Skip to content

ജാതകം – ഭാഗം 4

Novel Jathakam written by Shiva

ഫണം ഉയർത്തിപ്പിടിച്ചു കൊണ്ടു ഒരു സർപ്പം നിൽക്കുന്നു..  അതിന്റെ തലയിൽ ഇരിക്കുന്ന മുത്തു പോലെയുള്ള എന്തോ ഒന്നാണ് തിളങ്ങുന്നത്.. 

ഒരു  പക്ഷേ  പണ്ട് മുത്തശ്ശി പറയാറുള്ളതു പോലെ നാഗങ്ങളുടെ തലയിൽ ഉള്ള  നാഗമാണിക്യം ആയിരിക്കുമോ അത്..

ഇരുളിലും അത് തിളങ്ങി നിൽക്കുമെന്നും  അതിന്റെ വെളിച്ചത്തിൽ ആ നാഗത്തിനു ഇരുളിനെ കീറി മുറിച്ചു അതിവേഗം സഞ്ചരിക്കാൻ ആവുമെന്നും ഒക്കെ എന്റെ  മുത്തശ്ശി പറഞ്ഞു  ഞാൻ കേട്ടിട്ടുണ്ട് ..

പക്ഷേ നാഗമാണിക്യം ഏറ്റവും സവിശേഷതയുള്ള നാഗങ്ങൾക്ക്  മാത്രമേ ഉണ്ടാവാറുള്ളു.. 

ആ നാഗത്തിനെ അങ്ങനെ ഇങ്ങനെയൊന്നും  മനുഷ്യർക്ക് കാണാനും സാധിക്കില്ല എന്നാണ് മുത്തശ്ശി പറഞ്ഞിട്ടുള്ളത് .. 

പക്ഷേ എനിക്കത് എങ്ങനെ കാണാൻ കഴിഞ്ഞു..

ഇനിയിപ്പോൾ ഇത് എന്റെ വെറും തോന്നൽ ആയിരിക്കുമോ..  കണ്ണുകൾക്ക് മുന്നിൽ കണ്ടത് വിശ്വസിക്കാനാവാതെ

ഞാൻ വേഗം ദേവേട്ടനെ വിളിക്കാൻ ഒരുങ്ങി ..

ദേവേട്ടൻ നല്ല ഉറക്കമാണ്. ഇനിയിപ്പോൾ വിളിച്ചാൽ ദേഷ്യപ്പെടുമോ ..

അല്ലെങ്കിൽ വേണ്ട വിളിക്കണ്ട എന്നും പറഞ്ഞു ഞാൻ വീണ്ടും പുറത്തേക്ക് നോക്കിയപ്പോൾ  അവിടെങ്ങും ആ പാമ്പിനെ കാണുന്നില്ല ….

ശ്ശെടാ ഇതെവിടെ പോയി എനിക്ക് ആകെ ആകാംഷയായി….  മുറ്റത്തേക്ക് ഇറങ്ങി നോക്കിയാലോ  അല്ലെങ്കിൽ വേണ്ട എല്ലാം തോന്നൽ തന്നെ ആയിരിക്കും

എന്തായാലും നേരം ഒരുപാട് ആയി കാണും കിടന്നേക്കാം എന്ന് കരുതി ഞാൻ പോയി കിടന്നു..

പതിയെ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു.

=======================

പിറ്റേന്ന് നേരം പുലർന്നു അടുത്തുള്ള അമ്പലത്തിൽ നിന്നുള്ള പാട്ടു കേട്ടാണ് ഞാൻ ഉണർന്നത് ….

“ശ്ശോ എന്തൊരു തണുപ്പാണ് എഴുന്നേൽക്കാനേ തോന്നുന്നില്ല വീട്ടിൽ ആയിരുന്നെങ്കിൽ ഈ തണുപ്പത്തു പത്തുമണിയാവാതെ എഴുന്നേൽക്കില്ലായിരുന്നു ഇതിപ്പോൾ ഇവിടെ അതു പറ്റില്ലല്ലോ ..

മനസ്സില്ലാ മനസ്സോടെ ഞാൻ എഴുന്നേറ്റു..

ഏട്ടൻ നല്ല ഉറക്കമാണ് ..

ഞാൻ എഴുന്നേറ്റു കഴിഞ്ഞു ഏട്ടൻ ഇങ്ങനെ പുതച്ചു മൂടി കിടക്കുന്നത് കണ്ടപ്പോൾ എനിക്കെന്തോ അത്ര ബോധിച്ചില്ല…. നമ്മൾ എഴുന്നേറ്റ് കഴിഞ്ഞു മറ്റൊരാൾ കിടന്നു ഉറങ്ങുന്നത് കാണുബോൾ തോന്നുന്ന ഒരു തരം അസൂയ അല്ലെങ്കിൽ അമ്മ പറയാറുള്ള പോലെ കൃമികടി എന്നൊക്കെ പറയാം.. 

അതുകൊണ്ട് തന്നെ

എഴുന്നേറ്റു നടക്കുന്ന കൂട്ടത്തിൽ ഏട്ടന്റെ കാലിനിട്ട് ഒരു ചവിട്ട് വെച്ചു കൊടുത്തു….

“അമ്മേ എന്റെ കാൽ.. എന്നും പറഞ്ഞു ഏട്ടൻ കണ്ണ് തുറന്നു..

“അയ്യോ സോറി ഏട്ടാ ഞാൻ കണ്ടില്ലായിരുന്നു….

“അവളുടെ അമ്മുമ്മേടെ ഒരു സോറി എനിക്കറിയാമെടി പട്ടി  നീ മനഃപൂർവം  ചവിട്ടിയതാണെന്നു..

“ആഹാ മനസ്സിലായോ എങ്കിലേ കണക്കായി പോയി….  എന്റെ മോൻ പോയി കേസ് കൊടുക്ക്..

“അതിന്റെ ആവശ്യം ഇല്ല നിന്നെ ഇന്ന് ഞാൻ കാണിച്ചു തരാമെടി കോപ്പേ എന്നും പറഞ്ഞു ഏട്ടൻ എഴുന്നേൽക്കാൻ ഒരുങ്ങിയതും

ഞാൻ ഓടി വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങി….

തിരിഞ്ഞു നോക്കുമ്പോൾ ഏട്ടൻ പിന്നാലെ ഇല്ലായിരുന്നു.. അങ്ങനെ  അകത്തളത്തിലുടെ നടന്നു നേരെ ഉമ്മറത്തു എത്തി..

എന്തൊരു ഭംഗിയാണ് ഈ പ്രഭാതം കാണാൻ….സൂര്യൻ ഉദിച്ചുയർന്നു കഴിഞ്ഞു എങ്കിലും മൂടുപടം മാറ്റാന് മടിച്ചു നില്ക്കുന്ന മണവാട്ടിയെപ്പോലെ ഇനിയും മഞ്ഞു പുതപ്പിനുള്ളിൽ ഒളിച്ചു വെക്കയാണ് ഈ സൌന്ദര്യം..മനോഹരമായ ഒരു പ്രഭാതം .. ഈ മൂടൽ മഞ്ഞു അതിന്റെ  സൌന്ദര്യത്തിന്റെ മാറ്റു കൂട്ടുന്നതെയുള്ളൂ.. പടർന്നു  നില്ക്കുന്ന മരങ്ങൾക്ക് ഇടയിലൂടെ  സൂര്യ രശ്മികള് ഒളിഞ്ഞു നോക്കുന്നുണ്ട് ..

ഞാന് മുറ്റത്തേക്കിറങ്ങി.

പതിയെ അരിച്ചു കേറുന്നു സുഖമുള്ള തണുപ്പ്.

ഞാൻ ചുറ്റും ഒന്നു നോക്കി ഇലകളിൽ പറ്റിച്ചേർന്നു ഇരിക്കുന്ന മഞ്ഞിൻതുള്ളികൾ സൂര്യപ്രകാശത്തിൽ മുത്തുപോൽ തിളങ്ങുന്നു..

മരക്കൊമ്പിൽ ഇരുന്നിരുന്ന പക്ഷികളിൽ ചിലത് ചിറകടിച്ചു ശബ്ദമുണ്ടാക്കി ചിലച്ചു കൊണ്ടു  പറന്നു പോവുന്നു .. മറ്റു ചിലത് എന്തൊക്കെയോ പറഞ്ഞു വഴക്ക് കൂടുന്നു..

ചെടികളിൽ വിടരാൻ വെമ്പൽ കൊണ്ടു നിൽക്കുന്ന പൂ മൊട്ടുകൾ..

അതിന് ചുറ്റും പല വർണ്ണത്തിലുള്ള ചിത്രശലഭങ്ങൾ പാറി നടക്കുന്നു..

അവിടെ ഒരു മരക്കൊമ്പിൽ ഒരു കിളിക്കൂട് കണ്ടു.. അതിൽ നിന്നും ഒരു കുഞ്ഞു അതിഥി ശബ്ദം ഉണ്ടാക്കി കൊണ്ടു  പുറത്തേക്കു തലയിട്ട്  കാഴ്ചകൾ കണ്ടിരിക്കുന്നു.. വരും ദിവസങ്ങളിൽ ചിറകുകൾ വീശി അതും പറന്നു തുടങ്ങുമായിരിക്കും..

എന്തായാലും എന്തൊരു ഭംഗിയുള്ള കാഴ്ചയാണ് ഇതൊക്കെ.. ഒരിക്കൽ പോലും ഞാൻ ഇതൊന്നും ഞാൻ ആസ്വദിച്ചിട്ടില്ല..

“ഹാ മോള് എഴുന്നേറ്റോ ..  കാപ്പി ഇപ്പോൾ വേണോ അതോ പല്ല് തേരും കുളിയും ഒക്കെ കഴിഞ്ഞു മതിയോ ..

“ഞാൻ ഫ്രഷ് ആയി വന്നിട്ട് കുടിച്ചോളാം അമ്മേ ..

“ശെരി മോളെ  നമ്മുടെ വടക്ക് വശത്തു ഒരു കുളം ഉണ്ട് ..

മോള് അവിടെ പോയി  കുളിച്ചോളു..

“ശെരിയമ്മേ എന്നും പറഞ്ഞു ഞാൻ പോയി  പല്ല് തേച്ചു  തലയിൽ എണ്ണയും വെച്ചു  തോർത്തും വാങ്ങി  കുളത്തിലേക്ക്  നടന്നു  കുളത്തിനടുത്തെത്തി

വിശാലമായൊരു കുളം അതിന്റെ ഒത്ത നടുക്കൊരു ആമ്പൽ ചെടി.. കുളക്കടവിലെ  ഓരോ പടികളും മെല്ലെ ഇറങ്ങി ഏറ്റവും അവസാനത്തെ പടിയിൽ എത്തി..  ചുറ്റും ഒന്നു നോക്കിയിട്ട്  വലതു കാലു കൊണ്ടു വെള്ളത്തിൽ തൊട്ടു നോക്കി ..

ഹോ ഈശ്വരാ  എന്തൊരു തണുപ്പാണ്  എങ്ങനെ കുളിക്കും ..

പണ്ടാരമടങ്ങാൻ അമ്മയോട് കുളിച്ചിട്ട് വരാമെന്നു പറഞ്ഞും പോയി ..

ഇനിയിപ്പോൾ കുളിക്കാതെ എങ്ങനെയാണ് പോവുന്നത് ….

തലയിൽ അൽപ്പം വെള്ളം തളിച്ചിട്ട് കുളിച്ചെന്നും പറഞ്ഞങ്ങു പോയാലോ.. അല്ലെങ്കിൽ വേണ്ട

കുളിച്ചേക്കാം എന്നും പറഞ്ഞു ഒരുവിധം ഞാൻ കുളിച്ചു കേറി ഡ്രസ്സ്‌ മാറി

തണുത്തു വിറച്ചുകൊണ്ട്  അടുക്കളയിലേക്കു ചെന്നു ..

“നല്ല തണുപ്പല്ലേ മോളെ  കുറച്ചു കഴിഞ്ഞു കുളിച്ചാൽ പോരായിരുന്നോ ..

ഇന്നാ കാപ്പി കുടിക്കെന്നും പറഞ്ഞു അമ്മ എനിക്ക് കാപ്പി തന്നു അതു കുടിച്ചതോടെ  പകുതി ആശ്വാസം ആയി ..

“അമ്മേ ദേവേട്ടൻ എഴുന്നേറ്റില്ലേ ..

“അവന്റെ കാര്യം ഒന്നും പറയണ്ട രാവിലെ കാപ്പി കിട്ടിയാലേ അവൻ എഴുന്നേൽക്കു  അതാണ് അവന്റെ പതിവ് .. കാപ്പി ഭ്രാന്ത് ആണവന്..

“ഓ അങ്ങനെ ആണോ..

“മ്മം ഇന്നെന്തായാലും മോള് തന്നെ അവനു കാപ്പി എടുത്തു കൊണ്ടു പോയി കൊടുക്ക് ..

പിന്നെ അവൻ പഞ്ചാരപ്രിയനാണ്  പഞ്ചാര കൂട്ടി ഇട്ടേക്കണേ..

“ആ ശെരിയമ്മേ..

പഞ്ചാര പ്രിയന്റെ പഞ്ചാര പ്രേമം ഇന്നത്തോടെ ഞാൻ നിർത്തുന്നുണ്ട് എന്നു മനസ്സിൽ പറഞ്ഞു കൊണ്ടു അവിടെ ഇരുന്ന ഉപ്പു തിരഞ്ഞു കണ്ടു പിടിച്ചു കാപ്പിയിൽ ഉപ്പ് ആവശ്യത്തിന് അങ്ങ് ഇട്ടു ഇളക്കി എടുത്തു..

എന്നിട്ട് ആവി പറക്കുന്ന ചൂട് കാപ്പിയുമായി റൂമിലെത്തി..

ഏട്ടൻ വീണ്ടും കിടന്നു നല്ല ഉറക്കമാണ്.  എനിക്കപ്പോൾ ഒരു കുസൃതി തോന്നിയിട്ട് എന്റെ ഈറൻ മുടിയിലെ വെള്ളം പതിയെ  ഏട്ടന്റെ മുഖത്തേക്ക് ഇറ്റിറ്റു വീഴിച്ചു ….

“ശ്ശെ ഇതെന്ന കോപ്പാടി എന്നും ചോദിച്ചു ഏട്ടൻ എന്റെ നേരെ ദേഷ്യപ്പെട്ടു….

“പിന്നെ നേരം വെളുത്തു എഴുന്നേറ്റു പോവാൻ നോക്ക് മനുഷ്യാ ..

“നീ പോടീ പുല്ലേ എനിക്ക് സൗകര്യം ഉള്ളപ്പോൾ എഴുന്നേൽക്കും ..  നീ നിന്റെ കാര്യം നോക്ക്

“ഓ ഞാനത് മറന്നു എന്റെ മോൻ കാപ്പി കിട്ടാതെ എഴുന്നേൽക്കില്ല അല്ലേ ….

ഇന്നാ കാപ്പി  എന്നും പറഞ്ഞു ഞാനത് ഏട്ടന്റെ നേരെ നീട്ടി .. 

“നിന്നോട് ആര് പറഞ്ഞു എനിക്ക് കാപ്പിയുമായിട്ട് വരാൻ..

“അമ്മ പറഞ്ഞു..  തമ്പുരാൻ കിടക്കപായയിൽ നിന്നു പൊങ്ങണം എങ്കിൽ കാപ്പി വേണമത്രേ..

“ഹാ ശെരി ശെരി എന്നും പറഞ്ഞു

ഏട്ടൻ അതു കൈനീട്ടി വാങ്ങി..

പതിയെ ഊതി ഊതി കുടിച്ചതും തറയിലേക്ക് ഒറ്റ തുപ്പ്..

“എന്താ ഏട്ടാ പഞ്ചാര പ്രിയന് പഞ്ചാര കൂടി പോയോ.. എന്നും പറഞ്ഞു ഞാൻ ചിരിച്ചു.

“നിന്നെ ഇന്നു ഞാൻ കൊല്ലുമെടി പുല്ലേ എന്നും പറഞ്ഞു ഏട്ടൻ ചാടി  എഴുന്നേറ്റു വന്നു..

“ഒന്ന് പോടെയ് പേടിപ്പിക്കാതെ  എന്നും പറഞ്ഞു ചിരിച്ചു കൊണ്ടു  ഞാൻ അവിടെ നിന്നും പുറത്തേക്ക് ഓടി….

പിന്നെ കാപ്പിയുടെ പേരിൽ  അവിടെ ഒരു ഭൂകമ്പം തന്നെ ഏട്ടൻ ഉണ്ടാക്കി..

“എന്താ മോളെ നീ ഈ കാട്ടിയത് കാപ്പിയിൽ ആണോ ഉപ്പു ഇടുന്നത്..

“അതുപിന്നെ അമ്മേ ഞാനറിഞ്ഞില്ല അത് ഉപ്പാണെന്നു..  ഞാനോർത്തു പഞ്ചസാര പൊടിച്ചു വെച്ചേക്കുന്നത് ആണെന്ന്..

“കേട്ടോടാ അവൾക്ക് അറിയാതെ പറ്റിയതാണ് .. നീ ക്ഷേമിക്ക് നിനക്ക് വേറെ കാപ്പി തന്നാൽ പോരെ..

“എന്റെ അമ്മേ അവൾ മനഃപൂർവം ചെയ്യുന്നതാണ് ഇതൊക്കെ..

“പിന്നെ അവൾ അങ്ങനെ ഒന്നും ചെയ്യില്ല..

“ഓ ഞാനിനി ഒന്നും പറയുന്നില്ല എന്നും പറഞ്ഞു ഏട്ടൻ പോയി..

ഇതിപ്പോൾ അവൾക്കിട്ടു പണിയാമെന്നു വിചാരിച്ചപ്പോൾ കിട്ടുന്നത് മുഴുവൻ എനിക്കിട്ട് ആണല്ലോ ഈശ്വരാ എന്ന് ദേവൻ മനസ്സിലോർത്തു..

======================

കുളിയൊക്കെ കഴിഞ്ഞതിനാൽ

കാവൊക്കെ ഒന്നു കേറി കാണാമെന്നോർത്തു ശ്രീദേവി  കാവിന് അടുത്തേക്ക് നടന്നു..

ഗോപുരവാതിൽ പോലെ നിൽക്കുന്ന രണ്ടു പടുകൂറ്റൻ ആലുകൾക്ക് ഇടയിലൂടെ ഞാൻ കാവിനുള്ളിലേക്ക് കയറി..

ആൽ, വാക, ഏഴിലംപാല, വേപ്പ്, കരിമ്പന, ഇലഞ്ഞി തുടങ്ങിയ പലതരം വൃക്ഷലതാതികൾ നിറഞ്ഞു നിൽക്കുന്നു..

പലതരം പൂക്കളുടെ അഭൗമസൗരഭ്യം അവിടമാകെ നിറഞ്ഞു നിൽക്കുന്നു..

കാറ്റിൽ ആടിയുലയുന്ന വൃക്ഷങ്ങളുടെ മർമ്മരം കേട്ടു മുന്നോട്ടു നടന്നു..  അകലെ എവിടെ നിന്നോ കുയിൽ പെണ്ണിന്റെ സംഗീതം കേൾക്കാം..  അതിന് താളം പിടിക്കുന്നത് പോലെ പലതരം പക്ഷികൾ കലപില ശബ്ദം ഉണ്ടാക്കുന്നു ..

കാവിനുള്ളിൽ നിൽക്കുന്ന സമയം ശെരിക്കും നമ്മൾ പ്രകൃതിയെ പ്രണയിച്ചു പോവും..

പതിയെ മുന്നോട്ട് നടക്കും തോറും പേടി തോന്നും വിധം പുല്ലുകളും വള്ളിപ്പടർപ്പുകളും വളർന്നു നിൽക്കുന്നത് കണ്ടു..  അവയെ വകഞ്ഞു മാറ്റി ഞാൻ ചെന്നു നിന്നത് പടുകൂറ്റൻ അരയാലിനു കീഴിലുള്ള നാഗത്തറക്ക് മുന്നിൽ ആണ്..

അതിന് അൽപ്പം മാറി വലിയൊരു സർപ്പപ്പുറ്റ് കണ്ടു..

തല ഉയർത്തി പിടിച്ചു മൂന്നര ചുറ്റായി ഇരുന്നു നാഗങ്ങൾ ആയുസ് എത്തി ജീവൻ വെടിയുന്നതിനെ  നാഗസമാധി എന്നു പറയും

കാല ക്രെമേണ അതിനു ചുറ്റും പുറ്റു വളർന്നു മണ്ണിൽ ലയിക്കുകയും ചെയ്യും. ഇതിനെയാണ് സർപ്പപുറ്റ് എന്നു പറയുന്നത് എന്ന് മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട്..  ഇവിടെ തന്നെ അതിന്റെ ഇണനാഗവും സമാധി ആവാൻ എത്തുമെന്നും ഇവിടം ശുദ്ധിയോടെ നോക്കണം എന്നും കൂടി പറഞ്ഞു കേട്ടിട്ടുണ്ട്..

പക്ഷേ ഇവിടെ വിളക്ക് വെപ്പും പൂജയുമൊക്കെ  നടന്നിട്ടു വർഷങ്ങൾ ആയെന്ന് തോന്നുന്നു..

 ഇത്രയും വലിയ തറവാട്ടുകാർ ആയിട്ടും ഇവരെന്താ  കാവ്  ഒരു ശ്രദ്ധയും ഇല്ലാതെ ഇങ്ങനെ ഇട്ടിരിക്കുന്നത്..

എന്റെ മനസ്സിൽ  ഒരായിരം  ചോദ്യങ്ങൾ ഉയർന്നു വന്നു . 

എന്തായാലും അമ്മയോട് ഇതേ കുറിച്ച് ചോദിക്കണം എന്നു വിചാരിച്ചു   അവിടെ നിന്നും ഇറങ്ങി ഞാൻ  വീട്ടിലേക്ക്  നടന്നു.

======================

“അമ്മേ ഇവിടുത്തെ  കാവിൽ ആരും വിളക്ക്  വെക്കാറില്ലേ ..  ആകെ കാടു പിടിച്ചു കിടക്കുന്നത് കണ്ടു ..

“എന്തിനാ മോളെ അങ്ങോട്ടൊക്കെ പോയത്..

” എന്താ അമ്മേ എന്തെങ്കിലും പ്രശ്നം ഉണ്ടോ ..

“മ്മം ഇവിടാരും അങ്ങോട്ട്‌ കേറാറില്ല

“അതെന്താ അമ്മേ..

“അതൊക്കെ മോള് മുത്തശ്ശിയോട് ചോദിക്ക്..  മുത്തശ്ശി പറഞ്ഞു തരും  അമ്മക്ക് അടുക്കളയിൽ ഇത്തിരി പണിയുണ്ട് ..

” എന്നാൽ ഞാനും കൂടി സഹായിക്കാം അമ്മേ ..

“വേണ്ട മോള് പൊക്കോ ഇതെനിക്ക് ചെയ്യാനുള്ള പണിയേ ഒള്ളൂ ..

“മ്മം ശെരിയമ്മേ എന്നു പറഞ്ഞു ഞാൻ മുത്തശ്ശിയുടെ അടുത്തേക്ക് നടന്നു ..

ഞാൻ ചെല്ലുമ്പോൾ മുത്തശ്ശി കട്ടിലിൽ കിടക്കുകയായിരുന്നു..

“മുത്തശ്ശി ഉറങ്ങുവാണോ ..

“ഹേ അല്ല കുട്ട്യേ  ഇങ്ങു പോര് ..

ഞാൻ മുത്തശ്ശിയുടെ അടുക്കൽ ചെന്നിരുന്നു..

“മുത്തശ്ശി  ഞാനൊരു കാര്യം ചോദിച്ചോട്ടെ..

“മ്മം അതിനെന്താ എന്റെ കുട്ടി ചോദിച്ചോളൂ..

“അല്ല മുത്തശ്ശി നമ്മുടെ കാവിലെന്താ പൂജയും വിളക്ക് വെയ്‌പും ഒന്നും ഇല്ലാത്തെ….

എന്റെ ചോദ്യം കേട്ടതും മുത്തശ്ശിയുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു..  ആ കണ്ണുകളിൽ എന്തോ ഒരു ഭയം നിഴലിച്ചു നിന്നു..

“മുത്തശ്ശി..  മുത്തശ്ശി എന്താ ഒന്നും മിണ്ടാത്തത് ..

“ഒന്നുമില്ല കുട്ട്യേ..

“എന്നോട് പറയാൻ പാടില്ല എന്നുണ്ടോ..

“അങ്ങനെ ഒന്നുമില്ല കുട്ട്യേ ഞാൻ പറയാം.

“ഒരുകാലത്ത് അവിടെ വിളക്ക് വെപ്പും പൂജയും ഒക്കെ ഉണ്ടായിരുന്നു. നാഗത്താന്മാർ ആയിരുന്നു ഈ തറവാടിന്റെ   കാവൽ മൂർത്തികൾ..

അവരുടെ അനുഗ്രഹം കൊണ്ടു പ്രതാപവും ഐശ്വര്യവും  കുമിഞ്ഞു കൂടിയ കാലത്തു   അന്നത്തെ കാരണവരുടെ തലയിൽ  അഹങ്കാരം

കുടിയേറി പാർത്തു..  സമ്പത്തിനോട്  അദ്ദേഹത്തിന് അടങ്ങാത്ത ആഗ്രഹം ആയിരുന്നു.

ആ കാലത്ത്  എവിടെ നിന്നോ ഇവിടെ വന്ന ഏതോ ദുർമന്ത്രവാദിയിൽ നിന്നും  ഇവിടത്തെ കാവിൽ നാഗമാണിക്യം ഉണ്ടെന്നും  അതിന്റെ ശക്തിയെ കുറിച്ചും അദ്ദേഹം അറിഞ്ഞു..

അതോടെ അത് സ്വന്തമാക്കാൻ  ഉള്ള വഴികൾ അദ്ദേഹം തേടി അതിന് ആ മന്ത്രവാദിയെയും കൂട്ടു പിടിച്ചു.. അതിനു വേണ്ടിയുള്ള  കഠിന പൂജയും മന്ത്രവാദവും ചെയ്തു ഒടുവിൽ നാഗത്തെ കമ്പളിപ്പിച്ചു അവർ  നാഗമാണിക്യം സ്വന്തമാക്കി..

അത് നമ്മുടെ തറവാടിന്റെ നിലവറയിൽ കൊണ്ടു പോയി വെച്ചു.. നാഗമാണിക്യം കൈയിൽ  കിട്ടിയതോടെ കാരണവരുടെ സ്വഭാവം മാറി..  കുറച്ചു കാലം തന്റെ തറവാട്ടിൽ വെച്ച ശേഷം നാഗമാണിക്യം മന്ത്രവാദിക്ക്  തന്നു കൊള്ളാമെന്നും ഉള്ള കരാർ പാലിക്കാതെ ഇരിക്കാൻ സകല ഐശ്വര്യവും തനിക്കു മാത്രം സ്വന്തമായിരിക്കാനും വേണ്ടി അദ്ദേഹം  മന്ത്രവാദിയെ കഴുത്തിൽ വെട്ടി  കൊന്നു കുഴിച്ചു മൂടി..

നാഗമാണിക്യം നഷ്‌ടമായ നാഗം തല തല്ലി മരിക്കുമെന്നാണ് വിശ്വാസം..  അതുതന്നെ ഇവിടെയും സംഭവിച്ചു  നാഗത്തറക്കു മുന്നിൽ ആ നാഗം  തല തല്ലി മരിച്ചു.

അതോടെ തറവാട്ടിൽ ഓരോ പ്രശ്നങ്ങളും ഉടലെടുത്തു തുടങ്ങി.. കാരണവർ അടക്കം പലരും സർപ്പദംശനം ഏറ്റാണ് മരിച്ചത്..

പിന്നിട് ഇവിടെല്ലാവരും കൂടി ഒരു ജ്യോത്സ്യനെ കൊണ്ടു വന്നു  പ്രശ്നം വെപ്പിച്ചു നോക്കിയപ്പോൾ പറഞ്ഞത്  നാഗമാണിക്യം തിരിച്ചു ആ കാവിൽ തന്നെ വെക്കണം എന്നും അതുവരെ ഈ തറവാട്ടിലെ ആരും അങ്ങോട്ടേക്ക് പ്രവേശിക്കരുത് എന്നുമാണ്..  അതുകൊണ്ട് തന്നെ പൂജയും വിളക്ക് വെപ്പും ഒക്കെ മുടങ്ങി..

“എന്നാൽ പിന്നെ  ആ നാഗമാണിക്യം അവിടെ കൊണ്ടു പോയി വെച്ചുണ്ടായിരുന്നോ മുത്തശ്ശി ..

“ഇല്ല കുട്ട്യേ..  അതിനു പറ്റിയ ആരും തന്നെ ഇല്ല..  അന്ന് ആ നാഗത്തിന്റെ ശാപം കാരണം ഈ തറവാട്ടിലെ ആർക്കും അത് തൊടാൻ ആവില്ല.. മാത്രമല്ല  ഇന്നാ ആ നാഗമാണിക്യത്തിന്  അഷ്ടനാഗങ്ങളുടെയും കാവൽ ഉണ്ട്..  അതുകൊണ്ട് തന്നെ   മനഃശുദ്ധിയും ഭക്തിയും  നാഗങ്ങളുടെ അനുഗ്രഹവും ഉള്ള ഒരാൾക്കേ  മാത്രമേ അതിന് കഴിയു . അതുവരെ ആ നിലവറയിൽ കടക്കാൻ പോലും ആർക്കും ആവില്ല.  അതിനു ശ്രമിച്ചാൽ മരണം ഉറപ്പാണ്.   അതുകൊണ്ടാണ് അങ്ങോട്ടുള്ള മുറി പൂട്ടി ഇട്ടിരിക്കുന്നത്..

“കുട്ട്യേ  മുത്തശ്ശിക്ക് ഉറക്കം വരുന്നുണ്ട് ഞാനൊന്നു ഉറങ്ങട്ടെ എന്നും പറഞ്ഞു മുത്തശ്ശി തിരിഞ്ഞു കിടന്നു..

മുത്തശ്ശി അത്രയും പറഞ്ഞെങ്കിലും എന്റെ മനസ്സിലെ സംശയങ്ങൾ കെട്ടടങ്ങിയില്ലായിരുന്നു.. ഞാൻ  കൂടുതൽ ചോദ്യങ്ങൾ ചോദിക്കും എന്നറിയാമെന്നുള്ളത്  കൊണ്ടു മുത്തശ്ശി മനപ്പൂർവം ഒഴിഞ്ഞു മാറിയതാണോ എന്നെനിക്ക് തോന്നി.. കാരണം കഥ പറയുമ്പോൾ ആ കണ്ണുകളിൽ  ഞാൻ കണ്ട ഭയത്തിൽ നിന്നും ഇനിയും  എന്തൊക്കെയോ എന്നോട്  പറയാൻ ബാക്കി വെച്ചത് പോലെ എനിക്ക് തോന്നി..

പറഞ്ഞു കേട്ടിടത്തോളം ആ മുറിയെയും നാഗമാണിക്യ ത്തെയും കാവിനെയും ചുറ്റി പറ്റി എന്തൊക്കെയോ പുകമറകൾ സൃഷ്ടിച്ചിരിക്കുന്നത് പോലെ ഉണ്ട്  .. ഇനി ഒരു പക്ഷേ മുത്തശ്ശി പറഞ്ഞ കഥകൾ സത്യമെങ്കിൽ അതിനു ശേഷം നടന്നിട്ടുള്ള കാര്യങ്ങൾ  പറയാതെ അവർ  ഒഴിഞ്ഞു മാറുന്നത് എന്തിനായിരിക്കും ..

(തുടരും… )

(സ്നേഹപൂർവ്വം…  ശിവ )

 

ശിവ യുടെ മറ്റു നോവലുകൾ

ശ്രീലക്ഷ്മി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Jathakam written by Shiva

5/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!