പ്രണയസിന്ദൂരം Part 8

8740 Views

malayalam novel

മേശപ്പുറത്ത് തലവെച്ച് കിടക്കുന്ന നന്ദയെ കണ്ട് ആരതി അടുത്തേക്ക് ചെന്ന് അവളെ തട്ടി വിളിച്ചു.

” എന്തു പറ്റിയെട… വയ്യേ നിനക്ക്… ? എന്തേ കിടക്കുന്നേ….? ഇത് പതിവുള്ളതല്ലല്ലോ…! “

” ഇല്ല , വയ്യായ്ക ഒന്നുമില്ല. ഞാൻ വെറുതെ…..”
.
ആരതി അവളുടെ താടിയിൽ പിടിച്ച് മുഖം ഉയർത്തി.

” എനിക്ക് അറിഞ്ഞൂടെ നിന്നെ…. ഇങ്ങനെ അല്ല നി… ആകെ ഒരു വല്ലായ്ക.. ഇതുവരെ ഇങ്ങനെ നിന്നെ കണ്ടിട്ടില്ല. എന്താടാ….? ” അവൾ വിടാൻ ഉദ്ദേശമില്ലായിരുന്നു.

” ഉണ്ണിയേട്ടൻ 2 ദിവസമായി എന്നോട് മിണ്ടിയിട്ട്‌….” വിങ്ങി പൊട്ടിക്കൊണ്ടാണവൾ അത് പറഞ്ഞത്.

” എന്തേ വഴക്കിട്ടോ രണ്ടുപേരും…”

” ഇല്ല മിനിഞ്ഞാന്ന് ഫോൺ വെക്കുന്നത് വരെ ഒരു കുഴപ്പവും ഇല്ലായിരുന്നു.. അതുകഴിഞ്ഞ് ഇതുവരെ എന്നെ വിളിച്ചിട്ടില്ല…” ഏങ്ങൽ അടിച്ച് കൊണ്ട് അവൾ മറുപടി കൊടുത്തു.

” ഹേയ് റിലാക്സ്…. എന്തേലും തിരക്ക് ഉണ്ടായിട്ടുണ്ടാകും. നീ ഇങ്ങനെ കരയാതെ….” ആരതി നന്ദയേ സമാധാനിപ്പിച്ചു.

” എന്നാലും “

” ഒരു എന്നാലുമില്ല.. നീ പോയി മുഖം കഴുകി വന്നെ… എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്…”

അവൾ ചുറ്റും നോക്കി.
” ശരിയാണ്. ഒരു നിമിഷം ഞാൻ പരിസരം മറന്നു ബിഹേവ് ചെയ്തു..”

അവൾ വാഷ് ബേസണിന്റെ അടുത്തേക്ക് പോയി മുഖം കഴുകി. അവളെ ആനന്ദിന്റെ ശ്രദ്ധയിൽ പെട്ടു.. ആനന്ദ് അവളെ തട്ടി വിളിച്ചു.

” ശ്രീ …”

അവൾ ഞെട്ടി തിരിഞ്ഞു.

” Are you ok…..? ” അവൻ ചോദിച്ചു.

” ഹേയ് ഒന്നുല്ലാ… I am fine…”

അവൾ നടന്ന് മാറി. വീട്ടിൽ ചെന്നപ്പോഴും അവൾ ആ ചിന്തയിൽ തന്നെയായിരുന്നു..

” നന്ദേച്ചി… അച്ഛൻ വിളിക്കുന്നുണ്ട്…” ബാല അവളോടായി പറഞ്ഞു. അവൾ താഴേക്ക് ഇറങ്ങി ചെന്നു.

” എന്താ അച്ഛാ…? ” അവൾ ചോദിച്ചു.

” നീ എന്താ വല്ലാതിരിക്കുന്നെ…. വയ്യേ നിനക്ക്…? പനി വല്ലതും….”

” ഹേയ് ഇല്ലച്ചാ.. എന്തേ വിളിച്ചെ….? “

” അത് മോളെ നാളെ നീ ഓഫീസിൽ പോകണ്ട.. നിന്നെ കാണാൻ ഒരു കൂട്ടർ വരുന്നുണ്ട്….”

അവൾ ഒന്ന് പതറിയെങ്കിലും അത് പുറത്തു കാട്ടാതെ അവൾ പറഞ്ഞു.

” എന്നെ കാണാനോ…? എനിക്കിപ്പൊ ഒരു കല്ല്യാണം വേണ്ടച്ചാ…”

” കല്ല്യാണം ഉടനെ ഉണ്ടാവില്ല.. ഒന്ന് വന്ന് കണ്ടുപോകുന്നന്നേ ഉള്ളൂ….” അദ്ദേഹം അവളോടായ്‌ പറഞ്ഞു.

” കേട്ടോ സുഭദ്രേ.., ഇവളെ പുറത്ത് വെച്ച് പയ്യൻ കണ്ടിട്ടുണ്ടത്രെ….അങ്ങനെ ഇഷ്ട്ടം ആയെന്ന്… പിന്നെ അവർ ഒരു ചടങ്ങിന് കാണാൻ വരുന്നതേ ഉള്ളൂ…” വിശ്വനാഥൻ പറഞ്ഞു നിർത്തി.

” നാളെ എപ്പോഴാ അവർ കാണാൻ വരുന്നത് എന്ന് പറഞ്ഞോ വിശ്വേട്ട….? ” സുഭദ്ര തിരക്കി.

” രാവിലെ എത്തുമെന്ന പറഞ്ഞത്.. എപ്പോൾ വേണമെങ്കിലും അവരെ പ്രതീക്ഷിക്കാം..”

അവൾ ഒന്നും കേൾക്കാൻ നിൽക്കാതെ റൂമിലേക്ക് പോയി. തന്റെ ശരീരമാകെ ഒരു തളർച്ച അവൾക്ക് അനുഭവപ്പെട്ടു.

” അച്ഛനോട് എല്ലാം പറഞ്ഞാലോ…. ഒരു പക്ഷെ ഇൗ ആലോചന മുടങ്ങും.. എന്നാലും ഏട്ടൻ പറഞ്ഞത്….” അവൾ ആകെ ചിന്ത കുഴപ്പത്തിലായി.

” എന്താ ചെയ്യുക.. ? ഉണ്ണിയേട്ടനെ വിളിച്ചിട്ടാണേൽ കിട്ടുന്നതുമില്ല. ഒരു പെണ്ണുകാണൽ ചടങ്ങ് അല്ലേ…. കല്ല്യാണം ഒന്നും അല്ലല്ലോ… ” അവൾ സ്വയം ആശ്വസിച്ചു.

” നന്ദേച്ചി… എഴുന്നേൽക്ക്… സമയം വൈകി… എന്തു ഉറക്കമാ… അവർ രാവിലെ ഇങ്ങെത്തും….” പിറ്റേന്ന് ബാലയാണ് അവളെ വിളിച്ചുണർത്തിയത്.

അവൾ മനസ്സില്ലാമനസ്സോടെ കണ്ണിൽ കണ്ട ഒരു ഉടുപ്പും ഇട്ട് ഒരുങ്ങി നിന്നു. സമയം പോകുംതോറും അവൾ ആകെ ടെൻഷൻ ആവുകയാണ്.. ഒരു സമാധാനവുമില്ല…

” എന്താ ഒരു വഴി..? ചെറുക്കനോട് എല്ലാം തുറന്നു പറഞ്ഞാലോ…? അതാ നല്ലത്.. ഈശ്വര കൈ വിടല്ലെ…”

അപ്പോഴാണ് വീടിന്റെ മുന്നിൽ ഒരു കാർ വന്ന് നിൽക്കുന്ന ശബ്ദം കേട്ടത്..

” സുഭദ്രേ.., അവർ എത്തി…”

വിശ്വനാഥൻ പറഞ്ഞത് അവളുടെ കാതിലേക്ക് ഓടി എത്തി. അവളുടെ നെഞ്ചിടിപ്പ് കൂടി.

” നന്ദേച്ചി… എന്റെ ഫ്യൂച്ചർ ബ്രദർ ഇൻ ലോ വന്നു കേട്ടോ…! ” ബാല മുറിയിലേക്ക് കേറി വന്നു.

” ഓഹോ.. എങ്ങനെ…. ഫ്യൂച്ചർ ബ്രദർ ഇൻ ലോ യോ…? അവിടെ വരെ ആയോ….? “.

” ഉവ്വെല്ലോ… അവർക്ക് എന്തായാലും ചേച്ചിയെ ഇഷ്ട്ടമായല്ലോ… ചേച്ചിക്കും ഇഷ്ട്ടമാകും ഉറപ്പ്…”

” ഓ പിന്നെ…” നന്ദ പുച്ഛത്തോടെ മറുപടി പറഞ്ഞു.

” നന്ദേച്ചി… എന്നെ ഒന്നു നോക്കിയേ … ചേച്ചീടെ മനസ്സിൽ എന്തേലും സങ്കടം ഉണ്ടോ… ഏഹ് ….? “

” എന്താണ് അങ്ങനെ ചോദിക്കാൻ….? “

” മുഖം കണ്ടപ്പോൾ എനിക്ക് അങ്ങനെ തോന്നി..”

” ഏയ്‌ ഇല്ലട….” ഒരു ചെറു പുഞ്ചിരിയോടെ നന്ദ പറഞ്ഞു.

” ഉം … ചേച്ചിക്ക് ആളെ കാണണ്ടേ … വാ.. വന്നേ…. ” അവൾ നന്ദയെ വിളിച്ചോണ്ട് പോയി…

” വരൂ… അകത്തേയ്ക്ക് ഇരിക്കാം… ഞങ്ങൾ പ്രതീക്ഷിച്ചിരിക്കുവായിരുന്നു….” വിശ്വനാഥൻ പറഞ്ഞു.

ബാലയും നന്ദയും പതിയെ ജനാലയിലൂടെ പുറത്തേക്ക് നോക്കി.. ആളെ കണ്ടതും അവൾ ഞെട്ടി.

” ഉണ്ണിയേട്ടൻ…”

പല ഭവങ്ങളും അവളുടെ മുഖത്തൂടെ കടന്ന് പോയി. സങ്കടമാണോ സന്തോഷമാണോ., അവൾക്കറിയില്ല. അവൾ അകത്തേയ്ക്ക് ഓടി പോയി.

” എന്റെ കൃഷ്ണാ.. ഞാനീ കാണുന്നതൊക്കെയും സത്യമാണോ.. അപ്പോ ഉണ്ണിയേട്ടനാണോ എന്നെ….! ഇങ്ങനെ ഒരു സർപ്രൈസ് തരാനായിരിക്കും കുറച്ച് നാളായി എന്നോട്.. ഹും… കൊടുക്കുന്നുണ്ട് ഞാൻ. “

അവൾ കണ്ണുകൾ തുടച്ചു. കണ്ണാടിയുടെ മുന്നിൽ തിരിഞ്ഞു മറിഞ്ഞും നോക്കി.

” കുഴപ്പമൊന്നും ഇല്ലല്ലോ. ശ്ശേ ഇത് നേരത്തെ അറിഞ്ഞിരുന്നേൽ കുറച്ചൂടെ നന്നായിട്ട് ഒരുങ്ങിയേനെ..ഇതിപ്പോ ആർക്കോ വേണ്ടിട്ട്‌..” അവൾ പരിഭവം പറഞ്ഞു..

” നന്ദേച്ചി. അതിന്റെ ഇടക്ക് എങ്ങോട്ടാ പോയേ. ? അമ്മ വിളിച്ചോണ്ട് ചെല്ലാൻ പറഞ്ഞു. വാ… പിന്നെ ചെറുക്കനെ എനിക്ക് ഇഷ്ട്ടായ്‌ കേട്ടോ..” നന്ദയെ ഒന്ന് തട്ടി കൊണ്ട് അവൾ പറഞ്ഞു.

” പോടീ..”

കണ്ണാടിയിൽ ഒന്നൂടെ നോക്കി കുഴപ്പമില്ല എന്നുറപ്പ് വരുത്തിയ ശേഷം അവൾ ഇറങ്ങി. അമ്മയുടെ അടുത്തേക്ക് പോയി.

” ഹാ മോളെ… അച്ഛൻ വിളിക്കുന്നുണ്ട്. മോള് അങ്ങോട്ടേക്ക് ചെല്ല്..”

അവൾ മെല്ലെ നടന്നു. നെഞ്ചിടിപ്പ് കൂടി കൂടി വരുന്നുണ്ട്. കൈയും കാലും വിറക്കാൻ തുടങ്ങി.

” ചേട്ടൻ ഉണ്ടല്ലോ കൂടെ. എന്നെ അറിയാല്ലോ… ഉണ്ണിയേട്ടൻ എല്ലാം പറഞ്ഞിട്ടുണ്ടാകുമോ… എന്ത് വിചാരിക്കും. ? ഈശ്വര.”

ഓരോന്നും ആലോചിച്ച് അവൾ മുന്നിലേക്ക് നടന്നു.

” ആഹ് ഇതാണ് എന്റെ മോള് ശ്രീനന്ദ.. എല്ലാം അറിയാല്ലോ..പ്രത്യേകിച്ച് ഒന്നും ഇനി പറയണ്ടല്ലോ.! “

അവൾ കണ്ണുകൾ മുറുക്കി അടച്ചു.

” ഭഗവാനെ കാത്തോളണേ..”

” ഇത് രണ്ടാമത്തെ കാന്താരി ശ്രീബാല. +2 വിൽ പഠിക്കുന്നു. മോളെന്താ നോക്കി നിൽക്കുന്നത്..? കൊടുക്ക്. “

അവൾ ചായ കപ്പ് ഒരോരുത്തർക്കായ് കൊടുത്തു. ഉണ്ണിയുടെ അടുത്ത് എത്തിയപ്പോൾ മിഴി ഉയർത്തി അവനെ നോക്കി. അവൻ അവളെ നോക്കിയില്ല. അവൾ മാറി നിന്നു. അമ്മ അവളെ അടിമുടിയൊന്ന് നോക്കി. നന്ദ ചിരിച്ചു. അവൾ ഇടം കണ്ണിട്ട് ഉണ്ണിയെ നോക്കുന്നുണ്ടായിരുന്നു. പക്ഷേ അവൻ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല..

” എന്തേ ഏട്ടാ. എന്നെ ഒന്നു നോക്കാതെ…? ചമ്മലായിരിക്കുമല്ലെ…! ” അവൾ മനസ്സിൽ പറഞ്ഞു.

ആനന്ദിന്റെ മുഖത്തേയ്ക്ക് നോക്കാൻ അവൾക്ക് ധൈര്യം ഇല്ലായിരുന്നു.

” മോള് അകത്തേയ്ക്ക് പൊയ്ക്കോളൂ..” വിശ്വനാഥൻ നന്ദയോട് പറഞ്ഞു. അവൾ തലയാട്ടി അകത്തേയ്ക്ക് പോയി.

” ചെറുക്കന് പെണ്ണിനോട് എന്തെങ്കിലും സംസാരിക്കാനോ മറ്റോ ഉണ്ടോ…? നിങ്ങള് ഒരേ കമ്പനിയിൽ ആയതുകൊണ്ട് ചിലപ്പോ…” വിശ്വനാഥൻ പറഞ്ഞു നിർത്തി.

” സംസാരിക്കണോ ആനന്ദേ…? ” അവരുടെ അമ്മയാണ് അത് ചോദിച്ചത്.

( തുടരും…….)

Read complete പ്രണയസിന്ദൂരം Malayalam online novel here

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply