതോടെ പ്രോഗ്രാം തുടങ്ങി. ചെറുഭാഷണങ്ങൾക്കും ചായ കുടിക്കും ശേഷം ഞങ്ങളൊന്നു ഉഷാറായി. പ്രൊഫസർമാരുടെ ഭാഷണമൊക്കെ കേട്ടപ്പോൾ ഞങ്ങൾ ചില്ലറക്കാരല്ല. നാളെ ലോകം അറിയപ്പെടുന്ന രസതന്ത്രജ്ഞമാരായിരിക്കും എന്ന ഭാവമൊക്കെ മുഖത്ത് വിരിഞ്ഞ് ഇരിപ്പായി.
അപ്പോഴാണ് ഒരനൗൺസ്മെന്റ്
“അടുത്തതതായി രസതന്ത്രത്തിന്റെ വിശാലമായ മാന്ത്രിക ലോകത്തെ അടുത്തറിയാനും സ്വായത്തമാക്കുന്ന പുത്തനറിവ് മനുഷ്യനന്മയ്ക്ക് ഉപയോഗപ്പെടുത്താനും രസതന്ത കുടുംബത്തിലേക്ക് കടന്നുവന്ന പുതിയ അംഗങ്ങളെ സ്വയം പരിചയപ്പെടുത്തൽ ചടങ്ങിലേക്ക് ക്ഷണിക്കുന്നു.” കൂടാതെ ഐസ് ബ്രേക്കിങ് ന്റെ ഭാഗമായി ഇവിടെ ഭരണിയിൽ വെച്ചിരിക്കുന്ന കടലാസ് തുണ്ടകളൊന്നെടുത്ത് അതിൽ എഴുതായിരിക്കുന്ന കാര്യങ്ങൾ അവതരിപ്പികയും ചെയ്യണം.”
ഒരുടിത്തീ പോലെയാണ് അവസാനത്തെ വാക്കുകൾ എല്ലാവരും ശ്രവിച്ചത്. പരസ്പരം നോക്കി വിളറി വെളുത്തിരുന്നു
സ്ഥലം, പഠിച്ച കോളേജ് സീനേഴേസിൽ നിന്ന് വരുന്ന ചില കുസൃതി ചോദ്യങ്ങൾക്ക് ഉത്തരം നൽകിയും വേദിയിൽ സെൽഫ് ഇൻഡ്രൊഡക്‌ഷൻ പൊടിപൊടിക്കുകയായിരുന്നു.
പിന്നെ ഭരണിയിലെ കാലാസു തുണ്ടുകൾ ചിലരെ മോഹൻലാലും ഗബ്ബർസിങ്ങും ഗായകരും ഗായികമാരും ഒക്കെയാക്കി. ഹാളിൽ പൊട്ടിച്ചിരിയുടെ മാലപടക്കം തിരികൊളുത്തിയെങ്കിലും ഞങ്ങൾ ഊഴം കാത്ത് നെഞ്ചിടിപ്പോടെ ഇരിക്കുകയായിരുന്നു.
അടുത്തത് നിഹാരിക ലൈല അബൂബക്കർ, പേരിലെ മനോഹാരികതയെക്കാളും എന്നെ ഞെട്ടിച്ചത് സ്റ്റേജിൽ കയറിപ്പോയ ചുവന്ന ബ്ലൗസും പച്ചപട്ടു പാവാടയും ധരിച്ച് ഇടതൂർന്ന കാർകൂന്തലിൽ തുളസിക്കതിർ വെച്ച പെൺകൊടി തന്നെയാണ്.. എങ്കിലും പേരും രൂപവും തമ്മിലുള്ള ചേർച്ചയില്ലായ്മ മറന്ന് നക്ഷത്രക്കണ്ണുകളുള്ള ആ സുന്ദരിയെ കണ്ണിമ ഇടറാതെ നോക്കി നിന്നു.
സ്വയം പരിചയപ്പെടുത്തൽ കർമ്മം നിർവഹിച്ചതിനു ശേഷം അവൾ പതുക്കെ ഭരണിയിൽ നിന്ന് കടലാസുതുണ്ട് എടുത്ത് ഉച്ചത്തിൽ വായിച്ചു.
“ഇന്ന് സസ്യാഹാരികൾ കോഴിമുട്ടകൾ കഴിക്കാറുണ്ടല്ലോ.! നിങ്ങൾക്ക് കോഴിമുട്ട ഒരു വെജിറ്റേറിയൻ ആണെന്ന് തെളിയിക്കാമോ ”
ഏല്ലാവരും ആകാംഷയോടും ഞാൻ ദയനീയതയോടും അവളെ നോക്കി.
എന്നാൽ വളരെ ലാഘവത്തോടെ മൈക്കിനടുത്തേക്ക് നിങ്ങി നിന്ന് പുഞ്ചിരി തൂകി കൊണ്ട് അവൾ പറഞ്ഞു. “മുട്ട അട വെക്കുക. അതിൽ നിന്ന് വിരിയുന്നന്നത് ഒരു ചെടിയാണെങ്കിൽ അത് വെജിറ്റേറിയനും അല്ല ഒരു കോഴിക്കുഞ്ഞാണെങ്കിൽ അത് നോൺ വെജും”
ഞൊടിയിടയിൽ നല്കിയ ഉത്തരം എല്ലാവർക്കും നന്നേ ബോധിച്ചു. ആരവത്തോടെയുള്ള നിലയ്ക്കാത്ത കൈയടികളിലൂടെ സ്റ്റേജിൽ നിന്ന് ഇറങ്ങി വരുമ്പോൾ അവൾ സുന്ദരിയായ ബുദ്ധിമതി എന്ന പട്ടത്തിലേക്ക് ഉയരുകയാ യിരുന്നു.
അടുത്ത ഊഴം എന്റേതായിരുന്നു കടലാസ് തുണ്ടെടുത്ത് ഞാൻ വായിച്ചു.
“സ്റ്റേജിൽ കാറ്റ് വാക്ക് ചെയ്ത് കാണിക്കുക”
എല്ലാവരും കൈയടിച്ച് പ്രോത്സാ ഹിപ്പിച്ചെങ്കിലും ഞാൻ പറഞ്ഞു. “ഞാനിത് ബോർഡിൽ വരച്ച് കാണിച്ചാൽ മതിയോ” അർദ്ധ സമ്മതം തന്നു. ബോർഡിൽ ഞാൻ വരച്ചു തീർന്നപ്പോൾ വലിയ കരഘോഷമായിരുന്നു.
കോളേജിലെ ആദ്യദിനം അങ്ങിനെ വളരെ സന്തോഷത്തിലവസാനിച്ചെങ്കിലും നിഹാരിക അബൂബക്കർ മനസ്സിൽ നിറഞ്ഞു നിന്നിരുന്നു. ഇടയ്ക്കിടെ ഞാനാ പേര് ഉച്ചരിച്ച കൊണ്ടിരുന്നു … നിഹാരിക ലൈല അബൂബക്കർ ….. പറയാൻ എന്തെരു സുഖം.
ക്ലാസ് തുടങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും നിഹാരികയോട് ഒന്ന് സംസാരിക്കാൻ പോലും പറ്റിയിരുന്നില്ല. എപ്പോഴും അവൾക്ക് ചുറ്റും ഒരാൾക്കൂട്ടം ഉണ്ടായിരുന്നു.
ഹായ് പറച്ചിലിലും പുഞ്ചിരിയിലും ഒതുങ്ങിയ സൗഹൃദത്തിനു പു തുണർവ് നല്കിയത് അവിചാരതമായ വന്നു ചേർന്ന ഒരു ബസ്സ് യാത്രയായിരുന്നു.
ഒരു ബുധനാഴ്ച വൈകുന്നേരം കോളേജിൽ നിന്ന് ടൗണിലേക്ക് യാത്ര പോകുമ്പോൾ എന്റെ അരി കിൽ ഒഴിഞ്ഞു കിടന്ന സീറ്റിൽ അവൾ വന്നിരിക്കുകയാരിന്നു. ദീപക്ക് എങ്ങോട്ടാ?
ഞാൻ ടൗണിലേക്കാണ് അമ്മയ്ക്ക് കുറച്ച് മെഡിസിൻ വാങ്ങണം.
“ഓ…. ഞാൻ ചെറിയ ഷോപ്പിങ്ങിനാ വാപ്പച്ചിയും ഉമ്മച്ചിയും ടൗണിലിൽ ഉണ്ട്.”
അവൾ പറഞ്ഞു
പിന്നെ ഞങ്ങൾ കൂടതലായി ഒന്നും സംസാരിച്ചില്ല.
യാത്രയുടെ താളവും യാത്രക്കാരുടെ ഭാവഭേദങ്ങളും പിന്നോട്ട് കടന്നു പോകുന്ന കാഴ്ചകളും നോക്കിയിരുന്നു.
പിറ്റേ ദിവസം നിഹാരികയെ കണ്ടപ്പോൾ, യാത്രയിൽ കൂടുതൽ ഒന്നും സംസരിക്കാൻ കഴിഞ്ഞില്ലെങ്കിലും ഒരു പ്രത്യേക അടുപ്പം അനുഭവപ്പെട്ടു. അന്നത്തെ അവളുടെ ചിരിക്ക് ആയിരം വർഷത്തെ പരിചയം തോന്നിച്ചു.
ലഞ്ച് ബ്രേക്കിന്റെ സമയത്ത് നിഹാരിക എന്റെരികിൽ വന്നു പുഞ്ചിരിയോടെ ചോദിച്ചു.
“ദീപക്ക് ഊൺ കൊണ്ടു വന്നിട്ടുണ്ടോ?
“ഇല്ല ഞാൻ കാന്റീനിൽ പോ കാൻ നോക്കാ” ഞാൻ പറഞ്ഞു
ഓ എന്നാൽ ഞാനുമുണ്ട്” അവൾ പറഞ്ഞു
ഞാനടക്കം ക്ലാസിൽ ഭൂരിഭാഗം കുട്ടികളും പൊതിച്ചോറ് കൊണ്ടുവരുന്നവരാണ്. ഇന്ന് ചോറ് പൊതിഞ്ഞ് തരാത്തതിൽ ഞാൻ മനസ്സിൽ അമ്മയോട് നന്ദി പറഞ്ഞ് നിഹാരികയോടൊപ്പം കാന്റീനിലേക്ക് നടന്നു.
ഭക്ഷണത്തിനുശേഷം മലയാളം വകുപ്പിന്റെ പിൻവശത്ത് പന്തലിച്ചിരുന്ന ആൽമരത്തിന്റെ ചോട്ടിൽ അല്പം വിശ്രമിച്ചു. കുറച്ച് കുടുംബകാര്യങ്ങൾ പരസ്പരം കൈമാറി.
നിഹാരികയുടെ വാപ്പച്ചി കോളേജ് അദ്ധ്യാപകനാണ് അവൾ ഏക മകളാണ്.
എന്തോ എന്റെ മുഖത്തെ ഭാവം കണ്ടിട്ടാവാം അവൾ തുടർന്നു പറഞ്ഞു
“ഞങ്ങൾ ശരിക്കും കോഴിക്കോട് കാരാണ്. ഉപ്പ ട്രാൻസ്ഫർ ആയപ്പോൾ ഇങ്ങോട് വന്നതാണ്”.
തപ്തിയാകാത്ത എന്റെ നോട്ടം കണ്ടിട്ടാവാം അവൾ വീണ്ടും പറഞ്ഞു തുടങ്ങി, നിന്റെ സംശയത്തിന് ഇപ്പം ഉത്തരം തരാം എന്നു പറയുന്നതു പോലെ.
“ഞങ്ങളിവിടെ താമസിക്കാൻ ഒരു തറവാട് വീടാണ് വാങ്ങിയത്.
ഉപ്പയ്ക്ക് തറവാട്ട് വീട്നോട് വല്യ ഇഷ്ടമാ. ആ വീടിന്റെ മുററത്ത് വലിയ ഒരു തുളസിത്തറ ഉണ്ടായിരുന്നു. ബന്ധുക്കൾ പലരും ഉപ്പയോട് അത് പൊളിച്ച് കളയാൻ പറഞ്ഞെങ്കിലും ഉപ്പ അത് ചെയ്തില്ല”
ഉപ്പ പറഞ്ഞത് എന്റെ വിശ്വാസമാണ് എന്റെ മതം. ഒരു തുളസിത്തറയ്ക്ക് എന്റെ വിശ്വാസത്തെ മാറ്റാൻ പറ്റുമെങ്കിൽ എന്റെ മതത്തിനെന്ത് പ്രാധാന്യം?
തുളസിത്തറ പൊളിച്ചതുമില്ല ഉപ്പ തികഞ്ഞ മതവിശ്വാസിയായി തുടരുകയും ചെയ്യുന്നു.
അതുകൊണ്ട് രാവിലെ കുളിച്ച് തുളസിത്തറയിൽ നിന്ന് പറിച്ച തുളസികതിർ മുടിയിൽ വെച്ചാൽ തകർന്നു പോകുന്നതല്ല എന്റെ വിശ്വാസം.
എന്റെ കണ്ണിലെ തിളക്കം കണ്ടിട്ടാവാം അവൾ പറഞ്ഞു “നിന്റെ സംശങ്ങൾ തീർന്നില്ലേ എന്റെപേരും രൂപവും തമ്മിലുള്ള ചേർച്ചയില്ലായ്മ”
തലയാട്ടികൊണ്ട് ഞാൻ അവളോടൊപ്പം അടിവെച്ച് ക്ലാസിലേക്ക് നടന്നു.
വളരെ വേഗത്തിലായിരുന്നു ഞങ്ങൾ തമ്മിലുള്ള രസതന്ത്രം വർക്ക് ഔട്ട് ആയത്.
ക്യാമ്പസിലെ വാകമരച്ചോട്ടിലും ആൽത്തറയിലും കാന്റീനുകളിലും ഞങ്ങൾ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടു
പുത്തൻ ഇണക്കുരുവികളുടെ ഉദയമായി ക്യാമ്പസിലെ പാണൻമാർ പാടിനടന്നു.
പക്ഷേ ഞാനും നിഹാരികയും ഇ ത്തരം ക്യാമ്പസ് ഗിമ്മിക്കുകൾക്ക് തീരെ പ്രാധാന്യം കല്പിച്ചില്ല.
ഒരു ദിവസം മുഴുവൻ കഴിയാൻ ആ നക്ഷത്രക്കണ്ണുകളുടെ മിന്നലാട്ടവും ഒരു നറു മന്ദസ്മിതവും പ്രതീക്ഷിച്ചു നടന്ന പുരഷ കേസരിമാരുടെ മനസ്സിലെ കൃമി കീടമായി ഞാൻ മാറി. ക്യാമ്പസിലെ അഭിനവ സദാചാരത്തിന്റെ കാവൽക്കാരെ രോഷം കൊള്ളിക്കുകയും ചെയ്തിരുന്നു.
ഞങ്ങൾ കവിതകളെ സിനിമകളെ ആനുകാലിക സംഭവികാസങ്ങളെ കറിച്ച് ചർച്ച ചെയ്തു തർക്കിച്ചു..മാധവി ക്കുട്ടിയുടെ ആരാധികയായിരുന്നു നിഹാരിക
പ്രണയം പ്രകടിപ്പിക്കാനുള്ളതാണെന്ന് ഉറച്ച് വിശ്വസിക്കുന്നവൾ…. മാധവിക്കുട്ടിയെപ്പോലെ…..
എന്നാൽ എല്ലാം പ്രണയവും പ്രകടിപ്പിക്കാൻ ഉള്ളതല്ല ചിലത് ഹൃദയത്തിന്റെ അറകളിൽ പൊതിഞ്ഞ് സൂക്ഷിച്ച് ഏകാന്തതയിൽ, ഒററപ്പെടുമ്പോൾ, തിരസ്കരിക്കപ്പെടുമ്പോൾ താലോലിക്കാനുള്ളതാണ്. അപ്പോ അതിന്റെ മാധുര്യം കൂടും. പ്രണയം നക്ഷത്ര കണ്ണുകളോടാവാം കഥ പറയുന്ന ചുണ്ടുകളോടാവും നന്നുത്ത മീശ രോമങ്ങളോടാവാം ആലില വയറിനോടാവാം അതൊക്കെ പറഞ്ഞ് അതിന്റെ സൗന്ദര്യം കളയാൻ ഉള്ളതല്ല’
ഇതിന്റെ പേരിൽ ഞങ്ങൾ പലപ്പോഴും അടികൂടിയിരുന്നു പ്രണയം ശരീരത്തോടല്ല മനസ്സിനോടെന്ന അവളുടെ വാദത്തെ ഖണ്ഡിക്കാൻ ഞാൻ പറയുമായിരുന്നു. ശരീരത്തോടുള്ള കാമം പ്രണയത്തെ ബലപ്പെടുത്തുന്ന തായ് വേരുകൾ ആണെന്ന്
നിനക്ക് ഭ്രാന്താണെന്ന് പറഞ്ഞ് അവളെന്നോട് കലഹിക്കും
കൊഴിഞ്ഞു വീണ മൂന്നു വർഷത്തിനുള്ളിൽ ഞങ്ങളുടെ സൗഹൃദ മരം ക്യാമ്പസ്മുഴുവൻ പടർന്നു പന്തലച്ചിരിരുന്നു. അതിലെ കായ്കനികളെ പ്രണയ ഫലങ്ങളായിട്ട് വ്യാഖ്യാനിച്ചവരും അല്ലാത്തവരും ഉണ്ടായിരുന്നു. എന്തായാലും ഞങ്ങളുടെ കൂട്ട് ക്യാമ്പസിലെ സംസരാ വിഷയമായിരുന്നു.
ആർട്സ് ഡേകളിലും കോളേജ് ഡേകളിലും ഞങ്ങളുടേതായൊരു കയ്യൊപ്പ് പകർത്തിയിരുന്നു. നിഹാരികയുടെ കവിതകളും അതിന് ഞാൻ വരച്ചിരുന്ന രേഖാ ചിത്രങ്ങളും ക്യാമ്പസിന്റെ സാംസകാരിക വേദികളിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു
പ്രണയത്തിന്റെയും മരണത്തിന്റെയും ഇടയിലുള്ള നൂൽപാലമായിരുന്നു അവളുടെ കവിതകളിൽ കൂടുതലും നിഴലിച്ചിരുന്നത്.
ഗോപ്യമായി അവൾ കവിതകളിൽ കൊരുത്തുവെക്കുന്ന സൗന്ദര്യ തുടിപ്പികൾ,
അവളുടെ മനസ്സ് കണ്ട് വരയ്ക്കാൻ എനിക്ക് അന്ന് എളുപ്പമായിരുന്നു.
അവൾ വരികളിൽ ഒളിപ്പിച്ച വെച്ചിരിക്കുന്ന നിഗൂഢതകളിൽ ഇറങ്ങിചെല്ലുന്തോറും പേടിയാകും.. കവിതകളിൽ മരണത്തിന്റെ ഒരു തണുത്ത സ്പർശം ഞാനെപ്പോഴും അനുഭവിച്ചിരിന്നു.
ഈ കാര്യം പലപ്പോഴും അവളോട് ചർച്ച ചെയ്യതെങ്കിലും “എനിക്കറിയില്ല…. ഞാനിത് മനപൂർവ്വം എഴുതുന്നതല്ല. നിങ്ങളുടെ വ്യാഖ്യാനത്തിൽ വരുന്നതായിരിക്കാം.” എന്നൊക്കെ പറഞ്ഞ് അവൾ ഒഴിഞ്ഞുമാറുമായിരുന്നു.
“പൂമാലകളും ആരവവും
മന്ത്രോച്ചാരണ അകമ്പടിയുമായി
ആരൊക്കെയോ ചേർന്ന് ഹൃദയത്തിൽ കൊണ്ടിരുത്തിയ
അപരിചതനെ കണ്ട്
ആരെയോ പ്രതീക്ഷിച്ച ഹൃദയം
തേങ്ങി തേങ്ങി കരഞ്ഞു
തേങ്ങൽ നിശബ്ദമാക്കി
നിന്നെ തേടി ഞാൻ അലയും”
അവസാന വർഷം കോളേജ് മാഗസിനിലേക്ക് നിഹാരിക എഴുതിയ കവിതയ്ക്ക് തൂക്കുകയർ രേഖാ ചിത്രം വരച്ചപ്പോൾ അവൾ എന്നെ കെട്ടിപിടിച്ച് പറഞ്ഞിരുന്നു. എന്റെ മനസ്സാണ് നീ …..
അവളുടെ പ്രകടനം എന്നെ ചെറുതായി അന്ധാളിപ്പിച്ചിരുന്നു.
അവസാന വർഷത്തെ ഒടുവിലത്തെ പരീക്ഷയും എഴുതി നിഹാരിക എന്റെ അരികൽ വന്നു
പറഞ്ഞു
‘എടാ നാളെ നീ വീട്ടിൽ വരുമോ വാപ്പച്ചിക്ക് നിന്നെ ഒന്ന് കാണണം”
ഞാൻ ചോദിച്ചു. “എന്താ പെണ്ണ് കാണലാണോ ആരെയെങ്കിലും കൂട്ടണോ”
“പോടാ പോടാ… നീ കണ്ണാടി നോക്കാറില്ലേ !”അവൾ എന്നെ ഓടിച്ചു
ഒരിക്കലും വറ്റാത്ത അനുഭവങ്ങൾ ചായിച്ചെടുത്ത മഷി കൊണ്ട് എഴുതി ചേർത്ത ഞങ്ങളുടെ സൗഹൃദവും,ഇണക്കങ്ങളും,പിണക്കങ്ങളും, നൊമ്പരങ്ങളും,വിരഹങ്ങളും ക്ലാസ് റൂം ചുമരുകളിലും ആൽമരത്തിലും മണൽത്തരികളിലും മിഴവോടെ ചേർത്തിട്ടുണ്ടാവും എന്ന പ്രതീക്ഷയോടെ കൂട്ടുകാരൊത്ത്
വേർപാടിന്റെ വേദന പങ്ക് വെച്ച് പിരിഞ്ഞു. എന്നാൽ നിഹാരികയെ വിട്ടുപിരിയുന്നതായി എനിക്ക് തോന്നിയില്ല
പിറ്റേദിവസം രാവിലെ ഞാൻ നിഹാരികയുടെ വീട്ടിൽ എത്തിയപ്പോൾ ഉപ്പയും ഉമ്മയും നിഹാരികയും എന്നെയും പ്രതീക്ഷിച്ച് ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു.
നിഹാരികയുടെ വാക്കുകളിൽ നിന്ന് മനസ്സിൽ വരച്ചിട്ട അവളുടെ വാപ്പച്ചിക്ക് ഒരു ആധുനികതയുടെ നിറ മായിരുന്നു. പക്ഷേ… കള്ളികളുള്ള വെളുത്ത കൈയിലിയും കൈയുള്ള ബനിയനും തലയിൽ തൊപ്പിയും . ഊശാൻ താടിയും ഉള്ള ഒരു യഥാസ്ഥിത മുസ്ലീം വേഷമായിരുന്നു അബൂബക്കർ സാറിന്.
നിഷ്കളങ്കതയുടെ പര്യായമായ മ ഉമ്മച്ചിയും. നിഹാരിക പതിവുപോലെ ചുവന്ന പട്ടുപാവാ ടയും തുളസിക്കതിർ ചൂടിയ മുടിയിയും അന്ന് കുറച്ച് മുല്ലപൂവും ചൂടിയിട്ടുണ്ട്.
കുശലാന്വേഷണത്തിനും ഉച്ചയ്ക്കെത്തെ രുചിയേറിയ കോഴിക്കോടൻ ബിരയാണിക്കും ശേഷം ഞങ്ങളെല്ലാവരും മുറ്റത്ത് പടർത്തിയ വളളി പടർപ്പിന്റെ ചുവട്ടിൽ ഇരുന്ന് ഭാവി പരിപാടികളെ കുറിച്ച് ചർച്ച ചെയ്തു.
“ഡൽഹി സർവ്വകലാശാലയിൽ അനാലിറ്റിക്കൽ കെമിസ്ട്രിയിൽ ബിരുദാനന്തര സിരുദം പഠിക്കണം എന്നാണ് ആഗ്രഹം. പ്രവേശന പരീക്ഷയ്ക് തയ്യാറെടുക്കുന്നുണ്ട്” ഞാൻ പറഞ്ഞു.
നിഹാരിക B.S.R.B നടത്തിയ ബാങ്ക് പരീക്ഷ നന്നായി എഴുതിയിട്ടുണ്ട് കിട്ടുമെന്ന് തന്നെയാണ് അവളുടെ പ്രതീക്ഷ ഇല്ലെങ്കിൽ ലിറ്ററേച്ചർ എടുക്കും അല്ലേ”
വാപ്പ ചോദിച്ചു.
ചായയ്ക്ക് എന്തെങ്കിലും ഉണ്ടാക്കട്ടെ എന്ന് പറഞ്ഞ് ഉമ്മയും നിഹാരികയും അടുക്കളയിലേക്ക് നീങ്ങിയ ശേഷം
ഉപ്പ പറഞ്ഞു തുടങ്ങി ” മനസ്സിൽ ലോകത്തിന്റെയും മനുഷ്യരുടെയും ഒത്തിരി ആകുലതകളും നിരാശകളും പ്രത്യാശകളുമൊക്കൊ പേറി ജീവിക്കുന്ന നിഹാരിക ഞങ്ങൾക്ക് ഇന്നും പിടിതരാത്ത സ്നേഹനിലാവാണ്.
അവളെ മനസ്സിലാക്കുന്ന ഒരാൾക്ക് വേണം വിവാഹം ചെയ്ത്കൊടുക്കാൻ. അതിന് മതവും ജാതിയും ഒന്നും എനിക്ക് പ്രശനമില്ല.
ഞാനവളോട് പലപ്പോഴും പറഞ്ഞിരുന്നു മുസ്ലിം മത വിശ്വാസികളായ ഉപ്പയക്കും ഉമ്മയ്ക്കും ജനിച്ചതുകൊണ്ട് നീ മുസ്ലിംമതം സ്വീകരിക്കണമെന്ന് നിർബന്ധമില്ല.
ഞാൻ അവളെ ഖുറാനും രാമയണവും ബൈബിളും വായിപ്പിച്ചിരുന്നു. പക്ഷേ അവൾ പറഞ്ഞത് എന്റെ വിശ്വാസം എന്റെ ഉമ്മച്ചിയും വാപ്പച്ചിയും ആണ്. അവരുടെ വിശ്വാസമാണ് എന്റെ മതം.
മറ്റുള്ളവരെ കാണിക്കാനുള്ള ബാഹ്യചേഷ്ടകൾ ഒഴിവാക്കി മനസ്സിൽ തികഞ്ഞ മുസ്ലിം മത വിശ്വാസിയായ് അവൾ ജീവിക്കുന്നു.
ചില വിവാഹ ആലോചനകളൊ ക്കെ വരുന്നുണ്ട്. പക്ഷേ എല്ലാം ഞങ്ങളുടെ ഇഷ്ടമെന്നാണ് അവൾ പറയുന്നത്.
അവളുടെ മനസ്സ് ശരിക്കും അറിയാവുന്നവനാണ് നീ അതു കൊണ്ട് ചോദിക്കാ നിങ്ങള് തമ്മിൽ ?
ഈ ചോദ്യം നേരെത്തെ പ്രതീക്ഷിച്ചെങ്കിലും
അദ്ദേഹത്തോട് എന്തെന്നില്ലത്ത മതിപ്പ് തോന്നി. മതത്തിന്റെയും വിശ്വാസത്തിന്റെയും ഒക്കെ മേലെയാണ് തന്റെ മകളുടെ സന്തോഷമെന്ന് കരുതുന്ന അദ്ദേഹത്തെ മനസ്സുകൊണ്ട് ആരാധിച്ച് ഞാൻ പറഞ്ഞു
” വാപ്പച്ചിയും ഞങ്ങളെ തെറ്റിദ്ധരിച്ചോ. ക്യാമ്പസുകളിൽ പലരും ഞങ്ങളെ തെറ്റിദ്ധരിച്ചിട്ടുണ്ട്. അത് തിരുത്താൻ പോയിട്ടില്ല.
ഞങ്ങൾ നല്ല കൂട്ടുകാരാണ്. പരസ്പരം അറിയാവുന്നവർ മനസ്സുകൾ കൊണ്ട് ഐക്യപ്പെട്ടവർ.
ഒരു താലിചരടിന്റെ കെട്ടുറപ്പിൽ മാത്രമേ ഈ ബന്ധം തുടരാനാവൂ .. എന്നൊന്നും ഞങ്ങൾ ഇതുവരെ ചിന്തിച്ചിട്ടോ സംസാരിച്ചിട്ടോ ഇല്ല.
ഞാനവൾക്ക് എന്നും നല്ല കൂട്ടുകാരനായിരിക്കും…… അതിലപ്പുറം ഞങ്ങൾ തമ്മിൽ വേറൊന്നും ഇല്ല . ഇതു തന്നെയാ അവളും എന്നോട് പറഞ്ഞത്”
അബൂബക്കർ സാർ ചിരിച്ചു കൊണ്ട് പറഞ്ഞു
“മാധവികുട്ടിയെ നെഞ്ചോട് ചേർത്ത് സ്നേഹിക്കുന്ന അവൾ നാളെ പറയരുത് ഉപ്പയും ഉമ്മയും അവളെ മനസ്സിലാക്കിയില്ല. ഭാരം ഒഴിവാക്കാൻ ആരുടെയോ തലയിൽ വെച്ചു കെട്ടി”
ചായയും കുടിച്ച് അവിടുന്ന് ഇറങ്ങുമ്പോൾ മനസ്സിന്നെന്തോ ഒരു അനുഭൂതിയായിരുന്നു. നിഹാരികയുടെ വാപ്പച്ചി തന്നെയായിരുന്നു മനസ്സ് മുഴുവനും. ഉള്ളില്‍ വിപ്ലവത്തിന്റെ ചുവപ്പ് അണയാതെ കാത്തു സൂക്ഷിക്കുന്ന എനിക്ക് മതത്തിനുപരിയായി മാനവ സ്നേഹത്തിന്റെ പൂനീലാവ് പകർന്ന വാപ്പച്ചിയുടെ വാക്കുകളായിരുന്നു മനസ്സിൽ.
***************
എനിക്ക് ഡൽഹി സർവ്വകലാശാലയിൽ അനാലിറ്റിക്കൽ രസതന്തത്തിൽ ബിരുദാനന്തര പഠനത്തിന് അഡ്മിഷൻ കിട്ടി. നിഹാരിക മലയാളം ലിറ്ററേച്ചറിന് കോളേജിൽ അഡ്മിഷൻ എടുത്തു. കൂടാതെ ബാങ്ക് ടെസ്റ്റിന്റെ റാങ്ക് ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്തിരുന്നു എന്നെ യാത്രയാക്കാൻ അന്ന് നിഹാരികയും വാപ്പച്ചിയും റെയിൽവേ സ്റ്റേഷനിൽ വന്നിരുന്നു.
ഡൽഹിയിലെ ആദ്യത്തെ കുറച്ച് മാസങ്ങൾ വളരെ കഷ്ടപ്പായിരുന്നു. അറിയാത്ത ഭാഷ, ഭക്ഷണം, സംസ്കാരം ഇവയൊക്കെ ഒത്തു പോകാൻ ചില പ്രശനങ്ങൾ ആയിരുന്നു നിഹാരികയുടെ കത്തുകളും കവിതകളും ശരിക്കും ഒരു കുളിർ മഴയായിരുന്നു ആ കാലത്ത്.
മാസങ്ങൾക്ക് ശേഷം കത്തുകൾ മാറി STD കോളിലേക്ക് മാറി കുറെ നേരം PCO കളിൽ കുത്തിയിരിക്കണം, ഫോൺ ഒന്ന് കിട്ടാൻ തന്നെ
ആയിടയ്ക്കാണ് നിഹാരികക്ക് SBT -യിൽ ജോലി കിട്ടിയതും കല്യാണം ശരിയായതും. ഞങ്ങൾ ക്യാമ്പസിൽ പഠിച്ചിരുന്ന സമയത്ത് M.com മിനു പഠിച്ചിരുന്ന അർഷാദ് ആണ് വരൻ. കുവൈറ്റിൽ ഓയിൽ കമ്പിനിയിൽ അക്കൗണ്ടന്റ് ആണദ്ദേഹം.
കല്യാണ ദിവസം തന്നെയായിരുന്നു എന്റെ അവസാന വർഷ പരീക്ഷയും.
അന്നു വൈകീട്ട് ഞാൻ നിഹാരികയുടെ വീട്ടിൽ വിളിച്ചു. ഉപ്പച്ചിയായിരുന്നു ഫോൺ എടുത്തത്. നിഹാരിക ഒരു വർഷത്തേക്ക് ബാങ്കിൽ നിന്ന് ലീവെടുത്തു. അടുത്താഴ്ച അവർ കുവൈറ്റിൽ പോകും. നീ വരാത്തതിൽ അവൾക്ക് വലിയ വിഷമം ഉണ്ട്. പിന്നെ ഞാൻ VRS എടുത്തു. കുറച്ച് കാലം നാട്ടിലെ ബന്ധുക്കളുടെ കൂടെ കഴിയട്ടെ . നാട്ടിൽ വരുമ്പോൾ നീ അങ്ങോട്ട് വരണേ. ഒത്തിരി കാര്യങ്ങൾ സംസാരിച്ച ശേഷമാണ് അന്ന് വാപ്പച്ചി ഫോൺ വെച്ചത്.
റിസൽട്ട് വരുന്നതിനു മുമ്പേ എനിക്ക് ക്യാമ്പസ് ഇന്റർവ്യൂയിലൂടെ ലിററാക്ക ഫാർമസ്യൂട്ടിക്കൽസ് എന്ന മൾട്ടി നാഷണൽ കമ്പിനിയിൽ കെമിസ്റ്റ് ആയി ജോലിയും കിട്ടിയിരുന്നു
ഞാൻ പുതിയ താമസസ്ഥലത്തേക്ക് മാറി. നിഹാരികയുടെ കത്തുകളോ ഫോൺ വിളികളോ തീരെ ഇല്ലാതായി. എങ്കിലും മനസ്സിൽ നിഹാരികയും അവളുടെ കവിതകളും നിറദീപമായി കത്തിയിരുന്നു.
പുതിയ ജോലിയും പുതിയ കൂട്ടുകാരും ഒറ്റയ്ക്കുള്ള താമസവും എന്നെ ചെറുതായി ഒന്ന് മാറ്റിയെടുത്തു. ഡൽഹി നഗരത്തിലെ തിരക്കും, കാഹളങ്ങളും ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങി.
വൈകുന്നേരത്തെ സവാരിയിൽ ആയിരുന്നു ഇൻഡ്യ ഗേറ്റിനു സമീപത്ത് വെച്ച് അവിചാരിതമായി അഞ്ജനയെയും കൂട്ടുകാരിയെയും പരിചയപ്പെട്ടത്
അജ്ഞന LIC യിൽ അസിസ്റ്റന്റ് മാനേജർ ആണ്. അച്ഛനും അമ്മയും ചെന്നൈയിൽ സ്ഥിരതാമസമാക്കിയവരാണ്.
അതിനുശേഷം സായാഹ്ന സവാരിക്ക് പുതിയ അർത്ഥമാനങ്ങൾ കൈവരിച്ചു. ദിവസേനയുള്ള കടാക്ഷവും നറു മന്ദസ്മിതവും ഇടയ്ക്ക് മുറിഞ്ഞു വീഴുന്ന പ്രണയാക്ഷരങ്ങളും ഞങ്ങളെ പരസ്പരം അടുപ്പിച്ചു.
ജന്മദിനത്തിൽ മനസ്സിൽ പതിഞ്ഞു പോയ അവളുടെ ചിത്രം ക്യാൻവാസിൽ പകർത്തി ചുവന്ന റോസാപ്പൂവിനോടെ സമ്മാനമായി കൊടുത്തത് അജ്ഞനയുടെ പാതി തുറന്ന ഹൃദയ കവാടങ്ങൾ മുഴുവൻ എനിക്കായ് തുറന്നു തരികയായിരുന്നു. ഹൃദയത്തിന്റെ അകത്താളുകളിൽ നമ്മൾ പോലും അറിയാതെ ആരോ വരച്ചു വെക്കുന്ന വയലറ്റ് വർണ്ണങ്ങളുള്ള പൂക്കൾ ആണോ പ്രണയം
ഹൃദയതുടിപ്പുകൾ പരസ്പരം അറിഞ്ഞ് ഞങ്ങൾ ഡൽഹി പട്ടണം മുഴുവൻ ഇണക്കുരുവികളായി പാറി നടന്നു ബന്ധുകൾ പിടിച്ച് താലി കെട്ടിക്കുന്നതുവരെ.
അജ്ഞന ഹൃദയത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നു എനിക്ക്. അജ്ഞനയെ വേദനിപ്പിക്കന്നതൊന്നും എന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല തിരിച്ചും.
***********”
അന്ന് തിരക്ക് പിടിച്ചുള്ള ഒരു ദിവസമായിരുന്നു. മകൻ അഭിനവിന്റെ അഞ്ചാം പിറന്നാളായിരുന്നു. കൂടാതെ എട്ടുമാസം ഗർഭിണിയായ അജ്ഞനെയെ പ്രസവത്തിനായ് ചെന്നൈയിൽ കൂട്ടികൊണ്ടുപോകാൻ അവളുടെ അച്ഛനും അമ്മയും നാളെ വരും. അതിനിടയിൽ ഒത്തിരി കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്. കമ്പിനിയിൽ നിന്ന് ഹാഫ് ഡേ ലീവെടുത്ത് നേരെത്തെ ഇറങ്ങി. കേക്കും ഗിഫ്റ്റുനും മൊക്കെ ഓർഡർ കൊടുത്ത് ഞാൻ ബാങ്കിലേക്ക് പോയി. നാട്ടിൽ പോകുമ്പോൾ ധരിക്കാൻ അജ്ഞലിയുടെ കുറച്ച് ആഭരണങ്ങൾ ലോക്കറിൽ നിന്ന് എടുക്കണം.
ലോക്കറിന്റെ താക്കോലുമായി കാഷ്യറുടെ കൂടെ മാനേജറുടെ റൂംമിലേക്ക് നടന്നു. മാനേജർ കംമ്പ്യൂട്ടറിൽ തിരിഞ്ഞിരുന്ന് എന്തോ ചെയ്യുകയായിരുന്നു. “മാഡം” ക്യാഷറുടെ വിളികേട്ട് തിരിഞ്ഞിരുന്ന മാനേജർ എന്നെ കണ്ടതും ആശ്ചര്യത്തോടെ “ദീപക്
നീ ….. ”
ഞാനാ നക്ഷത്രക്കണ്ണുകളെ വേഗം തിരിച്ചറിഞ്ഞു. ‘നിഹാരിക’
തലയിൽ തട്ടം ഒക്കെയിട്ട ഒരിയിരുത്തും വന്ന മുസ്ലീം സ്ത്രീയായി മാറിയിരിക്കുന്നു. മുഖത്തെ മാംസളതയൊക്കെ ശോഷിച്ചു പോയെങ്കിലും കണ്ണിലെ നക്ഷത്ര തിളക്കം കെട്ടുപോയിരുന്നില്ല.
അല്പനിമിഷം ഞങ്ങൾ പരസ്പരം നോക്കി നിന്നു ഒന്നും സംസാരിക്കാനാവുന്നില്ല ഒത്തിരി ചോദ്യങ്ങൾ ഒരുമിച്ച് മനസ്സിൽ വന്നെങ്കിലും ഒന്നും പുറത്ത് വന്നില്ല.
നിഹാരിക പറഞ്ഞു” ഞാൻ ഇവിടെ ജോയിൻ ചെയ്തിട്ട് ഒരാഴ്ചയായി കാണും പ്രമോഷൻ ട്രാൻഫർ ആണ്. മൂന്ന് വർഷം കേരളത്തിന് പുറത്ത് ജോലി ചെയ്യണം
നീ എവിടെയാ താമസിക്കുന്നത്”
ഞാൻ ഇൻഡ്യാ ഗേറ്റിനു സമീപം വസന്ത് വിഹാർ ഫ്ലാറ്റ് സമുച്ചയത്തിൽ എ ബ്ലോക്കിൽ ആണ്”
നിഹാരിക അതു കേട്ട് അതിശയപ്പെടു ചോദിച്ചു
ഞാനും അവിടെ തന്നെയാ ഡി ബ്ലോക്കിൽ
ഇവിടെ എത്തിയിട്ട് നിന്റെ പഴയ നമ്പറിലും വീട്ട് അഡ്രസ്സിലുമൊക്കെ ഞാൻ അന്വേഷിച്ചിരുന്നു. പക്ഷേ നിന്നെ എവിടെയെങ്കിലും വെച്ച് കാണും എന്നുറപ്പ് എനിക്ക് ഉണ്ടായിരുന്നു”
അപ്പോഴേക്കും നിഹാരികയെ കാണാൻ ആരോ വന്നിരുന്നു.
ഞാൻ അവളോട് പറഞ്ഞു
“നീഹാരിക വീട്ടിൽവരോ നമുക്ക് അവിടെ വെച്ച് സംസാരിക്കാം എ ബ്ലോക്കിൽ അഞ്ചാം നിലയിൽ ഫ്ലാറ്റ് നമ്പർ 327”
“ഞാൻ വരാം” അവൾ പറഞ്ഞു ഞാൻ ലോക്കറിൽ നിന്ന് ആഭരണങ്ങൾ തടുത്ത് വൈകീട്ട് കാണാം എന്ന് പറഞ്ഞ് ബാങ്കിൽ നിന്നിറങ്ങി
വർഷങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ട വിലപ്പെട്ടതെന്തോ തിരിച്ചു കിട്ടിയ
സന്തോഷം. വികാരതള്ളലിൽ എന്റെ ഹൃദയമിടിപ്പ് കൂടിയത് പോലെ തോന്നി.
***************
എല്ലാ സാധനങ്ങളും വാങ്ങിച്ച് വീട്ടിൽ എത്തുമ്പോഴേക്കും പ്രതീക്ഷിച്ചതിൽ നിന്നും നല്ലോണം വൈകിയിരുന്നു. ഫ്ലാറ്റിൽ എത്തിയപ്പോൾ അവർ ഒരുക്കങ്ങളെല്ലാം ചെയ്ത് എനിക്കു വേണ്ടി കാത്തിരിക്കയായിരുന്നു.
വേഗം കുളിച്ച് റെഡിയായി വന്നു
“അച്ഛാ കേക്ക് മുറിക്കട്ടെ” മോൻ കേക്കിനു മുന്നിൽ റെഡിയായ് നിന്നു കൊണ്ട് ചോദിച്ചു.
“മോനെ നമുക്കിന്ന് ഒരതിഥി ഉണ്ട് ഒരു നിമിഷം കാത്തു നിൽക്ക് ” ഞാൻ മോനെ ആശ്വസിപ്പിച്ചു.
“ദീപക്കല്ലേ പറഞ്ഞത് പുറമേ നിന്ന് ആരെയും വിളിക്കേണ്ടെന്ന്. എന്നിട്ട് പിന്നെയാരെയാ ക്ഷണിച്ചത്” അജ്ഞന ചോദിച്ചു.
“ഓ….അതിന് ഇത് പുറമേ നിന്നുള്ള ആളൊന്നുമല്ല നമ്മുടെ സ്വന്തം ആളാ”
പറഞ്ഞു തീരുമ്പോഴേക്കും നിഹാരിക വാതിൽക്കൽ എത്തിയിരുന്നു.
വാ പരിചയപ്പെടൽ ഒക്കെ പിന്നെ ആദ്യം കേക്ക് മുറിക്കാം…. മോൻ കുറേ നേരമായി കാത്തിരിക്കുന്നു
കേക്ക് മുറിക്കലും ആശംസകളും മെല്ലാം കഴിഞ്ഞതിനു ശേഷം നിഹാരിക മോന് ഉമ്മ കൊടുത്ത് പറഞ്ഞു
“ആന്റി ഗിഫ്റ്റ് ഒന്നും വാങ്ങിയിട്ടില്ല നാളെ കൊണ്ടു വരാം”
ഞാൻ അജ്ഞനക്ക് അല്പം പൊടിപ്പും തൊങ്ങലും വെച്ച് നിഹാരികയെ പരിചയപ്പെടുത്തി. അജ്ഞനയെ നിഹാരികയ്ക്കും
ഒത്തിരി കാര്യങ്ങൾ പങ്ക് വെക്കാനുണ്ട്. നേരെത്തോടെ പറയാം എന്ന് പറഞ്ഞ് ഞങ്ങൾ അന്ന് പിരിഞ്ഞു.
പിറ്റേ ദിവസം അജ്ഞനയുടെ അച്ഛനും അമ്മയും ചെന്നൈയിൽ നിന്നെത്തി.
പിന്നെ രണ്ട് വലിയ തിരക്കായിരുന്നു ഷോപ്പിങ്ങും പാക്കിങ്ങ് ഒക്കെയായിരുന്നു. അതിനിടയിൽ നിഹാരികയെ ഒന്നുരണ്ടു പ്രാവിശ്യം ഫോൺ ചെയ്തതല്ലാതെ നേരിട്ട് കണ്ടിരുന്നില്ല.
രാവിലെത്തെ ഫ്ലൈയ്റ്റിൽ അവർ ചെന്നൈയിൽ പോയി.
അന്ന് ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോഴേക്കും നിഹാരികയുടെ ഫോൺ വന്നു.
“നീ ഇങ്ങോട്ട് വരില്ലേ ഞാൻ ഫുഡ് വെച്ചിട്ടുണ്ട് ബി ബ്ലോക്കിൽ മൂന്നാം നിലയിൽ ഫ്ലാറ്റ് നമ്പർ 215.”
കുളി കഴിഞ്ഞ് ഫ്ലാറ്റിൽ എത്തുമ്പോഴേക്കും നിഹാരിക എന്നെയും കാത്ത് ഡൈനിങ്ങ് ടേബിളിൽ ഭക്ഷണം വിളമ്പി കാത്തിരിക്കുന്നുണ്ടായിരുന്നു.
ഞാൻ ഇപ്പോഴാണ് നിഹാരികയെ ശരിക്കുമൊന്ന് കാണുന്നത്. നക്ഷത്രകണ്ണുകൾ ഒഴികെ ബാക്കി രൂപത്തിലും ഭാവത്തിലും അടി മുടി മാറ്റം’ തടി വെച്ച് തട്ടത്തിൽ പൊതിഞ്ഞ നിർജ്ജീവമായ നിഹാരിക.
നിനക്കെന്ത് പറ്റി? എന്റെ ചോദ്യത്തിന് ഉത്തരം പറയാതെ അവൾ വിളറിയ ഒരു ചിരി ചിരിച്ചു.
കിലുക്കാ മണി പോലെ പൊട്ടിച്ചിരിക്കുന്ന നിഹാരികയാണോ ഇത്?
ഭക്ഷണം കഴിച്ച് ഞാൻ പറഞ്ഞു
“ഓ നിനക്ക് ഉമ്മാന്റെ വേറെ ഒരു ഗുണവും കിട്ടിയില്ലെങ്കിലും ഉമ്മച്ചിയുടെ കൈപുണ്യം കിട്ടിയിട്ടുണ്ട്’
“പോടാ നീ ഇരിക്ക് ഞാർ വരാം”
സെറ്റിയിലിരുന്ന് മാഗസിൻ മറിച്ചിടുമ്പോഴേക്കും അവൾ എത്തി.
ബാപ്പയും ഉമ്മയും കോഴിക്കോട് തന്നെയാണോ ? ഞാൻ പതുക്കെ ചോദിച്ചു.
“ബാപ്പ മരിച്ചിട്ട് മൂന്ന് വർഷമായി ഹൃദയാഘാതം ആയിരുന്നു അത് കഴിഞ്ഞ് ഒരു ആറു മാസം കഴിഞ്ഞ് ഉമ്മയും പോയി എന്നെ അനാഥയാക്കിയിട്ട്” നിർവ്വികാരതയോടെ അവൾ പറഞ്ഞു. മരണത്തിന്റെ ഘടികാര സൂചി ഒരിക്കലും മുന്നോട്ടോ പിന്നോട്ടോ ചലിക്കാറില്ല ആരോ ട്യൂൺ ചെയ്ത പോലെ കൃത്യത പാലിച്ച് ചലിച്ചു കൊണ്ടേയിരിക്കുന്നു
കഴിഞ്ഞതിന്റെ ബാക്കി ഭാഗം വീണ്ടും ചൂഴ്ന്ന് അവളെ വിഷമിപ്പിക്കാൻ ഞാൻ നിന്നില്ല. വിഷയം തിരിച്ചുവിട്ടു.
“നീ ഒറ്റയ്ക്ക് എന്തിനാ ഫ്ലാറ്റ് എടുത്തത് ബാങ്കിന്റെ ഹോസ്റ്റലിൽ താമസിച്ചുകൂടെ?”
“കുറച്ച് ദിവസം ഹോസ്റ്റലിൽ തന്നെയായിരുന്നു.
അർഷാദ് ഈ മാസം വരുന്നുണ്ട്. അതാ ഫ്ലാറ്റ് എടുത്തത് ഏത് ദിവസം വരും എന്നൊന്നും പറയില്ല. ഒരു സർപ്രൈസ് വിസിറ്റ് ആണ് ഇക്കയുടേത്”
നിന്റെ കുട്ടികളൊക്കെ എവിടെയാ? എന്ന ചോദ്യം നാവിന്റെ തുമ്പിൽ വന്നതാ എന്തോ പിന്നെ വേണ്ട എന്ന് മനസ്സിൽ ആരോ പറയുന്നത് പോലെ തോന്നി.
പിന്നീടുള്ള ദിവസങ്ങളിൽ രാത്രി ഭക്ഷണം നിഹാരികയുടെ വീട്ടിൽ ആയിരുന്നു. ഞങ്ങൾ പഴയ കാല ഓർമ്മകൾ ഒത്തരി അയവിറക്കി. നഷ്ട്ടപ്പെട്ടുപോയ നല്ല കാലത്തെ കുറിച്ച് പരിതപിച്ചു. എങ്കിലും നിഹാരികയുടെ മുഖത്ത് സങ്കട കടലിന്റെ അലകൾ അവളറിയാതെ ആഞ്ഞടിക്കുന്നത് എനിക്ക് അനുഭവപ്പെട്ടു.
ഒടുവിൽ അന്ന് ഞാൻ അവളോട് ചോദിച്ചു നിന്റെ കുട്ടികൾ എവിടെ?
അവളുടെ മുഖം കുനിഞ്ഞു. തിളക്കം നഷ്ടപ്പെടാത്ത നക്ഷത്ര കണ്ണുകളിൽ നിന്ന് നീർമണിയിറ്റി ” നീ എന്താ ചോദിക്കാത്തത് എന്ന് ആലോചിക്കുകയാരുന്നു ഞാൻ ഇതുവരെ.
കുറെ ചികിത്സ കഴിഞ്ഞതാണ്. ഫലം കണ്ടില്ല. എന്റെ ഗർഭപാത്രത്തിന് ഭ്രൂണ വളർച്ച താങ്ങാനുള്ള കരുത്ത് ഇല്ല എന്നാണ് ഡോക്ടർമാരുടെ നിഗമനം. അതുകൊണ് വേറൊരു ചിക്തസാ രീതിയും ഫലവത്തു മല്ല”
അവൾ പൊട്ടിക്കരഞ്ഞു.ലോകത്തിൽ വെച്ച് ഏറ്റവും മാധുര്യമേറിയ അനുഭവവും സാഫല്യവുമാണ് അമൃതമായ മാതൃത്വം എന്ന് പലവുരി തന്റെ കവിതകളിൽ കുറിച്ചിട്ട അവൾക്ക്
അത് താങ്ങാനാവില്ല എന്നറിയാവുന്ന ഞാൻ
എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ പകച്ചു നിന്നു.
“ഞാൻ ഇക്കയെ വേറെ കല്യാണം കഴിക്കാൻ ഒത്തിരി നിർബന്ധിച്ചതാണ്. പക്ഷേ എന്തോ പ്രതികാരം ചെയ്യുന്നത് പോലെ വഴങ്ങുന്നില്ല
ദന്തെടുക്കാനും സമ്മതിക്കുന്നില്ല.” അവൾ പറഞ്ഞു
പ്രതികാരമോ എന്തിന്? ഞാൻ ചോദിച്ചു.
” നീ വിചാരിക്കുന്നത് പോലെയൊന്നുമല്ല കാര്യങ്ങൾ.
ഇക്ക എന്റെ കാര്യത്തിൽ വല്യ പോസസ്സിവ് ആണ്. ഞാൻ ജോലിക്ക് പോകരുത് ആരോടും സംസാരിക്കരുത്. കവിത എഴുതരുത്. അങ്ങിനെ വിലങ്ങുകൾ ധാരാളം. പക്ഷേ വലിയ സ്നേഹവുമാണ്.
സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന പ്രധാന വില്ലൻ നീയാണ്. അന്നു നമ്മുടെ കോളേജ് ദിനങ്ങൾ പറഞ്ഞ് എന്നെ എപ്പോഴും വേദനിപ്പിക്കാറുണ്ടായിരുന്നു.
അത് കൊണ്ടാണ് ഞാൻ പിന്നെ നിന്നെ കോൺടാക്റ്റ് ചെയ്യാൻ മുതിരാതിരുന്നത്. സംശയത്തിന്റെ വളക്കൂറുള്ള മണ്ണിൽ ഏത് വിത്തും വേഗം മുളപൊട്ടുമല്ലോ.
ചിലപ്പോ തോന്നും വാപ്പച്ചിയുടെയും ഉമ്മച്ചിയുടെ അരികിലേക്ക് പോയാലോ അവരോടൊപ്പം ജീവിച്ച് കൊതി മാറിയിട്ടില്ല”
മരണത്തെ ഒരു കാമുകനെ പോലെ കൊണ്ട് നടക്കുന്ന അവളുടെ വാക്കുകൾ കേട്ട് ഞെട്ടലോടെ പറഞ്ഞു
” നീ എന്ത് വിഡ്ഡിത്തമാണ് പറയുന്നത്?
എല്ലാറ്റിനും വഴിയില്ലേ
അർഷാദിനോട് ഞാൻ സംസാരിക്കാം” ഞാൻ പറഞ്ഞു.
“വേണ്ട വേണ്ട…… ഞാൻ അറിയാതെ പറഞ്ഞു പോയതാ. കുറെ വർഷങ്ങൾക്ക് ശേഷം ഞാനിപ്പോഴ മന:സമാധനം എന്തെന്ന് അറിഞ്ഞത്”
അവളെ കുറച്ചു കൂടെ സമാധനിപ്പിച്ച് ഞാൻ അവിടുന്ന് ഇറങ്ങി. തിരിഞ്ഞു നോക്കമ്പോഴാണ് ഒരാൾ അവളുടെ ഫ്ലാറ്റിലേക്ക് കടന്ന് പോയത് പോലെ തോന്നിയത്. ഞാൻ വീണ്ടും തിരിച്ച് അവളുടെ ഫ്ലാറ്റിൽ എത്തിയെങ്കിലും തോന്നലായിരിക്കും എന്ന് കരുതി തിരിച്ച് മടങ്ങി.
പിറ്റേ ദിവസം നിഹാരികയുടെ ഫോൺ വന്നു
“ഇന്നലെ ഇക്ക വന്നു പഴയ പല്ലവി തന്നെ. ഞാൻ ബാങ്കിൽ ലീവ് കൊടുത്തു. ഇന്ന് നാട്ടിൽ പോവും ഫ്ലൈയിറ്റ് ടിക്കറ്റ് ഓക്കെ ആക്കിയിട്ടുണ്ട് ഞാൻ സമയം നോക്കി നിന്നെ വിളിക്കാം അഞ്ജനയോട് അന്വേഷണം പറയണേ അല്ലെങ്കിൽ വേണ്ട ഞാൻ നേരിട്ട് വിളിക്കുന്നുണ്ട്”
ഫോൺ വെച്ചപ്പോൾ എന്തോരു ഭീതി മനസ്സിൽ കുടങ്ങിയതു പോലെ
രണ്ടാഴ്ച കഴിഞ്ഞുകാണും ഒരു ദിവസം രാവിലെ ഫോൺ എടുത്തപ്പോൾ നിഹാരികയുടെ മെസേജ് ഫോണിൽ.
എനിക്ക് ഇന്ന് ഒരു കവിത എഴുതണം എന്ന് തോന്നി അത് നീ മാത്രം വായിച്ചാൽ മതി ഒരു രേഖചിത്രവും വരച്ച് വെക്കണം
നിന്റെ ഹൃദയത്തിൽ.
“സ്നേഹദ്രവം വറ്റിപോയ കണ്ണുകളിൽ
ചുടുരക്തം നിഴലിച്ചിരുന്നു
ഹൃദയഭിത്തിയിൽ കൊത്തിയിട്ട
രേഖാചിത്രങ്ങൾ മാഞ്ഞുപോയി
ഗർഭപാത്രം ആളനക്കമില്ലാതെ
മാറാല പിടിച്ചന്യമായി
അമ്മതൻ ഗർഭഗേഹം തിരിച്ചു വിളിക്കുന്നു
ശുദ്ധിചെയ്ത് പുനർജനിക്കായ്”
നിഹാരികളുടെ ധാരാളം കവിതകൾക്ക് രേഖാ ചിത്രം വരച്ചിരിക്കുന്ന ഞാൻ ,അവളുടെ കവിതയുടെ അർത്ഥതലം മനസ്സിലാകാതെ പകച്ചു നിൽക്കുമ്പോഴാണ് അപരിചതമായ നമ്പറിൽ നിന്ന് ഒരു ഫോൺ കാൾ വന്നത് .
“ഹലോ ദീപക്ക് ആണോ .
ഇത് കോഴിക്കോട് നിന്നാണ് നിഹാരിക ഇന്ന് മരിച്ചു. ആത്മഹത്യയായിരുന്നു. അർഷാദിക്ക പറയാൻ പറഞ്ഞതാണ്.”
ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ നിന്ന ഞാൻ അടുത്ത ഫോൺ ബെല്ലിൽ ഞെട്ടി
അജ്ഞനയുടെ അച്ഛനാ
” അവൾ പ്രസവിച്ചു. പെൺകുട്ടിയാ ഇന്ന് രാവിലെ പെട്ടന്ന് ഒരു വേദന വന്ന് കൊണ്ടുവന്നതാ അരമണിക്കൂർ ആയി കാണും”
സന്തോഷമോ സന്താപമോ പ്രകടിപ്പിക്കേണ്ടത് എന്നറിയാതെ ഞാൻ ഒന്നു മൂളി.
നിഹാരികയുടെ ഫോൺ സ്വിച് ഓഫ് ആയിരുന്നു. കോൾ വന്ന നമ്പറിൽ തിരിച്ച് വിളിച്ചെങ്കിലും ആരും എടുക്കുന്നില്ല
അസ്വസ്ഥമായ മനസ്സ് ജീവതത്തിൽ വന്നു ചേർന്ന സന്തോഷ മുഹൂർത്തത്തെ ഉൾക്കൊള്ളാൻ പറ്റാതെ തേങ്ങികരയുകയായിരുന്നു.
