ഹൈഡ്രേഞ്ചിയ | HYDRANGEA Book Review

13855 Views

Book Review of ഹൈഡ്രേഞ്ചിയ HYDRANGEA

ലാജോ ജോസിന്റെ കോഫി ഹൌസ് എന്ന നോവലിൽ നിന്നാണ് ഹൈഡ്രേഞ്ചിയ എന്ന പുതിയ നോവലിൽ എത്തിയത് . ആദ്യത്തെ നോവലിലെ നായികാ കഥാപാത്രമായ എസ്തർ ഇമ്മാനുവേൽ എന്ന പത്രപ്രവർത്തകയുടെ ജീവിതത്തെ കുറച്ചു കൂടി ആഴത്തിൽ ഹൈഡ്രേഞ്ചിയ നോക്കിക്കാണുന്നു. എസ്തറിന്റെ ജീവിതത്തിന്റെ എക്സ്ടെൻഷൻ ആണ് ലാജോയുടെ രണ്ടാമത്തെ നോവൽ. 

ഹൈഡ്രേഞ്ചിയ
ക്രൈം ത്രില്ലെർ നോവൽ
ലാജോ ജോസ്
പ്രസാധകർ: മാതൃഭൂമി
വില : 300

ഇപ്പോൾ തന്നെ ആമസോണിന്റെ ഓഫറിൽ ഈ ബുക്ക്‌ സ്വന്തമാക്കൂ. ?

Book Review of HYDRANGEA | ഹൈഡ്രേഞ്ചിയ

കൊലപാതകത്തിന് ശേഷം പിങ്ക് ഹൈഡ്രാഞ്ചിയ പൂക്കൾ -ഇത് വ്യത്യസ്തമായ ഒരു ക്രൈം ത്രില്ലെർ അനുഭവം

നോവലിന്റെ ചില പ്രസക്ത ഭാഗങ്ങൾ :

-“കോട്ടയം പോലീസ് മേധാവിയുടെ ഔദ്യോഗിക ഇ മെയിലിലേക്ക് വന്ന ഒരു വീഡിയോ ക്ലിപ്പ് സൈബർസെൽ വീക്ഷിച്ചു. ഏതോ ഒരു സ്ത്രീ അടുക്കളയിൽ ജോലി ചെയ്യുന്നു. ടിവി കാണുന്നു. ആരോ വെളിയിൽനിന്ന് ഷൂട്ട് ചെയ്തതുപോലെ ദൃശ്യങ്ങൾ. പിറ്റേന്ന് ആ സ്ത്രീ സ്വന്തം കിടപ്പുമുറിയിൽ കൊല്ലപ്പെട്ടുകിടന്നു.

അന്വേഷണോദ്യോഗസ്ഥരെ അമ്പരപ്പിച്ചത് കൊലപാതകം നടന്ന കിടപ്പുമുറിയാണ്. ആ മുറിയാകെ അലങ്കരിക്കപ്പെട്ടിരുന്നു. കത്തിത്തീർന്ന വലിയ മെഴുകുതിരികൾ മേശപ്പുറത്തു കാണപ്പെട്ടു. കിടക്കയിലും നിലത്തും വാതിൽക്കലും മറ്റും പൂക്കൾ വിതറിയിരുന്നു – പിങ്ക് ഹൈഡ്രഞ്ചിയപ്പൂക്കൾ!

കഴിഞ്ഞ കൊലപാതകങ്ങൾ പോലെ എല്ലാം കാണപ്പെട്ടു. രക്തം പുരണ്ട കിടക്കവിരി മൂലയിൽ, എരിഞ്ഞുതീർന്ന സുഗന്ധം പരത്തുന്ന മെഴുകുതിരികൾ, വാതില്ക്കൽതൊട്ട് കിടക്കവരെയും കിടക്കയിലും പിങ്ക് ഹൈഡ്രഞ്ചിയപ്പൂക്കൾ.”

മലയാള നോവൽ സാഹിത്യത്തിൽ കോട്ടയം പുഷ്പനാഥും ബാറ്റൺബോസും ഒക്കെ എഴുതി വച്ച കുറ്റാന്വേഷണത്തിന്റെയും ഭയപ്പെടുത്തലിന്റെയും കാലങ്ങൾ എത്രയോ മുൻപായിരുന്നു, പിന്നീട് വർഷങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും അതിന്റെ സാദ്ധ്യതകൾ പുതിയ സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ച് എഴുതാൻ ഒരുപക്ഷെ എഴുത്തുകാരൊന്നും ധൈര്യപ്പെട്ടില്ല.

ബൗദ്ധികതയുടെ ലോകത്തിൽ മാത്രമായി മലയാള സാഹിത്യം അടയാളപ്പെടുമ്പോൾ ഇവിടെ നിന്നും ആനന്ദ് നീലകണ്ഠനെ പോലെയുള്ളവർ പുറത്തു പോയി ഇംഗ്ലീഷിൽ എഴുതി പേരെടുത്തു. ഭയപ്പെടുത്തുന്ന, ത്രില്ലടിപ്പിക്കുന്ന പുസ്തകമെഴുതിയ അഖിൽ പി ധർമ്മജനെ പോലെയുള്ള യുവ എഴുത്തുകാർ അവർ എഴുതിയത് മലയാളമായതിനാൽ അംഗീകരിക്കപ്പെടാതെ എന്നാൽ പുസ്തകങ്ങൾ രഹസ്യമായി വായിക്കപ്പെട്ടും കോപ്പികൾ തീർന്നുമിരുന്നു.

അതെ, കുറച്ചു കാലം മുൻപ് വരെ പോപ്പുലർ ഫിക്ഷന്റെ വായനക്കാർ ഒരിക്കലും തങ്ങളെ വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ കാലം മാറുന്നു, പുതിയ ഒരു തലമുറ, മാറിയ കാലത്തിനനുസരിച്ച് തങ്ങളുടെ എഴുത്തിന്റെ ക്രൈം ത്രില്ലെർ ആയും ഹൊറർ ത്രില്ലെർ ആയും ഒക്കെ എഴുതി ചേർക്കുന്നു. ആ പുതിയ എഴുത്തുകാരുടെ കൂട്ടത്തിൽ ലാജോയുടെ പേര് ആദ്യം തന്നെയുണ്ട്.

മൂന്നു സ്ത്രീകളാണ് ആവർത്തിച്ച് കൊല്ലപ്പെടുന്നത്. ആദ്യ കൊലയുടെ രീതി കണ്ടപ്പോൾ തന്നെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥ ഷാരോൺ ഐ പി എസിനു ഒരു സീരിയൽ കില്ലറിന്റെ ശൈലി മണത്തെങ്കിലും ഷാരോണിനോട് കലിപ്പുള്ള മറ്റു ഉദ്യോഗസ്ഥർ അതിനു തയ്യാറാകുന്നില്ല.

പക്ഷെ വീണ്ടും കൊലപാതകങ്ങൾ അതെ രീതിയിൽ ആവർത്തിക്കപ്പെട്ടപ്പോൾ വളരെ ക്രൂരനായ , പൈശാചികനായ ഒരു സീരിയൽ കൊലപാതകിയുടെ നിഴൽ അവരിൽ വന്നടിച്ചു തുടങ്ങി. പക്ഷെ എങ്ങനെയെങ്കിലും തെളിവ് കണ്ടത്തി കേസ് അവസാനിപ്പിക്കാൻ ഉന്നതങ്ങളിൽ നിന്നുള്ള സമ്മർദ്ദം നിമിത്തം കൊലകളുടെ ഉത്തരവാദിത്തം ഒരു ബംഗാളിയിൽ വന്നു വീഴുന്നു.

ഔദ്യോഗിക രേഖ പ്രകാരം ഹൈഡ്രേഞ്ചിയ കൊലക്കേസ് അവിടെ അവസാനിക്കുന്നു. പക്ഷെ സ്ഥലം മാറ്റത്തിനു വിധേയയായ ഉദ്യോഗസ്ഥ ഷാരോൺ അങ്ങനെ വെറുതെ ഇരിക്കാൻ ആഗ്രഹിച്ചില്ല, അവർ സമാന്തര അന്വേഷണ ഏജൻസിയായ AAA യ്ക്ക് കേസ് രഹസ്യമായി ഏൽപ്പിക്കുന്നു. ഈ ഡിറ്റക്ടീവ് ഏജൻസി ഇമ്രാൻ അലിയുടേതാണ്.

പൊലീസിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ഇമ്രാൻ ഇപ്പോഴും ബുദ്ധി കൂർമ്മതയിൽ മുന്നിൽ തന്നെയാണ്, പൊലീസിലെ തന്നെ ജീവിതത്തെ ഉപേക്ഷിച്ച് അദ്ദേഹം ഡിറ്റെക്ടിവ് ഏജൻസി തുടങ്ങുമ്പോൾ യാദൃച്ഛികമായി അതിൽ പത്രപ്രവർത്തന ജോലി ഉപേക്ഷിച്ച എസ്തറും വന്നെത്തുന്നു. പിന്നീട് അതി ഭീകരമായ ഹൈഡ്രാഞ്ചിയ കേസ് അന്വേഷിക്കുന്നത് ഇമ്രാൻ അലിയുടെ നേതൃത്വത്തിലുള്ള സംഘമാണ്.

നോവലിന്റെ തുടക്കം മുതൽ അവസാനം വരെ ഒരു കുറ്റാന്വേഷണത്തിനുള്ള സാധ്യത നിർത്തിക്കൊണ്ടു തന്നെ സസ്പെൻസ് നിലനിൽക്കുന്നുണ്ട്. പലയിടങ്ങളിലും വച്ചു കുറ്റവാളിയുടെ അടുത്തുവരെ പോയ വായനക്കാർ ഏറ്റവുമൊടുവിൽ ക്ളൈമാക്സില് എത്തുമ്പോൾ തകർന്നു തരിപ്പണമായിപ്പോകും എന്നതാണ് സത്യം. അത്രയേറെ ഭീകരമാണ് ചില സത്യങ്ങൾ.

അഞ്ചു ഭാഗമായാണ് നോവൽ വികസിക്കുന്നത്. ആദ്യത്തെ മൂന്നു ഭാഗമായപ്പോൾ പെട്ടെന്ന് തന്നെ അവസാനത്തിലേക്കെത്താനും കുറ്റവാളിയെ പിടി കൂടാനുമുള്ള അടങ്ങാത്ത ആഗ്രഹവും ആരെന്നറിയാനുള്ള ഉത്കണ്ഠയും കൊണ്ട് അവസാനം എടുത്തു വായിക്കാൻ തോന്നുമെങ്കിലും ഹൃദയത്തെ അടക്കി നിർത്തി വായിച്ചു പോന്ന അതെ തലത്തിൽ തന്നെ അവസാനം വരെ എത്തുമ്പോൾ അവിടെ ഒരു വലിയ കൊക്കയാണുള്ളത്. അവിടെ നിന്നും ആരോ തള്ളിയിട്ടെന്നപോലെ വായനക്കാരൻ താഴെ വീണു പോകും.

കോഫി ഹൌസിൽ എസ്തർ എന്ന പത്രവാർത്തക കുറച്ചുകൂടി ബോൾഡ് ആണെങ്കിൽ ഹൈഡ്രേഞ്ചിയയിൽ വരുമ്പോൾ എസ്തർ കുറച്ചുകൂടി ജീവിതത്തിലേയ്ക്ക് ഇറങ്ങി വരുന്നുണ്ട്. ഒരു ഷെർലക്ക് ഹോംസൊന്നുമല്ല എസ്തർ, ബുദ്ധി നന്നായി ഉപയോഗിക്കാനറിയുന്ന ഒരു പെൺകുട്ടിയാണ്. അവൾക്കുമുണ്ട് ജീവിതത്തിൽ താൻ നേരിട്ട ചില പൊള്ളുന്ന യാഥാർഥ്യങ്ങൾ, ശാരീരികമായ അവശതകൾ, മാനസികമായ അപകടകരമായ അവസ്ഥ.

പക്ഷെ പല രംഗങ്ങളിലും എസ്തറിന്റെ അവസരോചിതമായ നിലപാടുകളാണ് കഥയെ മാറ്റി മറിക്കുന്നത്. അലി ഇമ്രാന്റെ സഹായി ആണെങ്കിലും എസ്തർ അവളുടെ ഉള്ളിലെ ആ പഴയ നിലപാടിനെയും ആന്തരിക ധൈര്യത്തേയും ഇടയ്ക്കെങ്കിലും കണ്ടെത്തുന്നുണ്ട്. എങ്കിലും അവസാനത്തോടെത്തുമ്പോൾ നെഞ്ച് മുറിഞ്ഞു പോകുന്നു. എസ്തറിന്റെ ജീവിതം… എന്റെ ദൈവമേ!

എഴുത്തുകാരന്റെ മാനസികമായ ചിന്തകളുടെ ആകെ തുകയൊന്നുമല്ല ഹൈഡ്രാഞ്ചിയ. വളരെ പക്വമായ രീതിയിൽ വിഷയത്തെ കണ്ടെത്തിയ ശേഷം ആഴത്തിലുള്ള ഗവേഷണം നടത്തി എഴുതപ്പെട്ട ഒരു കുറ്റാന്വേഷണ നോവലാണിത്. പല സീനുകളും ആ സത്യം വെളിപ്പെടുത്തുന്നു. പോസ്റ്മോട്ടം സീനുകളുടെ വിവരണം ഇതിൽ മികച്ചു നിൽക്കുന്നു.

എല്ലുകൾ തുളയ്ക്കുന്ന യന്ത്രത്തിന്റെ ഒച്ച തലച്ചോറിൽ ഇപ്പോഴും കേൾക്കാമെന്ന് തോന്നുന്നുണ്ട്, ഒപ്പം എല്ലുകളുടെ ആ ഗന്ധവും. പരിചിതമല്ലാത്ത, പല വാക്കുകളും പല കുറ്റാന്വേഷണ നോവലുകളുടെ വിവരണങ്ങളും വായനക്കാരെ ഏറെ കൗതുകത്തിലാഴ്ത്തും എന്നതിൽ സംശയമില്ല.

പിങ്ക് ഹൈഡ്രേഞ്ചിയ പൂക്കളാണ് മരണഗന്ധമുള്ള മുറികളെ ആകർഷകമാക്കുന്നത്. എന്തുകൊണ്ട് അപൂർവ്വമായ പിങ്ക് ഹൈഡ്രേഞ്ചിയ പൂക്കൾ? അതിന്റെ ഉത്തരം അന്വേഷിച്ച് ചെല്ലുമ്പോൾ ലഭിക്കുന്ന ഉത്തരങ്ങൾ എല്ലാത്തിന്റെയും ഉത്തരങ്ങളാണ്. പക്ഷെ ഏറ്റവുമൊടുവിൽ ആ ഹൈഡ്രാഞ്ചിയ പൂക്കൾ ഞെട്ടിച്ചു കളയും എന്നതാണ് സത്യം.

സീരിയൽ കില്ലർ കൊലപ്പെടുത്തുന്ന സ്ത്രീകളെല്ലാം തന്നെ വീടുകളിൽ ഒറ്റയ്ക്കായിപ്പോകുന്നവരാണ്. പക്ഷെ ആരെ തിരഞ്ഞെടുക്കണം എന്ന് തുടങ്ങി എല്ലാത്തിനും കൊലപാതകിയ്ക്ക് അയാളുടേതായ ഒരു ഫോർമാറ്റുണ്ടായിരുന്നു. വളരെ സൂക്ഷ്മമായി ആ വഴിയിലൂടെ വായനയിൽ സഞ്ചരിക്കുമ്പോൾ അതിനു വേണ്ടി എഴുത്തുകാരൻ എടുത്ത എഫൊർട് ഊഹിക്കാനാകും.

ഒറ്റയ്ക്കായിപ്പോകുന്ന അവസരങ്ങളിൽ ഈ നോവൽ വായിക്കുന്ന ഓരോ സ്ത്രീയും പുരുഷനും പരിഭ്രമിക്കും, ആളൊഴിഞ്ഞ സന്ധ്യകളിൽ വെറുതെ ഇലയനങ്ങുന്നതു കാണുമ്പൊൾ പുറത്താരോ തന്നെ കാത്തിരിക്കുന്നെന്നോർത്ത് ഭീതിപ്പെടും.

അയാൾ അത്ര നിസ്സാരനല്ല, അതിക്രൂരമായ നിലയിൽ റേപ്പ് ചെയ്ത ശേഷം കൊലപാതകം നടത്തുന്ന, കണ്ണുകൾ തുറന്നു പിടിക്കാൻ പശയൊഴിക്കുന്ന, തെളിവുകൾ അവശേഷിക്കാതെയിരിക്കാൻ ഫോർമാലിൻ ഒഴിച്ച മൃതദേഹം വൃത്തിയാക്കുന്ന, പിങ്ക് ഹൈഡ്രാഞ്ചിയ പൂക്കൾ വിതറുന്ന അതിക്രൂരനായ മാനസിക രോഗിയാണ്. അയാളെ എങ്ങനെയാവും നോവലിനൊടുവിൽ തിരിച്ചറിയുക?

എസ്തറോ, ഷറോണോ അതോ ഇമ്രാൻ അലിയോ? ആരാണ് അയാളെ കണ്ടെത്തുക? ഓരോ അധ്യായത്തിലും ഈ ഉദ്വേഗം ബാക്കി വച്ചുകൊണ്ടു നോവൽ മുന്നോട്ടു പോകുന്നു.

ആരാണ് ഹരി?

ആരാണ് നോവൽ തുടങ്ങുമ്പോൾ പരിചയപ്പെടുത്തുന്ന മുനിയാണ്ടിയും സേതുലക്ഷ്മിയും?

എന്താണ് എസ്തർ അനുഭവിക്കുന്ന വിഷാദം?

ഇനി അടുത്തൊരു എസ്തർ സീരീസ് ഉണ്ടാകുമോ?

ചിലതിനൊന്നും ഉത്തരമില്ല, ഒരു നടുക്കം ഇപ്പോഴും വിട്ടു മാറാതെ ഹൃദയത്തിലവശേഷിക്കുന്നു.
“ഈ നോവലെഴുത്ത് എന്റെ ജീവിതം മുഴുവൻ ഞാൻ സമർപ്പിച്ച് ചെയ്ത ഒന്നാണ്. അതുകൊണ്ടാവണം എഴുതി കഴിഞ്ഞപ്പോഴേക്കും ഞാൻ തകർന്നു തരിപ്പണമായിപ്പോയത്!”, നോവലിസ്റ്റ് ലാജോ ജോസ് പറയുന്നു. അത് സത്യമാകാനേ തരമുള്ളൂ. ഹൈഡ്രേഞ്ചിയ മലയാള സാഹിത്യത്തിൻറെ ദിശാ സൂചിക മാറുന്നതിന്റെ അടയാളം തന്നെയായി കുറിക്കപ്പെട്ടിരിക്കുന്നു.

 

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Tags:

Leave a Reply