പ്രണയസിന്ദൂരം Part 7

8430 Views

malayalam novel

” ഉണ്ണിയേട്ടനോ … ഇവിടെയോ …? ” അവൾ ഞെട്ടി.

അവൻ കൈ വീശി. ഒന്ന് ആലോചിച്ച ശേഷം തലക്കിട്ടൊരു കൊട്ട് കൊടുത്ത് അവളൊന്നു ചിരിച്ചു. ശേഷം അവനോടായ്‌ പറഞ്ഞു.

” ഇത് കുറച്ച് കൂടുന്നുണ്ട് കേട്ടോ ഏട്ടാ….”

” എന്ത് ? ” അവൻ സംശയത്തോടെ ചോദിച്ചു.

” അല്ല എന്റെ ഇൗ തോന്നൽ…! ഇപ്പൊ എവിടെ തിരിഞ്ഞാലും ഇയാളെ തന്നെ കാണുന്നത്…”

” ഉണ്ണികൃഷ്ണൻ “

അവൻ എന്തെങ്കിലും പറയുന്നതിന് മുൻപേ തിരുമേനിയുടെ വിളി കേട്ടു. അവൾ തിരിഞ്ഞു.

” തിരുമേനി ” ഉണ്ണി അടുത്തേക്ക് ചെന്നു.

” ഇൗ കുട്ടിക്ക് വേണ്ടിയല്ലേ അർച്ചന നടത്തിയത്…? “

” ഉവ്വ് തിരുമേനി..” അവൻ മറുപടി കൊടുത്തു.

ഇതൊക്കെ കണ്ട് അവൾ വായും പൊളിച്ച് നിന്നു.

” ഇതാ പ്രസാദം വാങ്ങിച്ചോളൂ….”

അവൻ നന്ദയ്ക്കൊരു തട്ട്‌ കൊടുത്ത് വാങ്ങിക്കാൻ മുഖം കൊണ്ട് ആംഗ്യം കാട്ടി. അവൾ സുബോധം വീണ്ടെടുത്ത് അത് കയ്യിൽ ഏറ്റു വാങ്ങി.

” നന്നായി വരട്ടെ… രണ്ടുപേരും ഒരുമിച്ച് ഭഗവാനെ തൊഴുതോളു..” തിരുമേനി അകത്തേയ്ക്ക് പോയി.

ഭഗവാനെ വണങ്ങിയ ശേഷം അവൾ ഉണ്ണിക്ക് അഭിമുഖമായി നിന്ന് ചോദിച്ചു.

” അപ്പോൾ ഇയാൾ ശെരിക്കും ഉള്ളതാണോ…? ” ആശ്ചര്യം വിട്ടുമാറുന്നുണ്ടായിരുന്നില്ല.

” എന്ത്..? അതൊക്കെ പിന്നെ പറയാം .. തൊട്ട് തരില്ലേ….? “

ചോദ്യമട്ടിൽ നന്ദ അവനെ നോക്കി. അവൻ പ്രസാദത്തിലേക്ക് കണ്ണോടിച്ചു. ചന്ദനം എടുക്കാൻ നേരം അവളുടെ കൈവിറയ്ക്കുന്നത് അവൻ ശ്രദ്ധിച്ചു.

” വേണ്ട ഞാൻ തന്നെ തൊട്ടോളാം….”

ഇതും പറഞ്ഞ് അവൻ ചന്ദനം എടുത്ത് നെറ്റിയിലും കഴുത്തിലുമായ്‌ തൊട്ടു. അവൾ അവനെതന്നെ കണ്ണിമ വെട്ടാതെ , ആശ്ചര്യത്തോടെ നോക്കി. ഉണ്ണി വന്നു എന്ന് അവൾക്ക് ഇപ്പോഴും അവിശ്വസനീയമായിരുന്നു. അവളുടെ തലയിൽ ഒന്ന് തട്ടിയ ശേഷം അവൻ കൈ കൊണ്ട് എന്തേ എന്ന് ചോദിച്ചു.

” ഞാൻ വിചാരിച്ചു എന്റെ തോന്നൽ ആകുമെന്ന്…” അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

ഒരു ചെറുപുഞ്ചിരി സമ്മാനിച്ച് അവളെയും വലിച്ചോണ്ട്‌ പോയി.

” ഇവിടെ നിന്നും മാറി നിൽക്കാം.. “

അവർ കുളക്കടവിലേക്ക് പോയി. താഴത്തെ തട്ടിലായി രണ്ടുപേരും ഇരുന്നു. ഉണ്ണി അവളുടെ കൈ വിടാതെ , അവളെ തന്നെ നോക്കി ഇരുന്നു.

” എന്തേ ഇങ്ങനെ നോക്കുന്നത്….? ” അവന്റെ ദൃഷ്ട്ടിയെ ഉൾകൊള്ളാൻ ആവാതെ ഒരു ചെറു നാണത്തോടെ അവൾ ചോദിച്ചു.

” ചുമ്മാ ….” ഉണ്ണി തന്റെ മുഖത്തെ നന്ദയുടെ മുഖത്തോട് അടുപ്പിച്ചു.

” ഞാൻ പോകുവാണ് , അമ്മ തിരക്കും..” അവൾ ഒഴിഞ്ഞുമാറി.

എഴുന്നേറ്റ് മുന്നിലേക്ക് നടന്നതും ഉണ്ണി അവളുടെ കൈയ്യിൽ പിടിത്തം ഇട്ടിരുന്നു. അവൾ നിന്നു. അവൾക്ക് മുന്നിലേക്ക് നടക്കാൻ കഴിഞ്ഞില്ല. ഉണ്ണി അടുത്തേക്ക് വരുന്തോറും അവളുടെ നെഞ്ചിടിപ്പ് കൂടി. അരക്കെട്ടിൽ പിടിച്ച് തന്നിലേക്ക് അവളെ അടുപ്പിച്ച് അവളുടെ കവിളിൽ മെല്ലെ കൈ തൊട്ടു..

” ഉണ്ണിയേട്ടാ… ഇത്…! “

മുഴുവിപ്പിക്കൻ സമ്മതിക്കാതെ ചുണ്ടിൽ അവൻ വിരൽ വെച്ചു.

” ശ്ശ് …”

അവൾ മുഖം താഴ്ത്തി. അവന്റെ ചുട്‌നിശ്വാസം അവളുടെ മുഖത്തേക്ക് അടുത്ത് വന്നു. അവളുടെ കണ്ണുകൾ കൂമ്പി അടഞ്ഞു. അവൻ നന്ദയുടെ നെറ്റിയിൽ പതിയെ അധരങ്ങൾ അർപ്പിച്ചു. അവൾ ദീർഘശ്വാസമെടുത്ത് ചെറുതായി ഒന്ന് അനങ്ങി , അവന്റെ കരവലയത്തിനുള്ളിൽ ഒതുങ്ങി നിന്നു. അവൻ അവളെ തന്റെ പിടിയിൽ നിന്നും സ്വതന്ത്രയാക്കി. അവൾ കണ്ണ് തുറന്നു. ആ ഒരു നിമിഷത്തിൽ അവൾ ആകെ വിയർത്തിരുന്നു. പേടിച്ച് അരണ്ട അവളുടെ മുഖം കൈക്കുളളിൽ കോരിയെടുത്ത് അവൻ പറഞ്ഞു.

” ഇതല്ലാതെ എനിക്ക് ഒന്നും തരാൻ ഇല്ല നന്ദൂട്ടി… ഇത്രത്തോളം പ്രിയപ്പെട്ടതായി നിനക്ക് ഒന്നും ഉണ്ടാവില്ലായെന്നും എനിക്ക് അറിയാം. അതുകൊണ്ട് തന്നെയാ നേരിട്ട് വന്നതും എന്നെ തന്നെ നിനക്ക് സമ്മാനമായി തരുന്നതും. ഞാൻ വേറെ എന്തുതന്നാലും നിന്നെ സംബന്ധിച്ച് അത് ഇതിനേക്കാൾ വലുതാവില്ല. ആരേക്കാൾ നന്നായിട്ട് അത് എനിക്ക് മനസ്സിലാവും..”

ഇത്രയും പറഞ്ഞു കഴിഞ്ഞപ്പൊഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അവൾ കണ്ണുകൾ മുറുക്കി അടച്ചു.

” കണ്ണ് തുറക്ക് നന്ദൂട്ടി.. കാണാൻ ഒരുപാട് കൊതിച്ചതല്ലേ എന്നെ….? വന്നില്ലേ ഞാൻ ഇപ്പോൾ..! “

ഒരു പുഞ്ചിരിയോടെ അതെ എന്നവൾ തലയാട്ടി കണ്ണുകൾ തുറന്നു.. കണ്ണുനീർ കവിളിലൂടെ ഊർന്നിറങ്ങി അവന്റെ കൈകളിൽ പടർന്നു.

” ഹാ എന്താ പെണ്ണേ ഇത്… കരയുന്നോ നല്ലൊരു ദിവസമായിട്ട്..? അയ്യേ ഛേ.. “

തമാശരൂപേണ പറഞ്ഞ് ഉണ്ണി അവളുടെ കണ്ണുനീർ തുടച്ച് അരുതെന്ന് തലയാട്ടി. അവൾ അതേ പ്രകാരം ഇല്ല എന്നും.. കണ്ണുകൾ മുറുക്കി അടച്ച് കണ്ണുനീരിനെ ഉള്ളിലൊതുക്കി ഉണ്ണിയുടെ മാറിലേക്ക് ചാഞ്ഞു. കുറച്ച് നേരം അങ്ങനെ നിന്നു. പിന്നെ അവളെ അടർത്തി മാറ്റി അവളുടെ കവിളിൽ കൈ വെച്ച് ‘ഓകെ’ ആണോ എന്ന പോലെ അവളെ നോക്കി. അവളൊരു ചിരി നൽകി.

” പോകാം നമുക്ക് ..? ” ഉണ്ണി ചോദിച്ചു.

അവൾ സമ്മതം കൊടുത്തു. അവർ അവിടുന്ന് തിരിച്ചു. അവൾക്ക് സമ്മാനം നൽകാനും അവൻ മറന്നിരുന്നില്ല. ഉണ്ണി അവളെ വീട്ടിൽ കൊണ്ടാക്കി മടങ്ങി വീട്ടിൽ എത്തിയ അവളെ കാത്ത് ആരതി അവിടെ ഉണ്ടായിരുന്നു.

” ഹേയ് സൂപ്പർ ആയിട്ടുണ്ടെല്ലോ… നിന്നെ ഒരുങ്ങിയൊന്ന് കാണണം എന്നുണ്ടായിരുന്നു… അതെന്തായാലും നടന്നു. ” ആരതി പറഞ്ഞു

” പിറന്നാൾ അല്ലേടാ… ആർക്കാ ഒരു ചേഞ്ച് ഇഷ്ടമല്ലാത്തത്… ” അവൾ തമാശ പോലെ മറുപടി കൊടുത്ത്.

” ആയിക്കോട്ടെ … അമ്പലത്തിൽ പോയിട്ട് നിയെന്തെ വൈകിയേ…? “

” അത്….അത്… പതിയെ നടന്നു…” അവൾ വിക്കി വിക്കി പറഞ്ഞു.

ബാലയേയും അമ്മയേയും നോക്കി ആരതിയേയും വിളിച്ചുകൊണ്ട് മുറിയിലേക്ക് പോയി.

” എന്താടി…? “

അവൾ മുറിക്കടുത്ത് ആരുമില്ലെന്ന് ഉറപ്പാക്കി ആരതിയോട് പറഞ്ഞു
” എടാ ഇന്ന് ഉണ്ണിയേട്ടൻ വന്നു..”

ഒരു ചെറുനാണം അവളിലുണ്ടായിരുന്നു..

” ആര് …നിന്റെ ദുബൈക്കാരൻ ചെക്കനോ…? “

” അതെ… ഇന്ന് രാവിലെ എത്തി. 4 മണിയ്ക്ക് .. അമ്പലത്തിൽ വന്നിരുന്നു..”

” ഓ ചുമ്മാതല്ല ഇത്ര സന്തോഷം. എന്നിട്ട് എന്ത് പറഞ്ഞു… സമ്മാനം ഒന്നും തന്നില്ലേ….? “

അവളുടെ മുഖം നാണത്താൽ ചുവന്നു തുടുത്തു. നന്ദ തന്റെ കൈ തുറന്ന് കാട്ടി. ഒരു വെള്ളികൊലുസായിരുന്നു അത്.. അവളുടെ ആഗ്രഹം പോലെ ഒരു മഴത്തുള്ളി കൊലുസ്..

” ആഹാ കൊള്ളാല്ലോ…! എന്താ ഇടാഞ്ഞത്..? മൂപ്പരോട് പറഞ്ഞൂടായി രുന്നോ…? “

” ചോദിച്ചതാ.. ഇവിടെ ഞാൻ എന്താ പറയുക…? അതാ ഞാൻ…” അവളുടെ മുഖം വാടി…

“. നീ എന്തായാലും അത് കാലിൽ ഇട്.. അമ്മ ചോദിച്ച ഞാൻ തന്നെയാന്ന് പറഞ്ഞ മതി…”

ആ ആശയം കൊള്ളാമെന്ന് അവൾക്കും തോന്നി. കുറച്ച് നേരം രണ്ടുപേരും കൂടി കത്തിയടിച്ചു. പിന്നെ തന്റെ സമ്മാനം നന്ദയ്ക്ക് കൊടുത്ത് ആരതി ഇറങ്ങി. കൊലുസിന്റെ കാര്യം അമ്മയോട് പറയാൻ അവൾ മറന്നില്ല. ആ കൊലുസ് കൊണ്ട് അവൾ , അവളുടെ കാലുകൾ അലങ്കരിച്ചു. അതിന്റെ കിലുക്കം അവൾ ആസ്വദിക്കാൻ തുടങ്ങി. ആ ശബ്ദം അവൾക്ക് വളരെ പ്രിയമേറിയതായി.

പിന്നീടുള്ള നാളുകൾ അവരുടെ പ്രണയം പൂവണിഞ്ഞ നാളുകളായിരുന്നു. പല സ്ഥലങ്ങളിൽ വെച്ച് അവരുടെ കൂടികാഴ്ച ഉണ്ടായി. ഒരുപാട് പ്രിയമേറിയ നിമിഷങ്ങളും കടന്നു പോയി., ദിനങ്ങളും…..!

( തുടരും…..)

Read complete പ്രണയസിന്ദൂരം Malayalam online novel here

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply