Skip to content

നിൻ നിഴലായ് – ഭാഗം 24 (അവസാനഭാഗം)

nin-nizhalayi-novel

”  ശ്രീയേട്ടാ….  “

രാത്രിയുടെ   അന്ധകാരം  കനത്തിരുന്നുവെങ്കിലും      അപ്പോഴും    നീറി നീറിക്കത്തിക്കൊണ്ടിരുന്ന   ശ്രദ്ധയുടെ   ചിതയിലേക്ക്   തന്നെ   നോക്കിയിരുന്നിരുന്ന   ശ്രീജിത്തിന്റെ   അരികിലേക്ക്   ചെന്നുകൊണ്ട്   സമീര   വിളിച്ചു.  തിരിഞ്ഞവളെ  നോക്കുമ്പോൾ    നിറഞ്ഞൊഴുകിക്കോണ്ടിരുന്ന   അവന്റെ   കണ്ണുകൾ   കണ്ട്   അവളുടെ   ഹൃദയം   വിങ്ങി. 

”   എന്റെ   കുഞ്ഞനിയത്തി  …..  അവൾ…. “

അവളെ   നോക്കി   ഒരു   കൊച്ചുകുഞ്ഞിനെപ്പോലെ   വിതുമ്പിക്കൊണ്ട്    വാക്കുകൾ   കിട്ടാതെ   ബുദ്ധിമുട്ടുന്ന   അവനെയവൾ   അലിവോടെ   നോക്കി.

”  ഇങ്ങനെ   വിഷമിക്കല്ലേ   ശ്രീയേട്ടാ…  ഏട്ടനും   കൂടി    തളർന്നാൽ   അമ്മയ്ക്കാരുണ്ടൊരു   തുണ ???  “

അവന്റെ   തോളിൽ   തൊട്ടുകൊണ്ട്   അവളത്   പറഞ്ഞതും   അവളെ   പൂണ്ടടക്കം   പുണർന്നുകൊണ്ട്   അവൻ   പൊട്ടിക്കരഞ്ഞു. 

”  നിനക്കറിയുമോ   മാളൂ   അവളെ   ഞങ്ങളെങ്ങനെ   വളർത്തിയതാണെന്ന്.   എനിക്ക്   ഏഴ്   വയസുള്ളപ്പോഴായിരുന്നു   അവൾ   ജനിച്ചത്.  അമ്മയുടെ   വയറ്റിലൊരു   കുഞ്ഞുവാവയുണ്ടെന്ന്    അച്ഛൻ   പറഞ്ഞത്   മുതൽ   കാത്തിരുന്നത്   ഒരനിയനെയായിരുന്നെങ്കിലും   അവളുണ്ടായിക്കഴിഞ്ഞ്   അവളെയാദ്യം   കണ്ടതുമുതൽ   ആ   കുരുന്നുപുഞ്ചിരി   കണ്ടത്   മുതൽ   അവളെയീ   നെഞ്ചിലേറ്റിയതാണ്   ഞാൻ.   നീയെപ്പോഴും   പറയാറുള്ള    ആരെയും   വക   വെക്കാത്ത   ഈ   തെമ്മാടി   ആകെ   തോറ്റിട്ടുള്ളത്   അവൾക്ക്   മുന്നിൽ   മാത്രമാണ്. 

അച്ഛനുമ്മയുമായാലും   അവളെയൊന്ന്   നുള്ളി   നോവിച്ചിട്ടില്ല.  അവളുടെ   മുഖം   മങ്ങുന്നതൊന്നും   ഇവിടാരും   ചെയ്തിട്ടില്ല.   സ്കൂളിലും കോളേജിലുമെല്ലാം   ഞാൻ   തല്ലിപ്പൊളിയായിരുന്നെങ്കിലും    അവളെന്നും   മുന്നിൽ   തന്നെയായിരുന്നു.  പിന്നീടെപ്പോഴാണ്   അവളെ   ഞങ്ങൾക്ക്   കൈവിട്ടുപോയതെന്നെനിക്കറിയില്ല.   പിന്നെ   അവളുടെ   വഴി   തെറ്റാണെന്നറിഞ്ഞപ്പോഴേക്കും   അവളെയൊന്ന്   ഉപദേശിക്കാൻ   പോലുമുള്ള   അർഹത   അവളുടെയീ   ഏട്ടനും   നഷ്ടപ്പെട്ടിരുന്നു.  “

”  മതിയേട്ടാ…. ഇനിയിതൊന്നും   പറഞ്ഞിട്ട്   കാര്യമില്ല.  ഇനിയാ   ആത്മാവിന്   വേണ്ടി   പ്രാർത്ഥിക്കാൻ   മാത്രേ   നമുക്ക്   കഴിയൂ.  മതിയിവിടിങ്ങനിരുന്നത്.   അകത്തേക്ക്   വാ…  “

ആ   വാക്കുകളെ   തടഞ്ഞുകൊണ്ട്   ഇരുന്നിടത്തുനിന്നും    അവനെ   പിടിച്ചെണീപ്പിച്ചുകൊണ്ട്    അവൾ   പറഞ്ഞു.   നിറമിഴികൾ   മുണ്ടിന്റെ   തുമ്പിലൊപ്പി   അവൻ   പതിയെ   എണീറ്റു. 

അവൾക്കൊപ്പം   അകത്തേക്ക്   നടക്കുമ്പോഴും   അവന്റെ   കണ്ണുകൾ  അപ്പോഴും    എരിഞ്ഞടങ്ങാൻ   മടിച്ചിരുന്ന    ആ   കനലുകളെത്തേടിച്ചെന്നു.

ഒരിക്കൽപ്പോലും   ജനനവും   മരണവുമൊന്നും   കാത്തുനിലക്കാത്ത   കാലചക്രം  വീണ്ടും   തിരിഞ്ഞുകൊണ്ടിരുന്നു.  ശ്രദ്ധയുടെ   വിയോഗം   എല്ലാവരും   അംഗീകരിച്ചുതുടങ്ങി.  അവളുടെ   ഓർമ്മകൾ   പോലും  മറ്റുള്ളവരിൽ   നിന്നും   മാഞ്ഞുതുടങ്ങി.  സുധയെന്ന   അമ്മ   മാത്രം   വെറുതെയിരിക്കുമ്പോഴൊക്കെയും   ഹാളിൽ   പുഞ്ചിരി തൂകിയിരിക്കുന്ന   അവളുടെ   ഫോട്ടോയിലേക്ക്   നോക്കി   നെടുവീർപ്പുകളുതിർത്തും   ചിലപ്പോഴൊക്കെ  അവൾക്കായി  ഒരിറ്റ്   മിഴിനീരർപ്പിച്ചുകൊണ്ടുമിരുന്നു. 

സമീയും   ശ്രീജിത്തും  എല്ലാം   മറന്ന്   പുതിയൊരു   ജീവിതത്തിലേക്ക്   ചുവടുവച്ച്   തുടങ്ങി.  ശ്രീമംഗലവും   ശാന്തമായിരുന്നു. 

ഡെലിവറി  ഡേറ്റ്  ഏകദേശമടുത്തിരുന്ന    ജാനകിക്ക്   അതിരാവിലെ   മുതൽ   എന്തെന്നറിയാത്ത   ഒരു   ക്ഷീണവും   വെപ്രാളവും  തോന്നിയിരുന്നു.  സന്ധ്യയോടെ   ക്ഷീണവും   തളർച്ചയും  കൂടിയതിനാൽ   ഹാളിൽ   ടീവി   കണ്ടുകൊണ്ടിരുന്ന   ജാനകി   പതിയെ   എണീറ്റ്   റൂമിലേക്ക്   നടന്നു.  മുറിയിലെത്തിയിട്ടും   കിടക്കാനും   ഇരിക്കാനും   കഴിയാത്ത   അവസ്ഥയിൽ   അവൾ   അങ്ങോട്ടുമിങ്ങോട്ടും   നടന്നുതുടങ്ങി.

ഏഴുമണിയോടെ  അഭിജിത്ത്   ഓഫീസിൽ   നിന്നും  വരുമ്പോഴും  ജാനകിയുടെ   നിലയിൽ   മാറ്റമൊന്നുമുണ്ടായിരുന്നില്ല. 

”  അഭിയേട്ടാ   എനിക്ക്   തീരെ   വയ്യ  “

റൂമിലേക്ക്   വന്ന   അവനെ   കണ്ടതും   അവശതയോടെ   അവൾ   പറഞ്ഞു.

”  എന്തുപറ്റി   ഹോസ്പിറ്റലിൽ   പോണോ ???  “

അരികിലേക്ക്   ചെന്നവളുടെ    വയറിൽ   കൈ   വച്ചുകൊണ്ട്   അവൻ   ചോദിച്ചു.

”  സാരമില്ലഭിയേട്ടാ  ചിലപ്പോ  കുറച്ചുകഴിയുമ്പോ…. ആഹ്ഹ…. “

അവന്റെ   ചോദ്യത്തിനനുള്ള   മറുപടി   പൂർത്തിയാക്കും   മുൻപ്   ജാനകിയിൽ  നിന്നൊരു   നിലവിളി   ഉയർന്നു.

”  ജാനീ   എന്താടാ…  “

അസഹ്യമായ   വേദനയിൽ   അവനെയള്ളിപ്പിടിച്ച   അവളെ   ചേർത്തുപിടിച്ചുകൊണ്ട്  വെപ്രാളത്തോടെ    അവൻ   ചോദിച്ചു. 

”  എനിക്ക്   തീരെ  വയ്യേട്ടാ…  വയറിൽ   വല്ലാത്ത   വേദന…  “

എങ്ങനെയൊക്കെയോ   അവൾ    പറഞ്ഞപ്പോഴേക്കും   അഭിയവളെ    കൈകളിൽ   കോരിയെടുത്തിരുന്നു.  അവളുമായി   പുറത്തേക്ക്   നടക്കുമ്പോൾ    കൈകളിലേക്ക്   പടർന്ന   നനവവന്റെ   ഉള്ളിലെ   ആന്തലിന്റെ   ശക്തി   കൂട്ടി.  കാറിന്റെ   പിൻസീറ്റിൽ   ശ്രീജയുടെ   മടിയിൽ   തലവച്ച്   അവളെ   കിടത്തുമ്പോഴേക്കും   മേനോൻ   ഓടിവന്ന്   ഡ്രൈവിംഗ്   സീറ്റിലേക്ക്   കയറി   വണ്ടി   സ്റ്റാർട്ട്‌   ചെയ്തിരുന്നു. 

”  ഈശ്വരാ   എന്റെ   കുഞ്ഞിനൊന്നും   വരുത്തരുതേ…  “

പോകുംവഴിയെല്ലാം   ഏതൊക്കെയോ  ദൈവങ്ങളെ   വിളിച്ചുനേർച്ചകൾ   നേർന്നുകൊണ്ട്   ശ്രീജ   പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു.  ഹോസ്പിറ്റലിലേക്ക്   എത്തുമ്പോഴേക്കും   കാത്തുനിന്നിരുന്ന   സ്ട്രക്ചറിലേക്ക്   അവളെയെടുത്ത്   കിടത്തുമ്പോഴും   ഭയവും   വേദനയും  കൊണ്ട്    അവളുടെ   കൈകൾ   അഭിയുടെ   കയ്യിലമർന്നിരുന്നു.   അവളെ   നേരെ   ഓപ്പറേഷൻ   തിയേറ്ററിലേക്കാണ്   കൊണ്ടുപോയത്.   ഉള്ളിലേക്ക്   കയറുമ്പോൾ   അവളിൽ   നിന്നും   ബലമായി  തന്റെ   കൈ   വിടുവിക്കുമ്പോൾ   എന്തുകൊണ്ടോ   അഭിയുടെ   നെഞ്ച്   വിങ്ങി.

”  അഭിജിത്ത്   ഇനി   നമുക്ക്   കാത്തിരിക്കാൻ   കഴിയില്ല.  ഉടനെ   തന്നെ   സിസ്സേറിയൻ   നടത്തുകയേ   വഴിയുള്ളൂ.  ഇനിയും   നോർമൽ   ഡെലിവറി   പ്രതീക്ഷിച്ച്   കാത്തിരിക്കുന്നതിലർത്ഥമില്ല.  മാത്രമല്ല   ആംനയോട്ടിക്   ഫ്ലൂയിടും   ലീക്കാവുന്നുണ്ട്.  അതുകൊണ്ട്    ഇനി   വച്ചുതാമസിപ്പിക്കുന്നത്   ആപത്താണ്.  ഉടൻ   തന്നെ   സിസ്സേറിയൻ   നടക്കും  “

ഓപ്പറേഷൻ   തിയേറ്ററിന്   മുന്നിൽ   കാത്തുനിന്നിരുന്നവരുടെ   അരികിലേക്ക്   വന്നുകൊണ്ട്   അഭിജിത്തിനോടായി   പറഞ്ഞിട്ട്  ഡോക്ടർ   ശ്യാമ   ധൃതിയിൽ   അകത്തേക്ക്   നടന്നു. 

”  ജാനകിയുടെ  ഹസ്ബൻഡാരാ  ഇതിലൊന്നൊപ്പിടണം  “

ഡോക്ടർ   പോയതിന്   പിന്നാലെ   അങ്ങോട്ട്‌   വന്ന   നേഴ്സ്   പറഞ്ഞു.  പെട്ടന്ന്   അഭിയത്   വാങ്ങിയിട്ട്   ദയനീയമായി  മേനോനെ   നോക്കി.  അയാൾ   അവന്റെ   കൈകൾ   ചേർത്തുപിടിച്ചാശ്വസിപ്പിച്ചുകൊണ്ട്   അവനെ   അലിവോടെ   നോക്കി.  ഷർട്ടിന്റെ    കോളറുയർത്തി   കണ്ണുകളൊപ്പിക്കൊണ്ട്   വിറയ്ക്കുന്ന    കൈകൊണ്ട്   അവനാ   കടലാസിൽ   ഒപ്പിട്ടു.  അപ്പോഴേക്കും  മേനോൻ   വിളിച്ചുപറഞ്ഞതനുസരിച്ച്   മഹാദേവനും   സിന്ധുവും   ഹോസ്പിറ്റലിലെത്തിയിരുന്നു.  സമയം   കടന്നുപോകും   തോറും   അഭിജിത്തിലെ   ഭയവും   ഏറിവന്നുകൊണ്ടിരുന്നു. 

അവസാനം   കാത്തിരുപ്പുകൾക്കൊടുവിൽ  ഓപ്പറേഷൻ   തിയേറ്ററിന്റെ   വാതിൽ   തുറന്ന്   പുറത്തേക്ക്   വന്ന  നഴ്സിന്റെ   കയ്യിലൊരു   കുഞ്ഞുതുണിക്കെട്ടുണ്ടായിരുന്നു.

”  പെൺകുട്ടിയാണ്  “

ഓടിയങ്ങോട്ട്   ചെന്ന   അഭിജിത്തിന്റെ   കയ്യിലേക്ക്   ആ   കുഞ്ഞുജീവൻ     വച്ചുകൊടുക്കുമ്പോൾ   പുഞ്ചിരിയോടെ   അവർ   പറഞ്ഞു.  അത്   കേട്ടതും  എല്ലാവരുടേയും   മുഖം   തെളിഞ്ഞു.  ആദ്യമായി   ആ   കുരുന്നുമുഖത്തേക്ക്   നോക്കുമ്പോൾ   വാത്സല്യത്തിന്റെ   ഒരു   കടൽത്തന്നെ   ഇളകിമറിയുകയായിരുന്നു   അഭിയുടെ   ഉള്ളിൽ. 

”  ജാനകി….  “

പെട്ടന്ന്   കുഞ്ഞിൽ   നിന്നും   ദൃഷ്ടി   മാറ്റി   അവരുടെ   മുഖത്തേക്ക്   നോക്കി   ആകാംഷയോടെ   അവൻ   ചോദിച്ചു.

”  കുഴപ്പമൊന്നുമില്ല    സെഡേഷനിലാണ്.  ബോധം  വരുമ്പോൾ   ഒരാൾക്ക്   കയറിക്കാണാം.  ഒബ്സെർവേഷൻ   കഴിഞ്ഞ്   നാളെയേ   വാർഡിലേക്ക്   മാറ്റൂ. “

പറഞ്ഞിട്ട്   അവർ   അകത്തേക്ക്   തന്നെ  പോയി.  പിറ്റേദിവസം   കാലത്ത്   തന്നെ   ജാനകിയേ   റൂമിലേക്ക്   ഷിഫ്റ്റ്‌   ചെയ്തു.  അഞ്ചുദിവസത്തെ   ആശുപത്രിവാസം   കഴിഞ്ഞ്   ജാനകിയെ   നേരെ   തൃപ്പൂണിത്തുറയ്ക്കാണ്   കൊണ്ടുവന്നത്.   അഭിജിത്തിന്   എതിർപ്പുണ്ടായിരുന്നുവെങ്കിലും  വിലാസിനിയുടെ   വാക്കുകളെ   തള്ളിക്കളയാൻ   വയ്യാത്തത്   കൊണ്ട്   അവൻ   മനസില്ലാമനസോടെ   സമ്മതിച്ചു.

വീട്ടിലെത്തിയ  ശേഷമുള്ള   ജാനകിയുടെ   കാര്യങ്ങളൊക്കെ  നോക്കിയിരുന്നത്   വിലാസിനിയായിരുന്നു.  പ്രസവശേഷമുള്ള   വേതുകുളിയും   ശരീരരക്ഷയ്ക്കുള്ള   ആയുർവേദ   മരുന്നുകളുമൊക്കെ   വല്ലാതെ   ബുദ്ധിമുട്ടിച്ചിരുന്നുവെങ്കിലും   മാതൃത്വമെന്ന    അനുഭൂതിയെ   ആഘോഷമാക്കുകയായിരുന്നു   ജാനകി   ഓരോ  നിമിഷവും.  അഭി   രണ്ടും മൂന്നും  ദിവസം  കൂടിയിരിക്കുമ്പോൾ   വന്നുപോയിക്കോണ്ടിരുന്നു.  കുഞ്ഞിനെയും   ജാനകിയെയും   വിട്ടുനിൽക്കുന്നതിൽ   വിഷമമുണ്ടായിരുന്നുവെങ്കിലും   വിലാസിനിയുടെ   കളിയാക്കൽ   ഭയന്ന്   മാത്രം   അവൻ   വന്നുപോയിക്കോണ്ടിരുന്നു.

അങ്ങനെ   അവസാനം   കുഞ്ഞിന്റെ   നൂലുകെട്ട്   ദിവസമെത്തി.  ശ്രീമംഗലത്ത്   നിന്നെല്ലാവരും   അരുണും  അപർണയും  ശ്രീജിത്തും   സമീരയും   അങ്ങനെ  എല്ലാവരും   എത്തിയിരുന്നു.  മുഹൂർത്തസമയത്ത്   കുഞ്ഞിമുണ്ടുടുപ്പിച്ച   മോളേയും   മടിയിൽ   വച്ച്   അഭിയും   ജാനകിയുമിരുന്നു.   ജാനകിയുടെ   കയ്യിലെങ്കിലും   അരി   വിതറിയ   താലത്തിലേക്ക്   കുഞ്ഞിക്കാലിട്ട്   ചവിട്ടിത്തുള്ളിക്കോണ്ടിരുന്ന    കുഞ്ഞിന്റെ   അരയിൽ   അഭിജിത്ത്   പൊന്നരഞ്ഞാണം   കെട്ടുമ്പോൾ   എല്ലാവരുടെ   മുഖത്തും   സന്തോഷം   നിറഞ്ഞിരുന്നു.

”  ഇനി   ഒരു   കാത് മൂടി   മറ്റേതിൽ   പേര്   ചൊല്ലിവിളിച്ചോളൂ…  “

തലമൂത്ത   ആരോ   പറഞ്ഞത്    കേട്ട്   ജാനകിയിൽ   നിന്നും   കുഞ്ഞിനെ    വാങ്ങി   ഇടതുചെവി   പൊത്തി   വലതുചെവിയിൽ   ചുണ്ടുചേർത്ത്   അഭി   പേര്   ചൊല്ലി  വിളിച്ചു.

”  ചിന്മയ…  ചിന്മയ… ചിന്മയ… “

പിന്നെയും   രണ്ടുമാസങ്ങൾ   കൂടി   കഴിഞ്ഞായിരുന്നു    ജാനകിയെ   ശ്രീമംഗലത്തേക്ക്   കൂട്ടിക്കോണ്ട്   വന്നത്.  അവിടെയെല്ലാവരും   തൃപ്പൂണിത്തുറയിലെ   സ്ഥിരം    സന്ദർശകരായിരുന്നത്   കൊണ്ട്   തന്നെ   ശ്രീമംഗലത്തോടും   ചിന്നുമോൾ   വളരെവേഗം   തന്നെ   ഇണങ്ങിയിരുന്നു.  രാത്രി  അഭി  മുറിയിലെത്തുമ്പോഴേക്കും   ചിന്നുമോളെയുറക്കിയിട്ട്   കിടക്കവിരി   കുടഞ്ഞുവിരിച്ചുകൊണ്ട്   നിൽക്കുകയായിരുന്നു   ജാനകി. 

പെട്ടന്നായിരുന്നു  പിന്നിലൂടെ   വന്ന  അഭിയവളെ   ചുറ്റിപ്പിടിച്ച്   തന്നോട്  ചേർത്തത് . 

”  എത്ര   നാളായി   പെണ്ണേ   ഇങ്ങനൊന്ന്‌   ചേർത്തുപിടിച്ചിട്ട്  ???  “

അവളെ   ചുറ്റിപിടിച്ച്   ആ   കഴുത്തടിയിലേക്ക്   മുഖമൊളിപ്പിച്ചുകൊണ്ടായിരുന്നു   അവനത്   പറഞ്ഞത്. 

”  അയ്യട…  അങ്ങനിപ്പോ   ചേർന്നുനിൽക്കണ്ട.  അച്ഛന്റെ   പൊന്നുമോളിതുവരെ   എന്നെയൊന്ന്   നിലത്ത്   നിർത്തിയിട്ടില്ല.   ഇപ്പോഴാ   ഒന്നുറങ്ങിയത്.   ഇനി    അച്ഛന്റെ   റൊമാൻസൂടെ   താങ്ങാനുള്ള   കഴിവെനിക്കില്ല.  “

പറഞ്ഞുകൊണ്ടവളവനെ    തള്ളിമാറ്റി.

”  അവിടെ   നിക്ക്   പെണ്ണേ … എങ്ങോട്ടാ   നീയീ   ഓടുന്നത് ??  “

ചോദ്യത്തോടൊപ്പം   തന്നെ   അവനവളെ  കൈക്കുള്ളിലൊതുക്കി    ചുവന്നുതുടുത്ത   ആ   അധരങ്ങൾ   കവർന്നിരുന്നു.   ജാനകിയുടെ   ദേഹമൊന്ന്   വിറച്ചെങ്കിലും   പതിയെ   അവളുമാ   ചുംബനത്തിന്റെ   ലഹരിയിൽ   അലിഞ്ഞുചേർന്നു.   ദീർഘമായൊരു   ചുംബനത്തിന്   ശേഷം   പരസ്പരം   അടർന്നുമാറുമ്പോൾ   നാണംകൊണ്ട്   ജാനകിയുടെ   മുഖം   കുനിഞ്ഞിരുന്നു.  വീണ്ടുമവളിലേക്കടുത്ത   അവന്റെ   വിരലുകളും   ചുണ്ടുകളും   അവളിലെ   പെണ്ണിനെ   തഴുകിയുണർത്തിക്കോണ്ടിരുന്നു. ഒടുവിൽ   രാത്രിയുടെ   ഏതോയാമത്തിൽ   ഒരു   പുതുമഴപോലവൻ   വീണ്ടുമവളിലേക്ക്   പെയ്തിറങ്ങി.   അപ്പോൾ    പകയും   പ്രതികാരവുമൊന്നുമില്ലാത്ത   പുതിയൊരു   പുലരിയുടെ   ഉദയം   പോലെ   തൊട്ടിലിൽ   കിടന്നുറങ്ങിയിരുന്ന   ചിന്നുമോളുടെ   കുഞ്ഞുചുണ്ടിലൊരു   പാൽ   പുഞ്ചിരി   വിരിഞ്ഞു. 

(  അവസാനിച്ചു  )

(  പകയുടേയും   പ്രതികാരത്തിന്റെയും   കറുത്ത  ദിനങ്ങളെല്ലാം    അവസാനിച്ചു.  ഇനി   അവരുടെ   ജീവിതത്തിൽ   സന്തോഷവും   സമാധാനവും  മാത്രമുണ്ടാകട്ടെ.  ഇത്ര   ദൂരം   കൂടെയുണ്ടായിരുന്ന   എല്ലാപ്രീയപ്പെട്ടവർക്കും   ഹൃദയം   നിറഞ്ഞ   നന്ദി.  സ്നേഹപൂർവ്വം )

 

അഭിരാമി അഭിയുടെ മറ്റു നോവലുകൾ

അഗസ്ത്യ

5/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “നിൻ നിഴലായ് – ഭാഗം 24 (അവസാനഭാഗം)”

Leave a Reply

Don`t copy text!