Skip to content

വൃന്ദാവനം – ഭാഗം 6 (അവസാന ഭാഗം)

vrindavan-novel

മാഷ് എന്റെ കണ്ണുകളിലേക്കു നോക്കി എന്തോ പറയുവാൻ തുടങ്ങവേ ഫോൺ ബെല്ലടിച്ചു..

മാഷ് പെട്ടെന്ന് എഴുന്നേറ്റു ഫോൺ എടുത്തു സംസാരിച്ചു തുടങ്ങി..  മാഷിന്റെ സംസാരത്തിൽ നിന്നും വിളിച്ചത് കൂട്ടുകാരൻ ആണെന്ന് മനസ്സിലായി.. അൽപ്പം സമയത്തിനുളിൽ മാഷ് കോൾ കട്ട്‌ ആക്കി എന്റെ അടുത്ത് വന്നു..

“എന്താ മാഷേ ആരാ വിളിച്ചേ..

“ഓ അതെന്റെ കൂട്ടുകാരനാണ് ലക്ഷ്മി..

അവൻ അത്യാവശ്യമായി എവിടോ പോവണം ഞാൻ കൂടി ചെല്ലാൻ പറഞ്ഞു വിളിച്ചതാണ്..

“മ്മ്മ് എന്നാൽ പിന്നെ  മാഷ് പൊക്കോ.. ഞാനും പോവാണ് എന്നെയും അമ്മ തിരക്കുന്നുണ്ടാവും..

“ലക്ഷ്മി ഇവിടുന്ന് എങ്ങനെ പോവാനാണ് വാ ഞാൻ കൊണ്ടു പോയി വിടാം എന്നും പറഞ്ഞു മാഷ് പോയി ബൈക്ക് എടുത്തു കൊണ്ടു വന്നു..

പറയാൻ എന്തൊക്കെയോ ബാക്കിവെച്ചു ഞങ്ങൾ അവിടെ നിന്നും വീട്ടിലേക്ക്  യാത്ര തിരിച്ചു.. മാഷെന്നെ അമ്പലത്തിനു അടുത്ത് കൊണ്ട് പോയി വിട്ടിട്ടു തിരികെ പോയി..

എന്റെ മനസ്സ് നിറയെ പറഞ്ഞറിയിക്കാൻ ആവാത്ത സന്തോഷമായിരുന്നു..  ഒരുപക്ഷെ ഇത്രയും നല്ല നിമിഷങ്ങൾ ഇതുവരെ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടേ ഇല്ലെന്ന് തന്നെ പറയാം..

മാഷ് എന്താവും പറയാൻ വന്നത്.. എന്റെ കൃഷ്ണാ വെറുതെ എന്റെ മനസ്സിൽ നീ ഓരോ ആശകൾ വളർത്തരുതേ..  പിന്നെ അത് നഷ്ടമായാൽ എനിക്ക് അത് താങ്ങാൻ പറ്റിയെന്നു വരില്ല എന്നും പറഞ്ഞു നടന്നു നടന്നു ഞാൻ തറവാട്ടിൽ എത്തി..

എന്നെ കാത്തു പാറു അവിടെ നിൽപ്പുണ്ടായിരുന്നു..

“ചേച്ചി ഇതെവിടായിരുന്നു ഞാൻ ചേച്ചിയെ തിരക്കി അമ്പലത്തിൽ ഒക്കെ വന്നിരുന്നു  എന്നിട്ട് അവിടെങ്ങും ചേച്ചിയെ ഞാൻ കണ്ടില്ല..

“ഓ അത് ഞാനെന്റെ ഫ്രണ്ടിനെ കണ്ടു അവളുടെ കൂടെ അവളുടെ വീട് വരെ പോയിരുന്നു..

“ഏത് ഫ്രണ്ട്?

“പറഞ്ഞാൽ നിനക്ക് അറിയില്ല..

“ങേ അതാരാ, ചേച്ചിയുടെ ഒട്ടുമിക്ക ഫ്രണ്ട്‌സിനേയും എനിക്കറിയാല്ലോ..

“ഹാ പക്ഷെ ഇവളെ നിനക്കറിയാൻ വഴിയില്ല എന്നും പറഞ്ഞു ഞാൻ അകത്തേക്കു കേറി പോയി..

“മോളെ ലക്ഷ്മിക്കുട്ടി എന്താ ഒരു ഉരുണ്ടുകളി..

“എന്ത് ഉരുണ്ടു കളി നീ ഒന്ന് പോയെടി പെണ്ണെ എന്നും പറഞ്ഞു ഞാൻ ഉള്ളിൽ ചിരിച്ചു കൊണ്ടു അവളോട് ദേഷ്യം കാട്ടി..

“ശ്ശെടാ ഞാൻ തമാശക്ക് ചോദിച്ചതാണ് അതിന് ചേച്ചി എന്തിനാണ് ദേഷ്യപ്പെടുന്നത്..

“ആര് ദേഷ്യപ്പെട്ടു നിനക്ക് തോന്നുന്നതാണ്..

“ഓ ഇപ്പോൾ അങ്ങനെ ആയോ, ഞാനെന്തായാലും ചേച്ചിയുടെ ഒരു സഹായത്തിനു വേണ്ടി വന്നു നിന്നതാണ്..

“എന്റെ സഹായമോ..  എന്ത് സഹായം..

“അതുപിന്നെ സഹായം എന്നു വെച്ചാൽ ഒരു കാര്യത്തിൽ എനിക്ക് ചേച്ചിയുടെ കട്ട സപ്പോർട്ട് വേണം..

“ഡി പെണ്ണെ നീ വളച്ചു കെട്ടാതെ കാര്യം പറ..

“അതുപിന്നെ ചേച്ചി എനിക്ക് ഒരാളെ ഇഷ്ടമാണ്.. ഈ കാര്യം വീട്ടിൽ അറിഞ്ഞു എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ ചേച്ചി എന്റെ കൂടെ നിൽക്കണം..

“ഒന്ന് പോടീ പെണ്ണെ അല്ലെങ്കിൽ തന്നെ നിന്റെ അമ്മക്ക് എന്നെ കണ്ണെടുത്താൽ കണ്ടു കൂടാ അതിനിടയിൽ ഞാൻ ഇതിന് സപ്പോർട്ട് നിന്നാൽ അവരെന്നെ വെട്ടി കൊല്ലും..

“അങ്ങനെ ഒന്നും ഉണ്ടാവില്ല ചേച്ചി എന്റെ കൂടെ ഒന്നു നിന്നാൽ മതി..

“എന്റെ കൃഷ്ണാ ഇവളെന്നെ കൊലക്ക് കൊടുത്തേ അടങ്ങു..

അതുകേട്ടവൾ ചിരിച്ചു..

“നീ കിണിച്ചോ മിക്കവാറും അമ്മായി എന്നെ കൊല്ലും..

എന്തെങ്കിലും ആവട്ടെ അയാൾ ആരാണെന്ന് നീ പറഞ്ഞില്ലാല്ലോ..

“അത് ഒരു സസ്പെൻസ് ആയിട്ട് ഇരിക്കട്ടെ സമയം ആവുമ്പോൾ ഞാൻ പറയാം..

“അതെന്തു പണിയാണെടി..  ആരാണെന്ന് എന്നോട് പറ..  ഞാൻ ആരോടും പറയില്ല..

“ചേച്ചി ആരോടും പറയില്ലെന്ന് എനിക്കറിയാം എന്നാലും ആരാണെന്നു ഇപ്പോൾ എന്തായാലും ചേച്ചി അറിയേണ്ട എന്നും പറഞ്ഞു അവൾ ഓടി പോയി..

എന്നാലും അത് ആരായിരിക്കും എന്ന് ചിന്തിച്ചു കൊണ്ടു ഇരുന്നപ്പോൾ ആണ് അമ്മ വിളിച്ചത്..  

പിന്നെ ഞാൻ നേരെ അമ്മയുടെ അടുത്തേക്ക് പോയി..

—————————————————- രാത്രി ഉറങ്ങാൻ കിടന്നപ്പോൾ മനസ്സിൽ നിറയെ  മാഷിനെ കുറിച്ചുള്ള ചിന്തകൾ ആയിരുന്നു ..

മഷിനോടൊപ്പം ഉള്ള ഓരോ നിമിഷവും ഞാൻ എന്നെ തന്നെ മറക്കുകയാണ്.. ദിവസങ്ങൾ കഴിയും തോറും മാഷിനോടുള്ള ഇഷ്ടവും കൂടി കൂടി വരുകയാണ്..

എപ്പോഴും മാഷെന്റെ കൂടെ ഉണ്ടാവണം എന്നൊരു തോന്നൽ ആണ് ഇപ്പോൾ എന്റെ മനസ്സ് നിറയെ..

അർഹിക്കാത്തത് ആണോ കൃഷ്ണാ ഞാൻ ഈ ആഗ്രഹിക്കുന്നത്..

എനിക്കറിയില്ല.. ആകെ ഭ്രാന്ത് പിടിപ്പിക്കുന്ന ചിന്തകളുമായി ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു..

നേരം പുലർന്നു പതിവ് പോലെ കുളിച്ചൊരുങ്ങി അമ്പലത്തിലേക്ക് പോവാൻ തയ്യാറായി നിന്നപ്പോൾ ആണ് പാറു കരഞ്ഞു കലങ്ങിയ കണ്ണുമായി ഓടി വന്നത്..

“എന്താ മോളെ എന്തുപറ്റി..

“ചേച്ചി അമ്മ വീണു ഹോസ്പിറ്റലിൽ കൊണ്ടുപോയിരുന്നു..

തലയ്ക്കു സ്റ്റിച്ചു ഉണ്ട് കൂടാതെ നട്ടെല്ലിന് ചെറിയ ക്ഷെതം ഏറ്റിട്ടുണ്ട്.. രണ്ടുമാസത്തെ റസ്റ്റ്‌ വേണമെന്നാണ് പറഞ്ഞത്..

“എങ്ങനെ വീണു..

“ബാത്‌റൂമിൽ തെന്നി വീണതാണ്..

“എന്നിട്ടിപ്പോൾ അമ്മായി ഹോസ്പിറ്റലിൽ ആണോ..

“അല്ല ചേച്ചി വീട്ടിൽ കൊണ്ടു വന്നു..

അതുകേട്ടു ഞാനും അമ്മയും കൂടി അവളുടെ കൂടെ പോയി..

ഞങ്ങൾ അവിടെ ചെല്ലുമ്പോൾ തലയിൽ കെട്ടുമായി കിടക്കുന്ന അമ്മായിയെയാണ് കണ്ടത്..  അമ്മാവനെ അവിടെങ്ങും കണ്ടില്ല..

ഞങ്ങൾ അമ്മായിയുടെ അടുത്തേക്ക്  ചെന്നു..  ആളുടെ മുഖം കണ്ടാൽ അറിയാം നല്ല വേദന ഉണ്ടെന്ന്..  കാര്യം ഞങ്ങളെ ഒരുപാട് ദ്രോഹിച്ചിട്ട് ഉണ്ടെങ്കിലും അമ്മായിയുടെ കിടപ്പ് കണ്ടപ്പോൾ എനിക്ക് എന്തോ സങ്കടം തോന്നി..

അമ്മായി ഞങ്ങളെ നോക്കി..  ആ കണ്ണുകളിൽ പഴയ ശൗര്യത്തിനു പകരം  നിസ്സഹായത തളം കെട്ടി നിൽക്കുന്നു..

ഞാൻ ഒരൽപ്പം പേടിയോടെ അമ്മായിയുടെ അടുത്ത് ചെന്ന് നിന്നു..

“മോളെ നിന്നെയും അമ്മയെയും വേദനിപ്പിച്ചതിന്  എനിക്ക് ദൈവം തന്ന ശിക്ഷയാ ഇതെന്നും പറഞ്ഞു അമ്മായിയുടെ കണ്ണുകൾ നിറഞ്ഞു..

അത് കേട്ടപ്പോൾ എനിക്ക് അത്ഭുതമായി ഒരൊറ്റ വീഴ്ച കൊണ്ടു ഒരാൾക്ക്  ഇങ്ങനെയൊക്കെ  മാറ്റം വരുമോ.. എന്റെ കണ്ണാ ഇതെന്തു അത്ഭുതം ആണ്..

“മോളെ ഇവൾക്ക് നീയും അമ്മയും കുറച്ചു ദിവസം ഇവിടെ നിൽക്കുമോ..

എന്റെ കാര്യങ്ങൾ നോക്കാൻ ആരേലും വേണം.. പാറുവിനു പരീക്ഷ അടുത്ത് വരുവല്ലേ അവള് പഠിത്തം കളഞ്ഞു എന്നെ നോക്കി നിന്നാൽ ശെരിയാവില്ല..

“അതിനെന്താ അമ്മായി ഞാൻ നിന്നോളാം എന്നു പറഞ്ഞു ഞാനവിടെ നിൽക്കാൻ തീരുമാനിച്ചു..

പിന്നീടുള്ള ദിവസങ്ങളിൽ അമ്മായിയുടെ കാര്യങ്ങൾ നോക്കാൻ തുടങ്ങിയത് കൊണ്ടു അമ്പലത്തിൽ പോവാനോ മാഷിനെ കാണാനോ പറ്റിയില്ല..

കാണാൻ പലപ്പോഴും മനസ്സ് കൊതിച്ചെങ്കിലും തിരക്കുകൾ കാരണം ഒന്നിനും കഴിഞ്ഞില്ല..

അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി അമ്മായി എഴുന്നേറ്റു നടക്കാൻ തുടങ്ങി..

അമ്മായിയിൽ നിന്നും അമ്മാവനിൽ നിന്നും ഇതുവരെ കിട്ടാത്ത സ്നേഹമായിരുന്നു ഈ ദിവസങ്ങളിൽ എല്ലാം എനിക്ക് കിട്ടിയത് ..

എല്ലാം കൃഷ്ണന്റെ അനുഗ്രഹം ആണെന്ന്  ഇടക്കിടെ അമ്മ പറയും.. അത് ശെരിയാണെന്ന് എനിക്കും തോന്നി..

അമ്മായിക്ക് ഇപ്പോൾ എന്തിനും ഞാൻ വേണം പാറുവിനേക്കാൾ സ്നേഹം എന്നോട് ആണോ എന്നു പോലും തോന്നി പോയി..

————————————————-

“മോളെ പാറുവിനു ഒരു ആലോചന വന്നിട്ടുണ്ട് ഞങ്ങൾ അന്വേഷി ച്ചിരുന്നു  നല്ല പയ്യനാണ് ..  ദേ ഇതാണ് പയ്യന്റെ ഫോട്ടോ എന്നും പറഞ്ഞു അമ്മായി ഫോട്ടോ എന്റെ നേരെ നീട്ടി..

ഫോട്ടോയിലെ മുഖം കണ്ടു ഒരു നിമിഷം ഞാൻ തളർന്ന് ഇരുന്ന് പോയി..

“എന്താ മോളെ കണ്ടിട്ട് എങ്ങനെ ഉണ്ട് കൊള്ളാമോ..  അവളുടെ കൂട്ടുകാരിയുടെ ചേട്ടൻ ആണ്..  നന്ദൻ എന്നാണ് പേര്..

ചേച്ചി നിൽക്കുമ്പോൾ അനിയത്തിയെ കെട്ടിക്കുന്നത് ശെരിയല്ലെന്ന് അറിയാം എങ്കിലും നല്ല ഒരാലോചന വന്നപ്പോൾ എങ്ങനെയാണ് മോളെ വേണ്ടെന്ന് വെക്കുക..

എങ്ങനെ ഉണ്ട് ആള് നിനക്ക് ഇഷ്ടം ആയോ..

“മ്മം കൊള്ളാം അമ്മായി അവൾക്ക് നന്നായി ചേരും..

അമ്മായിയോട്  അത് പറയുമ്പോളേക്കും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി തുടങ്ങിരുന്നു..

“എന്താ മോളെ എന്തുപറ്റി..

“ഒന്നുമില്ല എന്റെ കണ്ണിൽ എന്തോ പൊടി പോയി..  ഞാൻ പോയൊന്നു മുഖം കഴുകിട്ടു വരാം എന്നും പറഞ്ഞു ഞാൻ അവിടെ നിന്നും അടുക്കളയിലേക്ക് പോയി..

ഇത്രയും സന്തോഷം നീ എനിക്ക് തന്നത് എന്നെ ഇങ്ങനെ കരയിക്കാൻ ആയിരുന്നോ കൃഷ്ണാ എന്നു പറഞ്ഞു കൊണ്ടു ഞാൻ പൊട്ടി കരഞ്ഞു..

“എന്താ ചേച്ചി എന്തുപറ്റി എന്നു ചോദിച്ചു കൊണ്ടു പാറു അങ്ങോട്ടേക്ക് വന്നു..

“ഒന്നുമില്ലെടി ഞാൻ ചുമ്മാ ഓരോന്ന് ആലോചിച്ചു നിന്നപ്പോൾ കണ്ണ് നിറഞ്ഞു  പോയതാണ് എന്നും പറഞ്ഞു ഞാൻ കണ്ണുകൾ തുടച്ചു..

“ഞാൻ നന്ദേട്ടന്റെ കാര്യം പറയാത്തതിന് ചേച്ചിക്ക് എന്നോട് ദേഷ്യം ഉണ്ടോ..

“ഹേയ് ഇല്ലെടി..

“ചേച്ചി ഞാൻ പറയാഞ്ഞത് മറ്റൊന്നും കൊണ്ടല്ല നന്ദേട്ടന് എന്നെ ഇഷ്ടം ആവുമോ എന്നറിയാത്ത കൊണ്ടായിരുന്നു..

ഇന്നലെ പൂജ വിളിച്ചു പറഞ്ഞു ഏട്ടനും വീട്ടുകാർക്കും ഒക്കെ എന്നെ ഇഷ്ടം ആയെന്നു അപ്പോൾ പിന്നെ എല്ലാം പെട്ടെന്ന് ആയി..  അവർ അച്ഛനെ വിളിച്ചു സംസാരിച്ചു കാര്യങ്ങൾ ഒക്കെ ഉറപ്പിച്ചു..

“മാഷ് നിന്നെ ഇഷ്ടം ആണെന്ന് പറഞ്ഞോ..

“പറഞ്ഞല്ലോ.. അതെന്താ ചേച്ചി അങ്ങനെ ചോദിച്ചേ?

“ഹേയ് ഒന്നുമില്ലെടി ഞാൻ വെറുതെ ചോദിച്ചതാണ്..

“മ്മം.. നന്ദേട്ടന് എന്നെ ഇഷ്ടം ആവുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല..  ഒരുപാട് ആരാധികമാർ ഒക്കെ ഉള്ള ആളല്ലേ എന്നെ ഇഷ്ടം ആവില്ലെന്നാണ് ഞാൻ വിചാരിച്ചത്..

പിന്നെ പൂജ വഴി ഞാനെന്റെ ഇഷ്ടം അറിയിച്ചപ്പോൾ ഏട്ടനും ഇഷ്ടം ആണെന്ന് പറഞ്ഞു..

എന്റെ ചേച്ചി ആ സമയത്തു എനിക്ക് ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല..

“മ്മം അല്ലെങ്കിലും നീ എന്നെപോലെ അല്ല ഭാഗ്യം ഉള്ള കുട്ടിയാണ്..  ആഗ്രഹിക്കുന്നതൊക്കെ കിട്ടും..

“അതെന്താ ചേച്ചി അങ്ങനെ പറഞ്ഞത്..

“ഹേയ് ഒന്നുമില്ല മോളെ..  മാഷ് നിനക്ക് നന്നായി ചേരും, നിന്നെ പൊന്നു പോലെ മാഷ് നോക്കും എന്നും പറഞ്ഞു ഞാൻ അവിടെ നിന്നും പുറത്തേക്ക് ഇറങ്ങി എന്റെ തറവാട്ടിലേക്ക് നടന്നു..

തറവാട്ടിൽ എത്തിയതും കണ്ണന്റെ കൊച്ചു വിഗ്രഹത്തിനു മുന്നിൽ നിന്ന് ഞാൻ പൊട്ടി കരഞ്ഞു..

“എന്തിനാ കണ്ണാ നീ ആവശ്യമില്ലാത്ത ആഗ്രഹങ്ങൾ താനെന്നെ വെറുതെ മോഹിപ്പിച്ചത്.. ഞാൻ നിന്നോട് അപ്പോഴേ പറഞ്ഞതല്ലേ ഒരു ഒന്നും വേണ്ടെന്ന്.. എന്നിട്ടും നീ എന്തിനാ എന്നോട് ഇങ്ങനെ ചെയ്തത്  എന്റെ കണ്ണീർ കാണുന്നത് നിനക്ക് അത്രക്ക് ഇഷ്ടം ആണോ..

അല്ലെങ്കിലും പ്രണയത്തിന്റെ വില അറിയാത്ത നിന്നോട് എന്റെ സങ്കടം പറഞ്ഞിട്ട് എന്ത് കാര്യം..

നിന്നെ മനസ്സറിഞ്ഞു പ്രണയിച്ച രാധക്ക് വിരഹം സമ്മാനിച്ചവൻ അല്ലെ നീ..  നിന്നെ ഇത്രയും കാലം പൂജിച്ചു പ്രാത്ഥിച്ച ഞാൻ മണ്ടി എന്നൊക്കെ പറഞ്ഞു ഞാൻ കരഞ്ഞു കൊണ്ടിരുന്നു..

രണ്ട് മൂന്ന് ദിവസത്തേക്ക് ആ മുറി വിട്ട് ഞാൻ പുറത്തേക്ക് ഇറങ്ങി ഇല്ല.. ആകെ ഭ്രാന്ത് പിടിച്ചത് പോലെ ആയിരുന്നു..

അതിനിടയിൽ അമ്മായിയും പാറുവും ഒക്കെ വന്നപ്പോൾ ഓരോന്ന് പറഞ്ഞു അവരെ ഞാൻ ഒഴിവാക്കി വിട്ടു..

പതിയെ പതിയെ ഞാൻ എന്റെ മനസ്സിനെ സത്യം അംഗീകരിക്കാൻ പാകപ്പെടുത്തി എടുത്തു..

മാഷിന് എന്നെ ഇഷ്ടം ആണെന്ന് ഞാൻ വെറുതെ തെറ്റിദ്ധരിച്ചു..

അല്ലെങ്കിലും മാഷിനെ പ്രേമിക്കാനും സ്വന്തമാക്കാനും എനിക്കെന്തു യോഗ്യത ആണുള്ളത്..

മാഷിന് എന്നേക്കാൾ ചേരുക പാറു തന്നെ ആണ്..   അതുകൊണ്ടാണല്ലോ മാഷും അവളെ ഇഷ്ടം ആണെന്ന് പറഞ്ഞത്..

ഇനി അവർക്കിടയിൽ ഞാൻ ഒരു തടസ്സം ആവാൻ പാടില്ല എന്നെനിക്ക് തോന്നി.. എനിക്കെന്റെ അനിയത്തിയുടെ സന്തോഷം ആണ് വലുത്..

അതുകൊണ്ട് തന്നെ എന്റെ ഉള്ളിലെ ഇഷ്ടം ആരോരും അറിയാതെ ഉള്ളിൽ തന്നെ കുഴിച്ചു മൂടാൻ ഞാൻ തീരുമാനിച്ചു..

ശെരിക്കും പറഞ്ഞാൽ വിരഹിണിയായ രാധയുടെ അവസ്ഥയായിരുന്നു എനിക്കപ്പോൾ.. കൃഷ്ണനെ കാണുവാൻ അവന്റെ മനോഹരമായ വേണുനാദത്തിൽ ലയിച്ചു അവന്റെ മാറിലെ ചൂടേറ്റ് ഇരിക്കാൻ കൊതിച്ചു കൃഷ്ണൻ വരുമെന്ന പ്രതീക്ഷയിൽ ദിവസങ്ങൾ എണ്ണി കാത്തിരുന്ന രാധയെ പോലെ എന്നെ ഇഷ്ടം ആണെന്ന് പറഞ്ഞു കൊണ്ട് മാഷ്  വരുമായിരിക്കും എന്ന   പ്രതീക്ഷയിൽ ഞാനും കാത്തിരുന്നു..  പക്ഷേ നിരാശയായിരുന്നു ഫലം.. അങ്ങനെ

പുറമെ ചിരിച്ചും ആരും കാണാതെ കരഞ്ഞും  ദിവസങ്ങൾ ഞാൻ തള്ളി നീക്കി..

—————————————————-

ഒടുവിൽ  കല്യാണ ദിവസം വന്നെത്തി..

ഞാനൊഴികെ എല്ലാവരുടെയും മുഖത്തു സന്തോഷത്തിന്റെ പൂത്തിരി കത്തി നിൽക്കുന്നുണ്ട്..

കൈയിൽ കിട്ടിയ ഡ്രെസ്സും ഇട്ട് ഭ്രാന്ത് പിടിക്കുന്ന മനസ്സുമായി ഉള്ളു നീറി ഞാൻ എല്ലാവരുടെയും ഇടയിലൂടെ നടന്നു ..

“മോളെ.. മോളെന്താ  ഈ കോലത്തിൽ ആണോ കല്യാണത്തിന് വരുന്നത് വേഗം പോയി ഒരുങ്ങിക്കെ എന്നും പറഞ്ഞു അമ്മായി എന്റെ നേരെ വില കൂടിയ  സാരിയും ആഭരണങ്ങളും നീട്ടി..

“അയ്യോ അമ്മായി എനിക്ക് എന്തിനാ ഇതൊക്കെ..

“അതേ കല്യാണ പെണ്ണിന്റെ ചേച്ചിയും കല്യാണപെണ്ണിനെ പോലെ തന്നെ ഒരുങ്ങി വരണം ഇല്ലെങ്കിലെ നമ്മുടെ പാറുവിനാ അതിന്റെ കുറവ്..  അതുകൊണ്ട് എന്റെ മോൾ വേഗം ഇതൊക്കെ  ഇട്ട് വാ എന്നും പറഞ്ഞു അമ്മായി പോയി..

അമ്മായി തന്ന സാരിയും ആഭരണങ്ങളും ഞാൻ നോക്കി..

ഇതൊക്കെ അണിഞ്ഞു ഒരു കല്യാണപെണ്ണായി  കൃഷ്ണന്റെ തിരുനടയിൽ നിൽക്കുന്നത് ഒരുപാട് ഞാൻ സ്വപ്നം കണ്ടിട്ടുണ്ട്..  ഇന്ന് ഇതെല്ലാം അണിഞ്ഞു നിൽക്കാനുള്ള  ഭാഗ്യം ലഭിച്ചു പക്ഷേ കല്യാണപെണ്ണിന്റെ ചേച്ചി ആയിട്ട് ആണെന്ന് മാത്രം..

എന്റെ കണ്ണുകളിൽ  നിന്ന് സാരിയിലേക്ക് കണ്ണീർതുള്ളികൾ ഉതിർന്നു വീണു കൊണ്ടിരുന്നു..

“എന്റെ കൃഷ്ണാ എന്നെ കൊണ്ടു ഒന്നിനും പറ്റുമെന്ന് തോന്നുന്നില്ല..

മാഷ് പാറുവിന്റെ കഴുത്തിൽ താലി ചാർത്തുന്നത് കാണാനുള്ള ശക്തി എനിക്കില്ല എന്റെ കണ്ണാ..

എന്തിനാണ് എന്നെ നീ ഇങ്ങനെ വേദനിപ്പിച്ചു കൊണ്ടിരിക്കുന്നത്..  ഞാൻ പോവില്ല എനിക്കതിന് കഴിയില്ല എന്നു പറഞ്ഞു  കല്യാണത്തിന് പോവാതെ ഇരിക്കാൻ ഞാൻ ആവുന്നതും ശ്രമിച്ചെങ്കിലും അമ്മായിയുടെയും പാറുവിന്റെയും നിർബന്ധത്തിനു വഴങ്ങി എനിക്ക് അവരോടൊപ്പം അമ്പലത്തിലേക്ക് പോവേണ്ടി വന്നു..

നിറകണ്ണുകളോടെയാണ് ഞാൻ അമ്പലത്തിലേക്ക് കാലെടുത്തു വെച്ചത്.. കൊട്ടും കുരവയുമായി നിറയെ ആളുകൾ അവിടെ ഉണ്ടായിരുന്നു.. എല്ലാവരും പുഞ്ചിരിയോടെ നിൽക്കുന്നു..  ഞാൻ മുഖത്തൊരു കൃത്രിമ ചിരി ഫിറ്റ്‌ ചെയ്തു നിന്നു..

ഞങ്ങൾ ചെന്നു കഴിഞ്ഞു കുറച്ചു കഴിഞ്ഞ പ്പോളേക്കും സ്വർണ്ണക്കരയോട് കൂടിയ വെള്ളമുണ്ടും ക്രീം കളർ ഷർട്ടും  അണിഞ്ഞു മാഷും പിന്നെ  മാഷിന്റെ അമ്മയും അനിയത്തിയും കൂട്ടുകാരും ബന്ധുക്കളും ഒക്കെ ചേർന്നൊരു കൂട്ടം ആളുകളും   വന്നു..

ഞാൻ മാഷിന്റെ മുഖത്തേക്ക് ഒന്ന്  നോക്കി ആ മുഖത്തു ഇതുവരെ കാണാത്തൊരു സന്തോഷം നിറഞ്ഞു നിൽക്കുന്നു..

അപ്പോൾ പിന്നെ മാഷിന് എന്നെ ഇഷ്ടം ആണെന്ന്  എനിക്ക് തോന്നിയത്

ആയിരിക്കും അല്ലെങ്കിലും എന്നെപ്പോലൊരു കാലു വയ്യാത്ത പെണ്ണിനെ പ്രേമിക്കാനും കെട്ടാനും ആരാണ് തയ്യാറാവുക..

സത്യത്തിൽ കൃഷ്ണനെ പ്രണയിച്ച രാധയെ പോലെ തന്നെയായി എന്റെ അവസ്ഥയും പ്രണയിക്കാനേ അവകാശമുള്ളൂ സ്വന്തമാക്കാൻ അവകാശം ഇല്ലല്ലോ..

ഇനിയും ഇവിടെ നിന്നാൽ ഞാൻ ചിലപ്പോൾ പൊട്ടി കരഞ്ഞു പോവും അത് പാടില്ല എന്നോർത്ത് ഞാൻ അവിടെ നിന്നും പോവാൻ തുടങ്ങിയതും പാറു എന്റെ കൈയിൽ മുറുകെ പിടിച്ചു..

അപ്പോഴേക്കും മുഹൂർത്തം ആവാറായി എന്നു ആരോ വിളിച്ചു പറഞ്ഞു… പെട്ടെന്ന്

കെട്ടിമേളം മുഴങ്ങി തുടങ്ങി.. ആ നിമിഷം  പാറു പിന്നിലേക്ക് മാറി.. പെട്ടെന്ന്  അടുത്ത് നിന്ന  മാഷെന്റെ കഴുത്തിൽ താലി അണിയിച്ചു..

ഒന്നും മനസ്സിലാവാതെ ഞാൻ മാഷിന്റെ മുഖത്തേക്ക് നോക്കി..

മാഷെന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു കൊണ്ടു എന്റെ നെറുകയിൽ സിന്ദുരവും ചാർത്തി.. എന്താണ് നടക്കുന്നതെന്ന് മനസ്സിലാവാതെ

ഞാൻ തിരിഞ്ഞു  പാറുവിനു നേരെ  നോക്കിയപ്പോൾ കണ്ടത്   മറ്റൊരാൾ അവളുടെ കഴുത്തിൽ താലി അണിയിക്കുന്നതാണ്..  എന്തൊക്കെയാണ് നടക്കുന്നത് എന്നു മനസ്സിലാവാതെ ഞാൻ എല്ലാവരെയും മാറി മാറി നോക്കി..

“എന്താ ലക്ഷ്മി ഇങ്ങനെ നോക്കുന്നത്..

ഇതെല്ലാം പാറുവിന്റെയും പൂജയുടെയും  ഐഡിയ ആണ്..   അവരാണ്  ഞങ്ങളെ എല്ലാവരെയും  കൊണ്ടും ഇങ്ങനെ ഒരു നാടകം കളിപ്പിച്ചത്..

“അതേ മോളെ നന്ദൻ പറഞ്ഞത് ശെരിയാണ്.. എല്ലാം അവരുടെ പ്ലാൻ ആണ്..  അല്ലെങ്കിൽ തന്നെ നിനക്ക് തോന്നുന്നുണ്ടോ നിന്റെ കല്യാണം നടത്താതെ പാറു  കല്യാണം കഴിക്കുമെന്ന്.. 

അവളുടെയും നിന്റെയും കല്യാണം ഒരേ സമയത്ത് നടത്തണം എന്നവൾക്ക് വാശി ആയിരുന്നു.. അതിനിടയിൽ നന്ദന്റെ കാര്യം അവൾ പറഞ്ഞപ്പോൾ ഞങ്ങൾക്ക് എല്ലാവർക്കും സമ്മതം ആയിരുന്നു.. നിന്നോട് എല്ലാം ഞാൻ പറയാൻ ഒരുങ്ങിയതാണ് പക്ഷേ നിനക്ക് ഇങ്ങനെ ഒരു സർപ്രൈസ് കൊടുക്കണം എന്നവൾ പറഞ്ഞപ്പോൾ ഞങ്ങൾ എല്ലാവരും അതിനു കൂട്ടു നിന്നെന്നെ ഉള്ളൂ എന്ന് പറഞ്ഞു അമ്മായി ചിരിച്ചു..

“അതേയ് ചേച്ചി.. ചേച്ചിക്ക് നന്ദേട്ടനെ ഇഷ്ടം ആണെന്ന് എനിക്കറിയാമായിരുന്നു..

ഞാൻ പൂജ വഴി ഏട്ടനോട് ചോദിച്ചപ്പോൾ ഏട്ടനും ചേച്ചിയെ ഇഷ്ടം ആണെന്ന് പറഞ്ഞു പിന്നെ എല്ലാം ഞാനും പൂജയും കൂടി അങ്ങ് പ്ലാൻ ചെയ്തു..

എന്റെ ചേച്ചി പെണ്ണിന് ഇതിലും വലിയൊരു   സർപ്രൈസ് തരാൻ എനിക്ക് ഇനി പറ്റില്ല എന്നെനിക്ക് ഉറപ്പായിരുന്നു..

പിന്നെ എനിക്കെന്റെ ചേച്ചി കഴിഞ്ഞിട്ടേ മറ്റാരും ഉള്ളൂ..

അതുകൊണ്ട് തന്നെ നല്ലൊരാളുടെ കൈയിൽ തന്നെ ചേച്ചിയെ ഏൽപ്പിക്കണം എന്നുണ്ടായിരുന്നു.. അതെന്തായാലും സാധിച്ചു എന്നവൾ പറഞ്ഞു നിർത്തുമ്പോഴേക്കും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..

“അയ്യേ നല്ലൊരു ദിവസമായിട്ടു എന്റെ ചേച്ചി കരയുവാണോ..  വേഗം കണ്ണ് തുടക്ക്..  എന്നും പറഞ്ഞവൾ എന്നെ കെട്ടി പിടിച്ചു..

ഒരുപാട് കരഞ്ഞിട്ടുള്ളതല്ലേ അതുകൊണ്ട് ഇനി ഒരിക്കലും എന്റെ ചേച്ചി കരയാൻ പാടില്ല..  എന്നും പറഞ്ഞവൾ എന്റെ കണ്ണുകൾ തുടച്ചു..

“ദേ..നന്ദേട്ടാ എന്റെ ചേച്ചിയുടെ കണ്ണ് ഇനി ഒരിക്കലും നിറയാൻ ഇടവരുത്തരുത് കേട്ടോ..

ഏട്ടൻ കരയിക്കില്ലെന്നു എനിക്ക് ഉറപ്പുണ്ട്..  ഈ ഏട്ടനെ കിട്ടിയത് എന്റെ ചേച്ചിയുടെ ഭാഗ്യം ആണ്.. കാരണം എല്ലാവരും ചേച്ചിയുടെ കുറവുകൾ ശ്രദ്ധിച്ചപ്പോൾ ഏട്ടൻ  ശ്രദ്ധിച്ചത് ചേച്ചിയുടെ മനസ്സാണ്..  അതുകൊണ്ടാണല്ലോ അമ്മയെയും ബന്ധുക്കളെയും  ഒക്കെ  പറഞ്ഞു സമ്മതിപ്പിച്ചു എന്റെ ഈ ചേച്ചിയെ ഏട്ടൻ സ്വന്തമാക്കിയത് തന്നെ ..

അതുകേട്ടു മാഷ്  പുഞ്ചിരിച്ചു..

“അതേ കണ്ണിൽ കണ്ണിൽ നോക്കി നിൽക്കാതെ ഇനി രണ്ടു പേരും കൂടി മതിയാവോളം കണ്ണനെ തൊഴുതു വന്നോളൂ  ഞങ്ങൾ മാറി തന്നേക്കാം എന്നും പറഞ്ഞു അവൾ അവളുടെ ഭർത്താവിന്റെ കൈയും പിടിച്ചു പുഞ്ചിരിച്ചു കൊണ്ടു   എല്ലാവരുമായി പോയി.. എന്റെ തലയിൽ കൈവച്ചു അനുഗ്രഹിച്ചു കൊണ്ടു അമ്മയും അവരോടൊപ്പം പോയി..

എന്ത് പറയണം എന്നറിയാത്തൊരു അവസ്ഥയിൽ ആയിരുന്നു ഞാനപ്പോൾ..  സന്തോഷമോ സങ്കടമോ എന്നൊന്നും പറയാൻ പറ്റാത്തൊരു അവസ്ഥ..  വാക്കുകൾ പുറത്തേക്ക് വരാനാവാതെ ഉള്ളിൽ വീർപ്പു മുട്ടിച്ചു കൊണ്ടിരുന്നു.. എന്റെ നിസ്സഹായ അവസ്ഥ കണ്ടിട്ട് ആവണം ഒരു ചെറു പുഞ്ചിരിയോടെ മാഷെന്നെ ചേർത്ത് പിടിച്ചു..

എന്റെ കണ്ണുകളപ്പോൾ  ശ്രീകോവിനുള്ളിലെ കൃഷ്ണനിൽ പതിച്ചു..

നീലകാർവർണ്ണനായ കള്ള കണ്ണൻ പുഞ്ചിരി തൂകി നിൽക്കുകയാണ്..

എന്റെ കൃഷ്ണ നീയും ഈ നാടകത്തിനു കൂട്ടു നിന്നല്ലേ..

ഇത്രയേറെ സങ്കടം തന്നെന്നെ നീ പരീക്ഷിച്ചത് ഇങ്ങനെ ഒരു സന്തോഷം തരാൻ ആയിരുന്നോ..  എന്റെ സങ്കടം കൊണ്ടു നിന്നെ എന്തൊക്കെയോ ഞാൻ പറഞ്ഞു പോയി എന്നോട് ക്ഷെമിക്കണേ കണ്ണാ..  എന്നു ഞാൻ പറയുമ്പോളേക്കുംചെമ്പക പൂക്കളുടെ സുഗന്ധവുമായി വന്ന കാറ്റിൽ മണികൾ കിലുങ്ങി..

എവിടെ നിന്നോ ഒരു മയിൽപ്പീലി പാറി പറന്നെന്റെ മുന്നിൽ വന്നു വീണു..

ഞാനത് കുനിഞ്ഞു എടുത്തു..

നീലാകാശം കാണാതെ ഒളിപ്പിച്ച മയിൽപ്പീലി പോലെ എന്റെ ഉള്ളിൽ ഒളിച്ചു വെച്ചിരുന്ന ഇഷ്ടത്തെ എന്റെ മാഷിനെ എനിക്കെന്റെ കണ്ണൻ സമ്മാനമായി തന്നിരിക്കുന്നു.. നിന്നോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല കണ്ണാ..

ഒരുപാട് സങ്കടങ്ങൾക്ക് ഒടുവിൽ ആ കള്ള കണ്ണൻ എന്റെ ഉള്ളിൽ ആനന്ദനടനം ആടുകയായിരുന്നു.. വൃന്ദാവനത്തിൽ ആടിയ ലീലകളെക്കാൾ സുന്ദരമായ ലീലകൾ ആയിരുന്നു  ഈ കള്ള കണ്ണൻ എന്റെ ഈ ജീവിതത്തിൽ ആടിയത്..

ഈ പൊട്ടി പെണ്ണിന്റെ സ്വപ്നങ്ങൾക്ക് നീ ഇത്രത്തോളം വില കല്പിക്കുമെന്ന് ഒരിക്കൽ പോലും ഞാൻ കരുതിയില്ല എന്നു പറഞ്ഞു കൊണ്ട് എന്റെ കണ്ണീർ തുള്ളികൾ കൊണ്ടു കണ്ണന് ഞാൻ അർച്ചന ചെയ്തപ്പോഴേക്കും

അകലെ എവിടെ നിന്നോ  മധുരമായൊരു  ഓടകുഴൽ നാദം എന്റെ കാതുകളിൽ പതിച്ചു..

ആ വേണുഗാനത്തിൽ മതി മറന്നു നിന്ന എന്റെ കൈകളിൽ കോർത്തു മാഷും നിന്നു..

കള്ള കണ്ണന്റെ അനുഗ്രഹത്താൽ കണ്ണീരിൽ കുതിർന്ന ലക്ഷ്മിയുടെ ജീവിതത്തിൽ ഇനി പ്രണയത്തി ന്റെയും  സന്തോഷത്തി ന്റെയും  പൂക്കാലം പൂവിടുകയാണ്..

അവളുടെ സങ്കടങ്ങൾക്കും സന്തോഷങ്ങൾക്കും കൂട്ടായി ഇനി എന്നും മാഷുമുണ്ടാവും..

———————————————–

അല്ലെങ്കിലും ഈ  കള്ള കൃഷ്ണൻ ഇങ്ങനെ ആണെന്നേ.. തന്റെ ഭക്തരെ ഒരുപാട് പരീക്ഷിക്കും,  കരയിക്കും ഒടുവിൽ എല്ലാ പ്രതീക്ഷകളും ഇല്ലാതാവുന്ന നിമിഷം സന്തോഷം കൊണ്ടങ്ങു നമ്മളെ മൂടി കളയുകയും ചെയ്യും..

കൃഷ്‌ണാ ഗുരുവായൂരപ്പാ എല്ലാം നിന്റെ മായാ ലീലകൾ..

(ശുഭം… )

(ഇതുവരെ എഴുതാത്ത ശൈലിയിൽ ഉള്ള കഥയും എഴുത്തും ആയതു കൊണ്ടു ക്ലൈമാക്സ്‌  എത്രത്തോളം നന്നാക്കാൻ ആയെന്ന് അറിയില്ല.. കുറവുകൾ ഉണ്ടായിരിക്കും..  നിങ്ങളുടെ അഭിപ്രായം എന്ത് തന്നെ ആയാലും,, വിമർശനം ആയാലും തുറന്നു പറയുക..

നിങ്ങൾ തന്ന സപ്പോർട്ടിനും സ്നേഹത്തിനും ഒരുപാട് നന്ദി..  വീണ്ടും മറ്റൊരു സ്റ്റോറിയുമായി എത്തുമ്പോൾ ഈ സ്നേഹവും സപ്പോർട്ടും  എനിക്ക് തരുമെന്ന വിശ്വാസത്തിൽ സ്നേഹപൂർവ്വം…

നിങ്ങളുടെ സ്വന്തം ശിവ )

 

ശിവ യുടെ മറ്റു നോവലുകൾ

ശ്രീലക്ഷ്മി

ജാതകം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Vrindavan written by Shiva

2/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!