ഉമ്മാൻ്റെ വീട്

1482 Views

Mother's Home Story by Shabna shamsu

വർഷത്തില് മൂന്നോ നാലോ പ്രാവശ്യം മാത്രമാണ് ഞങ്ങള് ഉമ്മാൻ്റെ വീട്ടിൽ പോവാറ്.,,,
ഉമ്മ മാത്രമാണ് വയനാട് ഉള്ളത്.
ബാക്കി എല്ലാരും കോഴിക്കോട് കൊടുവള്ളി എന്ന സ്ഥലത്താണ്…..

കൊടുവള്ളി പോവാന്ന് പറഞ്ഞാ വലിയ പെരുന്നാളിന് കോയി ബിരിയാണി കിട്ടിയ സുഖാണ്..

പോവുന്നതിന് ഒരാഴ്ച മുമ്പേ ഉമ്മ പോവുമ്പോ കൊണ്ടോവാനുള്ള സാധനങ്ങള് ഒരുക്കി വെക്കൽ തുടങ്ങും..
ഉണ്ടക്കുരുമുളക്, കുരുമുളക്പൊടി,ഏലം, കുത്തരി ,കഞ്ഞിക്കുള്ള പൊടിയരി, ഞങ്ങളുടെ വയലിൽ ഉണ്ടാക്കിയ നെയ്ച്ചോറിൻ്റെ അരി…..
അങ്ങനെ കുറേ വയനാടൻ ഐറ്റംസ്..

പോവുന്ന അന്ന് ഉമ്മാക്ക് ഒരു യന്ത്രത്തേക്കാൾ സ്പീഡായിരിക്കും….
എല്ലാ പണിയും തീർത്ത് എന്നേം ഇക്കാക്കനേം റെഡിയാക്കി ഉമ്മയും ഒരുങ്ങും..
ഉപ്പയാണ് ഞങ്ങളെ കൊടുവള്ളിക്ക് കൊണ്ടാക്കാ..

മൈസൂർന്ന് വരുന്ന ഒരു പച്ച KSRTC ബസിലാണ് പോവാറ്… അത് മാത്രം എനിക്ക് ഇഷ്ടല്ലാ…..
ഒരു മാതിരി ചെറിയുള്ളീൻ്റെ മണമാണ് ആ ബസ്സിന്..
കേറുമ്പോ തൊട്ട് ചർദിക്കാൻ വരും…

മുടി മണത്തും ചെറുനാരങ്ങ മണപ്പിച്ചും സ്വലാത്ത് ചൊല്ലിയും കടിച്ച് പിടിച്ച് ഉമ്മാൻ്റെ മടിയിൽ അമർന്ന് കിടക്കും..
ന്നാലും ചുരത്തില് എത്തുമ്പോ തൊട്ട് ഛർദിക്കാൻ തുടങ്ങും…
അതങ്ങ് ഛർദിച്ച് കഴിഞ്ഞാ സമാധാനാണ്….
പിന്നെ മരങ്ങള് നോക്കിയും കുരങ്ങിനെ കണ്ടും ആസ്വദിച്ചിരിക്കും…

അന്നൊക്കെ അടിവാരം എത്തുമ്പോ ബസ് നിർത്തും…
ചായ കുടിക്കാൻ.
ചായ അഡിക്റ്റ് ആയ ഉപ്പ പോയി ചായ കുടിച്ച് ഞങ്ങൾക്ക് രണ്ട് ഐസ്ക്രീമും വാങ്ങി വരും…
അങ്ങനെ പിന്നേം കുറേ യാത്ര ചെയ്ത് കൊടുവള്ളിലെത്തും….
ബസിറങ്ങി നടക്കാനുള്ള ദൂരമേയുള്ളൂ….
അങ്ങനെ ഉമ്മാൻ്റെ വീടെത്തി കഴിഞ്ഞാ ഈ പറഞ്ഞ ആവേശമൊന്നും ഉണ്ടാവൂല…
ഞങ്ങളെ വീട്ടീന്ന് കൊടും ശത്രുക്കളായ ഞാനും ഇക്കാക്കയും പത്തി മടക്കി ഒരു ഭാഗത്ത് ചുരുണ്ട് കൂടി ഇരിക്കും,…

ഇഷ്ടം പോലെ കസിൻസ് ഉണ്ടേലും ആരോടും കമ്പനി കൂടൂല….

ഒന്നാമത് ഞങ്ങള് വല്ലപ്പോഴും മാത്രം പോവുന്നോണ്ട് അവർക്കൊന്നും ഞങ്ങളെ വല്യ പരിജയല്ല….

പിന്നെ എനിക്ക് ഈ സൗന്ദര്യളള ആൾക്കാരോട് പണ്ട് തൊട്ടെ വയങ്കര കുശുമ്പാണ്….
സൗന്ദര്യം ഇല്ലാത്തോണ്ടാണ് നമ്മളെ അവരൊന്നും കൂടെ കൂട്ടാത്തതെന്ന തെറ്റായ ചിന്ത ചെറുപ്പം തൊട്ടേ കൂടെയുള്ളതാണ്….
ഉമ്മാൻ്റെ കുടുംബത്തിലാണേൽ എല്ലാരും ചോന്ന് തുടുത്ത് ആപ്പിൾങ്ങ പോലെ ഉള്ളോരാണ്…

അന്നൊക്കെ ഉമ്മാൻ്റെ ഉമ്മയാണ് ഞങ്ങൾക്ക് തിന്നാൻ തരലും കുളിപ്പിക്കലും…

അവിടെ എത്തിക്കഴിഞ്ഞാ ഉമ്മാക്ക് ഞങ്ങളെ പറ്റി യാതൊരു ചിന്തയും ഉണ്ടാവാറില്ല..

ഉമ്മ വല്ലിപ്പാൻ്റെ കാല് മ്മല് കെടന്ന് ഉമ്മാൻ്റെ അനിയത്തിമാരും ആങ്ങളമാരും ഒക്കെക്കൂടി വട്ടം കൂടിയിരുന്ന് സൊറ പറയലും ചിരിയും കളിയും ആകെക്കൂടി കാണാൻ തന്നെ നല്ല രസാണ്.

അവരെല്ലാരും കൂടിയാണ് ഭക്ഷണം ഉണ്ടാക്കാ..

മുന്തിയ ഹോട്ടലിൻ്റെ മുമ്പ് ക്കൂടി പോവുമ്പോ ണ്ടാവുന്ന മണം ല്ലേ…
അത് പോലാണ് അവിടുത്തെ അടുക്കള ….
പല തരം കൊതിപ്പിക്കുന്ന മണങ്ങളുടെ കലവറ ….
ഞങ്ങൾടെ വീട്ടില് എല്ലാ വെള്ളിയാഴ്ചയും പോത്തെറച്ചി വാങ്ങും…
അതിൻ്റെ കൂടെ കുമ്പളങ്ങയും ചേനയും നേന്ത്രക്കായും ണ്ടാവും….
ഇതൊക്കെക്കൂടി ഇട്ട് ഉമ്മ ഒരു കൂട്ടാൻ വെക്കും….

സാമ്പാറില് പോത്തെറച്ചി ഇട്ട പോലെ ണ്ടാവും…
ഒരാഴ്ച പോലും ഈ റെസിപ്പി യൊന്ന് മാറ്റി പിടിക്കൂല…

പച്ചക്കറിൻ്റെ കൂടെ കെടന്ന് കെടന്ന് എറച്ചിക്കെന്നെ നാണക്കേടാണ്….
പ്രത്യേകിച്ച് ഒരു വികാരവും ഇല്ലാത്ത ഒരു കറി….

എന്നാൽ ഉമ്മാൻ്റെ വീട്ടിൽ അങ്ങനല്ല…
രാവിലെ ഉമ്മാൻ്റെ അനിയത്തി നല്ല ചോന്നുള്ളിയും പച്ചമുളകും കറിവേപ്പിലയും ഇട്ട് വറവിട്ട കപ്പ പുഴുങ്ങിയതും മത്തിക്കൂട്ടാനും ണ്ടാക്കും….
ഈ മത്തിക്കറി ചുരത്തിൻ്റെ മേലെന്ന് ഒയിച്ചാ അങ്ങ് അടിവാരത്തെത്തും…

ന്നാലും അതിൻ്റെ ഒരു രുചി…. ഇപ്പളും വായില് കപ്പലോടും…
പിന്നെ പത്തിരി ബീഫ് കുരുമുളക് ഇട്ട് വരട്ടിയത്…..
അത് കഴിഞ്ഞ് ഉച്ചക്ക് മഞ്ഞച്ചോറും കോയിക്കറീം…
നെയ്ച്ചോറും മട്ടണും..
എല്ലാത്തിനും ഹോട്ടൽ ന്ന് കയിക്കുന്ന പോലത്തെ ടേസ്റ്റും…
അമ്മായിമാരുടെ കൈപ്പുണ്യം…..

വത്തക്ക ,ഉറുമാം പഴം, ആപ്പിൾ ,ഇതൊക്കെ ഞങ്ങൾ അവിടുന്നാണ് ആ കാലത്തൊക്കെ കാണാറ്…

ഒന്നും സ്വന്തം എടുത്ത് കഴിക്കൂല….
ആ രേലൊക്കെ തന്നാൽ തിന്നും.

മറിയാത്തൻ്റെം ഞങ്ങളെം വീടിൻ്റെ വേലി തിരിച്ചത് പൈനാപ്പിൾ ചെടി കൊണ്ടാണ്…
നല്ല പുളിയുള്ള പൈനാപ്പിള് കുറേ തിന്നിട്ടുണ്ട്…
പിന്നെ ഉപ്പാൻ്റെ തോട്ടത്തില് കുരുമുളകിൻ്റെ ഇടവിളയായി നാരങ്ങ മരങ്ങളായിരുന്നു….
അതിനും ഹലാക്കിൻ്റെ പുളിയാണ്…
പിന്നെ മൈസൂർ പഴം. നേന്ത്രപ്പഴം ,ഫേഷൻ ഫ്രൂട്ട് ,വബ്ലി മൂസ്, മാങ്ങ ,പേരക്ക ഇതൊക്കെ ആണ് ഞങ്ങള് കഴിക്കാറുള്ള പ്രൂട്ട്സ്….

ഉപ്പാക്ക് വാഴക്കുല കച്ചോടം ആയിരുന്നു അന്ന്….
നേന്ത്രവാഴ തോട്ടം പാട്ടത്തിനെടുത്ത് മൂത്ത് പാകാവുമ്പോ വെട്ടീറ്റ് മൈസൂർ കൊണ്ടോയി വിൽക്കും…
വിറ്റ് വരുന്ന അന്ന് ഒരു കുട്ട പച്ചമുന്തിരി കൊണ്ടോരും….
അന്ന് ഞങ്ങള് ഉറങ്ങാതെ കാത്തിരിക്കും….
പാതി രാത്രി ആയാലും ആ മുന്തിരിൻ്റെ പകുതിയും തിന്ന് ചക്ക കൂട്ടാൻ കൂട്ടിയപോലെ വയറും വീർപ്പിച്ച് കിടന്നുറങ്ങും..

അത് മാത്രാണ് പുറത്ത് ന്ന് വാങ്ങിയിട്ട് ഞങ്ങള് കഴിക്കുന്ന ഫ്രൂട്ട്സ്…
അപ്പോ പിന്നെ ഉമ്മാൻ്റെ വീട്ടിലെത്തെ ഓരോ പഴവും ഞങ്ങൾക്ക് വല്യ കൗതുകം ആണ്….
വീടിൻ്റെ തൊട്ടടുത്തെന്നെ ഒരു പുഴയുണ്ട്….
വല്ലിമ്മ രാവിലെ ഞങ്ങളെ കുളിപ്പിക്കാൻ കൊണ്ടോവും….
സാബൂനും (അലക്ക് സോപ്പ്) ചകിരിയും ഇട്ട് ഒരച്ച് ഒരച്ച് കുളിപ്പിക്കും….
ഇപ്പോ ഏതേലും പൊഴേന്ന് പോത്തിനെ കുളിപ്പിക്കുന്നത് കാണുമ്പോ എൻ്റെ മേല് വേദനാവും….
വെല്ലിമ്മാൻ്റെ കുളിപ്പിക്കൽ ഓർമാ വും….
വല്ലിമ്മാൻ്റെ കുളിപ്പിക്കലും ഊട്ടലും ഉറക്കലും ആ സ്നേഹത്തോടുള്ള ഇഷ്ടം എന്നും കൂടി ക്കൊണ്ടേയിരിക്കും…

അങ്ങനെ ഞങ്ങള് തിരിച്ച് പോരുന്ന ദിവസം ആവും…
അന്ന് ഉമ്മ വെള്ളത്തില് വീണ പൂച്ചൻ്റെ പോലെ കുറുകി ഇരിക്കും….
ഒരു ഉഷാറും ണ്ടാവൂല…. പോരാൻ നേരം കണ്ണ് നിറക്കും…
വല്ലിമ്മ കോന്തലക്കല് മൂക്ക് തുടക്കും…..
വെല്ലിമ്മാനോടും വാവിച്ചിയോടും ഒഴികെ വേറെ ആരോടും വല്യ അടുപ്പത്തില് യാത്ര പറയാനില്ലാതെ ഞങ്ങളും ഉമ്മാൻ്റെ കൈ പിടിച്ചിറങ്ങും…..
വീണ്ടും ചുരത്തിന് മേലെ ഞങ്ങളെ സാമ്രാജ്യത്തിലെ പൂമ്പാറ്റകളാവും……

മറ്റുള്ള കസിൻസിനോടൊന്നും ആ കാലത്ത് കൂട്ടില്ലെങ്കിലും പിന്നെ പിന്നെ എൻ്റെ സൗന്ദര്യബോധവും കുശുമ്പും അവരുടെ സ്നേഹത്തിന് മുമ്പിൽ ഒന്നുമല്ലാ എന്ന് കാലം തെളിയിച്ച സന്ദർഭങ്ങളും ഒരു പാടാണ്….
ഇപ്പഴും നല്ലൊരു കോയിക്കറീൻ്റെ മണം കിട്ടിയാ വല്ലിമ്മാനെ പോലെ ചിരിക്കുന്ന ഉമ്മമാരെ കണ്ടാൽ മൈസൂരിലെ പച്ച ബസ് കണ്ടാ വല്ലാത്തൊരു പൂതിയാണ് അങ്ങോട്ട് പോവാൻ..

( കിടപ്പിലായ വല്ലിമ്മാനെ കാണാൻ കൊറോണ ക്ക് ശേഷം ഇന്ന് പോയപ്പോ കുത്തിക്കുറിച്ചതാണ്….. നമ്മുടെ മുഖത്തിനൊരിത്തിരി നിറം കൂടിയാ ചോര ഇല്ലാണ്ട് വിളറി പോയീന്നും ഒന്ന് ഇരുണ്ട് പോയാ എൻ്റെ മോൾക്കെന്തോ വെഷമണ്ട്…. മാറ്റിക്കൊടുക്കണേ അള്ളാ ന്നും പറഞ്ഞ് പ്രാർത്ഥിക്കുന്ന വല്ലിമ്മ തന്നെയാണ് ഈ കുടുംബത്തിലെ എക്കാലത്തെയും ഹീറോ….)

Shabna shmasu❤️

 

കൂടുതൽ കഥകൾ ഇവിടെ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക


Malayalam Story: Mother’s Home Story by Shabna shamsu – Aksharathalukal Online Malayalam Story

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply