സമ്മിലൂനി | Sammilooni Book Review

7025 Views

Sammilooni book review

പേര് കൊണ്ടു ആകർഷണം തോന്നിയ പുസ്തകമാണ് സമ്മിലൂനി. Book Review of സമ്മിലൂനി, ഈ പുസ്തകത്തിലേക്ക് കടന്നു വരുമ്പോൾ ഈ വാക്കിന്റെ അർത്ഥവും ചരിത്രവും മാത്രമാണ് എനിക്ക് അറിയാമായിരുന്നത്. എന്നെ ഈ താളുകളിൽ കാത്തിരിക്കുന്നത് എന്തെന്ന് ഒരൂഹം പോലും ഇല്ലായിരുന്നു. സമ്മിലൂനി – എന്നെ പുതപ്പിക്കൂ. ഭയം കൊണ്ടു ആകാംക്ഷ കൊണ്ടു വിറങ്ങലിക്കുന്നവരുടെ കഥകൾ ആയിരിക്കുമോ?

Book Review സമ്മിലൂനി | Sammilooni

പുസ്തകത്തിന്റെ പുറകിൽ നജീബ് മൂടാടി യുടെ വാക്കുകൾ ഉണ്ട്. അതിൽ നിന്നാണ് അല്പമെങ്കിലും പുസ്തകത്തിന്റെ ഉള്ളടക്കത്തെ പറ്റി മനസ്സിലായത്.

സമ്മിലൂനി എന്ന ആദ്യ കഥ തന്നെ എന്റെയും നമ്മളിൽ പലരുടെയും ചിന്തകളിൽ പലവട്ടം കടന്നു വന്നിട്ടുള്ളതാണ്. മരണത്തിനു ശേഷം ഖബറിലേക്കു എടുക്കന്നതിനു മുൻപുള്ള നിമിഷം.

ആൺകുട്ടി എന്ന കഥ ഒരുപക്ഷെ നമ്മളിൽ പലരും കണ്ടതും കേട്ടതും ആയ ഒന്നാണ്. ഒരു വാക്കാണ്. ഒന്നുമല്ലെങ്കിലും അവനൊരു ആൺകുട്ടിയല്ലേ

കഥകളിൽ ചുരുക്കമെങ്കിലും കൂട്ടം തെറ്റി നിൽക്കുന്ന വിഷയങ്ങൾ ഉണ്ട്. അതിലൊന്നാണ് കമല, പല അമ്മമാരുടെയും അവസ്ഥ അതിൽ അനുഭവിച്ചറിയാൻ സാധിക്കും.

ദർവേശ് എന്ന കഥ ഒരല്പം കൂടുതൽ അടുപ്പം തോന്നുന്നു രണ്ടാം വായനക്കു ശേഷം.

ഓരോ കഥകളെ കുറിച്ചും എഴുതണമെന്നുണ്ട്, ഇത് വായിച്ചേക്കാവുന്നവർക്കു ഒരു കല്ലുകടിയാകേണ്ട എന്നതിനാൽ ഞാൻ ആ സാഹസത്തിനു മുതിരുന്നില്ല. എങ്കിലും കുറച്ചു വാക്കുകൾ കുറിക്കട്ടെ.

വ്യക്തിപരമായി സമ്മിലൂനിയും റിഹാനും എനിക്ക് വേണ്ടപ്പെട്ടവർ ആയിക്കഴിഞ്ഞിരിക്കുന്നു. പല കഥകളിലും എന്റെ സ്വപ്നങ്ങളും അനുഭവങ്ങളും പ്രതീക്ഷകളുമൊക്കെയാണ് അനുഭവിക്കാൻ സാധിച്ചത്. വായിച്ചറിഞ്ഞത് എന്ന് ഞാൻ മനപ്പൂർവം ഉപയോഗിക്കുന്നില്ല. കാരണം റിഹാൻ അദ്ദേഹത്തിന്റെ സ്വപ്നങ്ങളാണ് നമുക്ക് മുന്നിൽ അക്ഷരങ്ങളായി നിരത്തി വെച്ചിരിക്കുന്നത്. അവ കഥകളല്ല സ്വപ്നങ്ങളാണ്. അത് വായിക്കാനാകില്ല. അനുഭവിക്കാൻ മാത്രമേ കഴിയൂ.

ഈ പുസ്തകം വായിക്കാൻ എടുക്കുന്നവർ വളരെ free mind ആയി തിരക്കുകളിൽ നിന്നൊഴിഞ്ഞു ഏകാന്തമായി വായിക്കുക. കാരണം സമ്മിലൂനി അനുഭവിച്ചു മാത്രമേ അറിയാനാകു.

താൻ സ്നേഹിക്കുന്ന ഒരാളുടെ ചുമലിലേക്ക് തന്റെ മനസ്സിന്റെ ഭാരം ഇറക്കി വെക്കാൻ ആഗ്രഹിക്കുന്ന മനുഷ്യരെ ഒരുപാടു നമുക്ക് ഈ താളുകളിൽ കാണാൻ കഴിയും. ഞാനും അത്തരക്കാരിൽ ഒരുവൻ തന്നെ, എന്നാൽ റിഹാന്റെ സ്വപ്‌നങ്ങൾ പോലെ പ്രണയവും വർണങ്ങളും സ്വപ്നലോകത്തു നിന്നു ഇറങ്ങി വന്നു സഹായിച്ചില്ല. എല്ലാം സ്വപ്നങ്ങളായി തന്നെയും ജീവിതസാഹചര്യങ്ങൾ അങ്ങനെത്തന്നെയും കലഹിച്ചു മാറി നിന്നു.

മിറാഷ അവളാണ് ഇനിയെന്റെ പ്രണയിനി. പ്രണയത്തിന്റെ ആത്മീയതകളിലേക്കു വഴികാട്ടിയവൾ, ഭൂമിയിലെ ഏറ്റവും ശുദ്ധമായ ജലത്തോളം തിളക്കമാർന്നതാണ് പ്രണയമെന്ന തിരിച്ചറിവിനെ നല്കിയവൾ

“ആ നിമിഷങ്ങളിൽ ഞാനുമവളും ഒരു പ്യൂപ്പക്കുള്ളിലായിരുന്നു പരസ്പരം പ്രണയം ഭക്ഷിച്ചു പ്രാർത്ഥനാ നിരതരായ്. രതിയുമൊരു ധ്യാനമാണ് പൂർണ വിശുദ്ധിയോടെ ആത്മാവുകൾ ഇഴചേരുമ്പോൾ. !”

ഇവിടെ മഴ പെയ്യുന്നുണ്ട് എന്നിലെ നീയെന്നോളം

***ഒന്നര വർഷത്തോളം പ്രണയം കടന്നുവരുന്ന പുസ്തകങ്ങളിൽ നിന്നും വായനയിൽ നിന്നു തന്നെയും മാറി നിൽക്കുകയായിരുന്നു. ഇന്നിപ്പോൾ വീണ്ടും എന്റെ സ്വപ്നങ്ങളിലേക്ക് ഒരു യാത്ര. മനസ്സുകൊണ്ട് മാത്രം കാണാനാകുന്ന കാഴ്ചകൾ തേടി ***

സമ്മിലൂനി | Sammilooni ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറില്‍ നിന്ന് ലഭ്യമാകാന്‍ സന്ദര്‍ശിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply