പ്രണയർദ്രം – Part 2

  • by

8677 Views

malayalam online novel

” മ്.. പ്രോബ്ലം ഉണ്ട്. അതും ചെറുതൊന്നും അല്ല കുറച്ചു വലിയ പ്രോബ്ലം തന്നെയാ.. അതൊക്കെ നാളെ പറയാം.. നീ നാളെ നമ്മുടെ ആല്മരച്ചുവട്ടിൽ വാ രാവിലെ… ഇനി ഈ കാര്യവും പറഞ്ഞോണ്ട് നിന്നാൽ നിന്നെ കാണാതെ നിന്റെ അമ്മ പേടിക്കും.. ഇപ്പോ തന്നെ ഒരുപാട് വൈകി..”

ആദി പറഞ്ഞതിന് മറുപടി ഒരു മൂളലിൽ ഒതുക്കി കണ്ണൻ നിശ്ശബ്ദതനായി.. വീടെത്തിയപ്പോ ആദിയോട് യാത്ര പറഞ്ഞു അവൻ നടന്നു ആരോ ചലിപ്പിച്ച് വിടുന്ന പാവ കണക്കെ.. ആദി ആ പോക്ക്‌ നോക്കി നിന്നു.. അമ്മു കണ്ണന്റെ മനസ്സിൽ എത്രത്തോളം ആഴനിറങ്ങിയിട്ടുണ്ട് എന്ന് ആ നടപ്പിൽ നിന്ന് തന്നെ ആദിക്ക് വ്യക്തമായി.. ആദി ഒരു ദീർഘനിശ്വാസത്തോടെ വണ്ടി എടുത്ത് വീട്ടിലേക് പോയി..

കണ്ണന്റെ വീടിനടുത്തുള്ള ദേവീക്ഷേത്രത്തിലെ ആൽമരച്ചുവട്ടിൽ ഇരുന്നാണ് അവരുടെ ജീവിതത്തിലെ വലുതെന്ന് തോന്നുന്ന പല തീരുമാനങ്ങളും അവർ എടുത്തിട്ടുള്ളത്…
+2 കോമേഴ്‌സ് എടുക്കാം എന്നുള്ളത്.

ബികോമിനു പോകാം എന്നുള്ളത്.

അപ്പുവിന്റെ പ്രണയം സ്വീകരിക്കാം എന്നുള്ളത്.

അങ്ങനെ ചെറുതും വലുതുമായ പല തിരുമാനങ്ങൾക്കും പാടത്തോട് ചേർന്നു നിൽക്കുന്ന ആ വലിയ മുത്തശ്ശി ആൽമരം മൂഖസാക്ഷി ആയിരുന്നു.

പച്ച വിരിച്ച പാടത്തേക്ക് ഉറ്റുനോക്കി ഇരിക്കുന്ന കണ്ണന്റെ തോളിൽ ആദിയുടെ കൈ വന്നു പതിച്ചു… ചിന്തയിൽ നിന്ന് ഉണർന്ന കണ്ണൻ ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി…

“ഹാ നീ വന്നോ….”

” ആ വന്നു.. നിന്നോട് ഞാൻ രാവിലെ വിളിച്ച് പറഞ്ഞതല്ലേ ഞാൻ വീട്ടിലോട്ട് വരാന്ന് പിന്നെ നീ എന്താ ഒറ്റക്ക് പോന്നത്…. ?

കണ്ണൻ ആ ചോദ്യം പ്രതീക്ഷിച്ചിരുനെങ്കിലും അവൻ മറുപടി പറഞ്ഞില്ല….

“എന്താടാ ഒന്നും മിണ്ടാതെ…?

“ആദി…. എന്താടാ നീ ഇന്നലെ അങ്ങനെ ചോദിച്ചത്… അമ്മുനെ തന്നെ വേണോ എന്ന്.. നിന്റെ ആ ചോദ്യം എന്തോ എന്നെ വല്ലാതെ ആട്ടി ഉലച്ചു കളഞ്ഞേടാ…. എന്താടാ കാര്യം… ? “കണ്ണന്റെ ശബ്ദം മാറിയിരുന്നു….

“കണ്ണാ…. ടാ നിനക്കു അവളെ കുറിച്ച് എന്താ അറിയാ… ? കുറഞ്ഞ പക്ഷം അവളുടെ വീട്ടിൽ ആരൊക്കെ എന്നെങ്കിലും…. ? “

കണ്ണൻ ഒന്നും മിണ്ടിയില്ല.. ശരിയാ തനിക്കു അവളെ കുറിച്ച് ഒന്നും അറിയില്ല… അവന്റെ മൗനം ആദിക്ക് മറുപടി ആയി മാറിയിരുന്നു…

” കണ്ണാ.. നിനക്കു ഓർമ്മ ഉണ്ടോ നമ്മൾ അദ്യമായി അപ്പുവിനെ കണ്ട ദിവസം…. ?
അക്സിഡന്റ് പറ്റി ചോരയിൽ കുളിച്ച് വഴിയരികിൽ അവള് കിടന്നത്. അന്ന് നമ്മൾ അപ്പുവിനെ മാത്രമേ കണ്ടിരുന്നൊള്ളു നമ്മൾ എത്തുന്നതിനു മുൻപേ അമ്മുവിനെ ഒരു മിനി ആംബുലൻസിൽ ആളുകൾ കയറ്റി വിട്ടിരുന്നു അതു നമ്മൾ അറിഞ്ഞിരുന്നില്ല. അപ്പുവിനെ ഹോസ്പിറ്റലിൽ ആക്കി എന്റെ ബ്ലഡും ഫോൺ നമ്പറും നൽകി അവളുടെ അച്ഛനെ വിളിച്ചു കാര്യം അറിയിച്ച് അവിടെ നിന്നിറങ്ങുമ്പോൾ അവൾ എന്റെ ജീവിതത്തിലേക്ക് കടന്നു വരും എന്ന് എനിക്കറിയില്ലായിരുന്നു..
ദിവസങ്ങൾക്കു ശേഷം അപ്പുവിന്റെ ഒരു കാൾ വന്നു. ആദ്യം ജീവൻ രക്ഷിച്ചതിൽ നന്ദി ആയിരുന്നെങ്കിൽ പിന്നീട് അതൊരു പ്രണയം ആകുകയായിരുന്നു ഞങ്ങൾ പോലും അറിയാതെ.. “

“ഒന്നു നിർത്തുന്നുണ്ടോ ആദി നീ കൊറേ നേരായി തുടങ്ങിയിട്ട്. ഈ കഥ എനിക്കു അറിയുന്നതല്ലേ പിന്നെ എന്തിനാ അതും പറഞ്ഞോണ്ട് ഇരിക്കണേ..
നിനക്ക് അമ്മുവിനെ കുറിച്ച് വല്ലതും അറിയും എങ്കിൽ അത് പറയ് ” . കണ്ണൻ ശബ്ദം ഇടറി..

കുറച്ചു നേരം ഒരു മൗനം അവർക്കിടയിൽ തങ്ങി നിന്നു… ആ നിശ്ശബ്ദതക്കു അവസാനം ഇട്ടു കൊണ്ട് ആദി സംസാരിച്ചു തുടങ്ങി.

“അമ്മു…
അവളെ കുറിച്ച് ആദ്യമൊന്നും ഞങ്ങൾക്കിടയിൽ അധികം സംസാരം വന്നിരുന്നില്ല. അപ്പൂന് പോലും അവളെ കുറിച്ച് അധികം ഒന്നും അറിറ്റില്ലായിരുന്നു എന്നതാണ് സത്യം.. പക്ഷെ പിന്നീടൊരിക്കൽ അവളെ കുറിച്ച് എല്ലാം അറിഞ്ഞപ്പോൾ ശരിക്കും ഷോക്ക് ആയി പോയി..”

കണ്ണന്റെ കണ്ണിൽ ആകാംക്ഷയുടെ വെളിച്ചം ആദി കാണുന്നുണ്ടായിരുന്നു…

“അവളുടെ വീട് എറണാകുളത്ത് ആണ്… അച്ഛൻ കേരളത്തിലെ തന്നെ no.1 ക്രിമിനൽ ലോയർ അഡ്വ.വേങ്കിടേഷ്..

പിന്നെ അമ്മ…

നീ ഈ ഇടക്ക് പത്രത്തിൽ വായിച്ചിരുന്നില്ലേ ചെന്നെയിൽ ഒരു കുട്ടിയുടെ ഹാർട്ട് റീപ്ലാന്റേഷൻ നടത്തിയെന്ന്…
ഒരു dr. ജയലക്ഷ്മി…”

“ഹ .. വായിച്ചിരുന്നു… “

“മ്.. ആ പുള്ളിക്കാരി ആണ് അവളുടെ അമ്മ… “

കണ്ണന് ഒന്നും മനസ്സിലായില്ല…

“ഒന്നു പോയേടാ ചെക്കാ.. ഇത്ര വലിയ കുടുംബത്തിലെ കൊച്ചല്ലേ bsc നഴ്സിങ് പഠിച്ച് 15000 രൂപക് വേണ്ടി മുംബയിൽ പോയി ജോലി ചെയ്യാൻ നിക്കണേ. നീ ചുമ്മാ ഇരിക്ക് ആദി.. വെറുതെ ഓരോ കഥയും കൊണ്ട് വന്നേക്കുവാ..”

“ആദി ഒന്ന് ചിരിച്ചു… “

“എന്താട നീ ചിരിക്കണേ… ? ‘

“അളിയാ കയ്യിൽ ഒരു 10000 കോടി രൂപ ഉണ്ടെങ്കിലും സ്നേഹത്തോടെ ഒന്നു സംസാരിക്കാൻ ഒരാൾ പോലും ഇല്ലെങ്കിൽ ഉള്ള അവസ്ഥ ഒന്നു ചിന്തിച്ചു നോക്കിയേ നീ…. “

“നീ എന്താ പറയണേ എനിക്കൊന്നും മനസിലാകുന്നില്ല… “

“അവള് ചെറുപ്പം മുതൽ ആ കൂറ്റൻ വീട്ടിൽ ഒറ്റക്കായിരുന്നു. വീട്ടുജോലിക്കു നിന്നിരുന്ന ഒരു റംല താത്ത ആയിരുന്നു അവളുടെ അമ്മയുടെ സ്ഥാനം ഒരു കുറവും കൂടാതെ നോക്കി നടത്തിയിരുന്നത്. സത്യം പറഞ്ഞാൽ ഒരു പരിധിവരെ അമ്മയുടെ മുലപ്പാൽ വരെ നിഷേധിക്കപ്പെട്ട ജന്മം…

വീടിനോട് ചേർന്നുള്ള അച്ഛന്റെ ഓഫീസിൽ ആയിരുന്നു അച്ഛന്റെ ഒരു ദിവസത്തിന്റെ ഭൂരിഭാഗം സമയവും. അമ്മയും ഒട്ടും മോശം അല്ല പ്രൊഫെഷൻ, മെഡിക്കൽ എത്തിക്സ് എന്നൊക്കെ പറഞ്ഞു മറ്റുള്ളവരുടെ കാര്യങ്ങൾ നോക്കുന്നതിനിടയിൽ വീട്ടിൽ സ്വന്തം ചോരയിൽ പിറന്ന ഒരു കുഞ്ഞുണ്ടെന്ന് മറന്നു പോയ ഒരു സ്ത്രീ..

പിന്നെ ഉള്ളത് ഒരു ഏട്ടൻ.. ചെറുപ്പം മുതൽ ശ്രദ്ധയില്ലാതെ വളർന്നതിനാൽ ഇന്നിപ്പോ നല്ല നിലയിൽ ആണ് ഇന്ത്യയിലെ തന്നെ പ്രമുഖ ഡ്രഗ് ഡീലർമാരിൽ ഒരാൾ…

ഇതിനൊക്കെ പുറമെ എന്തെങ്കിലും തെറ്റു ചെയ്തുപോയാൽ ഏട്ടന്റെ പന്ത്രണ്ടാം വയസ്സിൽ നടന്ന ബിർത്ഡേ ആഘോഷത്തിന്റെ മദ്യലഹരിൽ ഞങ്ങൾക്കുണ്ടായ കയ്യബദ്ധതിന്റെ ബാക്കി പത്രമാണ് നീ എന്നുള്ള കുത്തുവാകും.

അച്ഛന്റെയും അമ്മയുടേം രാജസിംഹാസനത്തിലെ ചിതലരിച്ച ഒരു ജന്മം ആണ് ഏട്ടന്റെ എങ്കിലും ജോലി കഴിഞ്ഞാൽ പിന്നെ അവർക്കു ഇഷ്ടം ഏട്ടനെ തന്നെ ആയിരുന്നു…

അവൾ അവളുടെ അഞ്ചാംക്ലാസ്സ് മുതൽ ഊട്ടിയിലെ ഏതോ ഒരു ബോർഡിങ് സ്കൂളിൽ ആണ് പഠിച്ചിരുന്നത്.. +2 കഴിഞ്ഞു മെഡിസിന് വിദേശത്തു സീറ്റ് ഉറപ്പിച്ചുള്ള അമ്മയുടെ കാൾ വന്നപ്പോൾ ആണ് അവൾ ആദ്യമായി അമ്മയെ എതിർത്തു സംസാരിച്ചു…

നഴ്‌സിംഗ് മാത്രമേ പഠിക്കു എന്നും അതും ഇന്ത്യയിൽ മതിയെന്നുമുള്ള അവളുടെ വാശിക്കുമുന്നിൽ ‘അമ്മ അവസാനം അടിയറവു വെച്ചു.
അങ്ങിനെയാണ് അമ്മു അപ്പുവിന്റെ ലൈഫിലേക്കു കടന്നു വന്നത്.
മുംബൈയിലെ അംബാനി ഗ്രൂപ്പിന്റെ കീഴിലുള്ള നഴ്സിങ് കോളേജിൽ ആണ് അവർ അഡ്മിഷൻ എടുത്തത്. അവിടെ ഹോസ്റ്റലിലും ക്ലാസ്സിലും എല്ലാം അവർ ഒന്നിച്ചായിരുനെങ്കിലും അമ്മയും അച്ഛനും ഏതോ വലിയ ജോബ് ഉള്ളവർ ആണെന്നല്ലാതെ അവർ ആരോക്കെ എന്ന് അമ്മു ആരോടും പറഞ്ഞിരുന്നില്ല ,അപ്പുവിനോട് പോലും. ഹോസ്റ്റൈലിന്ന് കിട്ടുന്ന റബർഷീറ്റ് പോലുള്ള ചപ്പാത്തിയും വേവാത്ത കറിയും മറ്റുള്ളവരെ പോലെ അവളും തമാശയോടെ കുറ്റവും കുറവുകളും ഒക്കെ പറഞ്ഞു കഴിച്ചു. തല്ല് കൂടിയും കളിച്ചും ചിരിച്ചും ഒക്കെ നടക്കുമ്പോൾ ആണ് ഹോളി വരുന്നത്..

ഹോളിക്ക് എല്ലാവരും വീട്ടിൽ പോകാൻ ബാഗ് പാക്ക് ചെയ്യുന്ന തിരക്കിൽ ആണ് അമ്മു എല്ലാം അപ്പുവിനോട് പറയുന്നത്. ആദ്യം അവൾക്കൊരു ഷോക്ക് ആയിരുന്നെങ്കിലും പിന്നീട് അത് അസെപ്റ്റ് ചെയ്തു അങ്ങനെ ആണ് അവൾ അപ്പുവിന്റെ കൂടെ നാട്ടിലേക്ക് വരുന്നതും ഇവിടെ വെച്ച അസിസിഡന്റ് ആകുന്നതും എല്ലാം….

ആദി ഒരു നെടുവീർപ്പിട്ടു പറഞ്ഞു നിർത്തി കണ്ണന്റെ മുഖത്തേക് നോക്കി അവൻ വായും പൊളിച്ച് ഇരിക്കുന്നുണ്ടായിരുന്നു….

“കണ്ണാ ടാ ഇനി പറയ് എന്താ നിന്റെ തീരുമാനം. ഇനി അവൾക്കു നിന്നോടു തിരിച്ചും ഇഷ്ടം ഉണ്ടെങ്കിലും ഇത്രെയും വലിയ ഒരു ബാക്ക്ഗ്രൗണ്ടിന്നു വരുന്ന അവളെ ആ വീട്ടുകാര് നിനക്കു കെട്ടിച്ച് തരുമെന്നു തോന്നുന്നുണ്ടോ.. ദുരഭിമാനികൾ ആണ് .. എന്തും ചെയ്യാൻ മടിക്കില്ല.. അവളോട് സ്നേഹം ഒന്നും ഇല്ലെങ്കിലും അവളുടെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കാൻ ഒന്നും അവളെ അവർ സമ്മതിക്കില്ല.. നമുക്കിത് വേണോടാ.. ?? “

കണ്ണൻ ആദിയെ ഒന്നു നോക്കി .. പിന്നെ പതിയെ എണീറ്റ് കാവിലേക്ക് നടന്നു..

(തുടരും )

 

Read complete പ്രണയർദ്രം Malayalam online novel here

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply