സ്വന്തം തന്തക്കിട്ട് തന്നെ പണിയണം, എന്ന മട്ടിലാണ് ഇപ്പൊ അങ്കിൾ.. അങ്ങേർക്കത് തന്നെ വേണം, എന്നെ കെട്ടിക്കാൻ മുട്ടി നിക്കുവല്ലാർന്നോ..
“സഞ്ജു നീ നോക്കി നിക്കാതെ വന്ന് വണ്ടിയെടുക്കുന്നുണ്ടോ..!!”
ആന്റിക്ക് ഇറങ്ങി ഓടിയാ മതീന്നാ.. അമ്മയാണേൽ അവരൊക്കെ പോകാൻ വേണ്ടി കാത്ത് നിക്കുന്നു.. എന്നിട്ട് വേണം ഇവിടെ ഒരാളെ കുരിശിലേറ്റാൻ..
“വന്ന് വണ്ടീല് കേറ് മനുഷ്യാ..!!” ആന്റി പിന്നേം അലറി.. അങ്കിളാണേൽ മടിച്ച് മടിച്ച് നിക്കുന്നു.. എന്നേം സഞ്ജുനേം മാറി മാറി നോക്കുന്നുമുണ്ട്..
“അല്ലാ പറയും പോലെ നിങ്ങളെങ്ങനെയാ ഞങ്ങളെ കണ്ടേ.. അപ്പൊ നിങ്ങളും അവിടെ ഉണ്ടാരുന്നോ..”
അങ്കിള് അമ്പ് തിരിച്ച് വിടുവാണല്ലോ ഈശ്വരാ..
“ഏയ് ഇല്ല.. ഞ.. ഞാൻ വെറുതെ അങ്ങോട്ട് നടന്നപ്പോ..” പുല്ല് വായിലൊന്നും വരുന്നതും ഇല്ല..
അപ്പോഴേക്കും കോഴി കുതിച്ച് ചാടി.. “അതിപ്പോ അറിഞ്ഞിട്ടെന്തിനാ.. അതല്ലല്ലോ ഇപ്പൊ ഇവിടത്തെ പ്രശ്നം..!!”
“എന്നാലും ഒന്ന് അറിയണോല്ലോ, കൃത്യമായി നിങ്ങള് രണ്ടും തന്നെ, എങ്ങനെ ഞങ്ങളെ കണ്ടെന്ന്..”
വിടാൻ ഉദ്ദേശമില്ല കിളവൻ.. കിട്ടിയതൊന്നും പോരായിരിക്കും..
“ഞാൻ പറയാം അങ്കിളേ..” വാ തുറന്നു തനു.. “ഇവര് രണ്ട് പേരും അവിടെ കിണറ്റിൻ കരയില് ഇരിക്കണ ഞാൻ കണ്ടാരുന്നു അങ്കിളേ.. ഞാൻ മാത്രല്ല, ഏട്ടനും കണ്ടു, അല്ലേ ഏട്ടാ..”
ഈ പെണ്ണിനെ ഞാൻ..
അത് കേട്ട് തലയാട്ടാനൊരു സാധനോം.. എന്നാലും നിരഞ്ജൻ ചേട്ടൻ.. ദുഷ്ടൻ.. ഇപ്പൊ വരും അടുത്ത ചോദ്യം.. “പറ ലച്ചൂ നിങ്ങളവിടെ എന്തെടുക്കുവാരുന്നു..” അമ്മയാണ്..
“ലച്ചൂ നീ ഇനി ഒളിപ്പിക്കാനൊന്നും നോക്കണ്ടാ ട്ടാ, ഞങ്ങള് കണ്ടതാ..” ഇങ്ങനാണേൽ കെട്ടിന് മുന്നേ ഞാനിവളെ കൊല്ലും..
“എന്റെ കാര്യം അവിടെ നിക്കട്ടെ, അതിന് മുൻപ് നീ പറ, എന്തോ എടുക്കാനാ നീ അങ്ങോട്ട് കേറി വന്നേ..”
“അ അ.. അത് ഞങ്ങള് ഇച്ചിരി വെള്ളം കുടിക്കാൻ..”
“ഓ വെള്ളം കുടിക്കാൻ എല്ലാരും സാധാരണ കിണറ്റിലാണല്ലോ ചാടാറ്..”
“അ അത് പിന്നെ..”
നല്ല പോലെ പതറുന്നുണ്ട് മാഡം.. മൂരി ശൃംഗാരത്തിന് സ്ഥലം നോക്കി ഇറങ്ങിയതും പോരാ, ന്നിട്ട് നമക്കിട്ടാണ് താങ്ങ്..
“ഇപ്പൊ അതല്ലല്ലോ ലച്ചൂ ഇവിടത്തെ പ്രശ്നം.. നീ ഞാൻ ചോദിച്ചതിന് ഉത്തരം പറ, നിങ്ങളവിടെ എന്ത് ചെയ്യുവാരുന്നു..”
അവള് വീണ്ടും റൂട്ട് തിരിച്ച് വിടുവാ.. ശവം.. ഇനി എന്തോ പറഞ്ഞ് പിടിച്ച് നിക്കാനാ.. “അതെ..!! ഞങ്ങള് രണ്ടും അവിടെ ഉണ്ടാരുന്നു.. അതിനിപ്പോ എന്താ..!!! ഞങ്ങക്കൊരു അഞ്ച് മിനിറ്റിരുന്ന് സംസാരിക്കാനും പാടില്ലേ.. ഇതെന്ത് പാട്..”
“ഈ നീ തന്നെയല്ലേ ടീ കല്യാണക്കാര്യം പറഞ്ഞപ്പോ ബോധം കെട്ട് വീണെ..” ഈ അമ്മ.. വായിന്ന് വല്ലതും വീഴാൻ കാത്ത് നിക്കുവാ.. അരിച്ച് കേറുന്നുണ്ട്.. പക്ഷെ വല്ലോം മിണ്ടാൻ പറ്റോ..
പോരാഞ്ഞിട്ട് ദോണ്ടെ ഒരുത്തനിരുന്ന് ചെറയുന്നു, ന്റെ കാലമാടൻ..
എന്റെ ഐഡിയ ആയി പോയി, അല്ലേ നിന്നെ കൊന്നേനേ ടീ പന്നീ, ന്നാണ് അതിന്റെ ഭാവം..
ഞാനെന്തോ ചെയ്തിട്ടാ.. പറയാൻ പറ്റോ അവിടെ വട്ടം കൂടിയിരുന്ന് വലിക്കുവായിരുന്നെന്ന്..
അങ്കിളൊരു അന്താളിപ്പിൽ ഞങ്ങളെ മാറി മാറി നോക്കുന്നുണ്ട്.. ഞങ്ങടെ അന്നത്തെ കോഴിപ്പോരാണ് മനസ്സിൽ.. കോഴിക്കുഞ്ഞ് പിന്നെ എതിർക്കാത്തത് കൊണ്ട് അങ്കിളിപ്പോ വിശ്വസിച്ച മട്ടാ.. ഓ തൊടങ്ങി ആ വളിച്ച കിണി.. ഇതിന് മാത്രം ഒരു കുറവും ഇല്ല, ഇന്ന് രണ്ട് കൊടുത്തിട്ട് തന്നെ ബാക്കി കാര്യം..
“അങ്കിളിന് ഇപ്പൊ മനസിലായില്ലേ, ഞങ്ങള് എങ്ങനെയാ കണ്ടതെന്ന്.. ഞങ്ങളവിടെ കുറച്ച് നേരം ഇരുന്നത് നേരാ, പോരാൻ തുടങ്ങുമ്പോഴാ നിങ്ങള് വരുന്ന കണ്ടേ.. അതിലിനി സംശയം ഇല്ലല്ലോ, ഇനിയെങ്കിലും അങ്കിള് സമ്മതിക്ക് വലിച്ചത് നിങ്ങളാ ന്ന്..”
“ഹാ അതിന് ഞാനെപ്പൊഴാ ടീ വലിച്ചേ..”
“പിന്നെ ഞാനാണോ വലിച്ചേ.. അങ്കിളിന് എങ്ങനെ ഒരു പെങ്കൊച്ചിനോട് ഇങ്ങനെ പറയാൻ തോന്നുന്നു.. ചെ..”
“എടീ അതിന് ഞാൻ നീയാ ന്ന് പറഞ്ഞില്ലല്ലോ..”
“പിന്നാര് സഞ്ചുവേട്ടനോ.. ശോ എങ്ങനെ ഇങ്ങനൊക്കെ ചിന്തിക്കാൻ തോന്നുന്നു അങ്കിളേ..”
അങ്കിളാകെ പെട്ട അവസ്ഥ..
“അതും പോരാഞ്ഞ് പാവം ആന്റീടെ മേലെ ആണയിടാൻ വന്നേക്കുന്നു.. തടിമാട് പോലെ വളർന്നില്ലേ അങ്കിളേ, ഞങ്ങളൊക്കെ നിങ്ങളെ കണ്ടല്ലേ പഠിക്കേണ്ടേ..”
“എടീ കൊച്ചേ അതിന് ഞാനെന്തോ ചെയ്തെന്നാ..”
“മതി നിങ്ങള് വിസ്തരിച്ചത്.. എനിക്കെല്ലാം മനസ്സിലാകുന്നുണ്ട്..” ആന്റിയും കളത്തിലിറങ്ങി..
“ന്റ ലതേ നീ ഇതൊക്കെ വിശ്വസിക്കുവാണോ.. നീയാണെ സത്യം ഞാൻ…….”
“ദേ മനുഷ്യാ ഇനീം എന്നെ വച്ച് വല്ല സത്യം ചെയ്താലുണ്ടല്ലോ, പിള്ളേര് നിക്കുന്നോണ്ട് ഞാൻ ബാക്കി പറയുന്നില്ല.. വീട്ടിലോട്ട് വാ.. വച്ചിട്ടുണ്ട് ഞാൻ.. സഞ്ജു, എന്ത് നോക്കി നിക്കുവാ ടാ നീ.. വന്ന് വണ്ടിയെടുക്കുന്നില്ലേ..”
നിന്ന നിൽപ്പിൽ ആന്റിയോടി വണ്ടിയിൽ കേറി..
പാവം അങ്കിള് നിന്ന് അച്ഛനെ തന്നെ നോക്കുവാ.. ഇനിയൊരു തിരിച്ച് വരവില്ല അശോകാ, എന്ന് കരഞ്ഞ് പറയണമെന്നുണ്ട്.. പക്ഷെ ഫിലമെന്റൊക്കെ അടിച്ച് പോയില്ലേ..
അപ്പോഴാ ഒരു പൊളി ഡയലോഗ് കിട്ട്യേ.. ന്റെ അമ്മ എവിടെ.. ആ അവിടുണ്ട് സിറ്റൗട്ടിൽ, അച്ഛനെ ചെറഞ്ഞ് കൊല്ലുവാ.. എന്തേലും വായിന്ന് വീണാ, അമ്മ കടിച്ച് തിന്നും ന്ന് അറിയാവുന്ന കൊണ്ട് അച്ഛൻ വായ്ക്ക് ലോക്കിട്ട് വച്ചിട്ടുണ്ട്..
“അമ്മേ..!!”
ല്ലാരും എന്റെ നേർക്ക് തിരിഞ്ഞു.. അമ്മയും..
“ഈ അവസ്ഥയിൽ പറയുന്നത് ശരിയാണോന്ന് അറിയില്ല, എന്നാലും പറയണോല്ലോ.. ഓരോ ചീത്ത കൂട്ടുകെട്ടുകളാ അമ്മേ ഈ അച്ഛനെ വഷളാക്കുന്നേ..!!”
കേട്ടതും ഇണക്കുരുവികൾക്ക് അറ്റാക്ക് വരും പോലെ.. പക്ഷേ അലർച്ച കേട്ടത് വണ്ടിക്കുള്ളിന്നാ.. “ടാ നിരഞ്ജാ, നീ അങ്ങേരെ എടുത്ത് ഡിക്കീലിട്ട് വന്ന് വണ്ടീൽ കേറുന്നോ..!!!!”
ആഹാ ശടപടേന്ന് അങ്കിളും ചേട്ടനും കോഴിയും വണ്ടീൽ കേറി.. പോകാൻ നേരത്ത് അങ്കിളൊരു നോട്ടം, ഞാൻ നിന്നോട് എന്തേലും തെറ്റ് ചെയ്തോ കൊച്ചേ, ന്നാ.. വല്ലാത്ത ഇളിയല്ലാർന്നോ,ഈ…. ഞാനൊന്ന് ഇളിച്ച് കാണിച്ചു..
അച്ഛൻ പിന്നെ, വണ്ടി പോയിട്ടും വാഴയും നോക്കി ഇരിപ്പാ.. പണ്ടേ അതൊക്കെ നട്ട് പിടിപ്പിച്ചാ മതിയാർന്നു ന്ന് തോന്നുന്നുണ്ടാകും..
പക്ഷെ അമ്മയെ കാണുന്നില്ല, എവിടെ പോയോ..
ക്ണിം..!!! അടുക്കളേന്നാ, തൊടങ്ങി തൊടങ്ങി.. ക്ടിം.. ക്ണിം.. ആഹഹാ എന്താ ഒരു കളകളാരവം..
“അച്ഛൻ പോണില്ലേ അച്ഛാ അകത്ത്..”
അച്ഛനൊരു നോട്ടം.. “നിനക്ക് ഇതൊക്കെ എങ്ങനെ പറ്റുന്നെടീ..”
“ഹിഹി.. അങ്കിളിനോട് ഞാൻ പല പ്രാവശ്യം പറഞ്ഞതാ വേണ്ടാ വേണ്ടാ ന്ന്.. അപ്പൊ അങ്കിള് കേക്കൂല.. അതാ ഒരു ഡോസ് കൊടുത്തേ..”
“ഹ്മ് ഒരു കല്യാണം ആലോചിച്ചതിനാ ണാ ന്റെ ലച്ചൂ നീ.. എടീ കൊച്ചേ എങ്ങനാ ടീ ഞാൻ അറിഞ്ഞ് കൊണ്ട് ഒരു ചെക്കന്റെ ജീവിതം തൊലയ്ക്കണേ.. സഞ്ജുവാണേൽ എനിക്ക് അറിയാവുന്ന പയ്യനാ, അവനാകുമ്പോ നിന്നെ ബാക്കിയെങ്കിലും വച്ചേക്കും.. വേറെ വല്ലവനും ആണേൽ എന്നേം കൂടിയവൻ പ്രാകി കൊല്ലും പെണ്ണെ..”
“ഓഹോ അച്ഛനപ്പോ കിട്ടിയതൊന്നും പോരല്ലേ.. ഞാൻ അമ്മേ വിളിക്കാം.. ”
ച്ച്ലിം..!! അച്ഛനൊന്ന് ഞെട്ടി.. “ന്റെ പൊന്നുമോളെ ഞാൻ എങ്ങനേലും ജീവിച്ച് പൊക്കോട്ടെ..”
അതും പറഞ്ഞ് അച്ഛനെണീറ്റു.. “ഞാനിനി അവളോട് എന്താ പറയാ ന്റ ഈശ്വരാ..”
“ഒന്നും പറയാതിരിക്കുന്നതാ നല്ലത്, ഇനി വല്ലോം പറഞ്ഞ്, അമ്മ അച്ഛനെ എടുത്ത് കിണറ്റിലെറിഞ്ഞ്, വെറുതെ ഞങ്ങക്കെന്തിനാ പണി.. അതോണ്ട് മിണ്ടാതെ നിന്ന് കേട്ടോ..”
“ഹ അതിന് ഞാൻ വലിച്ചിട്ടില്ല ടീ..”
“ഓ ഇനി അതൊക്കെ ആര് കേൾക്കാൻ.. ചുമ്മാ നിന്ന് വിസ്തരിച്ചാ ബാക്കി കൂടി കിട്ടും, മിണ്ടാതെ നിന്ന് കേട്ടാ അമ്മ തന്നെ ബോറടിച്ച് നിർത്തും.. വേണേ ഫ്രണ്ടിനോട് കൂടി വിളിച്ച് പറഞ്ഞോ, അല്ലേലും അങ്കിളിന്റെ കാലൻ അങ്ങേരുടെ നാവാ..”
“ഹമ്.. വലിച്ചവനെ എങ്ങാനും ഇപ്പൊ ന്റെ കയ്യി കിട്ടിയാ..”
“സ്വന്തം കാലില് നിന്നിട്ടൊക്കെ പോരേ അച്ഛാ ഈ തള്ള്..”
അതിന്റെ ഇടയ്ക്കും വലിച്ചവനെ കിട്ടാത്തോണ്ടാ.. ഹും.. ഞാൻ നേരെ മുറിയിലോട്ട് പോയി.. അച്ഛൻ അടുക്കളയിലേക്കും, അവിടെ ഭൂകമ്പം പൊടിപൊടിക്കുന്നുണ്ട്..
ഏതാണ്ടൊരു മൂന്നാഴ്ച അങ്കിളിന്റെ പൊടി പോലും കണ്ടില്ല, ആന്റിയിനി കൊന്ന് വല്ല തെങ്ങും നട്ടോ ന്തോ.. തനൂന് പിന്നെ കല്യാണം നടക്കോന്നാ പേടി.. അല്ല, അവളേം പറഞ്ഞിട്ട് കാര്യമില്ല.. അമ്മായി അപ്പൻ വടിയായാ പിന്നൊരു വർഷം കാത്തിരിക്കണ്ടേ കെട്ടാൻ..
ഇണക്കുരുവികളെ ഒരുമിച്ച് കണ്ടാ അപ്പൊ ചവിട്ടി തേക്കുംന്നാ അമ്മേട ഓർഡർ.. കല്യാണക്കാര്യമൊക്കെ നിരഞ്ജൻ ചേട്ടൻ വഴിയാണ് സംസാരം..
ഒടുവിൽ ല്ലാരുടേം ആഗ്രഹം പോലെ കല്യാണത്തീയതി ഫിക്സ് ചെയ്തു.. വരുന്ന മൂന്നാമത്തെ തിങ്കളാഴ്ച.. അതോണ്ട് ഈ വരുന്ന ഞായറിന് എല്ലാരും ചേർന്ന് കല്യാണത്തിനുള്ള സാരിയൊക്കെ മേടിക്കാൻ പോണം..
ഞായറാഴ്ച രാവിലെ തന്നെ നെറ്റിപട്ടം കെട്ടി ഇറങ്ങിയിട്ടുണ്ട് തനു..”ശോ നിങ്ങളാരും റെഡിയായില്ലേ.. വൈകുമല്ലോ ഈശ്വരാ..” പ്രസവവാർഡ് പോലെ അങ്ങോട്ടും ഇങ്ങോട്ടും നടപ്പാ അവൾ, എന്ത് പിടിച്ചതാണോ, ഇടക്ക് ചുമരിലൊക്കെ പോയി ഇടിച്ച് നിപ്പുണ്ട്..
ഞാൻ കയ്യി കിട്ടിയ ഒരു സ്ലീവ് ലസ് ടോപ്പും കേറ്റി വന്നപ്പോഴുണ്ട് ദാ വരുന്നു, നെറ്റിപ്പട്ടവും കെട്ടി അടുത്ത ആൾ, ന്റെ ഡാഡിപ്പടി.. ഒരു നിലവിളക്ക് തന്നെ നിന്ന് കത്തുന്നുണ്ട് മുഖത്ത്.. “അച്ഛനെന്താ വീണ്ടും പെണ്ണ് കാണാൻ പോകുന്നുണ്ടോ..”
പുട്ടിയൊക്കെ നിന്ന് തിളങ്ങുന്നു..
അടുത്ത സെക്കന്റിൽ തന്നെ ആ ബൾബൊക്കെ കെട്ടു.. “നിനക്ക് എന്തേലും പ്രശ്നമുണ്ടോ ഞാനിങ്ങനെ വരണതിൽ.. ഉണ്ടേൽ പറ, ഞാൻ ഷർട്ട് മാറ്റി വേറെ ഇട്ടിട്ട് വരാം..”
“എനിക്കെന്ത് പ്രശ്നം..”
“അതാ ചോദിച്ചേ, ഉണ്ടേൽ ഇപ്പൊ പറയണം.. അവസാനം കടയിൽ ചെന്ന് അവരെയൊക്കെ കണ്ടിട്ട് നിനക്ക് വല്ലോം തോന്നിയാലോ, അതോണ്ട് മുന്നേ കൂട്ടി ചോദിച്ചെന്നെ ഒള്ളു..”
ഹും, ഒരു ഡോസും കൂടി കൊടുത്താ താങ്ങൂല, എന്നിട്ടാണ് ഡയലോഗടിക്കുന്നെ.. ഞാനൊന്ന് പുച്ഛിച്ച് വണ്ടീൽ കേറാൻ വന്നപ്പോ, ഓ അവിടെ പിന്നെ മുന്നേ കേറി ഫ്രണ്ട് സീറ്റിൽ ഇരിപ്പുണ്ട് തനു..
ഞാൻ പിന്നിൽ കേറി വാതിലടച്ചു..
അച്ഛനും അമ്മേം കേറി, വണ്ടി നീങ്ങി.. വന്ന് നിന്നത് ടെക്സ്റ്റൈൽസിന്റെ പാർക്കിങ്ങിലാണ്.. “ഒന്ന് പെട്ടെന്ന് വാ.. അവരൊക്കെ സാരി സെക്ഷനിൽ നിക്കുവാ..”
ഇവളെന്തിനാ ഇങ്ങനെ കിടന്ന് ചാടണെ.. ഇത്ര വെപ്രാളമായിരുന്നേ ഈ പെണ്ണിന് ചാടി പൊയ്ക്കൂടാർന്നോ.. ചിലവെങ്കിലും കുറഞ്ഞ് കിട്ട്യേനെ..
സെക്കൻഡ് ഫ്ലോറിലാണ് സാരി സെക്ഷൻ.. ലിഫ്റ്റിൽ കേറി, രണ്ടാത്ത നിലയിൽ വന്നപ്പോ കല്യാണ സാരീടെ സെക്ഷനിൽ തന്നെയുണ്ട് നിരഞ്ജൻ ചേട്ടനും ആന്റിയും..
മറ്റവൻ വന്നിട്ടില്ല, ആശ്വാസം.. അങ്കിളെവിടെ, വല്ല കോമ സ്റ്റേജിലും ആണോ..
“നിങ്ങള് പോയി സാരി നോക്ക്..” അച്ഛൻ പറയേണ്ട താമസം കയറും പൊട്ടിച്ചോടി അമ്മ.. മിക്കവാറും ഇപ്പൊ കണ്ണ് തള്ളി താഴെ വീഴും..
തനു പിന്നെ മനസിലാകാത്ത നാടകഡ്രസിന്റെ പിറകെയാണ്..
“മോളേ..” പെട്ടെന്നാ പിന്നിൽ നിന്നൊരു പിച്ചക്കാരന്റെ ഒച്ച..
തിരിഞ്ഞ് നോക്കുമ്പോ, “യ്യോ അങ്കിളിന്റെ ഒച്ചക്ക് എന്നാ പറ്റി..”
“ലവള് ചിരവക്ക് താങ്ങിയതാ.. ഭാഗ്യത്തിന് ബാക് സൈഡാ വന്നിടിച്ചേ.. അതോണ്ടിപ്പോ തലയുണ്ട്..”
“ശെടാ, ഒരു സിഗരറ്റ് വലിച്ചതിനാ ഈ ആന്റി.. അങ്കിള് വാ, ഇന്നിത് ചോദിച്ചിട്ട് തന്നെ കാര്യം..”
ഞാൻ കൈ നീട്ടിയതും ,കൈ കൂപ്പി നിക്കുവാ അങ്കിൾ.. “ഒന്നും വേണ്ടാ.. ഇത് സിഗരറ്റ് വലിച്ചതിനല്ല, ഞാനത് പറഞ്ഞ് മനസിലാക്കാൻ നോക്കിയപ്പോ പറ്റിയതാ..”
ഓ അപ്പൊ കിട്ടീല്ലെങ്കിലേ ഒള്ളു, ഇങ്ങേരുടെ നാവ് തന്നെ ഇങ്ങേരെ കൊലയ്ക്ക് കൊടുക്കും..
“അല്ല മോളെ അശോകനെവിടെ.. അവന് വല്ലതും പറ്റിയാർന്നോ..”
“ഏയ് അച്ഛന് പുറമെ പരിക്കൊന്നും ഇല്ല.. ഹാ അതിപ്പോ അങ്കിളിനും വിചാരിച്ച പോലൊന്നും ഇല്ലല്ലോ, ഇച്ചിരി സൗണ്ട് മാറിയതല്ലേ ഒള്ളു..”
അങ്കിള് ഇച്ചിരി ഗ്യാപ്പിട്ട് നിന്ന് നോക്കുന്നു.. നിനക്ക് ഇത് കൊണ്ടൊന്നും മതിയായില്ല ല്ലേ ടീ.. മനസില് ചിന്തിച്ചാ മ്മക്ക് മനസിലാവൂലന്നാ വിചാരം..
ഞാനൊന്ന് ഇളിച്ച് കാട്ടി സാരി സെക്ഷനിലേക്ക് നടന്നു..
അവിടെ പിന്നെ മത്തി കണ്ട പൂച്ചയെ പോലെ സാരിയിൽ ആറാടുന്നു അമ്മ.. ആ ധൈര്യത്തിൽ അച്ഛനും അങ്കിളും സൊറ പറഞ്ഞിരിപ്പുണ്ട്..
നോക്കിയപ്പോഴുണ്ട്, മുണ്ടിന്റെ സെക്ഷനിൽ നിക്കുന്നു നിരഞ്ജൻ ചേട്ടനും മ്മടെ കുരിശും.. ചേട്ടൻ മുണ്ട് എടുത്തിട്ടും പിന്നേം അവിടെ തന്നെ കറങ്ങി നിക്കുവാ രണ്ടും.. കോഴി എന്നെക്കണ്ടതും ചികളപ്പൂക്കളൊക്കെ വിടർത്തി നിക്കുന്നു.. എന്തോ പറ്റി ഇതിന്..
എന്നെ കണ്ടിട്ടും മുടിഞ്ഞ ജാഡ.. “ഏട്ടന് എടുത്ത് കഴിഞ്ഞില്ലേ.. വാ പോവാം പോവാം..”
“ഹായ് നിരഞ്ജൻ ചേട്ടാ..”
“ഹായ്..” പിന്നെയാ ചേട്ടന് അന്നത്തെ സംഭവങ്ങളൊക്കെ ഓർമ വന്നേ.. പിന്നൊരു ഇളി..
“നിങ്ങള് മുണ്ടെടുക്കാൻ വന്നതാ..”
“അല്ല സിനിമയ്ക്ക് വന്നതാ.. നിനക്കിപ്പോ അറിഞ്ഞിട്ടെന്തിനാ..”
“ഹ ഞാൻ നിരഞ്ജൻ ചേട്ടനോടല്ലേ ചോദിച്ചേ.. അതിന് നിങ്ങളെന്തിനാ മനുഷ്യാ തള്ളിക്കേറി വരുന്നേ.. ഞാൻ നിങ്ങളോട് മിണ്ടാൻ പോലും വന്നിട്ടില്ലല്ലോ..”
“നീ എന്നോടിപ്പോ മിണ്ടാൻ വരണ്ട ടീ പുല്ലേ.. അല്ലേലും ചാടിക്കേറി മിണ്ടാൻ പറ്റിയ ചളുക്ക്..”
“സഞ്ജു നീയൊന്ന് മിണ്ടാതെ നിന്നേ.. അവള് ചോദിച്ചത് എന്നോടല്ലേ.. ലച്ചൂ, ഞങ്ങള് എടുത്ത് കഴിഞ്ഞു, അങ്ങോട്ടേക്ക് തന്നെ വരാൻ നിക്കുവാരുന്നു..”
“അതിന് ഇതിപ്പോ ഒരു മുണ്ടല്ലേ ഒള്ളു.. അപ്പൊ കോഴിക്ക് പൂടയൊന്നും വേണ്ടേ..”
“കോഴിക്കിപ്പോ പൂടയല്ലാ.. ന്താ വേണ്ടതെന്ന് ഞാൻ ലിസ്റ്റെഴുതി തരാമെടീ പുല്ലേ.. നീയാരാ ടീ കോപ്പേ എന്നെ തുണിയുടുപ്പിക്കാൻ..”
“അപ്പൊ ഉറപ്പിച്ചോ മനുഷ്യാ നിങ്ങളാ കോഴിയെന്ന്..”
“കോഴി നിന്റെ.. നിന്നെയാരാ ടീ പുല്ലേ ഇപ്പൊ ഇങ്ങോട്ട് അഴിച്ച് വിട്ടേ..”
“ഹാ ഒരു മുണ്ടെടുത്തോ ന്ന് ചോദിച്ചതിനാണോ മനുഷ്യാ നിങ്ങള് നിന്ന് കൊരവയിടുന്നെ..”
“കൊരവ നിന്റെ.. ഞാനെന്ത് ഉടുത്താ നിനക്കെന്താ ടീ.. അതൊക്കെ ചോദിയ്ക്കാൻ നീയാരാ ടീ കോപ്പേ..”
ദൂരെ നിന്ന് അങ്കിള് എത്തി വലിഞ്ഞ് നോക്കുന്നു.. അടുത്ത സെക്കന്റിൽ തന്നെ പറന്നെത്തി അങ്കിൾ.. “എന്താ എന്താ ഇവിടെ പ്രശ്നം..”
“ഏയ് ഇവിടൊരു പ്രശ്നോം ഇല്ല അങ്കിളേ..”
ഓ ഞാൻ പറഞ്ഞപ്പോ വിശ്വാസം പോരാ.. നിരഞ്ജൻ ചേട്ടന്റെ വായിന്ന് കേക്കണം.. “ഇവിടൊരു പ്രശ്നോം ഇല്ലച്ഛാ.. അച്ഛൻ പൊയ്ക്കോ.. ഞാൻ നോക്കിക്കോളാം..”
അങ്കിളിനൊന്ന് ശ്വാസം വീണു.. ദൂരേക്ക് മാറി നിന്ന് നോക്കുന്നുണ്ട്..
“ലച്ചൂ നീ അങ്ങോട്ട് പൊക്കോ.. ഞങ്ങള് വരാം..”
“അതെന്താ ചേട്ടാ ഞാൻ നിന്നാ കോഴികള് മുണ്ടുടുക്കൂലേ..”
“കോഴി മുണ്ടല്ല ടീ….”
അപ്പൊ തന്നെ ചേട്ടൻ അതിനെ ചാട്ടയിട്ട് പിടിച്ചു.. “ന്റെ ലച്ചൂ ഞങ്ങളൊന്ന് മുണ്ടെടുത്തോട്ടെ.. നീ ഇപ്പൊ പൊക്കോ..”
ഹ്മ് ചേട്ടൻ പറഞ്ഞോണ്ട് പോണു.. പിന്നേം രണ്ടും അവിടെ തന്നെ നിക്കുന്നു..
ഞാൻ വെറുതെ വീണ്ടും അടുത്തൂടെയൊന്ന് കറങ്ങി നോക്കി.. അങ്കിളും പിറകെ കറങ്ങുന്നുണ്ടോ ന്നൊരു സംശയം.. സംശയമല്ല, പിറകെ തന്നെ മണപ്പിച്ച് വരുന്നു.. ലവനും നിന്ന് കുറുകുന്നുണ്ട്.. എടുത്ത് കൊടുക്കാൻ നിക്കുന്ന ചേട്ടനാണേൽ ഓരോ മുണ്ടെടുത്ത് കാണിച്ചിട്ടും, അത് “മാണ്ടാ.. മാണ്ടാ…” ന്ന് പറഞ്ഞോണ്ടിരിക്കാ..
എന്തോ ഉണ്ടല്ലോ.. ഒന്ന് നോക്കാം..
“ഇതെടുക്കട്ടെ സാർ..”
“മാണ്ടാ..”
“ഈ കരയുള്ളത്..”
വീണ്ടും “മാണ്ടാ..”
“എന്നാ ഈ കളർ..”
“അതും വേണ്ടാ..!!”
“പിന്നേതാ വേണ്ടേ..”
ഒക്കെ കേട്ട് നിരഞ്ജൻ ചേട്ടനും വട്ടായി നിക്കുവാ.. കിട്ടിയ തക്കത്തിന് ഞാൻ തള്ളിക്കേറി, “അതേയ് ഈ സ്റ്റിക്കറുള്ള മുണ്ടില്ലേ ചേട്ടാ.. ഉടുത്താ ഉരിഞ്ഞ് പോകാത്തെ, ഈ ഒട്ടിച്ച് വക്കാനൊക്കെ പറ്റിയെ.. അല്ലേൽ ബെൽറ്റിടാൻ പറ്റുന്നെ.. അതുണ്ടേൽ ചേട്ടൻ ഒരെണ്ണം എടുത്തോ.. ഇങ്ങേർക്ക് മുണ്ടുടുക്കാൻ അറിയില്ല..” അത് കേട്ട് അപ്പുറത്ത് നിക്കുന്ന പെണ്ണുങ്ങളൊക്കെ ചിരിക്കുന്നു.. മാനം പോവാൻ ഇനി വല്ലോം വേണോ..
“നിന്നോടാരാ ടീ പോത്തേ ഇപ്പൊ ഇങ്ങോട്ട് കേറി വരാൻ പറഞ്ഞെ..”
“ഹിഹി ഇത് സതീശൻ അങ്കിളിന്റെ കടയൊന്നും അല്ലല്ലോ.. എന്നാലും മനുഷ്യാ ഇത്രേം വല്യ പോസ്റ്റ് കണക്ക് വളർന്നിട്ടും നിങ്ങക്ക് മുണ്ടുടുക്കാൻ അറിയില്ലേ മനുഷ്യാ..”
“നീയാരാ ടീ എന്നെയിപ്പോ മുണ്ടുടുപ്പിക്കാൻ.. ഞാനേ എനിക്ക് ഇഷ്ടമുള്ളത് ഉടുക്കും..”
“ഹ അതിനാണേൽ എന്തിനാ മനുഷ്യാ മുണ്ടിന്റെ സെക്ഷനിൽ വന്ന് നിക്കുന്നെ..”
കടക്കാരൻ ചേട്ടൻ ഞങ്ങളെ തന്നെ നോക്കുവാ.. “സാർ ഒട്ടിപ്പോ മുണ്ട് വേണോ സാർ..” കാലനിപ്പോ അങ്ങേരെ വിഴുങ്ങും.. കണ്ട പാടെ നിരഞ്ജൻ ചേട്ടൻ, നമ്മളില്ലേ ന്നും പറഞ്ഞോടി..
ഞാനും നിന്നാ ശരിയാവൂല, നേരെ സാരി സെക്ഷനിലേക്ക് നടന്നു.. അവിടെ തനൂം നിരഞ്ജൻ ചേട്ടനും വേറൊരു ഭാഗത്ത് നിന്ന് സാരി എടുത്ത് നോക്കുവാ.. രണ്ടും കൂടി ഒടുക്കത്തെ ഒലിപ്പീര്..
സഞ്ജു അപ്പോഴേക്കും ഒരു മുണ്ടും പൊക്കിപ്പിടിച്ച് വരുന്നുണ്ട്.. വല്ലാത്ത ചീറ്റം..
“സഞ്ജു നീ ഷർട്ട് നോക്കുന്നില്ലേ ടാ..”
“ഏട്ടൻ നോക്കിക്കോ.. ഞാനിപ്പോ വരാം..”
അതും പറഞ്ഞ് ചീറിയൊരു വരവ്.. ആരും നിക്കുന്ന പോലും നോക്കാതെ, എന്നേം വലിച്ചോണ്ടൊരു പോക്ക്.. വന്ന് നിന്നത് ട്രയൽ റൂമിന്റെ സൈഡിലാ..
എന്നെ ചുമരിൽ തേച്ച് നിർത്തി തൊട്ട് തൊട്ടില്ല എന്ന രീതിയിലാ നിൽപ്പ്.. രണ്ട് കയ്യും വച്ചെന്നെ ലോക്കിട്ടു എന്ന് വേണേൽ പറയാം..
“എന്താ..!!”
അവനൊന്നും മിണ്ടാതെ നിന്ന് നോക്കുന്നു.. “എന്തുവാ മനുഷ്യാ.. ആരേലും കണ്ടാൽ തെറ്റിധരിക്കും മനുഷ്യാ..”
“നിന്നോടാരാ ടീ അന്ന് അങ്ങനെയൊക്കെ പറയാൻ പറഞ്ഞെ.. എനിക്കൊരു ജോലി പോലുമില്ല.. ഇനി നിന്നെയെല്ലാം കൂടി എന്റെ മണ്ടേലെടുത്ത് വച്ചിട്ട് വേണം ഞാനിങ്ങനെ റോഡേ തേരാ പാരാ നടക്കാൻ..”
“അയ്യടാ പറയണ കേട്ടാ തോന്നുവല്ലോ ഞാൻ നിങ്ങളെ കെട്ടാൻ നടക്കുവാന്ന്.. അന്ന് നിങ്ങടെ അച്ഛൻ ചോദിച്ചോണ്ടല്ലേ മനുഷ്യാ ഞാൻ അങ്ങനൊക്കെ വിളിച്ച് പറഞ്ഞെ.. സത്യം പറഞ്ഞാ ഇതിനൊക്കെ ഞാനാ നിങ്ങളോട് ദേഷ്യപ്പെടേണ്ടേ..”
“അതിന് ഞാനെന്ത് മല മറിച്ചു..”
“പിന്നല്ലാതെ, നിങ്ങടെ കോഴി ബുത്തീല് ഓരോ ഐഡിയ പറഞ്ഞ് തന്നതും പോരാ..”
“ആരാ ടീ നിന്റെ കോഴി.. കൊറേ നേരായി സഹിക്കണു..” അതും പറഞ്ഞ് ന്റെ വലത് കൈ അവൻ തിരിച്ച് പിന്നോട്ട് വച്ചു..
“ആഹ് വിട് മനുഷ്യാ.. വേദനിക്കുന്നു..”
ശവം നോക്കി നിക്കുവാ.. “ഹോ വേദനിക്കുന്നു മനുഷ്യാ..” ഇങ്ങേരെ ഞാൻ.. വന്ന് കേറിയ ദേഷ്യത്തില് ആഞ്ഞൊരു കടി.. കൊടുത്തത് പക്ഷെ കവിളിലാ.. കോഴിയാണേൽ അൽ ഫാമായി നിക്കുന്നു.. ഒരനക്കവും ഇല്ല..കാറ്റ് പോയാ ഈശ്വരാ..
കോഴിയെ സൈഡിലോട്ട് ഒതുക്കി വച്ച് നോക്കിയപ്പോഴാ, ദേ പുറകിലൊരാള് നിക്കുന്നു ചത്ത കോഴിയെ പോലെ.. പാവം അങ്കിള്.. കണ്ട് പേടിച്ചതാ..
(തുടരും)
വരലക്ഷ്മി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission