Skip to content

വരലക്ഷ്മി – ഭാഗം 8

വരലക്ഷ്മി Malayalam Novel

ഈശ്വരാ കണ്ണ് തുറക്കുമ്പോ മുന്നിൽ നിക്കണത് ഒറിജിനൽ കാലനായിരിക്കണേ.. മറ്റേ മൊതലിനെ വീണ്ടും കാണേണ്ടി വരല്ലേ.. രണ്ടും കൽപ്പിച്ചാ കണ്ണ് തുറന്നെ..

ന്നിട്ടോ.. “തളി ആനേ പനിനീർ.. ഇവിട തളി ആനേ പനിനീർ..” എന്ന ഭാവത്തിൽ നിക്കുന്നു എന്റെ ഡാഡിപ്പടി.. അത് കേട്ട് ഒരു കുടം വെള്ളം എന്റെ തലേൽ കമിഴ്ത്താൻ ഒരു അമ്മയും.. സുഭാഷ്.. അങ്ങനെ പെലകുളി കഴിഞ്ഞു..

ന്നാലും എവിടെ പോയി ചേച്ചി.. ഒരേയൊരു പെങ്ങൾ വെട്ടിയിട്ട വാഴ പോലെ വീണിട്ട് കരച്ചിലൊന്നും കേൾക്കുന്നില്ല.. ഹും എങ്ങനെ കേൾക്കാൻ, കസേരയിട്ട് മാറിയിരുന്ന് സൊള്ളി മറിക്കുവല്ലേ സാധനം.. എന്നിട്ട് ഒള്ള ചളു ഒക്കെ കേട്ട് ചിരിക്കാൻ ഒരു ഡോക്ടറും.. ഇങ്ങേരിനി വല്ല വ്യാജനും ആണോ.. ഒരു പെങ്കൊച്ചിവിടെ ബോധമില്ലാതെ കിടന്നിട്ട് വല്ല കുലുക്കോം ഉണ്ടോന്ന് നോക്ക് അങ്ങേർക്ക്..

അങ്കിളിനും ആന്റിക്കും എന്റെ കിടപ്പ് കണ്ടിട്ട് പൊട്ടിച്ചിരി തന്നെ.. എങ്ങനെ ചിരിക്കാതിരിക്കും, കാലന്റെ അല്ലേ പ്രൊഡ്യൂസഴ്സ്..

അല്ലാ പറയും പോലെ എന്നെ ഇങ്ങനാക്കിയ ആ മൊതലെവിടെ.. ഞാൻ ചത്തെന്ന് കരുതി വല്ല കുഴിയെടുക്കാൻ പോയതാവോ ശവം.. എന്തായാലും തിരിച്ച് വരാതിരുന്നാ മതി..

ഭാഗ്യത്തിന് ആരൊക്കെയോ കൂടി എന്റെ ബോഡി സോഫയിൽ ചാരി വച്ചിട്ടുണ്ട്.. സാധാരണ ഇത്രേം ദയ ഈ വീട്ടിലാർക്കും ഇല്ലാത്തതാ.. ദയ മാത്രമല്ല, കണ്ണീച്ചോരയും ഇല്ല, നോക്ക് എനിക്ക് ബോധം വന്നിട്ടൊരു ഈച്ച പോലും അനങ്ങുന്നില്ല.. എല്ലാരും അവരുടെ ലോകത്താ.. ഹാ അല്ലേലും നമ്മളെ ഒക്കെ നോക്കാൻ ആർക്കാ നേരം..

നോക്കുമ്പോഴുണ്ട്, ദേ സ്‌ക്രീനിൽ തള്ളിക്കേറി വരുന്നു ഒരു മോന്ത.. ഇതാരാ പുതിയ ഒരവതാരം..

തല കുത്തനെയാണ് അത് വരുന്നത്, അതോ ഇനി ഞാൻ തല തിരിഞ്ഞ് കിടക്കുന്ന കൊണ്ട് തോന്നുന്നതാണോ..

ഞാൻ തല മെല്ലെ ചരിച്ചൊന്ന് നോക്കി, ന്റമ്മോ ദേ കാലൻ..!! ഇങ്ങേര് ചത്തില്ലേ.. വെപ്രാളത്തിൽ ചാടി എണീക്കാൻ നോക്കുമ്പോഴുണ്ട്, എണീക്കാൻ പറ്റുന്നില്ല, ആ മൊതല് എന്നെ പിന്നേം പിടിച്ച് കിടത്തുവാ, എങ്ങോട്ടെന്നാ, അവന്റെ മടിയിലോട്ട്.. “പ്ഫാ..!!!!! അങ്ങോട്ട് മാറ് മനുഷ്യാ..”

“ഓ തൊടങ്ങി.. ഇതിന് ബോധം വന്നു ട്ടാ..!!”

അയ്യേ ഇത്രേം നേരം ഇങ്ങേരുടെ മടിയിലാണോ കിടന്നേ..

“ഛീ മാറ് മനുഷ്യാ..!!” മടീല് കിടക്കാൻ പറ്റിയ സാധനം..

കേൾക്കേണ്ട താമസം അവൻ ചാടി എണീറ്റതും.. ധപക്..!! ദാ കിടക്കുന്നു ഞാൻ ഉരുണ്ടുരുണ്ട് താഴെ..

“യ്യോ ന്റ നടു..!! എണീക്കാൻ പറഞ്ഞാ തള്ളിയിട്ട് കൊല്ലാൻ നോക്കുന്നോ ടോ കാട്ടുമാക്കാനേ..!!” തറയിൽ കിടന്നോണ്ട് തന്നെ ഞാൻ അലറി..

“കാട്ടുമാക്കാൻ നിന്റെ കെട്ട്യോൻ.. ഇത്രേം നേരം താങ്ങി പിടിച്ച് ഇരുന്നതും പോരാ ബോധം വന്നതും കീറാൻ തുടങ്ങി കുരുപ്പ്..”

“അയ്യടാ നിങ്ങളോടാരാ എന്നെയിപ്പോ താങ്ങി പിടിക്കാൻ പറഞ്ഞെ.. പെണ്ണുങ്ങള് വീഴണ നോക്കി നടക്കുവാ ഇയാളോടി വന്ന് പിടിക്കാൻ വേണ്ടി..”

“അയ്യടീ ഓടിച്ചിട്ട് പിടിക്കാൻ പറ്റിയ മൊതല്.. നിന്നോടാരാ ടീ കോപ്പേ പറഞ്ഞെ ന്റെ നെഞ്ചത്തോട്ട് വന്ന് വീഴാൻ..”

“അയ്യാ ഞാൻ വീഴാൻ പാകത്തിന് നെഞ്ചും തള്ളി വരാൻ നിങ്ങളോടാരാ പറഞ്ഞെ മനുഷ്യാ.. അല്ലേലും കോഴികളെപ്പോഴും അതിന്റെ സ്വഭാവേ കാണിക്കൂ..”

“കോഴി നിന്റെ.. നിന്ന് ചിലക്കാതെ ഇറങ്ങി പോടീ വടയക്ഷീ..”

“വടയക്ഷി നിങ്ങടെ…..”

പറഞ്ഞ് തീർക്കും മുന്നേ ആരോ ഓടി വന്ന് പൊത്തിയേക്കുന്നു എന്റെ വാ.. തനുവാണ്..

ഇത്രേം നേരം തറയിൽ കിടന്നപ്പോഴൊന്നും പിടിച്ച് പൊക്കാൻ വരാത്ത സാധനാ, രണ്ട് തെറി കേട്ടപ്പോ ഓടി വന്നേക്കണു..

അതും പോരാഞ്ഞ് ആരൊക്കെയോ കൂടിയെന്നെ പെറുക്കിയെടുത്ത് കാറിലും വച്ചു.. വെപ്രാളം കൂടുതൽ അച്ഛനാണ്, വൃത്യ കേട്ടത് കൊണ്ടാവും.. കെട്ടിക്കാൻ മുട്ടി നിക്കുവാരുന്നല്ലോ..

“സതീശാ.. എന്നാ പിന്നെ ഞങ്ങള് ഇറങ്ങുവാണെ.. ഇനി നിന്നാ ചിലപ്പോ ശരിയാവൂല..”

ഹ്മ് പേടിയുണ്ട് അപ്പൊ..

തനുവാണേൽ ന്റെ വായിന്ന് കൈ എടുക്കുന്നില്ല.. അച്ഛൻ മരണവെപ്രാളത്തിൽ ഓടിവന്ന് കുതിരയിൽ കേറി.. ഒടുവിൽ കുതിരക്ക് ജീവൻ വച്ചപ്പോഴാണ് ലവൾ കൈ എടുത്തത്..

അങ്കിളും അങ്ങേരുടെ ബാക്കി വാലും ചുറ്റിപ്പറ്റി ഞങ്ങള് പോകുന്നതും നോക്കി നിൽപ്പാ.. കോഴി മാത്രം കണ്ണുരുട്ടി പഠിക്കുന്നു..

വണ്ടി നീങ്ങാൻ തുടങ്ങിയതും, അങ്കിള് മുന്നോട്ട് വന്നു.. ന്തോ മൊഴിയാനുണ്ട്.. “ടാ അശോകാ, പറഞ്ഞ പോലെ അടുത്ത ഞായറാഴ്ച തന്നെ നമുക്ക് മോതിരം മാറ്റം നടത്താം ട്ടാ.. ഞങ്ങള് കുറച്ച് പേര് രാവിലെ തന്നെ അങ്ങ് വരും..”

ഓഹോ അപ്പൊ ഞാൻ ചത്ത് കിടന്നപ്പോഴും ഇവിടെ കാര്യങ്ങൾക്കൊന്നും മുട്ടില്ലാരുന്നു..

“ശരിയെടാ..”

അങ്കിളിന് എന്നെ നോക്കി ചിരിക്കണമെന്നുണ്ട്.. ചിരിക്ക് ചിരിക്ക്, ഇനി ചിരിച്ചാ ഞാനാ കണ്ണും കൂടി തോണ്ടിയെടുക്കും.. ഇങ്ങേർക്കൊരു പണി കൊടുക്കാൻ പറ്റിയെങ്കിൽ ഈശ്വരാ..

“അച്ഛനൊന്ന് വണ്ടി എടുക്കുന്നുണ്ടോ..”

എങ്ങനേലും ഇവിടന്ന് ഇറങ്ങി ഓടിയാ മതി.. ഹോ ഒന്നൂടി ഞാൻ നിവർന്നിരുന്നു.. “യ്യോ..!!”

“എന്തുവാ ടീ കിടന്ന് കാറുന്നെ..” തനുവാണ്..

“ഒന്നൂല്ല.. ന്റെ നടു ഒന്ന് ഉളുക്കിയതാ..” എന്നാലും എന്നെ തള്ളിയിട്ടല്ലോ ദ്രോഹി.. കയ്യി കിട്ടും. അവൻ ഇപ്പോഴും ഇടത് കവിൾ തടവിക്കൊണ്ട് നോക്കി തുറിപ്പിക്കുന്നുണ്ട്.. ഹഹഹ ഞാൻ മാന്തിയ പാട്.. നിനക്ക് അങ്ങനെ തന്നെ വേണമെടാ.. ഞാനും ഒന്ന് തുറിപ്പിച്ച് നോക്കി..

വണ്ടി അപ്പോഴേക്കും ഗേറ്റ് കടന്ന് പോയിരുന്നു.. ഹോ ഇപ്പൊ ഒരു സമാധാനം.. “അല്ലച്ഛാ.. അച്ഛന് ഇത് പോലത്തെ ഫ്രണ്ട്സ് ഇനീം ഉണ്ടോ..”

അച്ഛനൊരു മാതിരി നോട്ടം.. ഞാൻ ചോദിച്ചതിലെന്താ ഇത്ര തെറ്റ്.. ഒന്ന് അറിഞ്ഞിരിക്കാല്ലോ..

വണ്ടി വീട്ടിൽ വന്ന് നിന്നതും തനുവിനെ പിടിച്ച് ഞാൻ നടന്നു.. വേദന ഒന്നും ഉണ്ടായിട്ടല്ല, ഇനീപ്പൊ ഇതിന്റെ പേരും പറഞ്ഞ് ഒരാഴ്ച കോളേജിലോട്ട് എഴുന്നള്ളണ്ടല്ലോ.. പിന്നെ കുളീം നനേം വേണ്ട, പോരാഞ്ഞിട്ട് ആവശ്യമുള്ള സാധനങ്ങളൊക്കെ മ്മടെ ബെഡിൽ പറന്ന് വരും..

അങ്ങനെ ഒരാഴ്ച, ശരിക്കും പറഞ്ഞാൽ പൊളി റോയൽ ലൈഫ്..

അത് കഴിഞ്ഞ് വീണ്ടും എത്തി ഞായറാഴ്ച.. ഇന്നാണ് തനൂന്റെ മോതിരം മാറ്റം..

പറഞ്ഞു വച്ചെന്ന പോലെ, കൃത്യം പത്തു മണിയായപ്പോ തന്നെ വരുന്നുണ്ട് രണ്ട് ഇന്നോവയും ഒരു കാറും.. കാലനും പരിവാരവുമാണ്.. ആരേം വിളിക്കണ്ടാ ന്ന് പറഞ്ഞിട്ട് ഇതിപ്പോ ഒരു ജാഥക്കുള്ള ആളുണ്ടല്ലോ..

ഇത് പോലെ മുൻപൊരിക്കല് എല്ലാം കൂടി വന്നതിന്റെ ക്ഷീണം മനുഷ്യന് ഇത് വരെ മാറിയിട്ടില്ല.. എന്തിനാ വെറുതെ നിന്ന് മേടിക്കുന്നേ, ഞാൻ നേരെ അകത്ത് പോയി..

അങ്കിള് തന്നെ ഓടിച്ചാടി അകത്ത് കേറി.. ഇവിടത്തെ സുന്ദരപുരുഷനെ കണ്ടതും അങ്കിളിനൊരു കുളിര്.. കണ്ടാ തോന്നും ഇതുങ്ങളാ കെട്ടാൻ പോണതെന്ന്.. പിന്നാലെ ഉണ്ട് ആന്റിയും ചേട്ടനും കാലനും.. ബാക്കിയൊക്കെ വഴീന്ന് കളഞ്ഞ് കിട്ടിയ പെണ്ണുങ്ങളാണ്..

നിരഞ്ജൻ ചേട്ടനെ കണ്ടതും ഇവിട ഒരുത്തിക്ക് പെറാൻ മുട്ടി തുടങ്ങി.. അല്ലേൽ തന്നെ ഒരു പത്ത് തവണയെങ്കിലും അവളാ പരട്ട മോതിരം കയ്യിലും തലയിലുമൊക്കെ കേറ്റി നോക്കിയിട്ടുണ്ട്.. ഇനീപ്പോ അത് നിരഞ്ജൻ ചേട്ടനും കൂടി ഇട്ട് കൊടുത്താൽ അവളുടെ കാര്യത്തിലൊരു തീരുമാനമായി..

ചടങ്ങ് തുടങ്ങിയപ്പോ ഞാൻ മാറി നിന്നു.. നമ്മളെന്താ മോതിരം കണ്ടിട്ടില്ലേ.. ഹല്ല പിന്നെ.. ആ ഒരു ഇത്തിരി പോന്ന മോതിരത്തില് എല്ലാരും ഗുസ്തി പിടിക്കുന്നുണ്ട്..

ഒടുവിൽ തിന്നാൻ നേരമായപ്പോ മദയാനയെ പോലെ എല്ലാം കൂടി പന്തലിലോട്ട് തള്ളിക്കേറുന്നു.. ഫുഡല്ലേ, ഞാനും ചാടി കേറി ഇരുന്നു.. വിളമ്പാൻ തുടങ്ങിയപ്പോ ദേ വരുന്നു ന്റെ പൊന്നമ്മച്ചി.. നിന്ന നിൽപ്പിൽ അമ്മ എന്നെ തൂക്കി വലിച്ച് പുറത്തിട്ടു, ന്നിട്ട് കണ്ണ് കൊണ്ടൊരു ആട്ടും.. ആദ്യം ചെക്കന്റെ കൂട്ടര് ഇരിക്കണം പോലും.. ഹും.. അതെന്താ ഞങ്ങള് തിന്നാ ഇറങ്ങൂലെ.. നാണം കെട്ടു മനുഷ്യൻ.. ഇനി എന്തായാലും ഇവിടെ നിക്കുന്നില്ല..

നേരെ പിന്നാമ്പുറത്തേക്ക് നടന്നു.. അവിടെ പിന്നെ അധികം ആൾക്കാരില്ല.. എങ്ങനെ കാണും, എല്ലാം മുന്നിൽ കിടന്ന് തള്ളുവല്ലേ പന്തിയിൽ കേറാൻ..

അടുക്കളവശത്തെ കിണറ്റിൻ കരയിലേക്ക് നടന്നപ്പോഴാ എന്തോ രു അനക്കം പോലെ.. എനിക്കിനി തോന്നിയതാണോ, നോക്കുമ്പോ കിണറ്റിൽ നിന്ന് പുക വരുന്നു.. ഈശ്വരാ ഇതെന്ത് മറിമായം..

ഞാൻ എത്തി വലിഞ്ഞ് നോക്കി, മറുവശം കിണറ്റിൻ കരയിലാരോ ഇരിപ്പുണ്ട്.. ഒന്നൂടി ഏന്തി വലിഞ്ഞ് നോക്കിയപ്പോഴല്ലേ കണ്ടേ, ഹമ്പട ദേ കാലനിരുന്ന് സിഗരറ്റ് വലിക്കുന്നു..

ന്റമ്മോ ഇത് പോലൊരു ചാൻസ് കിട്ടോ ഈശ്വരാ കോഴിയെ പിടിക്കാൻ.. ശോ ഒരു ഫോട്ടോ എടുക്കാമെന്ന് വച്ചാ പണ്ടാരം ഫോൺ അകത്ത് ഇരിക്കുവാ.. ന്താ ഇപ്പൊ ചെയ്യാ.. ആരേലും കാണിച്ചിട്ട് തന്നെ ഇന്നിനി ബാക്കി കാര്യം..

തിരിഞ്ഞ് ഒരൊറ്റ ഓട്ടം.. തികച്ച് രണ്ടടി വച്ചില്ല, ആരോ പിടിച്ച് വലിക്കുന്നു പിറകിലോട്ട്.. ശെടാ ഇതാരാ ഇപ്പൊ കയ്യി പിടിച്ചേക്കുന്നേ.. ആരായാലും ഇന്നൊരു വധം നടക്കും ന്ന് കണക്കാക്കിയാ തിരിഞ്ഞേ.. യ്യോ ദേ എന്റെ കയ്യേ പിടിച്ചേക്കുന്നു കാട്ടുകോഴി..

“കൈ വിട് മനുഷ്യാ..!! ഇല്ലേ ഞാനിപ്പോ വിളിച്ച് കൂവും..”

ഒടുക്കത്തെ പുച്ഛത്തിൽ അവൻ പിടി വിട്ടു.. “അല്ലാ എങ്ങോട്ടാ ടീ നീ ചവിട്ടി തുള്ളി ഓടിയെ..”

ഇങ്ങേരെ ഞാൻ.. ചൊറിയണ വർത്താനം നോക്ക്..

“ഉളുപ്പുണ്ടോ മനുഷ്യാ നിങ്ങക്ക്, ഇങ്ങനെ ആരും ഇല്ലാത്ത സ്ഥലത്ത് ഒറ്റക്കിരുന്ന് പുകച്ച് കേറ്റാൻ..”

“എന്റെ സിഗരറ്റ്, എനിക്ക് തോന്നിയപ്പോ, ഞാൻ വലിക്കുന്നു.. അതിന് നിനക്കെന്താ ടീ.. അവളൊരു കിന്നാരം ചോദിയ്ക്കാൻ വന്നേക്കുന്നു.. ന്താ ഇനി നിനക്കും വേണോ..”

ഏഹ് അങ്ങനെ ചോദിച്ചാ.. ഇവൻ സീരിയസ് ആയിട്ടാണോ.. അതോ ആക്കുന്നതാണോ..

“എന്തായാലും ഇത് വലിച്ചാ കാഞ്ഞ് തീരും.. അപ്പൊ പിന്നെ ഞാൻ മാത്രം എന്തിനാ വലിച്ച് തീരണേ.. നീയും കൂടി വലിച്ച് മേലോട്ട് കെട്ടിയെടുത്തോ.. ബാക്കി ഉള്ളോർക്കെങ്കിലും സമാധാനം കിട്ടുമല്ലോ..”

അപ്പൊ സീരിയസായിട്ടാ കാലൻ.. അതും പറഞ്ഞ് ദാ നീട്ടുന്നു ഒരു വിൽസിന്റെ പാക്കറ്റ്.. എടുക്കണോ, മാനക്കേടാണ്, എന്നാലും.. ഓ വിൽസിനൊക്കെ എന്ത് മാനക്കേട്..

രണ്ടും കൽപ്പിച്ച് ഞാനൊരെണ്ണം വലിച്ചെടുത്തു.. ന്നിട്ട് അങ്ങേരുടെ ചുണ്ടിലിരുന്ന കുറ്റി ഊരിയെടുത്ത് എന്റെ കയ്യിലിരുന്നത് കൊളുത്തി തിരികെ വച്ചു.. പിന്നൊരു നീട്ടി വലി.. ഹാ എന്താ ഒരു സമാധാനം..

അപ്പോഴേക്കും അങ്ങേര് ആ കിണറ്റിൻ കരയിൽ സ്ഥലം പിടിച്ചിരുന്നു, അവിടെയാകുമ്പോ പെട്ടെന്നാരും കാണില്ല.. ഞാനും കൂടെ പോയിരുന്നു.. വീണ്ടുമൊരു ആഞ്ഞ് വലി..

“അല്ലടീ പുല്ലേ, ആ കാണണ വാഴയൊക്കെ നിന്റെ തന്ത വച്ചതാ..”

ഇങ്ങേര വായില് കേറിയിരുന്ന് വെടി വക്കണം.. എന്നാലേ പഠിക്കൂ ശവം.. “അതെ.. നിങ്ങടെ തന്ത വച്ചതിന്റെ ബാക്കി വന്നപ്പോ ന്റെ അച്ഛന് കൊടുത്തതാ.. ന്തേ പിടിച്ചില്ലേ..”

അവനൊട്ടും പിടിച്ചിട്ടില്ല ഞാൻ പറഞ്ഞത്.. “എങ്ങനെ സഹിക്കുന്നെടീ നിന്നെ അവര്..”

“ആ.. സതീശൻ അങ്കിള് ഇടക്കൊക്കെ ഓരോ ടിപ്സ് പറഞ്ഞ് കൊടുക്കാറുണ്ട്..”

ലവൻ പല്ല് ഞെരിക്കുന്നുണ്ട്.. അല്ല പിന്നെ, ന്താ ഇങ്ങോട്ട് ചൊറിയുമ്പോ കേട്ടോണ്ട് ഇരിക്കും ന്ന് വിചാരിച്ചോ..

പിന്നെ കുറെ നേരത്തേക്ക് ഒന്നും മിണ്ടിയില്ല ശവം.. മര്യാദക്കിരുന്ന് വലിക്കുന്നുണ്ട്, ഒക്കെ കഴിഞ്ഞപ്പോ ദാ എണീറ്റ് നിക്കണു..

“വരുന്നോ ടീ കോപ്പേ വെട്ടി വിഴുങ്ങാൻ..”

ഓ പിന്നെ ഇങ്ങേര് വിളിച്ചില്ലേല് ഞാൻ തിന്നില്ല.. ഹ്മ് ഫുഡിന്റെ കാര്യമായി പോയി, അതോണ്ട് പിന്നെ ചൊറിയാൻ നിക്കുന്നില്ല, ഞാനും കൂടെ നടന്നു.. മുടിഞ്ഞ വിശപ്പ്.. വലിച്ചത് കൊണ്ടാവും..

എക്സ്ട്രാ പെണ്ണുങ്ങളുടെ വണ്ടിയൊക്കെ സ്റ്റാൻഡ് വിട്ട് പോയിട്ടുണ്ട്.. ഇനിയുള്ളത് ഞങ്ങടെ അയൽക്കാരും വീട്ടുകാരും മാത്രം..

അവസാന പന്തി ആയത് കൊണ്ട് വിളമ്പുന്നതൊക്കെ അച്ഛനും അങ്കിളും..

ഞാനും കാലനും കേറിയിരുന്നു.. അങ്കിളാണ് ഇലയും കൊണ്ട് വന്നത്.. ഓ എന്നെ കാലന്റെ അടുത്ത് കണ്ടപ്പോ അങ്കിളിന്റെ മുഖത്താണ് ഭാവാഭിനയം.. അങ്കിളിന്റ്റെ കിളികളൊക്കെ തിരികെ കൂട്ടിൽ വന്ന് കേറിയിട്ടുണ്ട്.. ന്താ ഒരു കിണി.. “ദേ മനുഷ്യാ, ഇനീം നിന്ന് കിണിച്ചാ നിങ്ങടെ അച്ഛനെ ഞാൻ സാമ്പാറില് കുളിപ്പിക്കും.. പറഞ്ഞില്ലെന്ന് വേണ്ടാ..”

അപ്പോഴാ സഞ്ജു അങ്കിളിനെ നോക്കുന്നെ.. “നീ അങ്ങോട്ടും കൂട നോക്കിയേ, നിന്റെ അച്ഛന്റെ മോന്തയിലും ആ അളിഞ്ഞ ചിരി തന്നെ അല്ലേന്ന്..”

ശരിയാണല്ലോ.. അച്ഛനും ഉണ്ടായിരുന്നോ ഈ അസുഖം.. കൊള്ളാം, അപ്പൊ ഞാൻ ഒറ്റക്കല്ല കഥകളി കാണുന്നത്..

ഏകദേശം കഴിച്ച് കഴിയാറായപ്പോഴാ, ഞാൻ അമ്മയെ കാണുന്നെ.. ഒരു കലിപ്പ് ലുക്ക്.. അത് മാത്രമല്ല.. വന്ന പാടെ അമ്മ ദാ സിറ്റൗട്ടിൽ നിന്ന് ഉറഞ്ഞു തുള്ളുന്നു.. ഇതെന്താ സംഭവം.. പോരാഞ്ഞിട്ട് ഒരു കൈ ഉയർത്തിയും വച്ചിട്ടുണ്ട്..

“ഇവിടെ എല്ലാർക്കും പ്രാന്താ ണാ ടീ..!!”

കേട്ടിട്ട് ചൊറിഞ്ഞ് വരുന്നുണ്ട്, ന്നാലും എനിക്കും തോന്നാതിരുന്നില്ല, ഇതിപ്പോ അമ്മയ്ക്കും ഇളകിയോ.. “സാധാരണ അമ്മയ്ക്ക് ഇല്ലാത്തതാ.. ഇന്നിപ്പോ എന്താണോ ആവോ..” പിന്നെയാ സൂക്ഷിച്ച് നോക്കിയേ, അമ്മയുടെ പൊക്കിപ്പിടിച്ച കയ്യിൽ, “അങ്ങോട്ട് നോക്കിയേ മനുഷ്യാ.. സിഗരറ്റ് കുറ്റി..!!”

കാലൻ വായിലിരുന്നത് അപ്പാടെ വിഴുങ്ങി.. “ഇവരിക്ക് വേറെ പണിയൊന്നും ഇല്ലേ..!!”

“യ്യോ ഒന്ന് വാ അടച്ച് മിണ്ടാതിരിക്ക് മനുഷ്യാ വെറുതെ ഏണി വച്ച് പിടിക്കാതെ..”

അപ്പോഴേക്കും തുള്ളി തുടങ്ങിയിരുന്നു അമ്മ.. “എല്ലാരും ഇങ്ങോട്ടൊന്ന് നോക്കിയേ.. എനിക്കിപ്പോ അറിയണം ഇതാര് വലിച്ചതാന്ന്..”

ന്റമ്മോ പെട്ടു..

“മര്യാദക്ക് പറയുന്നതാ നല്ലത്.. ഇവിടെ ഒരു മനുഷ്യൻ എന്റെ തലേ കൈ വച്ച് സത്യം ചെയ്തതാ ഇനി വലിക്കില്ലാന്ന്.. അപ്പൊ പിന്നെ ഇതാര് വലിച്ചതാ..!! മര്യാദക്ക് പറഞ്ഞോ..”

“എന്തിന്റെ അസുഖാ ടീ നിന്റെ അമ്മക്ക്.. ഓരോ വയ്യാവേലീം കൊണ്ട് വന്നേക്കുന്നു..”

“നിങ്ങളോടാരാ അത് വലിച്ചിട്ട് അവിടെ തന്നെ ഇടാൻ പറഞ്ഞെ.. വലിച്ച് കഴിഞ്ഞാ എവിടേലും കളഞ്ഞൂടെ..”

“ഇനി എന്നെ പറ.. അല്ലാതെ നീ അവിടെ ഇട്ടിട്ട് വന്നതല്ല..”

“ആ കുറ്റിലെന്താ എന്റെ പേര് എഴുതി വച്ചേക്കുന്നോ ഞാൻ വലിച്ചതാന്ന്.. കൂടുതല് കിടന്ന് കൂവിയാലുണ്ടല്ലോ മനുഷ്യാ ഞാനിപ്പോ വിളിച്ച് പറയും നിങ്ങളാ വലിച്ചതെന്ന്.. അതോണ്ട് വായടച്ച് മിണ്ടാതിരുന്നോ.. ഇനീപ്പോ എന്റെ പേരെങ്ങാനും നിങ്ങള് പറഞ്ഞാലും ഇവിടെ ആരും വിശ്വസിക്കാൻ പോണില്ല..”

“ഓഹോ അങ്ങനാണേൽ ഒന്ന് കാണണമല്ലോ.. ഇവരൊക്കെ വിശ്വാസിക്കോ ന്ന് ഞാനൊന്ന് നോക്കട്ടെ..”

ഇങ്ങേർക്ക് വട്ടായാ..

അതും പറഞ്ഞവൻ ഫോൺ പുറത്തെടുത്തു.. ഇനിയെന്താണൊ ആവോ..

നോക്കുമ്പോഴുണ്ട് ദേ എടുത്ത് വച്ചേക്കുന്നു ഞാൻ വലിക്കണ ഫോട്ടോ.. ശവം.. “നിങ്ങക്ക് ഈ കോഴിത്തനം ഇത് വരെ മതിയാക്കാറായില്ലേ മനുഷ്യാ.. !! ഓരോ ഫോട്ടോയും പിടിച്ചോണ്ട് വന്നേക്കുന്നു..”

“അതേ ടീ, നീ എന്നെ ഉമ്മ വക്കാനൊന്നും കേറി വന്നതല്ലല്ലോ അങ്ങോട്ട്, പണിയാൻ നോക്കിയതല്ലേ.. അതോണ്ട് ഒരെണ്ണം എടുത്തെന്നേ ഒള്ളു.. ഇതിപ്പോ ആരെ കാണിക്കണമെന്ന് നീ തന്നെ പറ.. അതനുസരിച്ച് ഞാൻ കാണിക്കാം..”

ശവം.. ഇങ്ങേരെയൊക്കെ ആരാ ക്ഷണിച്ചേ ഇവിടേക്ക്..

ന്റെ അമ്മയാണേൽ അപ്പോഴും ഉറഞ്ഞ് തുള്ളുന്നുണ്ട്.. “ഞാനെന്താ ഇവിടെ വെറുതെ നിന്ന് ചോദിക്കുന്നതാന്നാ വിചാരം.. മര്യാദക്ക് പറഞ്ഞോ.. ആരാ ഇവിടെ ഇപ്പൊ സിഗരറ്റ് വലിച്ചേ.. അശോകേട്ടാ, മര്യാദക്ക് പറയുന്നുണ്ടോ..”

“ന്റെ പ്രമീ, ഞാൻ വലിച്ചിട്ടില്ല.. സത്യായിട്ടും ഇല്ല..”

“ദേ കള്ളം പറയാനൊന്നും നോക്കണ്ട.. ഇതിന് മുൻപും പലവട്ടം എനിക്ക് ഇത് പോലെ സിഗരറ്റ് കുറ്റി കളഞ്ഞ് കിട്ടിയിട്ടുണ്ട്, അന്നൊന്നും ഞാൻ നിങ്ങളോട് ചോദിച്ചില്ല.. പക്ഷെ ഇന്നെനിക്ക് അറിഞ്ഞേ പറ്റൂ..”

ഈശ്വരാ എന്റെ റൂമിന്ന് കുറ്റി കിട്ടിക്കാണല്ലേ..

“അമ്പടി കള്ളീ.. അപ്പൊ നീയൊരു കഞ്ചാവാണല്ലേ..” കോഴിയാണ് കുരക്കണത്..

“കഞ്ചാവ് നിങ്ങടെ..!! ഒന്ന് പതുക്കെ പറ മനുഷ്യാ..”

“ഒള്ളതൊക്കെ വലിച്ച് കേറ്റിയതും പോരാ, എന്നിട്ട് സ്വന്തം തന്തയെ തന്നെ ഒറ്റി കൊടുക്കണം.. അല്ലേലും നിന്നെ പടച്ച് വിട്ടതിന് മാമന് ഇതൊന്നും കിട്ടിയാ പോരാ..”

ഓ ഇങ്ങനാണേൽ ഈ ചോറ് മൊത്തം ഞാൻ ഇങ്ങേരുടെ വായിൽ കുത്തിക്കേറ്റും..

“അശോകേട്ടാ.. മര്യാദക്ക് പറയുന്നുണ്ടോ..” അമ്മ തുള്ളി തീർന്നിട്ടില്ല.. “ഒരെണ്ണം വലിച്ച് കേറ്റിയിരുന്നേൽ ഞാൻ ചോദിക്കില്ലാരുന്നു.. ഇതിപ്പോ രണ്ട് കുറ്റിയാ ഒറ്റയടിക്ക് എനിക്കാ കിണറ്റിൻ കരയിന്ന് കിട്ടിയേ..”

അതും പറഞ്ഞ് അമ്മ ദേ പൊക്കി കാണിക്കുന്നു അടുത്ത കുറ്റി.. ഈശോയേ.. ഞാനും കോഴിയും ഒരുമിച്ച് ഞെട്ടി..

“നിന്റെ തള്ള ഇവിടെ ശവം കണ്ടേ അടങ്ങൂ..”

“നിങ്ങക്കല്ലാരുന്നോ ഒടുക്കത്തെ ഫോട്ടോ കാണിക്കാൻ മുട്ടി നിന്നത്.. പോയി കാണിക്കെടോ ഇപ്പൊ..”

“എന്റെ നെഞ്ചത്ത് എല്ലാം കൂടി റീത്ത് വക്കണത് നിനക്ക് കാണാഞ്ഞിട്ട് വല്ലാതെ തരിക്കുന്നുണ്ടല്ലേ ടീ കോപ്പേ..” ഞാനൊന്ന് ചിരിച്ചു..

“അങ്ങനാണേലെ, വായും വച്ച് നിങ്ങള് ചുമ്മാതിരി.. ഇല്ലേൽ നമ്മള് രണ്ടും കുടുങ്ങും..”

രണ്ടാമത്തെ കുറ്റി കണ്ടപ്പോ തൊട്ട് ലതാന്റിയുടെ ഭാവവും മാറിത്തുടങ്ങിയിട്ടുണ്ട്.. നോക്കി തുറിപ്പിക്കുവാ സതീശൻ അങ്കിളിനെ..അങ്ങേർക്ക് അങ്ങനെ തന്നെ വേണം..

പെട്ടെന്നാ സഞ്ജു ന്റെ കയ്യിൽ പിടിച്ച് വലിച്ചേ.. “ടീ കോപ്പേ ഇങ്ങോട്ട് വന്നേ..”

“ന്തുവാ മനുഷ്യാ..”

അവനെന്റെ ചെവിയിൽ പറഞ്ഞ കാര്യം കേട്ടപ്പോ, സത്യം പറഞ്ഞാ അങ്ങേർക്കൊരു ഉമ്മ കൊടുക്കാൻ തോന്നി.. പിന്നെ വൈകിച്ചില്ല, ഇങ്ങനൊരു അവസരം കിട്ടിയിട്ട് ഉപയോഗിച്ചില്ലേൽ ഞാനൊന്നും ജീവിച്ചിരുന്നിട്ട് കാര്യമില്ല..

പെട്ടെന്ന് തന്നെ ഞങ്ങൾ രണ്ടും കൈ കഴുകി, ഒന്നുമറിയാത്ത ഭാവത്തിൽ വന്ന് നിന്നു..

അമ്മ അപ്പോഴും തുള്ളിക്കൊണ്ടേ ഇരുന്നു.. ഒന്നൂടി ഉറഞ്ഞ് തുള്ളിയതും ഞാൻ ചാടി വീണു.. “അല്ലാ അമ്മക്കിത് എവിടന്ന് കിട്ടിയതാന്നാ പറഞ്ഞെ.. കിണറ്റിൻ കരയിൽ നിന്നാണോ..”

“അതല്ലേ ഇത്രേം നേരം ഞാനിവിടെ പറഞ്ഞോണ്ടിരുന്നേ.. നിനക്കെന്താ ചെവിയും കേട്ടൂടെ..”

“ഓ അങ്ങനാണേൽ.. എനിക്ക് പിടി കിട്ടി ആരാന്ന്.. ഇത് അച്ഛൻ തന്നെ..”

“ഞാനോ.. ഞാനെപ്പോ..!!” ഇടിത്തീ വീണ പോലെ അച്ഛൻ ഞെട്ടി എണീറ്റു..

“അച്ഛൻ കിണറ്റിൻ കരയിലോട്ട് പോണത് ഞാൻ കണ്ടല്ലോ.. കയ്യില് സിഗററ്റൊന്നും കണ്ടില്ല.. പക്ഷെ പോണത് ഞാൻ കണ്ടു..”

“കള്ളം പറയല്ലേ ലച്ചൂ.. നിനക്ക് ആള് മാറിയതാകും.. ന്റെ പ്രമീ നീയാണെ സത്യം, ഞാൻ വലിച്ചിട്ടില്ല..” ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിലാണ് പാവം..

“ആ എനിക്കറിയില്ല.. കണ്ടപ്പോ അച്ഛനെ പോലെയാ തോന്നിയെ.. കൂടെ സതീശൻ അങ്കിളും ഉണ്ടായിരുന്നു..”

“ഞാനോ..!! എപ്പോഴാ ടീ മഹാപാപീ ഞാൻ പോയെ..” അങ്കിളിന്റെ കരച്ചിലാ..

“അത് അങ്കിള് എന്നോടാണോ ചോദിക്കണേ..”

“ഈ പെണ്ണ് വെറുതെയൊരൊന്ന് പറയുന്നതാ ട്ടാ ലതേ..” ഇപ്പൊ ആന്റിയും ശരിക്ക് തുടങ്ങി തുള്ളാൻ.. “ന്റ ലതേ, സത്യായും ഞാൻ വലിച്ചിട്ടില്ല, നീ ഇങ്ങനെ നോക്കല്ലേ.. ഞാൻ സത്യാ പറയണേ.. ഞാനിനി നിന്നെക്കൊണ്ട് ആണ ഇടണോ, പറ നമ്മടെ മക്കളെക്കൊണ്ട് ആണ ഇടണോ..”

“അച്ഛനിനി കള്ളം പറയാനൊന്നും നോക്കണ്ടാ.. അച്ഛൻ പോണത് ഞാനും കണ്ടാരുന്നു..!!” പിന്നിന്ന് സഞ്ജുവാ പറഞ്ഞെ.. പൊളി, ഇനി എന്ത് വേണം.. ദാ കൂട്ടത്തോടെ കണ്ടം വഴിയോടുന്നു അങ്കിളിന്റെ കിളികൾ..

“സഞ്ജു നീ വന്ന് വണ്ടിയെടുക്കുന്നുണ്ടോ..!!” ആന്റിയാണ്.. ആഹഹാ അപ്പൊ ഒരു തൃശൂർ പൂരം ഉറപ്പ്.. തുടങ്ങട്ടെ വെടിക്കെട്ട്..

ഹഹഹഹ അല്ല പിന്നെ എന്തൊക്കെയായിരുന്നു, അങ്ങേരിക്കെന്നെ കെട്ടിക്കണം പോലും.. ഇനി വാ കെട്ടിക്കാൻ..

(തുടരും)

 

വരലക്ഷ്മി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.2/5 - (13 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!