ജീവിതത്തിന്റെ ദുർബല സന്ധിയിലോ ആത്മസംഘർഷ വേളയിലോ മായാജാലക്കാരന്റെ കപട കൈത്താങ്ങായ് കബളിപ്പിക്കുന്ന ആത്മഹത്യയെ ആത്മരോഷത്തിന്റെ കനലുകളിൽ എരിയിച്ചു
ഒരാഴ്ച കഴിഞ്ഞുകാണും ലീവ് ശരിയാക്കി ചെന്നൈ യിലേക്ക് കുഞ്ഞിനെ കാണാൻ വീട്ടിൽ നിന്ന് ഇറങ്ങുമ്പോഴായിരുന്നു അഞജനയുടെ ഫോൺ വന്നത്.
“കുഞ്ഞിനെ കാണാൻ നിങ്ങൾ ഇനി ഇങ്ങോട്ട് വരണമെന്നില്ല ”
“നീ എന്താ പറയുന്നത്?
ഞാൻ അല്പം തിരിക്കിലായിരുന്നു നിനക്ക് അറിയാലോ ഇവിടുത്തെ തിരക്ക് . പിന്നെ നേരെത്തെ ലീവ് സാങ്ഷൻ ആയത് അടുത്താഴ്ച മുതൽ അല്ലേ”
“അത് ഒന്നുമല്ല നിങ്ങളെ ഇനി ഞങ്ങൾക്ക് കാണേണ്ട എല്ലാം ഞാനറിഞ്ഞു”
“എന്തറിഞ്ഞെന്നാ നീ പറയുന്നെ”
ഞാൻ അല്പം ഗൗരവത്തിൽ ചോദിച്ചു.
“നിങ്ങളുടെ കാമുകിയുമായുള്ള ര രഹസ്യബന്ധവും വാസവും…. ഇനി ഇങ്ങോട്ട് വരേണ്ട… ”
ഫോൺ കട്ട് ചെയ്തു. പിന്നെ എത്ര വിളിച്ചിട്ടും ഫോൺ എടുത്തില്ല.
അവളെ പറഞ്ഞ് മനസ്സിലാക്കാം തെറ്റിദ്ധാരണ മാറ്റിയെടുക്കാം അവൾ എന്റേതല്ലേ എന്നുറുപ്പോടെ തന്നെ ഞാൻ യാത്ര മുടക്കിയില്ല.
അവളുടെ വീട്ടിൽ എത്തിയെങ്കിലും അവൾ എന്നെ കാണാൻ കൂട്ടാക്കിയില്ല. ഒത്തിരി ശ്രമിച്ചെങ്കിലും കുഞ്ഞിനെ പോലും കാണിച്ചു തന്നില്ല
ഒടുവിൽ അവളുടെ അച്ഛൻ വന്നു പറഞ്ഞു ദീപക്ക് ഇപ്പോ പോയിക്കോ അവള് വളരെ വിഷമത്തിൽ ആണ് ”
എന്ത് പറയണമെന്ന് എനിക്കറിയില്ലായിരുന്നു. എങ്കിലും അവളുടെ തെററിദ്ധാരണ മാറ്റാൻ പറ്റും എന്ന ഉറച്ച വിശ്വാസത്തിൽ തന്നെയായിരുന്നു ഡൽഹിയിലേക്ക് മടങ്ങിയത്.
എന്നാൽ അജ്ഞന തികച്ചും തന്നെ വെറുത്തു പോയിരുന്നു അവളുടെ മനസ്സിൻ ആരോ എന്തോ വിഷം കുത്തിവെച്ച പോലെയായിരുന്നു സംസാരം
പിന്നെ എന്റെ ഫോൺ എടുക്കാതായി.
ഒരു ദിവസം വഴിയിൽ വെച്ച് കണ്ട അവളുടെ ഓഫീസിലെ സഹപ്രവർത്തകൻ പറഞ്ഞു അഞ്ജന ചെന്നൈയിൽ ട്രാൻഫറിനുവേണ്ടി അപേക്ഷാചി ച്ചിട്ടുണ്ട്. നിങ്ങൾ താമസം അങ്ങോട്ട് മാറ്റുകയാണോ?”
മനസ്സ് ചില്ല് കൊട്ടാരം പോലെ തകരുകയായിരുന്നു. തകർന്ന മനസ്സിന്റെ ചില്ലുകള അടുപ്പിച്ച് ഉറങ്ങാൻ ഞാൻ ബുദ്ധിമുട്ടി. ചില്ലു ഗ്ലാസിൽ ഓർമ്മകളെയും കാലത്തെയും അലിയിക്കുന്ന ചഷുക സുന്ദരിക്ക് ബോധം പണയം വെച്ച് അവളുടെ മാസ്മരിക ഇന്ദ്രജാലത്തിൽ ജീവിതം തന്നെ തീരെഴുതി തുടങ്ങി………
പിന്നീട് ഒരു ദിവസം പോസ്റ്റ്മാൻ ഡൈവേർസ് നോട്ടീസ് കൈമാറി. .പ്രിയപ്പെട്ടവൾ ഒറ്റപ്പെടുത്തിയതിന്റെ വേദനയിൽ ഹൃദയം നുറുങ്ങി. പിന്നീട് നടന്ന നുറുങ്ങിപ്പോയ ഹൃദയവും മനശ്ശക്തിയും തമ്മിലുള്ള യുദ്ധത്തിൽ തോറ്റ ഞാൻ ഭീരുവിനെ പോലെ ജീവിതത്തിൽ നിന്ന് ഒളിച്ചോടി. ഓർമ്മകളെ ഉറക്കി കിടത്താൻ രാത്രിയും പകലും ചില്ലു ഗ്ലാസിലെ ചഷുക സുന്ദരിയെ തേടി ഞാൻ പോയി.. പുത്തൻ കൂട്ടുകെട്ട് ശീലത്തെ ശക്തമാക്കി.
സ്ഥിരമായി ജോലിക്ക് ഹാജരാകാതെ വന്നപ്പോൾ കമ്പിനി സസ്പെൻഡ് ചെയ്തു.
അതൊന്നും എന്നെ തീരെ ബാധിച്ചിരുന്നില്ല. ഞാൻ സ്വയം നശിക്കാൻ തീരുമാനിച്ചതായിരുന്നു. ആരോടോ പ്രതികാരം ചെയ്യുന്നത് പോലെ
കൈയിലെ കാശുമായി ഡൽഹിയോട് വിട പറഞ്ഞു. പലസ്ഥലത്തും അലഞ്ഞു. കൈയിലെ പണം തീർന്നപ്പോൾ അത്മീയ ലോകത്ത് കുടിയേറി. അത്മീയതയ്ക്ക് പണം ഒരവിശ്യ ഘടകമാണെന്ന് മനസ്സിലായതോടെ ആത്മീയ ചൈതന്യം തേടി തെരുവിലേക്കിറങ്ങി.
നാഗസന്യാസിമാരോടും പേരും നാടും മറന്ന് അത്മീയചേതന അന്വേഷിച്ചു നടക്കുന്ന സന്യാസ മാരൊടൊപ്പവും കൂടി ചരസ്സും കഞ്ചാവും മദ്യവും ജീവതത്തിന്റെ അവിഭാജ്യ ഘടകമായ് മാറി.
അതും മടുത്തപ്പോൾ യാത്ര ഒറ്റയ്ക്കായി. കഞ്ചാവിനും ഭക്ഷണത്തിനും പണം ആവിശ്യമായപ്പോൾ തെരുവോരത്തും ബസ്സ് സ്റ്റാൻഡ്കളിലും ചിത്രം വര തുടങ്ങി.
ഏതോരു ദിവസം തീവണ്ടിയിൽ യാത്ര ചെയ്യുമ്പോൾ കഞ്ചാവിന്റെ ലഹരിയിൽ മയങ്ങി ഉണർന്നപ്പോൾ കണ്ടത് ഷൊർണ്ണൂർ സ്റ്റേഷൻ ആയിരുന്നു. കുറച്ച് ദിവസം അവിടെ ബസ്സ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും ഒക്കെയായി കഴിഞ്ഞു. കൈയിലെ കഞ്ചാവ് തീർന്നപ്പോഴാണ് അത് ഇവിടെ സുലഭമായി കിട്ടുമെന്നറിഞ്ഞ് ഇങ്ങോട്ട് വന്നത്.
“എന്നിട്ട് നിനക്ക് കിട്ടിയോ? ശ്രീനിത്ത് ചോദിച്ചു.
ഒരു ചിരി മാത്രമായി അവന്റെ ഉത്തരം.
അവൻ പതുക്കെ മേശയിൽ തല വെയ്ച്ച് കിടന്ന് എന്തൊക്കെയോ പുലമ്പി കണ്ണിമ ചിമ്മി. ലഹരി നൽകിയ മയക്കം ബോധത്തിനുമീതെ ഒരു പുതപ്പുകണക്കെ വീണു.
“ശ്രീനിത്തെ ഇനി എന്താ പ്ലാൻ? അവന്റെ സിസ്റ്ററെ ലൊക്കേറ്റു ചെയ്തോ?” ഞാൻ അല്പം ആശങ്കയോടെ ചോദിച്ചു
അപ്പോഴേക്കും ദീപക്കിന്റെ സിസ്റ്ററെ ലൊക്കേറ്റ് ചെയ്തിട്ടുണ്ടെന്നും അവർ നാളെ രാവിലെ കരിപ്പൂരിൽ എത്തു മെന്നും സ്റ്റേഷനിൽ നിന്നും ഫോൺ വന്നു
ഞങ്ങൾ അവന്റെ സഹോദരിയോട് ഫോണിൽ കാര്യങ്ങളെല്ലാം വിശദമായി സംസാരിച്ചു. ചില തീരുമാനങ്ങൾ എടുത്തു.
പിറ്റേ ദിവസം രാവിലെ ഞങ്ങളുടെ സുഹൃത്തും ക്ലാസ് മേറ്റുമായ ഡോ വിവേകിന്റെ ഡി അഡിക്ഷൻ സെന്ററിൽ അവനെ കൊണ്ടുപോയി. ഒരു മാസത്തെ ചികിത്സക്കായ് അവിടെ അഡ്മിറ്റ് ചെയ്തു.
പിറ്റേ ദിവസം ദീപക്കിന്റെ സഹോദരി ഡോക്ടറെ കണ്ട് കാര്യങ്ങൾ വിശദമായി ഒന്നുകൂടെ സംസാരിച്ച് ഡോക്ടറുടെ ഉപദേശ പ്രകാരം ദീപക്കിനെ കാണാതെ തിരിച്ച് പോയി.
**************
അന്നു അതിരാവിലെ ഞങ്ങൾ ഡിഅഡിക്ഷൻ സെന്ററിൽ എത്തുമ്പോൾ സുന്ദരനായ സൗമന്യനും കഥ പറയുന്ന കണ്ണുകളിൽ പറയാത്ത ഒത്തിരി കഥയൊളിപ്പിച്ച് പൂ പുഞ്ചിരിയുമായി ഡോകടറുടെ കൂടെ ക്ലിനിക്കിന്റെ വരാന്തയിൽ അവൻ നില്പുണ്ടായിരുന്നു….
ശ്രീനിത്തിനെയും എന്നെയും കെട്ടിപിടിച്ച് ചുവന്ന കവിൾത്തടവും കണ്ണീരണിഞ്ഞ കണ്ണുകളും എന്തോ പുതുജീവതത്തിന്റെ രേഖ രശ്മികളായി പ്രതിഫലിപ്പിച്ചു.
ഞങ്ങൾ പതുക്കെ കാറിന്റെ അരികിലേക്ക് നടക്കുമ്പോഴാണ് ചുവന്ന ഉടുപ്പിട്ട മുടിപിന്നി ബാക്കിലിട്ട ഒരു സുന്ദരികുട്ടി ഓടി വന്ന്
വെള്ളയും ചുവപ്പും റോസപ്പൂക്കൾ ഇടകലർത്തി കറുത്ത റിബൺ കൊണ്ട് കെട്ടിയ ബൊക്ക ദീപക്കിന് കൊടുത്തത്.
ദീപക്ക് ഞങ്ങളെയും കുട്ടിയേയും നോക്കി. പതുക്കെ മോളെ എടുത്ത് കവിളിൽ ഒരുമ്മ കൊടുത്തു. അവളുടെ നീണ്ട മൂക്ക് പിടിച്ചാട്ടി ചോദിച്ചു
മോളുടെ പേരെന്താ? ആരാ ഇത് കൊടുത്തുവിട്ടത്?
നിഹാരിക എ ദീപക് എ ഫോർ അബൂബക്കർ ഓർ അഞ്ജന.
എന്ന് പറഞ്ഞ് താഴെയിറങ്ങി
കിലുക്കാം പെട്ടിപോലെ ചിരിച്ച് ദൂരേക്ക് ഓടി പോയി. അവിടെ കാറിന്റെ അരികിൽ അജ്ഞനയും ദീപക്കിന്റെ സഹോദരിയും നില്കുന്നുണ്ടായിരുന്നു.
ദീപക്ക് പതുക്കെ അവരുടെ അടുത്തേക്ക് നടന്നു മുമ്പേ നടക്കുന്ന ദീപക്കിന്റെ നിഴൽ ചോലയിൽ അഞ്ജന നിന്നു.
അവൾ പതുക്കെ ഈറൻ കണ്ണുകളുമായി കൂപ്പുകൈയുമായി ദീപക്കിന്റെ മുമ്പിൽ വിതുമ്പി നിന്നു.
ദീപക് അവളുടെ കൈകൾ കൂട്ടി പിടിച്ച് തന്റെ നെഞ്ചോട് ചേർത്തു. അവരുടെ നിഴലിന് നീളമേറിയിരുന്നു.
നിന്നെ കാണാൻ പുറത്ത് ഒരാൾ നില്ക്കുന്നുണ്ട് മോളെയും എടുത്ത് നിൽക്കുന്ന ദീപക്കിന്റെ സഹോദരി പറഞ്ഞു.
ഞങ്ങളെല്ലാവരും കൂടെ പുറത്തേക്ക് നടന്നു അവിടെ ക്ലിനിക്കിന്റെ ഗേറ്റിനരികിൽ പാർക്ക് ചെയ്ത കാറിന്റെ ബോണറ്റ് ചാരി മുഖം തിരിച്ചു ഒരാൾ നില്പുണ്ടായിരുന്നു.
അർഷാദ് ……
ദീപക്ക് മന്ത്രിച്ചു.
അർഷാദ് പതുക്കെ വന്ന് ദീപക്കിനെ കെട്ടിപിടിച്ച് മാപ്പു പറഞ്ഞു.
ഒന്നും മനസ്സിലാകാതെ തരിച്ചു നിൽക്കുകയായിരുന്നു ദീപക്.
അഞ്ജനെയെ തെറ്റിദ്ധരിപ്പിച്ചത് ഞാനായിരുന്നു. നിങ്ങളുടെ പഴയ ഫോട്ടോകളും മറ്റും അയച്ചു കൊടുത്ത് അവളെ ദീപക്കിൽ നിന്ന് അകറ്റിയത് ഞാനായിരുന്നു.
എനിക്ക് നിങ്ങളോട് അസൂയയോ പകയോ എന്തൊക്കെയോ ആയിരുന്നു. നിങ്ങളുടെ ബന്ധത്തിൽ ഒരു സംശയവും ഇല്ലായിരുന്നു. പക്ഷേ അവൾക്ക് നിന്നോടുള്ള സ്നേഹം അത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. ശരിക്കും പറഞ്ഞാൽ അവളുടെ സ്നേഹം പങ്ക് വെക്കുന്നത് എനിക്കിഷ്ടമല്ലായിരുന്നു. കൂടെ പിറക്കാതെ രക്ത ബന്ധത്തിനു മീതെ വളർന്ന നിങ്ങളുടെ സൗഹൃദത്തിന്റെ ആഴം ഞാൻ വിചാരിച്ചാൽ നികത്താനാവില്ല എന്നെനിക്ക് മനസ്സിലാക്കി തന്നത് ഈ ഡയറി യായിരുന്ന ഇതിൽ അവൾ കുറിച്ച വരികൾ ആയിരുന്നു. പക്ഷേ…. ഒത്തിരി ഒത്തിരി വൈകിപ്പോയിരുന്നു.
പക്ഷേ അപ്പോഴേക്കും സമയം ഒത്തിരി വൈകിപ്പോയിരുന്നു
ഞങ്ങൾ ദീപക്കിനെ ഒത്തിരി അന്വേഷിച്ചിരുന്നു….. അർഷാദ് ഗദ്ഗദനായി ഡയറി ദീപക്കിന്റെ കൈയ്യിൽ വെച്ചു. ഒരു പക്ഷേ നിന്റെ സൗഹൃദ തണലിൽ അവളെ പിടിവിടാതെ വേട്ടയാടിയ അമ്മയാവത്തതിന്റെ വിഷമം അവൾ മറന്നേനെ….. ഒരിക്കലും അവളാ കടുംകൈ ചെയ്യില്ലായിരുന്നു.
ദീപക്ക് പതുക്കെ ആ ഡയറി തുറന്നു
7- ജൂലൈ -1994 -കൂടപ്പിറപ്പിനോടൊപ്പം- എന്ന്
ഡയറിയുടെ ആദ്യ താളിൽ ചുവന്ന മഷി കൊണ്ട് വലുതായി എഴുതിയത് ദീപക് അല്പം ഒച്ചത്തിൽ തന്നെ വായിച്ചു.
ഞങ്ങളുടെ കോളേജിലെ ആദ്യദിനം . പിന്നീടുള്ള എല്ലാ വർഷവും ജൂലൈ 7 ന്
എന്റെ പ്രിയ കൂടെപിറപ്പ് ദീപക് എന്ന് അഭിസംബോധന ചെയ്തഴുതിയ കത്തുകളായിരുന്നു ഡയറി മുഴുവൻ………
നിഹാരിക….. നിന്നെ മനസ്സിലാക്കി എന്ന് വെറുതെ തെറ്റിദ്ധരിച്ചിച്ചു… കലാലയ ജീവതത്തിലെ സൗഹൃദത്തിനുപ്പുറം പ്രച്ഛന്നമായി കിടന്ന നിന്റെ മനസ്സിൽ എനിക്ക് നൽകിയ കൂടെ പിറക്കാത്ത കൂടപിറപ്പിന്റെ സ്ഥാനം ഞാൻ മനസ്സിലാക്കിയില്ല. അങ്ങിനെയാണെങ്കിൽ……
കൊച്ചു നിഹാരികയെ കൈയിലെടുത്ത് ആവളുടെ കവിളിൽ മുത്തമിട്ട് ഒന്നും പറയാതെ ആ ഡയറി കൊച്ചു നിഹാരികയുടെയും തന്റെയും നെഞ്ചിനിടയിൽ വെച്ച് ഭൂതകാലത്തിലെ അനുഭവങ്ങളുടെ ഓർമ്മക്കെട്ടും പേറി ദീപക് നടന്നു. വിധികൾ കൊട്ടിയാടിയ ദീപക്കിന്റെ ജീവിത ചെണ്ടയുടെ താളത്തിന് അകമ്പടിയായ് നിഴലിനെ സ്വതന്ത്രമാക്കി പ്രഭാത കിരണങ്ങൾ വർണ്ണക്കൂട വിടർത്തി അവരെ അനുയാത്ര ചെയ്യുന്നുണ്ടായിരുന്നു.
സജിത്ത് എൻ
വസന്തം പയ്യോളി
കൂടുതൽ കഥകൾ ഇവിടെ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Malayalam Story: koode pirakanamenila Story by Sajith vasantham – Aksharathalukal Online Malayalam Story