Skip to content

ആരോടും പറയാതെ – 12 (അവസാനഭാഗം)

arodum-parayathe

ദേവദത്ത് രേവതിയെയും കൊണ്ട് കാറിൽ കയറി.

“എന്താടാ…എവിടേയ്ക്ക പോണേ…”

“ആന്റി,ഇന്ന് വന്ന ആവണിയുടെ അച്ഛാച്ചൻ ഇല്ലേ…ആൾ ഐ. സി. യു വിലാ .ഞങ്ങൾ ഹോസ്പിറ്റലിൽ കൊണ്ടു ചെന്ന് ആക്കിയപ്പോൾ വേറെ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല…ആൾടെ മക്കളെ വിളിച്ചു വരുത്തി ഏൽപ്പിച്ചിട്ടാ ഞങ്ങൾ തിരിച്ചു പോന്നത്…”

“ഊം…ഇത്രേള്ളൂ മനുഷ്യൻ…എനിക്ക് ദേഷ്യം ഒന്നും ഇല്ലാ…അത്രയേറെ സ്നേഹിച്ചിട്ടും ഒരുമിച്ചു കഴിയാൻ യോഗം ഉണ്ടായില്ല…അത് ഞങ്ങളുടെ വിധി…എന്തായാലും ചെയ്ത തെറ്റിന് കൂട്ട് നിന്നിട്ട് അവസാന കാലത്തെങ്കിലും ഏറ്റു പറയാൻ തോന്നിയല്ലോ…എന്റെ മോൾക്ക് അച്ഛന്റെ സ്നേഹം അനുഭവിക്കാൻ യോഗം ഉണ്ടായല്ലോ…സംഭവിച്ചതെല്ലാം നല്ലതിനാ…അല്ലെങ്കിൽ എനിക്ക് നിങ്ങളെക്കൂടി മക്കളായിട്ട് കിട്ടില്ലായിരുന്നല്ലോ.

ആവണി അറിഞ്ഞാൽ വിഷമം ആവും പാവം.”

“ആഹ്…ആവണി അറിയണ്ട ആന്റി…നാളെ പറയാം…ഇപ്പൊ തന്നെ പാവം ആകെ ഡിസ്റ്റർബ്ഡ് ആണ്…”

“ശരിയാ…എന്നേക്കാൾ കരുതൽ നിനക്ക് അവളോട് ഉണ്ട്‌ അല്ലേ…അവൾ എന്നാണാവോ അത് തിരിച്ചറിയാ…”

“ആന്റിയെപ്പോലെ തന്നെ പാവമാ ആന്റിടെ മോളും…കുറച്ചു തെറ്റിദ്ധാരണകൾ ഉണ്ടെന്ന് മാത്രം…”

“എന്റെ മോൾടെ ഭാഗ്യാ നീ …”

ഇരുവരും രഘുവിന്റെ ചെറിയച്ഛനെ കാണാൻ ആശുപത്രിയിലേക്ക് പോയി.

അതെ സമയം ഇന്ദീവരം വീട്ടിൽ ആവണിയും ദേവനന്ദയും സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു.

അവിടെയ്ക്ക് ദേവർഷ് കടന്ന് വന്നു.

“നന്ദു നീ ഏടത്തിയുടെ ചെവി തിന്നാവുംലെ…ഓരോന്ന് പറഞ്ഞു കൊതുകു മൂളും പോലെ ഒരു സ്വൈര്യം തരില്ല ഇവള്…അല്ല അനുഭവം ഉള്ളതല്ലേ ഏടത്തിയ്ക്ക് …അന്ന് വണ്ടിയിടിച്ചു വീണപ്പോൾ…”

ദേവർഷിന്റെ സാന്നിധ്യം അലോസരമായി തോന്നിയത് ആവണിയുടെ മുഖത്ത് പ്രതിഫലിച്ചു.

അത് കാര്യമാക്കാതെ ദേവർഷ് തുടർന്നു :

“അന്ന് ഞാനാണ് ഏടത്തിയെ വണ്ടിയിടിച്ചത്…മനഃപൂർവ്വം അല്ല കേട്ടോ…

ഏടത്തിയുടെ അച്ഛാച്ചൻ വളരെ അവിചാരിതം ആയിട്ടാണ് ഒരിക്കൽ ആന്റിയെ കാണുന്നത്.അന്ന് മുഴുവൻ ആന്റി ഞങ്ങളോടാരോടും മിണ്ടാതെ ഒരേ കരച്ചിൽ ആയിരുന്നു.

ഏടത്തി ആ വീട്ടിൽ അനുഭവിക്കുന്ന കഷ്ടപ്പാട് അറിഞ്ഞു വെച്ച് ആന്റിയ്ക്കു ഞങ്ങളുടെ കൂടെ സമാധാനം ആയിട്ട് കഴിയാൻ പറ്റില്ലല്ലോ…ഏടത്തിയെ കാണാൻ ഒരു അവസരം ആയിട്ട് തന്നെ ആയിരുന്നു ഏടത്തിടെ അച്ഛന് തന്നെ ആ വണ്ടി വിൽക്കാൻ തീരുമാനിച്ചതും.

വളരെ അവിചാരിതം ആയി തന്നെ ഞങ്ങളുടെ ആന്റി പറഞ്ഞ ആന്റിയുടെ മോള് എന്റേം നന്ദു മോളുടെം മുൻപിൽ എത്തി.ആദ്യം കണ്ടപ്പോഴേ എവിടെയോ കണ്ടത് പോലെ എനിക്ക് തോന്നിയിരുന്നു.ആന്റിയുടെ അതെ ഛായയാണ് ഏടത്തിയ്ക്ക്.

നന്ദുമോൾക്ക് പക്ഷേ ഒന്നും അറിയില്ലായിരുന്നു.

അന്ന് അവിടെ  നടന്നതെല്ലാം ആന്റിയോട് വന്നു പറയുമ്പോൾ എങ്ങനെയെങ്കിലും ഏടത്തിയെ ആന്റിയ്ക്ക് മുൻപിൽ എത്തിയ്ക്കണം എന്നുണ്ടായിരുന്നു.

താത്കാലികമായിട്ടല്ല എന്നന്നേയ്ക്കുമായി…

ഇത്രയും കാലം ഒരമ്മയുടെ കുറവില്ലാതെ ഞങ്ങളെ വളർത്തിയ ആന്റിയ്ക്ക് അത്രയെങ്കിലും തിരിച്ചു ചെയ്തില്ലെങ്കിൽ ഞങ്ങൾ നന്ദിയില്ലാത്തവർ ആയി പോകില്ലേ…

വെറും നന്ദിയുടെ പേരിൽ മാത്രം അല്ലാട്ടോ എന്റെ ദത്തേട്ടൻ വിവാഹത്തിനു തയ്യാറായത്…ഏടത്തിയുടെ പിറന്നാൾ ദിവസം ഏടത്തി എന്തായാലും അടുത്തുള്ള അമ്പലത്തിൽ പോകുമെന്ന് ആന്റിയ്ക്ക് ഉറപ്പായിരുന്നു.ആന്റിയ്ക്ക് ഏടത്തിയെ അകലെ നിന്നെങ്കിലും ഒന്ന് കാണാൻ ആഗ്രഹം.അത് സാധിപ്പിച്ചു കൊടുത്തത് ദത്തേട്ടനായിരുന്നു.

ഏടത്തിയെ മുൻപ് കണ്ടിട്ടില്ലാത്തോണ്ട് ദത്തേട്ടൻ അമ്പലത്തിൽ കുറേ നേരം കാത്തു നിന്നു.ആന്റി വണ്ടിയിലിരുന്ന് ഫോൺ ചെയ്തു പറഞ്ഞു കൊടുത്തിട്ട ഏട്ടന് ആളെ മനസ്സിലായത്…

ഏട്ടന് ഏടത്തിയെ ഒരുപാട് ഇഷ്ട്ടായി…

ഏടത്തിയ്ക്കും കൂടി ഇഷ്ട്ടാണോ എന്നറിയാനാ നേരിട്ടു വന്നതും ഫോണിൽ വിളിച്ചതും എല്ലാം…കുറച്ചു ദേഷ്യക്കാരനാ…രണ്ടു തവണയും ഏടത്തിയോട് മുഷിഞ്ഞു സംസാരിക്കേണ്ടി വന്നു എന്ന് ഏട്ടൻ പറഞ്ഞിട്ടുണ്ട്…നേരിട്ട് വന്നു ആലോചിച്ചാൽ ശരിയാവില്ലന്ന് അറിയാവുന്നത് കൊണ്ട് ആ ബ്രോക്കറെ തന്നെ ഏൽപ്പിയ്ക്കാന്ന് വെച്ചു.അപ്പോഴാ അയാൾ പറയുന്നത് ഏടത്തിടെ അമ്മേടെ മനസ്സിലിരുപ്പ്…ഏട്ടനെ ഒരു തെമ്മാടി ആയി അവതരിപ്പിച്ചാലേ ഏടത്തിയെ കിട്ടു എന്ന് തോന്നി.അപ്പോൾ ഉള്ളതും ഇല്ലാത്തതും കൂടി അയാളോട് പറഞ്ഞു  വിട്ടു.

മദ്യപാനവും പകവലിയും ഒന്നും ഇല്ല ഞങ്ങൾ രണ്ടു പേർക്കും.എന്തിനു ഏട്ടന് ഒരു പ്രണയം പോലും ഉണ്ടായിരുന്നില്ല…എന്നിട്ടാ ഏടത്തി അർപ്പിതയുടെ കാര്യം പറഞ്ഞു ഏട്ടനെ…”

ദേവർഷ് വികാരഭരിതനായി.

ഒന്ന് ചിരിച്ചെന്നു വരുത്തി അവൻ മുറി വിട്ടു പോയി.

“ദേവർഷ്…”

ആവണി വിളിച്ചത് കേൾക്കാതെ അവൻ പോയിരുന്നു.

ആവണിയ്ക്ക് ദേവർഷിനോട് അനുകമ്പ തോന്നി.

“ഏടത്തി…ഏട്ടന്മാർ രണ്ടാളും പാവങ്ങളാ…ഏടത്തിടെ കോളേജിൽ തന്നെ ഉണ്ടായിരുന്ന അർപ്പിത ചേച്ചി…ന്റെ ദേവട്ടന് ഇഷ്ട്ടായിരുന്നു…രണ്ടു വർഷം പ്രണയിച്ചു നടന്നതാ…ആ ചേച്ചിയ്ക്ക് ഏട്ടനുമായിട്ട് മാത്രല്ല പലരും ആയിട്ട് റിലേഷൻ ഉണ്ടായിരുന്നു…ഒരു ടൈം പാസ്…ദേവേട്ടനെ പറ്റിച്ചിട്ട് വേറെ ആളുമായി എൻഗേജ്മെന്റ് നടത്താൻ ഇരിക്കായിരുന്നു…അതറിഞ്ഞു ദേവട്ടൻ ആ ചേച്ചീടെ വീട്ടിൽ പോയിട്ട് കുറേ പ്രശ്നം ഉണ്ടാക്കിയിരുന്നു.ആ ചേച്ചി മരിച്ചപ്പോൾ ആ ചേച്ചീടെ വീട്ടുകാരെല്ലാം ദേവേട്ടനെയാ പ്രതിയാക്കിയത്…പോലീസ് ഒന്ന് രണ്ടു തവണ ഏട്ടനെ കാണാൻ വന്നിരുന്നു…ആ ചേച്ചിയോട് ദേഷ്യം ഉള്ള വേറെ ഏതോ പയ്യൻ ഫോട്ടോസ് മിസ്യൂസ് ചെയ്തതെന്ന് പിന്നീട് മനസ്സിലായി…ദേവേട്ടന് ഇപ്പോഴും സങ്കടം മാറീട്ടില്ല…നിങ്ങടെ എൻഗേജ്മെന്റ് നൊന്നും ദേവട്ടൻ ഉണ്ടായില്ലലോ…അപ്പോഴെല്ലാം പോലീസ് കസ്റ്റഡിയിൽ ആയിരുന്നു…”

“സത്യാണോ നന്ദു…ഞാൻ വേറെ പലതും…”

“ഏയ്യ് പോട്ടേ…സാരല്ല്യ… എൻഗേജ്മെന്റ് കഴിഞ്ഞതിന്റെ പിറ്റേ ദിവസം ഏടത്തിടെ അച്ഛനും ഇവിടെ വന്നു.ആ ബ്രോക്കർ കൂടെ ഉണ്ടായിരുന്നു. വിവാഹം നല്ല രീതിയിൽ നടക്കണമെങ്കിൽ ആ സന്ധ്യ ആന്റി വിചാരിച്ചു വെച്ചിരിക്കുന്നത് പോലെ തന്നെ മുൻപോട്ട് പോയാൽ മതിയെന്ന് പറഞ്ഞു.ഏടത്തിയ്ക്ക് ഇഷ്ട്ടക്കുറവ് ഉണ്ടെന്ന് അവർക്കു തോന്നിയാൽ കാര്യങ്ങൾ കുറച്ചൂടെ എളുപ്പമാണ് എന്ന് പറഞ്ഞു.

എന്റെ ഏട്ടനെ മനസ്സിൽ ശപിച്ചിട്ടാവുംലെ ഏടത്തി കല്ല്യാണപെണ്ണായി ഒരുങ്ങിയത്…”

“എനിക്കിതൊന്നും അറിയില്ലായിരുന്നല്ലോ നന്ദു…”

“വിഷമിക്കണ്ട…ഏട്ടനെ സ്നേഹിക്കാൻ ഒരു ജന്മം മുഴുവൻ കിടക്കുവല്ലേ…പക്ഷേ…”

“എന്താ ഒരു പക്ഷേ…” ആവണി ആശങ്കപ്പെട്ടു.

“ആ അത് തന്നെ നേരത്തേ പറഞ്ഞത് തന്നെ…എന്റെ അമ്മയെ മാത്രം തട്ടിയെടുക്കാൻ വന്നേക്കരുത്…ഞാൻ നാത്തൂൻ പോരടുക്കും…മൈൻഡ് ഇറ്റ്…” അവൾ ഗൗരവം ഭവിച്ചു പറഞ്ഞു.

ദേവനന്ദയുടെ വായാടിത്തരം തുടർന്നു കൊണ്ടിരുന്നു.ആവണി പതിയെ വിഷമങ്ങൾ മറന്നു.

രണ്ടു പേരും ഉറങ്ങിയ ശേഷമാണ് ദേവദത്തും രേവതിയും തിരിച്ചെത്തിയത്.

«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»

“ആവണി മോളെ…എഴുന്നേൽക്കുന്നില്ലേ…നന്ദൂ…മോളെ…എഴുന്നേറ്റേ രണ്ടാളും…”

ആവണി കണ്ണു തുറന്നപ്പോൾ കണ്ടത് അവളുടെ അമ്മ രേവതിയെ ആണ്.

“നേരം ഒരുപാടായോ അമ്മേ “

“ഏയ്യ് സാരല്ല്യ…ദേ ഈ മടിച്ചിപ്പെണ്ണ് നട്ടുച്ച ആവുമ്പോഴാ എഴുന്നേൽക്കാ….മോൾടെ അച്ഛമ്മ വിളിച്ചിരുന്നു അതാ ഞാൻ വിളിച്ചേ…”

“ആണോ…എനിക്ക് അച്ഛമ്മയെ കാണണം…ഞാൻ ഇതുവരെ അച്ഛമ്മയെ പിരിഞ്ഞു നിന്നിട്ടില്ല…അറിയാലോ…”

“അറിയാം മോളെ…നമുക്ക് കുറച്ചു കഴിഞ്ഞിട്ട് അങ്ങോട്ട് ഒന്ന് പോവാം.മോള് വേഗം കുളിച്ചു തയ്യാറാവു…എല്ലാവർക്കും ഒരുമിച്ചു ഭക്ഷണം കഴിക്കാം.”

എല്ലാവരും ഒരുമിച്ചാണ് രാവിലെ പ്രാതൽ കഴിച്ചത്.ദേവദത്തിന്റെ അച്ഛനെ പരിചരിക്കാൻ ഒരു ഹോം നേഴ്സ് ഉണ്ടെങ്കിലും ഒരു അനിയത്തിയുടെ സ്ഥാനത്തു നിന്നു എല്ലാ കാര്യത്തിലും രേവതി ശ്രദ്ധിക്കാറുണ്ട്.

“ഭാര്യേ…”

ആവണി മട്ടുപ്പാവിൽ നിന്നു താഴേക്ക് നോക്കി നിൽക്കുമ്പോഴാണ് പുറകിൽ നിന്നും ദേവദത്തിന്റെ  ശബ്ദം.

ആവണിയ്ക്ക് എന്തെന്നില്ലാത്ത ഒരു അനുഭൂതി.

അവൾ തിരിഞ്ഞു നിന്നെങ്കിലും അവന്റെ മുഖത്തേയ്ക്ക് നോക്കാൻ അവൾക്കു സാധിച്ചില്ല.

“എന്താണ് പെണ്ണേ മുഖത്തേയ്ക്ക് നോക്കാൻ ഒരു മടി…കുറ്റബോധമാണോ നാണമാണോ അതോ…”

താടിയിൽ വിരലുകൾ കൊരുത്തും തടവിയും ദേവദത്ത് ചോദിച്ചു.

“രണ്ടും.സോറിട്ടോ…ഞാൻ കുറേ വേദനിപ്പിച്ചു…”

ദേവദത്ത്  അവളുടെ കൈകൾ എടുത്തു കൈവള്ളയിൽ  വെച്ചു.

അവൾ ലജ്ജയോടെ നിന്നു.

“സാരല്ല്യട്ടോ ഭാര്യേ…വേഗം റെഡി ആവാൻ നോക്ക് നമുക്ക് പോണ്ടേ…”

“ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു…”

“ആഹാ എന്താണോ…ഭാര്യ ആദ്യം ആയിട്ട് ഭർത്താവിനോട് പറയാൻ പോകുന്നത്…”

“അത്…ഇന്നലെ ഞാൻ ഇട്ടിരുന്ന ഓർണമെൻസ് …അതെല്ലാം…”

“ഓഹ്…മനസ്സിലായി…നിന്റെ സ്റ്റെപ്മോം ആൾ ശരിയല്ലെന്ന് അന്നെ തോന്നിയതാ…പിന്നെ ഒടുക്കത്തെ ആർത്തിയും…അന്ന് ഗോൾഡ് ഒരുപാട് കണ്ടപ്പോഴേ അവരുടെ ഉണ്ടക്കണ്ണുകൾ  തള്ളി വന്നത് കണ്ടിരുന്നു…അപ്പോഴേ ഊഹിച്ചു…”

ആവണി അറിയാതെ ചിരിച്ചു പോയി.

“തനിക്കു അച്ഛമ്മയെയും ആ കാന്താരി കൂട്ടുകാരിയെയും കാണാൻ പോകണ്ടേ…”

“ദേ എന്റെ സ്നേഹയെ ഒന്നും പറയല്ലേ…”

“ഊം…ഇനി സ്നേഹയെ പറയുമ്പോൾ മാത്രം ചൂടായാൽ പോരാ…ഞാൻ നിന്റെ കെട്ട്യോനാ…എന്നേം കൂടെ സപ്പോട്ട് ചെയ്യണം…മനസ്സിലായോ…”

“ഊം “

ആവണി സമ്മതിച്ചെന്ന മട്ടിൽ തലയാട്ടി.

“ന്നാ വാ ഭാര്യേ…ഒരു കാര്യം പറയാനുണ്ട്…”

ആവണിയുടെ തോളിൽ കൈയ്യിട്ട് കൊണ്ട് അവളെയും കൂട്ടി ദേവദത്ത്  നടന്നു.

അന്ന് പിറന്നാൾ ദിവസം ദേവദത്തിനെ കണ്ടപ്പോഴുണ്ടായ അതെ അനുഭൂതി.

അറിയാതെ അവൾ അവനെ അന്നേ പ്രണയിച്ചിരുന്നുവെന്ന് അവൾക്ക് മനസ്സിലായി. അച്ഛാച്ചന്റെ കാര്യം അറിഞ്ഞപ്പോൾ ആവണി ഒത്തിരി വിഷമിച്ചു.ദേവദത്തിന്റെ നെഞ്ചോരം ചാരിക്കൊണ്ട് അവൾ ഒത്തിരി കരഞ്ഞു.സങ്കടവും കുറ്റബോധവും സന്തോഷവും എല്ലാം ഉണ്ടായിരുന്നു അവളുടെ കണ്ണുനീരിൽ.

എത്ര പെട്ടന്നാണ് തന്റെ സുഖദുഖങ്ങൾ എല്ലാം പങ്കുവെയ്ക്കാൻ പാകത്തിൽ അവനോട് അടുപ്പം തോന്നി തുടങ്ങിയതെന്ന് അവൾ ആശ്ചര്യപ്പെട്ടു.

«»«»«»«»«»«»«»«»«»««««««»««»«»»

മുറ്റത്തേയ്ക്ക് കാർ വന്നു നിൽക്കുന്നതിന്റെ ശബ്ദം കേട്ടാണ്

രഘു ഉമ്മറത്തേയ്ക്ക് വന്നത്.സന്ധ്യയും പുറകെ ഇറങ്ങി വന്നു.

ദേവദത്ത്  കാറിൽ നിന്നുമിറങ്ങിയ ശേഷം പുറകിലെ സീറ്റിൽ ഇരിക്കുന്ന രേവതിയോടും ആവണിയോടും ഇറങ്ങി വരാൻ പറഞ്ഞു.കുറേ വർഷങ്ങൾക്ക് മുൻപ് പടിയിറങ്ങിയ ആ വീട്ടിലേക് വീണ്ടും എത്തിപ്പെട്ടതോർത്ത് അവർ നെടു വീർപ്പിട്ടു.

“മോള് ആദ്യം ചെല്ല്…പിന്നെ പറഞ്ഞത് ഒന്നും മറക്കണ്ട…”

“ഇല്ലമ്മേ “

ആവണി കാറിൽ നിന്നുമിറങ്ങി രഘുവിന്റെ അടുത്തേയ്ക്ക് ചെന്നു.അയാളെ കണ്ടതും സന്തോഷമോ സങ്കടമോ അവളെ കരയിച്ചു.

രഘുവിനെ കെട്ടിപ്പിടിച്ചു കരയുന്ന ആവണിയെ കണ്ട് സന്ധ്യക്കും ഗാഥയ്ക്കും  അരിശം വന്നു.

“മോള് അകത്തേയ്ക്ക് ചെല്ല് അച്ഛമ്മ ഒന്നും കഴിക്കാൻ കൂട്ടാക്കാതെ കിടക്കാ…”

രഘു പറഞ്ഞത് കേട്ട് ആവണി കണ്ണു തുടച്ച് അകത്തേയ്ക്ക് പോയി.

കാറിൽ രേവതി ഉള്ളത് കണ്ട് രഘു എന്തു ചെയ്യണം എന്നറിയാതെ കുഴങ്ങി.

കരഞ്ഞു പോയേക്കുമോ എന്ന് ഭയന്നു.സന്ധ്യ രേവതിയെ മുൻപ് കണ്ടിട്ടില്ലാത്തത് കൊണ്ടു സന്ധ്യ തിരിച്ചറിയില്ലെന്ന് രഘു ഓർത്തു.

താൻ മനോബലത്തോട് കൂടി പതറാതെ നിന്നില്ലെങ്കിൽ രഘുവും പതറിപ്പോകും എന്ന് അറിയാവുന്ന രേവതി പരമാവധി ധൈര്യം സംഭരിച്ചു.

“വാ മോനെ…ആന്റിയേം വിളിക്കു…അകത്തേയ്ക്ക് വാ…”

“ഞങ്ങൾ ഇരിക്കാൻ അല്ല അങ്കിൾ വന്നത്…ഒരു കാര്യം സംസാരിക്കാൻ ആണ്.”

രഘു ചെറുതായി നടുങ്ങി.

രഘു ഇരുവരെയും വിളിച്ചു സ്വീകരണമുറിയിലേക്ക് കൊണ്ടു പോയി.

“എന്താ നിങ്ങൾ ഞങ്ങളെ പറ്റിക്കാമെന്ന് വെച്ചോ…ഇതുപോലൊരു വീട്ടിൽ നിന്നു വിവാഹം കഴിച്ചത് തന്നെ വലിയ തെറ്റായി പോയി “

രേവതി ആയിരുന്നു അത് പറഞ്ഞത്.

ഇതിനു പുറകിൽ എന്തോ ഉദ്ദേശം ഉണ്ടെന്ന് രഘുവിന് മനസ്സിലായി

“എന്താ കാര്യം…നിങ്ങളെന്താ ഇങ്ങനെ പറയണേ…”

“അങ്കിൾ…ആവണിയ്ക്ക് ഞങ്ങൾ കൊണ്ടു വന്ന ആഭരണങ്ങൾ അല്ല അവൾ ഇട്ടോണ്ട് വന്നത്…എല്ലാം ഇമിറ്റേഷൻ ആണ്…”

രഘു വീണ്ടും നടുങ്ങി.സന്ധ്യയുടെ കൈകൾ തന്നെയായിരിക്കും ഇതിനു പുറകിലെന്ന് ഊഹിച്ചുവെങ്കിലും രഘു ഒന്നും അറിയാത്ത പോലെ നിന്നു.

“ഏയ്യ് അനാവശ്യം പറയരുത് കേട്ടോ…ഞങ്ങൾക്ക് നിങ്ങടെ സ്വർണ്ണവും പണവും ഒന്നും ആവശ്യമില്ല…”

“ഓഹ്…അങ്ങനെയാണോ…ഈ കാര്യത്തിൽ പോലും വഞ്ചന കാണിക്കുന്ന ഒരു കുടുംബത്തിൽ നിന്നും ഒരു പെൺകുട്ടിയെ എന്റെ ദേവദത്തിന് വേണ്ടാ…ഈ കാര്യത്തിൽ തീരുമാനം ആകുന്നത് വരെ നിങ്ങളുടെ മകൾ ഇവിടെ നിക്കട്ടെ…പിന്നാലെ ഒരു ഡിവോഴ്സ് നോട്ടിസും അയച്ചേക്കാം…”

“അയ്യോ അങ്ങനെ പറയരുത്…എന്താ സംഭവിച്ചതെന്ന് എനിക്ക് അറിയില്ല…ഞാൻ അവളോട് തന്നെ ചോദിച്ചു നോക്കട്ടെ…ദയവായി ഒന്ന് കേൾക്കു…”

രഘു ആവണിയ്ക്കു വേണ്ടി അപേക്ഷിക്കുന്നത്  കേട്ടപ്പോൾ സന്ധ്യക്ക്‌ വീണ്ടും ദേഷ്യം വന്നു അവർ ഇടയ്ക്ക് കയറി പറഞ്ഞു : “രഘുവേട്ടൻ ഇവരോട് യാചിക്കാനൊന്നും പോകണ്ട…അവർ അവളെ ഇവിടെ നിർത്തി പോകാണേൽ പോട്ടേ…അല്ല പിന്നെ…”

രഘു സന്ധ്യയെ രൂക്ഷമായി നോക്കി.

“അതല്ല…നമ്മൾ പിന്നെന്തു ചെയ്യാനാണ്…നമ്മളെക്കൊണ്ട് ഇത്രേം സ്വർണ്ണം തിരിച്ചു കൊടുക്കാൻ കഴിയില്ലല്ലോ…ആ പെണ്ണ് ചിലപ്പോൾ കണ്ടവന്മാർക്ക് എടുത്തു കൊടുത്തു കാണും…അവള് ആരുടെലും കൂടെ ചാടിപ്പോകാൻ പ്ലാൻ ചെയ്തു ഇരിക്കുവാണോന്ന് ആർക്കറിയാം തള്ളേടെ അല്ലേ മോള്…”

രഘുവിന്റെ കൈ തരിച്ചെങ്കിലും രഘുവിന്റെ മുൻപിലൂടെ അയാളെ മറി കടന്ന് രേവതി സന്ധ്യയുടെ അടുത്തെത്തി.

“എന്താ…ഒന്ന് കൂടെ പറയാമോ…മനസ്സിലായില്ല…”

“ഓ അതോ…ആ പെണ്ണിന്റെ അമ്മ വേലി ചാടി പോയതല്ലേ…അവൾക്കും അതെ സ്വഭാവം ആണെന്നെ…കോളേജിൽ പോണത് തന്നെ അതിനായിരുന്നു…”

പറഞ്ഞു അവസാനിപ്പിക്കും മുൻപേ രേവതിയുടെ അഞ്ചു വിരലുകൾ സന്ധ്യയുടെ കവിളിൽ പതിഞ്ഞു.

“എന്റെ മോളെ ഭീക്ഷണിപ്പെടുത്തി സ്വർണ്ണമെല്ലാം കൈവശപ്പെടുത്തിയതും പോരാഞ്ഞിട്ട്…അവളെ ദുഷിച്ചു പറയുന്നോ…നിനക്കൊരെണ്ണം തരാൻ എന്റെ കൈ തരിച്ചു തുടങ്ങിയിട്ട് കുറേ ആയിരുന്നു…ഇത്രേം കാലം എന്റെ മോളെ ഒരുപാട് ദ്രോഹിച്ചില്ലേ…ഇത്‌ ഒരു കാരണം മാത്രം ആയിട്ട് കൂട്ടിയാൽ മതി.”

അടികൊണ്ടതിന്റെ നടുക്കത്തിൽ ഒന്നും അറിയാതെ സന്ധ്യ രഘുവിനെ നോക്കി.

“ഇത്‌ രേവതി.അവളുടെ അമ്മയാ…”

“അപ്പൊ നിങ്ങൾ എല്ലാരും കൂടെ എന്നെ ചതിച്ചു അല്ലേ…”

“ശ്…മിണ്ടിപ്പോകരുത് നീ…എന്റെ മോളെ അപകടത്തിലേക്ക് തള്ളി വിടാൻ ആയിരുന്നില്ലേ നിന്റെ ഉദ്ദേശം…വൈകിയാണ് ഞാൻ അത് അറിഞ്ഞത്…നീ എൽപിച്ച രാജേഷ് തന്നെയാ നിന്റെ മനസ്സിലിരുപ്പ് പറഞ്ഞത്…നല്ല രീതിയിൽ വിവാഹം നടക്കാൻ വേണ്ടിയാ അന്ന് നിന്റെ കൂടെ നിൽക്കുന്നതായി അഭിനയിച്ചത്…മിണ്ടാതെ പോയി ആവണിയുടെ ആഭരണങ്ങൾ,അവളുടെ അച്ഛനായ ഞാൻ വാങ്ങിയത് ഉൾപ്പടെ എടുത്ത് കൊണ്ടു വാ…”

രഘു ദേഷ്യത്തോടെ പറഞ്ഞു.

അപ്പോഴേക്കും ആവണി അച്ഛമ്മയേയും കൂട്ടി അവിടെയ്ക്ക് എത്തിയിരുന്നു.ആവണി കാര്യങ്ങൾ ബോധിപ്പിച്ചിരുന്നതിനാൽ  രേവതിയെ കാണാനുള്ള ആകാംക്ഷയായിരുന്നു അച്ഛമ്മയുടെ കണ്ണുകളിൽ.

“അത്…അത് ഗാഥമോളാ എടുത്തു വെച്ചിരിക്കുന്നെ…”

സന്ധ്യ തല കുനിച്ചു നിന്നുകൊണ്ട് പറഞ്ഞു.

“അവളെ വിളിക്ക്…”

“അവള് ഒരു കോൾ വന്നിട്ട് പിന്നാമ്പുറത്തേയ്ക്ക് പോയിരിക്ക സംസാരിക്കാൻ…”  വിക്കി വിക്കി സന്ധ്യ പറഞ്ഞു.

“ഞാൻ വിളിച്ചിട്ട് വരാം അച്ഛാ…”

ആവണി അടുക്കളവശത്തേയ്ക്ക് നടന്നു.

ഗാഥയെ ആരായിരിക്കും വിളിച്ചിട്ടുണ്ടാകുക എന്ന് ആവണി ഊഹിച്ചു.

“എന്താടി…ഇന്നലെ കല്യാണം കഴിഞ്ഞപ്പോഴേക്കും ഇന്ന് തിരിച്ചു കൊണ്ടു വന്നു വിട്ടോ നിന്റെ ആ പെണ്ണ് പിടിയൻ ഭർത്താവ്…”

ആവണിയെ കണ്ടപ്പോൾ ഫോൺ മാറ്റിപ്പിടിച്ചു കൊണ്ട് ഗാഥ ചോദിച്ചു.അകത്ത് നടന്ന് മുഴുവൻ ഗാഥ അറിഞ്ഞിരുന്നില്ല.

ആവണി ഒന്നും പറയാൻ നിൽക്കാതെ ഗാഥയുടെ മുഖത്തേയ്ക്ക് ഒറ്റ അടിയായിരുന്നു.

“എടീ…നിയെന്നെ എന്തിനാ തല്ലിയെ…”

“അതോ…ഞാൻ നിന്റെ ചേച്ചിയല്ലേ എനിക്ക് നിന്നെ തല്ലാം…ഞാൻ നിന്നെ തല്ലിയത്തിന് ഒന്നല്ല രണ്ടു കാരണം ഉണ്ട്‌…ഒന്ന് ഇവിടെ വന്നു നിന്ന് അച്ഛനെ പറ്റിച്ചു അച്ഛന്റെ മുൻപിൽ നല്ല കുട്ടിയായി അഭിനയിക്കുന്നതിനു രണ്ടു,എന്റെ ഭർത്താവിനെക്കുറിച്ച് അനാവശ്യം പറഞ്ഞതിനു.”

“എടീ…നീ എന്തു കണ്ടിട്ടാ അഹങ്കരിക്കുന്നത്…”

“നിർത്തു ഗാഥാ…മര്യാദയ്ക്ക് അകത്തേയ്ക്ക് നടക്കു…അച്ഛൻ വിളിക്കുന്നുണ്ട്.ആ ഗോൾഡ് എല്ലാം ഇങ്ങേടുത്തേക്ക്…എല്ലാവരും എല്ലാം അറിഞ്ഞു.”

ഗാഥയും സന്ധ്യയും മാധുവും എന്താണ് ചുറ്റും നടക്കുന്നതെന്നറിയാതെ മിഴിച്ചു നിന്നു.

ആവണിയുടെ പതനം ആഗ്രഹിച്ച അവർക്ക് അവൾക്ക് വന്നു ചേർന്ന സൗഭാഗ്യത്തിൽ മുൻപത്തേക്കാൾ നൂറു മടങ്ങു അസൂയയും ദേഷ്യവും തോന്നി.

«»«»«»«»«»«»«»«»«»«»«»«»«»«»«»

“അങ്കിൾ അച്ഛമ്മയെ ഞങ്ങൾ കൊണ്ടു പോയിക്കോട്ടെ…ആവണി അവിടെ ആണെങ്കിലും മനസ്സ് ഇവിടെയാ…അച്ഛമ്മേയെ ഓർത്ത്…”

“ആണോ മോളെ…അച്ഛമ്മയെ കുറിച്ചു മാത്രേള്ളൂ നിന്റെ ചിന്ത…അമ്മയും കൂടെ പോയാൽ എനിക്ക്…ഞാൻ നോക്കില്ലെന്ന് കരുതിയാണോ…”

“അങ്ങനെയല്ല അച്ഛ…അമ്മയും ഗാഥമോളും മാധുമോളും ഒക്കെണ്ട് അച്ഛന്…എന്തൊക്കെ പറഞ്ഞാലും അച്ഛനോട്‌ അവർക്ക് സ്നേഹം തന്നെയാ…എന്നേം അമ്മയേം ഓർത്ത് അച്ഛൻ സമാധാനം കളയരുത്.”

അച്ഛമ്മയെയും കൊണ്ട് അവർ കാറിൽ കയറി.അച്ഛമ്മയ്ക്ക് രേവതിയെ കണ്ടതിൽ അത്ഭുതവും അതിലേറെ സന്തോഷവും.

രഘു മുഖത്ത് ചിരി കൊണ്ടു വരാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

അയാൾ ഇതുവരെ ജീവിച്ച ജീവിതവും ഇനിയുള്ള ജീവിതവും വെച്ചു നോക്കുമ്പോൾ നഷ്ടങ്ങൾ മാത്രമാണ് ആകെ തുക. രേവതിയെ കുറിച്ചോർക്കുമ്പോൾ തന്റെ ദുഃഖം നിസ്സാരമെന്ന് അയാൾക് തോന്നി. എല്ലാം

വിധിയെന്ന് സമാധാനിക്കാൻ അയാൾ ശ്രമിച്ചു.

«»«»«»«»«»«»«»«»«»«»«»«»«»«»«»«»

“അച്ഛമ്മേ…വിഷു എന്നാ…”

ദേവദത്ത്  വണ്ടി ഓടിക്കുന്നതിനിടയിൽ പുറകിൽ ഇരിക്കുന്ന അച്ഛമ്മയെ നോക്കി ചോദിച്ചു.

“അത് മേടം ഒന്നിന് അല്ലേ…മോന് അതൊന്നും അറിയില്ലേ…”

“അറിയാം അച്ഛമ്മേ…ഇവിടെ അമ്മേം മോളും കൂടെ വിഷുവിന് പൊട്ടിക്കാനുള്ള പടക്കം മുഴുവൻ ഇന്ന് പൊട്ടിച്ചു…”

ദേവദത്ത്  ആവണിയെയും രേവതിയെയും കളിയാക്കിയതാണെന്ന് അവർക്കു മനസ്സിലായി.

«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»

ആറു മാസങ്ങൾക്ക് ശേഷം ഇന്ദീവരം വീട്.

“ദത്തേട്ട…നമുക്ക് എന്റെ വീട് വരെ ഒന്ന് പോയാലോ…”

“എന്തിനാ…അച്ഛമ്മ ഇവിടെ ഉണ്ടല്ലോ…അച്ഛൻ ഇന്നലെ വന്നു പോയതെല്ല?സന്ധ്യ ആന്റീടെ കുശുമ്പ് കാണാൻ ആണോ അങ്ങട്ട് പോണത്..അതോ ഇനിയും പടക്കങ്ങൾ വല്ലതും പൊട്ടിച്ച് തീർക്കാനുണ്ടോ…”  ദത്തൻ ആവണിയുടെ കവിളിൽ കുറുമ്പോടെ നുള്ളിക്കൊണ്ട് ചോദിച്ചു.

“പോ അവിടന്ന്…എനിക്ക് ആരുടേം കുശുമ്പൊന്നും കാണണ്ട…ക്ലാസ്സ്‌ കഴിഞ്ഞില്ലേ സ്നേഹയെ കാണാൻ വേറെ വഴിയില്ല…”

“ഓ…ഈ എന്നെ കാണണം എന്ന് തോന്നിയിട്ടില്ല ന്റെ പെണ്ണിന്…ഊം നടക്കട്ടെ…”

“താങ്ക്യു ദത്തേട്ട…” സന്തോഷം കൊണ്ട് അവൾ അവന്റെ കൈകൾ എടുത്തു ഉമ്മ

വെച്ചു.

“ഇത്രേം സന്തോഷം…അധികം നാൾ സ്നേഹേം നീയും അടേം ചക്കരേം പോലെ ഇരിക്കും എന്ന് തോന്നുന്നില്ല…”

“അതെന്താ അങ്ങനെ…”

“അതോ…അവളെ ഇങ്ങോട്ട് കൊണ്ടു വന്നാലോ എന്ന് ആലോചിക്കാ…ഇന്ദീവരത്തിലെ മരുമകൾ ആയിട്ട് “

ആവണി സംശയത്തോടെ നോക്കി.

“ഏയ്യ്…ന്റെ പെണ്ണ് പേടിക്കണ്ട…ഞാനല്ല കൊണ്ടു വരാൻ പോകുന്നത്.നമ്മുടെ ദേവന് വേണ്ടി ആലോചിക്കാൻ…അവനു സമ്മതക്കുറവ് ഉണ്ടാകില്ല.അവൾക്കു സമ്മതം ആണെങ്കിൽ…അവന് കുറച്ചു സമയം കൊടുക്കണം എന്ന് മാത്രം.നാത്തൂൻമാരാവുമ്പോൾ വഴക്കിനു ചാൻസ് ഉണ്ടല്ലോ അതാ ഞാൻ ഉദ്ദേശിച്ചേ…”

“സത്യാണോ…എനിക്ക് സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യാ…അവളെ പിരിയാൻ എനിക്ക് എന്തു സങ്കടം ആണെന്നോ…താങ്ക്യു…താങ്ക്യു സോ മച്ച്…”

ആവണി അതിയായി സന്തോഷിച്ചു.

«»«»«»«»«»»»«»»»«»«»«»«»«»«»«»«»«»«»«»

ഇന്ദീവരം വീട്ടിൽ പഴയതിനേക്കാൾ ഏറെ സന്തോഷം വിരുന്നെത്തി.

അത്രയേറെ വർഷങ്ങളായി  കണ്ണു നീരു കൊണ്ട് മാത്രം തിളങ്ങിയ ആവണിയുടെ മുഖത്ത് ഒരായിരം പൂർണ്ണ ചന്ദ്രന്മാർ  ശോഭിച്ചു.

വാത്സല്ല്യവും കരുതലും  പ്രണയവും എല്ലാം ദേവദത്തിൽ നിന്ന് അവൾ അറിഞ്ഞു.

ആരോടും പറയാതെ പടിയിറങ്ങിപ്പോയ സന്തോഷം അവളുടെ ജീവിതത്തിലേക്ക് തിരികെ എത്തി.

രണ്ടു വർഷത്തിനിപ്പുറം ഇന്ദീവരം വീട് മറ്റൊരു സന്തോഷത്തിലാണ്…അന്ന് പെണ്ണുകാണൽ ദിവസം ദേവദത്ത്  പറഞ്ഞത് പോലെ,   ഇന്ദീവരം മുറ്റത്ത് ഓടിക്കളിയ്ക്കാൻ ദേവദത്തിന്റെയും ആവണിയുടെയും  പൊന്നോമന പിറക്കാൻ പോവുകയാണ്.

              ശുഭം  

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

4.8/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!