ഭ്രാന്തൻ്റെ മകൻ

5491 Views

ഭ്രാന്തൻ്റെ മകൻ

ദിവാകരൻ…നാട്ടിലെ പേരുകേട്ട പ്രാന്തൻ. കേൾക്കുമ്പോ ചിരിയാലെ വരുന്നേ. അതേ… പ്രാന്തനെ കാണുമ്പോഴും ആ പേര് വിളിക്കാനും കേൾക്കാനും രാസമാലെ..പക്ഷെ ആ പേരിനോട് എനിക്ക് മാത്രം ദേഷ്യമാണ്…വെറുപ്പാണ്.. കാരണം, ഞാൻ ആ പ്രാന്തൻ്റെ മകനാ…..

പ്രത്യക്ഷത്തിൽ ഒരു ഭ്രാന്തനായി തോന്നില്ല എൻ്റെ അച്ഛനെ..അതായതു..നാട്ടുകാർ വിളിക്കുന്ന ഭ്രാന്തൻ ദിവാകരൻ. ഞാൻ ജനിച്ഛ് നാലാം വർഷം ‘അമ്മ എന്നെ വിട്ടുപോയി. അന്ന് മുതൽ അച്ഛൻ്റെ മാനസികനില തെറ്റി. എന്നിരുന്നാൽ തന്നെയും ഒരു മകനോടുള്ള സ്നേഹം എന്നോട് ചിലപ്പോഴൊക്കെ പ്രകടിപ്പിക്കുന്നതായി തോന്നിയിട്ടുണ്ട്. എന്നാൽ പുറമെ അച്ഛൻ ചെയ്യുന്ന പ്രവർത്തികളും മറ്റും നാട്ടുകാരിൽ അദ്ദേഹത്തിന് ഭ്രാന്താണെന്ന പ്രതിച്ഛായ വളർത്താൻ സഹായകമായി.

അന്നത്തെ ദിവസം എനിക്ക് മറക്കാനാവില്ല. നല്ല കനത്ത മഴ പെയ്യുന്ന രാത്രി. അച്ഛനെയും കാത്തു ഇരിക്കുന്ന ഞാൻ. ജോലി കഴിഞ്ഞുവരാൻ അച്ഛൻ വൈകിയിരിക്കുന്നു. അടുക്കളയിൽ നിന്ന് ‘അമ്മ എനിക്ക് ഭക്ഷണം എടുത്തു തന്നു. മഴ കനക്കുന്ന ശബ്ദം. കണ്ണടഞ്ഞു പോകുന്നു. ഞാനുറങ്ങാൻ പോയി. വിളക്കിൻ്റെ അരണ്ട വെളിച്ചം മെല്ലെ അണയുന്നു. മിന്നലിൻ്റെ വെള്ളിവെളിച്ചത്തിൽ അച്ഛന്ൻ്റെ സാന്നിധ്യം കണ്ണിൽ മിന്നായം പോലെ മിന്നിമറഞ്ഞു. പക്ഷെ ഉറക്കമുണരാൻ എൻ്റെ കുഞ്ഞു ശരീരം സമ്മതിച്ചില്ല.

പിറ്റേന്ന് രാവിലെ ഉറക്കമുണർന്നത് ചന്ദനത്തിരിയുടെ ഗന്ധമേറ്റാണ്. ഇളയമ്മ എന്നെ എണീപ്പിച് നെഞ്ചോട് ചേർത്ത് കരയുന്നു. എന്താണ് സംഭവിച്ചതെന്നറിയാതെ ഞാൻ നിന്നു. അകലെ മൂടി കെട്ടിയ വെള്ള തുണികിടയിൽ അമ്മയുടെ ജഡം. അടുത്തിരുന്നു കരയുന്ന അച്ഛനെയും കാണാം. ആ യാഥാർഥ്യത്തെ ഉൾകൊള്ളാൻ എനിക്ക് സമയമെടുത്തു. വാവിട്ടു നിലവിളിക്കാൻ എനിക്ക് കഴിഞ്ഞില്ല. രണ്ടിറ്റു കണ്ണീർ വന്നതും എന്നെ ആരോ ആ ദൃശ്യത്തിൽ നിന്നും മാറ്റി എന്നെ അകത്തേക്കു കൊണ്ട് പോയി.

സൂര്യൻ്റെ കനത്ത ചൂടും എരിഞ്ഞമരുന്ന ചിതയിൽനിന്നും വമിക്കുന്ന ചൂടിൻ്റെ തീവ്രതയും അകാലത്തിൽ മരണമടഞ്ഞ അമ്മയുടെ ഓർമയെ തുടച്ചു നീക്കാൻ പോന്നതായിരുന്നില്ല. മുറിയിലെ അമ്മയുടെ മുഷിഞ്ഞതും നല്ലതുമായ വസ്ത്രങ്ങൾക്കിടയിൽ തലേന്ന് അണിഞ്ഞ ഉടുപ്പിൽ പറ്റിയ രക്തക്കറ എന്നെ അസ്വസ്ഥനാക്കി.

“അമ്മയുടെ രോഗം വർധിച്ചു അതിൻ്റെ മൂര്ധന്യാവസ്ഥയിലെത്തി, സഹിക്കാനാവാതെ ‘അമ്മ ഈ ലോകത്തു നിന്നു വിടവാങ്ങി ” എന്ന അച്ഛൻ്റെ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന സത്യാവസ്ഥ എന്നെ തളർത്തിയേക്കും എന്നറിഞ്ഞത് കൊണ്ടാവാം അങ്ങനെയൊരു നുണ എന്നോടന്നു പറഞ്ഞത്. പിന്നീടെപ്പോഴോ ബോധം വെച്ച കാലത്തു ചില കണ്ടെത്തുലുകളുടെയും നാട്ടുകാരിൽ നിന്നുമെല്ലാം അറിഞ്ഞ കാര്യങ്ങളിൽ നിന്നു അച്ഛൻ അന്ന് പറഞ്ഞ നുണക്കു പിന്നിലുള്ള സത്യത്തെ കണ്ടെത്താൻ എന്നെ പ്രേരിതനാക്കി. ആ സമയത്തെല്ലാം അമ്മയുടെ വസ്ത്രത്തിൽ കണ്ട രക്തക്കറയുടെ ഓര്മ എന്നെ വീണ്ടും വീണ്ടും വേട്ടയാടി.

ശേഖരിച്ച അറിവുകളിൽ നിന്നെല്ലാം കൂട്ടിച്ചേർത്തു ഞാൻ തന്നെ അന്നത്തെ രാത്രി നടന്ന സംഭവത്തിനെ ഒരു പുനർ വിചിന്തനം ചെയ്യാൻ ശ്രെമിച്ചു. അന്നത്തെ രാത്രിയെ ഞാൻ അച്ഛൻ്റെ കണ്ണിലൂടെ കാണാൻ ശ്രെമിച്ചു. അന്ന് നല്ല കാറ്റും മഴയും ഉള്ള രാത്രിയായിരുന്നു. പണി കഴിഞ്ഞു സൈക്കിളിൽ വരുന്ന അച്ഛൻ അതിശക്തമായ കാറ്റും മഴയും ഉള്ളതിനാൽ പിന്നീടുള്ള സൈക്കിൾ സവാരി സുഖകരമായിരിക്കില്ല എന്ന് കണ്ട് സൈക്കിൾ ഉന്തിയാണ് വന്നത്. അങ്ങനെ അച്ഛൻ വീട്ടിലെത്താൻ വൈകി.

ഞാൻ അന്നേരം ഉറക്കമായിരുന്നു. പാതിമയക്കത്തിൽ പകുതിയടഞ്ഞ കണ്ണിൽ മിന്നായം പോലെ കണ്ടത് അച്ഛനെയല്ല. അതിശക്തമായ മഴയുടെ ശബ്ദത്താൽ അമ്മയുടെ കരച്ചിൽ കേൾക്കാനായില്ല എനിക്ക്..രോഗാവസ്ഥയിൽ അമ്മക്ക് അതിനു കഴിഞ്ഞു കാണില്ല. ഇടിയുടെ മുഴക്കത്തിലും മഴയുടെ തീവ്രതയിലും ആ ക്രൂരനായ മനുഷ്യൻ മൃഗതുല്യനായ സത്വം എൻ്റെ അമ്മയുടെ രോദനം വിഴുങ്ങികളഞ്ഞതാവാം. എൻ്റെ ഈ ചിന്തയെ എനിക്ക് ദീർഘിപ്പിക്കാൻ ആയില്ല. ഞാൻ കരഞ്ഞു.ഉറക്കെ കരഞ്ഞു. ഓളിയിട്ടു കരഞ്ഞു. എൻ്റെ പൊട്ടബുദ്ധിയിൽ ഉദിച്ച അവലോകനം ഒരിക്കലും സത്യമാവരുതേ എന്ന് ഞാൻ പ്രാർത്ഥിച്ചു.

കാരണം ഇതെല്ലം സഹിച്ചാണ് ഒരു പ്രാന്തനെ പോലെ എൻ്റെ അച്ഛന് ജീവിച്ചു മരിക്കേണ്ടി വന്നത്. അമ്മയുടെ മരണകാരണം തേടി പോയാൽ ഒരുപക്ഷെ എന്നെയും നഷ്ടമാവും എന്ന് തോന്നിയത്കൊണ്ടാവാം അച്ഛൻ അയാളെ പിന്തുടരാതിരുന്നത്. അല്ലെങ്കിൽ എന്തിനു വേണ്ടിയാണു സ്വയം കുരിശും പേറി ആരോടും പരാതിയും പരിഭവവും ഇല്ലാതെ ഇത്രയും കാലം സഹിച്ചു നിന്നതു..അധികം നിൽക്കാനായില്ല…

അമ്പലത്തിൻ്റെ പുറകിലായി ആൽത്തറയിൽ തെക്കേവളപ്പിലെ സുധാകരൻ്റെ മകനും സുമതി ചിറ്റയുടെ മകൾ സാവിത്രി ചേച്ചിയും ഒന്നിച്ചിരിക്കുന്നതും പരസ്പരം തൊടുന്നതും കണ്ട് അരിശം പൂണ്ട അച്ഛൻ അവനെ അടിക്കാൻ കയ്യോങ്ങിയ സമയം സാവിത്രി ചേച്ചി ഉച്ചത്തിൽ വിളിച്ചോതുകയുണ്ടായി ”

നിങ്ങൾക്കു ഭ്രാന്താണോ” എന്ന്.

അന്ന് തുടങ്ങിയ ഭ്രാന്തൻ വിളി എങ്ങനെയെന്നിലാതെ തുടർന്നു. സ്ത്രീയും പുരുഷനും പരസ്പരം തൊടുന്നതും അനാവശ്യമായി ഇടപഴുകുന്നതും കണ്ടാൽ അച്ഛൻ കേറി ഇടപെടുന്നതും തല്ലുന്നതും ശീലമായി. അച്ഛനെ ചിലർ തിരിച് തല്ലുന്നതും നോക്കി നിക്കേണ്ട ഗതികേടും എനിക്കുണ്ടായി. ” നിന്റച്ഛനു ഭ്രാന്താണോടാ ” എന്നുള്ള ചോദ്യശരങ്ങളും കൂട്ടുക്കാർക്കിടയിൽ നിന്നും ഉയരാൻ തുടങ്ങി.

പല തവണ എൻ്റെ കുഞ്ഞു കയ്യുകൾ അദ്ദേഹത്തെ പല വിപത്തുകളിൽ നിന്ന് മാറ്റാനായി തുനിഞ്ഞു. കണക്കുകൂട്ടലുകൾ തെറ്റിച് ഒരവസരത്തിൽ ഇളയമ്മയെ തോളിൽ കൈവെച്ച ഇളയച്ചൻ്റെ പുറകിൽ ഒരു മരക്കഷ്ണം എടുത്ത് അടിച്ചത് ഒരു തെറ്റിദ്ധാരണയുടെ പേരിലാണെന്നത് പലർക്കും വിശ്വസിക്കാനായില്ല. മാനസികനില തെറ്റിയെന്ന് വീട്ടുക്കാരും നാട്ടുക്കാരും മുദ്ര കുത്തിയതോടെ ജോലിയിൽ തുടരാനും പുറത്തിറങ്ങി ആൾക്കൂട്ടത്തിനിടയിൽ പോകാനോ കഴിയാത്ത അവസ്ഥയായി.

‘അമ്മ മരിച്ച അവസരത്തിൽ ഉണ്ടായിരുന്ന ഇളയമ്മയും ഇളയച്ഛനും ആ സംഭവത്തിനു ശേഷം തിരിഞ്ഞു നോക്കാതായി. ഒരു തരത്തിൽ ഞാനും അച്ഛനും പട്ടിണിയുമായി വീട്ടിൽ ഒതുങ്ങി. എന്നോടധികം സംസാരിക്കുന്നതും പതിയെ ഇല്ലാതായി. ”

നിനക്കെന്നോട് ദേഷ്യമുണ്ടോ ?” എന്നാണ് അവസാനമായി എന്നോട് ചോദിച്ചത്. അതും ഏതാനും ആഴ്ചകൾക്കു മുൻപ്. വീട്ടിലുള്ള സമയം ഞാൻ അച്ഛൻ്റെ കൂടെ തന്നെ ഇരുന്നു. അമ്മയുടെ മുറിയിൽ ഒതുങ്ങിക്കൂടി അച്ഛൻ കഴിഞ്ഞു. ഇടക്ക് ഉറക്കെ ചിരിക്കുന്നത് കേൾക്കാം. ഇടക്കെ ചുവരിൽ തലതല്ലി കരയുന്നതും വേദനയോടെ ഞാൻ നോക്കി നിന്നു.

ഞാൻ വളരുന്നത് ഞാൻ അറിഞ്ഞില്ല. പക്ഷെ അച്ഛൻ തളരുന്നത് ഓരോ നിമിഷവും ഞാൻ അറിഞ്ഞു. രൂപമാകെ വികൃതമായി. താടിയും മുടിയും അമിതമായി വളർന്ന് തീർത്തും ഒരു ഭ്രാന്തൻ കോലത്തിലായിരിക്കുന്നു. മനസ്സ് തളർന്നെങ്കിലും ശരീരം തളരാൻ ഞാൻ അനുവദിക്കില്ല എന്നുറപ്പിച്ച മട്ടിൽ ഞാൻ മുടി വെട്ടിക്കാനായി അച്ഛനെ പുറത്തേക്കിറക്കി.

മാസങ്ങൾക്കു ശേഷം വെളിച്ചം കണ്ട അച്ഛൻ ഉറക്കെ ചിരിച്ചു. ചെടികളെയും ഇലകളെയും തഴുകി തോടിൻ്റെ ഇടവഴിയിലൂടെ ഞങ്ങൾ നടന്നു. ഞാൻ മുന്നോട്ടു നടന്ന് അച്ഛനെ അടിമുടി നോക്കി. താടിയും മുടിയും വെട്ടിയാൽ മതി. ഏറെക്കുറെ പഴയ മനുഷ്യനായി മാറ്റിയെടുക്കാം എന്ന് ഞാൻ ആശ്വസിച്ചു. അച്ഛൻ എന്നോട് ആ ചോദ്യം വീണ്ടും ചോദിച്ചു : “നിനക്ക് എന്നോട് ദേഷ്യമുണ്ടോ? “.

ഞാൻ പുഞ്ചിരിച് പറഞ്ഞു : “ഇല്ലച്ഛാ “. അച്ഛൻ എൻ്റെ നെറ്റിയിൽ ഒരു ഉമ്മ തന്നു. പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. വളരെ നാളുകൾക്കു ശേഷം അച്ഛ ൻ്റെ മുഖത്തും പുഞ്ചിരി. ഞാൻ സന്തോഷത്താൽ മെല്ലെ ഓടി. എൻ്റെ സന്തോഷം പങ്കിടാൻ ഈ ലോകത്തു പ്രകൃതി മാത്രമേ ഇനിയുള്ളു. പുൽത്തകിടിയോടും തെങ്ങുകളോടും കിളികളോടും തവളകളോടും മരംകൊത്തിയോടും കോഴികളോടും താറാവുകളോടും എന്നിങ്ങനെ കണ്ണിൽ കണ്ട എല്ലാറ്റിനോടും ഞാൻ എൻ്റെ സന്തോഷം അറിയിച്ചു.

എൻ്റെ നേർക്ക് ആളുകൾ ഓടികൂടുന്നത് ഞാൻ കണ്ടു. എന്തായാലും എൻ്റെ സന്തോഷത്തിൽ പങ്കുചേരാനല്ല. എൻ്റെ ഇരുവശത്തുകൂടി അവർ പിന്നിലേക്കോടി. ഞാൻ ഭയന്നു. അച്ഛനെ പുറത്തു കണ്ടതിൽ അമർഷം തോന്നി തല്ലാൻ വന്നതാകുമോ. ഞാനും തിരിഞ്ഞു വേഗത്തിൽ ഓടി. ആളുകളെ തള്ളിമാറ്റി.അമ്പലക്കുളത്തിൽ അവസാന ചിരി മായാതെ അച്ഛൻ നിത്യവിശ്രമം കൊള്ളുന്നു. അച്ഛൻ്റെ അവസാന പുഞ്ചിരിക്ക് മുന്നിൽ നിന്ന് കരയാനേ എനിക്ക് കഴിഞ്ഞുള്ളു. ആ കരച്ചിലിനിടയിലും യാതൊരു സഹതാപവുമില്ലാത്ത മൊഴികളാണ് ഞാൻ കേട്ടത്. ഭ്രാന്തൻ മരിച്ചു. ഭ്രാന്തൻ ചത്തു…എന്നിങ്ങനെ പലതും…

ഇന്നും തീരാത്ത വേദനയോടെ…ഓര്മകളോടെ…സ്നേഹത്തോടെ… അച്ഛൻ്റെ മകൻ…നിങ്ങൾ വിളിക്കാറുള്ള…ഭ്രാന്തൻ്റെ മകൻ……!!!!

 

കൂടുതൽ കഥകൾ ഇവിടെ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക


Malayalam Story: ഭ്രാന്തൻ്റെ മകൻ by Christo Alapat – Aksharathalukal Online Malayalam Story

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply