നോക്കുമ്പോഴുണ്ട്, അമ്മ വരുന്നു ചില്ലറെം കൊണ്ട്.. അടിപൊളി.. പാവം പിച്ചക്കാരന് ഇപ്പൊ അമ്മയേം എന്നേം ഒരുമിച്ച് കടിച്ച് കീറണമെന്നുണ്ട്.. പക്ഷെ സാഹചര്യം, ലവൻ വിനയം വാരി വാരി വിതറി..
കാലനെ കണ്ടപ്പോ അമ്മയും ഒന്ന് പകച്ചു.. “യ്യോ മോനായിരുന്നോ.. ഈ അസത്തിനെ ഞാനിന്ന്..”
ഹിഹിഹി.. പിന്നല്ല..
“മോൻ അവിടെ തന്നെ നിക്കാതെ, അകത്ത് കേറി വാ.. ഞാൻ അപ്പം ചുടുവാരുന്നു.. വാ കഴിച്ചിട്ട് പോകാം..” എന്താ ഒരു സ്നേഹം..
“വേണ്ട ആന്റി, ഞങ്ങള് അമ്പലത്തില് പോകാനിറങ്ങിയതാ..”
ഞങ്ങളോ.. ഓ വഴീല് കുറ്റിയടിച്ച് നിപ്പുണ്ട് നിരഞ്ജൻ ചേട്ടൻ.. ദാ പറന്നെത്തി, തനു.. ഇവളെന്താ പട്ടിയാണോ, ഇങ്ങനെ മണത്ത് പിടിച്ച് വരാൻ.. വന്ന പാടെ തുടങ്ങീട്ടുണ്ട് കണ്ണും കയ്യും കാട്ടാൻ.. ഇങ്ങനൊരു ശവം..
അമ്മയാണേൽ സഞ്ചൂനെ തലയിലെടുത്ത് വച്ചിട്ടില്ല എന്നെ ഉള്ളു..
“മോൻ ഏത് അമ്പലത്തില് പോകാനാ ഇറങ്ങ്യെ..”
അമ്പലത്തില് പോകാൻ പറ്റിയ ചളുക്ക്.. ദൈവം വരെ ഇറങ്ങിയോടും..
“അ അത് ആന്റീ.. ഇവിടെ അടുത്തൊരു അമ്പലം ഇല്ലേ, എന്താ അതിന്റെ പേര്, ഞാൻ മറന്നല്ലോ.. ഈ ഏട്ടനാ ആന്റീ എന്നോട് പറഞ്ഞെ, ഏട്ടന്റെ ജോലി ഇങ്ങോട്ട് ട്രാൻസ്ഫർ ആകാൻ വേണ്ടിയൊരു നേർച്ച കൊടുത്തിരുന്നൂന്ന്.. ജോലി എന്തായാലും ഇപ്പൊ ഇങ്ങോട്ടായല്ലോ, അപ്പൊ പിന്നെ ആ നേർച്ച അങ്ങ് ചെയ്തേക്കാമെന്ന് കരുതി..”
പിന്നേ വല്യ നേർച്ചക്കാരൻ, മോന്ത കണ്ടാലേ അറിയാം തട്ടി വിടുവാന്ന്.. ന്നിട്ട് അത് വിശ്വസിക്കാനൊരു അമ്മേം..
“ഏട്ടത്തി വരുന്നുണ്ടോ അമ്പലത്തില്, അത് ചോദിക്കാനാ ഞങ്ങള് വന്നേ..”
ലവള് എപ്പോ മതില് ചാടി ഓടിയെന്ന് ചോദിച്ചാ മതി..
“ഒറ്റക്ക് വരാൻ മടിയുണ്ടേൽ വേണേല് ലക്ഷ്മിയേം കൂട്ടിക്കോളൂ..”
ഹമ്പട കള്ളാ അപ്പൊ എന്നെ തട്ടിക്കൊണ്ട് പോകലാണ് ഉദ്ദേശം.. കൊറേ നടന്ന തന്നെ.. “ഞാനെങ്ങും ഇല്ല.. എനിക്കേ കോളേജുണ്ട്.. നിങ്ങളെ പോലെ ഞാനിവിടെ ജോലീം കൂലീം ഇല്ലാതെ നടക്കുവല്ല..”
അവനെന്നെ ഒന്ന് തറപ്പിച്ച് നോക്കി.. പക്ഷെ ഞെട്ടിച്ചത് ന്റെ അമ്മയാ..
“ലച്ചൂ..!! എന്തൊക്കെയാ നീ പറയണതെന്ന് നിനക്ക് വല്ല ബോധോം ഉണ്ടോ..”
“ഞാനെന്ത് പറഞ്ഞു.. ഒള്ളതല്ലേ പറഞ്ഞെ.. ഇങ്ങേരിക്ക് ഒരു ജോലീം ഇല്ലന്ന് അമ്മയ്ക്കും അറിയാവുന്നതല്ലേ.. നിരഞ്ജൻ ചേട്ടനും ഇത് വരെ ജോയിൻ ചെയ്തിട്ടില്ല.. പിന്നെ ചേച്ചി ടീച്ചറല്ലേ, അവളോട് ചോദിക്കാനും പറയാനും എന്തായാലും ആരും വരൂല.. പക്ഷെ എനിക്ക് അങ്ങനെയല്ല, ക്ലാസ്സുണ്ട്.. പോയില്ലേൽ എനിക്ക് മാത്രേ പണി കിട്ടൂ..”
കാലനേക്കാളിപ്പോ കണ്ണുരുട്ടുന്നത് തനുവാണ്.. “ഇത്രേം ദിവസമൊന്നും കണ്ടിട്ടില്ലല്ലോ ഈ ഇന്ററസ്റ്റ് ഒന്നും..”
ഇങ്ങനെ ശൃംഗരിക്കാൻ മുട്ടി നിക്കണ പെണ്ണ്..
“വെറുതെ ദൈവകോപം വരുത്തി വയ്‌ക്കേണ്ട ലച്ചൂ..”
പിന്നെ ദൈവത്തിന് വേറെ പണിയൊന്നും ഇല്ലല്ലോ.. ഇനി കിന്നരിക്കാൻ ദൈവത്തിനേം കൂട്ട് പിടിച്ചോ..
“നിങ്ങളിങ്ങനെ എല്ലാരും കൂടി ലക്ഷ്മിയെ വഴക്ക് പറയല്ലേ.. അവള് പറഞ്ഞതിലും കാര്യമില്ലേ.. എന്തിനാ വെറുതെ ക്ലാസ്സ് കട്ട് ചെയ്യുന്നേ..” ന്റമ്മോ, കാലനാണോ മൊഴിഞ്ഞേ.. അതും പറഞ്ഞ് ഒരു നോട്ടം.. ന്തോ ഉണ്ട്.. രു മുട്ടൻ പണി തന്നെ വരുന്നുണ്ട്..
ഞാൻ കാത് കൂർപ്പിച്ചു..
“ലക്ഷ്മിയെ ഞാൻ കോളേജില് ഡ്രോപ്പ് ചെയ്താ മതിയോ ലക്ഷ്മീ.. അപ്പൊ ക്ലാസും കട്ട് ചെയ്യണ്ട, അമ്പലത്തിലും പോകാം..”
ഈശോയെ.. കിളികളൊക്കെ ദാ അനുവാദം പോലും ചോദിക്കാതെ ഇറങ്ങിയൊരോട്ടം.. ഈ ആണ്ടിലൊന്നും അതുങ്ങള് തിരിച്ച് വരൂല.. അമ്മാതിരി പോക്കാ പോയെ..
“ഹിഹി.. അതൊന്നും ശരിയാവൂല..”
“അതെന്താ ശരിയാവാത്തെ..”
“അ അത് പിന്നെ.. എന്നെ കോളേജിലൊക്കെ കൊണ്ടാക്കി, വേണ്ട വേണ്ട, അതൊക്കെ വല്യ ബുദ്ധിമുട്ടാവും..”
വേറാർക്ക്, എനിക്ക് തന്നെ..
“ഇതിലൊക്കെ എന്ത് ബുദ്ധിമുട്ടാ ലക്ഷ്മി.. ഒന്നുമില്ലേലും നമ്മളൊക്കെ ഇനി ഒരു കുടുംബമല്ലേ ലക്ഷ്മീ..”
ഇനിയൊരിക്ക കൂടി ഇങ്ങേര് ന്നെ ലക്ഷ്മീന്ന് വിളിച്ചാ ഞാൻ തന്നെ ഇങ്ങേര വായില് മണ്ണ് വാരി ഇടും..
പുല്ല്.. വായിലൊന്നും വരുന്നും ഇല്ല..
അപ്പോഴേക്കും തള്ളിക്കേറി അമ്മ.. “അവൻ എന്തായാലും കൊണ്ടാക്കാമെന്ന് പറയുവല്ലേ ലച്ചൂ.. നീയും കൂടി പോയിട്ട് വാ..”
ബെസ്റ്റ്.. സ്വന്തം മോൾക്ക് തന്നെ കുഴിയെടുക്കണം..
വല്ലോം മിണ്ടാമെന്ന് വച്ചാ, എല്ലാം കൂടി കുരുതിക്ക് കൊടുക്കുവല്ലേ.. എല്ലാത്തിനും ഈ തനു ഒറ്റ ഒരുത്തിയാണ് കാരണം.. ഇവൾക്ക് വേറെ ആരേം കിട്ടീലേ വായിന്നോക്കാൻ..
കുളിച്ച് പുറത്ത് വന്നപ്പോ അമ്മേട പിറകെ നടക്കുവാ തെണ്ടി.. ഇനീപ്പോ അവൾക്ക് സാരിയിൽ എഴുന്നള്ളണം.. ഇങ്ങനാണേൽ കെട്ടുന്നേന് മുൻപേ ഇവളുടെ പിള്ളേരിവിടെ ഓടിക്കളിക്കും.. അതും കൂടി എന്റെ തലേല് വീണാ പിന്നെ എല്ലാം ശുഭം..
ഒടുവിൽ ഒരുങ്ങിക്കെട്ടി ഇറങ്ങി സാധനം.. മുഖത്ത് വല്ല ഉളുപ്പും ഉണ്ടോന്ന് നോക്ക്, വല്യ ടീച്ചറാ, പക്ഷെ ഡെയിലി തുണിയുടുപ്പിക്കാൻ ഇപ്പോഴും അമ്മ തന്നെ വേണം..
സിറ്റൗട്ടിൽ തന്നെ കുറ്റിയടിച്ച് നിപ്പാണ് അടുത്ത മൊതല്.. അത് ഞങ്ങളെ കണ്ടതും എവിടെന്നൊക്കെയോ വിനയം വരുത്താൻ നോക്കുന്നു.. ശവം..
“അമ്മേ ഞാൻ പോവാ ട്ടാ..” ഇനി ആരോടും പറഞ്ഞില്ലെന്ന് വേണ്ട..
റോഡിലേക്ക് കേറിയപ്പോഴല്ലേ രസം, എന്നെ കെട്ട് കെട്ടിക്കാൻ വേണ്ടി അങ്ങേര് എഴുന്നള്ളിയെക്കുന്നു ബൈക്കില് ..!! ഇതിന്റൊരു കുറവും കൂടിയേ ഒള്ളു.. അല്ലേൽ തന്നെ പതുക്കെ ഓടിക്കാൻ അറിയാത്ത മൊതലാ, ഇവനൊക്കെ ആരാ ഈശ്വരാ ഈ കുതിര വാങ്ങി കൊടുത്തേ..
ഞാനോടി നിരഞ്ജൻ ചേട്ടന്റെ ബൈക്കിനടുത്തേക്ക് പോയി.. അല്ല പിന്നെ..
“അ അ ആ.. നീയെങ്ങോട്ടാ ഈ തള്ളിക്കേറണെ..” തനുവാണ്.. നാശം പിടിക്കാൻ..
“എടി നമുക്ക് ട്രിപ്പിൾ അടിക്കാംടീ..”
“എന്തിന്.. അവിടൊരു ബൈക്ക് നിക്കുവല്ലേ, പോയി അതില് കേറാൻ നോക്ക്..”
ഇത് എന്തിന്റെ കുഞ്ഞാണോ ദൈവമേ.. ശവം.. കയ്യി കിട്ടും..
ലവനാണേൽ ഒരു കാരണോം ഇല്ലാതെ നോക്കി ഇളിക്കുന്നു.. ഇവിടെന്താ ആരേലും തുണിയില്ലാതെ നിക്കുന്നോ ഹും..
കാലനെ ടച് ചെയ്യാതെ ഞാൻ ബൈക്കിൽ കേറി പറ്റി.. എന്തും സംഭവിക്കാം, അതോണ്ട് ഒരു പിടുത്തം പുറകില് മുറുക്കി.. എടുത്തോണ്ട് പോ ശവമേ..
ബൈക്ക് മെല്ലെയാണ് നീങ്ങിയത്.. ന്നിട്ട് വന്ന് ചേട്ടന്റെ ബൈക്കിനടുത്ത് നിന്നു.. ഇനിയെന്ത് കോപ്പാ..
“ഏട്ടാ.. നിങ്ങള് രണ്ടും കോവിലിലോട്ടല്ലേ..”
“അതെന്താ നീ അങ്ങനെ ചോദിച്ചേ.. നീയും അങ്ങോട്ടല്ലേ..”
“ഏയ് ഞങ്ങളില്ല, ഞങ്ങക്ക് വേറെ കുറച്ച് പണിയുണ്ട് തീർക്കാൻ.. അപ്പൊ അതൊക്കെ കഴിയുമ്പോ വൈകിട്ടാകും, നിങ്ങള് എന്തായാലും വിട്ടോ.. വൈകിട്ട് കാണാം ട്ടാ..”
പാവങ്ങള് നന്നായൊന്ന് ഞെട്ടി.. ഇത്രേം നേരം ലോകത്തിലെ ആദ്യത്തെ സാരി കണ്ട സന്തോഷത്തിലാരുന്നു രണ്ടും.. എനിക്ക് പിന്നെ പ്രത്യേകിച്ച് വികാരമൊന്നും ഇല്ല.. ഇനിയൊരു പ്രളയം വന്നാലും ഞാൻ കുലുങ്ങൂല..
“അപ്പൊ ബൈ..” പിന്നൊരു കുതിപ്പായിരുന്നു കുതിര.. എനിക്കാണേൽ ചെവിയിലൊരു മൂളക്കം മാത്രം……….!!!
“ഇറങ്ങെടീ പുല്ലേ താഴെ..!!” കാലന്റെ ഗർജനം കേട്ടാണ് ഞാൻ കണ്ണ് തുറന്നത്.. ഇവനെന്നെ കൊന്നില്ലേ.. സത്യം ജീവനുണ്ട്..
“ഒരുപാട് കഷ്ട്ടപ്പെട്ടെന്നറിയാം, എന്നെ കൊല്ലാതെ കൊണ്ട് വരാൻ.. നന്ദിയുണ്ട് ട്ടാ ഒരു കാലത്തും ഞാൻ മറക്കൂല..”
“നിന്ന് കിന്നരിക്കാതെ അങ്ങോട്ട് ഇറങ്ങെടീ.. ഇല്ലേൽ ഞാൻ തള്ളിയിടും..”
ഇങ്ങേരെന്തിനാ ഇപ്പോഴേ കിടന്ന് കാറുന്നെ.. ഇനിയങ്ങോട്ട് ഇത് മാത്രല്ലേ ഒള്ളു.. അയ്യേ നോക്കുമ്പോഴുണ്ട് എന്റെ പിടിത്തം അങ്ങേരുടെ ഷർട്ടിലാ.. ഇതെപ്പോ.. ചെ നാണക്കേട്..
ഷർട്ട് വിട്ട് ഞാൻ താഴെയിറങ്ങി.. ഒരു കായലിന്റെ അടുത്താണ് വണ്ടി നിൽക്കുന്നത്.. അതിനോട് ചേർന്ന് ഒരു ബീഡിക്കട മാത്രമുണ്ട്.. ഏഹ് ഇത് അന്ന് കണ്ട കടയല്ലേ.. ഇവന് ഈയൊരു സ്ഥലം മാത്രേ അറിയോളോ..
ഞാൻ വെറുതെ ചുറ്റിക്കറങ്ങി നടക്കാൻ തുടങ്ങി.. അല്ലേലും ഈ സാധനത്തിന്റെ കൂടെ മരം ചുറ്റി പ്രണയിക്കാൻ പറ്റൂലല്ലോ..
ലതും വരുന്നുണ്ട് കുതിരയെ മയക്കി കിടത്തി.. ഇപ്പൊ തുടങ്ങും..
“എവിടേ ടീ പുല്ലേ എന്റെ മെമ്മറി കാർഡ്..” തുടങ്ങി തുടങ്ങി..
“ഏത് മെമ്മറി കാർഡ്..”
“ദേ വിളച്ചിലും കൊണ്ട് വരാതെ, മര്യാദക്ക് മെമ്മറി കാർഡ് താ..”
“ശോ അതിന് വേണ്ടിയാരുന്നോ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നേ, നേരത്തെ പറയണ്ടേ.. ഇതറിഞ്ഞിരുന്നേൽ, ഞാൻ എടുത്തോണ്ട് വരുമായിരുന്നല്ലോ മനുഷ്യാ..”
“എന്ന് വച്ചാ..”
“എന്ന് വച്ചാ സാധനം കയ്യിലില്ലാന്ന്.. അത് വീട്ടിലാ..”
“ദേ അടവിറക്കാൻ നോക്കല്ലേ.. മര്യാദക്ക് കാർഡ് തന്നോ..”
“ശെടാ നിങ്ങക്ക് കാര്യം പറഞ്ഞാലും മനസിലാവൂലേ.. അത് എന്റെ കയ്യിലിപ്പോ ഇല്ല മനുഷ്യാ.. പിന്നെ ഞാനെങ്ങനെ തരാനാ..”
അവന് നല്ല പോലെ ചൊറിഞ്ഞ് കേറുന്നുണ്ട്.. പല്ലും നഖവുമൊക്കെ ഇപ്പൊ പുറത്തെടുക്കും..
“പിന്നെ അതെവിടെ..!!”
“അതല്ലേ പറഞ്ഞെ വീട്ടിലാന്ന്.. ന്റെ മുറിയില് കാണും..”
ദേഷ്യം ഇപ്പോ കുറച്ചൂടി കൂടീട്ടുണ്ട്.. പൊടിമീശയൊക്കെ വിറക്കുന്നു..
“അല്ലാ ഇത്രക്ക് കിടന്ന് തുള്ളാനും മാത്രം എന്ത് കോപ്പാ അതിലുള്ളേ..”
“അത് നീ അറിയേണ്ട കാര്യം ഇല്ല..!!”
“ഓ വേണ്ടാ.. ഞാൻ വീട്ടി ചെന്നിട്ട് നോക്കിക്കോളാം..”
കേട്ടതും അങ്ങേർക്ക് ഒടുക്കത്തെ വെപ്രാളം.. “നിനക്ക് വേറെ പണിയൊന്നും ഇല്ലേ ടീ പുല്ലേ വീട്ടില്.. അവള് മെമ്മറി കാർഡ് നോക്കാൻ വേണ്ടി നടക്കണ്.. പയ്യന്മാരുടെ മെമ്മറി കാർഡിൽ അങ്ങനെ പലതും കാണും.. അതൊക്കെ നിന്നെ കാണിക്കണംന്നുണ്ടോ..”
“അ അ ആ.. അപ്പോ അതില് എന്തോ ഉണ്ട്.. അന്നത്തെ പോലെ വെള്ളമടിക്കുന്നത് വല്ലോം ആണാ..”
“ആണേൽ നിനക്കെന്താ ടീ.. പറയണ കേട്ടാ തോന്നും നീ വെറും ഇള്ളക്കുഞ്ഞെന്ന്.. നിന്റെ ഫോട്ടോയും എന്റെ കയ്യിലുണ്ട്.. അത് മറക്കണ്ട..”
“അതും ആ മെമ്മറി കാർഡിലല്ലേ മനുഷ്യാ.. അതിപ്പോ എന്റെ കയ്യിലും..!!”
വായിന്ന് വീണതാ ന്റെ കയ്യിലാന്ന്.. പിടികിട്ടി കാണോ സാധനത്തിന്.. പിന്നേം നോക്കുന്നു, ഉം ഇച്ചിരി കൂടി ദേഷ്യപ്പെട്, കാണട്ടെ..
അങ്ങേരെന്നെ വീണ്ടുമൊന്ന് നോക്കി.. എന്നിട്ട് നേരെ ബൈക്കിനടുത്തേക്ക് നടക്കുന്നുണ്ട്.. ഈശ്വരാ കാലന് പിടികിട്ടി..
ഞാൻ അതിലും വേഗത്തിൽ ഓടി ഓവർടേക്ക് ചെയ്തു.. ബൈക്കിന് പുറത്തിരുന്ന ബാഗും കൊണ്ട് ഒരൊറ്റ ഓട്ടം..
“നിക്കെടീ പുല്ലേ അവിടെ..!!”
ഓ ഇവനെന്റെ അടിയന്തിരം കണ്ടേ അടങ്ങൂ..
ബാഗ് തുറന്ന് ഞാനെന്റെ പഴയ ഫോൺ പുറത്തെടുത്തു.. ഇന്നലെ രാത്രി അതിലേക്ക് മാറ്റി ഇട്ടിരുന്നു മെമ്മറി കാർഡ്.. ചുമ്മാ ഒന്ന് തുറന്ന് നോക്കാൻ വേണ്ടി ഇട്ടതാ, പിന്നെ ഇങ്ങേരുടെ ആയോണ്ട് തുറക്കാത്തതാ.. അതിലെന്ത് കോപ്പാന്ന് ആർക്കറിയാം..
പക്ഷെ ഇപ്പൊ ഇങ്ങേരുടെ വെപ്രാളം കണ്ടിട്ട്, അതിലെന്താന്ന് അറിയാഞ്ഞിട്ട് ഒരു സുഖമില്ല.. ഇനി ഇവനെന്നെ സമാധിയാക്കിയാലും വേണ്ടൂല..
ലതെന്റെ പിറകെ വിടാതെയുണ്ട്.. ഫോണും കൊണ്ട് ഞാൻ ഓടി വന്ന് നിന്നത് കായലിന്റെ കരയിലും.. ഈശ്വരാ പെട്ടല്ലോ..
“നിക്കടോ അവിടെ..!!! ഇല്ലേൽ ഞാനിത്…”
സഞ്ജു ഒരടി അകലത്തിൽ സഡൻ ബ്രേക്കിട്ട് നിന്നു..
ഇനീപ്പോ എന്താ ചെയ്യാ..
“അതെങ്ങാനും വെള്ളത്തിലിട്ടാ നിന്നെ ഇവിടന്ന് വടിച്ചെടുക്കേണ്ടി വരുമെടീ പുല്ലേ.. പറഞ്ഞില്ലെന്ന് വേണ്ടാ..”
ആഹാ അപ്പൊ അവനെന്നെ വെള്ളത്തില് മുക്കി കൊല്ലൂല..
“ഞാനിത് വെള്ളത്തില് കളയണ്ട എന്നുണ്ടേല്, മര്യാദക്ക് അവിടെ തന്നെ നിന്നോ.. കയ്യോ കാലോ അനങ്ങിയാ അപ്പൊ ഞാനിത് വെള്ളത്തിലിടും.. ഞാൻ ചത്താലും ശരി..”
ആഹാ അങ്ങനെ അടങ്ങി ഒതുക്കി നിക്ക്..
ഞാൻ രണ്ട് ഫോണും കയ്യിലെടുത്തു.. “ഞാനൊന്ന് നോക്കട്ടെ നിങ്ങടെ കയ്യിലിരിപ്പ് എന്തൊക്കെയാന്ന്.. ” അവൻ മുന്നിൽ നിന്ന് തുമ്പി തുള്ളുന്നുണ്ട്..
ഈശ്വരാ ആവശ്യമില്ലാത്തതൊന്നും കാണിക്കല്ലേ.. കണ്ണ് ചിമ്മി ഞാൻ ഓരോ ഫോൾഡറായി തുറന്നു.. ഇടക്കൊക്കെ ലവനേം നോക്കി.. ജീവൻ പോണ കാര്യമല്ലേ..
അവൻ എങ്ങനെയൊക്കെ കടിച്ച് പിടിച്ച് നിൽക്കുന്നു.. “നിനക്കാരാ ടീ കോപ്പേ വടയക്ഷീന്ന് പേരിട്ടെ..”
“നിങ്ങടെ തന്ത.. എന്തേ, പിടിച്ചില്ലേ..”
അവന് ഇച്ചിരിക്കൂടി തരിച്ച് കേറുന്നുണ്ട്.. ഏത് നേരോം ഒരു ആക്രമണം പ്രതീക്ഷിക്കാം.. അത് കണക്കാക്കി തന്നെ ഞാൻ സെർച്ചിങ് തുടർന്നു.. ഇതിലെന്തോ ഉണ്ട്, ഇല്ലേലെന്തിനാ ഇങ്ങേരിത്ര പരാക്രമണം നടത്തണെ..
“നിങ്ങള് വല്ല പെണ്ണുങ്ങളേം കേറി പിടിച്ചിട്ടുണ്ടാ മനുഷ്യാ.. സത്യം പറഞ്ഞോ..”
“എനിക്കിപ്പോ അതിന് തന്നാ നേരം.. നീയാ ഫോണിങ്ങ് തരുന്നോ..”
“കിടന്ന് കുരക്കാതെ.. ഇനി രണ്ട് മൂന്ന് ഫോൾഡറും കൂടിയേ ഒള്ളു..”
തുറന്ന് നോക്കിയതിലൊക്കെ അവൻ എടുത്ത ഫോട്ടോസാ.. പിന്നൊരെണ്ണം നിറച്ചും വീഡിയോസ്.. അതിന്റെ സൈസ് കണ്ടപ്പോ തന്നെ ഓപ്പൺ ചെയ്യാൻ തോന്നീല.. ഇതിന് വേണ്ടിയാണോ ഇവൻ ഈ ആക്രാന്തം കാണിച്ചേ..
അടുത്ത ഫോൾഡറിൽ, ഹമ്പട എന്റെ ഫോണിന്ന് കോപ്പി ചെയ്ത ഫോട്ടോസ്.. “കൊള്ളാല്ലോ മനുഷ്യാ.. ഇനി വല്ലതും ബാക്കി വച്ചിട്ടുണ്ടോ കോപ്പി ചെയ്യാൻ.. നാണമുണ്ടോ നിങ്ങക്ക്, ഒരു പെങ്കൊച്ചിന്റെ ഫോണിന്ന് ഒരു ഉളുപ്പുമില്ലാതെ ഒക്കെ കോപ്പി എടുത്ത് വച്ചേക്കുന്നു.. ചെ നാണക്കേട് തന്നെ..”
അവൻ അവിഞ്ഞ ഭാവത്തിൽ തിരിഞ്ഞും മറിഞ്ഞും ഒക്കെ നോക്കുന്നു..
അതൊക്കെ തിരികെ കോപ്പി ചെയ്തെടുത്ത്, ഒക്കെ ഞാൻ ഡിലീറ്റ് ചെയ്തു..
എന്നിട്ട് അടുത്ത ഫോൾഡർ തുറന്നു.. അതില് പിന്നെ, ഒക്കെ അവനെ പോലത്തെ കൊറേ ജീവികള്.. അടുത്ത ഫോൾഡറ് തുറന്നപ്പോഴോ കൊറേ വാഴയും മരിച്ചീനിയും.. ദേ അതിന്റെ ഇടയില് ഞാനും.. ഹും അന്ന് എടുത്ത് തള്ളിയതാണ്.. ശവം..
പിന്നേം താഴോട്ട് പോയപ്പോ, വീണ്ടും വീണ്ടും ഞാൻ.. അത് വാഴയുടെ ഇടയില് നിക്കണതൊന്നും അല്ല.. ഞാൻ എങ്ങോട്ടൊക്കെ പോയിട്ടുണ്ടോ, അതൊക്കെ എടുത്ത് വച്ചേക്കുന്നു സാധനം.. എടാ കള്ളാ ഇപ്പോഴല്ലേ ഇവന്റെ അസുഖം പിടികിട്ടിയെ.. “നിങ്ങള് ഇത്രേം വല്യ കോഴിയായിരുന്നോ മനുഷ്യാ.. ചെ..!!”
അവൻ കണ്ണും പൂട്ടിയടച്ച് നിപ്പുണ്ട്.. “നാണമില്ലല്ലോ മനുഷ്യാ നിങ്ങക്ക്.. വെളിയേ വല്യ മാന്യൻ.. എന്നിട്ട് ഇതാണ് ഉള്ളിലിരുപ്പ്..”
എടുത്തേക്കുന്ന ഫോട്ടോ ഒക്കെ ഡി എസ് എൽ ആർ ആയോണ്ട് കൊള്ളാം.. അതോണ്ട് പിന്നെ ഞാനൊരോ കോപ്പി എന്റെ ഫോണിലേക്കും എടുത്തു..
“നോക്കിക്കഴിഞ്ഞെങ്കി ഫോൺ ഇങ്ങോട്ട് താ ടീ കോപ്പേ..”
“അയ്യടാ എന്താ ഒരു ഉത്സാഹം.. അച്ഛന്റെ കൂട്ടുകാരന്റെ മോനായിട്ട് എന്നോട് ഇങ്ങനെയാണേൽ, ഹോ ബാക്കി പെണ്ണുങ്ങളെ ഒക്കെ നിങ്ങള് ബാക്കി വച്ചേക്കോ മനുഷ്യാ.. ചെ.. ന്നാ പിടിച്ചോ കോഴീ നിങ്ങടെ മെമ്മറി കാർഡ്.. ഹും..”
അവന്റെ മോന്ത കാണണം, കോഴിത്തനം പിടിക്കപ്പെടുമ്പോഴുള്ള ആ അളിഞ്ഞ ലുക്കില്ലേ.. ദത് തന്നെ.. പിടി കിട്ടീലേ, വിനീത് ശ്രീനിവാസന്റെ കുറുക്കന്റെ മോന്ത..
“എന്നാലും എന്ത് ധൈര്യത്തിലാ ഈശ്വരാ ഞാനെന്റെ ചേച്ചിയെ ആ വീട്ടിലോട്ട് പറഞ്ഞ് വിടുന്നെ.. ചെ.. ആലോചിക്കുമ്പോ തന്നെ..”
“നീ കൂടുതല് ആലോചിക്കണ്ട..”
“അയ്യ നാവിന് മാത്രം ഒരു കുറവും ഇല്ല.. വല്ല ഉളുപ്പും ഉണ്ടോന്ന് നോക്ക്..”
അവൻ എങ്ങനെയോ കടിച്ച് പിടിച്ച് നിക്കുന്നുണ്ട്..
ഞാൻ നേരെ വണ്ടിയുടെ അടുത്തേക്ക് നടന്നു.. “വന്ന് വണ്ടിയെടുക്കുന്നുണ്ടോ..!!”
പിടിക്കപ്പെട്ട അവസ്ഥയിൽ അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു.. ഒരിടത്തും തൊടാതെ ഞാൻ വണ്ടീൽ കേറി.. “എന്തായിരുന്നു ഇങ്ങോട്ട് വന്നപ്പോ ഒന്ന് ഷർട്ടില് പിടിച്ചതിന്.. ഹോ.. ആരേലും വിചാരിക്കോ ഗിരിരാജനാ ഇങ്ങനെ കൂവാൻ മുട്ടി നിക്കണതെന്ന്..”
അവൻ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്.. ന്നെ പ്രാകി കൊല്ലുവാരിക്കും കാട്ടുകോഴി..
“ദേ മര്യാദക്ക് പതുക്കെ ഓടിച്ച് പൊക്കോ.. പറഞ്ഞില്ലെന്ന് വേണ്ട..”
“നീയെന്നെ ഓടിക്കാൻ പഠിപ്പിക്കേണ്ട..”
“അയ്യമ്മാ നിങ്ങക്ക് മേത്ത് തട്ടീം മുട്ടീം ഇരിക്കാൻ പൂതി കാണുമായിരിക്കും.. പക്ഷെ എനിക്ക് തീരെയില്ല.. കൂടുതല് ചൊറിയാൻ വന്നാലുണ്ടല്ലോ, കയ്യിലുള്ള ഫോട്ടോയൊക്കെ ഞാൻ വീട്ടുകാരെ കാണിക്കും.. അറിയാല്ലോ ന്നെ..”
അവനൊന്ന് തറപ്പിച്ച് നോക്കി വണ്ടിയെടുത്തു.. ഇടക്കൊക്കെ കണ്ണാടീക്കൂടി നോക്കുന്നുണ്ട്.. കോഴിനോട്ടം..
ഇവൻ ഇത്രേം നാള് ചെറഞ്ഞതൊക്കെ ഇനി കോഴിനോട്ടമായിരുന്നോ.. വെറുതെ പേടിച്ചു..
എന്റെ വീട്ടിൽ തന്നെ വണ്ടി വന്ന് നിന്നു.. ഞാനെന്തോ ഹണിമൂൺ കഴിഞ്ഞ് വന്ന സന്തോഷത്തിൽ ഓടി വരുന്നു അമ്മ.. ഇനിയെങ്ങാനും സഞ്ജുമോൻ കൊഞ്ച് മോനെന്നും പറഞ്ഞ് കൊഞ്ചിയാലാണ് രണ്ടും കേൾക്കാൻ പോണത്..
“ഹാ നിങ്ങളിത്ര നേരത്തെ എത്തിയോ.. നീ കോളേജില് പോയില്ലേ ലച്ചൂ..”
“ഇല്ല.. പൂജ കഴിഞ്ഞപ്പോ കുറച്ച് വൈകി.. അതോണ്ട് പിന്നെ ഇങ്ങ് പോന്നു.. ചേച്ചി എവിടെ..”
“നീ എന്നോടാണോ ചോദിക്കണേ.. നിങ്ങള് ഒരുമിച്ചല്ലേ പോയെ..”
ഓഹോ അവളിപ്പോഴും കൊഞ്ചി കുഴഞ്ഞ് എവിടെയോ കിടപ്പുണ്ട്.. “ആ തനു പ്രസാദം മേടിക്കാൻ നിക്കുവാ പറയുംപോലെ..”
ഞാൻ അകത്തേക്ക് കേറീട്ടും ലവൻ അകത്തോട്ട് വരുന്നേ ഇല്ല.. ഹും അന്ത ഭയം ഇറുക്കട്ടും..
“ഹ മോനെന്താ അവിടെ തന്നെ നിന്നേ.. വാ കേറിയിരിക്ക്.. കഴിച്ചിട്ട് പോകാം..”
ഞാനൊന്ന് തിരിഞ്ഞ് നോക്കി..
“വേണ്ട ആന്റീ.. എനിക്ക് ഇച്ചിരി തിരക്കുണ്ട്.. ഞാൻ പോയിട്ട് പിന്നെ ഒരിക്കെ…..”
ഞാൻ വീണ്ടുമൊന്ന് തറപ്പിച്ച് നോക്കി.. “ന്നാ പിന്നെ ഞാൻ അങ്ങോട്ട്..”
“എന്താ സഞ്ജു ഇത്.. ഇവിടം വരെ വന്നിട്ട് കഴിക്കാതെ പോവാണോ.. വാ നല്ല കോഴിക്കറീം അപ്പോം ഉണ്ട്..”
കേട്ടതും എനിക്കൊന്ന് പൊട്ടിച്ചിരിക്കാൻ തോന്നി.. ന്റെ ഭാവം കണ്ടിട്ട് ലവൻ മൊത്തത്തിൽ നിന്ന് ഉരുകുന്നു..
“വേണ്ട ആന്റീ.. വേണ്ടാഞ്ഞിട്ടാ..”
“അങ്ങനെ പറയല്ലേ സഞ്ജുവേട്ടാ.. കഴിച്ചിട്ട് പോകൂ ന്നേ.. അമ്മയല്ലേ വിളിക്കണേ..”
അവൻ എന്നെയൊന്ന് നോക്കി.. അങ്കവാലൊക്കെ ഒതുക്കി വച്ചേക്കുവാ.. നീ ഇന്ന് തിന്നിട്ട് പോയാ മതിയെടാ കോഴി സഞ്ജു..!
(തുടരും)
വരലക്ഷ്മി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission