പെട്ടെന്ന് കുറെ ബലൂൺ പൊട്ടുന്ന ഒച്ച.. നിരഞ്ജൻ ചേട്ടന്റെ ഫ്രണ്ട്സിന്റെ പണിയാ..
“അതേയ് ഫുഡ് കഴിക്കുമ്പോഴും ഇരുന്ന് സംസാരിക്കാം ട്ടാ.. വന്നേ എല്ലാരും..” ചേട്ടനാ..
കൂട്ടം കൂടി നിന്നവരൊക്കെ വന്ന് നടുവിലെ ടേബിളിൽ സ്ഥലം പിടിച്ചു..
നിരഞ്ജൻ ചേട്ടന്റെ ഇടത് വശത്ത് തനു.. അവൾടെ ഇടത് വശത്ത് ഞാനും..
നോക്കുമ്പോഴുണ്ട് എന്റെ ഇടത് വശത്ത് വന്നിരിക്കുന്നു സഞ്ജു.. ഇങ്ങേര് ഇന്നിവിടെ കലാപമുണ്ടാക്കിയേ പോകൂ.. ഇച്ചിരി ലുക്ക് കൂടി പോയി, അല്ലേ ഇപ്പൊ തന്നെ മൂക്കിടിച്ച് പഞ്ചറാക്കിയേനെ..
മെനു താങ്ങി പിടിച്ച് വരുവാ ബെയറർ.. ആദ്യം ഡ്രിങ്ക്സിന്റെ ഓർഡർ..
“സാർ കുടിക്കാനെന്താ വേണ്ടേ..” കോഴിയോടാ..
“എനിക്കൊന്നും വേണ്ട, ജസ്റ്റ് സം വാട്ടർ..”
“ഇവിടെ..”
“ഒരു ഓറഞ്ച് ജ്യൂസ്..”
അത് കഴിഞ്ഞ് ചേട്ടന്മാരൊക്കെ വിസ്കി, ബ്രാണ്ടി അങ്ങനെ ഓരോന്നായി ഓർഡർ ചെയ്ത് തള്ളുന്നു..
തനു അപ്പോഴേക്കും ഒരു ആപ്പിൾ ജ്യൂസ് പറഞ്ഞു..
“സാർ ഇവിടെ..” നിരഞ്ജൻ ചേട്ടനോടാ..
“എനിക്ക് ഒരു..” പാവം നിന്ന് വിയർക്കുന്നുണ്ട്.. തനുവിനെയാ നോട്ടം.. “എനിക്കും ഒരു ആപ്പിൾ ജ്യൂസ്..”
കേട്ടതും ലവൾക്ക് ശ്വാസം വീണു.. അപ്പോഴേക്കും കാലൻ എണീറ്റ് എങ്ങോട്ടോ ഓടി പോയി, ഹോ ഇപ്പൊ എനിക്കും ശ്വാസം കിട്ടി.. അങ്ങേരവിടെ മാറി നിന്ന് വെയ്റ്ററോട് സംസാരിക്കുവാ.. ഇടക്ക് എന്നേം നോക്കുന്നുണ്ട്..
കുറച്ച് കഴിഞ്ഞതും ഡ്രിങ്ക്സ് ഓരോന്നായി എത്തി.. കാലനും വന്നിരുന്നു.. എനിക്ക് വീണ്ടും ശ്വാസം മുട്ടൽ..
നോക്കുമ്പോഴുണ്ട്, കാലന് വെള്ളം വച്ചിട്ട് അടുത്ത ഗ്ലാസ് വെള്ളം എനിക്ക് വക്കുന്നു വെയ്റ്റർ..
“ഹലോ ഞാൻ ഓറഞ്ച് ജ്യൂസാ പറഞ്ഞെ..”
“അല്ല മാഡം വാട്ടറാ ചോദിച്ചേ..” അതും പറഞ്ഞ് അങ്ങേരൊരു പോക്ക്..
“നിനക്കെന്താ ടീ വെള്ളം കുടിച്ചാ ഇറങ്ങൂലെ..” ലവനാ..
“നിങ്ങൾക്കെന്നെ വെള്ളം കുടിപ്പിച്ചതൊന്നും മതിയായില്ലേ മനുഷ്യാ..”
“ഇല്ലാ എന്ത്യേ..”
ശവം.. ഇതിനാ എന്നെ വിളിച്ച് വരുത്തിയേ.. വയ്യ എനിക്ക് അടിയുണ്ടാക്കാൻ.. ഞാൻ തിരിഞ്ഞിരുന്നു..
ഡ്രിങ്ക്സ് വന്ന് നിറഞ്ഞതും, എല്ലാരും കൂടി ഗ്ലാസ് എടുത്തുയർത്തി.. “അപ്പൊ നമ്മടെ ഗ്യാങ് ലെ അവസാന കന്യകനായ നിരഞ്ജനും അവന്റെ കൂടെ ട്രെയിനിന് തല വയ്ക്കാൻ പോണ നമ്മടെ പെങ്ങൾ ധനുവിനും, ഞാനൊരു അടിപൊളി ലൈഫ് നേരുന്നു..!!!! ചിയേർസ്…!!!!!”
“ചിയേർസ്…!!!!!”
ഗ്ലാസുകൾ കൂട്ടി മുട്ടി.. ഞാനും കാലന്റെ ഗ്ലാസ് ഒഴികെ വേറെ പല ഗ്ലാസിലും മുട്ടിച്ച്, വെള്ളം താഴെ വച്ചു.. അങ്ങേര കണ്ണ് എന്റെ മേലാ.. ദോ വരുന്നു അടുത്തോട്ട്..
“അതേയ് ചിയേർസ് പറഞ്ഞാ ഒരു സിപ്പെങ്കിലും എടുത്തിട്ടേ താഴെ വക്കാവൂ.. അതാണെടീ പുല്ലേ മാനേഴ്സ്..”
“നിങ്ങളെന്നെ മാനേഴ്സ് പഠിപ്പിക്കണ്ട..” പിന്നേം ഇരുന്ന് നോക്കുവാ.. “ദേ ചുമ്മാ ഇരുന്നില്ലേൽ ഈ വെള്ളം നിങ്ങടെ തലേ കമിഴ്ത്തും ഞാൻ..”
ഹും.. അങ്ങേരെ നോക്കിയാ ഒരു ഉരുള എടുത്ത് വായിൽ വച്ചേ.. ന്റമ്മോ എല്ലാം കൂടി നെറുകം തലേൽ ഇടിച്ച് കേറി, ഞാൻ ചുമക്കാനും തുടങ്ങി..
“ആർത്തി ആർത്തി.. അതെങ്ങനാ വായിന്നോക്കിയല്ലേ ഇരുന്ന് തിന്നുന്നെ..”
“ഒന്ന് മിണ്ടാതിരി മനുഷ്യാ..!!” മണ്ട എരിഞ്ഞ് പുകയുവാ..
“ഇരുന്ന് വഴക്കിടാതെ വെള്ളം കുടിക്കെടീ..” തനുവാ..
ഗ്ലാസെടുത്ത് വായിലേക്ക് മുട്ടിച്ചപ്പോ, ദേ എന്റെ കയ്യേ കേറി പിടിക്കുന്നു സഞ്ജു.. “ഇനി അതും കൂടി എടുത്ത് മണ്ടേ കേറ്റണ്ട.. പതുക്കെ കുറേശ്ശെ കുടിക്ക്..”
ഞാൻ വല്ലാതെ ഉരുകുന്നുണ്ട്.. ന്നാലും പുറത്ത് കാണിക്കാൻ പറ്റില്ലല്ലോ.. ഹും.. അങ്ങേരുടെ കൈ വിടുവിച്ച്, ഒരു കവിൾ വെള്ളമങ്ങ് കമിഴ്ത്തി വായില്.. ന്റമ്മേ കുടൽമാലയൊക്കെ കത്തി നശിക്കേണ്ടതായിരുന്നു… ഭാഗ്യത്തിന് ഞാൻ കുറെ വായിൽ തന്നെ വച്ച്, മെല്ലെ ഇറക്കി..
“ഇതേത് ബ്രാന്റാ മനുഷ്യാ..” ഞാനിച്ചിരി അടുത്തോട്ട് നീങ്ങിയിരുന്നു..
“ബക്കാർഡി വൈറ്റ് റം.. ചിയേർസ്..!!” അതും പറഞ്ഞൊരു ചിരി..
ഇത്രേം സ്നേഹം ഉണ്ടാരുന്നോ ഈശ്വരാ ഇങ്ങേർക്ക്.. ചിരിയാണേൽ കണ്ട്രോള് ചെയ്യാനും പറ്റുന്നില്ല..
ഞാനെന്റെ ഗ്ലാസ് അവന്റെ ഗ്ലാസ്സോട് ചേർത്തു.. “ചിയേർസ്..!!” അങ്ങനെ അടുത്ത സിപ് ഞങ്ങൾ ഒരുമിച്ചടിച്ചു..
പിന്നങ്ങോട്ട് മൂന്ന് റൗണ്ട്.. എന്നാലും ഞങ്ങള് രണ്ടാളും സ്റ്റെഡിയാ..
എല്ലാരും അവിടെ തിമിർത്ത് സംസാരിക്കുന്നുണ്ട്.. ഞങ്ങളാണേൽ വേറേതോ ലോകത്തും..
മൂന്നാമത്തെ ഗ്ലാസിന്റെ അവസാന സിപ്പും എടുത്ത്, പെട്ടെന്നാ സഞ്ജു എന്നെ വലിച്ചെണീപ്പിച്ചത്.. എന്തേലും പറയും മുൻപേ അവൻ എന്നെയും വലിച്ച് നടന്ന് തുടങ്ങിയിരുന്നു..
നേരെ വന്ന് നിന്നത്, വാതിൽ തുറന്ന് ബാൽക്കണിയിലും..
കുറ്റാകൂറ്റിരുട്ട്.. ചുഴറ്റിയടിക്കുന്ന കാറ്റ്.. കുറെ നേരം അവിടെ കമ്പിയിൽ ചാരി നിന്നു ഞങ്ങൾ..
എന്ത് പറഞ്ഞാ തുടങ്ങാ.. ആദ്യായിട്ടാ ഇങ്ങനെ വാക്കുകൾ കിട്ടാതെ..
“ആദ്യായിട്ടാ ല്ലേ ടീ നമ്മള് അടി കൂടാതെ നിക്കുന്നേ..”
“അതായിരുന്നു ഇതിലും എളുപ്പം..”
സഞ്ജു ചിരിച്ചുകൊണ്ട് എന്റെ നേർക്ക് തിരിഞ്ഞു.. ഉള്ളിലൂടെ അരിച്ചിറങ്ങുന്ന തുള്ളികളെക്കാൾ ലഹരി മറ്റെന്തിലോ ഉള്ള പോലെ..
അവൻ അടുത്തേക്ക് ചേർന്ന് നിന്നു..
“എന്നാലും നിനക്കാരാ ടീ വടയക്ഷീന്ന് പേരിട്ടെ.. തനി ഉടായിപ്പ് സ്വഭാവോം, എന്നിട്ടൊരു പാവം പിടിച്ച പേരും.. ശരിക്കും അലുവേം മത്തിക്കറീം പോലുണ്ട്..” സഞ്ജു പൊട്ടിച്ചിരിച്ചു..
“നിങ്ങള് ഫിറ്റാണോ മനുഷ്യാ..”
“ഇത് ഞാൻ കേക്കണമെടീ പുല്ലേ.. പാവം തണുപ്പത്ത് ഇവിടെ വന്ന് നിക്കേണ്ടതല്ലേ , രണ്ടെണ്ണം വീശിക്കോട്ടെ ന്ന് കരുതി സാധനം സംഘടിപ്പിച്ച് തന്നപ്പോ നീ എനിക്കിട്ട് തന്നെ താങ്ങുവാ ല്ലേ..”
കണ്ട്രോള് വിട്ട് ഞാനും ഒന്ന് പൊട്ടിച്ചിരിച്ചു.. “രണ്ടെണ്ണം അടിച്ചിട്ടാണേലും നിങ്ങള് സമ്മതിച്ചല്ലോ മനുഷ്യാ, നിങ്ങളെന്നെ വളക്കാൻ ഇറങ്ങിയതാന്ന്..”
“ഞാനത്ര ബുദ്ധിമുട്ടി വളക്കേണ്ട ആവശ്യമൊക്കെ ഉണ്ടോ ലച്ചൂ..” എന്റെ മുഖത്തിന് നേരെ നിന്നാണ് ചോദ്യം.. കുടിച്ചതൊക്കെ ശടേന്ന് ഇറങ്ങി പോയി..
എന്റെ മുടിയും സഞ്ജുന്റെ ഷർട്ടും ഒരേ താളത്തിൽ പറന്നു.. സ്ലീവ് ലസ് ടോപ്പിൽ തണുത്ത് വിറക്കുന്നതിനേക്കാൾ, അടുത്ത് നിക്കുന്ന ചൂട്, അതെന്നെ പിടിച്ച് കുലുക്കുന്ന പോലെ.. അങ്ങോട്ടേക്ക് നോക്കാതെ തന്നെ അറിയാം, ആ നോട്ടം എന്നെ തഴുകിയിറങ്ങുന്നുണ്ട്..
സഞ്ജു പെട്ടെന്ന് പിന്നോട്ടേക്ക് മാറി.. ഇല്ലേൽ എല്ലാം ഇന്ന് കൈവിട്ട് പോയേനെ..
അവൻ മാറി നിന്ന് നോക്കുവാ.. “സ്കൂളില് പഠിക്കുമ്പോ തൊട്ട് തുടങ്ങിയതാ ടീ കോപ്പേ നീയെന്റെ സ്വസ്ഥത കളയാൻ.. എന്നിട്ടിപ്പോ ദാ ഇവിടെ വന്ന് നിക്കുന്നു..”
“ഞാനോ, ഞാനെന്ത് ചെയ്തു..”
“ഒന്നും ചെയ്തില്ലേ.. എന്റച്ഛനോട് പോയി ചോദിക്കെടീ , പിന്നെന്തിനാ എന്നും ഞങ്ങളെ ഉപദേശിച്ച് കൊന്നതെന്ന്.. അറിയാതെ മനുഷ്യൻ എന്തേലും ചെയ്ത് പോയാ, അപ്പൊ തൊടങ്ങും അച്ഛൻ, അശോകൻ മാമന്റെ വീട്ടിലെ മാലാഖമാരുടെ കഥ.. അച്ഛൻ അങ്ങനെ വർണിച്ച് വർണിച്ചാ, അവസാനം ഏട്ടനൊരു മാലാഖയെ അടിച്ചോണ്ട് പോയെ.. അതോടെ ഏട്ടൻ നന്നായി, കുടിയില്ല വലിയില്ല ഒന്നുമില്ല.. അപ്പോഴാ അച്ഛന്റെ കാഞ്ഞ ബുദ്ധീല്, പൊട്ടി മുളച്ചേ, ഇളയ മാലാഖയെ കൂടി കെട്ടിയെടുത്താ ഞാനും അങ്ങ് നന്നായി പോവും ന്ന്..
പണ്ടാരമടങ്ങാൻ, പെണ്ണിന്റെ പേര് വരലക്ഷ്മീന്ന് കേട്ടപ്പോ തന്നെ ഞാൻ ഞെട്ടി.. നിന്റെ ഈ കൂതറ പേര് കേട്ടാ ആരായാലും വിചാരിക്കൂലേ ടീ പോത്തേ നീയൊരു പാവം പെങ്കൊച്ചാ ന്ന്..!!!!”
അതും പറഞ്ഞൊരു ദയനീയ നോട്ടം, ഞാൻ അറിയാതെ പൊട്ടിച്ചിരിച്ചു പോയി..
“ചിരിക്കെടീ ചിരിക്ക്.. ഞാൻ വെറുതെ ഒരു പാവം പെണ്ണിനെ കെട്ടിയെടുത്ത്, അതിന്റെ കണ്ണീരും കണ്ട്, ഒരു മാതിരി സീരിയലിലെ വില്ലനാകണ്ടാ, ന്ന് വിചാരിച്ചപ്പോ, നിനക്ക് ചിരിയല്ലേ.. ”
പിന്നേം ഞാൻ നിന്ന് കുടുകുടാ ചിരിക്കുന്നത് നോക്കി ചിരിക്കുവാ സഞ്ജു.. “ഞാൻ അപ്പോഴേ പറഞ്ഞതാ, എനിക്കിതൊന്നും സെറ്റാകില്ല, അതിന് പോയി വല്ല പഠിപ്പികളേം നോക്കാൻ.. ആര് കേൾക്കാൻ.. അവസാനം എല്ലാം കൂടി താങ്ങിപ്പിടിച്ചെന്നെ എഴുന്നള്ളിച്ചു പെണ്ണ് കാണാൻ..”
“അതപ്പോ നമ്മടേം പെണ്ണ് കാണലായിരുന്നോ..”
“നിനക്ക് ഇത് പോലും അറിയില്ലേ ടീ.. പിന്നെ നീ എന്തോ എടുക്കാനാ അന്ന് ഒളിഞ്ഞ് നിന്ന് ജനല് വഴി എത്തി നോക്കിയേ..”
“ഹ അത് ഞാൻ നിരഞ്ജൻ ചേട്ടനെ കാണാൻ വന്നതാ..”
“അപ്പൊ എന്നെ വാറ്റിയതോ..”
“അ ആര്..” ഇങ്ങേര് അതും കണ്ടാരുന്നോ..
“വേണ്ടാ കൂടുതല് കിടന്ന് ഉരുളണ്ട, ഇനീം കിടന്ന് ഉരുണ്ടാ നിന്നെ ഞാൻ പൊക്കിയെടുത്ത് താഴെയിട്ടെന്ന് വരും..”
മിക്കവാറും അതിന് മുന്നേ ഞാൻ നിങ്ങളെ വേറെ വല്ലോം ചെയ്യും മനുഷ്യാ..
“അപ്പൊ തൊട്ടേ ഞാൻ നിന്നെ ശ്രദ്ധിക്കുവാ ടീ.. പാവം പെങ്കൊച്ചല്ലേ, ഒന്ന് നോക്കി ചെറഞ്ഞ് പേടിപ്പിച്ച് കല്യാണത്തിന്ന് രക്ഷപ്പെടുത്താമെന്ന് വിചാരിച്ചാ, അതെങ്ങനാ നീയും നോക്കി നിന്ന് ചെറയുവല്ലേ.. അപ്പോഴേ എനിക്കൊരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നിയതാ.. പിന്നെ നിന്റെ വാ തൊറന്നപ്പോഴല്ലേ മനസിലായെ, നീയും എനിക്ക് വേണ്ടി കാത്തിരിക്കുവാന്ന്..”
“അയ്യടാ അത്രക്കൊന്നും ഇല്ല.. അറിയാതെ അങ്കിളിന്റെ വായില് പെട്ടു.. അത് നേരാ.. എന്ന് കരുതി..”
“ഓഹോ അത്രക്കൊന്നും ഇല്ലാ ല്ലേ, അപ്പൊ എന്നെ പ്രൊവോക് ചെയ്യാനല്ല നീയെന്നെ കോഴീന്ന് വിളിച്ച് പിറകെ നടന്നെ..”
“അത് നിങ്ങള് ശരിക്കും കോഴിയായോണ്ടാ.. ഹഹഹ..”
ചിരിച്ച് നോക്കുമ്പോ അവനെന്റെ അടുത്തേക്ക് പാഞ്ഞ് വരുവാ.. നെഞ്ചാണേൽ പട പടാ ഇടിക്കുന്നു.. എന്നെ ഇടിച്ച് ചുമരിൽ ചേർത്ത് നിർത്തി, എന്റെ മുഖം വിരല് കൊണ്ടുയർത്തി സഞ്ജു.. “ഇപ്പൊ പറയെടീ ഞാൻ കോഴിയാന്ന്.. എന്റെ മെമ്മറി കാർഡിന്ന് എത്ര പെൺപിള്ളേരുടെ ഫോട്ടോ കിട്ടിയെടീ നിനക്ക്..”
എന്തേലും മിണ്ടാൻ ഒച്ച വരണ്ടേ.. ചെവിയില് പിന്നെ ലപ് ടപ് ലപ് ടപ് മാത്രം.. അപ്പോഴേക്കും അവന്റെ ഇടത് കൈ എന്റെ കഴുത്തിലൂടെ പടർന്ന് കാതോരം തഴുകുന്നുണ്ടായിരുന്നു.. ഐസ് പോലെ നിന്നു ഞാൻ.. “നിനക്കറിയാം ലച്ചൂ ഞാൻ എടുത്തതൊക്കെ നിന്റെ ഫോട്ടോ ആണെന്ന്.. ചുമ്മാതൊന്നും അല്ല നീയെന്റെ കവിളില് കടിച്ചിട്ട് ഓടിയേ..”
ഒരു തരം പൊള്ളലായിരുന്നു അവന്റെ വിരലുകൾക്ക്..
ഹൈ ഹീൽസില് നിന്നിട്ടും, എന്റെ പാദങ്ങൾ എത്തി ഉയരാൻ നോക്കിയത് കൊണ്ടാവാം, അടുത്ത നിമിഷം സഞ്ജു എന്നെ അരയിലൂടെ പിടിച്ചുയർത്തി, മേൽച്ചുണ്ട് കവർന്നെടുത്തു..
റമ്മിന്റെ ചൊവയും മണവും ഒരു തരം മത്തായിരുന്നു.. എപ്പോഴോ ചുണ്ടുകൾ അകന്നു, നടന്നതൊന്നും വിശ്വസിക്കാൻ പറ്റുന്നില്ല.. ഊർന്നിറങ്ങാൻ നോക്കുമ്പോഴാ, അവന്റെ കള്ളച്ചിരി.. “തോറ്റോ ടീ..”
പിന്നൊന്നും നോക്കീല, ആ നിൽപ്പിൽ തന്നെ പിടിച്ച് വച്ച് ഞാനും കൊടുത്തു ഉഗ്രനൊരു കിസ്.. ആദ്യം അവനൊന്ന് പകച്ചെങ്കിലും പിന്നീടത് മത്സരമായി മാറി.. കുറച്ച് കഴിഞ്ഞപ്പോ അവൻ തന്നെ എന്നെ ഉരുട്ടി താഴെയിട്ടു..
“പൊട്ടിച്ചോടീ പുല്ലേ നീ..”
അയ്യോ പാവത്തിന്റെ ചുണ്ട് പൊട്ടി രക്തം വരുന്നു.. “ഏയ് ഞാൻ വിചാരിച്ചത്ര വന്നിട്ടില്ല ന്നേ..”
“നിന്നെ ഞാനിന്ന്..!!” അതും പറഞ്ഞവൻ ഓടി വന്ന് വാരിയെടുക്കുവാ തറേന്ന്.. “അയ്യോ എറിയല്ലേ മനുഷ്യാ..!!” അങ്ങേരുടെ കോളറിൽ തന്നെ അള്ളിപ്പിടിച്ചു കിടന്നു ഞാൻ..
ഭാഗ്യം എറിഞ്ഞിട്ടില്ല, എന്നെ നോക്കുവാ.. “കെട്ടി ഒന്ന് കയ്യില് കിട്ടട്ടെ ടീ നിന്നെ, അപ്പൊ ഞാൻ കാണിച്ച് തരാം..”
“ഞാനും..” അല്ല പിന്നെ..
അവനെന്നെ അടിമുടി നോക്കി താഴെ വച്ചു.. “വാ ഇപ്പൊ ചെന്നിട്ടില്ലേല് ബില്ലില് ആറ് ബക്കാർഡി കണ്ടവര് ഞെട്ടും..”
ശരിയാ, ഞാനും പെടും..
വേഗം അകത്ത് ചെന്നപ്പോ എല്ലാരും പോകാനുള്ള തിരക്കിലാ.. നിരഞ്ജൻ ചേട്ടനും തനൂം അവരെയൊക്കെ യാത്രയാക്കുന്നുണ്ട്.. ഞാൻ നേരെ പോയി തനൂന്റെ കൂടെ നിന്നു.. “അല്ല നീ ഇത്രേം നേരം എവിടാരുന്നു..”
“വാഷ്‌റൂം..”
സഞ്ജു ഉടനെ നിരഞ്ജൻ ചേട്ടന്റെ അടുത്തേക്ക് നീങ്ങി.. “ഏട്ടാ എന്നാ പോവാം..”
“ആ നീ വന്നോ.. എവിടെ പോയി കിടന്നതാ ടാ.. ബില്ല് ഇത് വരെ വന്നിട്ടില്ല..”
“ഞാൻ ഇവിടൊക്കെ തന്നെ ഉണ്ടാരുന്നു, ബില്ലെന്താ വരാത്തെ, ഏട്ടൻ കാർഡ് താ, ഞാൻ പോയി ചോദിക്കാം..”
സഞ്ജു ബില്ലടച്ച് വരുമ്പോഴേക്കും ബാക്കി എല്ലാരും പോയിരുന്നു..
“ന്നാ പോകാം ഏട്ടാ..”
“മ്മ് നീ പോയി വണ്ടി എടുത്തോണ്ട് വാ.. ഞങ്ങള് മുന്നില് നിക്കാം..”
“ശരി..”
സഞ്ജു പോയതും തനു എന്നെ തന്നെ അടിമുടി നോക്കുവാ.. ഇതെന്താ ത്..
ഇനി വല്ല ഡൗട്ടും… ഞാൻ ഉടുപ്പ് പിടിച്ചൊന്ന് നേരെയിട്ടു..
ഇന്നോവ വന്നപ്പോ രണ്ടും പിന്നേം നിന്ന് നോക്കുവാ സഞ്ചുവേട്ടനെ.. നോക്കുമ്പോ ഇപ്പോഴും ചോര പൊടിഞ്ഞിരിക്കുന്നു ചുണ്ടില്..
അപ്പൊ തന്നെ ഞാൻ ചാടി മുന്നിൽ കേറിയിരുന്നു.. ചോര മനുഷ്യാ ചോരാ, ഞാൻ ആഗ്യം കാണിച്ചു.. അവൻ കള്ളച്ചിരി ചിരിക്കുവാ.. ശവം അതല്ല മനുഷ്യാ, എന്റെ ഭാവം കണ്ടിട്ടാ അവൻ കണ്ണാടീൽ നോക്കിയേ.. ഹ്മ് ഇപ്പൊ പിടി കിട്ടി, അവൻ ചുണ്ട് തുടച്ച് എന്നെ നോക്കി..
“നിങ്ങള് കേറുന്നുണ്ടോ.. സഞ്ചുവേട്ടന് ചെന്നൈ പോകാനുള്ളതാ..” കേട്ട പാടെ തനു ഞെട്ടി.. അവളപ്പോ തന്നെ വണ്ടീൽ കേറി.. പിന്നാലെ ചേട്ടനും..
രണ്ടും കൂടി ഞങ്ങളെ മാറി മാറി നോക്കുവാ.. സഞ്ജു അപ്പോഴേക്കും വണ്ടി മുന്നോട്ടെടുത്തു..
കുറച്ച് കഴിഞ്ഞപ്പോഴാ, മുന്നിലേക്ക് തള്ളി വരുന്നു തനു.. “ന്താ ടീ..!!!”
“അല്ലാ നീ ചത്തില്ലേന്ന് നോക്കിയതാ.. രണ്ടിലൊന്നിന്റെ ശവം കാണും ന്നാ ഞാൻ വിചാരിച്ചേ..”
“ശവം ഒന്ന് പോവുന്നുണ്ടോ..!!”
മൂക്കും കൊണ്ട് വരുന്നു, ഇനി വല്ലതും മണത്ത് പിടിച്ചിട്ട് വേണം പാര വക്കാൻ..!
നല്ല പോലെ പൊയ്ക്കൊണ്ടിരുന്ന വണ്ടിയാ, പെട്ടെന്ന് നോക്കുമ്പോ സ്പീഡ് വല്ലാണ്ട് കുറയുന്നു.. സഞ്ജു എന്നെ നോക്കേം ചെയ്യുന്നു..
“നമുക്ക് വേറെ വഴിയേ പോയാലോ ഏട്ടാ..”
ഇതെന്താ പെട്ടെന്ന്.. മുന്നില് നോക്കിയപ്പോ എന്റമ്മേ ഇതിന്ന് ചാടി ഓടിയാലോ.. ദോ നിക്കുന്നു പോലീസ് മാമന്മാർ..!! കയ്യിലുണ്ട് ആ കുന്ത്രാണ്ടം..
അപ്പോഴേക്കും സഞ്ജു വണ്ടി നിർത്തി.. പെട്ടെന്ന് തിരിച്ച് വളക്ക് മനുഷ്യാ..
“നീ എന്താ ടാ കാണിക്കണേ.. എന്തിനാ വണ്ടി നിർത്തിയെ..” നിരഞ്ജൻ ചേട്ടനാ..
“അത് പിന്നെ ഏട്ടാ പോലീസ്.. നമ്മള് ഈ അസമയത്ത് രണ്ട് പെൺകുട്ടികളേം കൊണ്ട്..”
“അതിനെന്താ ഞാൻ കെട്ടാൻ പോണ പെണ്ണാ.. നീയെങ്ങോട്ട് ചവിട്ടി വിട്ടേ..”
“എന്നാലും ഏട്ടാ.. വെറുതെ എന്തിനാ ഒരു പ്രശ്നം..”
“എന്ത് പ്രശ്നം.. അങ്ങോട്ട് വണ്ടിയെടുക്കെടാ..”
ഈ ചേട്ടൻ.. പാമ്പിനെ കണ്ടാലും മനസിലാവാത്ത ഇനം..
“ഇപ്പൊ തന്നെ വൈകി.. വണ്ടിയെടുക്ക് സഞ്ജു..” തനുവാ.. തല്ല് കാണാൻ എന്തൊരു പൂതിയാരുന്നു.. ഇപ്പൊ കാണാം..
സഞ്ജു എന്നെ നോക്കി രണ്ടും കൽപ്പിച്ച് വണ്ടിയെടുത്തു..
അമ്പതടി വച്ചില്ല, ദേ വലയും കൊണ്ട് ചാടി വീഴുന്നു മാമന്മാർ… “നിർത്തെടാ നിർത്തെടാ..”
തീർന്നു, എല്ലാം തീർന്നു.. ഇന്നത്തോടെ നിക്കും ഞങ്ങടെ വെള്ളംകുടി..
(തുടരും)
വരലക്ഷ്മി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission