“നോക്കി നിക്കാതെ വന്ന് പിടിക്കെടാ അശോകാ..” അങ്കിളിന് മാത്രേ ഒള്ളു ഒരു ശുഷ്‌കാന്തി.. “ന്നാലും എന്റെ പിള്ളേരെ നിങ്ങളെന്നെ ഇതിന്റെ അകത്തായി..”
“കാല് തെറ്റി സാരീല് വീണതാ അങ്കിളേ..”
“കാല് മടക്കിയൊരു തൊഴി തരാനാ തോന്നുന്നേ രണ്ടിനും..!! ഒരു കടേല് വന്ന് കാണിച്ച് വച്ചേക്കുന്ന നോക്ക്.. ” അച്ഛനാ.. “എണീക്കുന്നുണ്ടോ രണ്ടും..!!”
അലർച്ച കേട്ടതും ലവൻ സാരീന്ന് പിടി വിട്ടു.. ശടപടേന്ന് ഞങ്ങള് ചാടി എണീറ്റു..
“ലച്ചൂന് അല്ലേലും വന്ന് വന്ന് വഷളത്തനം കുറച്ച് കൂടുവാ..” അമ്മേം തൊടങ്ങി..
“അതെങ്ങനാ നീ തന്നല്ലേ കൊണ്ട് നടന്ന് വഷളാക്കിയേ.. ഇത് പെണ്ണാണെന്ന ബോധം നിനക്കുണ്ടോ ആദ്യം.. അതിനെ അങ്ങ് അഴിച്ച് വിട്ടേക്കുവല്ലേ..”
“ഞാനോ..”
“ആ നീ തന്നാ..” അമ്മ പിന്നൊന്നും മിണ്ടീല..
“ഹ വിട് അശോകാ.. പിള്ളേരല്ലേ..” അങ്കിളാ..
“ഏത്, ഈ പോത്ത് പോലെ വളർന്ന ഇതുങ്ങളോ..”
“നിങ്ങളെയാ നിങ്ങളെയാ..” ഒച്ച താഴ്ത്തി ഞാൻ സഞ്ജുനെ നോക്കി.. “പോടീ..” ശബ്ദം കേൾപ്പിക്കാതെ അവൻ ചുണ്ടനക്കി..
“പോട്ടെ അശോകാ.. നമുക്ക് എല്ലാത്തിനും വഴിയുണ്ടാക്കാം..” അങ്കിള് അച്ഛനേം കൂട്ടി നടന്നു പോയി.. ഇപ്പൊ ബാക്കി എല്ലാരും ഞങ്ങളെ നോക്കി തുറിപ്പിക്കുവാ..
പോരാഞ്ഞിട്ട് കൊറേ സെയിൽസ് ഗേൾസും.. ഇത്രേം പേര് ഉണ്ടായിട്ടാണോ എന്നെ ഇങ്ങേര് തറയിലിട്ട് ഉരുട്ടുമ്പോ നോക്കി നിന്നെ.. ആരേലും ഒന്ന് ഒച്ച വച്ചിരുന്നെങ്കി, ഒന്ന് കരഞ്ഞെങ്കി, ഞങ്ങള് എപ്പോഴേ വാലും പൊക്കി ഓടിയേനെ..
അപ്പോഴേക്കും അച്ഛനും അങ്കിളും തിരിച്ചെത്തി.. “മതി ഷോപ്പിങ് ഒക്കെ.. സാധനങ്ങളൊക്കെ എടുത്ത് എല്ലാം ഇറങ്ങിക്കോ..!!”
അച്ഛന്റെ കലിപ്പ് മാറീട്ടില്ല.. അതോണ്ട് മിണ്ടാണ്ട് ഞാനും പിറകെ നടന്നു..
നോക്കുമ്പോഴുണ്ട് ഒരു പെണ്ണ് ഓടി വന്നെന്നെ തടഞ്ഞ് നിർത്തി ഒരു പൊതി ഏൽപ്പിക്കുന്നു.. തറേന്ന് തൂത്ത് വാരിയ സാരിയാ.. “തേങ്സ്..”
കൃത്യ സമയത്ത് തന്നെ ഒരു ബില്ല് അച്ഛന്റെ കയ്യിലും..
“ബ്രൈഡൽ സെറ്റ് കാഞ്ചീപുരം സാരി – ഒന്ന് – 17500 രൂപ..
ഒടിഞ്ഞ കസേര – ഒന്ന് – 1000 രൂപ..
ഈശ്വരാ ഇതിലും ഭേദം ഒരു വാഴ തന്നെ മതിയാരുന്നു, ഒരു കൊലയെങ്കിലും കിട്ടിപ്പോയേനെ..” ഞാൻ കേൾക്കാത്ത ഭാവത്തിൽ നിന്നു..
“ഹാ നീയാ ബില്ല് ഇങ്ങ് താ അശോകാ.. ഞാൻ അടയ്ക്കാം..” അങ്കിളാ..
“എന്നാ നീ തന്നെ അടച്ചോ.. എന്നിട്ട് ഇത് സ്ത്രീധനത്തില് കുറച്ചോ സതീശാ..”
“ഹഹഹഹ..”
കൊലച്ചിരി നോക്ക് രണ്ടിന്റേം..
“ആരുടെ സ്ത്രീധനം..!!” ഞാനും സഞ്ചും കോറസിൽ..
“നിന്റെ തന്നെ.. അത്രക്കല്ലേ അഹങ്കാരം, അപ്പൊ പിന്നെ ഞാനായിട്ട് എന്തിനാ ഇത് വച്ച് താമസിപ്പിക്കണേ, തനൂന്റെ കൂടെ തന്നെ നിന്റേം അങ്ങ് നടത്താൻ തീരുമാനിച്ചു ഞങ്ങള്..”
ഏഹ്.. ദൈവമേ കേട്ടിട്ട് ശരിക്കും തല ചുറ്റുന്ന പോലെ..
“മാമൻ ആരെയാ ഉദ്ദേശിച്ചേ വരനായിട്ട്..” സഞ്ജുവാ.. ഈ ട്യൂബ് ലൈറ്റിനെ ആണാ ഈശ്വരാ എന്റെ തലേല്..
“ഹഹ നീ തന്നടാ മോനേ..”
“അപ്പൊ എന്റെ ജോലി..”
“ഇവളെ മേയ്ച്ചിട്ട് സമയം കിട്ടിയാലല്ലേ മോനെ അതിന്റെയൊക്കെ ആവശ്യം..”
അതും പറഞ്ഞ് അച്ഛൻ ദേ പോണു ലിഫ്റ്റില് കേറാൻ.. ലവനാണേൽ എന്നെ നോക്കി വിറപ്പിക്കുവാ.. “ഇനീം നോക്കിയാ നിങ്ങടെ കണ്ണ് രണ്ടും കൂടി ഞാൻ കുത്തിപ്പൊട്ടിക്കും മനുഷ്യാ.. ഇവിടം വരെ കൊണ്ടെത്തിച്ചതും പോരാ..”
“പോടീ..”
ഹും.. ഞാനും ഓടിച്ചെന്ന് ലിഫ്റ്റില് കേറി.. വാതിലടയുമ്പോ സഞ്ജു അവിടെ നിന്ന് എന്നെ തന്നെ നോക്കുന്നുണ്ട്..
പെട്ടെന്നാ ഒരു ശബ്ദം “ടീ ലച്ചൂ നീ ഇറങ്ങുന്നില്ലേ..” അച്ഛന്റെ ശബ്ദാ..
അതിനിടയ്ക്ക് വീട്ടിലെത്തിയാ.. കാറില് വേറാരും ഇല്ല.. ഇതെപ്പോ..
“ടീ മോളേ ഇറങ്ങ് അങ്ങോട്ട്..”
മോളാ.. “കുറച്ച് മുൻപ് അങ്ങനൊന്നും അല്ലല്ലോ വിളിച്ചേ..” ഹും..
“പിന്നല്ലാണ്ട് നീ കാട്ടണ കുരുത്തക്കേടിനൊക്കെ ഞാനെന്തിനാ നിന്റെ അമ്മേട വായിലിരിക്കുന്ന കേക്കുന്നെ.. അതാ ആദ്യം അവൾക്കിട്ട് രണ്ട് കൊടുത്തേ.. എങ്ങനെ ഉണ്ടാരുന്നു..”
“അതൊക്കെ ഓക്കേ.. പക്ഷെ അതും വച്ച് അച്ഛനെന്നെ അങ്ങേരുടെ തലയിലെങ്ങാനും കെട്ടി വച്ചാലുണ്ടല്ലോ..”
“ദേ പെണ്ണെ ഞാനൊരു വീക്ക് വച്ച് വരും.. മര്യാദക്ക് സതീശനോട് ഈ കല്യാണം വേണ്ടാന്ന് സംസാരിച്ചോണ്ടിരുന്നതാ ഞാൻ.. അപ്പോഴാ അവൻ പറയണേ നിങ്ങള് തമ്മില് ഒടുക്കത്തെ കോപ്പാണെന്ന്.. ആ അവനെ പറഞ്ഞ് മനസിലാക്കാൻ ഞാൻ പെട്ട പാട്, അത് വല്ലോം നിനക്കറിയോ.. അപ്പോഴാ നിരഞ്ജൻ വന്ന് വിളിച്ചേ, എന്നിട്ട് വന്ന് നോക്കിയപ്പോഴോ, രണ്ടും കൂടിയവിടെ, എന്നെ കൊണ്ടൊന്നും പറയിക്കണ്ട നീ..”
“ഹ അച്ഛാ അത് അതൊന്നും അല്ല..”
“എനിക്കൊന്നും കേക്കണ്ട.. നീ മര്യാദക്കങ്ങോട്ട് ഇറങ്ങി ഡോറടച്ചേ..” ഹും.. ഞാൻ വാതിലടച്ച് ഇറങ്ങി പോയി..
സാരീടെ കവറും കൊണ്ട് മുറിയില് വന്നപ്പോ അവിടൊരു ഭദ്രകാളി തുള്ളി നിൽപ്പാ.. “എങ്ങോട്ടേക്കാ ടീ അതും കൊണ്ട്..”
തൊടങ്ങി.. “നിന്റെ സാരീടെ പേരില് വഴക്കിനൊന്നും ഞാനില്ല തനു.. അല്ലേ തന്നെ മനുഷ്യൻ വട്ട് പിടിച്ച് നിക്കുവാ..”
“പിടിക്കുമെടീ.. ബാക്കി ഉള്ളോരേ വട്ട് പിടിപ്പിക്കണ നിനക്ക് വട്ട് പിടിച്ചില്ലെങ്കിലേ ഒള്ളു.. എന്തായിരുന്നു കൂത്ത് രണ്ടും കൂടി.. അറ്റ്ലീസ്റ്റ് സഞ്ജു എങ്കിലും പാവമായിരിക്കും ന്നാ വിചാരിച്ചേ.. ഇതിപ്പോ അവനും കണക്കാ..”
“കഴിഞ്ഞോ ലക്ച്ചർ..!!”
ഇത്രേം കാണിച്ചിട്ടും അവനാ പാവം.. ഹും..
ഈശ്വരാ.. അച്ഛൻ സീരിയസായിട്ട് എന്നെയെങ്ങാനും പിടിച്ച് കെട്ടിക്കോ.. ആരേം കല്യാണം വിളിക്കാൻ പോലും സമയമില്ല.. ശേ അതാണോ ഇപ്പൊ ഇവിടത്തെ പ്രശ്നം..
എന്റെ പഠിത്തം.. ഓ പിന്നെ ഒരു പഠിത്തം.. അതിപ്പോ കെട്ടിയാലും കോളേജില് പോയി വായിന്നോക്കാം.. അല്ല ഞാനിപ്പോ അതിനാണല്ലോ പോണേ..
എന്നാലും ആ കാലമാടൻ എന്നെ കെട്ടോ.. അങ്ങേരുടെ കയ്യിലിരുപ്പ് വച്ച് നോക്കുമ്പോ അങ്ങേർക്ക് അതൊന്നും കിട്ടിയാ പോരാ..
ഇവര് പറയും പോലെ ആ ക്ണാപ്പന് എന്നോട് വല്ലതും കാണോ ഈശ്വരാ.. ശോ ഒരെത്തും പിടീം കിട്ടണില്ല……..!!
വട്ട് പിടിച്ച പോലെയാ ദിവസങ്ങൾ കടന്ന് പോയെ.. ഇന്നാണ് നിരഞ്ജൻ ചേട്ടന്റെ ബാച്‌ലർ പാർട്ടി..
രാവിലെ തന്നെ തനു അടുക്കളേല് കേറിയിറങ്ങുന്നുണ്ട്..
“നീയെന്താ ടീ തനു രാവിലെ കിടന്ന് കറങ്ങണെ.. നിനക്ക് കോളേജില് പോവാൻ നേരായില്ലേ..” കിട്ടി അമ്മേടേന്ന്..
“അത് അമ്മേ.. നല്ല പുറം വേദന.. ഞാനിന്ന് പോണില്ല..” എങ്കി എനിക്കും പുറം വേദന.. ഞാനും പോണില്ല.. “അതുമല്ല വൈകിട്ട് പാർട്ടിക്ക് പോകണ്ടേ, ഇനി കോളേജില് പോയി എനിക്ക് വയ്യ പനിയൊന്നും വരുത്താൻ..”
ഓ അപ്പൊ അതാണ്.. ഇപ്പൊ കേൾക്കാം തെറി..
“ആരൊക്കെയുണ്ട് കൂടെ..”
“വേറാര്, ഏട്ടൻ സഞ്ജു ഞാൻ ലച്ചു..”
“നിനക്കാ സാധനത്തിനെ എഴുന്നള്ളിച്ച് മതിയായില്ലേ ടീ.. പോകുവാണേ മര്യാദക്ക് നീ പോയിട്ട് വാ.. അവളിവിടെ നിക്കും..”
ഈ അമ്മ..!! “അതെന്താ ഞാൻ പോയാല്..” ഞാനും വിട്ട് കൊടുത്തില്ല..
പക്ഷെ അമ്മ ഒരു നോട്ടം നോക്കിയതേ ഒള്ളു.. നാവൊക്കെ ഇറങ്ങിയൊരു പോക്ക്..
പോണ്ടെങ്കില് പോണ്ട.. ഇവിടെ ഇപ്പൊ ആർക്ക് പോണം..
സിറ്റൗട്ടില് വന്നപ്പോ അവിടെ അച്ഛൻ പത്രോം പിടിച്ച് ഇരിപ്പാ.. ദാ പറന്നെത്തി ഇണക്കുരുവി..
“ഇതാര് സതീശനോ.. എന്താ ടാ രാവിലെ..”
“ഓ ഞാൻ വെറുതെ കടേലെ കണക്ക് നോക്കാൻ ഇറങ്ങിയതാ.. പുല്ല് കൊറേ ഒണ്ട്.. അല്ല മോൾക്കിന്ന് ക്‌ളാസ്സില്ലേ..”
“ഇല്ല അങ്കിളേ നല്ല പുറം വേദന..”
“എന്നാ പോയി കിടന്നൂടെ കൊച്ചെ..”
“എനിക്കല്ല ചേച്ചിക്കാ..”
അങ്കിളിന് പിന്നേം തുടങ്ങി ചിരീടെ അസുഖം.. “എന്നാ നീയൊരു കാര്യം ചെയ്.. ഈ കണക്കൊക്കെ നോക്കിയേ..”
“ഞാൻ അങ്കിളിന്റെ കടയിലെ ബംഗാളി ഒന്നും അല്ല.. തന്ന ഇരുന്ന് രണ്ടും കൂടി നോക്ക്..” എന്ന് പറയാൻ വന്നതാ, പക്ഷെ അങ്കിളിന്റെ മോന്ത കണ്ടിട്ട് വേറെ എന്തോ ഉള്ള പോലെ.. എന്താന്ന് അറിയണോല്ലോ.. ഞാൻ അപ്പൊ തന്നെ ഫോണിലെ കാൽകുലേറ്ററെടുത്ത് വരവും ചിലവും പൈതഗോറസ് തിയറോം ഇന്റഗ്രേഷനും വച്ചങ്ങ് കാച്ചി..
അങ്കിളും അകത്തേക്ക് കേറി.. “ടാ അശോകാ വീട്ടില് ചെറിയൊരു പ്രശ്നം.. പേടിക്കാനൊന്നുമില്ല, എന്നാലും നിന്നോടും കൂടി പറയാന്ന് കരുതി..” അങ്കിള് ഈച്ചയെ പോലെ സംസാരിക്കുവാ..
തിരിച്ച് ഇവിടത്തെ കൊതുക് മൂളി.. “എന്താ ടാ കാര്യം..”
ഈച്ച, “ഞാൻ ഇന്നാ ടാ അറിഞ്ഞേ.. സഞ്ജു ചെന്നൈക്ക് പോവാന്ന്..” ഓ അത്രേ ഉള്ളോ.. “ആ ചെറുക്കൻ ഇടക്ക് ഇതിനെ പറ്റി നിരഞ്ജനോട് സംസാരിക്കണ ഞാൻ കേട്ടാരുന്നു.. പക്ഷെ ഇന്നാ അറിയണെ അവൻ ഇന്നാ പോണേന്ന്..”
“ടാ അപ്പൊ അവൻ കല്യാണത്തിന് കാണൂലെ..”
ഹോ ഈ അച്ഛൻ..
“എനിക്കറിയില്ല അശോകാ.. എന്തായാലും നീ പേടിക്കണ്ട ടാ, കല്യാണമൊക്കെ നമ്മള് വിചാരിച്ച പോലെ തന്നെ നടക്കും..”
എന്നിട്ടാണ് കിളവൻ എന്നെക്കൊണ്ട് കണക്ക് എഴുതിക്കുന്നെ.. ഹും, മനഃപൂർവം രണ്ടെണ്ണം അങ്ങ് തെറ്റിച്ച് വച്ചു..
“ദാ അങ്കിളേ..” കൊണ്ട് പോ..
നേരെ മുറിയിലേക്കാ വന്നേ.. അവിടെ പിന്നെ സ്വപ്ന ലോകത്ത് അഴിഞ്ഞാടി നടപ്പാ ഒരുത്തി…….!!!
വൈകിട്ട് കൃത്യം അഞ്ച് മണി..!! നോക്കിയപ്പോഴുണ്ട് ഒരു ഗൗണിൽ ചെത്തി വരുന്നു പുറം വേദനക്കാരി..
അറിയാതെന്റെ കണ്ണ് പോയത് ഗൗണിലേക്കാ.. ഒരു പീച് കളർ, ബീഡ്‌സ് വർക്കൊക്കെ ചെയ്ത സാധനം.. ഇവള് ഇതൊക്കെ എവിടെ പൂഴ്ത്തി വച്ചേക്കുന്നോ എന്തോ..
അവള് ഇട്ടേക്കുന്നതൊഴിച്ചാൽ, സാധനം കാണാൻ കിക്കിടിലം.. “ന്റ തനൂ.. എന്തൊരു ഭംഗിയാ ടീ നിന്നെ ഇതിട്ട് കാണാൻ..” ഓ അവള് നിലത്തൊന്നും അല്ല.. “സത്യായിട്ടും തനു ഇപ്പൊ നിന്നെ കണ്ടാലുണ്ടല്ലോ സിൽമാ നടിയെന്നേ തോന്നൂ..”
അവളൊരു നോട്ടം..
“ഹ്മ്.. ബൈ ദി ബൈ എനിക്ക് പോകാൻ നേരായി.. അപ്പൊ ബൈ ലച്ചു..”
ശവം.. എന്നെ ഒന്ന് വിളിക്കണം ന്ന് പോലും ഇല്ല.. ഒന്ന് എറിഞ്ഞ് നോക്കീട്ട് തന്നെ ബാക്കി കാര്യം..
“തനൂ നന്നായി നോക്കണേ ടീ ഗൗൺ.. നടക്കുമ്പോ അത് മൊത്തം പൊക്കിപ്പിടിക്കാതെ ഫ്രണ്ടില് കുറച്ച് മാത്രം ഉയർത്തി പിടിച്ച് നിന്റെ ഹീൽസ് കാണിക്ക്.. അപ്പോഴാ കാണാൻ രസം..”
“ഏഹ് നിനക്ക് ഇതിന്റെ ടെക്നിക്കൊക്കെ അറിയോ ടീ..” അവളൊന്ന് ഞെട്ടിയിട്ടുണ്ട്..
“ഇതൊക്കെ സിമ്പളല്ലേ.. എന്താ ഞാനും വരണോ ടീ കൂടെ..”
“വരുവാണേൽ കൊള്ളാം, പക്ഷെ പെട്ടെന്ന് റെഡിയായി വരണം..”
എപ്പോ റെഡിയായെന്ന് ചോദിച്ചാ മതി..
“ലച്ചൂ കുളിക്കാനൊന്നും പോണ്ട.. പെട്ടെന്ന് വല്ലതും ഇട്ടോണ്ട് വാ..”
ഇങ്ങനൊരു സാധനം.. കുളിച്ച് റെഡിയായി വന്നപ്പോ ദാ ബെഡിലൊരു വൈറ്റ് ഡ്രെസ്.. കണ്ണൊക്കെ മിന്നി തിളങ്ങുന്നു..
“ന്റ തനു ഇത് നിന്റെയാണാ ടീ..”
“ആണെങ്കി..”
“എടീ ഇന്നൊരു ദിവസം ഞാൻ ഇട്ടോട്ടെ..”
അവളെ കണ്ണ് കൊണ്ട് പ്ളീസ് പ്ളീസ് കാണിച്ചതും ദേ അവള് സമ്മതിക്കുന്നു.. ചേട്ടനെ കാണാഞ്ഞിട്ട് ഇവൾക്ക് വട്ടായാ ന്തോ..
അപ്പൊ തന്നെ ഞാൻ മാറി വന്നു.. മുട്ടിന് തൊട്ട് മുകളിൽ നിക്കുന്ന ഡ്രെസാ.. അതും വൈറ്റ് സ്ലീവ് ലസ്.. കോഴിയിന്ന് മൂക്കും കുത്തി വീണ തന്നെ.. മുഖമൊക്കെ ചുവന്ന് കേറുന്ന പോലെ..
“തനു വാ റെഡിയായി വാ പോകാം പോകാം..” ഒരു ഹൈ ഹീൽസും എടുത്തിട്ട് ഞാൻ ഇറങ്ങിയോടി.. തനു കണ്ട് പേടിച്ച് നിപ്പാ..
“നിനക്കെന്താ ലച്ചൂ പറ്റിയെ..”
“എന്ത് പറ്റി, ഒന്നും പറ്റീല, നിനക്ക് വൈകണ്ട എന്ന് വിചാരിച്ച് പെട്ടെന്ന് റെഡിയായതാ.. വാ വാ..”
ഇല്ലേ പറയാൻ പറ്റൂല, ഇവളെങ്ങാനും എന്നെ കൂട്ടാതെ പോയാലാ..
തുള്ളിച്ചാടി റോഡില് വന്നപ്പോഴുണ്ട് തനു നിന്ന് ഓട്ടോ വിളിക്കുന്നു.. “ഇതില് പോകാനാണാ ടീ ഞാനിങ്ങനെ ചെത്തി വന്നേ..”
“പിന്നെ നിന്നെ കൊണ്ട് പോകാൻ ആന വരണോ.. ഏട്ടന് അവിടെ കൊറേ അറേഞ്ച് ചെയ്യാനുണ്ട്, അതോണ്ട് നമ്മള് തന്നെ അങ്ങോട്ട് പോണം..”
ശേ ഇപ്പൊ തന്നെ അങ്ങേരുടെ എക്സ്പ്രെഷൻ കാണാന്നാ വിചാരിച്ചേ..
ഓട്ടോ എങ്കി ഓട്ടോ.. അത് വന്ന് നിന്നത് ഒരു ഹോട്ടലിന്റെ മുന്നിലാ.. അകത്ത് കേറിയതും “നിരഞ്ജൻ & ധനലക്ഷ്മി – ബാച്‌ലർ പാർട്ടി” എന്നെഴുതി ഒരു ബോർഡും..
ഗ്ലാസ്സിലുള്ള വാതിലുകൾ തുറന്ന് ഞങ്ങൾ അങ്ങോട്ടേക്ക് നടന്നു.. ഓരോ സ്റ്റെപ് വക്കുമ്പോഴും വല്ലാത്തൊരു ആകാംക്ഷ..
അടുത്ത ഗ്ലാസ് ഡോർ തുറന്ന് വന്നപ്പോ, ഫ്ലോർ നിറയെ ബലൂൺ നിറഞ്ഞ ഒരു വലിയ ഹാൾ.. അതിന്റെ നടുവിലായി ഒരു വലിയ ടേബിളും.. ഇപ്പൊ തന്നെ ഒരുപാട് പേരുണ്ട്, പ്രായം വച്ച് എല്ലാരും നിരഞ്ജൻ ചേട്ടന്റെ ഫ്രണ്ട്സും ഫാമിലിയും ആണ്..
“എടീ ലച്ചൂ എന്റെ ഗൗണ് കറക്റ്റല്ലേ ടീ..”
അയ്യാ.. ഞാനൊന്ന് പുച്ഛിച്ചു.. “മ്മ് കറക്റ്റാ..”
പറഞ്ഞ് തീർന്നില്ല ദേ എന്നെ കളഞ്ഞിട്ട് ഓടുന്നു തനു.. “അയ്യോ ആർദ്ര ചേച്ചി എപ്പോ എത്തി.. എവിടെ രാകേഷേട്ടൻ..” തുടങ്ങി.. ഇനി പിടിച്ചാ കിട്ടൂല അവളെ..
എല്ലാരോടും സംസാരിച്ച് കൊണ്ട് നിപ്പാണ് വേറൊരു വശത്ത് നിരഞ്ജൻ ചേട്ടൻ.. ശെടാ എനിക്ക് ചവിട്ടി കൂട്ടാനുള്ള സാധനം എവിടെ.. അങ്ങേരുടെ ഒരു കിളി പോയ ലുക്ക് കാണാമെന്ന് വിചാരിച്ചാ അതിനെ കാണാനും ഇല്ല..
ബോറടിച്ച് അവസാനം തനൂന്റെ അടുത്ത് തന്നെ പോയി നിന്നു ഞാൻ.. അപ്പോഴാ പിറകിന്നൊരു വിളി.. “ഹായ് ഏട്ടത്തീ..”
ഇപ്പൊ കാണാം ലവന്റെ കിളി പോയ മോന്ത.. തിരിഞ്ഞ് നോക്കുമ്പോ അവനൊരു ബ്ലാക്ക് പാന്റും വൈറ്റ് ഷർട്ടും.. അത് ഇൻ ചെയ്ത്, ഷർട്ട് സ്ലീവ് ഒക്കെ മുട്ട് വരെ മടക്കി വച്ച്, താടിയൊക്കെ ട്രിം ചെയ്ത്.. ലുക്കെന്ന് പറഞ്ഞാ മുടിഞ്ഞ ലുക്ക്..
ന്റമ്മോ ഇതിപ്പോ ഞാനാണല്ലോ ഈശ്വരാ കണ്ട് കിളി പോയെ.. അവനും ശ്രദ്ധിക്കുന്നുണ്ട് എന്നെ, ഞാൻ പെട്ടെന്ന് കണ്ണ് മാറ്റി..
“സഞ്ജു ദേ ഞാൻ പറഞ്ഞ വാക്ക് പാലിച്ചിട്ടുണ്ട് ട്ടോ.. നീ വാങ്ങിയ ഡ്രെസ്സില് നീ പറഞ്ഞ ആളെ ദേ എത്തിച്ചിരിക്കുന്നു..”
ആരെ.. എന്നെ നോക്കിയാ ലവള് പറയുന്നേ.. ഈശ്വരാ ഇവിടിപ്പോ ആർക്കാ വട്ട്..
“താങ്ക്സ് ഏട്ടത്തീ.. ബുദ്ധിമുട്ടായി കാണുമെന്നറിയാം.. എന്നാലും ചെന്നൈക്ക് പോകുന്നേന് മുൻപ്..” അവൻ ചേച്ചിയെ നോക്കി ചിരിക്കുന്നു.. ഇതിന് ചിരിക്കാനൊക്കെ അറിയോ..
“ഇതൊക്കെ എന്ത് ബുദ്ധിമുട്ട് സഞ്ജു.. സത്യത്തിൽ ഞാൻ ഇച്ചിരി കഷ്ടപ്പെടേണ്ടി വരും ന്നാ വിചാരിച്ചേ.. പക്ഷെ ഇവളല്ലേ സാധനം, എനിക്കും മുന്നേ തുള്ളിച്ചാടി നിൽപ്പായിരുന്നു വരാൻ.. അമ്മയോട് പോലും പറഞ്ഞിട്ടില്ല ഇത് വരെ.. സാധാരണ കുളീം നനേം ഒന്നും ഇല്ലാത്ത സാധനാ, ഇന്നിപ്പോ അവള് തന്നെ ആറാടി, നീ മേടിച്ച ഡ്രെസൊക്കെ അവള് തന്നെ തെണ്ടി ചോദിച്ച്…”
അയ്യേ ഇതിലും ഭേദം തുണിയൂരി നിക്കുന്നതാ.. ഞാൻ പെട്ടെന്നവളുടെ വായ പൊത്തി..
അവനാണേൽ നിന്ന് അടിമുടി വാറ്റുന്നു.. ഇങ്ങനെ നോക്കല്ലേ മനുഷ്യാ..
തനു അപ്പൊ തന്നെ എന്റെ കൈ തട്ടി മാറ്റി..
“പിന്നേയ് സഞ്ജു.. ഞാൻ വാക്ക് പാലിച്ച പോലെ നീയും എനിക്ക് തന്ന വാക്ക് പാലിക്കണം.. രണ്ടും തല്ല് കൂടാതെ മര്യാദക്ക് നിക്കണം.. കേട്ടല്ലോ..”
സഞ്ജു ഒന്ന് ചിരിച്ചു.. ന്നിട്ട് നിന്ന് എന്നെ നോക്കുവാ, ഞാനെന്തോ കൂടെ വരണം എന്ന മട്ടിൽ.. അല്ലേ തന്നെ മനുഷ്യന്റെ തൊലിയുരിഞ്ഞു.. ഇപ്പൊ ശരിക്കും നിന്ന് ഉരുകുന്ന പോലെ..
(തുടരും)
വരലക്ഷ്മി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission