പ്രണയസിന്ദൂരം Part 4

8916 Views

malayalam novel

അവൾ തിരിഞ്ഞു നോക്കി. പക്ഷേ, അവിടെ ഉണ്ണി ഉണ്ടായിരുന്നില്ല.

” എവിടെ പോയി.. ഇത്രയും നേരം ഇവിടെ ഉണ്ടായിരുന്നല്ലോ…? “

” ആര്….. നീ ആരുടെ കാര്യമാ പറയുന്നേ ….? “

” ഉണ്ണിയേട്ടന്റെ…. ഞാൻ കണ്ടതായിരുന്നു…”

” നീ സ്വപ്നം കണ്ടതാകും…. അല്ലെങ്കിൽ നിനക്ക് സമനില തെറ്റീട്ടുണ്ടാകും….” അവൻ ചിരിക്കാൻ തുടങ്ങി .

” അല്ല ഏട്ടാ…. അപ്പോ എന്റെ കൂടെ വന്നതൊക്കെ….?”

” ഭൂതം ….. എടി പൊട്ടികാളി നിനക്ക് എന്താ പറ്റിയേ….. ലേറ്റ് വർക്ക് ചെയ്തപ്പോ നിന്റെ റിലേ മുഴുവൻ പോയോ….. ആദ്യമായിട്ടല്ലേ…. അതാകും….?” അവൻ തമാശമട്ടിൽ പറഞ്ഞു.

” അല്ല ഏട്ടാ ഞാൻ….”

” മതി പോടീ.. മിണ്ടാതിരുന്നോ…. എന്നിട്ട് എന്റെ മോള് കാഴ്ച്ചകൾ കാണ് കേട്ടോ..” അവൻ അവളുടെ വാക്ക് മുഴുവിപ്പിക്കാൻ സമ്മതിക്കാതെ പറഞ്ഞു

” ഉം.. ഞാൻ വീട്ടിൽ ചെന്നിട്ട് വിളിക്കാം… അമ്മ വിളിച്ചിട്ടുണ്ടായിരുന്നു. ഞാനൊന്ന് വിളിക്കട്ടെ…”

അവൾ ഫോൺ കട്ട് ചെയതു.

” എന്റെ ഈശ്വര … അപ്പോ അതാരായിരുന്നു.. ഏട്ടൻ വന്നില്ലെങ്കിൽ പിന്നെ.. അതൊക്കെ എന്റെ തോന്നലായിരുന്നോ…. ശ്ശേ നാണക്കേട്… ഇത് മതി ഏട്ടന് ഇനി കളിയാക്കാൻ… എന്തായാലും അമ്മയെ ഒന്നു വിളിക്കട്ടെ…” അവൾ ഫോണെടുത്ത് അമ്മയെ വിളിച്ചു.

” ഹലോ മോളെ എവിടെയാ നീ ? “

” അമ്മാ ഞാൻ വന്നോണ്ടിരിക്കുവാ.. അമ്മ റ്റെൻഷനാകണ്ട…”

” അച്ഛനെ കണ്ടോ… അങ്ങോട്ട് പുറപ്പെട്ടായിരുന്നു ; നിന്നെ നോക്കീട്ട് വരാന്നും പറഞ്ഞ്…”

” ഇല്ല അമ്മേ.. ഞാൻ ബസ്സിലാണ്. അച്ഛനെ ഞാൻ വിളിച്ചോളാം…’

ഫോൺ കട്ട് ചെയ്ത് അവൾ അച്ഛനെ വിളിച്ചു.
” അച്ഛാ… അച്ഛനിപ്പോ എവിടെയാ…?”

” ആ മോളെ… ഞാൻ അങ്ങോട്ട് വന്നു കൊണ്ടിരിക്കുവാ…”

” വേണ്ട അച്ഛാ… ഞാൻ ഇപ്പോ ബസ്സിലാ … എത്താറായി… അച്ഛൻ ബസ്സ് സ്റ്റോപ്പിൽ നിന്നാ മതി “

” ഹാ എങ്കിൽ ശരി മോളെ.. അച്ഛൻ സ്റ്റോപ്പിലുണ്ടാകും..”

അൽപസമയത്തിന് ശേഷം ബസ്സ് സ്റ്റോപ്പിലെത്തി. അവൾ ഇറങ്ങി.

” മോളെ….”

അവൾ തിരിഞ്ഞു നോക്കി.

” അച്ഛാ.. അച്ഛനെന്തിനാ വന്നേ.. ഞാൻ വരുമായിരുന്നല്ലോ…”

” സാരമില്ല ടാ.. മോള് വണ്ടിയിൽ കേറ് “

അവർ കാറിൽ കേറി. വണ്ടി മുന്നോട്ട് നീങ്ങി.

” നീ ഒറ്റയ്ക്കാണോ വന്നത്.. കൂട്ടിന് ആരും ഉണ്ടായിരുന്നില്ലേ…? “

അവൾ അച്ഛനെയൊന്ന് നോക്കി. എന്നിട്ട് പുറത്തേക്ക് നോക്കി പുഞ്ചിരിച്ച് ഇല്ലാ യെന്ന് തലയാട്ടി. അവൾ കാഴ്ച്ചകൾ കണ്ടിരുന്നു. രാത്രിയിൽ ഒന്നും വ്യക്തമല്ലെങ്കിലും , ഇരുട്ട് നിറഞ്ഞ വഴികളിൽ തിളങ്ങി നിൽക്കുന്ന വഴിവിളക്കുകളും ഒപ്പം അങ്ങിങ്ങായ് പാറി നടക്കുന്ന മിന്നാമിനുങ്ങുകളും അവളുടെ ശ്രദ്ധയിൽ പെട്ടു. ആരുമില്ലാത്ത ശാന്തമായ വഴികളിൽ സ്വാതന്ത്ര്യത്തോടെ ഓടി നടക്കുന്ന തെരുവുനായകളേയും അവൾ കണ്ടു.

” ആസ്വദിക്കാൻ അറിയാമെങ്കിൽ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കാഴ്ച്ചകൾ പലതും കാണാനാവും ” അവൾ മനസ്സിലോർത്തു….

” നന്ദേച്ചി..” ബാല ഓടി വന്ന് അവളെ കെട്ടിപിടിച്ചു.

” ആഹാ..നീ ഉറങ്ങിയില്ലേ ? “

” അതെങ്ങനെയാ.. നീ വന്ന് നിന്റെയൊപ്പം കഴിക്കാതെ കിടക്കില്ലെന്നായിരുന്നു. വയസ്സ് 10-12 ആയി . ഇപ്പോഴും കൊച്ചുപിള്ളേരുടെ വാശിയാണ്…” അമ്മ അങ്ങോട്ടേക്ക് വന്നു.

” എന്നു വെച്ച്…? ഞാൻ ഇപ്പോഴും എന്റെ നന്ദേച്ചീടെ കുഞ്ഞുവാവ തന്നെയാ.. അല്ലേച്ചി ? “

” ആണല്ലോ… ചേച്ചീടെ പുന്നാരക്കോത വാ… നമുക്ക് ആഹാരം കഴിക്കാം..” നന്ദ അവളെയും കൊണ്ട് അകത്തേക്ക് പോയി.

” അവളുടെ പുന്നാരം കണ്ടോ വിശ്വേട്ടാ… അത്കണ്ട തോന്നും നന്ദയാ ണ് അവളെ പ്രസവിച്ചതെന്ന്…” സുഭദ്ര വിശ്വനാഥിനോടായ് പറഞ്ഞു.

” ഉം പ്രസവിച്ചില്ലന്നല്ലേയുള്ളൂ. അവളല്ലേ ബാലയെ നോക്കിയത്. ഈ സ്നേഹം എന്നും കണ്ടാ മതിയെനിക്ക് ..” അവർ അകത്തേക്ക് പോയി. നന്ദ ബാലയ്ക്ക് ആഹാരം വാരി കൊടുക്കുന്നത് നിറഞ്ഞ കണ്ണുകളോടെ സുഭദ്ര നോക്കി നിന്നു.

” ആഹാ ഞാൻ വരുന്നതിന് മുമ്പേ ഇവിടെ ഊട്ടലൊക്കെ തുടങ്ങിയോ ..? “

” അത് പിന്നെ നല്ല വിശപ്പുണ്ടായിരുന്നു ” ബാല ഒരു കള്ള ചിരിയോടെ പറഞ്ഞു.

” അമ്മ കഴിച്ചിരുന്നോ.. ഇല്ലല്ലോ.. നമുക്കൊന്നിച്ച് കഴിക്കാം. ഈ കാന്താരിക്ക് കൊടുക്കാനുള്ളതു കൊണ്ടാ ഞാൻ ഇരുന്നത്. ” നന്ദ പറഞ്ഞു.

” ആഹ് അല്ലേലും ചേച്ചിയും അനിയത്തിയു ഒത്തു ചേർന്നാ നമ്മളൊക്കെ ഔട്ട് അല്ലേ ..” സുഭദ്രയുടെ വകയായിരുന്നു അത്.

” എന്റെ ഡ്രസ്സ് മാറ്റാൻ കൂടി സമ്മതിച്ചില്ല ഇവൾ…”

” അതൊക്കെ ചേച്ചി സാവധാനത്തിൽ മാറിയാ മതി കേട്ടോ…! ” എന്നും പറഞ്ഞ് ബാല എഴുന്നേറ്റു പോയി.

” ഹാ… ബാലൂട്ടി മതിയോ നിനക്ക്..? വിശപ്പ് മാറിയോ തമ്പുരാട്ടീടെ…?” നന്ദ ചോദിച്ചു.

” മതി ചേച്ചി.. ഞാൻ പോയി കിടക്കുവാ.. ” നന്ദയ്ക്കൊരു മുത്തം കൊടുത്ത് അവൾ റൂമിലേയ്ക്ക് പോയി.

” നന്ദേ., കഴിച്ചിട്ട് മോളും പോയി കിടന്നോ… ക്ഷീണിച്ച് വന്നയല്ലേ.. ചെയ്യാനുള്ളതൊക്കെ ഞാൻ ചെയ്നോളാം ..” അമ്മ അവളോടായി പറഞ്ഞു.

എല്ലാം കഴിഞ്ഞ് , ഒന്ന് കുളിച്ചു ഫ്രഷായി അവൾ റൂമിലേക്ക് വന്നു.

” ഹാവൂ. തണുത്ത വെള്ളം തലയിൽ വീണപ്പോൾ എന്തൊരാശ്വാസം ..” അവൾ തല തുടച്ചു കൊണ്ട് പറഞ്ഞു. അപ്പോഴാണ് അവളുടെ മനസ്സ് പുറകിലേക്ക് സഞ്ചരിച്ചത്. ഇന്ന് നടന്ന കാര്യങ്ങളൊക്കെയും അവളുടെ മനസ്സിലേക്ക് കടന്നു വന്നു. അവൾ ബെഡിൽ ഇരുന്നു. മുന്നിലേയ്ക്ക് മുടിയിഴകളെ കോതിയിട്ടുകൊണ്ട് അവൾ ഓരോന്നും ആലോചിച്ചു.

” തനിക്ക് എന്തു പറ്റിയായിരുന്നു ശ്രീനന്ദേ…? ഇന്ന് ഉണ്ടായതൊക്കെയും….! തന്റെ മനസ്സിലെ തോന്നലുകൾ അതിരുകടന്നുവോ… അതോ ? ” അവൾ അവളോടായി ചോദിച്ചു.

” അല്ല അതെന്റെ തോന്നലായിരുന്നില്ല..” അവൾ മേശ പുറത്തേക്ക് നോക്കി. തന്റെ ഡയറി….
അവൾ അതിന്റെയരികിലേക്ക് ചെന്നു. പേജുകൾ മറിച്ചു. അവൾ ചിത്രത്തിലേക്ക് നോക്കി.

” അതെന്റെ തോന്നലായിരുന്നില്ല ഉണ്ണിയേട്ടാ… എന്റെ വിശ്വാസമായിരുന്നു , നിങ്ങൾ എന്റെ കൂടെ ഉണ്ടെന്നുള്ള വിശ്വാസം.. അതുമതിയായിരുന്നു എനിക്ക് ധൈര്യം പകർന്നു തരാൻ….. ആ വിശ്വാസം കൂടെയുള്ളപ്പോൾ ഞാനെങ്ങനെ ഒറ്റയ്ക്കാവാനാണ്….”

ഒരു ചെറുപുഞ്ചിരിയോടെ ഇത്രയും പറഞ്ഞ് അവൾ തന്റെ ഡയറിയിൽ കുറിച്ചു.

” ഉണ്ണിയേട്ടനുണ്ട് എന്റെ കൂടെ…..”

അപ്പോഴേക്കും ഉണ്ണിയുടെ കോൾ അവളെ തേടിയെത്തിയിരുന്നു.

” കള്ളിപ്പെണ്ണേ… നിന്റെ വട്ടൊക്കെ മാറിയോടി പെണ്ണേ….? ” അവൻ കളിയാക്കി കൊണ്ട് ചോദിച്ചു.

” വട്ട് ഇയാളുടെ കെട്ടിയോൾക്ക്…” അവൾ ശുണ്ഠി കാണിച്ചുകൊണ്ട് പറഞ്ഞു.

” ആഹ്.. അത് തന്നെയാ പറഞ്ഞെ ഞാനും… എന്തൊക്കെയാ പറഞ്ഞെ… ഞാൻ വന്നു , ബസ്സിൽ കയറി , കൂടെ വന്നു…” അവന് ചിരി നിയന്ത്രിക്കാൻ കഴിഞ്ഞില്ല.

” ദേ ഉണ്ണിയേട്ടാ… മതി കളിയാക്കിയത്.. കളിയാക്കല് കുറച്ച് കൂടുന്നുണ്ട് കേട്ടോ.. ” അവൾ പരിഭവം പറഞ്ഞു.

” ഞാനേ കണ്ടുള്ളൂ… ഞാൻ മാത്രേ കണ്ടിട്ടുള്ളൂ…. അങ്ങനെയാണോ നന്ദൂട്ടി….”

” നിങ്ങൾ സിനിമ ഡയലോഗ് പറയാനാണോ വിളിച്ചത്…? “

” അയ്യോ എനിക്ക് ചിരിക്കാൻ വയ്യായേ ഇനി…” അവന് ചിരി നിർത്താൻ കഴിയുന്നുണ്ടായിരുന്നില്ല.

” ഓഹ് ചിരികേൾപ്പിക്കാനാണോ… എനിക്ക് കേൾക്കണ്ട… ഒറ്റയ്ക്കിരുന്ന് ചിരിച്ചോ… ഞാൻ വെക്കുവാ…”

” അയ്യോ… ചതിക്കല്ലേ പെണ്ണേ… വെക്കല്ലേ.. ഇല്ല നിർത്തി ഇനി ചിരിക്കില്ല..” ചിരി നിർത്താൻ അവൻ നന്നേ പാടുപെടുന്നുണ്ടായിരുന്നു.

” ഹും ” പുച്ഛത്തോടെ അവളൊന്നു നീട്ടി മൂളി…

” എന്നാലും എന്റെ നന്ദൂട്ടിയെ… ഇത് കുറച്ച് കൂടി പോയിട്ടോ… എന്നിട്ട് അവൻ എന്തിയെ എന്റെ അപരൻ ഉണ്ണി . പിന്നെ കണ്ടില്ലേ…? ” ചിരി അടക്കി പിടിച്ച് കൊണ്ട് ചോദിച്ചു.

അവളൊന്നും മിണ്ടിയില്ല.

” നന്ദൂട്ടിയേ……” അവനൊന്നു വിളിച്ചു.

” എന്താ ? ” ദേഷ്യത്തോടെ അവൾ ചോദിച്ചു .

” ദേഷ്യം വന്നല്ലോ പെണ്ണിന്… നന്ദുവേ……..” അവനൊന്നൂടെ നീട്ടി വിളിച്ചു.

” ഉം “

” പിണങ്ങിയോ എന്നോട്…? “

” ഇല്ല പിണങ്ങിയില്ല. എന്തേ പിണങ്ങണോ.. ? “

” ഓഹ്.. ചൂടാകാതെടി പെണ്ണേ…. ഞാനൊന്ന് നിന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലേ…. ക്ഷമിക്ക് തമ്പുരാട്ടി…”

” ആയിക്കോട്ടെ…” അവൾ ചിരിച്ചു.

പിന്നെ അവർ അവരുടേതായ ലോകത്തേക്ക് പോയി. അവൾ ബെഡിലേക്ക് ചാഞ്ഞു. കണ്ണുകൾ ഉറക്കത്തിലേയ്ക്ക് വഴുതി പോകുമ്പോഴും അവൾ അവന്റെ ശബ്ദത്തിന് കാതോർത്തിരുന്നു…….

( തുടരും…..)

Read complete പ്രണയസിന്ദൂരം Malayalam online novel here

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply