പ്രണയസിന്ദൂരം Part 9

9175 Views

malayalam novel

ആനന്ദ് ഒന്ന് പുഞ്ചിരിച്ചതേയുള്ളൂ.

” എന്തായാലും ഒന്ന് സംസാരിച്ചിട്ട് വാ നീ..”

ആനന്ദ് എഴുന്നേറ്റ് അകത്തേയ്ക്ക് പോയി..

ഉണ്ണിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. എന്തു ചെയ്യണമെന്ന് അവന് അറിയില്ലായിരുന്നു.

” എന്റെ പെണ്ണാണെന്ന് വിളിച്ച് പറയണോ…? വേണ്ടാ… നാളിതുവരെ വല്ല്യേട്ടന്റെ ഇഷ്ട്ടത്തിനെ ഞാൻ മുൻഘടന നൽകിയിട്ടുള്ളൂ.. ഇനിയും അങ്ങനെ തന്നെ….ആരും അറിയണ്ട… ”

അവന്റെ മനസ്സ് പുറകിലേക്ക് ചിന്തിച്ചു..

കഴിഞ്ഞ ഇടക്കാണ് വല്ല്യേട്ടൻ തന്നോട് ഒരു പെണ്ണിനെ സ്നേഹിക്കുന്നുണ്ടെന്നുള്ള വിവരം പറഞ്ഞത്. അവളെ കുറിച്ച് പറയുമ്പോ ഒരു പ്രസന്നതയായിരുന്നു മുഖത്ത് എപ്പോഴും. അതുകൊണ്ട് തന്നെ ആളെ ആരാണെന്ന് അറിയാൻ മോഹം തോന്നി. അത് അറിയിച്ചപ്പോഴാണ് പെണ്ണിന്റെ ഫോട്ടോ എന്നെ കാണിച്ചത്. കൊളീഗ് ആണെന്ന് പറഞ്ഞപ്പോ ഒരുപക്ഷെ നന്ദ പറഞ്ഞ പോലെ ആരതി ആയിരിക്കുമെന്ന് ഞാൻ കരുതിയിരുന്നു. പക്ഷേ ഫോട്ടോ കണ്ടമാത്രയിൽ ഭൂമി പിളർന്ന് താഴേക്ക് പോയി മതിയായിരുന്നു എന്ന് പോലും ഞാൻ ചിന്തിച്ചു. ഇടിവെട്ട് ഏറ്റ പോലെ ഞാൻ നിന്നു. കാരണം അത് എന്റെ നന്ദൂട്ടിയായിരുന്നു.

” ടാ ഇതാണ് ഞാൻ പറഞ്ഞ പെണ്ണ് ശ്രീനന്ദ. അമ്മയ്ക്ക് അവളെ ഇഷ്ട്ടമാകും. കാരണം അമ്മയുടെ ടേസ്റ്റിലുള്ള ഒരു പെണ്ണാണ് അവൾ. നിനക്ക് എന്ത് തോന്നുന്നു….? എങ്ങനെയുണ്ട് നിന്റെ ഏട്ടത്തി…? ”

വല്ല്യേട്ടന്റെ ആ ചോദ്യം ഒരു ശരം കണക്കെന്റെ നെഞ്ചിൽ തറച്ചു….

ഇല്ല, അവൾ എന്റെയാ… എന്റെ മാത്രമാണ് എന്ന് പറയണം എന്നുണ്ടായിരുന്നു. പക്ഷേ , എന്റെ ശബ്ദം പൊങ്ങിയില്ല, തൊണ്ട വരണ്ടിരുന്നു. വല്ല്യേട്ടന്റെ മുന്നിൽ പതറാതിരിക്കാൻ ഞാൻ നന്നെ പാടുപ്പെട്ടു . കൊള്ളാമെന്ന് തലയാട്ടി ഞാൻ നടന്നു.

” ഏട്ടത്തി ….നന്ദൂട്ടി എന്റെ ഏട്ടത്തി.. ഞാൻ എന്റേത് എന്ന് കരുതിയ എന്റെ പെണ്ണ്. ഇതെങ്ങനെ ശരിയാകുന്നെ…? മനസ്സ് കൊണ്ട് ഒന്നായവരല്ലേ ഞങ്ങൾ. താലി കെട്ടിയില്ല എന്നല്ലെയുള്ളൂ,പക്ഷേ ഭഗവാനെ സാക്ഷി നിർത്തി എന്റെ കൂടെ കൂട്ടിയതല്ലേ അവളെ… അപ്പോൾ എന്റെ ഭാര്യ അല്ലേ അവൾ… ”

ഒരായിരം ചോദ്യങ്ങൾ മനസ്സിൽ ഉടലെടുത്തിരുന്നു. ഓരോന്നും ആലോചിച്ച് കോണിപ്പടി കേറി. കണ്ണുനീർ എന്റെ കാഴ്ച്ചകളെ മറച്ചിരുന്നു.

ഞാൻ എന്താ വേണ്ടേ… അവൾക്ക് പറ്റുമോ… എനിക്ക് പറ്റുമോ…? ഇല്ല.

ഏട്ടനോട് എല്ലാം പറയണം എന്ന് കരുതി മനസ്സിൽ ഉറപ്പിച്ചതാണ് ഞാൻ…..
പക്ഷേ വേണ്ട. ആദ്യമായിട്ടാണ് എന്റെ ഏട്ടന് ഒരു ഇഷ്ട്ടം. ഞാൻ കാരണം അത് വേണ്ടാന്ന് വെക്കാൻ പാടില്ല.. അതാണ് ശരി എന്ന് ഞാൻ മനസ്സിലുറപ്പിച്ചു. അങ്ങനെ വന്നതാണ് ഇൗ പെണ്ണ് കാണൽ. പാവം അവൾക്ക് അതറിയില്ല. എന്റെ ഊഹം ശരിയാണെങ്കിൽ എന്നെ കണ്ടപ്പോൾ അവൾ ഒരുപാട് സന്തോഷിച്ച് കാണും. പാവം അധികം വൈകാതെ അവൾ എല്ലാം അറിയും. അത് താങ്ങാൻ അവൾക്ക് ശക്തി നൽകണേ ഈശ്വരാ….

അവൻ ഓരോന്നും ആലോചിച്ചു.തന്റെ നിയന്ത്രണം വിടുന്നെന് മനസ്സിലായി. അവൻ കോൾ വന്നു എന്ന കള്ളം പറഞ്ഞ് പുറത്തേക്ക് ഇറങ്ങി..

പക്ഷേ, അതെ സമയം നന്ദ അവളുടെ മുറിയിൽ തന്റെ ആഗ്രഹം സഫലമാകാൻ പോകുന്ന സന്തോഷത്തിൽ ആയിരുന്നു. കോണിപ്പടി കേറുന്ന ശബ്ദം അവൾ ശ്രദ്ധിച്ചു. ആരോ ഇങ്ങോട്ടേക്ക് വരുന്നുണ്ടെന്ന് അവൾക്ക് മനസ്സിലായി.

” ഏട്ടനാകും.. ഒരു സംസാരചടങ്ങ് ഉണ്ടല്ലോ.. ഇങ്ങോട്ട് വരട്ടെ.. ഇത്രയും ദിവസം എന്നെ തീ തീറ്റിച്ചതല്ലേ…. ”

ആനന്ദ് വാതിലിൽ തട്ടി അകത്തേയ്ക്ക് കയറി. എന്ത് പറയണമെന്ന് അവന് അറിയില്ലായിരുന്നു.

” ശ്രീനന്ദ ”

ആ വിളി കേട്ടതും സംശയത്തോടെ അവൾ തിരിഞ്ഞു നോക്കി.

” ആനന്ദ്..”
അവളുടെ ചുണ്ടുകൾ. മന്ത്രിച്ചു.

” എന്തേ പറഞ്ഞോളൂ..” ഒന്നും മനസ്സിലാകാത്ത പോലെ അവൾ നിന്നു.

” എന്നെ ഇഷ്ട്ടം ആയോ…? ”

അവളൊന്നു ഞെട്ടി. പുഞ്ചിരി അപ്രതക്ഷ്യമായി.

” എന്തേ ഇങ്ങനെ നോക്കുന്നത്…? എനിക്ക് തന്നെ ഇഷ്ട്ടമായി.. അതാ കാണാൻ വന്നതും. തന്റെ തീരുമാനം എന്താണെന്നുള്ളത് വീട്ടുകാരോട് പറഞ്ഞാ മതി. സമ്മതം ആണേൽ മുന്നോട്ട് പോകാം..”

അത്രയും പറഞ്ഞ് അവൻ ചിരിച്ച് ഇറങ്ങി പോയി.
അവളിലെ ശക്തി ശയിച്ച പോലെ അവൾക്ക് അനുഭവപ്പെട്ടു. വീഴാതിരിക്കാൻ കട്ടിലിന്റെ തുമ്പിൽ അവൾ പിടിത്തം മുറുക്കി.

” ഈശ്വരാ..എന്താ ഇതൊക്കെ…? അപ്പോ ഉണ്ണിയേട്ടൻ അല്ലേ… ആനന്ദിന്റെ മനസ്സിൽ എന്നോട് ഇങ്ങനെ ഒരു തോന്നൽ ഉണ്ടായിരുന്നോ…. അപ്പോൾ ആരതി……! ”

അവൾ ഓരോന്നും ആവർത്തിച്ചാവർത്തിച്ച് ആലോചിച്ചു. പലതിലും കണ്ണുകൾ ഉടക്കി. ഒരിക്കൽ ബോസ്സ് തന്നോട് വേണ്ടാത്ത രീതിയിൽ. സംസാരിച്ചപ്പോൾ ആനന്ദ് തട്ടി കയറിയതും., ഇടയ്ക്കിടെ തന്നെ നോക്കുന്നതും അവളുടെ മനസിലേക്ക് ഓടി വന്നു.

” ശരിയാണ്. എന്റെ ഊഹം പിഴച്ചുപോയിരിക്കുന്നു. ആനന്ദ് എന്നും എനിക്കായിരുന്നു മുൻഘടന നൽകിയിരുന്നത്. പക്ഷേ, ഞാൻ ഒരു വാക്ക് കൊണ്ട് പോലും ആനന്ദിനോട് അതിര് കടന്ന് നിന്നിട്ടില്ല. ഒരു ചേട്ടന്റെ സ്ഥാനത്ത് നിന്നെ പെരുമാറിയിട്ടുള്ളു. പക്ഷേ ഇങ്ങനെ ഞാൻ ചിന്തിച്ചിട്ടേയില്ല….” അവൾ ബെഡിലേക്ക് വീണു. മുകളിലേക്ക് നോക്കി കിടന്നു.

” ഇതിനാലായിരിക്കണം ഉണ്ണിയേട്ടൻ എന്നെ…..”

ചുണ്ടുകൾ വിറച്ചു , കണ്ണുകൾ ഇറുക്കി അടച്ചു. കണ്ണുനീർ ധാരധാരയായി ഒഴുകാൻ തുടങ്ങി. എത്രനേരം അങ്ങനെ കിടന്നുവെന്ന് അവൾ അറിഞ്ഞില്ല. ആരും അവളെ വിളിച്ചതുമില്ല.

” നന്ദേച്ചി.. ചേച്ചിയെ അച്ഛൻ വിളിക്കുന്നുണ്ട്…”

അവൾ തലയാട്ടി അങ്ങോട്ടേക്ക് ചെന്നു.

” മോളെ… എന്തു പറയുന്നു.. ഇഷ്ടപ്പെട്ടോ നിനക്ക് ചെറുക്കനെ….? ”

ആ ചോദ്യത്തിൽ ഒരു പ്രതീക്ഷ അവൾ അച്ഛന്റെ മുഖത്ത് കണ്ടു.

” അച്ഛാ… ഞാൻ ഉടനെ എങ്ങനെ…. ഒന്ന് ആലോചിക്കാതെ..? ”

” ശരി മോളൊന്ന് ആലോചിക്ക്.. എത്ര ദിവസം വേണം…? വേഗം പറയണം.. അവരെ അറിയിക്കണ്ടതാണ്..”

അവൾ ശരിയെന്ന് തലയാട്ടി. മുറിയിലേക്ക് പോയി. ഒന്നിനും ഒരു ഉന്മേഷം അവൾക്ക് തോന്നിയില്ല. കുറച്ച് നേരം ആലോചിച്ച ശേഷം ഉണ്ണിയെ ഒന്നു കാണാൻ തന്നെ തീരുമാനിച്ചു. വിളിക്കാൻ ഫോൺ എടുത്തപ്പോഴേക്കും അവളൊരു നിമിഷം നിന്നു.

” വേണ്ട .. കാണണമെന്ന് പറഞ്ഞാൽ ചിലപ്പോൾ ഏട്ടൻ എന്തേലും പറഞ്ഞ് മുടക്കാനെ നോക്കൂള്ളു.. അതുകൊണ്ട് അറിയിക്കണ്ട..”

എങ്ങനെയൊക്കെയോ അവൾ ആ ദിവസം തള്ളി നീക്കി.പിറ്റേന്ന് അവൾ ഓഫീസിൽ പോകാൻ കൂട്ടാക്കിയില്ല. ആരതി പലതവണ വിളിച്ചെങ്കിലും അവൾ ഫോൺ അറ്റൻഡ് ചെയ്തില്ല.

” ഏട്ടന്റെ തീരുമാനം അറിഞ്ഞിട്ട് മതി അവളോട് പറയുന്നത്…” അവൾ സ്വയം പറഞ്ഞു.

ഓഫീസിലേക്ക് പോകാതെ അവൾ നേരെ പോയത് ഉണ്ണിയെ കാണാനാണ്.. ഉണ്ണിയുടെ സുഹൃത്ത് വഴി അവന്റെ അന്നത്തെ ദിവസത്തെ കാര്യങ്ങൾ അവൾ മനസ്സിലാക്കിയിരുന്നു. അവൾ ഉണ്ണി വരുന്ന വഴിയിൽ അവനെയും കാത്തു നിന്നു.അപ്രതീക്ഷിതമായി അവളെ കണ്ടതും അവൻ ഞെട്ടി. തിരിച്ചു പോകാൻ തുടങ്ങവേ

” ഒന്ന് നിന്നെ…” നന്ദ അവനെ തടഞ്ഞു.

” നീ ഇപ്പോ എന്തിനാ ഇങ്ങോട്ട് വന്നത്…? ” അവൻ ദേഷ്യത്തോടെ ചോദിച്ചു.

” എന്തേ വരാൻ പാടില്ലേ… കാണണമെന്ന് പറഞ്ഞാ വരില്ലായെന്ന് അറിയാം.. അതുകൊണ്ടാ പറയാതെ വന്നത്.. ”

” എന്താ കാര്യം ? ”

” എന്തൊക്കെയാ നടക്കുന്നത്..? എന്നെ എന്തിനാ നിങ്ങള് അവോയ്ഡ് ചെയുന്നെത്..? ഇതിനും മാത്രം എന്താ ഞാൻ ചെയ്തേ….? എന്റെ ഫോൺ പോലും….”

” എന്റെ ഏട്ടനുമായിട്ട് കല്ല്യാണം ഉറപ്പിച്ച പെണ്ണാ നീ.. പിന്നെ എന്നെ വിളിക്കണ്ട ആവശ്യമെന്താ..? ”

അവന്റെ വാക്കുകൾ ഒരു അമ്പ് പോലെ അവളുടെ മനസ്സിലേക്ക് തറച്ചു. ഒരു ശിലപോലെ അവനെ നോക്കി കുറച്ച് നേരം നിന്നു.

” എന്താ പറഞ്ഞേ.. കല്ല്യാണം ഉറപ്പിച്ചെന്നോ… ? എന്തൊക്കെയാ പറയുന്നതെന്ന് ബോധമുണ്ടോ ഏട്ടന്…? ” അവളുടെ ശബ്ദം ഉയർന്നു.

” ഒച്ച വെക്കണ്ട. ഞാൻ പറഞ്ഞത് നീ കേട്ടില്ലേ..! വല്ല്യേട്ടന്റെ സന്തോഷം, അത് മാത്രമേ എന്റെ മുന്നിലുള്ളു….”

” പറ്റില്ല.. നിങ്ങള് എല്ലാം ചേട്ടനോട് പറഞ്ഞേ പറ്റൂ. ഇല്ലെങ്കിൽ ഞാൻ പറയാം. എന്റെ സമ്മതം ഇല്ലാതെ ഇൗ കല്ല്യാണം എന്തായാലും നടക്കില്ലല്ലോ…! ”

” അരുത്.. വേണ്ട നന്ദ. അതൊരിക്കലും ചെയ്യരുത്. ആദ്യമായിട്ടാണ് എന്റെ ഏട്ടന് ഒരു ഇഷ്ട്ടം. എനിക്ക് വേണ്ടി എല്ലാം വേണ്ടാന്ന് വെച്ചിട്ടേയുള്ളൂ ഇതുവരെ. ഇതും ഞാൻ പറഞ്ഞ പിന്മാറുമെന്നറിയാം. പക്ഷേ ഏട്ടൻ ആഗ്രഹിച്ച പെണ്ണിനെ ഞാൻ എങ്ങനെ..എനിക്ക് പറ്റില്ല.. മറക്കണം നീ എല്ലാം ..”

” മറക്കാനോ…പറ്റുമോ ഏട്ടന് അതിന്..? എനിക്ക് പറ്റുമോ… നമ്മൾ ആഗ്രഹിച്ചതൊക്കെയും…! ”

” പറ്റും.. പറ്റണം..”

” ഉണ്ണിയേട്ടാ…”

ഇടറിയ അവളുടെ ശബ്ദം അവന്റെ കാതിൽ മുഴങ്ങി. അവന്റെ ഉള്ളൊന്നു പാളിയെങ്കിലും അവനത് പുറത്ത് കാട്ടിയില്ല. ഒഴുകാൻ നിന്ന് കണ്ണീരിനെ അവൾ അറിയാതെ അവൻ തുടച്ചു മാറ്റി.

” വെറുതെ ആയിരുന്നല്ലേ.. വേണ്ടാതെ ഒഴിഞ്ഞ് പോയതല്ലേ ഞാൻ…? എന്നിട്ടും എന്തൊക്കെ ഉണ്ടായാലും നീ എന്റെ തന്നെയാണെന്ന് നൂറാവർത്തി പറയുമായിരുന്നില്ലേ. എന്നിട്ടും ചതിക്കുകയാണോ എന്നെ..? ”

ഉണ്ണിയുടെ കോളറിൽ പിടിച്ച് കുലുക്കി അവളതൊക്കെ പറയുമ്പോഴും നിസ്സഹായനായി നോക്കി നിൽക്കാൻ മാത്രേ അവന് കഴിഞ്ഞുള്ളൂ.

” എന്തു വേണേലും പറഞ്ഞോളൂ..ചതിയൻ എന്ന് വിളിച്ചോളൂ. തല്ലിക്കോ നി എന്നെ… പക്ഷേ , എനിക്ക് നിന്നെ കണ്ടില്ലെന്ന് നടിച്ചേ പറ്റുള്ളൂ..” അവളുടെ കൈവിടുവിപ്പിച് അവൻ പറഞ്ഞു.

അവൾക്ക് മറുപടി ഒന്നുമുണ്ടായിരുന്നില്ല. അവൾ മെല്ലെ പുറന്നേക്ക്‌ പോയി. തിരിഞ്ഞു നടന്നു. നടത്തത്തിന്റെ വേഗത കൂടി. അവൾ പോകുന്നത് അവളെ തന്നെ ഇല്ലാതാക്കാൻ ആണെന് മനസ്സിലാക്കാൻ അവന് അധിക സമയം വേണ്ടി വന്നില്ല…….

( തുടരും……..)

Read complete പ്രണയസിന്ദൂരം Malayalam online novel here

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply