Skip to content

വരലക്ഷ്മി – ഭാഗം 4

വരലക്ഷ്മി Malayalam Novel

എങ്ങോട്ടേലും ഓടിയാലോ ഈശ്വരാ.. വേണ്ട അങ്ങേര് വണ്ടി കേറ്റി കൊല്ലും..

അപ്പോഴേക്കും കാലന്റെ വണ്ടി മുന്നിൽ വന്ന് നിന്നു.. ദാ തുള്ളിച്ചാടി കേറി പോണു തനു.. ഈശ്വരാ കേറണോ, കാലനാണ് വിളിക്കുന്നത്..

“നീയെന്താ ലച്ചൂ പന്തം കണ്ട പെരുച്ചാഴിയെ പോലെ നിക്കണേ… കേറുന്നില്ലേ..”

“ഞാൻ വെറുതെ എന്തിനാ വരണേ.. ചേച്ചി പോയിട്ട് വന്നാ മതി, ഞാൻ ഇവിടെ തന്നെ നിന്നോളാം..”

“നീ ഇവിടെ നിക്കണ കണ്ടിട്ട് വേണം, നാട്ടുകാര് ഇനി അതും ഇതും പറയാൻ.. ഇങ്ങോട്ട് കേറി വരുന്നുണ്ടോ.. പെട്ടെന്ന് തിരിച്ച് വരാനുള്ളതാ..”

ഇവളെ പറഞ്ഞിട്ട് കാര്യമില്ല.. കാലൻ വന്ന് വിളിച്ചാലും കൂടെ പോകും സാധനം..

ആരേം നോക്കാതെ ഞാൻ വണ്ടീടെ പിന്നിൽ കേറി.. നിരഞ്ജൻ ചേട്ടനും ചേച്ചീം അപ്പോഴേക്കും ‘കണ്ണും കണ്ണും, തമ്മിൽ തമ്മിൽ’ തുടങ്ങി.. ശവങ്ങൾ..

കാലന്റെ മോന്തയിൽ പിന്നെ എപ്പോഴുമുള്ള സ്ഥായീഭാവം.. പുച്ഛം അളവിലും കൂടുതൽ വാരി തൂകിയിട്ടിട്ടുണ്ട്..

ഡോറടച്ചതും, എന്നെ ദാ മേപ്പോട്ടെടുക്കുന്നേ, എന്ന് കരഞ്ഞോണ്ടൊരു പോക്കായിരുന്നു വണ്ടി.. ബോള് പോലെ തെറിച്ച് ചാടി തല മുകളിലിടിച്ചപ്പോഴാണ് നിരഞ്ജൻ ചേട്ടനും ചേച്ചിക്കും ബോധം വന്നത്..

“അല്ലാ നിങ്ങളെന്താ ഒന്നും മിണ്ടാണ്ടിരിക്കുന്നെ..” നല്ല വേദനിക്കുന്നുണ്ട് പാവത്തിന്..

“സാധാരണ മരണത്തിന് പോകുമ്പോ ഞങ്ങളൊന്നും മിണ്ടാറില്ല ചേട്ടാ..” ഞാനറിയാതെ സത്യം പുറത്തു വന്നു..

“മരണോ.. ആര് മരിച്ചു..”

“അ അത്, അച്ഛൻ ഒരു മരണത്തിന് പോണ കാര്യം പറയണ കേട്ടാരുന്നു.. അവള് അതിനെ പറ്റി പറഞ്ഞതാ, അല്ലേ ലച്ചൂ..” ചേച്ചി അത് കവറ് ചെയ്തു.. അങ്ങനെയെങ്കിൽ അങ്ങനെ.. എന്തിനാ വെറുതെ കാലന് ചൂണ്ടയിടുന്നേ..

“ചേട്ടൻ എന്നാ ജോയിൻ ചെയ്യുന്നേ.. അച്ഛൻ പറയണ കേട്ടു, ഇങ്ങോട്ടേക്ക് ട്രാൻസ്ഫർ ആയീന്ന്..”

“ട്രാൻസ്ഫർ ആയത് നേരാ.. പക്ഷെ ഫോർമാലിറ്റീസ് മുഴുവൻ കഴിഞ്ഞിട്ടില്ല.. ഒക്കെ കഴിഞ്ഞ് ജോയിൻ ചെയ്യുമ്പോ ഒരാഴ്ചയെടുക്കും..”

“ഏഹ്, അപ്പൊ ഈയൊരാഴ്ച ഇങ്ങനെ കറങ്ങി നടക്കാനാ പ്ലാൻ..” എന്റെ നെഞ്ചൊന്ന് കത്തി..

“തീരുമാനിച്ചിട്ടില്ല.. നോക്കട്ടെ..” എന്നും പറഞ്ഞ് വീണ്ടും കണ്ണ് ചേച്ചീടെ കണ്ണിലേക്ക്.. അവിടെ പിന്നെ നാണം കൊണ്ട് പൊങ്കാല..

“അഹല്യയിൽ അതിന് മൃഗഡോക്ടറെ ഒക്കെ എടുക്കോ ചേട്ടാ.. ഞാൻ കരുതി അത് കണ്ണിന്റെ മാത്രാന്ന്..”

“അത് കണ്ണിന്റെ മാത്രാ.. നിന്നോടാരാ പറഞ്ഞെ ഞാൻ മൃഗഡോക്റ്ററാന്ന്..”

“ആരും പറഞ്ഞില്ല, കണ്ടപ്പോ തോന്നി ചേട്ടൻ മൃഗങ്ങളെ ഒക്കെ മേയ്ക്കുംന്ന്..”

അത് പറഞ്ഞതും കാലൻ ചേട്ടനേം എന്നേം മാറി മാറി നോക്കി.. പിന്നൊരു മരണപ്പാച്ചിലായിരുന്നു വണ്ടി ന്റെ ദൈവമേ.. ചെയ്ത് കൂട്ടിയ തെറ്റുകൾക്കൊക്കെ ഡിങ്കനുൾപ്പെടെ എല്ലാ ദൈവങ്ങളോടും ഞാൻ മാപ്പിരന്നു..

കീയോ..!!! കാലൻ ബ്രേക്ക് ചവിട്ടിയതാണ്.. സീറ്റ് ബെൽറ്റ് ഇട്ടില്ലായിരുന്നേൽ എന്നെ ഇപ്പോ ഗ്ലാസ്ന്ന് വടിച്ചെടുക്കേണ്ടി വന്നേനെ.. ഭാഗ്യം ചേച്ചി ചത്തിട്ടില്ല.. നിരഞ്ജൻ ചേട്ടനും അതെ.. അപ്പൊ ഈ കല്യാണം നടക്കും..

സഞ്ജു അപ്പോഴേക്കും വണ്ടി വിട്ട് പുറത്തിറങ്ങിയിരുന്നു.. “ഇറങ്ങുന്നില്ലേ..!!” തൊടല് പൊട്ടിക്കാൻ തുടങ്ങിയിട്ടുണ്ട്.. ഈശ്വരാ ചെറിയൊരു കയറെങ്കിലും കിട്ടിയിരുന്നേൽ, ആ മരത്തിൽ പിടിച്ച് കെട്ടാമായിരുന്നു അതിനെ..

നിരഞ്ജൻ ചേട്ടന് പിന്നാലെ താലപ്പൊലി പോലെ, ചേച്ചിയും ഞാനും പുറത്തിറങ്ങി..

“നിങ്ങൾക്ക് സംസാരിക്കാൻ സ്ഥലം ഇത് പോരെ..” നിരഞ്ജൻ ചേട്ടനോടാണ് ചോദ്യം..

മറ്റേതോ ഗ്രഹത്തിലുള്ള ഒരു കായലിലാണ് വന്ന് നിൽക്കുന്നത്.. ചെറിയൊരു ബീഡിക്കടയല്ലാതെ ശല്യം ചെയ്യാൻ വേറെ ആരുമില്ല.. അതാണല്ലോ രണ്ടിനും വേണ്ടത്.. സൂപ്പർ ഫാസ്റ്റ് പോലെ രണ്ടും തലയാട്ടി..

“എന്നാ പിന്നെ നിങ്ങള് വിട്ടോ.. ഞാൻ ഇവിടൊക്കെ തന്നെ കാണും..”

കേൾക്കേണ്ട താമസം ചേച്ചീം ചേട്ടനും പഞ്ചാരപ്പെട്ടിയുമായി കായലിലേക്ക് നടന്നു.. വീണ്ടും നമ്മള് പോസ്റ്റ്.. അതും ഈ പിശാശിന്റെ കൂടെ..

ഇനീപ്പോ എന്താ ചെയ്യാ.. നോക്കുമ്പോഴുണ്ട് കാർ തുറന്ന് ഒരു ക്യാമറയും തൂക്കി പുറത്തു വരുന്നു സഞ്ജു.. ഹയ്യമ്മ ഡി എസ് എൽ ആർ ആണല്ലോ.. പോയി മിണ്ടേണ്ടി വരോ.. ചിലപ്പോ ചുളുവിനൊരു ഡി പി ഒത്ത് കിട്ടിയാലെന്താ കയ്‌ക്കോ.. വേണ്ടാ, അല്ലേലേ എന്റെ നാവിന് ലൈസൻസില്ല.. ഇനി ഞാൻ പോയി വല്ലതും മിണ്ടി, അത് മതി ചേച്ചീടെ കല്യാണം മുടങ്ങാൻ..

മുഖം വലിച്ച് കേറ്റി, സ്ഥായീഭാവത്തിൽ അങ്ങേരും സ്ഥലം വിട്ടു..

ചുരുക്കി പറഞ്ഞാ മ്മളിപ്പോ പട്ടി പോസ്റ്റ്..!! ആ പോയ സാധനങ്ങളിനി എപ്പോ സൊള്ളിത്തീരോ ആവോ..

കണ്ട പട്ടിയേം പൂച്ചേനേം വായിന്നോക്കി ഇങ്ങനെ നടക്കണം.. ഗതികേട്..!!

വഴീൽ വച്ച് ഇടക്കൊക്കെ ആ കാട്ടുമാക്കാനേം കണ്ടു.. ആ ജീവി ക്യാമറയിൽ വേറെ കൊറേ ജീവികളുടെ പടം പിടിക്കണു.. കാണാത്ത ഭാവത്തിൽ നടക്കണതാ ബുദ്ധി.. എന്തിനാ വെറുതെ പണി ഇരന്ന് മേടിക്കുന്നേ..

വാഴപ്പണയും തെങ്ങിൻ തോപ്പും താണ്ടി, കാക്കയേം ഓടിച്ച്, ചൊറീം കുത്തി നടന്ന് വരുമ്പോഴാ, മരച്ചീനിക്കൂട്ടത്തിനിടയിൽ ഒരു ആളനക്കം.. ഇതാരാ ഇപ്പൊ ഇവിടെ വരാൻ.. ഇനി ലങ്ങേരാണോ.. ഒന്ന് നോക്കിയേക്കാം..

മരച്ചീനികമ്പൊക്കെ ഒടിച്ച് മടക്കി, ചെന്ന് നോക്കുമ്പോഴല്ലേ കാണുന്നെ, കാലമാടൻ ക്യാമറയിൽ നോക്കി കിക്കികിക്കി ചിരി തന്നെ.. പിരി വല്ലോം പോയാ സാധനത്തിന്റെ..

ഓ ഇത് അതല്ല, വേറെയാ സംഭവം.. തൊട്ടടുത്ത് ഒരു ചെറിയ കുടത്തിൽ വേറെന്തോ ഇരിപ്പുണ്ട്.. അങ്ങേര് അതെടുത്ത് ചുണ്ടോട് ചേർത്തു, വലിച്ചൊരു കുടി, കിക്ക് പിടിച്ച പോലെ ചുണ്ട് തുടച്ച് പിന്നേം ക്യാമറയിൽ നോക്കി കിണി.. എടാ ഭയങ്കര ഒറ്റക്കിരുന്ന് കള്ള് മോന്തുന്നോ.. ഈശ്വരാ ഇത് പോലൊരു അവസരം ഇനി കിട്ടോ..

കിട്ടിയ തക്കത്തിന് ഫോണെടുത്ത് ഞാൻ ചറപറാ ക്ലിക്കി.. കിണിച്ചോ കിണിച്ചോ..

കുടം താഴെ വച്ച്, സാധനം പിന്നേം ക്യാമറയിൽ നോക്കി പൊട്ടിച്ചിരി..

ഇച്ചിരി കൂടി ക്ലോസപ്പിൽ കിട്ടിയാൽ പൊളിച്ചു.. എന്നാലും ഇങ്ങേരെന്ത് തേങ്ങ കണ്ടിട്ടാ ഈ കിടന്ന് കിണിക്കണേ.. ഞാൻ പയ്യെ നടന്ന് ചെന്ന് നോക്കുമ്പോ, ക്യാമറയിൽ ഒരു ഫോട്ടോ.. ഏതോ രു പെങ്കൊച്ച് ഒരു ചെടിയിൽ താങ്ങി നിൽക്കുന്നു.. ഇതിലെന്താ ഇത്ര കിണിക്കാൻ..

ഏഹ് ഇത് ഞാനല്ലേ.. ഞാൻ വാഴയിൽ ചാരി നിൽക്കണ ഫോട്ടോ.. കാലമാടൻ..!! അത് നോക്കിയാണ് കിണിക്കണേ.. ശവം..

അപ്പോഴേക്കും അവൻ തിരിഞ്ഞ് നോക്കി.. കുടം ഒളിപ്പിക്കാനുള്ള തിരക്കിലാണ് സാധനം.. എനിക്കാണേൽ കടിച്ച് കീറാനുള്ള ദേഷ്യോം.. “നിങ്ങളോടാരാ ടോ ക്ണാപ്പാ എന്റെ ഫോട്ടോ എടുക്കാൻ പറഞ്ഞെ.. ” അതും വാഴയിൽ ചാരി നിക്കണത്.. നല്ല വല്ലതും ആയിരുന്നേലും വേണ്ടൂല..

“ദേ മര്യാദക്ക് ഡിലീറ്റ് ചെയ്തോ.. ഇല്ലേൽ എന്റെ സ്വഭാവം മാറും.. അച്ഛന്റെ ഫ്രണ്ടിന്റെ മോനാന്നൊന്നും ഞാൻ നോക്കൂല..”

“ഞാൻ വാഴേട ഫോട്ടോ എടുത്തേന് നിനക്കെന്താ ടീ കോപ്പേ.. ഡിലീറ്റ് ചെയ്യണം പോലും.. അയ്യടാ..!! അവള് പറഞ്ഞാലുടനെ ഡിലീറ്റ് ചെയ്യാൻ നിക്കുവല്ലേ ഞാൻ.. എന്നാലേ, ഒരു ഉരുപ്പടീം കൂടി നീ കണ്ടോ..”

അതും പറഞ്ഞവൻ ഫോൺ തുറന്ന് കാണിച്ചു.. ഇൻസ്റ്റഗ്രാമിൽ ഇട്ടേക്കുന്നു എന്റെ ഫോട്ടോ.. ‘ഗസ് വാട്ട് ദിസ് ഈസ്..’ അതാണ് ക്യാപ്ഷൻ.. ഏതൊക്കെയോ തല തെറിച്ചവന്മാർ കമന്റിയേക്കുന്നു, വാഴ, വാഴ, വാഴ.. മൊത്തം വാഴ മയം…

ഇങ്ങേരെ ഞാൻ..

“ആഹാ അത്രക്കായോ.. ന്നാ ഞാനും കാണിച്ച് തരാം..”

“എ.. ന്ത്..”

കാലന്റെ ശബ്ദത്തിൽ തന്നെയുണ്ട് ചെറിയ പതർച്ച.. ഞാൻ ചത്താലും വേണ്ടില്ല, ഇതിനൊരു പണി കൊടുത്തിട്ട് തന്നെ കാര്യം..

എഫ് ബി തുറന്ന് തുരുതുരാ ഫോട്ടോ ആഡ് ചെയ്തു.. ഒരു പൊളി ക്യാപ്ഷനും ടൈപ്പ് ചെയ്ത് ഫോൺ അവന്റെ നേരെ നീട്ടി.. നീ ചത്തെടാ..

സംഭവം കണ്ടവന്റെ കണ്ണ് തള്ളി.. അവൻ കള്ള് മോന്തുന്ന ഫോട്ടോ.. ക്യാപ്ഷനോ, ‘സതീശന്റെ മോനല്ലേ ടാ, നിന്നെ ഞാൻ ഷാപ്പില് കണ്ടതല്ലേ..’

“എടീ പുല്ലേ… നിന്നെ ഞാൻ..”

ആ മരമാക്രി പിടിക്കാൻ വന്നതും ഞാൻ ഓടി തള്ളി.. സാധനം പിറകെയുണ്ട്.. ഒരു മിന്നായം പോലെ തിരിഞ്ഞ് നോക്കിയ ഗ്യാപ്പിൽ ശവം എന്നെ ഓടിച്ചിട്ട് പിടിച്ച് നിർത്തി, ന്റെ ഫോണും തട്ടി പറിച്ചെടുത്തു..

“ന്റെ ഫോണ്..!! മര്യാദക്കെന്റെ ഫോൺ താടോ.. ഞാൻ നിങ്ങടെ സാധനം ഒന്നും എടുക്കാൻ വന്നില്ലല്ലോ..”

“തരാനിപ്പോ മനസില്ല ടീ പുല്ലേ.. നിനക്കേ, ഇച്ചിരി വിളച്ചില് കൂടുതലാ.. അതോണ്ട് തൽക്കാലം ഇതെന്റെ കയ്യിൽ തന്നെ ഇരിക്കട്ടെ..”

“കൂടുതൽ കളിയ്ക്കാൻ നിക്കല്ലേ.. ന്റെ ഫോൺ ഇങ്ങോട്ട് തരാനാ പറഞ്ഞെ..!!”

അവൻ തരുന്ന ലക്ഷണമില്ല.. എനിക്കാണേൽ സകല കണ്ട്രോളും പൊയ്ക്കൊണ്ടിരിക്കുവാ.. കയ്യും കാലുമൊക്കെ വിരുവിരാ വരുന്നു.. ഇങ്ങേര തല തല്ലിപ്പൊളിക്കാൻ വല്ലതും കിട്ടിയെങ്കിൽ..

ചുറ്റും കറങ്ങിയിട്ട്, ഒന്ന് തിരിഞ്ഞ് നോക്കുമ്പോഴേക്കും സ്ഥലം വിട്ടു ശവം.. ഇങ്ങേരെ…

നേരെ വന്നത് ഞാൻ കാറിന്റെ അടുത്താ.. നാട് വിട്ടോരൊക്കെ എന്തായാലും തിരിച്ച് വന്നിട്ടുണ്ട്..

“എവിടെയാരുന്നു ലച്ചൂ നീ ഇത്രേം നേരം.. എത്ര നേരായി നോക്കണുന്നോ ഞങ്ങള്.. ഒന്ന് വന്ന് കേറിയേ പെട്ടെന്ന്..”

“എങ്ങോട്ട് കേറാൻ, ഞാനെങ്ങും ഇല്ല.. എന്റെ ഫോൺ കിട്ടാതെ ഞാൻ ഇവിടന്ന് എങ്ങോട്ടും ഇല്ല..!!”

തറപ്പിച്ച് പറഞ്ഞ് ഞാൻ ആ ശവത്തെ ഒന്നൂടി നോക്കി.. വല്ല കുലുക്കോം ഒണ്ടോന്ന് നോക്ക് സാധനത്തിന്..

“ലച്ചൂ നീ നിന്ന് കളിക്കല്ലേ.. നിന്റെ ഫോണിന് എന്തോ പറ്റീന്നാ..”

“തനൂ എന്റെ ഫോണെടുത്ത് വച്ചേക്കുവാ ആ കാലമാടൻ..!!” നിരഞ്ജൻ ചേട്ടന്റെ മുന്നിൽ വച്ച് കാലമാടനെന്ന് വിളിച്ച കേട്ടതും തനു ഒന്ന് പതറി.. ആകെ പെട്ട അവസ്ഥയിൽ അവൾ ചേട്ടനെ നോക്കി..

“സഞ്ജു നീ അവളുടെ ഫോണെടുത്തോ ടാ..” ചേട്ടനാണ്..

“എനിക്കെന്തിനാ ഈ മാക്രീടെ ഫോണ്..” പുച്ഛമെന്ന് പറഞ്ഞാൽ ഒടുക്കത്തെ പുച്ഛം..

“മാക്രി നിങ്ങടെ.. എന്നെ കൊണ്ടൊന്നും പറയിക്കണ്ട.. നിരഞ്ജൻ ചേട്ടാ, ഈ തൊരപ്പന്റെ കയ്യിൽ തന്നെയുണ്ട് എന്റെ ഫോൺ.. മര്യാദക്ക് മേടിച്ച് തന്നോ, ഇല്ലേൽ ഞാൻ സത്യായും വണ്ടീൽ കേറൂല..”

“നീ കേറണ്ട ടീ, നീ ഇവിടെ തന്നെ കിടന്നോ.. അങ്ങനേലും അശോകൻ മാമന് ഇച്ചിരി സമാധാനം കിട്ടട്ട്.. നോക്കി നിൽക്കാതെ ഏട്ടനും ഏട്ടത്തീം വന്ന് വണ്ടീല് കേറിയേ..”

അതിനിടയ്ക്ക് കാറില് ചാടിക്കേറി ഇരിപ്പുണ്ട് സാധനം..!

ഇങ്ങേരെ ഞാൻ.. നിരഞ്ജൻ ചേട്ടൻ ചേച്ചിയെ നോക്കുന്നുണ്ട്.. ഇനി എന്നെ എങ്ങാനും കളഞ്ഞിട്ട് പോവോ രണ്ടും..

“ലച്ചൂ, തൽക്കാലം നീ വന്ന് വണ്ടീല് കേറ്.. ഇറങ്ങുമ്പോ ഞാൻ തന്നെ മേടിച്ച് തന്നാ പോരെ.. കുറച്ച് നേരം ഒന്ന് ക്ഷമിക്ക് നീ..”

ചേട്ടനാണ്.. പാവം, ഞാൻ കാരണം രണ്ടും ശരിക്കും പെട്ടു.. പിന്നേം വിഷമിപ്പിക്കാൻ തോന്നീല, ഞാൻ പിന്നിൽ കേറി വാതിലടച്ചു.. ചേച്ചീം ചേട്ടനും പിന്നാലെ വന്ന് കേറി വാതിലടഞ്ഞതും, കുതിര പറന്നു..

എങ്ങനെയോ കടിച്ച് പിടിച്ച് ഇരുന്നു എന്നതാ സത്യം.. ഇന്നെങ്ങാനും ന്റെ ഫോൺ തിരിച്ച് കിട്ടിയില്ലേൽ..

ചീറി പാഞ്ഞ് കുതിര, ഞങ്ങൾ കേറിയ ഇടത്ത് തന്നെ വന്ന് നിന്നു.. ഞാൻ നിരഞ്ജൻ ചേട്ടനെ ഒന്ന് നോക്കി.. ചേട്ടനാണല്ലോ എനിക്ക് ഫോൺ മേടിച്ച് തരാന്ന് പറഞ്ഞത്..

“ഇറങ്ങ് ലച്ചൂ..” ചേച്ചിയാണ്..

“ആദ്യം ന്റെ ഫോൺ തരാൻ പറ..!!”

കണ്ണാടീൽ കൂടി നോക്കുന്നുണ്ട് ശവം..

“കൂടുതൽ നോക്കിയാലേ, ആ രണ്ട് കണ്ണും ഞാൻ കുത്തി പൊട്ടിക്കും..” നിരഞ്ജൻ ചേട്ടന്റെ കിളി ഓരോന്നായി പറന്ന് തുടങ്ങി..

“ഇതിനെ ആ ഡിക്കിയിലെങ്ങാനും ഇട്ടാ പോരായിരുന്നോ..” ചേട്ടനോടാണ് ആ മൊതല് ചോദിക്കുന്നെ.. ചേട്ടൻ പിന്നെ ആകെ ഒരു അന്ധാളിപ്പിൽ അങ്ങനെ സ്റ്റക്കായി ഇരിപ്പാ..

“ഇറങ്ങി പോടീ..!!” പിന്നേം കിടന്ന് കാറുന്നു..

ഇതിനകത്ത് ഒന്നും ഇല്ലേ, ഇച്ചിരി തുണി ആയാലും മതി, ഇങ്ങേരുടെ വായില് കുത്തിക്കേറ്റാൻ.. “നീ എന്തുവാ ലച്ചൂ ഈ കിടന്ന് നോക്കണേ..”

“വല്ല പട്ടി ബിസ്ക്കറ്റും ഉണ്ടോന്ന് നോക്കുവാ.. ഇങ്ങേരുടെ വായില് തിരുകിയാ പിന്നെ, കിടന്ന് കുരയ്‌ക്കൂലല്ലോ..”

“പട്ടി ബിസ്ക്കറ്റ് നിന്റെ കെട്ട്യോന്റെ അണ്ണാക്കില് കൊണ്ട് തള്ളെടീ പുല്ലേ..”

ഞാൻ വാ തുറക്കാൻ തുടങ്ങിയതും, തനു എന്നെ ചവിട്ടി കൂട്ടി പുറത്തിട്ടു.. ഇവളെ ഞാൻ.. ചാടി കടിക്കാൻ ഇരുന്നതാ, നോക്കിയപ്പോ അവള് തൊഴുത് നിൽക്കുന്നു.. “മിണ്ടരുത് പ്ലീസ്..”

“ന്നാ എന്റെ ഫോൺ തരാൻ പറ ആ കാലന്റടുത്ത്..” അവളെന്റെ വാ പൊത്തിപിടിച്ചു..

“അടങ്ങ് കൊച്ചേ മേടിച്ച് തരാം..”

അവൾ ദയനീയ ഭാവത്തിൽ ചേട്ടനെ നോക്കി.. നിരഞ്ജൻ ചേട്ടനാണേൽ തലേൽ കയ്യും വച്ച് ഇരിക്കുന്നു..

ഇത് ഒരു നടയ്ക്ക് പോകില്ല.. തനുന്റെ കൈ മാറ്റി ഞാൻ മിണ്ടാൻ തുടങ്ങിയതും, വണ്ടി ശൂ… ന്നൊരു പോക്ക്..

“ടാ കാലാ, എന്റെ ഫോൺ തന്നിട്ട് പോടാ പട്ടീ..!!”

ഒരു മൈൻഡുമില്ലാതെ ലവൻ വണ്ടിയെടുത്ത് പോയെക്കണു.. എന്നിട്ട് ഗ്ലാസ് താഴ്ത്തി ഒരു വളിച്ച കിണിയും, കൈ പുറത്തിട്ട് ഒരു റ്റാറ്റായും, ദേ കയ്യിലിന്റെ ഫോണ്.. “ശവം..!! ഈശ്വരാ പോണ വഴിക്ക് വല്ല…”

തനു പെട്ടെന്നെന്റെ വായ പൊത്തി.. “കല്യാണത്തിന് മുന്നേ എന്നെ വിധവയാക്കല്ലേ ടീ പ്ലീസ്..”

ഇത് ഇങ്ങനൊരു സാധനം.. ഹും..

ചവിട്ടി തുള്ളിയാണ് ഞാൻ വീട്ടിൽ വന്നത്.. ഓ അവിടെ പിന്നെ കൃഷിക്കാര് രണ്ടും വാഴക്ക് വെള്ളമൊഴിച്ച് തള്ളുന്നു.. മനുഷ്യനിവിടെ..

“എന്റെ ലച്ചൂ നീയൊന്ന് അടങ്ങ്.. !! ഇന്നൊരു ദിവസം നീ അഡ്ജസ്റ്റ് ചെയ്താ മതി.. ഫോൺ ഏട്ടൻ എങ്ങനേലും എടുത്ത് തരും, ഉറപ്പ്..”

“നിന്റൊരു ഏട്ടൻ.. നിരഞ്ജൻ ചേട്ടൻ പറഞ്ഞോണ്ടാ ഞാനപ്പോ വന്ന് വണ്ടീൽ കേറിയത്.. എന്നിട്ട്, മേയ്ക്കാനറിയാത്ത കാളയേം കൊണ്ട് നടക്കുണു..”

“ഹോ ഇങ്ങനെ കിടന്ന് ചാടാനും വേണ്ടി എന്തുവാ ടീ ആ ഫോണിലുള്ളേ..”

“തേങ്ങാക്കൊല..!! നീയൊന്ന് പോകുന്നുണ്ടോ..”

“നിന്നെ സമാധാനിപ്പിക്കാൻ വന്ന എന്നെ പറഞ്ഞാ മതിയല്ലോ..”

ദേഷ്യത്തിൽ തനു വാതിലടച്ച് പോയി..

മനുഷ്യനാണേൽ ഇവിടെ ഇരിക്കാനും വയ്യ, നിക്കാനും വയ്യ.. ആ ശവമെങ്ങാനും എന്റെ ഫോൺ തുറന്നാ, തീർന്നില്ലേ ഈശ്വരാ.. പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ..

അയ്യോ.. ആലോചിക്കും തോറും മനുഷ്യന്റെ തൊലി ഉരിയുന്നു.. എങ്ങനെ ഇനി ഞാൻ അങ്ങേരുടെ മുഖത്ത് നോക്കും.. എന്നെ എന്തിനാ ദൈവമേ കെട്ടിയെടുത്തെ.. ഈ അച്ഛന് വല്ല വാഴേം വച്ചാ പോരായിരുന്നോ.. !!

(തുടരും)

 

വരലക്ഷ്മി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.5/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!