Skip to content

പ്രണയസിന്ദൂരം Part 5

malayalam novel

ഒരുപാട് നാളൊന്നുമായില്ലെങ്കിലും , വാശിയോടെ സ്നേഹിക്കുന്നു ഈ രണ്ട് ഹൃദയങ്ങൾ…. ഒരു കുഞ്ഞു പ്രണയകഥ ഇവർക്കുമുണ്ട്.
ഒരുപാട് ദൈർഘ്യം ഉണ്ടായിരുന്നില്ല. എങ്കിലും ആദ്യ കൂടികാഴ്ച്ചയിൽ തന്നെ വഴക്കിട്ടുകൊണ്ടാണ് അവർ പിരിഞ്ഞത്… എന്നാലും പിന്നീടുള്ള കണ്ടുമുട്ടലും സുഹൃത്ബന്ധവുമെല്ലാം വളരെ പെട്ടന്നായിരുന്നു…..

അമ്മയുടെ നിർദേശപ്രകാരം അവളുടെ അച്ഛന് കൊളസ്ട്രോളിന്റെ ടാബ്ലറ്റ്സ് വാങ്ങാൻ ഓഫീസിൽ നിന്നും ആരതിയേയും കൂട്ടി ഒരു മെഡിക്കൽ ഷോപ്പിൽ പോയി. അതുവാങ്ങാനായി അവിടെ നിന്നപ്പോഴാണ് ഒരു സ്ത്രീ അങ്ങോട്ടേക്ക് വന്നു. 40-45 വയസ്സ് പ്രായം തോന്നിയ്ക്കുന്ന ആ സ്ത്രീ എന്തോ കടക്കാരനോട് പറയാനാഞ്ഞതും തലച്ചുറ്റി നന്ദയുടെ ദേഹത്തേക്ക് വീണതും ഒരുമിച്ചായിരുന്നു. ആരതിയും നന്ദയും അവരെ താങ്ങി പിടിച്ച് ഒരു ഓട്ടോയിൽ കയറ്റി അടുത്തുള്ള ഒരു ഹോസ്പിറ്റലിലേക്ക് പോയി. പരിശോധനയ്ക്ക് ശേഷം ഡോക്ടർ ഇറങ്ങി വന്നു.

” പേടിക്കാനൊന്നുമില്ല… പ്രഷർ കുറഞ്ഞതാണ്. ട്രിപ്പ് ഇട്ടിട്ടുണ്ട്. തീരുമ്പോൾ കൊണ്ടുപോകാം . നിങ്ങളുടെ ആരാ ഇത് അമ്മയാണോ …? ” അദ്ദേഹം ചോദിച്ചു.

” അല്ല ഡോക്ടർ ” അവൾ കാര്യമെല്ലാം പറഞ്ഞു.

എല്ലാം കേട്ട് നിന്ന ഡോക്ടർ നേഴ്സിനോടായി പറഞ്ഞു.
” ബോധം വരുമ്പോൾ കാര്യങ്ങൾ ചോദിച്ചറിഞ്ഞ് അവരുടെ വീട്ടിലേക്ക് വിളിച്ച് പറഞ്ഞേക്കൂ….” അതും പറഞ്ഞ് അദ്ദേഹം നടന്നു മാറി.

” നന്ദേ… അച്ഛൻ വിളിക്കുന്നുണ്ട്.. ഞാൻ എന്താ പറയേണ്ടത്..? ” ആരതി ചോദിച്ചു.

” നീ ചെല്ല്… ആരെങ്കിലും വരുന്നത് വരെ ഞാൻ ഇരുന്നോളാം ഇവിടെ… എനിക്ക് ഇവിടുന്ന് അധികദൂരമില്ലല്ലോ…! “

ആരതി തിരിച്ചു. അൽപസമയത്തിനുശേഷം നേഴ്സ് ഇറങ്ങി വന്നു.
” ബോധം വീണിട്ടുണ്ട്. മകനെ വിളിച്ചു. ഉടനെ വരും..”

അവൾ അവിടെ കസേരയിൽ ഇരുന്നു. അച്ഛനുള്ള ടാബ്ലറ്റ്സിന്റെ കാര്യം അവളോർത്തു. അത് വാങ്ങാൻ വേണ്ടി കൗണ്ടർ സെക്ക്ഷനിലേക്ക് പോയി. വാങ്ങി തിരിച്ചു വന്നപ്പോൾ ഡോക്ടറിന്റെ കൂടെ നിൽക്കുന്ന ആളെ കണ്ട് അവൾ ഞെട്ടി.

” ഇത് അയാളല്ലേ… ആ ദേഷ്യക്കാരൻ…”
അവൾ മനസ്സിലോർത്തു. മുന്നിലേക്ക് നടന്നു. അവളെ കണ്ടതും ഡോക്ടർ പറഞ്ഞു :

” ഹാ ഉണ്ണിക്കൃഷ്ണൻ.., ദേ ഈ കുട്ടിയാണ് നിങ്ങളുടെ അമ്മയെ ഇവിടെ കൊണ്ട് വന്നത്…”

അവനൊന്നു ചിരിച്ചു , അവളും. ഡോക്ടർ നടന്നു മാറി.

” താങ്ക് യൂ…” അവൻ പറഞ്ഞു.

എന്തിനു എന്ന മട്ടിൽ അവൾ നോക്കി.

” അത് എന്റെ അമ്മയെ ഇവിടേക്ക്…..”

മുഖത്തും ശബ്ദത്തിലും ആ ഗാംഭീര്യമുണ്ടായിരുന്നില്ല. അവന്റെ മുഖത്ത് ദയനീയ ഭാവമായിരുന്നു. ഒരുപക്ഷേ, ചെയ്ത പ്രവൃത്തിയോടുള്ള നന്ദി സൂചകമായിരിക്കാം. അവളോർത്തു.

” ഏയ് അതിന്റെ ആവശ്യമില്ല. എങ്കിൽ ഞാൻ ചെല്ലട്ടേ…”

അവൻ ശരിയെന്ന് തലയാട്ടി. അവൾ ചിരി നൽകി കൊണ്ട് തിരിഞ്ഞു നടന്നു.

” അതേ ഹലോ…”

അവന്റെ വിളിക്കേട്ട് അവൾ നിന്നു തിരിഞ്ഞു നിന്നു. എന്തേ എന്നർത്ഥത്തിൽ അവനെ നോക്കി. അവൻ അവളുടെ അടുത്തേക്ക് വന്നു.

” പേര് പറഞ്ഞില്ല …? “

” ഹാ അതോ… ശ്രീനന്ദ “

” ഉം എന്റെ പേര്….”

അത് അവൻ പൂർത്തിയാക്കുന്നതിന് മുമ്പേ നന്ദ പറഞ്ഞു :
” ഉണ്ണിക്കൃഷ്ണൻ “

” എന്റെ പേര് എങ്ങനെ..? “

” നേരത്തെ ഡോക്ടർ വിളിച്ചപ്പോൾ കേട്ടിരുന്നു…”

അവൻ പുഞ്ചിരിച്ചു. അവർ പരസ്പരം കാര്യങ്ങൾ തിരക്കി.

” എങ്കിൽ ശരി പൊയ്ക്കോളൂ. എവിടേലും വെച്ച് കാണാം…”

അവൻ കൈ നീട്ടി; അവളും. പരസ്പരം ഹാൻഡ് ഷേക്ക് കൊടുത്ത് അവർ രണ്ട് വശങ്ങളിലേക്ക് പോയി. പിന്നീട് പല സ്ഥലങ്ങളിൽ വെച്ച് യാദൃഞ്ചികമായി അവർ കണ്ടുമുട്ടി. അവർ നല്ല സുഹൃത്തുക്കളായി. ഫോൺ നമ്പറുകൾ കൈമാറി. ഫോൺ കോളിലൂടെയും മെസേജുകളിലൂടെയും അവർ അടുത്തുകൊണ്ടിരുന്നു.
ഒരു ദിവസം പതിവ് സമയം കഴിഞ്ഞിട്ടും ഉണ്ണിയുടെ കോളോ മെസേജോ വന്നില്ല. അന്ന് അവൾക്ക് തന്റെ ലൈഫിലെ ഉണ്ണിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞു. രാത്രിയേറെ കാത്തിരുന്നിട്ടും അവന്റെ കോൾ ഒന്നും തന്നെ വന്നില്ല. അവൾ ആകെ വെപ്രാളപ്പെടാൻ തുടങ്ങി. കാത്തിരിപ്പിന് വിരാമം ഇട്ടു കൊണ്ട് അവന്റെ കോൾ വന്നു. അവൾ ഫോണെടുത്ത്, അവൻ ഇങ്ങോട്ടു എന്തെങ്കിലും പറയുന്നതിന് മുമ്പേ അവൾ സംസാരിച്ചു.

” നിങ്ങളിത് എവിടായിരുന്നു..? എന്തുമാത്രം ഞാൻ റ്റെൻഷനായി എന്നറിയോ…? ഒന്ന് വിളിക്കായിരുന്നില്ലേ…. ഞാൻ വിളിച്ചിട്ടാണേൽ ഫോൺ സ്വിച്ച് ഓഫുമാക്കി വെച്ചിരുന്നു. “

” ഹേയ് റിലാക്സ്… കൂൾ നന്ദ… റിലാക്സ്… ഞാൻ പറയട്ടേ… എനിക്ക് വിസയുടെ കാര്യത്തിന് വേണ്ടി എറണാകുളം പോകേണ്ടി വന്നു. അതാ പറയാൻ പോലും പറ്റിയില്ല സോറി “

” വിസയോ…എന്തിന്…? “

” എനിക്ക് അപ്പോയ്മെൻറ് കിട്ടി. ദുബായ്യിൽ ഒരു കമ്പനിയിൽ. അടുത്താഴ്ച്ച പറക്കണം .. ജോയിൻ ചെയ്യണം…”

അതുകേട്ടപ്പോഴേക്കും അവൾ ആകെ വല്ലാതായി. അവളുടെ മുഖം വാടി.

” ഹലോ… താൻ കേട്ടില്ലേ… എന്തെ ഒന്നും മിണ്ടാത്തെ…? ” അവൻ ചോദിച്ചു.

” അപ്പോൾ നിങ്ങൾ പോകുവാണോ ദുബായ്യിലേക്ക്…? ” അവൾ വിഷമം നിറഞ്ഞ ശബ്ദത്തോടെ ചോദിച്ചു.

” അതേല്ലോ…. തന്റെ ശബ്ദം എന്താ വല്ലാണ്ടിരിക്കുന്നത് ..? “

” ഹേയ് ഒന്നൂല്ല..”

” ഒന്നൂല്ലേ… പിന്നെന്തെ സൈലന്റ് ആയത്…? വയ്യേ തനിക്ക്…? “

” ഒന്നൂല്ല… I am fine “

” അല്ലല്ലോ… താനെന്തിനാ കരയുന്നത്…? “

” ഞാനോ …? ഇല്ല കരഞ്ഞില്ല…എന്തെ…? “

” കള്ളം പറയണ്ട. എനിക്ക് ശബ്ദം കേട്ടാ മനസ്സിലാവും…”

അവളൊന്നും മിണ്ടിയില്ല.

” നന്ദേ… തനിക്ക് എന്തെങ്കിലും എന്നോട് പറയാൻ ഉണ്ടോ…? “

” ഇല്ല. എന്താ അങ്ങനെ ചോദിച്ചത്…? “

” അല്ല, ഒരു ദിവസം എന്നെ കാണാതിരുന്നപ്പോൾ ഇത്രയും റ്റെൻഷൻ ആകാനും മാത്രം തനിക്ക് എന്നോട് എന്തെങ്കിലും ഒരു…”

” ഹേയ് ഇല്ല… അങ്ങനെ ഒന്നുമില്ല… ഇല്ല…”

അവൾ ഉടനെ തന്നെ ഉത്തരം പറഞ്ഞു. തിരിച്ചൊന്നും കേൾക്കാൻ നിൽക്കാതെ കട്ട് ചെയ്ത് ഫോൺ ബെഡിലേക്കിട്ടു.

” എന്താ തനിക്ക് പറ്റിയത്… ? ഉണ്ണിയോട് സംസാരിക്കുമ്പോൾ ഞാൻ എന്നെ തന്നെ മറന്നു പോകുന്നു. എന്താണ് ഈശ്വരാ എനിക്ക് പറ്റിയത്.? ദുബായ്യിലേക്ക് പോകുന്നെന്ന് പറഞ്ഞപ്പോഴും ഞാൻ എന്തെ അസ്വസ്ഥയായത്…? ഞാൻ…. ഞാൻ ഉണ്ണിയേ….”

അവളൊന്നു നിർത്തി

” ഇല്ല. അങ്ങനെയൊരിക്കലും നടക്കില്ല. അത് എന്റെ ഒരു നല്ല സുഹൃത്താണ്. അതുകൊണ്ടാണ് എനിക്ക് അങ്ങനെയൊക്കെ തോന്നിയതും. അല്ലാതെ ഞങ്ങൾ തമ്മിലൊന്നുമില്ല… ഒന്നും…”
അവൾ സ്വയം ആശ്വസിച്ചു.
എന്നാൽ, നന്ദയ്ക്ക് തന്നോടുള്ള ഇഷ്ടം ഉണ്ണി മനസ്സിലാക്കിയിരുന്നു.

” നാളെ എന്റെ പിറന്നാളാണ്. എന്റെ ഇഷ്ട്ടം അവളോട് ഞാൻ പറയും..”

അവൻ മനസ്സിലുറപ്പിച്ചു. അവന്റെ മനസ്സ് നിറയെ അവളായിരുന്നു. അവന് ഉറങ്ങുവാൻ കഴിയുന്നുണ്ടായിരുന്നില്ല..
പിറ്റേന്ന് അമ്മയുടെ നിർബന്ധ പ്രകാരം അവൻ അമ്പലത്തിൽ പോകാൻ ഒരുങ്ങിയിറങ്ങി. നേരെ പോയത് നന്ദ എന്നും വരാറുള്ള ക്ഷേത്രത്തിലേക്കായിരുന്നു. അവൾ വരുമെന്ന് അവന് ഉറപ്പായിരുന്നു. അമ്പലത്തിലേക്ക് കയറിയപ്പോൾ അവൻ കണ്ടു തൊഴുതു നിൽക്കുന്ന ശ്രീനന്ദയെ…
അവൻ ഒരു നിമിഷം അവളെ നോക്കി നിന്നു. മുന്നിലേക്ക് നടന്നു. തൊഴുത് തിരിഞ്ഞ നന്ദ ഉണ്ണിയെ കണ്ട് ഒന്നു ഞെട്ടി. എങ്കിലും പതർച്ച കാണിക്കാതെ ഒരു ചെറുപുഞ്ചിരിയോടെ അവന്റെയരികിലേക്ക് നടന്നു. അവൻ നിന്നു. അവളെ നന്നായൊന്നു നോക്കി. എന്തോ ആ സാരിയിൽ അവളെ കൂടുതൽ ഭംഗിയാക്കിയ പോലെ തോന്നി അവന്. ദേവിയുടെ ഒരു പ്രസന്നത ഉണ്ടായിരുന്നു അവൾക്ക്. അവളുടെ ചിരിയ്ക്ക് വല്ലാത്തൊരു ആകർഷണീയത അവന് അനുഭവപ്പെട്ടു. അഴിച്ചിട്ടിരിക്കുന്ന അരയോളം നീളമുള്ള മുടിയാണ് അവളിലെ ഐശ്വര്യം എന്ന് അവനോർത്തു. ഒരു പക്ഷേ, അവൻ ആദ്യമായിട്ടാണവളെ ശ്രദ്ധിക്കുന്നത് തന്നെ. അവൾ അടുത്തു വന്നു നിന്നു. അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി. വാലിട്ടെഴുതിയ ആ കണ്ണുകളിൽ അവൻ , അവനെ തന്നെ വ്യക്തമായി കണ്ടു. അവൾ അവന്റെ കണ്ണിനു മുന്നിലായി കൈ വീശി.

” ഹലോ.. മാഷേ …. ഏത് ലോകത്താ…? ഇവിടെങ്ങുമില്ലേ….? “

അവൻ സ്ഥലകാലബോധം വീണ്ടെടുത്തു അവളെ നോക്കി പറഞ്ഞു :

” സാരിയാണ് തനിക്ക് ചേർച്ച… ഈ സാരിയിൽ തന്നെ കാണാൻ നല്ല ഭംഗിയുണ്ട് “

അവളൊരു നിമിഷം അവനെയൊന്ന് നോക്കി. പെട്ടെന്ന് കണ്ണ് വെട്ടിച്ച് ചോദിച്ചു

” എന്തെ ഇന്ന് അമ്പലത്തിലോട്ടൊക്കെ… പതിവുള്ളതല്ലല്ലോ….”

” ഇന്ന് എന്റെ പിറന്നാളാണ്. അമ്മയുടെ നിർബന്ധമാണ്…”

അവളുടെ കണ്ണുകൾ വിടർന്നു.

” ആഹാ എന്നിട്ടാണോ പറയാഞ്ഞത്….! എന്താ ഇപ്പോ സമ്മാനം തരിക…? ” അവൾ വിഷമത്തോടെ പറഞ്ഞു.

” ഏയ് അതൊന്നും…”

പറഞ്ഞ് തീരും മുൻപേ അവൾ ചന്ദനം എടുത്ത് തന്റെ കൈകൾ കൊണ്ട് അവന്റെ നെറ്റിയിൽ തൊട്ടു കൊടുത്തു. അവൻ നിശബ്ദനായി അവളെ നോക്കി ഒരു ശിൽപ്പം പോലെ നിന്നു.

” മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ… ദീർഘായുസ്സ് ഉണ്ടാവട്ടെ…”

ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞ് അവൾ തിരിഞ്ഞു നടന്നതും , ഉണ്ണി അവളുടെ കൈയ്യിൽ പിടിച്ചു. അവളൊന്നു ഏങ്ങി. അവൾ അവന് അഭിമുഖമായി നിന്നു. അവൻ അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു.

” ഏയ് ഉണ്ണിയേട്ടാ… എന്താ ഈ കാണിക്കുന്നത്..? അമ്പലമാണ് , അതും നടയ്ക്ക് മുന്നിൽ.. ആളുകൾ ശ്രദ്ധിക്കും. എന്റെ കൈ വിട്…”

അവൾ കൈവിടുവിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ അവൾക്കതിന് കഴിഞ്ഞില്ല. അവളുടെ ബലമൊക്കെയും ചോർന്ന് പോകുന്ന പോലെ തോന്നിയവൾക്ക്. അവളുടെ എതിർപ്പുകളെ മാനിക്കാതെ അവളുടെ കണ്ണിലേക്ക് ദൃഷ്ടി പതിപ്പിച്ചു നിന്നു അവൻ.

” ഇന്ന് എന്റെ പിറന്നാളാണ് നന്ദേ. ഈ അമ്പലനടയിൽ വെച്ച് , ഭഗവാനെ സാക്ഷി നിർത്തി ഞാൻ പറയുവാണ്.. തെറ്റാണോ ശരിയാണോ എന്നൊന്നും എനിക്കറിയില്ല. നന്ദേ, എനിക്ക് തന്നെ ഇഷ്ട്ടമാണ്. “

അവളുടെ കൈയ്യിൽ നിന്ന് പ്രസാദം താഴെ വീണു. അവളൊന്ന് ഞെട്ടി. അവൻ കൈ മെല്ലേ അയച്ചു. അവളൊരു ശിലകണക്കെ നിന്നു.

” തമാശയല്ല.. സീരിയസായിട്ടാണ്. തനിക്ക് അറിയാല്ലോ എനിക്ക് അമ്മയും ചേട്ടനും മാത്രമേയുളളൂ. അച്ഛന്റെ സ്ഥാനത്ത് എപ്പോഴും ചേട്ടനെ ഞാൻ കണ്ടിട്ടുള്ളൂ. എന്റെ ഇഷ്ട്ടത്തിന് അവരൊരിക്കലും എതിര് നിൽക്കില്ല. അമ്മയ്ക്ക് തന്നെ ഇഷ്ടമാകും. ആ ഉറപ്പ് എനിക്കുണ്ട്. പിന്നെ എനിക്ക് ഇപ്പോൾ ഒരു ജോലിയുമായി. നോക്കികോളാം ഞാൻ തന്നെ. അത്രയ്ക്ക് ഇഷ്ട്ടമാണ്..”

അവർക്ക് മുഖം കൊടുക്കാതെ , അവൾക്കെതിരെ നിന്ന് ഇത്രയും പറഞ്ഞ് അവൻ അവളെ നോക്കി. ഒരു ശില പോലെ അവളെല്ലാം കേട്ടുനിന്നു.

” എന്തേ ഒന്നും മിണ്ടാത്തെ…? ഇഷ്ട്ടമല്ലേ തനിക്ക് എന്നെ.. ഉടനെ വേണ്ട., ആലോചിച്ച് പറഞ്ഞാ മതി “

അവളുടെ രണ്ട് കൈകളിലും പിടിച്ചു കൊണ്ടവൻ പറഞ്ഞു. അവൾ കൈകൾ അടർത്തി അവനെ തട്ടി മാറ്റിക്കൊണ്ട് അവിടെ നിന്നും ഓടി മാറി. അവൾ പോകുന്നതും നോക്കി അവൻ നിന്നു.

” അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നുവോ.. അതോ എന്റെ തോന്നലായിരുന്നോ… അവൾക്ക് ഈ ബന്ധത്തോട്….? “

അവന്റെ മനസ്സിൽ ആശങ്ക നിറഞ്ഞു. അവൻ ഭഗവാന് നേരെ നിന്നു കൈകൾക്കൂപ്പി.

” തെറ്റാണോ ഞാൻ ചെയ്തത്…? അറിയില്ല. പക്ഷേ, ആഗ്രഹിച്ചു പോയ് ഞാൻ അവളെ…”

കണ്ണുകൾ മുറുക്കിയടച്ചു. കണ്ണുനീർ ഊർന്നിറങ്ങി…
അമ്മയുടെയും അച്ഛന്റെയും വാക്കുകൾ ചെവികൊടുക്കാതെ റൂമിൽ കയറി അവൾ വാതിലടച്ചു. പല ഭാവങ്ങളും അവളുടെ മുഖത്തൂടെ കടന്നു പോയി.

” അതേ ഇഷ്ട്ടമാണ് എനിക്ക്.. ഇഷ്ട്ടമാണ് ഉണ്ണിയേട്ടനെ…” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

” ബാല…! ” അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.

” അതെ എന്റെ ബാല.. അതാണ് എന്റെ ജീവിതലക്ഷ്യം. അതിന്റെ ഇടയിൽ ഇത് പാടില്ല… ഒരിക്കലും ശരിയാവില്ല. എന്റെ ബാലയെ മറക്കാൻ പാടില്ല. ഇപ്പോൾ ഞാൻ സമ്മതം നൽകിയാൽ ഒരുപക്ഷേ, എന്റെ ലക്ഷ്യം തെറ്റിയെന്നു വരാം “

അവൾ കണ്ണുനീർ അടച്ചു. മനസ്സിലൊരു തീരുമാനമെടുത്തു. പിന്നീടുള്ള ദിവസങ്ങളിൽ അവൾ ഉണ്ണിയെ അവോയ്ഡ് ചെയ്യാൻ തുടങ്ങി. അവനെ കാണാൻ സാധ്യതയുള്ള വഴികളിൽ നിന്ന് മാറി പോയി. കോളുകൾ റിജക്റ്റ് ചെയ്യാൻ തുടങ്ങി. ഒടുവിൽ മനസ്സിന്റെ വേദന സഹിക്കാനാവാതെ അവൻ അവൾക്ക് മെസേജ് അയച്ചു.

” നന്ദേ, ഞാൻ നാളെ കഴിഞ്ഞ് പോകുവാണ്. അതിന് മുൻപ് തന്നെ എനിക്കൊന്നു കാണണം. എന്തുണ്ടേലും പറഞ്ഞു തീർക്കാം നമുക്ക്. പ്ലീസ് നാളെ വൈകുന്നേരം കുളക്കടവിൽ ഞാനുണ്ടാകും. താൻ വന്നേ പറ്റൂ…”

അത് വായിച്ചതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.

” പറ്റില്ല ദേവി എനിക്ക് ഉണ്ണിയേട്ടനെ കണ്ടില്ലന്ന് നടിക്കാൻ…”
സകലനിയന്ത്രണവും വിട്ട് അവൾ കരഞ്ഞു.

പിറ്റേന്ന് അവൻ പറഞ്ഞ പോലെ അവൾ ചെന്നു. അവൻ അവിടെ ഉണ്ടായിരുന്നു. കുളവും നോക്കി പടിയിൽ ഇരിക്കുവായിരുന്നു ഉണ്ണി. അവൾ വന്നത് അറിഞ്ഞിരുന്നില്ല. അവൾ അടുത്തേക്ക് ചെന്നു.

” എന്തെ കാണണമെന്ന് പറഞ്ഞത്…? “

അവൻ എഴുന്നേറ്റ് അവളെ നോക്കി. അവൾ മുഖം വെട്ടിച്ചു. തന്റെ നോട്ടം പോലും അരോചകത്വം ഉണ്ടാക്കുന്നവെന്ന് അവന് തോന്നി. അവൻ പറഞ്ഞു തുടങ്ങി.

” നന്ദേ…. I am … I am sorry. എനിക്ക്… എനിക്ക്…”

എന്ത് പറയണമെന്നവന് അറിയില്ലായിരുന്നു. നന്ദ അവനെ തന്നെ നോക്കി നിന്നു.

” നന്ദേ , നമുക്ക്…. ഈ ഫ്രണ്ട്ഷിപ്പ് ഞാനൊരിക്കലും മിസ്യൂസ് ചെയ്തതല്ല.. പക്ഷേ , അത് പറ്റി പോയി…”
വാക്കുകൾ കിട്ടാതെ അവൻ നന്നേ പ്രയാസപ്പെടുന്നുണ്ടായിരുന്നു. അവന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങി ; അവളുടേയും. അവൻ രണ്ടു വിരലുകൾ കൊണ്ട് കണ്ണുകൾ അടച്ചു നിന്നു. നന്ദ ദയനീയമായി അവനെ നോക്കി. അവളുടെ കാഴ്ച്ച മങ്ങുന്നുണ്ടായിരുന്നു.

” ഓക്കേ… ഫൈൻ. തനിക്ക് ഇഷ്ട്ടമല്ലായെങ്കിൻ…..” അവന്റെ ശബ്ദം ഇടറി.

” തനിക്ക് താല്പര്യമില്ലെങ്കിൽ ഇത് ഇവിടെ…..”

നന്ദ പൊട്ടുന്നനേ അവന്റെ വാ പൊത്തി. അവൻ അതിശയത്തോടെ അവളെ നോക്കി. നന്ദ ഉണ്ണിയോട് ചേർന്ന് നിന്ന് അവനെ ആലിഗനം ചെയ്തു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഉണ്ണി നിന്നു.

” വേണ്ട പറയണ്ട.. ഇനി ഒന്നും പറയരുത്…”
അവൾ ചേർന്ന് നിന്നു കൊണ്ട് മുഖമുയർത്തി അവനെ നോക്കി.

” ഈ കള്ളക്കൃഷ്ണനെ ഇഷ്ട്ടമാണ് എനിക്ക് ഒരുപാട്….”

അവനവളെ ഇറുകെ പുണർന്നു. അവളെ അടർത്തി മാറ്റി , അവന്റെ കൈകൾക്കുള്ളിൽ അവളുടെ കൈ മുറുക്കി പിടിച്ച് അവൻ അവളെ നോക്കി. നീ എന്റെതാണെന്ന അവന്റെ വാക്കുകൾ അവന്റെ കണ്ണുകളിൽ നിന്ന് അവൾ വായിച്ചെടുത്തു. അവരുടെ മനസ്സുകൾ തമ്മിൽ സംസാരിച്ചു………

അന്ന് തുടങ്ങിയുള്ള അവരുടെ സ്നേഹം ഇന്നും കളങ്കമില്ലാതെ മുന്നോട്ട്…..

അവനോട് സംസാരിച്ചിരിക്കെ അവൾ എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു ……..

( തുടരും…….)

Read complete പ്രണയസിന്ദൂരം Malayalam online novel here

4.5/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!