Skip to content

ജാതകം – ഭാഗം 8

Novel Jathakam written by Shiva

റൂമിൽ എത്തി നോക്കുമ്പോൾ ദേവേട്ടൻ നല്ല ഉറക്കത്തിൽ തന്നെ ആണ്.. 

ഞാൻ വാതിൽ കുറ്റിയിട്ടു കിടന്നു.. 

എന്റെ മനസ്സിൽ നിറയെ വിഷ്ണുവിനെ കുറിച്ചുള്ള സംശയങ്ങൾ ആയിരുന്നു.. 

അവനെപ്പറ്റി ചിന്തിച്ചു ചിന്തിച്ചു എപ്പോഴോ ഞാൻ മയങ്ങി പോയി..

പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ ദേവേട്ടൻ പറഞ്ഞത് അനുസരിച്ചു കാപ്പിയുമായി ഞാൻ വിഷ്ണുവിന്റെ റൂമിൽ എത്തി..

ഞാൻ നോക്കുമ്പോൾ വിഷ്ണു എഴുന്നേറ്റു ജന്നലിൽ കൂടി പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു….

“വിഷ്ണു ദാ കാപ്പി..

“മ്മം അവൻ എഴുന്നേറ്റില്ലേ..

“എഴുന്നേറ്റിട്ടു പിന്നെയും കിടന്നു..

ഇന്നലെ ഉറക്കം ഒക്കെ എങ്ങനെ ഉണ്ടായിരുന്നു..

“നല്ല സുഖ ഉറക്കം ആയിരുന്നു..

“ഓ പക്ഷേ മുഖം കണ്ടിട്ട് തീരെ ഉറങ്ങിയില്ല എന്നാണ് തോന്നുന്നത്..

“ആണോ..

“മ്മം പിന്നെ വിഷ്ണുവിന് ഉറക്കത്തിൽ എഴുന്നേറ്റു നടക്കുന്ന അസുഖം  വല്ലതും ഉണ്ടോ..

“ഹേ ഇല്ല എന്താ ശ്രീ അങ്ങനെ ചോദിച്ചത്..

“അല്ല ഞാൻ ഇന്നലെ രാത്രി  ആരോ നടക്കുന്ന പോലെ തോന്നി വാതിൽ തുറന്നു നോക്കുമ്പോൾ വിഷ്ണു നടക്കുന്നത് കണ്ടു അതുകൊണ്ടാണ് ചോദിച്ചത്..

അതുകേട്ടതും വിഷ്ണുവിന്റെ മുഖമാകെ മാറി.. എന്തോ പെട്ടെന്ന് ടെൻഷൻ ആയത് പോലെ തോന്നി..

“അതോ അതുപിന്നെ ഞാനും ആരോ നടക്കുന്നത് കേട്ടിട്ട് ഇറങ്ങി വന്നതാണ്..

“മ്മം പിന്നെ വിഷ്ണുവിന് കുളിച്ചു  ഫ്രഷ് ആവണമെങ്കിൽ വടക്കു വശത്ത്  ഒരു കുളം ഉണ്ട് .. തോർത്ത്‌ ഞാൻ ഇപ്പോൾ  കൊണ്ടു വന്നു തരാം..

“മ്മ്മം ഞാൻ ഇപ്പോൾ ഓർത്തതെ ഒള്ളു കുളിക്കണം എന്ന്..

രാവിലെ ഒരു കുളി പാസാക്കിയാൽ കിട്ടുന്ന ഉന്മേഷം അത് ഒന്ന് വേറെ തന്നെ ആണ്..

“ശെരിയെന്നാൽ ഞാൻ പോയി തോർത്ത്‌ കൊണ്ടു വരാം..  കുളിച്ചു വന്നോളൂ അപ്പോഴേക്കും ഭക്ഷണവും റെഡിയാവും..

“ഓക്കെ  ശ്രീ…

ഞാൻ വിഷ്‌ണുവിന് തോർത്തു എടുത്തു കൊടുത്തിട്ടു അടുക്കളയിൽ പോയി അമ്മയെ സഹായിച്ച ശേഷം നേരെ റൂമിലേക്ക് ചെന്നു.. 

ദേവേട്ടൻ പുസ്തകവും വായിച്ചു കിടപ്പുണ്ടായിരുന്നു.

“ഏട്ടാ കഴിക്കാൻ എടുത്തു കൊണ്ടു വരട്ടെ..

“വിഷ്ണു എന്തിയെ അവൻ കഴിച്ചോ..

“ഇല്ല വിഷ്ണു കുളിക്കാൻ പോയി..

“മ്മം എന്നാൽ പിന്നെ അവനും കൂടി വന്നിട്ട് ഒരുമിച്ചു കഴിച്ചോളാം..

“അതേ ഏട്ടാ ഞാൻ ചോദിക്കുന്നത് കൊണ്ടു ഒന്നും തോന്നരുത്.. ഈ വിഷ്ണു ആയിട്ടെങ്ങനെയാണ് ഏട്ടന് പരിചയം.. 

“എന്താടി ചോദിക്കാൻ കാര്യം..

“അതൊക്കെ പറയാം ഏട്ടൻ ഞാൻ ചോദിച്ചതിനുള്ള ഉത്തരം പറ..

“മ്മം ..  എനിക്ക് അവനുമായി കുറച്ചു മാസത്തെ പരിചയം മാത്രമേ ഒള്ളൂ.. ഞാൻ അവനെ ആദ്യമായി കാണുന്നത് ടൗണിൽ വെച്ചാണ് .. അവന്റെ പാന്റിന്റെ പോക്കറ്റിൽ നിന്നും വീണു പോയ പേഴ്സ് ഞാൻ ആണ് എടുത്തു കൊടുത്തത്..  അന്ന് മുതൽ എവിടെ വെച്ചു എപ്പോൾ കണ്ടാലും ഞങ്ങൾ സംസാരിക്കാറുണ്ട് .. 

ആ ഒരു ബന്ധം വളർന്നു ഞങ്ങൾക്കിടയിൽ  നല്ലൊരു സൗഹൃദമായി മാറി..  ശെരിക്കും പറഞ്ഞാൽ അപ്രതീക്ഷിതമായി എന്റെ ജീവിതത്തിലേക്കു കടന്നു വന്ന എനിക്കേറ്റവും പ്രിയപ്പെട്ട സൗഹൃദമാണ് വിഷ്ണു..

“മ്മം അപ്പോൾ വിഷ്ണു ഇതിന് മുൻപ് ഇവിടെ വന്നിട്ടുണ്ടോ..

“ഇല്ല അവൻ ആദ്യമായിട്ട് വരുവാണ്..

എന്താടി കാര്യം നീ എന്താ ഒരുമാതിരി പോലീസുകാർ ചോദിക്കും പോലെ ചോദിക്കുന്നത്..

“അതുപിന്നെ എനിക്കെന്തോ വിഷ്ണുവിനെ കണ്ടപ്പോൾ തൊട്ടു എന്തോ ഒരു പന്തികേട് തോന്നുന്നു..

അയാളുടെ പെരുമാറ്റം കണ്ടിട്ട് മനസ്സിൽ  എന്തോ ഒരു പേടി..

“അതെന്താ അവൻ നിന്നെ പിടിച്ചു വിഴുങ്ങാൻ വന്നോ..

“അല്ല ഏട്ടാ..  ഇന്നലെ രാത്രിയിൽ ആരോ നടക്കുന്ന ഒച്ച കേട്ടു ഞാൻ എഴുന്നേറ്റു വാതിൽ തുറന്നു നോക്കുമ്പോൾ വിഷ്ണു നമ്മുടെ നിലവറയിലേക്കുള്ള മുറിയുടെ അങ്ങോട്ട്‌ പോവുന്നത് കണ്ടു ഞാനും പിന്നാലെ പോയി..

എന്നിട്ട് ഞാൻ നോക്കുമ്പോൾ അവൻ മുറിയുടെ അടുത്ത് ചെന്നതും ആ മുറി തുറന്നു അവൻ അകത്തു കയറി.. 

എന്നിട്ട് കുറച്ചു സമയം കഴിഞ്ഞു തിരികെ ഇറങ്ങി വന്നിട്ട് റൂമിൽ പോയി കിടന്നു..

“ഹഹഹ നിനക്ക് ഭ്രാന്താടി അല്ലാതെ പിന്നെ ഇതിനൊക്കെ എന്താ പറയുക..

“എന്റെ ഏട്ടാ സത്യം ഞാൻ എന്റെ ഈ കണ്ണുകൾ കൊണ്ടു കണ്ടതാണ്..

“ഉവ്വ അന്ന് പാമ്പെന്റെ കാലിൽ കൊത്തി എന്നു പറഞ്ഞു നീ എന്തൊക്കെ ബഹളം ഉണ്ടാക്കി..

“അതുപോലെ അല്ല ഏട്ടാ ഇത്.. 

ഇത് ശെരിക്കും നീ കണ്ടതാണ്..

“മ്മം അവൻ ഇറങ്ങി നടന്നു എന്നത് വേണമെങ്കിൽ ഞാൻ വിശ്വസിക്കാം പക്ഷേ അവൻ ആ മുറി തുറന്നു പോയെന്ന് പറഞ്ഞത് എങ്ങനെ ആണെടി ഞാൻ വിശ്വസിക്കുന്നത് ..

“അതെന്താ അത് വിശ്വാസം ഇല്ലാത്തത്..

“ഡി  അതിന്റെ താക്കോൽ മുത്തശ്ശിയുടെ കൈയിലാണ് പിന്നെ അവനത് എങ്ങനെ തുറക്കാനാണ്..

“അവന്റെ കയ്യിൽ വേറെ താക്കോൽ ഉണ്ടായിരിക്കും..

“ആദ്യമായി ഇവിടെ വരുന്ന അവനു ഇവിടെ ഇങ്ങനെ ഒരു മുറി ഉണ്ടെന്ന് പോലും അറിയില്ല പിന്നെ  എങ്ങനെ ആണെടി ഇവിടുത്തെ താഴിന്റെ താക്കോൽ കിട്ടുന്നത്,

നിനക്ക് എന്തോ കുഴപ്പം ഉണ്ട് ഇല്ലെങ്കിൽ ഇങ്ങനെ ഓരോന്ന് ചിന്തിച്ചു കൂട്ടില്ല..

“ഓ അല്ലെങ്കിലും ഞാൻ പറഞ്ഞാൽ ആരും ഒന്നും വിശ്വസിക്കില്ല ഞാൻ പോണു എന്നും പറഞ്ഞു ദേഷ്യം കേറി ഞാൻ അവിടെ നിന്നും ഇറങ്ങി മുറ്റത്തെത്തി..

ഞാൻ നോക്കുമ്പോൾ വിഷ്ണു കാവിന്റെ അങ്ങോട്ടേക്ക് നടന്നു പോവുന്നു..

എനിക്കെന്തോ ആ പോക്കിൽ സംശയം തോന്നി ഞാനും പുറകെ പോയി..

വിഷ്ണു നേരെ കാവിനുള്ളിലേക്കു കയറി..

പിന്നാലെ ഞാനും.. 

പെട്ടെന്ന് എവിടെ നിന്നോ ഒരു കാറ്റ് ആഞ്ഞു വീശി..  പക്ഷികൾ എല്ലാം വരാനിരിക്കുന്ന എന്തോ  അപകടത്തെ മുൻകൂട്ടി കണ്ടു കൊണ്ടു എന്നോണം  പേടിയോടെ ചിലക്കുന്നത് പോലെ തോന്നി..

അതെല്ലാം കൂട്ടത്തോടെ ചിറകടിച്ചു ബഹളം കൂട്ടി എങ്ങോട്ടോ പറന്നു പോയി..

ഒന്നും വക വെയ്ക്കാതെ അവൻ നടന്നു കൊണ്ടിരുന്നു..

നടന്നു നടന്നു അവൻ  നാഗത്തറക്കു മുന്നിൽ എത്തി..

പിന്നാലെ എത്തിയ ഞാൻ അവൻ കാണാത്ത വണ്ണം അവിടെ നിന്ന മരത്തിന്റെ മറവിൽ നിന്നു കൊണ്ടു അവനെ നോക്കി..

ഞാൻ നോക്കുമ്പോൾ അവൻ  നാഗത്തറയിൽ  മെല്ലെ തൊട്ടു പെട്ടെന്ന് ഷോക്കടിച്ചത് പോലെ അവൻ കൈ വലിച്ചു….

എന്തോ ഒരു ഭയം അവന്റെ മുഖത്തു തെളിഞ്ഞു നിന്നു..

പിന്നെ അവൻ അവിടുന്ന് നടന്നു  സർപ്പപുറ്റിന്  മുന്നിൽ ചെന്നു കൈകൂപ്പിയ ശേഷം അവിടെ ഇരുന്നു അതിനു താഴെ കിടന്നിരുന്ന ചപ്പുകൾ മാറ്റി അവിടത്തെ മണ്ണ് ഒരുപിടി വാരി എടുത്തു മുണ്ടിൽ കെട്ടി വെച്ചു..

അത് കണ്ടിട്ട്

എനിക്ക് ഒന്നും മനസ്സിലായില്ല ഇവനെന്തിനാ ഇവിടത്തെ മണ്ണ്..

എന്തായിരിക്കും ഇവന്റെ ഉദ്ദേശം….

എന്തൊക്കെയോ സംശയങ്ങൾ എന്റെ മനസ്സിൽ കയറി കൂടി..

ഞാൻ നേരെ അവന്റെ അടുക്കലേക്കു ചെന്നു..

“വിഷ്ണു ഇവിടെ എന്തെടുക്കുവാ..

പെട്ടെന്ന് എന്റെ ശബ്ദം കേട്ടവനൊരു ഞെട്ടലോടെ തിരിഞ്ഞു നോക്കി..

“എന്താ വിഷ്ണു..

“ഹേ ഒന്നുമില്ല..

“അല്ല എന്താ കാവിലേക്ക് വന്നത്..

“ഓ അതുപിന്നെ ഈ കാവ് പുറത്തു നിന്നു കണ്ടപ്പോൾ ഒരു മോഹം തോന്നി ഇതിന്റെ ഭംഗി ഒന്ന് ആസ്വദിക്കാമെന്നു വിചാരിച്ചു  അങ്ങനെ കേറിയതാണ്..

“മ്മം എന്നിട്ട്  ഞങ്ങളുടെ   കാവ് ഇഷ്ടമായോ ..

“പിന്നെ ഒരുപാട് ഇഷ്ടമായി വീണ്ടും വീണ്ടും വരാൻ കൊതിപ്പിക്കുന്ന സൗന്ദര്യമാണ് ഈ കാവിന്..

ഇവിടെ നിന്നാൽ അറിയാതെ പ്രകൃതിയെ പ്രണയിച്ചു പോവും നമ്മൾ..

ഇനിയുംഇവിടേക്ക്  വരണം എന്നുണ്ട് ..

“ഓ അതിനെന്താ വന്നോളൂ.. 

ഇപ്പോൾ നമുക്ക് ഭക്ഷണം കഴിക്കാൻ പോവാം ഏട്ടൻ അവിടെ കാത്തിരുപ്പുണ്ട്..  

“ഓ ശെരി വാ പോയേക്കാം..  എന്നും പറഞ്ഞു അവൻ പുറത്തേക്ക് നടന്നു.. പിന്നാലെ ഞാനും ഇറങ്ങി..

ഞങ്ങൾ അവിടുന്നു ഇറങ്ങി  വീട്ടിൽ എത്തി..

ഭക്ഷണം ഒക്കെ കഴിഞ്ഞു വിഷ്ണു യാത്രയൊക്കെ പറഞ്ഞു  പോവാൻ ഇറങ്ങി..

“വിഷ്ണു  ഡാ നീ ഇനിയും വരണം കേട്ടോ ..

“ഓ വരാമെടാ ഉറപ്പായും ഞാൻ ഇനിയും വരും.. വരാതെ ഇരിക്കാൻ ആവില്ലല്ലോ..

നീ എന്തായാലും നല്ലപോലെ റസ്റ്റ്‌ എടുക്കണം  എന്നും പറഞ്ഞു ഞങ്ങളോടൊക്കെ യാത്ര പറഞ്ഞു വിഷ്ണു നടന്നു..

എനിക്കെന്തോ അവന്റെ വാക്കുകളിൽ  പോലും എന്തോ ഒന്ന് ഒളിഞ്ഞിരിക്കുന്നത് പോലെ തോന്നി..

ഒരുപാട് രഹസ്യങ്ങളുടെ കലവറയാണ് അവനെന്നു എനിക്ക് തോന്നി.. 

മനസ്സിൽ എന്തൊക്കെയോ കണക്കു കൂട്ടലുകളുമായിട്ടാണ് അവൻ പോവുന്നതെന്ന് എനിക്ക് തോന്നി..

ഇനിയും അവൻ വരുമെന്ന് എന്റെ മനസ്സിൽ ഇരുന്നു ആരോ പറഞ്ഞു..

=======================

അന്ന് രാത്രി കിടക്കാൻ നേരം ഏട്ടൻ കിടന്നു വിറക്കുന്നത് കണ്ടു ചെന്നു ഞാൻ തൊട്ട് നോക്കിയപ്പോൾ ദേഹമൊക്കെ ചുട്ടു പൊള്ളുന്നു നല്ല പനിയുണ്ട്..

ഞാൻ വേഗം അമ്മയെ വിളിച്ചു മരുന്ന് വാങ്ങി കൊടുത്തു..

ഇടക്കിടെ നെറ്റിയിൽ തുണി നനച്ചു ഇട്ടു കൊടുത്തു….

ചൂടൽപ്പം കുറഞ്ഞെന്ന് കണ്ടപ്പോൾ ഞാൻ താഴെ കിടക്കാമെന്നു കരുതി എഴുന്നേറ്റതും ഏട്ടൻ എന്റെ കൈയിൽ കയറി പിടിച്ചു..

“നീ എവിടെ പോവുന്നു..

“അല്ല ഏട്ടാ ഏട്ടന് വയ്യല്ലോ അത് കൊണ്ടു ഏട്ടൻ താഴെ കിടക്കേണ്ട ഞാൻ കിടന്നോളാം..

“അല്ല എന്തിനാ ഇപ്പോൾ നീ താഴെ കിടക്കുന്നത്..

“അതുപിന്നെ ഞാൻ കൂടെ കിടന്നാൽ ഏട്ടന് ഇഷ്ടം ആവില്ലല്ലോ.

“ഓഹോ എന്നാൽ നീ ഇന്ന് കട്ടിലിൽ തന്നെ കിടന്നാൽ മതി..

അതുകേട്ടു അത്ഭുതത്തോടെ ഞാൻ ഏട്ടനെ ഒന്ന് നോക്കി..

“എന്താടി ഇങ്ങനെ നോക്കുന്നത് നിന്നോടുള്ള ഇഷ്ടം കൊണ്ടൊന്നും അല്ല..

നിനക്ക് കൂടി പനി തരാമല്ലോ  എന്നോർത്താണ്  എന്നും പറഞ്ഞു ഏട്ടൻ ചിരിച്ചു..

അത് കേട്ടു ഞാനും ചിരിച്ചു..

ശെരിക്കും ആ ഒരു നിമിഷം എന്ത് പറയണം എന്നറിയാത്തൊരു അവസ്ഥയിൽ ആയിരുന്നു ഞാൻ..

ഏട്ടന്റെ മനസ്സിൽ എവിടെക്കൊയോ ഞാൻ  ഉണ്ടെന്ന് ഒരു തോന്നൽ..

പുതപ്പെടുത്തു ഏട്ടനെ പുതപ്പിച്ചു കൊണ്ടു ഞാൻ ഏട്ടനോട് ചേർന്നു കിടന്നു..

നാഗത്തറക്കു മുന്നിൽ പുഞ്ചിരിച്ചു നിൽക്കുന്ന വിഷ്ണുവിനെ സ്വപ്നം കണ്ടാണ് ഞാൻ പിറ്റേന്ന് പുലർച്ചെ എഴുന്നേൽക്കുന്നത്..

എന്റെ ഈശ്വരാ ഇതെന്താണ് ഇങ്ങനെ ഒരു സ്വപ്നം.. ഇത്  എന്തെങ്കിലും സൂചന ആയിരിക്കുമോ..  ഒന്നും മനസ്സിലാവാതെ ഞാൻ ഇരുന്നു..

അപ്പോഴാണ് അടുത്ത് കിടന്നു ഉറങ്ങുന്ന ഏട്ടനെ ഞാൻ ശ്രദ്ധിച്ചത്..  ആള് നല്ലപോലെ വിയർത്തിട്ട് ഉണ്ട്..  ഞാൻ നെറ്റിയിൽ മെല്ലെ തൊട്ട് നോക്കി.. ചൂടൊക്കെ പോയി..

ഏട്ടന്റെ പനിയൊക്കെ  വിട്ടുമാറിയെന്നു തോന്നുന്നു .. ഏട്ടനെ ശെരിക്കു പുതപ്പിച്ചു കിടത്തിയിട്ട് ഞാൻ എഴുന്നേറ്റു പുറത്തേക്ക് പോയി..

————————————————-

ദിവസങ്ങൾ കടന്നു പോയി.. വയ്യാത്ത കൊണ്ടാണോ എന്നറിയില്ല അധികം പിടിവാശി ഒന്നും ഇപ്പോൾ ആളു കാണിക്കാറില്ല..

സത്യം പറഞ്ഞാൽ ഓരോ ദിവസം  കഴിയും തോറും ഞങ്ങൾക്കിടയിലെ അകലം കുറഞ്ഞു കുറഞ്ഞു വന്നു എന്ന് പറയാം.. 

ഇപ്പോൾ ഏട്ടൻ എന്നോട് തമാശയൊക്കെ പറയാറുണ്ട്..  ദേഷ്യം കാണിക്കാറില്ല..

ശെരിക്കും പറഞ്ഞാൽ പ്രണയത്തിന്റെ പുതുനാമ്പു ഞങ്ങൾക്കുള്ളിൽ വളർന്നു തുടങ്ങി എന്ന് പറയാം..

=========================

ഇന്നാണ് ഇവിടത്തെ ദേവിയുടെ അമ്പലത്തിലെ ഉത്സവം കൊടിയേറുന്നത്

ഏട്ടന്റെ പരുക്കുകൾ ഒക്കെ പൂർണ്ണമായും ഭേദമായി..

അതുകൊണ്ട് തന്നെ ഞങ്ങൾ എല്ലാവരും കൂടി  സന്ധ്യക്ക്‌ അമ്പലത്തിലേക്ക്  ഇറങ്ങി..

ഇളം കാറ്റിൽ ആടിയുലഞ്ഞു നിൽക്കുന്ന നെൽ കതിരുകൾ വിളഞ്ഞ വയലിന്  നടുവേ തീർത്ത ചെമ്മൺ പാതയിലൂടെ നടന്നു ഞങ്ങൾ  ചെന്നെത്തിയത്  വർഷങ്ങൾ പഴക്കമുള്ളൊരു മുതുമുത്തശ്ശൻ ആലിന്  മുന്നിലാണ്.. 

കാറ്റിന്റെ സംഗീതം ആസ്വദിച്ചു കൊണ്ടു ആലിലകൾ കാറ്റിൽ   ഇളകിയാടി നൃത്തം വെക്കുന്നു.. അമ്പലത്തിനുള്ളിൽ നിന്നും ദേവി സ്തുതികൾ ഉയരുന്നുണ്ട്..

ഞങ്ങൾ അമ്പലത്തിനുള്ളിലേക്കു കടന്നു..

ചതുരാകൃതിയിൽ തീർത്ത ഒരു കൊച്ചു ശ്രീകോവിലാണ് ഇവിടെയുള്ളത്..

അത് ചെമ്പുമേഞ്ഞ് മുകളിൽ സ്വർണ്ണത്താഴികക്കുടത്തോടെ ശോഭിച്ചുനിൽക്കുന്നു.

കരിങ്കല്ലിൽ തീർത്ത ശ്രീകോവിലിനകത്ത് കിഴക്കോട്ടു  ദർശനമായിട്ടാണ്   വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത് ..

ഇവിടുത്തെ നാലമ്പലത്തിന് പുറത്ത് തെക്കു പടിഞ്ഞാറുഭാഗത്താണ്  ശിവന്റെ പ്രതിഷ്ഠ..

ശിവലിംഗവും കിഴക്കോട്ട് ദർശനമായി തന്നെയാണ്  പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നത് ..

ശിവന്റെ ശ്രീകോവിലിനടുത്ത് പ്രത്യേകം തീർത്ത തറയിലാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. നവനാഗസങ്കല്പമാണ് ഇവിടെയുള്ളത്..

അനന്തൻ

(ആദിശേഷൻ),

ശിവന്റെ കണ്ഠാഭരണമായ വാസുകി, തക്ഷകൻ തുടങ്ങിയ നവനാഗരാജാക്കന്മാർക്കൊപ്പം നാഗയക്ഷിമാരും നാഗകന്യകമാരും എല്ലാം  ഇവിടെയുണ്ട്.

എല്ലാ മാസവും ആയില്യം നാളിൽ വിശേഷാൽ പൂജകളും

കന്നിമാസത്തിൽ ആയില്യത്തിന് സർപ്പബലിയുമുണ്ടാകും..

എന്നാണ് അമ്മ പറഞ്ഞത്..

നൂറും പാലും, മഞ്ഞൾപ്പൊടി അഭിഷേകം, പുറ്റും മുട്ടയും, പുള്ളുവൻപാട്ട് തുടങ്ങിയവ യാണത്രേ  നാഗദൈവങ്ങളുടെ പ്രധാന വഴിപാടുകൾ..

ദേവിക്കും ശിവനും പിന്നെ നാഗ ദൈവങ്ങൾക്ക് മുന്നിലും ഞാൻ മനസ്സുരുകി പ്രാത്ഥിച്ചു.. 

എന്റെ ചൊവ്വാദോഷം കൊണ്ടാണ് ഓരോ പ്രശ്നങ്ങളും ഉണ്ടാവുന്ന തെങ്കിൽ എല്ലാം മാറ്റി തരണേ എന്ന് കണ്ണീരോടെ ഞാൻ പ്രാത്ഥിച്ചു..

=====================

അമ്പലത്തിനു മുന്നിലെ കൽവിളക്കിൽ ശ്രീദേവി വിളക്ക്  തെളിച്ചു പ്രാത്ഥിച്ചു നിൽക്കുന്നതും നോക്കി ദേവൻ നിന്നു..

കൽവിളക്കിന്റെ വെളിച്ചത്തിൽ  അവൾ കൂടുതൽ സുന്ദരിയായിരിക്കുന്നു..

വയലിൽ നിന്നും വീശുന്ന കാറ്റ് അവളുടെ മുടിയിഴകളെ തഴുകി തലോടി കടന്നു പോവുന്നു..

അവളുടെ കാതുകളിൽ കിടക്കുന്ന കുടമുല്ല കമ്മലുകൾ കാറ്റിൽ നൃത്തം വെക്കുന്നു..

പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീൽ നെഞ്ചിലൂടെ ദേവന്റെ  കടന്നു പോയി..

=======================

ഞാൻ ഏട്ടനെ ഒന്ന് നോക്കി.. ഏട്ടൻ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ടു നിൽക്കുകയാണ്..

കണ്ണിമ വെട്ടാതെ കണ്ണുകൾ കൊണ്ടു  പരസ്പരം  ഞങ്ങൾ പ്രണയം  കൈമാറിയ നിമിഷങ്ങൾ ആയിരുന്നു അത്..

സർവ്വാഭരണ വിഭുഷിതയായ ദേവിയുടെ തിരുമുറ്റത്തെ ദീപ പ്രഭയിൽ മുങ്ങി നിൽക്കുന്ന കൽവിളക്കിനു പിന്നിൽ നിൽക്കുന്ന എന്റെ അടുത്തേക്ക് ഏട്ടൻ നടന്നടുത്തു..

ആകാശത്തെ നക്ഷത്ര വിളക്കുകൾ ഞങ്ങളെ നോക്കി കൺചിമ്മുന്നുണ്ടായിരുന്നു..

ചെമ്പകപ്പൂവിന്റെ സുഗന്ധമുള്ള നനുത്ത കാറ്റ് കാതിൽ പ്രണയം മൊഴിഞ്ഞു പോയി..

ഏട്ടന്റെ നോട്ടമെന്നിൽ നാണത്തിന്റെ ചിറക് വിരിയിച്ചു..

ആകാശം കാണാതെ ബുക്കിൽ ഒളിപ്പിച്ച മയിൽപ്പീലി പോലെ എന്റെ ഉള്ളിൽ ഞാൻ ഒളിപ്പിച്ചു വെച്ചിരുന്ന പ്രണയം  ഒരായിരം മയിൽ പീലികളായി വിടർന്നാടി..

എനിക്കും ഏട്ടനും ഇടയിൽ മൗനം വേലി തീർത്ത നിമിഷങ്ങൾ ആയിരുന്നു പിന്നെ..

ഞങ്ങളുടെ കണ്ണുകൾ തമ്മിൽ എന്തോ മൊഴിഞ്ഞു..

എന്തോ പറയാനായി ചുണ്ടുകൾ വിതുമ്പി..

ഒടുവിൽ എന്നിലെ മൗനത്തെ ഞാൻ കീഴ്‌പ്പെടുത്തി..

“എന്താ ഏട്ടാ ഇങ്ങനെ നോക്കുന്നത്..

“അതുപിന്നെ .. ഏട്ടൻ എന്തോ പറയാൻ തുടങ്ങിയതും പിന്നിൽ നിന്നും ദേവേട്ടാ എന്നൊരു പെണ്ണിന്റെ വിളി കേട്ടു..

ഞാൻ നോക്കുമ്പോൾ ധാവണിയുടുത്തു കാണാൻ അത്യാവശ്യം  സുന്ദരിയായൊരു പെണ്ണ് ചിരിച്ചു കൊണ്ടു ഞങ്ങളുടെ നേരെ വരുന്നു..

അവളെ കണ്ടതും ദേവേട്ടന്റെ മുഖത്തും പുഞ്ചിരി വിടർന്നു..

ഞങ്ങൾക്കിടയിലെ അസുലഭ സുന്ദരമായ പ്രണയ നിമിഷത്തിലേക്കു സ്വർഗ്ഗത്തിലെ കട്ടുറുമ്പിനെ  പോലെ കടന്നു വന്ന ഈ പിശാശ് ആരാവും എന്നു ചിന്തിച്ചു കൊണ്ടു  ഞാൻ നിന്നു..

(തുടരും… )

(വിഷ്‌ണുവിന്റെ കൂടെ മറ്റൊരു പുതിയൊരു കഥാപാത്രത്തെ കൂടി നിങ്ങൾക്ക് തന്നിട്ട്  ഞാൻ മുങ്ങുന്നു.. സ്നേഹപൂർവ്വം… ശിവ )

 

ശിവ യുടെ മറ്റു നോവലുകൾ

ശ്രീലക്ഷ്മി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Jathakam written by Shiva

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!