Skip to content

നിന്നരികിൽ

aksharathalukal-malayalam-kathakal

സൂര്യൻ കിഴക്കു വെള്ള കീറിയപ്പോൾ ഉറക്കച്ചടവോടെ ഞാൻ ചുറ്റും നോക്കി .ഒരു പുതിയ ദിവസം തുടങ്ങുകയായി .അതിന്റെ മുന്നോടിയായി കുരുവികളും കാക്കകളും ചകോരങ്ങളും അവരുടെ പതിവ് പല്ലവികൾ പാടി തുടങ്ങി .അതെല്ലാം കേട്ടുണരാനും കുറെ നല്ല നിമിഷങ്ങൾ ഇഷ്ടമുള്ളവരുടെ കൂടെ പങ്കു വയ്ച്ചുറങ്ങാനും പറ്റുന്നതൊക്കെ ഏതോ ജന്മ സുകൃതം !

ഒന്നോർത്താൽ ഞാൻ എന്ത് ഭാഗ്യവതിയാണ് ! കാരണം എന്റെ പരിമിതികളിൽ ഞാൻ ആഗ്രഹിക്കുന്നതിലും സ്നേഹമാണ് എന്റെ വളർത്തച്ഛനും കുടുംബവും എനിക്ക് നൽകുന്നത് .

നിനച്ചിരിക്കാത്ത സമയത്ത് വന്നണഞ്ഞ മഹാഭാഗ്യം!ആഭാഗ്യത്തിന്റെ പേരാണ് ശങ്കരൻ നായർ .

എന്റെ വീട്ടിൽ ഞാൻ ഒരധികപ്പറ്റായിരുന്നോ ആവോ. ഒരു വിൽപ്പന വസ്തുവിനെ നോക്കുന്ന കണ്ണുകൊണ്ടാണ് എന്റെ വീട്ടുകാർ എന്നെ നോക്കിയിരുന്നത് എനിക്ക് നടക്കാനും സംസാരിക്കാനും ആകാത്തത് കൊണ്ടാവാം അവർ എന്നെ ആവിശ്യക്കാർക്കു കൊടുക്കാൻ തീരുമാനിച്ചത് .പക്ഷെ എന്റെ കാതുകൾ നിര്ജീവമായിരുന്നില്ല .ആ സത്യം എന്റെ ഉറ്റവർക്കും അറിയാമായിരുന്നല്ലോ

വീട്ടിലെ അമ്മിണിയും കുട്ടനും എന്റെ അരികിൽ വരുകപോലും ഇല്ലായിരുന്നു .എന്നോട് ഇഷ്ട്ടം കൂടണ്ടാ എന്ന് അമ്മേം അച്ഛനും പറഞ്ഞു കൊടുത്തിട്ടുണ്ടാകും .ചിലപ്പോൾ എല്ലാം എന്റെ വെറും തോന്നലാകാം ,കാശിനു വേണ്ടി എന്നെ വിറ്റതാകും.

സ്നേഹം കിട്ടാതെ വരുമ്പോൾ ഏതു മനസ്സിലും ഉണ്ടാകുന്ന ഒരു വ്യാകുലത ഇങ്ങനെ കാട് കയറി ചിന്തിപ്പിക്കും .അങ്ങിനെ സമാധാനിക്കുന്നതാകും ഉചിതം..

അന്നൊരു തിങ്കളാഴ്ച ആയിരുന്നു ശങ്കരമ്മാവൻ എന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്കു കൊണ്ടുപോയത് .ജീവിതം ആകെ മാറി മറിഞ്ഞതുപോലെ എനിക്ക് തോന്നി .വിരസതകൾക്കു വിരാമമിട്ട സുദിനങ്ങൾ .

ശങ്കരമ്മാവന്റെ വീട്ടിൽ അദ്ദേഹത്തിന്റ സഹധർമിണി ശാന്തയും അവരുടെ രണ്ടു കുട്ടികളുമായിരുന്നുതാമസം. ശ്യാമയും സുന്ദറും .“അച്ഛാ ഞങ്ങളുടെ കൂടെ ഇവളും ചേർന്നോട്ടെ “ഇതായിരുന്നു എന്നെ കണ്ടപാടെ സുന്ദറിന്റെ മറുപടി .ആര് വന്നാലും അവന്റെ കൂടെ കൂടണം .അതാണ് അവന്റെ നിയമം .ആയിക്കോട്ടെ എന്ന് ശങ്കരമ്മാവനും സമ്മതം മൂളി .

എന്റെ പരാധീനതകൾ ഞാൻ പാടെ മറന്നു .സ്കൂൾ വിട്ടാൽ കുഞ്ഞുങ്ങൾ ഓടി കൂടും എന്റെ അടുത്തേക്ക്. സന്തോഷങ്ങളും പരിഭവങ്ങളും ഒക്കെ ഞങ്ങൾ ഒപ്പം പങ്കിട്ടു.

ശ്യാമക്കാണെന്നേ വലിയ ഇഷ്ട്ടം. അവളുടെ ചെറിയ ചെറിയ രഹസ്യങ്ങൾ എന്നോട് പങ്കിട്ടു .എന്നിട്ടു പറയും“ഞാൻ എന്താണെന്നോ എല്ലാം നിന്നോട് പറേണത്? നീ മിണ്ടാതെ എല്ലാം കേട്ടോളും .അതാ എനിക്കും വേണ്ടത് “.സുന്ദറിന്റെ കളർ പെൻസിലും കൈത്തോക്കും ഒളിച്ചു വെയ്ക്കണ സ്ഥലമൊക്കെ ആണീ എടുത്താൽ പൊങ്ങാത്ത രഹസ്യങ്ങൾ .അവൾ അറിയാതെ ഞാനും കുണുങ്ങി ചിരിച്ചു .

ശാന്തമ്മായിക്കായിരുന്നു എനിക്ക് ഭക്ഷണം തരാനും കുളിപ്പിക്കാനും ഒക്കെ വലിയ താൽപ്പര്യം . പക്ഷെ ഒരു കാര്യത്തിലും എനിക്ക് വലിയ ആർത്തി ഇല്ലായിരുന്നു .എന്ത് തന്നാലും കഴിക്കും .എന്റെ മൗന സമ്മതം ആയിരുന്നു അവരുടെ തൃപ്തി .ആ തൃപ്തിയിൽ ഞാനും വളർന്നു .

ശങ്കരമാവൻ വൈകുന്നേരങ്ങളിൽ ഓഫീസ് വിട്ടു വന്നാൽ എന്റെ അരികിൽ വന്നിരിക്കും.നല്ല കാറ്റുള്ള സായാഹ്നങ്ങളിൽ ഓരോരോ വികാരങ്ങൾ കൈമാറി ഞങ്ങൾ അങ്ങിനെ ഇരിക്കും ..

“ഈശ്വര ഇനിയൊരു ജന്മം എനിക്കുണ്ടെങ്കിൽ ,എന്നെ ഒരു സംസാര ശേഷിയും ചേതനയുമുള്ള ഒരു ജന്മമാക്കി തീർക്കാൻ ഞാൻ ഉള്ളുരുകി പ്രാർത്ഥിച്ചു

.പുനർജന്മത്തിൽവെറുതെ ഒരു വ്യാമോഹം .

നീണ്ട പത്ത് വർഷങ്ങൾ ആഹ്ലാദത്തിന്റെ തിരയടികൾ ഉൾക്കൊണ്ടുകൊണ്ട് പടിയിറങ്ങിപോയി .

സുഖ ദുഃ ഖ സമ്മിശ്രമാണെങ്കിലും എനിക്കവയെല്ലാം സന്തോഷമേ പങ്കിട്ടു തന്നൊള്ളു .

ഞാൻ വളർന്നു വലുതായി . ശ്യാമയും സുന്ദറും വളർന്നെങ്കിലും എന്റെ അത്ര ഉയരം കിട്ടിയില്ല .ആംഗ്യ ഭാഷയിൽ അതും പറഞ്ഞവരെ ഞാൻ കളിയാക്കി . സുന്ദറിന് ഒരു ചെറിയ നീരസവും ഉണ്ടായിരുന്നു ,“ പോടീ “ എന്ന് പറഞ്ഞു അവൻ എപ്പോഴും എന്നെ തള്ളി.

മധുരമുള്ള നൊമ്പരങ്ങൾ.ഞാൻ ഓർത്തോർത്തു ചിരിച്ചു.

സുന്ദർ ഇന്ന് ബാങ്കളൂരിലെ ഒരു പേരുകേട്ട ഐ ടി കമ്പനിയിലെ ഒരു ഉയന്ന സോഫ്റ്റ്വെയർ ഉദ്യോഗസ്ഥനാണ് . വളരെ വിരളമായേ ഞങ്ങൾ തമ്മിൽ പിന്നെ കാണാറുള്ളു .പക്ഷെ എനിക്കതിൽ യാതൊരു പരിഭവവും ഇല്ലായിരുന്നു .എല്ലാവരും നന്നായിയിരിക്കണം ,അത്ര മാത്രം .

ശങ്കരമ്മാവൻ പെൻഷൻ ആകാൻ ഇനി ഏതാണ്ട് രണ്ടു മാസമേ ബാക്കിയുള്ളു പാവം ,അമ്മാവനും വയസ്സായി .ശാന്തമ്മയിയും മിക്കവാറും കിടപ്പു തന്നെയാണ്,വാതരോഗം അവരെ വല്ലാതെ ഉപദ്രവിച്ചുകൊണ്ടേ ഇരുന്നു . വേച് വേച് അങ്ങോട്ട് മിങ്ങോട്ടും നടക്കുന്നതു കാണുമ്പോൾ എന്റെ മനസ്സ് വിഷമിക്കും .ഏത്ര ഓടി നടന്ന ആളാ .

ഒരു ദിവസം ശാന്തമ്മയി എന്റെ അടുത്ത് വന്നു ഒരു വിഷാദ ഭാവത്തോടെ കൊറേ നേരം എന്നെ തന്നെ നോക്കി നിന്നു.എന്നിട്ടു ഒരു നെടുവീർപ്പോടെ പറഞ്ഞു “നിന്റെ അടുത്ത് എനിക്കെപ്പോഴും വരാനൊക്കെ വയ്യാണ്ടായിരിക്കണു.എന്ത് ചൈയ്യാനാ …”കഷ്ടം തോന്നി .സ്നേഹം മാത്രം തരാനറിയാവുന്ന ശാന്തമ്മായിക്കും ഈ ഗതിയോ

ശ്യാമക്ക് നല്ല ഒരു വിവാഹാലോചന വന്ന കാര്യം അന്ന് സന്ധ്യക്കാണ് ശങ്കരമ്മാവൻ എന്നോട് പറഞ്ഞത് .പയ്യൻ നാട്ടിൽ നിന്നു തന്നെ ആയതിൽ അമ്മാവന് വലിയ ആശ്വാസം ഉണ്ടായിരുന്നു .“കാണണം എന്ന് തോന്നുമ്പോൾ ഒക്കെ അവളെ ഒന്ന് കാണാമല്ലോ “ശെരിയാണെന്നു എനിക്കും തോന്നി .“വിവാഹം ഈ വീട്ടു വളപ്പിൽ വെച്ച് തന്നെ നടത്താൻ ഞാൻ തീരുമാനിച്ചു .

എന്താണെന്നറിയാമോ ?അത് നീയും കാണണം “അമ്മാവൻ അതും പറഞ്ഞെന്നെ കെട്ടിപ്പുണർന്നു ചിരിച്ചു .എന്റെ കൈകൾ അമ്മാവനെയും തലോടി . എല്ലാം ഭംഗിയായ് നടക്കണമേ എന്ന് ഞാനും മനസ്സാൽ മന്ത്രിച്ചു .

ആർഭാടമായി വിവാഹ പന്തലിൽ ശ്യാമ അഖിലിന് സ്വന്തമായി .കളിയും ചിരിയും സൊറ പറച്ചിലുമായി പലരും എന്റെ ചുറ്റും കൂടി .ഞാൻ സന്തോഷത്തിൽ മതിമറന്നു .അമ്മാവന്റെ ഓരോ ആഹ്ലാദ നിമിഷങ്ങൾക്കും ഞാനും ദൃക്സാക്ഷി ആകണമെന്ന് അദ്ദേഹത്തിന് വലിയ നിർബന്ധ മായിരുന്നു .

വിവാഹം കഴിഞ്ഞു ആളുകൾ പല പല വഴികളിൽ പിരിഞ്ഞു .യാത്ര പറയുമ്പോൾ ശ്യാമയുടെ മിഴികൾ നനഞ്ഞിരുന്നു .“പോട്ടെടി..നീ അമ്മേം അച്ഛനെയും നോക്കിക്കൊള്ളണം “ഇത്രയും പറഞ്ഞവൾ എന്നെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു .മനസ്സുകൊണ്ട് ഞാൻ അവൾക്കു ഒരുനൂറ് സമ്മതം നൽകി ………

പെൻഷൻ ആയപ്പോൾ ഒട്ടുമുക്കാൽ സമയവും അമ്മാവൻ എന്റെ അരികിൽ വന്നിരിക്കും .എന്നിട്ടെന്നോട് പറയും .“നിന്റെ അരികിൽ വന്നിരിക്കുമ്പോൾ എനിക്കുണ്ടാകുന്ന ഒരാത്മ സംതൃപ്തി ,അതൊന്നു വേറെ തന്നെ ആണ് .എന്ത് കാര്യത്തിനും ഒരു പോംവഴി കിട്ടുന്നപോലെ തോന്നും .നീ എന്നും എന്റെ കൂടെ ഉണ്ടാകും .അതെന്റെ വാക്കാണ് .”അമ്മാവൻ പറഞ്ഞു നിർത്തി .ഒരദൃശ്യ മാസ്മര ശക്തി ഇനി എന്നിലുണ്ടോ ?ഞാനും തെല്ലൊന്നഹങ്കരിച്ചു .

അന്നൊരു വെള്ളിയാഴ്ച ആയിരുന്നു .അമ്മാവൻ പതിവുപോലെ മുറിയുടെ വെളിയിലേക്കു വന്നില്ല . കാര്യം അറിയാതെ ഞാനും പരുങ്ങി. ഞാൻ പതുക്കെ അദ്ദേഹത്തിന്റെ മുറിയിലേക്കെത്തി നോക്കി .അമ്മാവൻ കിടക്കുകയായിരുന്നു . ശാന്തമ്മായി എന്തെക്കെയോ ധിറുതിയിൽ ഫോണിൽ പറയുന്നു .കാര്യം പന്തികേടാണെന്നു എനിക്ക് മനസ്സിലായി .

പിന്നെ എല്ലാം വളരെ പെട്ടെന്നാണ് സംഭവിച്ചത് . ഒരാംബുലൻസ് വീട്ടു വാതിൽക്കൽ വന്നു നിന്നു .അതിൽ നിന്നു രണ്ടു ചെറുപ്പക്കാർ ഒരു സ്ട്രെച്ചറും ആയി അമ്മാവന്റെ മുറിയിലേക്കോടി . അമ്മാവനെയും കൊണ്ടാവണ്ടി സൈറൺ മുഴക്കി പാഞ്ഞകന്നു .

അമ്മായിയും ശ്യാമയും മറ്റും വേറെ ഒരു കാറിൽ കയറാൻ ഒരുങ്ങി . ഒരു നിമിഷം …അമ്മായി ഓടി യിറങ്ങി എന്റെ അരികിൽ വന്നു നിന്നു .എന്നെ പുണർന്നു ഉറക്കെ കരഞ്ഞു .പിന്നെ എല്ലാം നിശബ്ദം . അവരെയെല്ലാം കൊണ്ട് ആ കാറും പടി കടന്നു പാഞ്ഞു പോയി .

നിമിഷങ്ങൾക്ക് ഘനം വെച്ച പോലെ വേച് വേച് ഇഴഞ്ഞു നീങ്ങി.

ഒരു കുഞ്ഞു പക്ഷി എന്റെ അരികിൽ വന്നിരുന്നു . “ഷൂ ഞാൻ അതിനെ കൈകൾ കൊണ്ട് തട്ടി മാറ്റി . ഏകാന്തതയാണെനിക്കിപ്പോൾ ഇഷ്ട്ടം .അമ്മാവനെന്തു പറ്റി?ഞാൻ ഉള്ളുരുകി കാത്തിരുന്നു …….

സന്ധ്യയായപ്പോൾ അതെ ആംബുലൻസിൽ ശങ്കരമ്മാവന്റെ ചേതനയറ്റ ശരീരം ഒരു വെള്ളപുതപ്പു മൂടി തിരികെ കൊണ്ട് വന്നു .ഞാൻ എല്ലാം നിശ്ചലമായി നോക്കിയിരുന്നു .ആളുകൾ വളരെ പെട്ടെന്ന് തടിച്ചുകൂടി .അത്ര പ്രിയങ്കരനായിരുന്നു അദ്ദേഹം ആ പ്രദേശവാസികൾക്കു .

റീത്തുകൾ കൊണ്ടാ ശരീരം അലംകൃതമാകാൻ തുടങ്ങി .അമ്മാവൻ മാത്രം ഉണർന്നില്ല .“ഇനി ഞാൻ എന്തിനു ജീവിക്കണം ?മരിക്കാൻ പോലും എനിക്ക് സാധിക്കുന്നില്ലല്ലോ .”അന്ന് ഞാൻ ആദ്യമായി എന്റെ നിസ്സഹായതയിൽ ദുഖിച്ചു .നടക്കാനും മിണ്ടാനും വയ്യല്ലോ എനിക്കെന്നോർത്തു ഞാൻ പൊട്ടി കരഞ്ഞു .

ശവദാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി .അവിടെ വീടിനരികിൽ തന്നെ അതിനൊരു സ്ഥാനവും കണ്ടെത്തി .അദ്ദേഹത്തിന്റെ ആഗ്രഹം അതായിരുന്നിരിക്കാം . ദഹനം പിറ്റേന്നു ഉച്ചക്കോ മറ്റോ ആണെന്ന് ഞാൻ മനസ്സിലാക്കി .

അങ്ങിനെ ദുഃഖഭാരങ്ങൾ പേറി ആ രാത്രി ഇഴഞ്ഞു നീങ്ങാൻ തുടങ്ങി.

ഒരു പന്ത്രണ്ടു മണിയായിക്കാണും. കൊറേ ചെറുപ്പക്കാർ എന്റെ അരികിലേക്ക് നടന്നു വരുന്നത് കണ്ടു .എല്ലാരും എന്റെ ചുറ്റും വന്നു നിന്നെന്നെ അടിമുടി നോക്കി .എന്നിട്ടതിൽ ഒരാൾ എന്നെ തട്ടി കൊണ്ട് പറഞ്ഞു “ഇത് മതി ദഹിപ്പിക്കാൻ .നല്ല മുറ്റിയ മാവാ . പെട്ടെന്ന് കത്തിക്കോളും “.

“അതെ ..എന്റെ ശങ്കരമ്മാവനെ ദഹിപ്പിക്കാൻ അവർ എന്നെ തിരഞ്ഞെടുത്തു .”ഞാൻ സന്തോഷം കൊണ്ട് ആകെ ഇളകി വീശി .അടുത്തുനിന്നവർ അന്ധാളിച്ചു അങ്ങോട്ടുമിങ്ങോട്ടും നോക്കി .കാരണം ഞാൻ ഒഴികെ ഒരു മരങ്ങളും അപ്പോൾ ഇളകിയില്ല .

ഞാൻ മഴുവും കോടാലിക്കും വിധേയയാകാൻ പിന്നെ അധിക നേരം വേണ്ടി വന്നില്ല .എല്ലാം പെട്ടെന്ന് കഴിഞ്ഞു .ഒരു പിടി നല്ല ഓർമ്മകൾ ബാക്കിയാക്കി ഞാൻ ഇതാ പോകുന്നു .എന്റെ ശങ്കരമ്മാവന്റെ കൂടെ…..!!

ചിത കത്തിയുയർന്നപ്പോൾ ,അവസാന നിമിഷം വരെ ഞാൻ അദ്ദേഹത്തിനെ ചേർത്ത് പിടിച്ചു . ഒടുവിൽ വൻ തീ ജ്വാലകൾക്കിരയായപ്പോൾ ,ഞാനും എന്റെ ശങ്കരമ്മാവനും ഒരുപിടി ചാരമായി ചേർന്നുറങ്ങി …………..

ശുഭം

 

കൂടുതൽ കഥകൾ ഇവിടെ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക


Malayalam Story: Nenarikil Story by Sheela – Aksharathalukal Online Malayalam Story

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!