Skip to content

ആദ്യ പ്രണയം

First Love Story by Shabna shamsu

ആദ്യ പ്രണയംന്ന് കേൾക്കുമ്പോ ങ്ങള് വിജാരിക്കും രണ്ടാമത്തതും നട്ക്ക്ത്തതും അവസാനത്തതും ഒക്കെ ണ്ടോന്ന്….
പക്ഷേ ല്ല ട്ടോ….
ആദ്യത്തെയും അവസാനത്തെയും ഒക്കപ്പാടെ ഒന്നേ ഉള്ളൂ….

അതിനെ കുറിച്ച് പറയുന്ന മുമ്പ് എൻ്റെ നാട് വരെ ഒന്ന് പോയി വരാം…..

ഭൂമിയിലെ സ്വർഗം എവടാന്ന് ചോയിച്ചാ ഒരു സംശയോം കൂടാണ്ട് ഞാൻ പറയും അത് ഞാൻ ജനിച്ച് വളർന്ന എൻ്റെ നാടും വീടും ആണെന്ന്….

കണ്ണെത്താ ദൂരത്തോളം നീണ്ട് പരന്ന് കിടക്കുന്ന വയലിൻ്റെ കരയിലാണ് എൻ്റെ വീട്… നെൽപ്പാടങ്ങളാണ്..

എവടെ നോക്കിയാലും മനം മയക്കുന്ന പച്ചപ്പ്.
കൊയ്ത്ത് കഴിഞ്ഞ പാടങ്ങളാണ് കുട്ടിക്കാലത്തെ ഭൂരിഭാഗം സമയവും അപഹരിച്ചത്….

എൻ്റെ ഉപ്പാൻ്റെ പെങ്ങൾടെ വീട് ഞങ്ങൾടെ വീടിൻ്റെ തൊട്ടടുത്താണ്….

അമ്മായിക്ക് അഞ്ച് ആൺമക്കൾ…
പിന്നെ എൻ്റെ ഇക്കാക്കയും …
കളിക്കൂട്ടുകാർ ഇവരൊക്കെ ആണ് ….

അതോണ്ടെന്നെ ക്രിക്കറ്റും ഫുട്ബോളും കുത്തിക്കോരിയും കോട്ടിയും ഒക്കെ ആയിരുന്നു മെയിൻ കളികള്….

എൻ്റെ കൂട്ടുകാരി ജംഷീന ലേശം അടക്കോം ഒതുക്കോം ഉള്ള കൂട്ടത്തിലായോണ്ട് ഞങ്ങളെ കൂടെ കളിക്കാൻ വരൂല..

ഞാൻ ആ സമയത്ത് കട്ട ഗാംഗുലി ഫാൻ ആയിരുന്നു.
എല്ലാ നോട്ട് ബുക്കും ടെക്സ്റ്റ് ബുക്കും സ്പോർട്സ് മാസി കേലെ ഗാംഗുലിൻ്റെ പടം കൊണ്ടാണ് പൊതിഞ്ഞത്..

ബോക്സിലും ഗാംഗുലി ,പേഴ്സിലും ഗാംഗുലി…..
മദ്റസിലെ ദീനി യാത്തിൻ്റെ ബുക്കും ഗാംഗുലിനെക്കൊണ്ട് പൊതിഞ്ഞത് കണ്ട കുട്ട്യാലി ഉസ്താദ് ചെവി പിടിച്ച് തിരിച്ച വേദന ഇപ്പളും മാറീറ്റില്ല…..

ഗാംഗുലി 183 റൺസെടുത്ത കളി കസേരെല് ഇരുന്ന്ട്ട് ഇരിപ്പൊറക്കാഞ്ഞിട്ട് നിന്നിട്ടായിരുന്നു കണ്ടത്….

അതും ഔട്ടാവാണ്ട് ക്കാൻ മൂന്ന് യാസീൻ ഓതിയ ശേഷം …..

കഴിഞ്ഞ ആഴ്ച എൻ്റെ മോള് തിരക്ക് പിടിച്ച് അടുക്കളേല് വന്നു… എന്നിട്ട് മഞ്ഞൾ പൊടിൻ്റെ കുപ്പീൽ കയ്യിട്ട് മൂന്ന് വിരലോണ്ട് രണ്ട് കവിളിലും മൂന്ന് മഞ്ഞൾ വര വരക്ക്ണത് കണ്ട്…. ഇയ്യെന്താ കാട്ടണതെന്ന് ചോയിച്ചപ്പോ ഓള് പറയാ…..
റ്റിവില് കേരളാ ബ്ലാസ് റ്റേഴ്സിൻ്റെ കളി തൊടങ്ങാനായി…. കാണാൻ പോവാന്ന്…

അപ്പോ ഇനിക്ക് മനസിലായി.
മത്തൻകുത്തിയാ ഒരു കാലത്തും കുമ്പളം മൊളക്കൂലാന്ന്….

അങ്ങനെ ഞാൻ പ്ലസ് വണ്ണില് പഠിക്കുന്ന സമയത്ത് ഞങ്ങൾ ക്രിക്കറ്റ് കളിക്കുന്ന വയലില് ജില്ലാ ഫുട്ബോൾ മത്സരം നടത്താൻ പോവാണെന്ന് കേട്ടു…

അതിന് വേണ്ടി തിരക്ക് പിടിച്ച് ഗ്രൗണ്ട് നികത്തലും ഗാലറി ണ്ടാക്കലും മറകെട്ടലും ആകെക്കൂടി ജഗപൊക….

ശരിക്കും നാട്ടിൽ ഒരു ഉത്സവം വന്ന പോലെ…

ടിക്കറ്റൊക്കെ വച്ചിട്ടാണ് കളി.

പൊരിയും ഉപ്പിലിട്ടതും ബലൂണും രാത്രി യൊക്കെ ഫുൾ ലൈറ്റും…
ഒരാഘോഷം തന്നെയായിരുന്നു….

ഞങ്ങൾടെ നാട്ടിൽ ആയതോണ്ട് ചെലേ പെണ്ണ്ങ്ങളും കളി കാണാൻ പോവും… ഞാനും പോവും.

അങ്ങനെ ഒരീസം കളി കണ്ട് തിരിച്ച് വരുമ്പോ ഞങ്ങളെ നാട്ടിലെ അതി സുന്ദരനായ ഒരു ചെറുപ്പക്കാരൻ എന്നെ നോക്കി ചിരിച്ച്… ചിരി മാത്രല്ല. സൈറ്റടിക്കേം ചെയ്ത് ….

ഞാനപ്പോ ഹാർപ്പിക്കിൻ്റെ പരസ്യത്തിലെ പെണ്ണ് ങ്ങള് അബ്ബാസിനെ കണ്ടപോലെ ആകെപ്പാടെ കോരിത്തരിച്ച് പോയി.

അത്രേം രസള്ള വായ് നോട്ടൊന്നും ഇല്ലാത്ത എന്നെക്കാൾ അഞ്ചാറ് വയസിന് മൂത്ത ആളാണ് ചിരിച്ചത്….

വെറും ചിരിയാണേൽ പോട്ടെന്ന് വെക്കാ….
സൈറ്റടിക്കേം ചെയ്ത്…

അതാലോയ്ച്ച്ട്ട് ഇനിക്കന്ന് ഒറങ്ങാൻ പറ്റീല….

നാളെ സ്ക്കൂളീ പോയിറ്റ് കൂട്ടുകാരികളോടൊക്കെ പറയണം….
ഒറ്റൊന്നും ബിശ്വസിക്കൂല….
കുളൂസ് വിടാന്ന് പറയും.,

ഓനെന്താ കണ്ണ് കണ്ടൂടേന്ന് ചോയ്ക്കും…
ഇനിക്കാണേങ്കി എത്ര ആലോയ്ച്ച് ട്ടും കോരിത്തരിപ്പ് അങ്ങ്ട് മാറ്ന്നില്ല….

അങ്ങനെ പിറ്റേ ദിവസം സ്ക്കൂളിൽ പോവുന്ന വഴിക്ക് എൻ്റെ വീടിനടുത്തുള്ള ചെക്കനാണ് ആ ഞെട്ടിക്കുന്ന സത്യം എന്നോട് പറഞ്ഞത്….

ഇന്നലെ സൈറ്റടിച്ച ആൾക്ക് എന്നെ ഇഷ്ടാണോലെ… (ആളെ പേര് ചോയ്ക്കണ്ട…
ഞാമ്പറിയൂല….. മൂപ്പരെങ്ങാനും മാനഹാനിക്ക് കേസ് കൊട്ത്താ കുടുങ്ങും… ഇനിക്ക് മൂന്ന് പെങ്കുട്ട്യോളാണ്…)

എന്നോട് പറഞ്ഞ ചെക്കൻ ബ്രോക്കറാണ്….

ആ കാലത്തൊക്കെ ലൈനിനേക്കാൾ നെലേം വെലേം ബ്രോക്കർക്കാണ്….
പലേ സാധനങ്ങളും കൈമാറ്റം ചെയ്യുന്നത് ബ്രോക്കർമാരാണല്ലോ..

അങ്ങനെ എൻ്റെ ആദ്യത്തെ പ്രണയം (അവസാത്തതും) അവിടെ ആരംഭിച്ചു…

ഉസ്മാനും സൂറാബിക്കും ലൗ ലെറ്റർ എഴുതി കൊടുത്ത് നല്ല ശീലണ്ടല്ലോ….
ഒന്നൂടി ഉസാറാക്കണം…
പ്രേമം തൊടങ്ങാൻ പോവാണല്ലോ…

പക്ഷേ എൻ്റെ പ്രതീക്ഷകളൊക്കെ തെറ്റിച്ചോണ്ട് മൂപ്പർക്ക് ലൗ ലെറ്ററിലും ഫോൺ വിളീലും ഒന്നും താൽപര്യല്ല….

പറയാനുള്ളത് ബ്രോക്കറോട് പറയാ….
മൂപ്പരും പറയും…. വേറെ ആരും അറിയാൻ പാടില്ല…. അത്രന്നെ…

ഇതൊരു മാതിരി ചെയ്ത്തായിപ്പോയി….
കല്യാണം കയിഞ്ഞ് ആദ്യത്തെ കുട്ടി ആണോ പെണ്ണോന്നൊക്കെ ബ്രോക്കറോട് പറയാൻ പറ്റോ…..

ന്നാലും മാണ്ടീല…. ഇനിക്കൊരു ലൈൻ ആയല്ലോ…. വെറും ലൈനല്ല… സുന്ദരനായ ലൈൻ….

ആരോടും പറയണ്ടാന്ന് പറഞ്ഞോണ്ട് ഞാനിതാരോടും പറഞ്ഞില്ല….

കല്യാണം ഒറപ്പിക്കുമ്പോ എല്ലാരും മൂക്കത്ത് വിരല് വെക്കട്ടെ…..

അങ്ങനെ ബ്രോക്കറെ തല കാണുന്നതും നോക്കി നിന്ന് നിന്ന് നാല് കൊല്ലം കഴിഞ്ഞു.,…

ഒരേ നാട്ടിലാണെങ്കിലും തമ്മില് കാണേ മിണ്ടേ ചെയ്തിട്ടില്ല….

ഞാൻ പിന്നെ ഫാർമസി പഠിക്കാൻ കോഴിക്കോടേക്ക് പോയി….

എൻ്റെ ക്രിക്കറ്റും ഫുട്ബോളും ഒക്കെ നിന്നു….
കൊടുവള്ളി പോവുമ്പോ വെല്ലിമ്മ തരുന്ന പോക്കറ്റ് മണിക്ക് മുയുവനും ഫെയർ ആൻ്റ് ലൗലി വാങ്ങി രാവിലെം വൈനേരോം തേക്കാൻ തുടങ്ങി…..

ഇല്ലേ കല്യാണത്തിന് രണ്ടാളേം കണ്ടാ ചായപ്പൊടീം പഞ്ചസാരേം പോലെ ണ്ടാവും….
ആൾക്കാരെ കൊണ്ട് പറീപ്പിക്കണ്ടല്ലോ…..

ഏകദേശം എൻ്റെ കോഴ്സ് കഴിയാറായി….

ഒരു ലീവിന് ഞാൻ വീട്ടില് വന്നതായിരുന്നു…
അന്ന് ഉമ്മയും ഞാനും മാത്രേ വീട്ടിലുള്ളൂ…
അപ്പോ വീടിനടുത്തുള്ള ഒരു ഉപ്പ അവർടെ മോളെ കല്യാണം പറയാൻ വന്നു…

മോള് എൻ്റെ ജൂനിയറായിറ്റ് പഠിച്ചതാ….
നല്ല വെളുത്ത് തുടുത്ത ഒരു പാവം സുന്ദരിക്കുട്ടി….
ഓൾക്കും കല്യാണായി …
ൻ്റെ ജൂനിയറാണ് ട്ടോ….

അയാള് ഉമ്മാനോട് ചോയ്ക്കുന്നുണ്ട്..
മോൾക്ക് കല്യാണൊന്നും നോക്കുന്നില്ലേന്ന്…

അപ്പോ ഞാൻ മനസില് പറഞ്ഞു… ൻ്റെ കല്യാണം കയിഞ്ഞിട്ട് സുന്ദരനായ മാപ്പളനേം കൊണ്ട് ങ്ങളെ വീട്ട്ക്ക് വര്ണ്ട് ട്ടോ…. തക്കേരിച്ചാളി….

അങ്ങനെ കല്യാണം പറച്ചിലൊക്കെ കയിഞ്ഞ് മൂപ്പര് പോയി….
അത് കഴിഞ്ഞാണ് ഞാൻ കല്യാണ കത്ത് നോക്കിയത്….
ഓളെ കെട്ടാൻ പോണ ചെങ്ങായിൻ്റെ പേര് കണ്ടതും എനിക്ക് തല കറങ്ങുന്ന പോലെ തോന്നി…. പിന്നേം നോക്കി…. പിന്നേം പിന്നേം നോക്കി…..

കല്യാണക്കത്ത് വരെ ഞാൻ മനസില് ഡിസൈൻ ചെയ്ത് വെച്ച എൻ്റെ കാമുകൻ്റെ കല്യാണക്കത്തായിരുന്നു അത്…..

സൗന്ദര്യം വീണ്ടാമതും വില്ലനായിരിക്കുന്നു….

എനിക്കപ്പോ ഉറക്കെ കരയണംന്ന് തോന്നി….
ഉമ്മ കണ്ടാ വയല്ന്ന് സൈറ്റടിച്ചത് മുതലുള്ള കഥ പറയണ്ടി വരും….
ഞാൻ മുണ്ടീല…

ഞങ്ങൾടെ വീടിൻ്റെ പുറക് വശത്തൊരു ബാത്റൂമുണ്ട്…
അവടെ പോയി കൊറേ കരഞ്ഞ്……

ഇത്പ്പോ ഒറ്റക്ക് കരഞ്ഞിട്ട് ആര് കാണാനാന്ന് വിജാരിച്ച് ചുമരില് തൂക്കിയിട്ട കണ്ണാടി നോക്കി കരഞ്ഞ്…. കരഞ്ഞിട്ട് മുഖം ഒന്നൂടി കർത്ത് ചോന്ന്ക്ക്ണ്….
ഇനിക്ക് ഇന്നോടെന്നെ ദേഷ്യം പിടിച്ച്ട്ട് അൻ്റൊരു ഒലക്കമ്മലെ മോന്താന്നും പറഞ്ഞ് കുളിമുറീലെ പാട്ട കൊണ്ട് ആ കണ്ണാടി കുത്തി പൊട്ടിച്ച് ….

അത് 14 കഷണായി താഴെ വീണു.. ….

ആ ഒരു നിമിഷത്തിൽ വേണേൽ എനിക്ക് കുറച്ച് സാഹിത്യവൽക്കരിച്ച് എൻ്റെ അഗാധ പ്രണയത്തെ അവഗണനയുടെ കൂർത്ത കൂരമ്പുകളാൽ കുത്തി പരിക്കേൽപ്പിച്ച് തീരാനഷ്ടത്തിലേക്കെന്നെ ഉന്തിയിട്ട് ചിന്തകൾ കൊണ്ട് തലക്ക് ചുറ്റും വട്ടം വട്ടം നാരങ്ങ കളിപ്പിച്ചവനേ… നിനക്ക് മാപ്പില്ല…. എന്നൊക്കെ പറയാമായിരുന്നു….

പക്ഷേ എൻ്റെ ബേജാറ് മുയുവനും ഒരാവേശത്തിന് കുത്തി പൊട്ടിച്ച വാപ്പ ഷേവ് ചെയ്യുമ്പോ നോക്കുന്ന കണ്ണാടിയെ കുറിച്ചോർത്തായിരുന്നു…

എങ്ങനാ പൊട്ടീന്ന് ചോയ്ച്ചാ ന്താപ്പോ പറയാ…

അങ്ങനെ ഏതായാലും ആ ഒരു കണ്ണാടിയോട് കൂടി ആദ്യത്തെം അവസാനത്തേം പ്രണയം അവിടെ മെരിച്ചു…..

മൂന്നാല് മാസം കയിഞ്ഞപ്പോ മൂപ്പരേക്കാൾ സുന്ദരനായ ആളുമായി എൻ്റെ കല്യാണം കയിഞ്ഞു…
അപ്പളാണ് തേന്മാവിൻ കൊമ്പത്ത് സിനിമേല് നെടുമുടി വേണു കെ പി എ സി ലളിതനോട് പറഞ്ഞ ഡയലോഗ് ഓർമ വന്നത്….

നാം സ്നേഹിക്കുന്നവരെയല്ല… നമ്മെ സ്നേഹിക്കുന്നവരെയാണ് നാം സ്നേഹിക്കേണ്ടത്…
ഈ ഡയലോഗ് എല്ലാരും കാണാ പാടം പഠിച്ചോണ്ടി ട്ടാ…..

കണ്ടാൽ ഒരു 34 വയസ് തോന്നിക്കുന്ന 42 കാരനായ എൻ്റെ ഇക്കാക്കാൻ്റെ പോട്ടം ഞാൻ ഇടക്കിടക്ക് Fb യില് ഇട്ടിട്ട് മമ്മുട്ടി ന്ന് കാപ്ഷനും കൊടുക്കാറുണ്ട്…..
ന്തിനാന്നോ….
ഏതേലും കാലത്ത് ഓനെൻ്റെ Fb നോക്കാണേൽ മൂപ്പർക്ക് മാത്രല്ല ഇനിക്കും കിട്ടീക്കണ് ചൊർക്കിൻ്റെ എസൻസിനെന്ന് മനസിലാക്കിക്കോട്ടെ… അയ്നാണ്….🤏😎

(രണ്ട് മൂന്ന് കൊല്ലം കഴിഞ്ഞ് ഒരു ദിവസം വീട്ടിൽ പോയപ്പോ പണ്ട് ഫുട്ബോൾ കളി ണ്ടായ വയലിൽ ഒരു ബോർഡ് കണ്ടു….
” സ്ഥലം വിൽപ്പനക്ക് ‘”

കുറേ ദിവസത്തെ തലയണമന്ത്രത്തിൻ്റെ ഫലമായി ആ സ്ഥലം ഞങ്ങള് വിലക്ക് വാങ്ങി….
ഏതേലും കാലത്ത് വയലിൽ കെട്ടിടം പണിയാൻ പാടില്ലെന്ന നിയമത്തിന് ഭേദഗതി വരുവാണെങ്കിൽ അവ്ടൊരു താജ് മഹൽ പണിയണം….)

Shabna shamsu❤️

 

കൂടുതൽ കഥകൾ ഇവിടെ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക


Malayalam Story: First Love Story by Shabna shamsu – Aksharathalukal Online Malayalam Story

4.5/5 - (12 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!