ഭ്രാന്തൻ!

1843 Views

write-aksharathalukal-story

ചന്ദ്രന്‍പിള്ള പതിവുപോലെ ആറരയോടെ എണീറ്റ് പല്ലുതേച്ച് ഭാര്യ തന്ന ചായ സിപ്പുചെയ്തുകൊണ്ട് പത്രം വന്നോ എന്നു നോക്കാന്‍ പോകുമ്പോഴാണ് കാളിങ്ബെല്‍ മുഴങ്ങുന്നതു്. കതകു തുറന്നപ്പോള്‍ മുറ്റത്തു നില്‍ക്കുന്നു ഒരാള്‍. ഒരാള്‍ എന്നു പറഞ്ഞുകൂട. ഒരു മനുഷ്യരൂപം എന്നു പറയുന്നതാവും ശരി. ഇരുണ്ട നിറം. മെലിഞ്ഞ ശരീരം. നന്നായി മുഷിഞ്ഞ മുണ്ട് മടക്കിക്കുത്തിയിരിക്കുന്നു. അത് എന്നോ ഒരുകാലത്തു് വെളുത്തതായിരുന്നിരിക്കണം. ഇപ്പോള്‍ അഴുക്കുപുരണ്ട് വൃത്തികേടായിരിക്കുന്നു. മണ്ണില്‍ ജോലിയെടുത്തതിന്റെ ഫലം. ഷര്‍‍ട്ടോ ബനിയനോ ഒന്നുമില്ല. താടിയും മുടിയും സാമാന്യത്തിലധികം വളര്‍ന്നിരിക്കുന്നു. ഇയാളെന്തിന് ഇംഗ്ലീഷ് പത്രം നിവര്‍ത്തിപ്പിടിച്ചിരിക്കുന്നു? വട്ടായിരിക്കുമോ എന്നാണ് ചന്ദ്രന്‍പിള്ളയുടെ മനസ്സില്‍ ആദ്യം തോന്നിയത്. കണ്ടാലും തോന്നായ്കയില്ല. പക്ഷെ കാര്യമായി വായിക്കുന്നതായാണ് തോന്നിയത്. വാതില്‍ തുറക്കുന്ന ശബ്ദം കേട്ട് അയാള്‍ വായന നിര്‍ത്തി ചന്ദ്രന്‍പിള്ളയുടെ നേര്‍ക്ക് നോക്കി. എന്നിട്ട് കയ്യിലിരുന്ന പത്രം മടക്കി മുറ്റത്ത് കിടന്നിരുന്ന മലയാളം പത്രം എടുത്ത് രണ്ടുംകൂടി ചന്ദ്രന്‍പിള്ളയുടെ കൈയില്‍ കൊടുത്തു.

“എന്താ വേണ്ടത്?” ചന്ദ്രന്‍പിള്ള ചോദിച്ചു.

“പണി വല്ലതും ഉണ്ടോ സാറേ?”

“ഇവിടെ ഇപ്പൊ പണിയൊന്നുമില്ലല്ലോ” എന്നായി ചന്ദ്രന്‍പിള്ള.

“പുല്ലൊക്കെ വളര്‍ന്നു കിടക്കുവല്ലേ സാറേ. വൃത്തിയാക്കണ്ടേ?”

ശരിയാണ് അയാള്‍ പറഞ്ഞത്. മുറ്റത്ത് പുല്ല് വളര്‍ന്നിട്ടുണ്ട്. തീരെ വൃത്തികേടാകാനും മാത്രമില്ല. മുറ്റം വൃത്തിയാക്കിയിട്ട് അധികനാള്‍ ആയിട്ടില്ല. മഴക്കാലം കഴിഞ്ഞതേയുള്ളൂ. അതുകൊണ്ട് പുല്ല് എളുപ്പം വളരും. ചന്ദ്രന്‍പിള്ളയുടെ കയ്യിലാണെങ്കില്‍ ഈ മാസം പണം കുറച്ച് കമ്മിയാണ്. മാസാവസാനമായില്ലേ. പോരാത്തതിന് അമ്മയുടെ ചികിത്സയ്ക്കായി കുറച്ച് പണം വേണ്ടിവരികയും ചെയ്തു. അതുകൊണ്ട് ചന്ദ്രന്‍പിള്ള പറഞ്ഞു, “ഇപ്പൊ അതൊന്നും ചെയ്യണ്ട. കുറച്ചു ദിവസം കൂടി കഴിയട്ടെ.”

“എന്നാ കൊറച്ചു് കാശ് തരണം സാറേ. ഇന്നലെ രാത്രിയിലും ഒന്നും കഴിച്ചിട്ടില്ല.” എന്നായി ആ അജ്ഞാതന്‍.

എന്തുകൊണ്ടോ ചന്ദ്രന്‍പിള്ളയ്ക്ക് അയാളോട് സഹതാപം തോന്നി. ആരുമായിക്കൊള്ളട്ടെ. രാത്രി മുഴുവനും വിശന്നു കഴിഞ്ഞ് രാവിലെ പണിയും കിട്ടിയില്ലെങ്കില്‍ അയാളെന്തു ചെയ്യും. അഥവാ പറമ്പു് കിളയ്ക്കാന്‍ പറഞ്ഞാല്‍ അതിനുള്ള ശേഷിയുണ്ടാകുമോ എന്തോ! തന്നേക്കാള്‍ ഇപ്പോള്‍ ആവശ്യക്കാരന്‍ ഇയാള്‍ തന്നെയാണ്. വല്ലതും കൊടുക്കാം. തല്ക്കാലം പട്ടിണി മാറട്ടെ. ഇങ്ങനെ വിചാരിച്ചുകൊണ്ട് ചന്ദ്രന്‍പിള്ള അകത്തു പോയി. എന്തു കൊടുക്കണം? പോക്കറ്റില്‍ നോക്കിയപ്പോള്‍ പത്തു രൂപയുടെ നോട്ടുകളാണു് ഏറ്റുവും ചെറുതായി കണ്ടത്. അതില്‍ രണ്ടെണ്ണം എടുത്തുകൊണ്ട് മുന്‍വശത്തേക്ക് ചെന്നപ്പോഴാണ് ഭാര്യയെ കണ്ടത്.

“ആരാ അത്?” എന്നു ചോദ്യം.

“ആരോ ജോലി അന്വേഷിച്ച് വന്നതാ. ആ ഓട വൃത്തിയാക്കിക്കാം എന്നു വിചാരിച്ചു.”

ഓര്‍ക്കാതെ പറഞ്ഞു പോയതാണ്. തീരെ ആലോചിച്ചതല്ല. അപ്പോള്‍ മനസില്‍ വന്നതായിരുന്നു ആ ആശയം. ഒരു ഭിക്ഷ പോലെ എന്തെങ്കിലും കൊടുക്കുന്നതിനു പകരം ഒരു പണി കൊടുത്താല്‍ ആയാള്‍ക്ക് ഒന്നോ രണ്ടോ ദിവസം കഴിഞ്ഞുകൂടാനുള്ള കാശുമാകും. നമുക്കൊരു സഹായവുമാകും എന്ന് ചന്ദ്രന്‍പിള്ള വിചാരിച്ചു.

“ദേ ഈ ചായ ഇരുന്ന് തണുത്തു പോകും.” എന്നു പറഞ്ഞ് ഭാര്യ അകത്തേയക്ക് കയറിപ്പോയി.

ചന്ദ്രന്‍പിള്ള വരാന്തയിലേക്ക് ഇറങ്ങി. അയാള്‍ പുറം തിരിഞ്ഞ് മതിലിലേക്ക് നോക്കി നില്‍ക്കുന്നു. ശ്രദ്ധിച്ചുനോക്കിയപ്പോള്‍ പത്രം വായിക്കുകയാണു്. തിണ്ണയില്‍ മാതൃഭൂമി പത്രം കിടക്കുന്നു. അതെടുത്തുകൊണ്ടു് അകത്തേക്കു് പോകാന്‍ തുടങ്ങിയപ്പോഴാണു് അയാള്‍ തിരിഞ്ഞതു്. “ഇതും എടുത്തോളൂ സാറേ” എന്നുപറഞ്ഞുകൊണ്ടു് അയാള്‍ `ദ ഹിന്ദു’ പത്രം നീട്ടി.

“എന്താ നിങ്ങളുടെ പേരു്?”

“ചെല്ലപ്പന്‍”

“ഇതാ, ഇരുപതു് രൂപയുണ്ടു്. തല്‍ക്കാലത്തേക്കു് ചായ കുടിച്ചുട്ടു് വരൂ. വന്നിട്ടു് ആ ഓടയൊന്നു വൃത്തിയാക്കാമോ? അതിനു കൂലി വേറെ തരാം.”

കുറച്ചു കഴിഞ്ഞു് ആപ്പീസില്‍ പോകാനായി ഇറങ്ങിയപ്പോള്‍ അയാളവിടെനിന്നു് ഓടയിലെ അഴുക്കെല്ലാം ഒരു മമ്മട്ടി കൊണ്ടു വാരി ഓടയുടെ അരികില്‍ കൂട്ടിയിടുന്നതു കണ്ടു. “ഈ മമ്മട്ടി എവിടന്നു കിട്ടി?” ചന്ദ്രന്‍പിള്ള ചോദിച്ചു.

“ഇതു് അപ്രത്തൊരു വീട്ടീന്നു കടംമേടിച്ചു” ചെല്ലപ്പന്‍ വിശദീകരിച്ചു.

“അവിടെ ഇട്ടിട്ടു പോകല്ലേ. ആദ്യത്തെ മഴയ്ക്കു് എല്ലാംകൂടി തിരിച്ചു് ഓടയിലെത്തും.” ചന്ദ്രന്‍പിള്ള പറഞ്ഞു.

“ഇല്ല സാറേ. എല്ലാം വാരിക്കഴിയുമ്പൊ ഞാനിതെല്ലാംകൂടി എടുത്തുകൊണ്ടു് തെങ്ങിന്റെ മൂട്ടിലിട്ടേക്കാം” ചെല്ലപ്പന്‍ പറഞ്ഞു.

“അതുവേണ്ട ചെല്ലപ്പാ. അവിടെക്കിടന്നു നാറൂല്ലേ?” ചന്ദ്രന്‍പിള്ള.

“ഓ, അതു് പെട്ടെന്നു ഒണങ്ങിക്കോളും. പിന്നെ നാറൂല്ല. നല്ല വളമല്ലേ സാറേ.” എന്നായി ചെല്ലപ്പന്‍.

എങ്കിലങ്ങനെയാവട്ടെ എന്നു് ചന്ദ്രന്‍പിള്ളയും വിചാരിച്ചു. “എന്തായാലും പകല്‍ ഇവിടെയാരുമില്ലല്ലോ. വൈകിട്ടു തിരിച്ചു വരുമ്പോഴേക്കു് നാറ്റമെല്ലാം പോയിട്ടുണ്ടാവും.” അയാള്‍ മനസ്സില്‍ കരുതി.

പറഞ്ഞതുപോലെതന്നെ വൈകിട്ടു വന്നപ്പോഴേക്കു് ഓടയിലെ അഴുക്കെല്ലാം തെങ്ങിന്റെ മൂട്ടിലായി കുറേയൊക്കെ വെട്ടിമൂടിക്കഴിഞ്ഞു. അല്ലാത്തതെല്ലാം ഉണങ്ങി യാതൊരു ദുര്‍ഗ്ഗന്ധവുമില്ലാതെയായിക്കഴിഞ്ഞു. ചന്ദ്രന്‍പിള്ള ഹാപ്പിയായി.

പിന്നീടു് ചെല്ലപ്പന്‍ വല്ലപ്പോഴും പണിയന്വേഷിച്ചു വരാന്‍ തുടങ്ങി. പണി വല്ലതുമുണ്ടെങ്കില്‍ ചന്ദ്രന്‍പിള്ള ചെല്ലപ്പനേക്കൊണ്ടു് ചെയ്യിക്കും. മിക്ക ദിവസവും ആദ്യം ഇരുപതു രൂപ മേടിച്ചു പോയി ഭക്ഷണം കഴിച്ചിട്ടുവന്നേ ചെല്ലപ്പന്‍ പണിതുടങ്ങാറുള്ളൂ. വൈകിട്ടു ജോലിതീര്‍ത്തു പോകുമ്പോള്‍ അന്നത്തെ ഒരു ദിവസത്തെ കൂലിയായ നൂറ്റമ്പതു രൂപ ചന്ദ്രന്‍പിള്ള കൊടുക്കും. ചെല്ലപ്പന്‍ നന്നായി പണിയെടുത്തോ എന്നൊന്നും ശ്രദ്ധിക്കാറില്ല. ഏല്‍പ്പിച്ച ജോലി തീര്‍ത്തോ എന്നു മാത്രം നോക്കും.

അങ്ങനെയിരിക്കെ, ഒരു ദിവസം ജോലി കഴിഞ്ഞു പണവും മേടിച്ചു പോയി അടുത്ത ദിവസംതന്നെ കാലത്തെ ചെല്ലപ്പനെത്തി. സാധാരണഗതിയില്‍ കുറച്ചുദിവസങ്ങള്‍ക്കു ശേഷമേ ചെല്ലപ്പന്‍ വരാറുള്ളൂ. അതുകൊണ്ടുതന്നെ, ചെല്ലപ്പനെ കണ്ടപ്പോള്‍ ചന്ദ്രന്‍പിള്ള ചോദിച്ചു, “എന്താ ചെല്ലപ്പാ ഇന്നും വേറെ ജോലിയൊന്നും കിട്ടിയില്ലേ?”

“അതല്ല, സര്‍, നല്ല സുഖമില്ല. മരുന്നു വാങ്ങണം. ഒരു ഇരുപതു രൂപ തരുമോ?”

“എന്തുപറ്റി, ചെല്ലപ്പാ? എന്താ അസുഖം? എന്തു മരുന്നാ വാങ്ങണ്ടതു്?” ചന്ദ്രന്‍പിള്ള ആകാംക്ഷയോടെ ചോദിച്ചു.

“ഓ, വയറിനൊരു വല്ലായ്ക. സാരമില്ല ഇടയ്ക്കിടയ്ക്കിങ്ങനെ വരുന്നതാ. മരുന്നുകടേന്നു മരുന്നു മേടിച്ചു കഴിച്ചാ പോകും.” കൂടുതലൊന്നും വിട്ടുകൊടുക്കാന്‍ ചെല്ലപ്പനും തയാറായില്ല.

“ചുമ്മാ വല്ലതുമൊക്കെ കഴിക്കണ്ട. ഞാന്‍ ആശുപത്രീ കൊണ്ടുപോകാം.” ചന്ദ്രന്‍പിള്ള ഒന്നുകൂടി ശ്രമിച്ചു.

പക്ഷെ ഒടുവില്‍ ചെല്ലപ്പന്‍ ഇരുപതു രൂപയും മേടിച്ചു പോയി.

ഇങ്ങനെ ആവശ്യംവരുമ്പോള്‍ ചെല്ലപ്പന്‍ വന്നു പണം ചോദിക്കുന്നതു് പതിവായി. ചില ദിവസങ്ങളില്‍ ചെല്ലപ്പനു് പറമ്പു വൃത്തിയാക്കാനോ തെങ്ങിന്റെ മൂടു കിളയ്ക്കാനോ ഉള്ള ജോലിയും ചന്ദ്രന്‍പിള്ള കൊടുക്കാറുണ്ടു്. അങ്ങനെയിരിക്കെ ഒരിക്കല്‍ കാലത്തു് ജനാലയ്ക്കു സമീപമിരുന്നു് പത്രം വായിച്ചുകൊണ്ടിരിക്കെയാണു് ചെല്ലപ്പന്‍ ജനാലയുടെ പുറത്തുവന്നു ചന്ദ്രന്‍പിള്ളയോടു് മരുന്നുവാങ്ങാന്‍ പണം ചോദിച്ചതു്. എന്തുകൊണ്ടോ ചന്ദ്രന്‍പിള്ള അന്നും ചെല്ലപ്പനോടു് കാര്യം തിരക്കി. എപ്പോഴും ഇങ്ങനെ എന്തെങ്കിലും മരുന്നു വാങ്ങി കഴിച്ചുകൊണ്ടു് ആരോഗ്യം നശിപ്പിക്കുന്നതിനുപകരം നല്ലൊരു ഡോക്ടറെ കണ്ടു് ചികിത്സിച്ചുകൂടെ എന്നു് പിള്ള ചോദിച്ചു. അതു് ചെല്ലപ്പനു് ഒരു തുടക്കം കിട്ടിയതുപോലെയായിരുന്നു. ഒരുപക്ഷെ മനസ്സില്‍ വിങ്ങിപ്പൊട്ടിയിരുന്ന കദനകഥകള്‍ മുഴുവനും അതോടെ പുറത്തുവന്നു.

“ഞാന്‍ പ്രീഡിഗ്രി പാസ്സായതാ സാറേ. പക്ഷെ എനിക്കു് പിന്നെ പ്രാന്തു വന്നു. അങ്ങനെ ഊളമ്പാറേലു് ചികിത്സേലായിരുന്നു. എല്ലാം ഭേദമായപ്പൊ അവരെന്നെ പറഞ്ഞുവിട്ടു.” ചെല്ലപ്പന്‍ പറഞ്ഞുതുടങ്ങി. “പക്ഷെ എന്റെ വീട്ടുകാരെന്നെ അടുപ്പിച്ചില്ല, സാറേ. അതുകൊണ്ടു് ഞാനിവിടൊക്കെ വല്ല പണീമെടുത്തു് കഴിഞ്ഞുകൂടുവാ.”

അതുകേട്ട ചന്ദ്രൻപിള്ളയ്ക്ക് അയാളോട് വളരെ സഹതാപം തോന്നി. ഇങ്ങനെ രോഗം ഭേദമായശേഷവും വീടുകളിൽ കയറ്റാതെ വഴികളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നവരെപ്പറ്റി അദ്ദേഹം മുമ്പും കേട്ടിരുന്നു. ഊളൻപാറയിൽനിന്നുതന്നെ റിട്ടയർരചെയ്ത ഒരു ഡോക്ടറാണ് അത് അദ്ദേഹത്തെ അറിയിച്ചത്. ഇത് മനോരോഗത്തോട് പണ്ടുമുതൽക്കേ നിലവിലുള്ള ഒരു വിവേചനംമൂലമാണെന്നും ആധുനികകാലത്ത് മിക്ക മനോരോഗങ്ങൾക്കും ഫലപ്രദമായ മരുന്നുണ്ടെന്നും ചിലരുടെ കാര്യത്തിൽ ആയുഷ്ക്കാലം മുഴുവനും മരുന്നു കഴിക്കണം എന്ന ബുദ്ധിമുട്ടൊഴിച്ചാൽ ഏതാണ്ട് സാധാരണഗതിയിൽ ജീവിക്കാനാകുമെന്നും ഇക്കാര്യം ജനങ്ങൾ തിരിച്ചറിയുന്നില്ല എന്നും അദ്ദേഹം പറഞ്ഞത് ചന്ദ്രൻപിള്ള ഓർമ്മിച്ചു. ചെല്ലപ്പനെ കഴിയുന്ന വിധത്തിൽ സഹായിക്കണം എന്നദ്ദേഹം തീരുമാനിച്ചു.

അങ്ങനെയാണ് അടുത്തതവണ ചെല്ലപ്പൻ വന്നപ്പോഴേക്ക് ഒരു നല്ല മുണ്ടും ഷർട്ടും ചന്ദ്രൻപിള്ള കരുതിവച്ചത്. ചെല്ലപ്പൻ വന്നപാടെ കുറച്ച് പുല്ലു ചെത്താനുള്ള പണി കൊടുത്തിട്ട് ചന്ദ്രൻപിള്ള അകത്തേക്കുപോയി. ഉച്ചയായപ്പോൾ ചന്ദ്രൻപിള്ള വന്ന് ചെല്ലപ്പനോട് ചോദിച്ചു, “ഊണുകഴിക്കാൻ പോകണ്ടേ, ചെല്ലപ്പാ?”

“ഇത്രയുംകൂടി തീർത്തിട്ടു പോകാം, സർ” എന്നായി ചെല്ലപ്പൻ.

“എന്നാൽ ചെല്ലപ്പൻ ഇന്ന് ഊണുകഴിക്കാൻ എങ്ങും പോകണ്ട. പണി കഴിയുമ്പോൾ ദാ അപ്പുറത്ത് ഒരു കുളിമുറിയുണ്ട്, അവിടെ പോയി കുളിച്ച് വേഷം മാറി വന്നാൽമതി. ഊണ് ഇവിടെനിന്നാകാം.” എന്ന് ചന്ദ്രൻപിള്ള പറയുന്നതു കേട്ട ചെല്ല പ്പന് അത്ഭുതമാണോ സന്തോഷമാണോ കൂടുതലുണ്ടായത് എന്നറിയില്ല.

എന്തായാലും അങ്ങനെ ചെല്ലപ്പന്റെ കാര്യം ചന്ദ്രൻപിള്ള നോക്കിത്തുടങ്ങി. ചെല്ലപ്പൻ ഉറങ്ങുന്നത് കോളനിയിൽ പണിതീരാതെ കിടക്കുന്ന ഒരു വീടിന്റെ കാർഷെഡിലാണ് എന്ന് ചന്ദ്രൻപിള്ള കണ്ടെത്തി. അത്രയും സമാധാനം. അയാൾ മണ്ണിലാണ് കിടക്കുന്നത് എന്നതിന് ഒരു പരിഹാരം ആലോചിച്ചപ്പോഴാണ് വീട്ടിൽ ഇരുമ്പുകൊണ്ടുണ്ടാക്കിയ മടക്കാവുന്ന ഒരു കട്ടിൽ ഉള്ള കാര്യം ഓർമ്മിച്ചത്. അതെന്തായാലും ആരും ഉപയോഗിക്കാതെ കിടക്കുകയല്ലേ? ചെല്ലപ്പൻ അതുപയോഗിച്ചോട്ടെ എന്നു പറഞ്ഞ് അത് അയാൾക്ക് കൊടുത്തു.

അങ്ങനെയിരിക്കെയാണ് ഒരു ദിവസം ആപ്പീസിൽനിന്നു വരാൻ അൽപ്പം വൈകിയപ്പോൾ വീടിനുമുന്നിൽ കുറച്ച് ആൾക്കാരെ കാണാനായത്. ആദ്യം എന്തോ കുഴപ്പമുണ്ടെന്ന് ഭയപ്പെട്ടെങ്കിലും അടുത്തു ചെന്നപ്പോൾ കാര്യം മനസ്സിലായി. അവിടെ മുൻവശത്ത് അതാ താൻ കൊടുത്ത മടക്കുകട്ടിലിൽ ചെല്ലപ്പൻ കിടക്കുന്നു, ചുറ്റിനും നാലഞ്ചു പേരുമുണ്ട്. കാറിൽനിന്നിറങ്ങി അടുത്തുചെന്ന ചന്ദ്രൻപിള്ള കാര്യം തിരക്കി. ചെല്ലപ്പൻ കിടന്നിരുന്ന കാർഷെഡിൽനിന്ന് അടുത്ത വീട്ടുകാർ ഞരങ്ങലും മറ്റും കേട്ട് ചെല്ലപ്പന്റെ മകനെ അറിയിച്ചു. അയാൾ അയൽവാസിയെയും കൂട്ടി അവിടെ ചെന്ന് ആശുപത്രിയിൽ പോകാമെന്നു പറഞ്ഞത്രെ. പക്ഷെ ചെല്ലപ്പന്റെ ആവശ്യം അത്ഭുതപ്പെടുത്തുന്നതായിരുന്നു.

“എനിക്ക് ചന്ദ്രൻപിള്ളസ്സാറിനെ കാണണം.” എന്നു മാത്രമായിരുന്നു ചെല്ലപ്പന്റെ ആവശ്യം. എന്തുപറഞ്ഞിട്ടും സമ്മതിക്കാത്തതിനാൽ ഒടുവിൽ കട്ടിലോടെ എടുത്ത് ഇവിടെ കൊണ്ടുവന്നതാണ്!

കട്ടിലിനരികിൽ ഇരുന്നുകൊണ്ട് ചെല്ലപ്പന്റെ കൈപിടിച്ച് ചന്ദ്രൻപിള്ള ചോദിച്ചു, “എന്താ ചെല്ലപ്പാ വേണ്ടത്?”

“മരിക്കുന്നതിനുമുൻപ് എനിക്ക് സാറിനെ ഒന്നു കാണണം, അത്രേയുള്ളൂ. സാറും എന്റെ സഹോദരിയും മാത്രമാണ് ഞാൻ ആശുപത്രി വിട്ടിട്ടു വന്ന ശേഷം എന്നോട് മനുഷ്യരെപ്പോലെ പെരുമാറിയുള്ളൂ. അതിനു നന്ദി പറയണം. ഇനി എനിക്കു് മരിക്കാം, സാറേ. ആശുപത്രിയിലൊന്നും പോകണ്ട.” ഇങ്ങനെയാണ് ചെല്ലപ്പൻ പറഞ്ഞത്.

എന്നാൽ ചന്ദ്രൻപിള്ള വിട്ടില്ല. “ആരുപറഞ്ഞു ചെല്ലപ്പൻ മരിക്കാറായി എന്ന്? നമുക്കിപ്പൊ ആശുപത്രിയിൽ പോകാം. എല്ലാം ഭേദമാകും. ബാ, ഞാൻ കാറെടുക്കാം.”

അങ്ങനെ ചെല്ലപ്പനെയും കൂട്ടി ചന്ദ്രൻപിള്ള ആശുപത്രിയിൽ പോയി. കൂടെ ചെല്ലപ്പന്റെ മകനും ഉണ്ടായിരുന്നു. അയാളുടെ ആവശ്യപ്രകാരം സർക്കാർ ആശുപത്രിയിലാണ് പോയത്. അത് അടുത്തായതിനാൽ പോയി നോക്കാനും മറ്റും എളുപ്പമാണ് എന്നതുമായിരുന്നു ന്യായം. അത് ചന്ദ്രൻപിള്ളയ്ക്ക് സമ്മതിക്കേണ്ടതായിവന്നു. തനിക്ക് പതിവായി പോയി നോക്കാനുംമറ്റും പറ്റി എന്നു വരില്ല എന്ന് ചന്ദ്രൻപിള്ളയ്ക്ക് നന്നായി അറിയാമായിരുന്നു.

ചെല്ലപ്പന് സാരമായ രോഗമൊന്നുമില്ല എന്നും വർഷങ്ങളായി ശരിയായ ഭക്ഷണം കഴിക്കാത്തതിന്റെ ക്ഷീണവും പോശകക്കുറവും പിന്നെ സ്വയംചികിത്സ നടത്തി പലതരം മരുന്നുകൾ കഴിച്ചതിന്റെ ദോഷവും ഒക്കെ ആണെന്നായിരുന്നു ഡോക്ടറുടെ നിഗമനം.

ചെല്ലപ്പൻ ക്രമേണ ആരോഗ്യംവച്ചുവന്നു. ചന്ദ്രൻപിള്ള ഇടയ്ക്കിടക്ക് പോയി കാണാറുമുണ്ടായിരുന്നു. അങ്ങനെയിരിക്കെ, ഒരുദിവസം ചെല്ലപ്പന്റെ മകൻ ചന്ദ്രൻപിള്ളയുടെ വീട്ടിലെത്തി. ഒരാവശ്യവുമായാണ് എത്തിയത്. തന്റെ അച്ഛന്റെ അവസ്ഥ പെട്ടെന്ന് മോശമായിത്തുടങ്ങി എന്നും ആന്തരികാവയവയങ്ങളുടെ പ്രവർത്തനം മോശമായിത്തുടങ്ങി എന്ന് ഡോക്ടർ പറഞ്ഞു എന്നുമുള്ള സന്ദേശമായിരുന്നു ആദ്യം നൽകിയത്. ചെല്ലപ്പൻ ഇക്കാര്യം എങ്ങനെയോ ധരിച്ചു എന്നും താനിനി അധികനാൾ ഉണ്ടാവില്ല എന്നറിഞ്ഞ ചെല്ലപ്പൻ ചന്ദ്രൻപിള്ളസ്സാറിനെ അവസാനമായി ഒന്നു കാണണം എന്നു പറഞ്ഞു എന്നുമായിരുന്നു ആവശ്യം. ചന്ദ്രൻപിള്ള അപ്പോൾത്തന്നെ പുറപ്പെട്ടു.

അവരെത്തിയപ്പോൾ ചെല്ലപ്പൻ മയക്കത്തിലായിരുന്നു. ആശുപത്രിയിൽ വരുമ്പോഴത്തേതിനെക്കാൾ ക്ഷീണിതനായാണ് കാണപ്പെട്ടത്. എന്തായാലും മകൻ അടുത്തുചെന്നു വിളിച്ചപ്പോൾ ചെല്ലപ്പൻ ഉണർന്നു. ചന്ദ്രൻപിള്ളയെയും മകനെയും കണ്ടതിന്റെ സന്തോഷം പ്രകടമായിരുന്നു. ആശുപത്രിയിൽ എത്തിച്ചതിനുശേഷം മകനും കുടുംബവും കാര്യമായിത്തന്നെ നോക്കി എന്നത് വ്യക്തം.

അരികത്തു കട്ടിലിൽ ഇരുന്ന ചന്ദ്രൻപിള്ളയുടെ കൈ പിടിച്ചുകൊണ്ട് വന്നതിന് നന്ദി പ്രകടിപ്പിച്ചശേഷം ചെല്ലപ്പൻ വീണ്ടും പഴയ വാക്കുകൾ ആവർത്തിച്ചു, “തൃപ്തിയായി, സാറേ. ഇവനും കുടുംബവും ഇടയ്ക്കൊക്കെ വരാറുണ്ടായിരുന്നു. എല്ലാവരെയും കാണാൻപറ്റിയതിനു കാരണം സാറാണു്. അവരിതുവരെ ഇവിടെ ഉണ്ടായിരുന്നു. ഇപ്പോൾ പോയതേയുള്ളൂ. ഇനി എനിക്കു് സന്തോഷത്തോടെ മരിക്കാം, സർ.”

ഡോക്ടറെ കണ്ട് കാര്യങ്ങൾ അന്വേഷിച്ചപ്പോൾ മനസ്സിലായി, ആന്തരികാവയവങ്ങളുടെ പ്രവർത്തനെ മോശമായിവരികയാണെന്ന്, വിശേഷിച്ച് കരളിന്റെ പ്രവർത്തനം തീരെ തൃപ്തികരമല്ല. ഒരുപക്ഷെ ചെല്ലപ്പൻ മദ്യപിച്ചിരുന്നിരിക്കാം. ഇല്ലെങ്കിലേ അത്ഭുതമുള്ളൂ. എന്തായാലും ഇനി രക്ഷപ്പെടാൻ വളരെ ബുദ്ധിമുട്ടായിരിക്കും. രണ്ടോ മൂന്നോ ദിവസംകൂടി മാത്രം പ്രതീക്ഷിച്ചാൽമതി.

തിരികെ വാർഡിലേക്കു പോകുമ്പോൾ ചെല്ലപ്പന്റെ മകനും ചന്ദ്രൻപിള്ളയോടു നന്ദി പറഞ്ഞു, അച്ഛനുമായി വീണ്ടും അടുക്കാനുള്ള അവസരം ഒരുക്കിയതിനു്. മാനസികരോഗത്തെപ്പറ്റി സമൂഹത്തിലുള്ള വിശ്വാസങ്ങളാണ് അകലാൻ കാരണമെന്നും അത് സംഭവിക്കാൻ പാടില്ലായിരുന്നു എന്നും അയാൾ പറയുമ്പോൾ വാക്കുകളിൽ ഗദ്ഗദവും ശബ്ദത്തിൽ അശ്രുക്കളുമുണ്ടായിരുന്നു.

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply