” അമ്മേ ചേച്ചി എന്തേ വരാത്തെ…? ”
” അത് മോളേ ചേച്ചിക്ക് വർക് ഉണ്ടെന്ന് പറഞ്ഞിരുന്നു. വൈകുമത്രേ…. ഇറങ്ങിയതെ ഉള്ളൂ
മോള് കഴിച്ച് കിടന്നോ….”
” വേണ്ട ഞാൻ എന്നും ചേച്ചിക്കൊപ്പമല്ലെ കഴിക്കാറുള്ളു… നന്ദേച്ചി വരട്ടെ….”
” അവൾ താമസിക്കും മോളേ.. ഇറങ്ങിയതേയുള്ളൂ.. നിനക്ക് നാളെ സ്കൂളിൽ പോകണ്ടതല്ലേ…..”
” സാരമില്ല.. ഞാൻ നന്ദേച്ചി വന്നിട്ടേ കഴിക്കൂ…” അവൾ വാശി കാണിച്ചു.
” എന്തേ സുഭദ്രേ ഇവിടെയൊരു തർക്കം…” വിശ്വനാഥൻ അങ്ങോട്ടേക്ക് കടന്ന് വന്നു.
” അച്ഛാ ഇൗ അമ്മ എന്നോട് കഴിക്കാൻ പറയുന്നു. ഞാൻ ചേച്ചി വന്നിട്ട് കഴിച്ചോളാന്ന് പറയ്..” അവൾ ചിണുങ്ങി.
” ഹാ അതെന്താ സുഭദ്രേ..! ഇവർ അനിയത്തിയും ചേച്ചിയും കൂടിയല്ലേ എന്നും കഴിക്കുന്നത്…”
” അത് പിന്നെ വിശ്വേട്ടാ ഇവൾക്ക് നാളെ പോകേണ്ടതല്ലേ.. ഇതും പറഞ്ഞ് ഇനി അവധിയെടുക്കും. കാരണം കിട്ടാൻ കാത്തിരിക്കുവാണ്. അല്ലെങ്കിൽ തന്നെ ഭയങ്കര മടിയാണ്..”
പാത്രങ്ങൾ ഒതുക്കി വെച്ചുകൊണ്ട് സുഭദ്ര പറഞ്ഞു… ആണോ എന്നർത്ഥത്തിൽ വിശ്വനാഥൻ ബാലയെ നോക്കി. ഇല്ലന്ന് അവൾ തലയാട്ടി.
” ഏയ് അങ്ങനെയൊന്നും ഉണ്ടാവില്ല. അല്ലേ ബാലൂട്ടിയേ….”
” ഏയ് ഉണ്ടാവില്ല. ഇവളല്ലേ ആള്. നാളെ അറിയാം. നന്ദ വന്ന് കഴിച്ചിട്ട് ഇവൾ ഇനി എപ്പോൾ കിടക്കാനാ…”
” പറഞ്ഞപോലെ ഇവളെന്താ വൈകുന്നേ…? നേരം ഒരുപാടായല്ലോ… ഞാൻ പോയൊന്ന് നോക്കിയേച്ച് വരാം…”
” വേണ്ടന്നെ.. അവളിപ്പോൾ ബസ്സിൽ കേറിട്ടുണ്ടാകും. അച്ഛനോട് വരണ്ടന്ന് പറയാൻ അവൾ പ്രത്യേകം പറഞ്ഞതാ…”
” അതല്ലെടോ… എന്നാലും ഇന്നത്തെ കാലം വളരെ മോശമാ…. അവൾ ഒറ്റയ്ക്ക് അതും ഇൗ രാത്രി…”
ഇത്രയും പറഞ്ഞപ്പോഴേക്കും സുഭദ്രയുടെ ഉള്ളൊന്ന് പാളി.
” ശരിയാണല്ലോ… ഈശ്വരാ ഞാൻ എന്തേ അത് ഓർക്കാഞ്ഞത്…” സുഭദ്ര തലയ്ക്ക് കൈ വെച്ചു.
” താൻ പേടിക്കാതെ… ഞാനൊന്ന് പോയി നോക്കിയിട്ട് വരാം… വാതിൽ അടച്ചേക്ക്…”
അതും പറഞ്ഞ് വിശ്വനാഥൻ വണ്ടിയെടുത്തിറങ്ങി. സുഭദ്ര ഫോൺ എടുത്ത് അവളെ വിളിച്ചു.
” റിംഗുണ്ട്.. പക്ഷേ എടുക്കുന്നില്ല.. ചിലപ്പോൾ എത്താറായിട്ടുണ്ടാകും..” അവർ സമാധാനിച്ചു..
അതേ സമയം , നന്ദ തന്റെ തോളിൽ പതിഞ്ഞ കൈകളെ ബലമായി തട്ടിമാറ്റി ഓടാൻ ശ്രമിച്ചു. പക്ഷേ, ആ ശ്രമം പാഴായി പോയി. അവളുടെ എതിർപ്പുകളെ വകവെക്കാതെ ആ കൈകൾ അവളെ തന്നിലേക്കടുപ്പിച്ച് ചേർത്ത് നിർത്തി.
” പേടിക്കാതെടി പൊട്ടി. ഞാനാ… നിന്റെ ഉണ്ണിയേട്ടനാ….”
അപ്പോഴേക്കും അത് മനസ്സിലാക്കിയ പോലെ കൈക്കുളിൽ ഒരു ദീർഘശ്വാസം വിട്ട് , കണ്ണുകളടച്ച് അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നിരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞു.
” അതെ… ഇതെന്റെ ഉണ്ണിയേട്ടനാണ്.. ഇൗ കരസ്പർശം, അതെനിക്ക് മനസ്സിലാവും; പരിചിതമാണ്…” അവൾ മനസ്സിലോർത്തു…
അവളുടെ പേടി അകന്നു പോയിരുന്നു. കുറച്ച് നേരം അവളങ്ങനെ തന്നെ നിന്നു. പൊടുന്നനെ കണ്ണുകൾ തുറന്ന് അവനെ തള്ളിമാറ്റി..
” നിങ്ങൾ…… നിങ്ങളെന്താ ഇവിടെ….” അവൾ ആശ്ചര്യത്തോടെ ചോദിച്ചു.
” എന്തെ എനിക്ക് വന്നൂടെ…” അവൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
” അതല്ല ഇത്ര പെട്ടന്ന് എങ്ങനെ … ” അവളുടെ അൽഭുതം വിട്ടു മാറുന്നുണ്ടായിരുന്നില്ല..
” ഓ അതോ… എന്റെ പെണ്ണ് ഓഫീസിൽ നിന്ന് ഒറ്റയ്ക്ക് വരുമ്പോ , അതും ഇൗ രാത്രിയിൽ ഞാനും കൂടെ വരണ്ടേ.. എന്റെ കടമയല്ലെ അത്. അല്ലെങ്കിൽ എനിക്ക് സമാധാനത്തോടെ ഇരിക്കാൻ പറ്റുമോ…? ”
അവളുടെ മൂക്കിൻ തുമ്പിലൊന്ന് നുള്ളി ഒരു കള്ളച്ചിരിയോടെ അവൻ പറഞ്ഞു. അവൾ അവനെ രൂക്ഷമായി നോക്കി. അവൻ ഒരു കണ്ണ് ചിമ്മിച്ച് ചിരിച്ചു.
” വാ പോകാം..സമയം വൈകി.. എല്ലാവരും ടെൻഷൻ അടിക്കുന്നുണ്ടാകും..” ഇതും പറഞ്ഞ് അവൻ അവളുടെ കൈ പിടിച്ച് നടന്നു. അവൾ ഇമവെട്ടാതെ അവനെ തന്നെ നോക്കി അവനെ അനുഗമിച്ച് നടന്നു. ബസ്സ് സ്റ്റോപ്പിൽ എത്തി. അൽപ്പസമയത്തിന് ശേഷം ബസ്സ് വന്നു..
” നീ മുന്നിലൂടെ കേറിക്കോ.. ഞാൻ പുറകിലുണ്ടാകും.” അവളോടായ് പറഞ്ഞു…
അവൾ തലയാട്ടി.. രാത്രി ആയതിനാൽ ആള് കുറവാണ്. അവൾ സീറ്റിൽ ഇരുന്നു. അമ്മയെ വിളിക്കാൻ ഫോൺ എടുത്തു..
” 30 മിസ്ഡ് കോളോ …”
അവൾ അതെടുത്ത് നോക്കി.
” അമ്മയും ഉണ്ണിയേട്ടനും മാറി മാറി വിളിച്ചിട്ടുണ്ട്. ഇത് പറയാനാകും ഉണ്ണിയേട്ടൻ വിളിച്ചത്. സൈലന്റ് മാറ്റാനും മറന്നു…” അവൾ സ്വയം പറഞ്ഞു.
അമ്മയെ വിളിക്കാൻ ഒരുങ്ങിയതും അവളുടെ ഫോണിലേക്ക് കോൾ വന്നു.
” ഉണ്ണിയേട്ടനോ… വട്ടായോ ഇതിന് ..” അവളൊന്നു ചിരിച്ചു.
ഫോൺ എടുത്ത് അങ്ങോട്ട് എന്തെങ്കിലും പറയുന്നതിന് മുന്നേ അവൻ ചോദിച്ചു.
” നന്ദൂട്ടി എത്തിയോ നീ.. എന്തേ വിളിച്ചിട്ട് ഫോൺ എടുക്കാഞ്ഞത്…? എത്ര തവണ ട്രൈ ചെയ്തുവെന്നറിയോ… മനുഷ്യൻ ടെൻഷൻ അടിച്ചു മരിച്ചു. നിനക്കൊന്നു ഫോൺ എടുത്താൽ എന്തായിരുന്നു….? ” ഒരൽപം ഗൗരവത്തോടെ അവൻ ഇത്രയും പറഞ്ഞു നിർത്തി.
” ഹാ കൊള്ളാം.. ഇതെന്താ കളിയാക്കുവാണോ … അസ്സലായിട്ടുണ്ട്….”
” എന്ത് അസ്സലായിട്ടുണ്ടെന്ന് .. ദേ നന്ദേ , I am serious.. നീ എന്താ ഫോൺ എടുക്കാത്തത് ? ” അവൻ ദേഷ്യത്തോടെ ചോദിച്ചു.
” എന്റെ ഉണ്ണിയേട്ടാ… അഭിനയം മതി കേട്ടോ… എന്നിട്ട് നേരിട്ട് ചോദിക്കാവുന്നതലേയുള്ളൂ. അതിന് വിളിക്കണ്ട കാര്യമുണ്ടോ. ഫോൺ സൈലന്റിലായിരുന്നു സോറി ”
” അഭിനയമോ… എന്തഭിനയം…? നീ എന്തൊക്കെയാടീ പറയുന്നേ…. ഫോണിലൂടെയല്ലാതെ ഞാനെങ്ങനെ ചോദിക്കാനാ നിന്നോട് …” അവൻ സംശയം കലർന്ന രീതിയിൽ ചോദിച്ചു.
” ഏട്ടന് എന്റെ മുഖത്ത് നോക്കി നേരിട്ട് ചോദിച്ചൂടെ…”
” നേരിട്ട് ചോദിക്കാനോ…? എനിക്കൊന്നും മനസ്സിലാവുന്നില്ല പെണ്ണേ… തെളിച്ച് പറയ്…”
” അയ്യടാ , സ്റ്റോപ്പ് വരെ വന്ന് എന്റെ കൂടെ ബസ്സ് കേറിയിട്ട് എനിക്കൊന്നും മനസ്സിലാവുന്നില്ലന്നോ….? അത് കൊള്ളാം തൊട്ട് പുറകെ നിന്നിട്ട് ഫോൺ ചെയ്യാൻ നിങ്ങൾക്കെന്താ വട്ടാണോ മനുഷ്യാ…? ”
” ആര് വന്നെന്ന്…. ഞാനോ..? നിനക്ക് വട്ടായോടി പെണ്ണേ….. നീ എന്തെ പിച്ചും പെയ്യും പറയുന്നേ…..? നീ സ്വപ്നം വല്ലതും കണ്ടോ…. ഉറങ്ങുവായിരുന്നോ ബസ്സിലിരുന്നു….? ദുബായ് യിൽ കിടക്കുന്ന ഞാനെങ്ങനെ അവിടെ വരാനാ ..? ഇത് എന്റെ കമ്പനിയോ സ്വന്തമായിട്ട് ഫ്ലൈറ്റോ ഇല്ല എനിക്ക്. കേട്ടോ….” അവൻ ചിരിച്ചു.
” ഓഹോ.. അപ്പോ പിന്നെ ഇവിടെ എന്റെ കൂടെയുള്ള തോ…. ഇതാണല്ലേ അപ്പോ ദുബായ് …..? ”
” ഏത്….? നീ ആരുടെ കാര്യമാ പറയുന്നേ….? ”
” ദേ എന്റെ പുറകിൽ ”
അവൾ തിരിഞ്ഞു നോക്കി.
( തുടരും…….)
Read complete പ്രണയസിന്ദൂരം Malayalam online novel here
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission