സിയ 1

9153 Views

siya malayalam novel

പതിവ് പോലെ അന്നും കോളേജിലേക്ക് ഇറങ്ങിയതായിരുന്നു സിയ.

” അച്ഛാ ചോറ് റെഡി ആയോ.. ഞാൻ ഇറങ്ങുകയാ.”

” ഒച്ച വല്ലാതെ ദേവു.. കൊണ്ട് വരികയാ..”

അച്ഛൻ സേതു മാധവൻ അടുക്കളയിൽ നിന്നും വിളിച്ച് പറഞ്ഞു. തുടർന്ന് ചോറ്റുപാത്രം കൊണ്ട് ഹാളിലേക്ക് വന്നു.

” ദേവു.. അച്ഛ ഇന്ന് കുറച്ച് വൈകും കേട്ടോ. ഓഫീസിൽ ഇന്ന് ഇൻസ്പെക്ഷന് ആളു വരും. ഫയൽ ഒക്കെ സൈൻ ചെയ്തത് വാങ്ങണം. കുസൃതി ഒന്നും കാട്ടാതെ വീട്ടിൽ വന്നേക്കണം.നിന്റെ വാനരപ്പടയുമായി തെണ്ടാൻ പോയേക്കരുത്. “

സിയ അച്ഛനെ നോക്കി ഒരു കള്ളച്ചിരി കാണിച്ചു.

” ചിരിക്കുകയൊന്നും വേണ്ട.. പോയി അമ്മയോട് പറഞ്ഞിട്ട് ഇറങ്ങാൻ നോക്ക്.. ഞാനും റെഡി ആകട്ടെ.. “

സിയ അമ്മയുടെ ഫോട്ടോയുടെ അടുത്തേക്ക് ചെന്നു.

” അമ്മേ, ഞാൻ ഇറങ്ങുകയാ. വൈകിട്ട് ഞങ്ങൾ സിനിമക്ക് പോകുന്നുണ്ട്. അച്ഛയോട് പറഞ്ഞു സമ്മതിപ്പിക്കണേ.. പ്ലീസ്..”

കുറച്ച് ഉറക്കെ ആണ് സിയ അത് പറഞ്ഞത്. എന്നിട്ട് അച്ഛന്റെ മുറിയിലേക്ക് ഒളികണ്ണോടെ നോക്കി. സേതു അവിടെ അവളെയും നോക്കി നോക്കുന്നുണ്ടായിരുന്നു കള്ള ഗൗരവത്തോടെ.

” എനിക്കറിയാം നീ ഉറക്കെ പറഞ്ഞപ്പോ എന്നെ കേൾപ്പിക്കാൻ ആണെന്ന്..”

” അച്ഛാ പ്ലീസ്.. ഇന്ന് DQ വിന്റെ പുതിയ പടം റിലീസ് ആണ്. പൊക്കോട്ടെ അച്ചേ… അവർ എല്ലാവരും ഉണ്ട്. എന്നെ ഇവിടെ കൊണ്ടുവന്നു വിടും. അച്ഛ എന്തായാലും വൈകി അല്ലേ വരു.. പ്ലീസ്.. “

” ശരി പൊക്കൊ.. പക്ഷേ പൈസ ഞാൻ തരില്ല..”

” വേണ്ടാ അത് ഞാൻ നേരത്തേ പോക്കറ്റിൽ നിന്നും പൊക്കി.. “

അതും പറഞ്ഞു അവൾ മുറ്റത്തേക്ക് ഓടി ഇറങ്ങി.

” ഇൗ പെണ്ണിന്റെ ഒരു കാര്യം. ഞാൻ അറിഞ്ഞില്ലെന്നാ അവളുടെ വിചാരം… “

****

ഇത് സിയ.. സിയയുടെ കഥയാണ് നിങ്ങൾ ഇനി കേൾക്കാൻ പോകുന്നത്.

സേതുമാധവന്റെയും യാമിനിയുടെയും ഒരേ ഒരു മകൾ ആണ് സിയ. സ്നേഹിച്ച് വിവാഹം കഴിച്ചതിനാൽ യാമിനിയുടെ വീടുമായി യാതൊരു ബന്ധവും ഇല്ല. യാമിനി രണ്ടാമത്തെ പ്രസവം ആയപ്പോൾ മരിച്ചു. കൂടെ കുട്ടിയും. പ്രസവത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായതും ചികിത്സ ഉടൻ നൽകാത്തതും കൊണ്ട് അമ്മയുടെയും കുഞ്ഞിന്റെയും മരണം സംഭവിച്ചു. അന്ന് സിയക്ക്‌ 6 വയസ്.

സേതുവിന്റെ വീട്ടിൽ ഒരു പെങ്ങളും അമ്മയും മാത്രമേ ഉള്ളൂ. അമ്മയുടെ പേര് ദേവിക എന്നായിരുന്നു. ആ പേര് ചൊല്ലി ആണ് സിയയെ വിളിക്കുന്നത്. അമ്മ മൂന്ന് വർഷം മുമ്പ് മരണപ്പെട്ടു. അനിയത്തി സീത ലക്ഷ്മിയുടെ കല്യാണം കഴിഞ്ഞ് ഒരു പെൺകുട്ടി ഉണ്ട്. ദിവ്യ. സിയയുടെ പ്രായം. അവർ ഒരു കോളേജിൽ ഒരുമിച്ച് ആണ് പഠിക്കുന്നത്. സൈക്കോളജി.

യാമിനി മരിച്ചതിൽ പിന്നെ സേതു ദേവുവിന് വേണ്ടി മാത്രമാണ് ജീവിച്ചത്. വേറെ പെണ്ണ് കെട്ടാൻ പലരും നിർബന്ധിച്ചു എങ്കിലും സേതു അത് ചെവിക്കൊണ്ടില്ല. അയാൾ വില്ലേജ് ഓഫീസിൽ ക്ലാർക്ക് ആണ്. മകളെ പൊന്നു പോലെ ആണ് നോക്കുന്നത്. അവളുടെ ഏത് ആഗ്രഹവും അയാൾ സാധിച്ച് കൊടുക്കും. എന്തിനും സ്വാതന്ത്യം കൊടുത്തിരുന്നു ദേവുവിന്‌. പക്ഷേ ഇന്നു വരെ അവള് അത് അനാവശ്യമായി ഉപയോഗിച്ചില്ല.

രാവിലത്തെ വീട് ഭരണം അച്ഛനും വൈകിട്ട് ദേവുവിനും ആണ്.

*****

ദേവു ബസ് സ്റ്റോപ്പിൽ അമ്മുവിനെ(ദിവ്യ) നോക്കി നിൽക്കുകയായിരുന്നു. കോളേജ് ബസ് വരാൻ നേരമായി. അപ്പോ ദൂരേ നിന്നും ഓടി വരുന്ന അമ്മുവിനെ ദേവു കണ്ടു..
അടുത്തെത്തിയപ്പോൾ ദേവു അമ്മുവിനെ വഴക്ക് പറഞ്ഞു.

” എന്താടീ വൈകിയത്. ?”

അതിന് ഉത്തരം നൽകുന്നതിന് മുന്നേ ബസ് വന്നു. ബസിൽ നിന്നും ആർപ്പ്‌ വിളികൾ കേൾക്കാമായിരുന്നു. ദേവുവും അമ്മുവും ബസിൽ കയറി എല്ലാവരെയും കൈ വീശി കാണിച്ചു. എന്നിട്ട് ഏറ്റവും ബാക്ക് സീറ്റിലേക്ക് നടന്നു. അവിടെ യദുവും അപർണയും ഉണ്ടായിരുന്നു. ദേവുവും അമ്മുവും അവരുടെ അടുത്ത് ഇരുന്നു..

” ഡാ സിനിമക്ക് പോകാൻ സമ്മതിച്ചോ അങ്കിള്?” അപർണ ചോദിച്ചു.

” അതൊക്കെ നമ്മള് സെറ്റ് ആക്കൂലേ അപ്പു.. സീത അമ്മായിയും വേണു മാമനും എന്ത് പറഞ്ഞു അമ്മു..”

” അച്ഛൻ പൈസ തന്നില്ല. പിന്നെ അമ്മയെ പിടിച്ച് നിറുത്തി കാല് പിടിച്ച് വാങ്ങിച്ചു. അതാ വൈകിയത്.. “

വേണു അങ്കിൾ ഒരു സൂപ്പർ മാർക്കറ്റ് നടത്തുകയാണ്.
അപ്പുവിന്റെ അമ്മയും അച്ഛനും ഡോക്ടർമാരാണ്‌. സ്വന്തമായി ക്ലിനിക്ക് നടത്തുന്നു. അപ്പുവിന് ഒരു ചേട്ടൻ കൂടി ഉണ്ട്. ബാംഗ്ലൂർ പഠിക്കുന്നു.

യദു സാധാകൂലിപ്പണിക്കാരന്റെ മകൻ ആണ്. കൂട്ടത്തിൽ ദരിദ്രൻ.

പിന്നെ ഒരാള് കൂടി ഉണ്ട്. കൂട്ടത്തിൽ അംബാനി. അഖിൽ എന്ന അക്കു. അക്കുവിന്റെ അച്ഛൻ ഒരു ബിസിനെസ്സ്കാരൻ ആണ്. ഇന്റീരിയൽ വർക്ക് ചെന്നുന്ന കമ്പനി ഉടമസ്ഥൻ. വർഷത്തിൽ നൂറ് കോടി രൂപക്ക് മേൽ ലാഭമുള്ള കമ്പനി. ദക്ഷിണ ഇന്ത്യയിൽ പേര് കെട്ട കമ്പനി… അക്കു ഒറ്റ മകൻ ആണ്..

ഇതാണ് ദേവുവിന്റെ വാനരപ്പട.

കോളേജിലെ എന്ത് പരിപാടിക്കും മുന്നിട്ട് ഇറങ്ങുന്നത് ഇവർ ആയതിനാൽ എല്ലാവർക്കും ഇവരെ നന്നായി അറിയാം. യദു കോളേജ് ആർട്സ് ക്ലബ് സെക്രട്ടറി കൂടി ആണ്.

അഞ്ച് പേരും നല്ല ഡാൻസേഴ്‌സ്‌ കൂടി ആണ്. ” dazzling five ” അതാണ് ഡാൻസ് ഗ്രൂപ്പിന്റെ പേര്. പല വിധ മത്സരങ്ങളിലും വിജയം നേടിയ ടീം ആണ് ഇവർ.. കോളേജിലും ഇവർ ഇൗ പേരിൽ തന്നെ ആണ് അറിയപ്പെടുന്നത്.

*****

ബസ് അക്കുവിൻെറ സ്റ്റോപ്പിൽ നിന്നു..

അക്കുവിനെ കണ്ടതും ഒരു ആരവം ബസിൽ ഉണ്ടായി. കാണാൻ സുന്ദരൻ ആണ് അക്കു. കോളേജിലെ പെൺകുട്ടികളുടെ ആരാധനാ പുരുഷൻ. പണക്കാരനും കൂടി ആയതിനാൽ പെൺകുട്ടികൾ അവന്റെ ഒരു നോട്ടത്തിനു വേണ്ടി പോലും കാത്തിരിക്കുന്നു.

പക്ഷേ അക്കു എല്ലാവർക്കും നല്ല ഫ്രണ്ട് ആണ്. അവന് ദേവുവിൻെറ കയ്യിൽ നിന്നും നല്ല തല്ല് കിട്ടും എന്ന പേടിയും ഉണ്ട്..

അക്കു ബസിൽ കയറി പുറകിൽ യദുവിന്റെ മടിയിലേക്ക് ഇരുന്നു.

” അപ്പോ എങ്ങനാ.. അടിച്ച് പൊളി അല്ലേ..?? “

” പിന്നല്ലാതെ..” നാല് പേരും ഒരേ സ്വരത്തിൽ പറഞ്ഞു..

*****

കോളേജിൽ എത്തി നേരെ പോയത് കാന്റീനിലേക്ക് ആണ്.

” കുട്ടേട്ടാ….”

” ആ എത്തിയോ.. ദാ ഇപ്പൊ എടുക്കാം.”

രാവിലെ വന്ന് കുട്ടേട്ടന്റെ ചായ കുടിച്ചില്ലെങ്കിൽ ഒരു സുഖവും ഇല്ല. അതോണ്ട് എന്നും അവർക്ക് കുട്ടന്റെ വക സ്പെഷ്യൽ ചായ ഉണ്ട് രാവിലെ..

ചായയും കുടിച്ച് ക്ലാസ്സിലേക്ക് നടന്നപ്പോൾ
ബിനു മിസ്സ് ദേവുവിനെ വിളിച്ചു. ബാക്കിയുള്ളവരെ പറഞ്ഞ് വിട്ടിട്ട് ദേവു മിസ്സിന്റെ അടുത്തേക്ക് ചെന്നു.

” എന്താ മിസ്സ് ?”

” സിയ.. എന്റെ ഭർത്താവ് സ്റ്റേജ് ഷോ ചെയ്യുന്ന ആളാണെന്ന് അറിയാലോ.. ഇപ്പോ ഒരു പ്രോഗ്രാം സ്റ്റാർട്ട് ചെയ്യാൻ പോവുകയാണ് അവർ. സൂപ്പർ ഡാൻസേഴ്സ് എന്നാ പരിപാടിയുടെ പേര്. കേരളത്തിൽ അറിയപ്പെടുന്ന 25 ഓളം ഡാൻസ് ടീമിനെ മത്സരിപ്പിച്ചത് അതിൽ നിന്നും ബെസ്റ്റ് ഡാൻസ് ഗ്രൂപ്പിനെ സെലക്ട് ചെയ്യുന്നത് ആണ് പ്രോഗ്രാം. ഇതൊരു ടിവി ഷോ അല്ല. പക്ഷേ റെക്കോർഡ് ചെയ്യും. താൽപര്യമുണ്ടെങ്കിൽ ഞാൻ ഹസിനോട് പറഞ്ഞു ഡീറ്റൈൽസ് തരാം. നിങ്ങടെ കാര്യം പറഞ്ഞപ്പോൾ പുള്ളിക്ക് താൽപര്യം ഉണ്ട്. അവരോട് ആലോചിച്ച് പറയ്.. “

” താങ്ക്യൂ മിസ്സ്. ഇത് ഞങ്ങൾക്ക് നല്ലൊരു അവസരം ആയിരിക്കും. ഞാൻ അവരോട് സംസാരിച്ചിട്ടു മറുപടി തരാം. “

” ശരി..”

***

” ഡാ… മിസ്സ് ഒരു പ്രോഗ്രാമിന്റെ കാര്യം പറയാൻ വിളിച്ചതാ..”

ദേവു കെട്ട കാര്യങ്ങളെല്ലാം അവരോട് പറഞ്ഞു .

” ഇത് നമുക്ക് പൊളിക്കണം… നീ സമ്മതം പറ ദേവു..” യദു പറഞ്ഞു.. ബാക്കിയുള്ളവർ അത് സപ്പോർട്ട് ചെയ്തു.

ദേവു മിസ്സിനോട് സമ്മതം അറിയിച്ചു..

മിസ്സ് ദേവുവിന്റെ ഫോൺ നമ്പർ ഭർത്താവിന് കൈമാറി..

*****

വൈകിട്ട് സിനിമ കണ്ട് വീട്ടിൽ എത്തുമ്പോൾ 9:30 ആയിരുന്നു. അക്കു തന്റെ കാറിൽ ആണ് എല്ലാവരെയും സിനിമക്ക് കൊണ്ട് പോയത്. അമ്മുവിനെ വീട്ടിൽ വിട്ടിട്ടാണ് അവർ വന്നത്. അമ്മായി അപ്പോ തന്നെ അച്ഛനെ വിളിച്ച് പറഞ്ഞു എന്ന് അമ്മു മെസ്സേജ് അയച്ചു.

” ഡാ നിങ്ങളും വാടാ.. അച്ഛ വഴക്ക് പറയും..”

ദേവു അവരെയും കൂട്ടി വീട്ടിലേക്ക് നടന്നു..

വീട്ടിൽ ചെന്നപ്പോൾ അച്ഛ അടുക്കളയിൽ ആയിരുന്നു.. അവർ വന്നപ്പോൾ എല്ലാവരോടും ചിരിച്ച് കൊണ്ട് തന്നെ സംസാരിച്ചു. ദേവുവിനേ അവിടെ ആക്കി അവർ തിരിച്ച് പോയി..

ദേവു അച്ഛന്റെ മുഖത്തേക്ക് നോക്കി.. സേതു തിരിച്ചും.

” അച്ഛാ..”

” ഒന്നും പറയണ്ട.. എനിക്ക് എന്റെ മോളെ അറിയാം. മറ്റൊരാളുടെ വാക്ക് കേട്ട് ഞാൻ എന്റെ മോളെ കുറ്റപ്പെടുത്തില്ല. ആര് എന്ത് പറഞ്ഞാലും. “

ദേവു ഓടിച്ചെന്ന് അച്ഛനെ കെട്ടി പിടിച്ചു..

” അധികം സോപ്പ് ഒന്നും വേണ്ട.. നാളെ രാവിലെ അടുക്കളയിൽ കയറിക്കോളണം. “

ദേവു ചിരിച്ചു കൊണ്ട് അച്ഛനെ ഒന്നുകൂടി മുറുക്കെ കെട്ടിപിടിച്ചു.

****
പിറ്റേന്ന് ശനിയാഴ്ച ആയിരുന്നു.

ദേവു രാവിലെ തന്നെ എഴുന്നേറ്റ് അടുക്കള പണികൾ തീർത്തു..

സേതു റെഡി ആയപ്പോൾ ദേവു ആവിപറക്കുന്ന പുട്ടും കടലക്കറിയും പപ്പടവും മേശമേൽ നിരത്തി വച്ചു.

രണ്ട് പേരും ഒരുമിച്ചിരുന്ന് കഴിച്ചു. പിന്നെ സേതു ഓഫീസിലേക്ക് പോയി.
കുറച്ച് കഴിഞ്ഞപ്പോൾ ദേവുവിനു ബിനു മിസ്സിന്റെ ഭർത്താവിന്റെ ഫോൺ കോൾ വന്നു..

ഡീറ്റൈൽസും ആപ്ലിക്കേഷൻ ഫോമും ഫീയും മെയിൽ അയച്ച് കൊടുത്തു..

ദേവു ഡീറ്റൈൽസ് എല്ലാവർക്കും കൈമാറി.. ഗ്രൂപ്പ് ചാറ്റിൽ എല്ലാവർക്കും സമ്മതം അറിയിച്ചു കഴിഞ്ഞു..

അക്കു ആപ്ലിക്കേഷൻ അയച്ചു. കൂടെ ഫീസും.

പിന്നെ മറുപടിക്കായി ഉള്ള കാത്തിരിപ്പ് ആയിരുന്നു…

തുടരും…

Read complete സിയ Malayalam online novel here

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Tags:

Leave a Reply