ജാതകം – ഭാഗം 3

2337 Views

Novel Jathakam written by Shiva

നാവിൽ വിഷം പുരട്ടി മനസ്സ് കീറി മുറിക്കത്തക്ക വിധം വാക്കുകൾ കൊണ്ടു ശരശയ്യ തീർക്കുന്ന അമ്മായിയമ്മമാരെ പറ്റി കേട്ടിട്ടുള്ളതിനാൽ  ഏട്ടന്റെ അമ്മ എന്തൊക്കെ പറയുമെന്നറിയാതെ ഞാൻ  ആകെ വിഷമിച്ചു നിന്നു..

പക്ഷേ എന്റെ എല്ലാ ചിന്തകളെയും അസ്ഥാനത്തു ആക്കി കൊണ്ടു ഒരു ചെറുപുഞ്ചിരിയോടെ അമ്മ എന്റെ അരുകിൽ വന്നു എന്റെ കണ്ണീർ മെല്ലെ കൈകൊണ്ടു തുടച്ചു..

“സാരമില്ല മോളെ..  മോള് പേടിക്കുകയൊന്നും വേണ്ടാട്ടോ..

അവരൊക്കെ പലതും പറയും അതൊന്നും എന്റെ മോള് കാര്യമാക്കേണ്ട ..  മോള് ധൈര്യമായി അകത്തേക്ക് കയറി വാ എന്നും പറഞ്ഞു അമ്മ എന്റെ കൈയും പിടിച്ചു അകത്തേക്ക് നടന്നു..

ഒരു ഇടിവെട്ടും പേമാരിയും പ്രതീക്ഷിച്ചു നിന്ന എനിക്ക് അമ്മയുടെ വാക്കുകൾ തികച്ചും അത്ഭുതം ആയിരുന്നു.. ഇങ്ങനെയും അമ്മായിഅമ്മമ്മാർ ഉണ്ടാവുമോ.. ശെരിക്കും എല്ലാം ഒരു സ്വപ്നം പോലെ എനിക്ക് തോന്നി..

എന്തായാലും അമ്മയുടെ വാക്കുകൾ നൽകിയ ആശ്വാസത്തിൽ  ഞാൻ അകത്തേക്ക്  കയറി ..

=======================

തികച്ചും അപരിചിതമായ അന്തരീക്ഷം ആയത് കൊണ്ടു തന്നെ എല്ലായിടവും ഒന്നു ചുറ്റിക്കാണാൻ  തീരുമാനിച്ചു കൊണ്ടു

തറവാടിനുള്ളിലൂടെ  പതിയെ ഞാൻ നടന്നു..

പണ്ട് കാലം തൊട്ടേ പണത്തിലും പ്രതാപത്തിലും മുൻപന്തിയിൽ ആയിരുന്നത് കൊണ്ടാവും കൊട്ടാരം പോലെയുള്ള വാസ്തുവാണു.  പലയിടത്തും മനോഹരമായ ചിത്രപ്പണികളും കൊത്തു വേലയും കൊണ്ടു നിറഞ്ഞിരിക്കുന്നു..

മൊത്തം തടിയിൽ നിർമ്മിച്ചത് കൊണ്ടായിരിക്കും പകലത്തെ കത്തി ജ്വലിക്കുന്ന ചൂടിലും  തണുപ്പു നിറയുന്ന മുറികൾ ആണ്….

വീടിന്റെ വടക്കു–കിഴക്കു ഭാഗത്തായിട്ടാണ്  അടുക്കള. തെക്ക്–കിഴക്കായി കിടപ്പു മുറികളും പൂജാമുറിയും ഉണ്ട്..

അവിടുന്നു  വലത്തോട്ടു തിരിഞ്ഞ് ഇടനാഴി കടന്നാൽ ഒരു നടുത്തളം.

എല്ലാം കൊണ്ടും ശരിക്കും പറഞ്ഞാൽ എനിക്കതൊരു കൊട്ടാരം പോലെ ആണ് തോന്നിയത് അത്രയേറെ വിസ്തൃതിയുള്ള തറവാടാണത് ….

അവിടത്തെ  കൊത്തുപണികളും മറ്റും  ആസ്വദിച്ചു  കൊണ്ടു ഇടനാഴിയിലൂടെ  മുന്നോട്ട് നടക്കുന്നതിന് ഇടയിൽ

ഒരു മുറിയുടെ കതക് താഴിട്ട് പൂട്ടിയിരിക്കുന്നത്  കണ്ടു ..  അതുകണ്ടപ്പോൾ എനിക്കെന്തോ  കൗതുകം തോന്നി.. കാരണം ഈ മുറി ഒഴികെ മറ്റെല്ലാ മുറികളും തുറന്നു തന്നെ കിടക്കുന്നു പിന്നെ ഇത് മാത്രം എന്തിന് താഴിട്ട് പൂട്ടി ഇടണം..

എന്തുകൊണ്ട് ആയിരിക്കും ഇത് ഇങ്ങനെ പൂട്ടി ഇട്ടിരിക്കുന്നത് എന്നും വിചാരിച്ചു കൊണ്ടു  ഞാനാ  താഴിൽ തൊട്ടതും ഒരു കൈവന്നു എന്റെ തോളിൽ പതിച്ചു ….

പെട്ടെന്ന് ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി ….

“എന്താ മോളെ ഇവിടെ നിൽക്കുന്നത് ….

“ഹാ അമ്മയായിരുന്നു ..

“എന്താ മോള് പേടിച്ചു പോയോ ..

“ഹേ ഇല്ല..  അല്ലമ്മേ എന്താ ഈ മുറി മാത്രം  ഇങ്ങനെ പൂട്ടി ഇട്ടിരിക്കു ന്നത് …..

“അതൊക്കെ പിന്നെ പറഞ്ഞു തരാം  മോള് വന്നതല്ലേ ഒള്ളു .. ആദ്യം   പോയി ഒന്ന് ഫ്രഷ് ആവാൻ നോക്കെന്നു പറഞ്ഞു അമ്മ പോയി ….

ഹാ എന്തായാലും ഞാൻ ഇനി ഇവിടെ തന്നെ ഉണ്ടല്ലോ എല്ലാം വഴിയേ അറിയാം എന്നു മനസ്സിൽ ഓർത്തു കൊണ്ടു അമ്മയുടെ

പിന്നാലെ ഞാനും  പോയി …..

=========================

കല്യാണം കഴിഞ്ഞു ഇത്ര നേരം ആയിട്ടും എന്നോടൊരക്ഷരം പോലും ദേവേട്ടൻ മിണ്ടിയില്ല എന്നത് എന്നെ വേദനിപ്പിച്ചു.. 

ഇഷ്ടമില്ലാതെ കെട്ടിയതു പോലെ ആയിരുന്നു ഏട്ടന്റെ മുഖഭാവം.

ഇടക്കെപ്പോഴെങ്കിലും എന്നെ നോക്കി ചിരിക്കുമെന്ന് വിചാരിച്ചെങ്കിലും അതുണ്ടായില്ല..  ഞാൻ നോക്കുമ്പോഴൊക്ക ആ മുഖത്തു ഗൗരവം നിറഞ്ഞു നിന്നു.

എനിക്ക് ആണെങ്കിൽ അതു കണ്ടിട്ട് ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു..

ഒന്നു ചിരിച്ചാൽ നിങ്ങളുടെ വായിലെ മുത്തു പൊഴിയുമോ എന്നു ചോദിക്കണം എന്നുണ്ടായിരുന്നു.. പിന്നെ വന്നു കേറിയ ഉടനെ ഒരു വഴക്ക് വേണ്ട എന്നോർത്ത് ഞാൻ ക്ഷെമിച്ചു..

അങ്ങനെ എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷത്തിലേക്ക് കടക്കാൻ പോവുകയാണ്.. എന്റെ ആദ്യരാത്രിയിലേക്ക്..

ഏട്ടന്റെ ഇതുവരെയുള്ള പെരുമാറ്റം കണ്ടു ഒരൽപ്പം ആശങ്കയോടെയാണ് ഞാൻ ഒരു ഗ്ലാസ്‌ പാലുമായി  കതകു തുറന്നു അകത്തേക്ക് കയറിയത് ..

ഞാൻ നോക്കുമ്പോൾ ദേവേട്ടൻ സിഗരറ്റും വലിച്ചു ജന്നലിലൂടെ പുറത്തേക്കു നോക്കി നിൽക്കുകയാണ് ….

എന്റെ ഉള്ളിൽ ഒരൽപ്പം ടെൻഷൻ ഉണ്ട്.. പഴയകാര്യങ്ങൾ ഒക്കെ ദേവേട്ടന്റെ മനസ്സിൽ ഇപ്പോഴും  ഉണ്ടായിരിക്കുമോ ..

ഹേയ് ഉണ്ടാവില്ല ഉണ്ടായിരുന്നു എങ്കിൽ പിന്നെ  എന്നെ കെട്ടില്ലായിരുന്നല്ലോ ….

ഞാൻ പോയി വാതിൽ കുറ്റിയിട്ടു.. 

ഞാൻ വന്നത് അറിഞ്ഞു കാണും എന്നിട്ടും ദേവേട്ടൻ ഒന്ന്  നോക്കുന്നു പോലുമില്ല .

ഇനിയിപ്പോൾ എങ്ങനെ സംസാരിച്ചു തുടങ്ങും .

എനിക്കെന്തോ ഇതുവരെ തോന്നാത്തൊരു നാണം ….

ദേവേട്ടൻ എന്നെ ശ്രദ്ധിക്കാൻ  വേണ്ടി  ഞാൻ ചെറുതായി ഒന്നു ചുമച്ചു  പക്ഷേ ഏട്ടൻ നോക്കിയില്ല.. അതു കണ്ടു ദേഷ്യം കേറി ഞാൻ കാൽ നിലത്തു നിന്ന്  പൊക്കിയിട്ട് തറയിൽ ഒരൊറ്റ ചവിട്ട്..

എന്റെ കൊലുസിന്റെ ശബ്ദം കേട്ടിട്ടാവണം  ഏട്ടൻ തിരിഞ്ഞു ഒന്ന് നോക്കി  എന്നിട്ട് സിഗരറ്റ് കളഞ്ഞു എന്റെ അരികിലേക്ക്  വന്നു ….

എന്റെ ചങ്കിടിപ്പ് കൂടി കൂടി വന്നു.. എനിക്കെന്തോ ആ മുഖത്തേക്ക് നോക്കാൻ ആവുന്നില്ല ..

ഉള്ളിൽ ഒരു നാണം ….

ഞാൻ കൈയിൽ ഇരുന്ന പാൽ ദേവേട്ടന് നേരെ  നീട്ടി ..

“ഇതെന്താ പാലൊക്കെ ….

“അതു പിന്നെ അമ്മ തന്നു വിട്ടതാണ് ….

“മ്മം അതു നീ തന്നെ അങ്ങ് കുടിച്ചോ എനിക്ക് വേണ്ട..

“അല്ല ഏട്ടാ അതുപിന്നെ ഏട്ടൻ അൽപ്പം കുടിച്ചിട്ട് എനിക്ക് തന്നാൽ മതി ..

“അതെന്തിനാ..

“അതുപിന്നെ അങ്ങനാണ്

“എങ്ങനാണ്..?

“അതുപിന്നെ  ഇതൊരു ചടങ്ങല്ലേ..

“ചടങ്ങ് മാങ്ങാത്തൊലി..  കല്യാണം വേണ്ടെന്ന് പറഞ്ഞു നിന്ന ഞാൻ അമ്മയുടെ ഒറ്റ വാശിയുടെ പേരിലാണ് നിന്റെ കഴുത്തിൽ താലി കെട്ടിയത് തന്നെ….

അതുകേട്ടതും ഞാനാകെ ഷോക്കടിച്ചപോലെ നിന്നു. അതുവരെ ഞാൻ കെട്ടിപ്പൊക്കിയ സ്വപ്നങ്ങൾ എല്ലാം ഒരു നിമിഷം കൊണ്ടു തകർന്നടിഞ്ഞു പോയി. എന്റെ കണ്ണുകൾ ഒക്കെ നിറഞ്ഞു തുടങ്ങി..

“അപ്പോൾ ദേവേട്ടൻ എന്നെ ഇഷ്ടമല്ലായിരുന്നോ ..

“ഇഷ്ടം കോപ്പ്..  ഇഷ്ടപ്പെടാൻ പറ്റിയൊരു ഒരു സാധനം..

നീ എന്താ വിചാരിച്ചത് പഴയതൊക്കെ ഞാൻ മറന്നു കാണുമെന്നോ  ….  അതൊന്നും ചത്താലും ഞാൻ മറക്കില്ലെടി ഫൂലൻ ദേവി..

നിന്നെ പോലൊരു ഭദ്രകാളിയെ എന്റെ ജീവിതത്തിൽ വേറെ ഞാൻ കണ്ടിട്ടില്ല.. 

ഈ ലോകത്തു എനിക്ക് ആരോടെങ്കിലും ദേഷ്യം ഉണ്ടെങ്കിൽ അതു നിന്നോട് മാത്രമാണ്..

അതും കൂടി കേട്ടപ്പോൾ  സത്യം പറഞ്ഞാൽ എനിക്ക് ദേഷ്യം വന്നു ..

“ഇഷ്ടമല്ലായിരുന്നെങ്കിൽ പിന്നെ നിങ്ങൾ എന്തിനാ എന്നെ കെട്ടിയത് ….

“അതിനു കാരണം എന്റെ അമ്മയാണ് .. ഈ കല്യാണത്തിന് സമ്മതിച്ചില്ലെങ്കിൽ പിന്നെ  നീ എന്നെ  ജീവനോടെ കാണില്ല എന്നു അമ്മ പറഞ്ഞു, ആ ഒരൊറ്റ കാരണം കൊണ്ടാണ് നിന്നെ എടുത്തെന്റെ തലയിൽ വെച്ചത്  അല്ലാതെ എനിക്ക് ഇഷ്ടം ഉണ്ടായിട്ടല്ല  …. 

കല്യാണമേ വേണ്ടെന്ന് ഞാൻ ഒരായിരം വട്ടം ഞാൻ അമ്മയോട് പറഞ്ഞതാണ്  പക്ഷേ എന്റെ വിധി ഇനിയത്  അനുഭവിച്ചല്ലേ പറ്റുകയുള്ളു ….

“ഓ അത്രക്ക് ബുദ്ധിമുട്ടി എന്നെ ആരും സഹിക്കേണ്ട..

“ഒന്നു ഇറങ്ങി പോടീ ഇവിടുന്ന്

എന്നും പറഞ്ഞു ഏട്ടൻ കുനിഞ്ഞു കട്ടിലിന്റെ അടിയിൽ നിന്നും ഒരു കുപ്പിയും ഗ്ലാസ്സും എടുത്തു..

“ഓഹോ അപ്പോൾ  നിങ്ങൾ കുടിക്കുമല്ലേ.. 

“ഹാ ഞാൻ കുടിക്കും അതിനു നിനക്കെന്താ..  നീ നിന്റെ കാര്യം നോക്കെടി …..

പ്രതീക്ഷകൾ എല്ലാം ഒരു നിമിഷം കൊണ്ടു തകർന്നു തരിപ്പണമായി  ദേഷ്യം കേറി നിന്ന എന്റെ അടുത്ത് ദേവേട്ടൻ അതും കൂടി പറഞ്ഞതോടെ എന്റെ സകല നിയന്ത്രണം വിട്ടു ..

“നിങ്ങൾക്കുള്ള പണി ഞാൻ തരുന്നുണ്ട്  എന്നും പറഞ്ഞു ഞാൻ അമ്മയെ വിളിച്ചു.

“അമ്മേ ഓടി വായോ.. ദേ ഈ  ഏട്ടൻ കള്ള് കുടിക്കുന്നേ..

അതുകേട്ടു ആകെ വെപ്രാളം കാണിച്ചു ഏട്ടൻ എന്റെ അടുത്തേക്ക് ഓടി വന്നു..

“കിടന്നു കാറല്ലേടി എന്നും പറഞ്ഞു ഏട്ടൻ  എന്റെ പിന്നിൽ വന്നു നിന്നു  വാ പൊത്തി പിടിച്ചു ..

പെട്ടെന്ന് ഏട്ടന്റെ കൈയിൽ ഞാൻ നല്ലൊരു കടി വെച്ച് കൊടുത്തു..

അതോടെ അമ്മേ എന്റെ കൈ എന്നും പറഞ്ഞു ഏട്ടൻ കൈ മാറ്റി..

“നിന്നെ ഇന്നു കാണിച്ചു തരാടി എന്നും പറഞ്ഞു ഏട്ടൻ എന്നെ തല്ലാനായി കൈ ഓങ്ങിയതും കതകിൽ ഒരു മുട്ടുകേട്ടു..

ഞാൻ വേഗം പോയി  കതക്  തുറന്നപ്പോൾ മുന്നിൽ അമ്മ ….

“എന്താ മോളെ എന്തു പറ്റി  ..

“അമ്മേ എന്നും പറഞ്ഞു ഞാൻ കള്ള കണ്ണീരൊഴുക്കി അമ്മയെ കെട്ടിപിടിച്ചു..

“എന്താ മോളെ എന്തുപറ്റി കരയാതെ കാര്യം പറ..

“എന്താടാ  എന്തുപറ്റി ഇവൾക്ക്  നീ എന്തേലും ചെയ്തോ..

“ഞാൻ ഒന്നും ചെയ്തില്ല അമ്മേ അവൾക്കു വട്ടാണ്..

“മോളെ കരയല്ലേ എന്താണെന്നു വെച്ചാൽ അമ്മയോട് പറ..

“അതുപിന്നെ അമ്മേ എന്നോട് ഈ ചതി ചെയ്യേണ്ടായിരുന്നു..

“ചതിയോ എന്തു ചതി മോളെ നീ കരയാതെ എന്താണെന്നു വെച്ചാൽ തെളിച്ചു പറ..

“അതുപിന്നെ അമ്മയുടെ മോൻ ഒരു മുഴുകുടിയൻ ആയിരുന്നെന്നു എന്തുകൊണ്ടാണ് എന്നോട് പറയാതെ ഇരുന്നത്..

“കുടിയനോ ആര്.. എന്തൊക്കെയാ മോളെ നീ ഈ പറയുന്നത്..

“ഞാൻ പറഞ്ഞില്ലേ അമ്മേ അവൾക്കു വട്ടാണെന്ന് ..

“വട്ട് ആർക്കാണെന്ന് അറിയണമെങ്കിൽ അമ്മ അമ്മയുടെ  മോന്റെ  കൈയിലേക്ക് ഒന്ന് നോക്ക്   അപ്പോൾ അറിയാലോ സത്യം എന്താണെന്നു ..

ഏട്ടൻ കുപ്പിയും ഗ്ലാസ്സും പുറകിൽ മറച്ചു പിടിച്ചിരിക്കുകയായിരുന്നു ..

“എന്താടാ നീ മറച്ചു പിടിച്ചിരിക്കുന്നത് ….

“ഒന്നുമില്ല അമ്മേ എന്നും പറഞ്ഞു ഏട്ടൻ ഒന്നു പരുങ്ങി .

അതുകണ്ടപ്പോൾ എനിക്ക് ചിരി വന്നു ….

“നിന്റെ കൈയിൽ എന്താണെന്നാണ് ചോദിച്ചത്..

“അതോ അതു കട്ടൻ ചായ ആണമ്മേ ….

“കട്ടൻ ചായയോ ..?

“നുണയാ അമ്മേ  അത് ചായ ഒന്നും അല്ല  മദ്യമാണ് . 

“അല്ലമ്മേ സത്യമായും ഇത് കട്ടൻ ചായയാണ്  സംശയം ഉണ്ടെങ്കിൽ ഇന്നാ അമ്മ ഇതൊന്ന്  കുടിച്ചു നോക്കിക്കേ എന്നും  പറഞ്ഞു ഏട്ടൻ അതൽപ്പം ഗ്ലാസ്സിൽ ഒഴിച്ച് അമ്മക്ക് കൊടുത്തു ..

അതോടെ ഞാൻ ആകെ കൺഫ്യൂസ് ആയി പോയി..  ഞാൻ നോക്കുമ്പോൾ ഏട്ടൻ എന്നെ നോക്കി ചിരിക്കുന്നു..

അപ്പോഴേക്കും അമ്മ അതൽപ്പം  കുടിച്ചു ….

“ശെരിയാ മോളെ ഇത് കട്ടൻ ചായയാണ് ..

“കണ്ടോ അമ്മേ ഞാൻ അപ്പോഴേ പറഞ്ഞില്ലെ ചായ ആണെന്ന് എന്നിട്ടിപ്പോൾ എന്തായി..

“മോളെ നീ  എന്താ ആലോചിച്ചു നിൽക്കുന്നത്  അതു ചായ തന്നെയാണ്..

“ഇനി അവളൊന്നും മിണ്ടില്ല അമ്മേ… അമ്മയോട് ഞാൻ  അപ്പോഴേ പറഞ്ഞതാണ് ഈ തലക്ക് സ്ഥിരമില്ലാത്തവളെ ഒന്നും ഞാൻ  കെട്ടില്ലാന്നു എന്നിട്ടിപ്പോൾ എന്തായി ചായ കണ്ടിട്ട് മദ്യമാണ് പോലും..

“അവൾക്കല്ല ഭ്രാന്ത് നിനക്കാണ്..

“ങേ എനിക്കോ..

“ഹാ നിനക്ക് തന്നെ..  അല്ലാതെ   ഈ പാതിരാക്ക് കുപ്പിക്കകത്തു ചായ ഒഴിച്ച് വെച്ചിട്ടു കുടിക്കുന്ന നിനക്ക് ഭ്രാന്തല്ലാതെ പിന്നെ എന്താടാ..

“അതുപിന്നെ അമ്മേ ഞാൻ ഒരു രസത്തിന് ചെയ്തതാണ്..

“ഉവ്വ നിന്റെ രസം കുറച്ചു കൂടുന്നുണ്ട് മര്യാദക്ക് പോയി കിടക്കാൻ നോക്കെടാ ചെറുക്കാ….

ഞാൻ ആകെ അന്തം വിട്ട പോലെ നിൽക്കുകയായിരുന്നു..

” മോളെ പോട്ടെ  സാരമില്ല അവനു വട്ടാണ് നീ അതു കാര്യമാക്കേണ്ട എന്റെ മോള് പോയി കിടന്നോ എന്നും പറഞ്ഞു അമ്മ എന്റെ തലയിലുടെ തലോടി….

എന്നിട്ട്  രണ്ടും  വാതിൽ അടച്ചു കിടക്കാൻ നോക്ക് എന്നും പറഞ്ഞു അമ്മ പോയി ….

അമ്മ പോയതും ഏട്ടൻ പോയി  വാതിലടച്ചു …..

“എന്താടി ചമ്മി പോയോ.. എനിക്കറിയാം നീ ഇങ്ങനെയൊക്കെ തന്നെ പെരുമാറുമെന്നു അതുകൊണ്ട്   ഇത്  നിനക്കിട്ട് തന്നൊരു ചെറിയ പണിയാണ്.. ഇതൊരു തുടക്കം മാത്രം ആണ്.. 

നീ നോക്കിക്കോ ഇനി അങ്ങോട്ട് നിനക്കുള്ള എട്ടിന്റെ പണികൾ ഞാൻ കരുതി വെച്ചിട്ടുണ്ട്..  നിന്നെ ഇവിടുന്ന് ഞാൻ പുകച്ചു പുറത്തു ചാടിക്കുമെടി.. 

അതുകേട്ടെനിക്ക് ദേഷ്യം വന്നു.

“ഹാ നമുക്ക്  കാണാം..  നിങ്ങൾ കെട്ടിയ താലിയാണ്  എന്റെ ഈ  കഴുത്തിൽ  കിടക്കുന്നതെങ്കിൽ എന്നെ കൊന്നാലും ശെരി ഞാൻ ഇവിടം വിട്ടു പോവില്ല….

നിങ്ങളെയുണ്ടല്ലോ.. നിങ്ങളെ ഞാൻ  വരച്ച വരയിൽ  നിർത്തിയിരിക്കും..

“ഓ പിന്നെ.. നമുക്ക് കാണാമെടി നത്തോലി  …..

“നത്തോലി  തന്റെ.. എന്നെക്കൊണ്ടൊന്നും പറയിക്കല്ലേ..

“നീ പറയെടി..

“താൻ പോടോ തന്നോട് എനിക്കൊന്നും പറയാനില്ല  എന്നും പറഞ്ഞു ഞാൻ കട്ടിലിൽ കേറി കിടക്കാൻ തുടങ്ങി..

“അല്ല എന്താ മോളുടെ ഉദ്ദേശം…  ഇതെന്റെ കട്ടിലാണ്  ഇതിൽ ഇപ്പോൾ  ഞാൻ മാത്രമേ കിടക്കുന്നുള്ളു .

തമ്പുരാട്ടി താഴെ  കിടന്നാൽ മതി..  ദോ ആ മൂലക്ക് പായ ഇരുപ്പുണ്ട് അതെടുത്തോളു….

“ഇത് നിങ്ങളുടെ കട്ടിൽ ആണെന്ന് പേരെഴുതി ഒന്നും വെച്ചിട്ടില്ലല്ലോ അതുകൊണ്ട്   ഈ കട്ടിലിൽ തന്നെ ഞാൻ  കിടക്കും… നിങ്ങൾക്ക് വേണമെങ്കിൽ താഴെ ഇറങ്ങി കിടന്നോ ….

“ആഹാ എന്റെ വീട്ടിൽ വന്നിട്ട് എന്നെ ഭരിക്കാൻ വരുന്നോ എന്നു ചോദിച്ചു കൊണ്ടു  ഏട്ടൻ എന്റെ നേരെ കൈയോങ്ങി….

“ദേ എന്റെ ദേഹത്തു എങ്ങാനും തൊട്ടാൽ എന്റെ സ്വഭാവം മാറും..

“ഓഹോ എങ്കിൽ അതൊന്നു കാണണം അല്ലോ എന്നും പറഞ്ഞു ഏട്ടൻ എന്റെ നേരെ വീണ്ടും കൈ ഓങ്ങിയതും  “അമ്മേ ഓടിവായോ ഈ ഏട്ടൻ എന്നെ തല്ലി കൊല്ലാൻ പോവുന്നെ എന്ന്  ഞാൻ വിളിച്ചു കൂവി..

“നീ എന്തിനാടി പുല്ലേ എല്ലാത്തിനും അമ്മയെ വിളിക്കുന്നത് ..

“അപ്പോൾ മോന് പേടിയുണ്ടല്ലേ..

എന്നാൽ പിന്നെ ഞാൻ കട്ടിലിൽ തന്നെ കിടന്നോട്ടെ..

“പണ്ടാരമടങ്ങാൻ നീ എവിടെ എങ്കിലും കിടക്കെന്നും പറഞ്ഞു കൊണ്ടു  ദേഷ്യത്തിൽ ഏട്ടൻ നിലത്തു പായ വിരിച്ചു കിടന്നു ..

“എന്റെ ഈശ്വരാ ഇതിപ്പോൾ വേലിയിൽ ഇരുന്ന പാമ്പിനെ എടുത്തു എവിടെക്കൊയോ വെച്ചപോലത്തെ അവസ്ഥയായല്ലോ എന്ന് കിടക്കുന്നതിനിടയിൽ ഏട്ടൻ പൊറുപൊറുക്കുണ്ടായിരുന്നു….

അതുകേട്ടു എനിക്കാണെങ്കിൽ ചിരിയും  വന്നു ….

===========================

നേരം ഒരുപാടായി ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു പക്ഷേ എനിക്കെന്തോ  ഉറക്കം വന്നില്ല ..

ഇനിയിപ്പോൾ വീട് മാറി കിടന്നത് കൊണ്ടാവും..

ഞാൻ പതിയെ എഴുന്നേറ്റു ഏട്ടനെ നോക്കി ഏട്ടൻ നല്ല ഉറക്കത്തിലാണ്..  കലിപ്പാൻ ആണെങ്കിലും ആളൊരു പാവമാണെന്ന് തോനുന്നു..

പഴയ കാര്യങ്ങളൊക്കെ  മനസ്സിൽ ഉള്ളത് കൊണ്ടുള്ള ദേഷ്യമാണ് എന്നോട് ….  

വഴിയേ ആ ദേഷ്യമൊക്കെ മാറ്റിയെടുക്കാൻ നോക്കണം.. 

പക്ഷേ എന്താണെന്നു അറിയില്ല ചിലപ്പോഴൊക്കെ  ദേവേട്ടനെ ദേഷ്യം പിടിപ്പിക്കാനും  ഒരു രെസമുണ്ട് ….

അതിനിടയിൽ  വീട്ടുകാരെ കുറിച്ചുള്ള ഓർമ്മകൾ മനസ്സിൽ വന്നു നിറഞ്ഞു..

അച്ഛനും അമ്മയും അനിയത്തിയും ഒക്കെ ഉറങ്ങി കാണുമോ ..

അവരെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു ..

എന്നും അനിയത്തിയോട് വഴക്കു കൂടിയിട്ടേ ഞാൻ ഉറങ്ങാറുള്ളു . ഇപ്പോൾ അവൾ അടുത്തില്ലാത്ത കൊണ്ടു എന്തോ പോലെ..

അവരെ എല്ലാവരെയും  ഇപ്പോൾ ഒന്നു കണ്ടാൽ കൊള്ളാമെന്നുണ്ട്…. പക്ഷേ അതിനു  പറ്റില്ലല്ലോ എന്നോർത്തപ്പോൾ

എന്റെ  കണ്ണുകൾ നിറഞ്ഞു തുടങ്ങി ..

അപ്പോഴേക്കും തണുത്തൊരു കാറ്റ് ജനലിൽ കൂടി കടന്നു വന്നു എന്നെ തഴുകി കടന്നു പോയി….

ഞാൻ പതിയെ എഴുന്നേറ്റു ജന്നലിന്റെ അരികിലേക്ക് നടന്നു..

ജന്നലിന്റെ അടുത്തെത്തി അതിലുടെ പുറത്തേക്ക് നോക്കി….

ആകാശത്തു പാതി മറഞ്ഞ ചന്ദ്രൻ നേരിയ വെട്ടം തരുന്നുണ്ട്..  ആകാശത്തു പൂവിട്ട പൂക്കളെ പോലെ നിറയെ നക്ഷത്രങ്ങൾ മിന്നി മിന്നി നിൽക്കുന്നു..

ഞാൻ മുറ്റത്തേക്ക് നോക്കി.. മുറ്റത്തു കൂടി അങ്ങ് ഇങ്ങായി മിന്നാമിനുങ്ങുകൾ പാറി കളിക്കുന്നു.. ചെറുതരി വെട്ടം കൊണ്ടവർ കൂരിരുട്ടിനെ കീറി മുറിക്കുകയാണ്  ..

പെട്ടെന്ന് മുറ്റത്തു എന്തോ ഒരു  തിളക്കം കണ്ടു ഞാൻ അങ്ങോട്ടേക്ക് സൂക്ഷിച്ചു നോക്കി.. ഒന്നും വ്യക്തമായി കാണാൻ ആവുന്നില്ല.. 

മേഘങ്ങൾ ചന്ദ്രനെ പൂർണ്ണമായും മറച്ചു കഴിഞ്ഞിരിക്കുന്നു..

അതെന്താവും എന്നറിയാൻ ആകാംഷയോടെ   ജന്നലിൽ പിടിച്ചു കൊണ്ടു ഞാൻ നോക്കി നിന്നു..

പതിയെ പതിയെ മേഘങ്ങൾ ചന്ദ്രനെ വിട്ടകന്നതും മുറ്റത്തേക്ക്  നേരിയ പ്രകാശം  വീണു തുടങ്ങി..

ഞാൻ ആകാംഷയോടെ അതെന്താണ് എന്ന് സൂക്ഷിച്ചു നോക്കി കൊണ്ടിരുന്നു..  പതിയെ പതിയെ അതു  വ്യക്തമായി തുടങ്ങിയതും

ആ കാഴ്ച്ച കണ്ടു ഒരു നിമിഷം ഞാൻ  ഞെട്ടി തരിച്ചു നിന്നു പോയി..

(തുടരും… )

(ആദ്യരണ്ടു പാർട്ടിനും നിങ്ങൾ തന്ന വലിയ സപ്പോർട്ടിനു നന്ദി.. തുടർന്നും ഉണ്ടാവുമെന്ന വിശ്വാസത്തോടെ..

സ്നേഹപൂർവ്വം… ശിവ )

 

ശിവ യുടെ മറ്റു നോവലുകൾ

ശ്രീലക്ഷ്മി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Jathakam written by Shiva

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ജാതകം – ഭാഗം 3”

Leave a Reply