Skip to content

എൻ്റെ പെണ്ണ് കാണൽ

Oru Pennu Kaanal Kadha by Shabna shamsu

പത്തിരുപത്തഞ്ച് കൊല്ലം മുമ്പ് ഞങ്ങൾടെ തോട്ടത്തിൽ നിറച്ചും കുരുമുളകായിരുന്നു.
വർഷത്തിൽ നല്ല കനത്തിലൊരു വരുമാനം ഇതിൽ നിന്നും കിട്ടിയിരുന്നു.

ആ സമയത്താണ് ഞങ്ങൾ പുതിയ വീടിൻ്റെ പണി തുടങ്ങുന്നത്.
അത് വരെ തറവാട്ടിലായിരുന്നു താമസം.

ഒരു രണ്ട് മൂന്ന് കൊല്ലം കൊണ്ട് വീടിൻ്റെ പണി തീർക്കാനായി.

ഞാൻ അഞ്ചാം ക്ലാസീ പഠിക്കണ സമയത്ത് എൻ്റെ ഇത്താത്ത പത്താം ക്ലാസിലായിരുന്നു ..
പത്തിലെ റിസൾട്ട് വന്നപ്പോ ഓളെ മാർക്ക് മൂന്നക്കം തികയാത്തതിൽ മനംനൊന്ത് ടടLC ബുക്ക് അടുപ്പിലിട്ട് കത്തിച്ചപ്പോ ഉപ്പ വേറൊന്നും നോക്കീല…
ഓളെ കെട്ടിച്ച് വിടാൻ തീരുമാനിച്ചു.
പ്രതീക്ഷ മുഴുവനും ഈ കുരുമുളകിലായിരുന്നു.
അങ്ങനെ ഇത്താത്താൻ്റെ കല്യാണം ഉഷാറായിട്ട് കഴിഞ്ഞു.

പിന്നെ പിന്നെ കുരുമുളക് തോട്ടങ്ങളിലെ വളളി ചീയലും മഞ്ഞളിപ്പും പടർന്ന് പിടിച്ചപ്പോ ഞങ്ങൾടെ തോട്ടത്തിലെ കുരുമുളകും നശിക്കാൻ തുടങ്ങി.

ചുരുക്കി പറഞ്ഞാ എന്നെ കെട്ടിക്കാൻ കാലായപ്പളത്തേക്കും പെരുന്നാളിന് പോത്തെ റച്ചീലരക്കാൻ പോലും കുരുമുളക് ഇല്ലാത്ത കോലത്തിലായി…

അങ്ങനെ എനിക്ക് 20 വയസായി.
കൂടെ പഠിച്ചവരൊക്കെ മക്കളെ ഒക്കത്ത് തട്ടിയും ചീരാപ്പ് തുടച്ചും ചന്തി കഴുകി കൊടുത്തും നടക്കുമ്പോ ഞാൻ മാത്രം പഠിപ്പ്… പത്രാസെന്നും പറഞ്ഞ് നടക്കുന്നു.

വീട്ടിന്നാണെങ്കി ൻ്റെ കല്യാണത്തെക്കുറിച്ച് ക…. മാ…. ഏഹെ…

ഇനിപ്പോ ഇവരിന്നെ കെട്ടിക്കൂലെ….
കുരുമുളക് ല്ലാത്തോണ്ട് യ്യി പൊരേലിരുന്നോന്ന് പറയോ…..

അന്നെ ഞാൻ ഒരാൾക്കും വിട്ട് കൊടുക്കൂലാന്ന് നെഞ്ച് വിരിച്ച് പറയാനും ഒരുത്തനുണ്ടായില…
അങ്ങനാണേൽ ആ പേരും പറഞ്ഞ് നിക്കായ്നു.

അങ്ങനെ ഞാൻ ആകപ്പാടെ കുണ്ഠിതപ്പെട്ട് നിക്കുന്ന സമയത്താണ് സുന്ദരനും സുമുഖനും സർവോപരി സൽഗുണ സമ്പന്നനുമായ ഷംസുക്കൻ്റെ കല്യാണോലോചന വരുന്നത്…

ചെക്കന് മെഡിക്കൽ ഷോപ്പാണോലെ…
ഫാർമസി കോഴ്സ് കഴിഞ്ഞ കുട്ടി ആവുമ്പോ ഓര്ക്ക് വീട്ടിൽക്കും കടേലേക്കും ഉപകാരാ വല്ലോ….

ആ സമയത്ത് ഞാൻ കോഴ്സ് കഴിഞ്ഞ് ഒരു മെഡിക്കൽ ഷോപ്പിൽ ട്രെയിനിംഗിന് നിക്കാണ്.
ആദ്യം കാണാൻ വന്നത് ഷംസുക്കാൻ്റെ അളിയൻ ആണ്….
ഷോപ്പിൽ വന്ന് എന്നോട് ഒരു ഏലാ ദിമുട്ടായി വാങ്ങിച്ചു.
അത് കഴിഞ്ഞ് അളിയൻ ഷംസുക്കാൻ്റെ വീട്ടിന്ന് പറഞ്ഞോലെ… കുട്ടി വല്യ തടിയൊന്നുല്ല…
പിന്നെ കെട്ടിക്കൊണ്ടോന്ന് കുറച്ചൂടി നല്ലോണം തിന്നാനൊക്കെ കൊടുത്താ ഉസാറാവാൻ മതി….

ഉസാറായതെന്നെ…. തിന്ന്ണ കാര്യത്തില് എനിക്ക് ചെറുപ്പംതൊട്ടേ അപാര കയിവാണ്….
ഹോസ്റ്റലിന്ന് കൂടെ പഠിച്ച കുട്ട്യോളൊക്കെ മൂന്ന് വിരലോണ്ട് നാല് വറ്റ് ചോറ് സിൽമാനടികൾ തിന്നുണ പോലെ തിന്നുമ്പോ ഞാൻ നല്ല പരിപ്പും ചീരയും ചാറും മത്തി തലയടക്കം പൊരിച്ചതും കൂട്ടിക്കൊയച്ച് വല്യ ഉരുളാക്കി വിരലും പാത്രവും തുടച്ച് തിന്ന് ഏമ്പക്കവും ഇട്ട് ഇരിക്ക്ണ ആളാണ്….

ൻ്റെ ഉമ്മ എപ്പളും പറയും ഞെണ്ട്മളേല് വെള്ളൊയിച്ച മാതിരി യാ…. എങ്ങോട്ടാ പോണതെന്ന് ആർക്കറിയാ…

അങ്ങനെ ഷംസുക്ക പെണ്ണ് കാണാൻ വരുംന്ന് വിളിച്ച് പറഞ്ഞു.
അപ്പോ മുതൽ ഞാൻ വലത്തെ കാലോണ്ട് ചിത്രം വരക്കാനും ഇടത്തേ കയ്യിലെ നഖം കടിക്കാനും പ്രാക്റ്റീസ് തുടങ്ങി..
ആദ്യത്തെ പെണ്ണ് കാണലാണല്ലോ.

അങ്ങനെ വരാന്ന് പറഞ്ഞദിവസം അവര് വീണ്ടും വിളിച്ചു.
ചെക്കന് കണ്ണ് സൂക്കേടാണോലെ.
അത് മാറീറ്റ് വരാന്ന്..

ന്നാ പിന്നെ അങ്ങനാ യാക്കോട്ടെ… വേവോളം കാത്തീലേ…. ഇനി ആറോളം കാക്കാ…..

അങ്ങനെ ശരിക്കും കാണാൻ വരുന്ന ദിവസം….
ഈ പെണ്ണ് കണ്ട് കയിഞ്ഞ് ഒരു ചടങ്ങ് ണ്ടല്ലോ…

പെണ്ണിനും ചെക്കനുംന്തേലും സംസാരിക്കാനുണ്ടേൽ അയ്ക്കോട്ടേന്ന്…
സിനിമേലൊക്കെ അങ്ങനാണല്ലോ.

അന്ന് ഞങ്ങളെ വീട്ടിലെ ഏറ്റവും നല്ല മുറി ഇത്താത്ത വിരുന്ന് വരുമ്പോ കെടക്കുന്ന റൂമാണ്.
അപ്പോ അവിടുന്നായ്ക്കും സംസാരിക്കാ…

പക്ഷേ അയ്നൊരു കൊയപ്പണ്ട്….
ആ റൂമില് 40 വാൾട്ടിൻ്റെ ബൾബാണ്..
ഒന്നൂടി കറുത്ത് കരുവാളിച്ചോണ്ട് തോന്നും.
CFL ആണേൽ പൊളിച്ചേനെ… പക്ഷേ ഞമ്മളെ വീട്ടിൽ ഇല്ല…

ഞാൻ ഇക്കാക്കാനോട് പറഞ്ഞു.
യ്യി തറവാട്ടിൽ പോയിറ്റ് ഒരു CFL ഊരീറ്റ് വാ….
ഈ വെളിച്ചത്തിലെന്നെ കണ്ടാ അനക്ക് അളിയാ നാവാനുള്ള യോഗ ണ്ടാവൂല…
ൻ്റെ ശല്യം ഒയിവാകുന്ന പരിപാടി ആണല്ലോ…
അതോണ്ട് മാത്രം ഓനത് അനുസരിച്ച്…

പത്താം ക്ലാസില് പഠിക്കുമ്പോ കവിതാ രചനക്ക് ജില്ലേല് സെക്കൻ്റ് കിട്ടിയ സർട്ടിഫിക്കറ്റ് ഫ്രയിം ചെയ്തീനും…
അത് നല്ലോണം കാണുന്ന രീതീല് മേശപ്പുറത്ത് വെച്ചു.
എങ്ങാനും ചോയ്ച്ചാലോ….
ചെലോൽക്ക് ഈ ‘മഹാകവികളെ ‘യൊക്കെ വയങ്കര ഇഷ്ടായ്ക്കല്ലോ. (എൻ്റെ ഒരു കഥയും വായ്ച്ച് നോക്കാത്ത പ്രിയപ്പെട്ട കെട്ട്യോൻ )

തുപ്പിയാ തെറിക്ക് ണോട്ത്താണ് ഉപ്പാൻ്റെ അനിയൻമാരേം പെങ്ങമ്മാർടേം ഒക്കെ വീട്…
ഷബ്നാൻ്റെ പെണ്ണ് കാണൽ കാണാൻ എല്ലാരും പൊരേല് ഹാജറായിക്ക്ണ്.

അങ്ങനെ ചെക്കൻ വന്നു… ചെക്കനെ കണ്ടതും എല്ലാരും മൂക്കത്ത് വിരല് വെച്ചു….
“എന്തൊരു ചൊർക്കാണോ.” അമ്മായി ആണ് പറഞ്ഞത്.

വെർതേ ചായേം പലഹാരോം പോയീന്നുള്ള ഭാവമായിരുന്നു ൻ്റെ മ്മ അടക്കം എല്ലാ പെണ്ണുങ്ങളെ മുഖത്തും….

അങ്ങനെ പെണ്ണ് കണ്ടു..
ഇനി ന്തേലും സംസാരിക്കാനുണ്ടേൽ ദാ അപ്പുറത്തെ റൂമിൽക്ക് പോയിക്കോളീന്നും പറഞ്ഞ് ഉപ്പാൻ്റെ അനിയൻ അങ്ങോട്ടാക്കി….

റൂമിൽക്ക് കേറിയതും ദാണ്ടെ കെടക്ക്ണ് ,… കറൻറ് പോയി….
CFL ,കവിത ,കളം വരക്കൽ… എന്തൊക്കെ അയ്നു.
അമ്മായി കൊണ്ട് ത്തന്ന എമർജൻസി കൊണ്ട് അഡ്ജസ്റ്റ് ചെയ്ത് പേരും വയസും കോളേജൊക്കൊക്കെ ചോയ്ച്ച് മൂപ്പര് പോയി.

പക്ഷേ എല്ലാരേം ഞെട്ടിച്ചോണ്ട് അവിടന്ന് വിളി വന്നു…
ചെക്കന് ഇഷ്ടായിക്ക് ണോലേ….
അങ്ങനെ വരാൻ വഴിയില്ല.
ഇതിനായിക്കും ലേ .. വരാനുള്ളത് പവർ കട്ടാണേലും വരുംന്ന് പറീണത്.

അങ്ങനെ നല്ല ജോറായി കല്യാണം കയിഞ്ഞു… കുറേ ദിവസം കയിഞ്ഞ് ഞാൻ മൂപ്പരോട് ചോയ്ച്ച്…
ന്നാലും ങ്ങക്കെ ങ്ങെനെ ന്നെ ഇഷ്ടപ്പെട്ടത്….
അപ്പോ പറഞ്ഞ മറുപടി ന്താന്നോ….
” അതേയ്…. ഇനി ക്കന്ന് കണ്ണ് സൂക്കേട് ശരിക്കും മാറീല്ലായ്നു….. പോരാത്തയ്ന് അൻ്റ വ്ടെ കറൻ്റും ല്ല…. അന്നെക്കണ്ടപ്പോ ആകപ്പാടെ ഒരു മഞ്ഞക്കളറ് പോലെ തോന്നി …. പറ്റിപ്പോയതാ….. ”

അയ്ന്ശേഷം ഈ ചോദ്യോം ചോയ്ച്ച് എടങ്ങേറാക്കാൻ പോയിറ്റില്ല…
പോയാ എനിക്ക് എടങ്ങേറാണ്….

എനിക്ക് ലീവ്ളള സമയത്തൊക്കെ ഞാൻ മൂപ്പർടെ ഷോപ്പിൽ പോവാറുണ്ട്…
പുതുതായി വന്ന ഹോർലിക്സിൻ്റെ സ്റ്റോക്കെടുത്തോണ്ട് നിക്കുമ്പളാണ് മൂപ്പർക്ക് ഒരു ഉഷാറില്ലല്ലോന്ന് ചിന്തിച്ചത്….
മുഖത്തിനൊരു വാട്ടം…

” ങ്ങളെന്താത് മുട്ട കച്ചോടത്തില് നഷ്ടം വന്ന മാതിരി ഇരിക്ക്ണത്”

“ഒന്നുല്ലെ ടീ”

“അയ്… അങ്ങനെ പറയല്ലീ …. ങ്ങളെ കണ്ടാ ഞമ്മക്കറി യൂലേ…. കാര്യന്താന്ന് പറീ … ഞമ്മക്ക് പരിഹരിക്കാ.. ”

” അതോ….. ഇയ്യാ പോസ്റ്ററ് കണ്ടോ… അരിവാൾ ചുറ്റികൻ്റെ അടുത്ത് ചിരിച്ചോണ്ട് നിക്കണ പെണ്ണ് ”

“ആ കണ്ട് …. നല്ല രസ ണ്ട് ലേ… മക്കനയൊക്കെ ഇട്ട ഒരു മൊഞ്ചത്തി…. അല്ലേലും ഈ സിനിമാ പോസ്റ്ററ് കാണാത്ത വെഷമം ഇപ്പളാ തീർന്നത്…. ഇലക്ഷൻ്റെ പോസ്റ്ററിലൊക്കെ എമ്മായിരി രസളള പെണ്ണ്ങ്ങളാ ലേ ”

” ഉം ”

“അല്ലാ.,,,, അയ്ന്പ്പോ ങ്ങക്കെന്താ വെഷമം…. അത് പറയ്”

“അത് ന്താ ന്നോ,… അന്നെ പെണ്ണ് കാണാൻ വരുന്നയിൻ്റെ മുമ്പ് ഞാൻ ഓളെയാ കാണാൻ പോയത്… ഇപ്പം ഞാനാലോയി ക്കാ …. ഓളെ കെട്ടീനെങ്കി വീട്ടുകാർക്ക് മാത്രല്ല…. നാട്ടാർക്കും ഉപാകാരായ്നല്ലോന്ന്…. ”

“ആഹാ…. കൊള്ളാലോ…. ന്തിട്ടെന്തെയ്നു ഓളെ കെട്ടാണ്ട് പോന്നത്….. ”

“അയ്ന് അന്നെനിക്ക് കണ്ണ് സൂക്കേട് ല്ലായി നല്ലോ… അപ്പോ ഇനിക്ക് ഓളെ ഇഷ്ടായീല….”

“ഓ…. പശൂം ചത്ത്… മോരിലെ പുളീംകെട്ട്… മൂന്ന് കുട്ട്യോളും ആയി…. ന്നിട്ടും ങ്ങളെ കണ്ണ് സൂക്കേട് മാറീല്ല…”

കയ്യിലിരുന്ന ഹോർലിക്സിൻ്റെ കുപ്പി കൊണ്ട് തലക്കൊരേറ് കൊടുത്താലോന്ന് വിചാരിച്ചതാ…. അയ്ൻ്റെ MRP നോക്കുമ്പോ 440 ഉറുപ്യ… ഒന്നും നോക്കീല… പൊടി തുടച്ച് റാക്കില് വെച്ചു…..

Shabna shamsu❤️

 

കൂടുതൽ കഥകൾ ഇവിടെ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക


Malayalam Story: Oru Pennu Kaanal Kadha by Shabna shamsu – Aksharathalukal Online Malayalam Story

4.8/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!