“കടിക്കൂല ടീ മാന്തും..” അങ്ങേരുടെ ഒടുക്കത്തെ അലർച്ചയാണ് കേട്ടത്.. ഇതിനെ എങ്ങനെ ഇവര് സഹിക്കുന്നോ..
പിന്നേം എന്തോ പറയാൻ വേണ്ടി അങ്ങേര് വാ തുറന്നതും, പൊന്നളിയൻ എന്നെ രക്ഷിച്ചെന്ന് പറഞ്ഞാ മതി.. പുള്ളി ഓടിച്ചെന്ന് അനിയനെ എന്തൊക്കെയോ മന്ത്രം പറഞ്ഞ് തളച്ചു..
എന്നിട്ടും അടങ്ങിയോ എന്ന് ചോദിച്ചാൽ, തീർത്തും പറയാറായിട്ടില്ല.. നിരഞ്ജൻ ചേട്ടൻ അതിനെ ചവിട്ടി മടക്കി കാറിലിട്ട് ഡോറടിച്ചു.. ഗ്ലാസിനുള്ളിൽ കൂടി ആ ജീവി ഇപ്പോഴും എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്..
“എന്നാ പിന്നെ വൈകിക്കണ്ട, അങ്കിള് മഴ വരുന്നേനും മുൻപ് പൊയ്ക്കോ..” വിക്കി വിക്കി ഞാൻ പറഞ്ഞൊപ്പിച്ചു..
“ഹഹ.. മോൾക്ക് അപ്പോഴേക്കും പേടിയായോ..”
“ഏയ്.. ഞങ്ങള് ഇതിനെയൊന്നും വീട്ടില് വളർത്താറില്ല.. അതോണ്ടാ..”
അങ്കിള് ചിരിച്ചോണ്ട് എന്നെ ചേർത്ത് പിടിച്ചു.. “അവന്റെ ഫ്രണ്ടിന്റെ കല്യാണായിരുന്നു ഇന്ന്.. പോകാൻ ഞങ്ങള് വിട്ടില്ല, നേരെ ഇങ്ങോട്ട് പിടിച്ചോണ്ട് വന്നു.. അതിന്റെ ചൂടിലാ ആശാൻ..”
ഹിഹി.. ഞാൻ ചിരിച്ചെന്ന് വരുത്തി..
കൂടി നിൽക്കുന്ന പെണ്ണുങ്ങളും കിക്കികിക്കി ചിരി തന്നെ.. അല്ലേലും ഗ്യാലറിയിൽ ഇരുന്ന് കളി കാണാൻ നല്ല രസാ.. കണ്ണിച്ചോരയില്ലാത്ത സാധനങ്ങൾ..
ഒടുവിൽ സമാധാനക്കൊടി വീശി, വണ്ടികൾ പോകാൻ പുറപ്പെട്ടു.. പാതി ശ്വാസം ശ്വാസം വീണു..
ചേച്ചി അപ്പോഴും കാല് കൊണ്ട് ത്രികോണത്തിന്റെ മൂന്നാമത്തെ വശം വരക്കുന്നു.. നിരഞ്ജൻ ചേട്ടനും ആകെ മൊത്തമൊരു പെടപ്പ്.. ആ വെട്ടുപോത്ത് മാത്രം കണ്ണുരുട്ടൽ നിർത്തിയിട്ടില്ല.. സതീശൻ അങ്കിളാണേൽ ഇളയ സന്തതിയുടെ ലീലാവിലാസങ്ങൾ കണ്ട് ചിരിക്കുന്നു.. ഇതൊക്കെ എങ്ങനെ പറ്റുന്നോ..
രണ്ടാമത്തെ വണ്ടി ഗേറ്റ് കടന്നു പോയി.. എടുത്തോണ്ട് പോടാ എന്ന ഭാവത്തിൽ ഞാൻ ആദ്യത്തെ വണ്ടിയെ നോക്കി..
സ്റ്റാർട്ട് ആക്കിയ ഇന്നോവ, സഞ്ജു പെട്ടെന്ന് സഡൻ ബ്രേക്കിട്ട് നിർത്തി.. എന്നിട്ട് ഗ്ലാസ് താഴ്ത്തി, എന്റെ അച്ഛനെയാണ് നോട്ടം..
“മാമാ.. ആ നിക്കണ വാഴയൊക്കെ നിങ്ങടെയാ..”
“ഏത് അതോ.. അത് അപ്പുറത്തെയാ ടാ.. ഞങ്ങൾക്ക് ഈ കവുങ്ങും കുരുമുളകും മാത്രേ ഉള്ളൂ..”
“ഹ്മ്.. വാഴയായിരുന്നു ഇതിലും നല്ലത്..” ഒരു ലോഡ് പുച്ഛത്തിലാണ് അങ്ങേരെന്നെ നോക്കിയത്..
കേട്ട പാടെ പൊട്ടിച്ചിരിക്കാൻ എന്റെ അച്ഛനും..
ഇങ്ങേര് എന്നെയല്ലേ വാഴേന്ന് ഉദ്ദേശിച്ചേ.. കാലമാടൻ.. ഇങ്ങേരെ ഞാൻ.. എടുക്കാൻ തുടങ്ങിയ വണ്ടീടെ പിറകെ ഞാനോടാൻ നോക്കുമ്പോഴുണ്ട്, തടഞ്ഞു വക്കുന്നു തനു.. “തനു എന്നെ വിടാനാ പറഞ്ഞെ.. അങ്ങേരെ ഞാനിന്ന്..”
“സഞ്ജു നീ വണ്ടിയെടുക്കുന്നുണ്ടോ..” നിരഞ്ജൻ ചേട്ടനും അവിടെ ഗുസ്തിയിലാ..
“വണ്ടിയെടുക്ക് സഞ്ജു..” അങ്കിള് പറഞ്ഞതും വണ്ടി നീങ്ങാൻ തുടങ്ങി..
എത്തി വലിഞ്ഞ് നോക്കിയപ്പോ വണ്ടി ഗേറ്റ് കടക്കാറായി.. “അങ്കിളേ പോണ വഴിയേ വല്ല ചങ്ങലയും മേടിച്ചോ.. ആ സാധനത്തിന് തൊടലൊന്നും പോരാ..”
“അങ്കിള് ചങ്ങല മേടിച്ച് പിന്നൊരിക്ക വരാം മോളെ.. അശോകാ ഒരു വരവ് കൂടി വരേണ്ടി വരും..”
അവിടെയും എനിക്കിട്ടൊരു താങ്ങ്… ഇവരൊക്കെ എന്റെ പൊക കണ്ടേ അടങ്ങൂ.. അപ്പോഴേക്കും വണ്ടി പോയിരുന്നു.. ഹും..
വാഴ പോലും വാഴ.. അരിച്ച് കേറുന്നുണ്ട്..
“നീയെന്താ ടീ പിച്ചും പെയ്യും പറയണേ.. പോയി തുണി മാറ്റാൻ നോക്ക്..”
ഹും ഈ അമ്മ..
റൂമിൽ വന്ന് ഷോളും കുന്ത്രാണ്ടവും ഞാൻ വലിച്ചെറിഞ്ഞു.. കട്ടിലിൽ കിടപ്പുണ്ട് ശീലാവതി.. ഓ അവള് നിരഞ്ജൻ ചേട്ടന്റെ ഫോട്ടോയിൽ തോണ്ടി കളിക്കയാണ്.. അല്ലേലും ഇവൾക്കൊന്നും അറിയണ്ടല്ലോ.. ഇവിടെ മനുഷ്യന്റെ..
“ദേ തനു.. എനിക്കൊരു കാര്യം പറയാനുണ്ട്..”
“ന്താ ടീ..”
“ഞാൻ നിന്റെ നല്ലതിനാ പറയണേ.. നിനക്കീ കല്യാണം വേണ്ട.. നമുക്ക് വേറെ ആരേലും നോക്കാം..”
“എന്തോ.. എങ്ങനെ..”
“എടീ പോത്തേ.. നിരഞ്ജൻ ചേട്ടൻ നല്ലവനൊക്കെ തന്നാ.. അത് മാത്രം പോരല്ലോ, നിനക്ക് അങ്ങേര കൂട ജീവിക്കണ്ടേ.. അതിന് എന്തായാലും ആ ഇളയ വിത്ത് നിന്നെ സമ്മതിക്കൂല.. നീയും കണ്ടതല്ലേ അതിന്റെ സ്വഭാവം, പെണ്ണ് കാണാൻ വന്ന വീട്ടിലെ പെണ്ണിനെ കേറി ആരേലും വാഴേന്ന് വിളിക്കോ..”
“അപ്പൊ നീ അവനെ കടിക്കോന്ന് ചോദിച്ചതോ..”
“ഹ അത് അപ്പോഴത്തെ ഒരു ഫ്ലോയിലങ്ങ് വന്നതല്ലേ.. ഞാനറിഞ്ഞോ അതിനിപ്പോ ഈ സാധനം ഇങ്ങനെ കുരക്കുംന്ന്..”
“അപ്പൊ സമ്മതിച്ചല്ലോ, നീയാ തുടക്കമിട്ടത്.. നീയവനെ പോയി ചൊറിഞ്ഞു, അവൻ തിരിച്ചൊന്ന് മാന്തി, തൽക്കാലം അത്രേ ഒള്ളു.. അതിന്റെ പേരിൽ എന്റെ കല്യാണം മുടക്കാനൊന്നും ഞാനില്ല.. വേണേൽ മോള് പോയി കേസ് കൊടുക്ക്..”
അതും പറഞ്ഞവൾ വാതിലും വലച്ചടച്ച് ഒരു പോക്കായിരുന്നു.. ആരോട് കേസ് കൊടുക്കാൻ.. അച്ഛനോടോ, ബെസ്റ്റ്.. കല്യാണം ഇന്ന് വേണോ നാളെ രാവിലെ മതിയോന്ന് ചിന്തിച്ച് നടപ്പാണ് അച്ഛൻ.. അമ്മ പിന്നെ ആദർശ പത്നിയാണല്ലോ, അച്ഛൻ മൊഴിയുന്നത് മാത്രേ മൊഴിയൂ.. ഇങ്ങനാണേൽ മിക്കവാറും ഞാൻ തന്നെ ഈ കല്യാണം മുടക്കും.. നോക്കിക്കോ..
പിന്നീടുള്ള ദിവസങ്ങൾ, പതിവ് പോലെ, എണീക്കണം, കോളേജിൽ പോണം, ക്ലാസ് കട്ട് ചെയ്യണം, ഏതേലും മറച്ചുവട്ടിലിരുന്ന് കത്തി വച്ച്, തനൂന്റെ ക്ലാസ്സ് കഴിയും വരെ കാത്ത് നിൽക്കണം.. അങ്ങനെ രണ്ടാഴ്ച കടന്ന് പോയി..
വീട്ടിൽ കൊണ്ട് പിടിച്ച മുഹൂർത്തം നോക്കലാണ്.. രണ്ട് മാസത്തിനുള്ളിൽ ഇതിന് വിധി വരുന്ന ലക്ഷണമുണ്ട്.. തനു ആണേൽ കൊഞ്ചലും കുഴയലുമായി ഫുൾ ടൈം ഫോണിലും..
ഞായറാഴ്ച ആയിട്ട് ഇന്ന് കോളേജിൽ പോണ്ട.. ഹാ അത് മാത്രമാണ് ആകെയുള്ള ആശ്വാസം..
ഫോണിൽ കുത്തി കുത്തി ഞാൻ സിറ്റൗട്ടിൽ വന്നിരുന്നപ്പോഴാ, മൺവെട്ടിയുമേന്തി പോകുന്നു എന്റെ മാത്രാശ്രീ.. ഇതെന്താ സംഭവം രാവിലെ.. പിന്നാലെ കുറെ വാഴക്കന്നുമായി നടക്കുന്നു ന്റെ ഡാഡിപ്പടി.. യൂ റ്റു ബ്രൂട്ടസ്..
“അച്ഛനിത് എന്തിന്റെ കൊഴപ്പാ.. ഇതിപ്പോ എവിടുന്നാ ഈ വാഴ..”
അമ്മ അടക്കിപ്പിടിച്ച് ചിരിക്കുന്നു..
“സതീശന്റെ വീട്ട്ന്ന് കൊണ്ട് വന്നതാ ടീ.. നല്ല കദളി വാഴയാ..”
“ഈ സതീശനങ്കിളിന് വേറെ പണിയൊന്നും ഇല്ലേ.. ഒരു വാഴ നടാൻ ഇറങ്ങിയേക്കുന്നു.. കൊണ്ടോയി അവർക്ക് തന്നെ കൊടുക്ക്.. ആ ഇളയ സാധനത്തിനെ വല്ല മ്യൂസിയംകാർക്കും പിടിച്ച് കൊടുത്തിട്ട് ഇത് നടാൻ പറ..”
“ഹഹ.. അവര് ആവശ്യത്തിന് എടുത്തിട്ടാ ടീ ബാക്കി ഇവിടെ കൊണ്ട് തന്നത്..”
“ഓഹോ.. എന്നിട്ട് അങ്കിള് വരുന്നത് ഞാൻ കണ്ടില്ലല്ലോ..”
“അവനല്ല വന്നേ.. നിരഞ്ജനാ.. അവന് അഹല്യയില് ജോലിയായിട്ടുണ്ടെന്ന് പറയാൻ വന്നപ്പോ തന്നതാ..”
“അതൊക്കെ ഇതിനിടക്ക് നടന്നോ..”
വെറുതെ അല്ല ആ ശിങ്കാരി വിറളി പിടിച്ച പോലെ ഓടി നടന്നത്.. നിരഞ്ജൻ ചേട്ടൻ ട്രാൻസ്ഫറായ സ്ഥിതിക്ക് ഇനി ഊര് തെണ്ടാനും തുടങ്ങും..
“ലച്ചൂ……” അകത്ത് നിന്നാണ് ആ നീട്ടിയുള്ള വിളി.. കേൾക്കുമ്പോഴേ അറിയാം, എന്നെ സോപ്പിട്ട് എന്തോ കാര്യം സാധിക്കാനാണ്..
മുറിയിൽ വന്നപ്പോ സകലമാന തുണികളും വാരി വലിച്ച് ഇട്ടേക്കുവാ തനു.. “നീയിതെന്താ കാണിക്കണേ.. മര്യാദക്ക് എന്റെ തുണിയൊക്കെ അടുക്കി പെറുക്കി വച്ചോ..”
“അതൊക്കെ ഞാൻ വക്കാം.. നീയാദ്യം വന്നിരിക്ക്.. ഞാൻ നിനക്ക് തരാൻ വച്ചിരുന്ന ഒരു ടോപ് നോക്കുവാരുന്നു..”
എനിക്ക് തരാനോ.. ഞാൻ എടുക്കാതിരിക്കാൻ ബാങ്ക് ലോക്കറിൽ വക്കാനും മടിക്കാത്തവളാ ഈ പറയുന്നേ.. ഇതിലെന്തോ കുരുക്കുണ്ട്..
“ഏത് ടോപ്പാ തനു..”
“അതാ ഞാനും നോക്കുന്നേ, നീയെന്നോട് ആ പുതിയ റെഡ് ടോപ് ഇഷ്ടായെന്ന് പറഞ്ഞില്ലേ.. ആ കിട്ടിപ്പോയ്.. ഇത് നീയെടുത്തോ.. ഇത് നിനക്കാ കൂടുതൽ ചേരാ..”
തനു തന്നാണോ സംസാരിക്കുന്നെ.. നിരഞ്ജൻ ചേട്ടനെ കണ്ടിട്ട് കിളി പോയതാണോ..
“നീയെന്താ ലച്ചൂ ഇങ്ങനെ നോക്കണേ.. നീയിതൊന്ന് ഇട്ട് നോക്കിയേ..”
പെരുമാറ്റത്തിൽ ഒരു വശപിശകൊക്കെ ഉണ്ടേലും, ഓസിന് ഒരു ടോപ് കിട്ടിയതല്ലേ.. അപ്പൊ തന്നെ ഞാൻ മാറി വന്നു.. അതിനിടക്ക് അവളും ഡ്രെസ് മാറി നിൽക്കുന്നു..
“കൊള്ളാം.. നിനക്ക് നന്നായിട്ടുണ്ട്.. വാ നമുക്ക് ഇതൊക്കെ ഇട്ട്, പുറത്തൊക്കെ ഒന്ന് കറങ്ങീട്ട് വരാം..”
“അ അ ആ.. അപ്പൊ അതാണ്.. അല്ലാ, ശൃംഗരിക്കാൻ നിനക്ക് ഒറ്റക്ക് പോയാ പോരെ തനു..”
“എടീ അച്ഛൻ സമ്മതിക്കൂല ടീ.. പ്ളീസ് പ്ളീസ് ടീ നീയും കൂടി വാ.. നീയുണ്ടേലേ അച്ഛൻ വിടൂ.. വാ ലച്ചൂ പ്ലീസ്..”
“അച്ഛനല്ലേ നിന്നെ കെട്ടിക്കാൻ മുട്ടി നടക്കണേ.. അപ്പൊ പിന്നെ നിങ്ങളെ പുറത്ത് വിട്ടാലെന്താ..”
“എടീ അത് പിന്നെ.. അച്ഛനറിയാം ഞങ്ങള് തമ്മില് ഇഷ്ടത്തിലാന്ന്.. ”
“എന്തുട്ട് ന്തുട്ട്..”
“അത് പിന്നെ, ഞാനും നിരഞ്ജൻ ചേട്ടനും ഇഷ്ടത്തിലായിട്ട് കൊറേ വർഷായി ലച്ചൂ.. അത് അറിഞ്ഞിട്ടാ അച്ഛനും സതീശൻ അങ്കിളും കൂടി ഏട്ടനെ ഇടുക്കിയില് നിർത്തി പഠിപ്പിച്ചെ.. കല്യാണം കഴിഞ്ഞിട്ട് മതി കറക്കം എന്നാ അച്ഛൻ പറഞ്ഞേക്കണേ..”
“ന്റെ ദേവീ… ഇതൊക്കെ എപ്പോ നടന്നു.. എടി പിശാശേ നീ എന്റെ കൂടെ തന്നല്ലേ കിടന്നുറങ്ങാറ്.. മിണ്ടാപ്പൂച്ച കലമൊടയ്ക്കും ന്നൊക്കെ പറയണ എത്ര ശരിയാ.. എന്നാലും നിനക്ക് എന്നോടൊരു വാക്ക്…”
“സോറി ലച്ചൂ.. ഏട്ടൻ ഇന്ന് വന്നതേ ഒള്ളു ഇടുക്കീന്ന്.. ജസ്റ്റ് പോയൊന്ന് കണ്ടിട്ട് നമുക്കോടി വരാം.. പ്ലീസ് ഒന്ന് വാ ടീ..”
ഇനി ഈ കല്യാണം ഞാനെങ്ങനെ മുടക്കാനാ.. നാശം പിടിക്കാൻ.. “ഹ്മ് നടക്ക്.. ഇനി ഞാൻ കാരണം നീ കാമുകനെ കാണാതിരിക്കണ്ട..”
“താങ്ക് യു ടീ.. ഈ ടോപ് നീ തന്നെ എടുത്തോ ട്ടാ.. തിരിച്ച് തരണ്ട..”
ഇങ്ങനൊരു സാധനം.. ഞാനൊക്കെ എന്ത് ഭേദം..
പുറത്ത് വന്നപ്പോ തൊഴിലുറപ്പ് കാരെ പോലെ വാഴേം താങ്ങി പിടിച്ച് അമ്മേം അച്ഛനും..
ഇതെങ്ങാനും പണ്ടേ ചെയ്തിരുന്നേൽ എനിക്കീ വേഷം കെട്ടണ്ടാരുന്നു.. അതെങ്ങനാ, മക്കള് പ്രേമിക്കാന്ന് പറയുമ്പോ രഞ്ജി പണിക്കരെ പോലെ ‘നിങ്ങള് കേറി പോരേ’ ന്ന് പറഞ്ഞാ ഇങ്ങനെ ഇരിക്കും.. എന്നിട്ട് ഇപ്പോ ബോധോദയം വന്നേക്കുന്നു രണ്ടിനും..
“അച്ഛാ.. ലച്ചൂന് ലൈബ്രറീന്ന് ബുക്കെടുക്കണംന്ന്.. ഞങ്ങള് പോയിട്ട് പെട്ടെന്ന് വരാവേ..”
അവിടേം എന്നെ തന്നെ കൊലയ്ക്ക് കൊടുക്കണം..
വാഴ കൃഷിക്കാർ മൈൻഡ് ചെയ്തില്ല.. മൗനം സമ്മതം……
ഞങ്ങൾ റോഡിലേക്ക് നടന്നു..
“കുറ്റിയടിച്ച് നിക്കാൻ തൊടങ്ങീട്ട് കൊറേ നേരായി.. നിരഞ്ജൻ ചേട്ടൻ ഇപ്പോഴെങ്ങാനും വരോ തനു.. മനുഷ്യന്റെ കാലും കഴക്കണു..”
“ഒന്ന് അടങ്ങ് ന്റെ ലച്ചൂ.. ഏട്ടൻ വന്നോണ്ടിരിക്കാ, ഇപ്പൊ എത്തും..”
ചേച്ചി പിന്നേം ഫോൺ വിളിച്ച് വച്ചു.. “എത്താറായീന്ന്.. പറഞ്ഞ് തീർന്നില്ല, ദേ എത്തിയല്ലോ അവര്..”
“അവരോ..”
ഞാൻ കണ്ണ് ചിമ്മി നോക്കി..
നോക്കുമ്പോഴുണ്ട് ദൂരെ നിന്നും ചീറി പാഞ്ഞു വരുന്നു ഇന്നോവ.. മുൻ സീറ്റിൽ രണ്ട് രൂപങ്ങൾ.. ഒന്ന് നിരഞ്ജൻ ചേട്ടൻ തന്നെ… പക്ഷെ മറ്റേത്.. സൂക്ഷിച്ച് നോക്കണ്ട ടാ ഉണ്ണീ, ഇത് ഞാനല്ല എന്ന മട്ടിൽ വരുന്നു, ന്റെ കാലൻ..
ന്റമ്മോ ലവൻ വണ്ടി കേറ്റി കൊല്ലാനുള്ള വരവാണല്ലോ ഈശ്വരാ.. അച്ഛനോട് എനിക്ക് കൂടിയൊരു കുഴിയെടുക്കാൻ പറഞ്ഞിട്ട് വരേണ്ടതായിരുന്നു..
(തുടരും)
വരലക്ഷ്മി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission