Skip to content

വരലക്ഷ്മി – ഭാഗം 10

വരലക്ഷ്മി Malayalam Novel

പിന്നവിടെ നിക്കാൻ തോന്നീല.. ഒരൊറ്റ ഓട്ടം.. നേരെ വന്നത് തനൂന്റെ അടുത്താ.. “ചേച്ചീ എന്റെ വല്ല ഹെല്പും വേണോ ടീ..”

“എന്ത് ഹെൽപ്.. പറ്റുവാണേൽ ഒന്നും മിണ്ടാതെ അങ്ങോട്ട് മാറി നിക്ക്.. അതാ നിനക്ക് ചെയ്യാൻ പറ്റിയ ഏറ്റവും വല്യ സഹായം..”

ഹും ഒന്ന് സഹായിക്കാമെന്ന് വിചാരിച്ചാലും പുച്ഛം..

ഇവിടെ അധികനേരം നിക്കാനും പറ്റില്ലല്ലോ ഈശ്വരാ, ആ വെട്ടുപോത്തെങ്ങാനും വന്നാ തീർന്നു..

“ലച്ചൂ നിന്നോട് ഞാനൊരു കാര്യം പറയാൻ മറന്നു.. വരുന്ന ബുധനാഴ്ച ഏട്ടൻ ഫ്രണ്ട്സിനൊക്കെ ഒരു ബാച്ച്ലർ പാർട്ടി പ്ലാൻ ചെയ്യുന്നുണ്ട്.. നിനക്ക് തുണിയെടുക്കുമ്പോ നീ അതും കൂടി കണക്കാക്കി എടുക്കണേ..”

അതാണല്ലോ ഇപ്പൊ അത്യാവശ്യം.. മനുഷ്യനിവിടെ കയ്യും കാലും വിറച്ചിട്ട്.. നോക്കുമ്പോ തനു നിന്ന് നോക്കുവാ.. “നീയെന്തിനാ ടീ നിന്ന് വിയർക്കുന്നെ..”

“ആര് വിയർക്കുന്നു.. ഞാനെങ്ങും വിയർക്കുന്നില്ല..” ശരിയാണല്ലോ ഈശ്വരാ ആകെ മൊത്തം വിയർത്ത് കുളിച്ച് നിപ്പാ.. അവളാണേൽ തുറിച്ച് നോക്കേം ചെയ്യുന്നു.. “ഹ നീയെന്തിനാ ടീ അതിന് ഇങ്ങനെ നോക്കണേ.. ഒരു മനുഷ്യന് വിയർക്കാനും പാടില്ലേ.. ഹോ ന്തൊരു ചൂടാ ഇവിടെ..”

ലവളെന്തോ ഭീകര ജീവിയെ പോലെ പിന്നേം നോക്കുക്കുന്നുണ്ട്.. ” ഇത്രേം എ സി യുള്ള കടേല് നിന്നിട്ട് നിനക്ക് വിയർക്കുന്നോ ടീ..”

ഈ പെണ്ണ് സമ്മതിക്കൂല..

“ആണേലിപ്പോ എന്താ, നീ സാരിയെടുക്കാൻ വന്നതല്ലേ, അല്ലാണ്ട് എന്നെ ഊട്ടീല് കറങ്ങാൻ കൊണ്ട് വന്നതൊന്നും അല്ലല്ലോ..”

ഒരു ഡയലോഗ് പറഞ്ഞേന് അവള് വീണ്ടും നിന്ന് കണ്ണുരുട്ടുന്നു.. “സത്യം പറ ലച്ചൂ.. എന്ത് പണിയൊപ്പിച്ച് വച്ചിട്ടാ ഇപ്പൊ നീ വന്നേക്കുന്നെ..”

ഇവളെക്കൊണ്ട് തോറ്റല്ലോ ഈശ്വരാ.. ജീവിക്കാൻ സമ്മതിക്കൂല..

“നീയെന്താ തനു ഒരു മാതിരി കുറ്റവാളികളെ നോക്കും പോലെ..”

“നിന്നെ ഞാൻ ആദ്യമായിട്ടൊന്നും കാണുവല്ലല്ലോ.. എന്തോ ഉണ്ട്, അതാ നിനക്ക് വല്ലാത്തൊരു സ്നേഹം.. മര്യാദക്ക് പറഞ്ഞോ ലച്ചൂ.. അല്ലേ ഞാനിപ്പോ സഞ്ജുനെ വിളിക്കും..”

“ഹാ നിനക്കിത് എന്തുവാ എന്ത് പറഞ്ഞാലും ആ കാലമാടൻ.. ന്റെ തനു ഒന്ന് വിശ്വാസിക്ക് ഞാനൊന്നും ചെയ്തിട്ടില്ല.. നീയിത് വിട്ടേ, നിനക്കിപ്പോ ബാച്ച്ലർ പാർട്ടിക്ക് പോണം അത്രല്ലേ ഒള്ളു.. അതിനിപ്പോ ഞാനെന്താ വേണ്ടേ.. അച്ഛന്റെ പെർമിഷൻ വേണോ..”

“അതും വേണം, നീയും വരണം..”

“അയ്യടീ മോളെ.. ഞാനെങ്ങും ഇല്ല.. വന്ന് കട്ടപ്പോസ്റ്റാവാനല്ലേ.. അല്ലേ തന്നെ നിങ്ങടെ കെട്ടിന് ഇനീം രണ്ടാഴ്ച ഇല്ലേ.. പിന്നെന്തിനാ ഇപ്പൊഴെ ഒരു പാർട്ടി..”

“അത് പിന്നെ സഞ്ജു ഈയാഴ്ച ചെന്നൈക്ക് പോകുവല്ലേ.. അപ്പൊ അതിന് മുൻപേ നടത്താൻ വേണ്ടിയാ..”

“ഏഹ്..!!” കാലമാടൻ കെട്ടിയെടുക്കുവാ അപ്പൊ.. അടിപൊളി.. ഈശ്വരാ ഇനീപ്പോ അങ്ങേര് പോണോണ്ടാ ഞാൻ അങ്ങനെ ചെയ്തതെന്ന് വിചാരിക്കോ ആ കാലൻ.. എന്തോ ഒന്ന് മണ്ടേല് കൊളുത്തിപ്പിടിച്ച പോലെ.. ഒരു ആന്തലും പിന്നെ ഒടുക്കത്തെ ഒരു ഇക്കിളും.. പണ്ടാരം ഇതിപ്പോ എന്തോ ചെയ്തിട്ടാ..

“ടീ ഈ വെള്ളം കുടിക്ക്.. അത് പോവും..” തനു അപ്പൊത്തന്നെ ബാഗിന്ന് കുപ്പിയെടുത്ത് നീട്ടി..

ഗ്‌ളും ഗ്‌ളും ന്ന് കുടിച്ചിട്ടും ഏഹേ, അത് നിക്കുന്നില്ല.. പുല്ല് ഇക്കിളിന് വരാൻ കണ്ട നേരം..

ലവളാണേൽ നിന്ന് ചെറയുന്നു.. “കൃത്യം അവന്റെ പേര് കേട്ടപ്പോ തന്നെ നിനക്കെങ്ങനെ ഇക്കിള് വന്നു..”

“മനുഷ്യൻ ചാവാൻ കിടക്കുമ്പോ തന്നെ നിനക്കത് ചോദിക്കണം ലേ.. ഇഹ് ഇഹ്..” പണ്ടാരം നിക്കുന്നുമില്ല..

തനു പിന്നേം നിന്ന് സ്കാൻ ചെയ്യുന്നുണ്ട്.. ഇങ്ങനാണേൽ ഇവിടെ നിന്നാ ശരിയാവൂല, ഇവളെല്ലാം മിക്കവാറും മണത്ത് പിടിക്കും.. എങ്ങോട്ടേലും ഓടാമെന്ന് വച്ച് തിരിഞ്ഞപ്പോഴാ, ന്റമ്മേ ദേ വരുന്നു കാലൻ.. ഇടിവെട്ടേറ്റ പോലെ നിന്നു ന്റെ ഇക്കിള്..!! ഇന്നപ്പോ സമാധി തന്നെ..

എന്നെ നോക്കിക്കൊണ്ടാ സാധനം വരുന്നേ.. ഒന്ന് ചിരിക്കയെങ്കിലും ചെയ്യ് മനുഷ്യാ, തിന്നോ കടിക്കോ ന്നെങ്കിലും ഊഹിക്കാലോ.. ഇങ്ങോട്ടേക്ക് തന്നാ വരവ്.. ഒന്നും നോക്കണ്ട, ഓടീട്ട് തന്നെ ബാക്കി കാര്യം.. റെഡി വൺ റ്റു ത്രീ,…

“ടീ പെടക്കോഴീ..!! നിക്കെടീ അവിടെ..”

അയ്യേ.. കാലമാടൻ എന്നെയാ വിളിക്കണേ.. തിരിഞ്ഞ് നോക്കിയാ നാറും..

അറിയാത്ത ഭാവത്തിൽ ഒരു കാലൂടി എടുത്തങ്ങ് കുത്തിയതും, “നിന്നോട് നിക്കാനാ പറഞ്ഞെ.. ഓടിച്ചിട്ട് പിടിച്ചാ അറിയാല്ലോ ടീ പെടക്കോഴി..”

ശവം.. പെടക്കോഴി പോലും.. “ആരാ ടോ മനുഷ്യാ നിങ്ങടെ പെടക്കോഴി.. ദേ ന്റെ വായിലിരിക്കുന്ന ഒന്നും കേക്കണ്ട..”

“പിന്നേ കേട്ടാലും മതി.. ഒളിഞ്ഞും മറഞ്ഞും നിന്ന് ചെക്കന്മാരെ ഉമ്മ വച്ച് വീഴ്‌ത്തുന്ന നിന്നെ പിന്നെ എന്തോ വിളിക്കാനാ ടീ കോപ്പേ..”

അയ്യേ ഇങ്ങേരിന്ന് നാറ്റിക്കും മനുഷ്യനെ.. ഭാഗ്യത്തിന് ആരും കേട്ടില്ല ന്ന് വെറുതെ തോന്നുന്നതാ, ല്ലാം കേട്ടിട്ടുണ്ട് തനു.. ഇതിലും വലിയ നാറൽ സ്വപ്നങ്ങളിൽ മാത്രം..

“എന്തൊക്കെയാ ലച്ചൂ ഞാൻ ഈ കേക്കണേ..!! ഇപ്പൊ മനസിലായെടീ എനിക്കെല്ലാം..”

“ന്റ തനൂ നീ വിചാരിക്കും പോലൊന്നും ഇല്ല, ഇങ്ങേര് വെറുതെ..”

“അതേ ടീ എന്റെ തലയ്ക്ക് പിന്നെ ഓളമല്ലേ ഓരോന്നങ്ങ് വിളിച്ച് പറയാൻ..”

“ഓളമല്ല മനുഷ്യാ ഒന്നാന്തരം പിരിയിളകി കിടക്കുവാ നിങ്ങക്ക്..”

“ഓ അത് നന്നാക്കാനായിരിക്കും നീയെന്നെ പബ്ലിക്കായി പിടിച്ച് —”

“അയ്യേ ഒന്ന് വായടയ്ക്ക് മനുഷ്യാ..!! ഉളുപ്പില്ലാതെ കിടന്ന് കൂവുന്ന നോക്ക്.. പെണ്ണുങ്ങളെ വശീകരിച്ച് കൊണ്ട് പോയതും പോരാ –”

“ഈശ്വരാ എന്തൊക്കെയാ കേക്കണേ..” തനുവാ.. ഇവളോട് എങ്ങനെയാ പറയാ ഒന്നും നടന്നിട്ടില്ലാന്ന്.. ന്നിട്ട് കിടന്ന് തുള്ളാനൊരു കാലനും.. “ആരാ ടീ പുല്ലേ വശീകരിച്ചേ.. മനുഷ്യനെ മയക്കി ഓരോന്ന് ഒപ്പിച്ചത് നീയല്ലേ ടീ..”

“അയ്യടാ പറയണ കേട്ടാ തോന്നുവല്ലോ ഞാൻ നിങ്ങളെ മയിലെണ്ണ ഇട്ട് വളച്ചെന്ന്.. അല്ലാ നിങ്ങളോടാരാ മനുഷ്യാ എന്നെക്കണ്ട് മയങ്ങാൻ പറഞ്ഞെ..”

“അ അ ആര് മയങ്ങി.. പിന്നേ നീയങ്ങ് വളക്കാൻ വന്നാ ഞാനങ്ങ് മയങ്ങാൻ നിക്കുവല്ലേ..”

“ഹ്മ് അതേ പറ്റി നിങ്ങള് കൂടുതലൊന്നും പറയണ്ട.. കിളി പോയ കോഴിയെപ്പോലെ നിങ്ങള് നിക്കണത് ഞാൻ കണ്ടതാ മനുഷ്യാ..”

“ഒന്ന് മതിയാക്ക് ലച്ചൂ.. എനിക്ക് വയ്യ ഇതൊന്നും കേൾക്കാൻ..”

“ഹ ഇത് നീ വിചാരിക്കുന്നതല്ല തനു.. അതെങ്ങനാ ഈ കാലമാടൻ ഗ്യാപ് തരണ്ടേ പറയാൻ..”

“എന്തായാലും എനിക്ക് കേക്കണ്ട..!!” തനു അപ്പോഴേക്കും ഞങ്ങടെ ഇടയ്ക്ക് കേറി നിന്നു.. ” രണ്ടും കൂടി ഓരോന്ന് കാണിച്ച് കൂട്ടുന്നതും പോരാ, ന്നിട്ട് ബാക്കിയുള്ളോരേ പൊട്ടന്മാരാക്കുവാ..”

“അയ്യേ ഇത് അതല്ല– ”

“മതി വിസ്തരിച്ചത്.. എനിക്ക് തൃപ്തിയായി.. ഈശ്വരാ എന്തിനാ ഇങ്ങനെ ബാക്കിയുള്ളോരേയിട്ട് വെള്ളം കുടിപ്പിക്കണേ.. ഈ ഏട്ടനേം കാണുന്നില്ലല്ലോ ദൈവമേ, മനുഷ്യനെ ഒറ്റക്കാക്കി പോയേക്കുന്നു ദുഷ്ടൻ..”

“ഏട്ടൻ അവിടെ അച്ഛനോട് സംസാരിച്ചോണ്ട് നിക്കുവാ ഏട്ടത്തി..”

ഓ അപ്പൊ അങ്കിളിന് ജീവനുണ്ട്..

“ഹ്മ്.. സഞ്ജു നീ കുറച്ച് നേരം ഇതിനോട് മിണ്ടാതെ നിക്കോ.. ഇവളേം കൂടി കൊണ്ട് പോയാ, അത് കണ്ട് അങ്കിളിന് അറ്റാക്ക് വരും.. അതോണ്ടാ ഇവിടെ നിർത്തണെ.. ദയവ് ചെയ്ത് നിങ്ങള് രണ്ടാളും കുറച്ച് നേരം ഒന്ന് അടങ്ങി നിക്കണം.. ഞാനൊന്ന് പോയി ഏട്ടനെ വിളിച്ചിട്ട് പെട്ടെന്ന് വരാം..”

“ഏട്ടത്തി ധൈര്യായി പൊയ്ക്കോ.. അല്ലേലും ഞാനീ മൊതലിനോട് മിണ്ടാൻ പോണില്ല.. ഹും..”

“ഓ പിന്നെ എനിക്ക് പിന്നെ നിങ്ങളോട് മിണ്ടിക്കോളാൻ അങ്ങ് മുട്ടി നിക്കുവല്ലേ..”

“ഓ..!!! നിങ്ങളിനി അതില് പിടിച്ച് തുടങ്ങണ്ടാ.. അഞ്ച് മിനിറ്റ്, ഞാനിപ്പോ വരാം..”

തനു പോയതും ഞാൻ തിരിഞ്ഞ് നിന്നു.. അല്ലേലും ആർക്ക് കാണണം ഇങ്ങേരുടെ മോന്ത.. ശവം എന്തായാലും ചെന്നൈക്ക് കെട്ടിയെടുക്കുവല്ലേ.. പോട്ടെ പണ്ടാരം..

വെറുതെ ഞാനൊന്ന് തിരിഞ്ഞ് നോക്കി, ഓ അങ്ങേരവിടെ കസേരയില് ഇരിപ്പാ.. ഹും നോക്കണ നോട്ടം നോക്ക്, തനി കോഴി തന്നെ.. തൊട്ടടുത്ത് നിന്നിട്ട് തന്നെ ഇതാണ് നോട്ടമെങ്കി, ബാക്കി പെണ്ണുങ്ങളെ ഒക്കെ ഇങ്ങേര് ഉഴിഞ്ഞ് വീഴ്ത്തുവല്ലോ ഈശ്വരാ..

“ന്തുവാ ടീ നോക്കി വെള്ളമിറക്കണേ..”

ഇങ്ങനാണേൽ ഈ കാലനെ മിക്കവാറും ചെന്നൈക്ക് പോകാൻ ഞാൻ ബാക്കി വച്ചേക്കില്ല.. “അല്ല മനുഷ്യാ നിങ്ങള് ചെന്നൈക്ക് കെട്ടിയെടുക്കുവാന്ന് കേട്ടു.. ഈ ആണ്ടിലൊന്നും തിരിച്ച് വരില്ലായിരിക്കും അല്ലേ..”

“ഓ എന്നെക്കാണാതെ ഇരിക്കാൻ പറ്റില്ലാരിക്കും.. ഹ്മ് നിന്റെ പൂതി മനസിലിരിക്കത്തേ ഒള്ളെ ടീ..”

ഇങ്ങേര ഞാൻ.. വായിന്ന് വല്ലോം വീഴാൻ വേണ്ടി കാത്ത് നിക്കുവാ, അതില് തളം വച്ച് കേറാൻ.. ഹും.. ഞാൻ പിന്നേം തിരിഞ്ഞ് നിന്നു.. ഒന്നൂടി വെറുതെയൊന്ന് തിരിഞ്ഞ് നോക്കി, ഇപ്പോഴും നോക്കണുണ്ടോ ന്ന് അറിയണോല്ലോ.. ശവം പിന്നേം നോക്കിക്കൊണ്ടിരിക്കുവാ..

“ന്തുവാ ടീ പെടക്കോഴി പിന്നേം നിന്ന് കുറുകുന്നേ..”

ഇങ്ങേര ഞാൻ..

“കൊറേ നേരായി സഹിക്കുന്നു.. ആരാ ടോ നിങ്ങടെ പെടക്കോഴി.. ചുമ്മാ നിക്കാന്ന് വിചാരിച്ചാ കിളച്ചോണ്ട് പിന്നേം വരുവാ..”

“അയ്യടീ അപ്പൊ നീ ഒളിഞ്ഞും മറിഞ്ഞും എന്നെ നോക്കിയതാ..”

“അയ്യടാ നോക്കാൻ പറ്റിയ ചളുക്ക്.. നിങ്ങളപ്പോ എന്നെ നോക്കിക്കൊണ്ട് ഇരിക്കണോണ്ടല്ലേ മനുഷ്യാ ഞാൻ നോക്കണ കണ്ടേ..”

“നീ എന്റെ നോട്ടത്തെ കുറിച്ചൊന്നും പറയണ്ട ടീ പുല്ലേ.. നിന്റെ ചാട്ടം എങ്ങോട്ടാണെന്നൊക്കെ എനിക്ക് മനസ്സിലാവുന്നുണ്ട്..”

ശവം.. ഇങ്ങേരെ വായ്ക്കകത്ത് കുത്തിക്കേറ്റാൻ ഒന്നും ഇല്ലല്ലോ ഈശ്വരാ.. ഒരിച്ചിരി തുണിയെങ്കിലും കിട്ടിയിരുന്നെങ്കി..

“ന്തുവാ ടീ കിടന്ന് ചീണ്ടുന്നെ..”

പിന്നേം തൊടങ്ങി കാറല്.. ഇങ്ങേരെയിന്ന്.. ഹ്മ് ലവനെന്നെ നോക്കുന്നുണ്ട്..കയ്യി കിട്ടിയതൊരു മുഴുവൻ സാരിയും.. കോഴി എണീക്കാൻ തുടങ്ങിയതും ഞാനോടി മടീൽ കേറിയിരുന്നു.. ഒരു നിമിഷം അങ്ങേരൊന്ന് ഞെട്ടി, ആ ഗ്യാപ്പിൽ തന്നെ തള്ളിക്കേറ്റി ഒരു മീറ്റർ തുണി അവന്റെ അണ്ണാക്കിലോട്ട്..

ഇനി എങ്ങനെ മിണ്ടുംന്ന് കാണാം.. “ഇനി നിങ്ങളെങ്ങനെ ചൊറിയും ന്ന് കാണണം..” ഈ കസേരയില് കെട്ടിയിട്ടാലോ സാധനത്തെ, വിചാരിച്ചില്ല, അതിനിടയ്ക്ക് ലവൻ സാരി ചുറ്റി വരിയുന്നു.. “എന്ത് കോപ്പാ മനുഷ്യാ കാണിക്കുന്നേ..!!”

കുതറി മാറാൻ നോക്കിയതാ, “അമ്മാ..!!!!”

ഠപ്പോ..!! ദേ കിടക്കുന്നു എല്ലാം കൂടി മറിഞ്ഞടിച്ച് തറയിൽ.. കസേരയും കോഴിയും മേലെ, നട്ടു വച്ച വാഴേം.. ഇങ്ങേർക്ക് പ്രാന്താണ്..

“വിടെടോ കാട്ടാളാ.. എനിക്ക് എണീക്കണം..”

അവൻ കിടന്ന് തല കുടയുന്നു.. ശവം സാരിയില് പൊതിഞ്ഞ് വക്കാ ഞാനെന്തോ വാഴക്കുലയോ..

ലവൻ പിന്നേം കിടന്ന് കുതറുന്നു.. ഓ അതിന് മിണ്ടാൻ പറ്റുന്നില്ല, എനിക്കാണേൽ കൈ അനക്കാനും വയ്യ.. എങ്ങനെയോ വായ വച്ച് കടിച്ച് ഞാൻ സാരി വലിച്ചൂരി.. “ഇനിയെങ്കിലും വിട് മനുഷ്യാ.. ആരേലും കണ്ടാലിന്ന് ഇത് മതി..”

“നിന്നോടാരാ ഡീ കോപ്പേ എന്റെ മേത്ത് വന്ന് വീഴാൻ പറഞ്ഞെ.. എണീറ്റ് പോടീ പുല്ലേ..”

“അയ്യടാ പിടിച്ച് വച്ചേക്കുന്നതും പോരാ.. അങ്ങോട്ട് സാരി വിട് മനുഷ്യാ..!!”

“അയ്യടി അങ്ങനെയിപ്പോ എന്നെ മാത്രം ഇവിടെ കിടത്തീട്ട് നീ എണീറ്റ് ഓടണ്ട.. വരട്ടെ, എല്ലാരും വന്ന് കാണട്ടെ ടീ കോപ്പേ നീയെന്നെ വശീകരിച്ച് വീഴ്ത്തിയത്..”

“നിങ്ങളല്ലേ മനുഷ്യാ എന്നേം കൂടി തള്ളിയിട്ടേ.. ”

ന്നിട്ട് വശീകരണം പോലും.. വല്ല കുലുക്കോം ഉണ്ടോന്ന് നോക്ക്.. ഈശ്വരാ ഇതിനി ആരൊക്കെ കണ്ടോണ്ട് വരോ..

പറഞ്ഞ് തീർന്നില്ല, ദോ വരുന്നു തനൂം നിരഞ്ജൻ ചേട്ടനും.. “യ്യോ ഇതെന്ത് പറ്റി.. ദൈവമേ ന്റെ സാരി.. ടീ ദുഷ്ടേ നിന്നോടിവിടെ അടങ്ങിയൊതുങ്ങി നിക്കാൻ പറഞ്ഞിട്ടല്ലേ ടീ ഞാൻ പോയെ.. മനുഷ്യൻ എടുത്ത് വച്ച സാരിയെ കിട്ടിയോളു നിങ്ങക്ക് തല്ല് കൂടാൻ..”

“നിന്റെയൊരു സാരി.. മനുഷ്യനെ ആദ്യം ഈ പോത്തിന്റെ അടുത്തിന്ന് രക്ഷിക്കെടീ..”

“പോത്ത് നിന്റെ–”

“സഞ്ജു ഒന്ന് നിർത്തെടാ..!!” നിരഞ്ജൻ ചേട്ടനാ..

“ധനു താനിവിടെ നിക്ക്.. ഞാൻ പോയി ആരേലും വിളിച്ചോണ്ട് വരാം..”

“ചേട്ടാ അതൊന്നും വേണ്ടാ.. ഈ കാലമാടൻ സാരി പിടിച്ച് വച്ചേക്കുവാ ചേട്ടാ.. അത് വിട്ടാ എനിക്ക് എണീക്കാൻ പറ്റും.. ഇങ്ങേര് വിടാത്തതാ..”

“ഞാനൊന്നും പിടിച്ച് വച്ചിട്ടില്ല ഏട്ടാ.. ഈ പൂതനയ്ക്ക് പ്രാന്താ..”

“നാവെടുത്താ കള്ളേ വരോളു പണ്ടാരക്കാലൻ..”

“ഹോ ഒന്ന് മതിയാക്ക് രണ്ടും.. ഞാൻ ആരേലും വിളിച്ചോണ്ട് വരാം..”

ചേട്ടൻ അപ്പൊ തന്നെ വെപ്രാളത്തിൽ ഓടി.. തനുവാണേൽ അവിടെ ഒരു കസേരയിലിരുന്ന് കരയുവാ.. ശെടാ ഒരു സാരിക്ക് ഇവളെന്തിനാ ഇത്രേം ഓവറാക്കുന്നെ..

ലവനാണേൽ എന്നെ തന്നെ നോക്കുന്നുണ്ട്.. ഹും ഞാൻ മുഖം തിരിച്ച് വച്ചു.. “ഒരു ചെക്കന്റെ മേത്ത് മലന്നടിച്ച് കിടന്നിട്ട് വല്ല ഉളുപ്പും ഉണ്ടോന്ന് നോക്ക്..”

“അയ്യടാ എന്നെ കെട്ടിപ്പിടിച്ചോണ്ട് കിടക്കുന്നതും പോരാ.. നാണമുണ്ടോ മനുഷ്യാ നിങ്ങക്കിങ്ങനെ ചോദിയ്ക്കാൻ.. നിങ്ങടെ കൈ വിട്ടാ ഞാനെങ്കിലും എണീക്കൂലേ മനുഷ്യാ..”

“അയ്യടി അപ്പോഴും സ്വന്തം കാര്യം മാത്രം നോക്കണം.. അവിടെ അടങ്ങി കിടക്ക് ശവമേ..”

“ശവം നിങ്ങടെ –”

“തുടങ്ങിയാ രണ്ടും..” തനുവാ.. ഇപ്പൊ വല്ലോം മിണ്ടിയാ ചിലപ്പോ അവള് സാരിയോടെ കത്തിക്കും..

ഈ നിരഞ്ജൻ ചേട്ടനിനി ഫയർ ഫോഴ്സിനെ എങ്ങാനും വിളിക്കാൻ പോയതാണോ എന്തോ.. കാണുന്നില്ല..

“ആ അടിപൊളി.. നോക്കെടീ കോപ്പേ ഏട്ടൻ വരുന്നേ..” കാലൻ പറഞ്ഞ കേട്ടാ ഞാൻ തല തിരിച്ച് നോക്കിയേ..

“നിങ്ങടെ ചേട്ടന് വേറാരേം കിട്ടീലേ മനുഷ്യാ കൂട്ടിക്കൊണ്ട് വരാൻ..”

നോക്കുമ്പോഴുണ്ട് അമ്മേം അച്ഛനും ലതാന്റിയും അങ്കിളും.. ഒരു ചെണ്ട കൂടി ആകാമായിരുന്നു..

വിചാരിച്ച പോലെ തന്നെ , എല്ലാരും ഞങ്ങളെ നോക്കി വണ്ടറടിച്ച് നിപ്പാ.. പിടിച്ച് എണീപ്പിക്കുന്ന പോയിട്ട്, ഒരു ഡയലോഗ് പോലുമില്ല.. അങ്കിള് പിന്നേം കണ്ണ് ചിമ്മിയൊക്കെ നോക്കുന്നുണ്ട്.. പാവം ജീവനുണ്ടെന്നേ ഒള്ളു, നടപ്പൊക്കെ ആരോ കീ കൊടുത്ത് വിട്ട പോലെയാ.. ഇനി ഇതും കൂടി കണ്ടാ..

“യ്യോ ഇവരെന്താ ഈ സാരിക്കകത്ത്..” ഏഹ് അങ്കിളിന്റെ സൗണ്ടാണല്ലോ.. ഈശ്വരാ ഒരു ഷോക്കില് പോയ കിളികള് മറുഷോക്കില് വരും ന്ന് പറയണത് എത്ര സത്യാ..

(തുടരും)

 

വരലക്ഷ്മി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

5/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!