Skip to content

വരലക്ഷ്മി – ഭാഗം 13

വരലക്ഷ്മി Malayalam Novel

എന്തൊക്കെയായിരുന്നു, ബാച്‌ലർ പാർട്ടി, വെള്ളമടി, ഫ്രഞ്ച് കിസ്.. എനിക്കപ്പോഴേ തോന്നി..

വണ്ടി അപ്പോഴേക്കും നിർത്തി പാമ്പ് തല പുറത്തിട്ടു.. “എന്താ സാർ..” ആഹഹാ എന്താ ഒരു ആക്റ്റിങ്..

“ആ നീ ഇതിലോട്ടൊന്ന് ഊതിയേ ടാ ചെക്കാ..”

“അയ്യേ സാർ അതിന് ഞാൻ –” ന്ന് പറയും മുന്നേ മാമൻ കയ്യിലെ കുന്ത്രാണ്ടം സഞ്ജുന്റെ വായില് കുത്തിക്കേറ്റി.. നോക്കുമ്പോ അത് നിന്ന് കൊരവയിടുന്നു..

“ആഹാ ഇന്നത്തെ നൈറ്റ് ഡ്യൂട്ടി വെറുതെയായില്ല.. എത്രണ്ണം കീറിയെടാ..”

ഇനീപ്പൊ അതൊക്കെ ചോദിച്ചിട്ട് എന്തിനാ മാമാ, ഞങ്ങള് പെട്ടില്ലേ.. പുറകില് ദോ രണ്ടെണ്ണം കണ്ണും തള്ളി ഇരിപ്പുണ്ട്..

ഈ ഗ്യാപ്പില് ഞാനും കൂടി ചാടിയിറങ്ങി ഊതി മെഷീൻ കേടാന്ന് തട്ടിയാലോ.. “സാഹസം വേണ്ട..” സഞ്ജുവാ.. ഇങ്ങേർക്ക് ഇത്ര പെട്ടെന്ന് മനസ്സിലായോ..

“നിന്ന് കറങ്ങാതെ ആർ സി, ഡി എൽ ഒക്കെ എടുത്തോണ്ട് വാ ടാ..”

ഒക്കെ നുള്ളിപ്പെറുക്കി സഞ്ജു പുറത്തിറങ്ങി വാതിലടയ്ക്കണ സൗണ്ട് കേട്ടപ്പോഴാ പുറകിലുള്ളോർക്ക് ബോധം വന്നേ..

“ഇവനെ ഞാനിന്ന്.. എന്ത് നോക്കി ഇരിക്കാ ടീ.. അങ്ങോട്ട് ഇറങ്ങ്..” ചേട്ടനും ബാധ കേറി..

“ഹ ഞാനെന്തോ ചെയ്തിട്ടാ നിങ്ങള് എന്നോട് ദേഷ്യപ്പെടുന്നെ..” തനു ചിണുങ്ങിയതൊന്നും കേക്കാതെ ചേട്ടൻ പുറത്തിറങ്ങി അനിയന്റെ ലീലാവിലാസം കാണുവാ.. “അവന്റെ അസമയത്തെ പെണ്ണുങ്ങള്.. വെള്ളമടിച്ച് ബാക്കിയുള്ളോരെ കൂടി പൊട്ടന്മാരാക്കാൻ നോക്കുന്നതും പോരാ, എന്നിട്ടോരോ ഡയലോഗും..”

ഇങ്ങേരോട് മലയാളത്തിൽ പറഞ്ഞതല്ലേ വേറെ വഴി പോകാന്ന്.. ഹും.. ഞാൻ നേരെ പോലീസ് ജീപ്പിന്റെ അടുത്തേക്ക് നടന്നു..

“ഫസ്റ്റ് ടൈം ആയോണ്ട് നീ തൽക്കാലം രക്ഷപ്പെട്ടതാ..” മാമന്മാര് എന്തൊക്കെയോ തട്ടിക്കൂട്ടി ഒരു ചലാൻ കൊടുത്തു സഞ്ജുന്റെ കയ്യിൽ..

“സാർ എന്നാ ഞങ്ങള് വണ്ടി..”

“അങ്ങോട്ട് വല്ല ഓട്ടോയും പിടിച്ച് പോടാ..”

അപ്പോഴേക്കും തള്ളിക്കേറി വന്നു നിരഞ്ജൻ ചേട്ടൻ.. “സാർ എന്റെ പേര് നിരഞ്ജൻ.. ഞാൻ ഇവിടെ അഹല്യയിലെ ഐ സ്പെഷ്യലിസ്റ്റാ.. എന്റെ കല്യാണം ഉറപ്പിച്ചതിന്റെ പാർട്ടി കഴിഞ്ഞ് വരുവായിരുന്നു ഞങ്ങള്..”

“അതിന്..”

“ഞങ്ങള് വണ്ടിയെടുത്തോട്ടെ സാർ.. ഈ സമയത്തിനി എവിടുന്ന് ഓട്ടോ കിട്ടാനാ, അതും ഈ പെൺകുട്ടികളേം കൊണ്ട്.. ഞാൻ കുടിച്ചിട്ടില്ല സാർ, സാറിന് വേണേൽ പരിശോധിക്കാം.. സ്റ്റേഷനിലോ എവിടെയാ ന്ന് വച്ചാ ഞാൻ വണ്ടി ഹാജരാക്കേം ചെയ്യാം..”

മാമൻ കേട്ട പാടെ ജീപ്പിലിരുന്ന വേറൊരു മാമനോട് പോയി ചോദിച്ചു.. “ആ വിട്ടേക്കെടോ.. ”

ഇല്ലേൽ കാണാമായിരുന്നു, ഇപ്പൊ തന്നെ ഇവരുടെ എഫ് ബി പേജ് അൺലൈക് ചെയ്തേനെ..

നിന്ന നിൽപ്പിൽ നിരഞ്ജൻ ചേട്ടൻ ഓടി വണ്ടിയെടുത്തു.. ഞാൻ പുറകിലും സഞ്ജു മുന്നിലും ചാടിക്കേറി.. പിന്നങ്ങോട്ട് നീണ്ട നിശബ്ത.. ആർക്കും ഒന്നും മിണ്ടാനില്ല..

അവസാനം വണ്ടി തന്നെ ഒച്ചയിട്ടു.. കീയോ..!! നോക്കുമ്പോ സതീശൻ അങ്കിളിന്റെ വീട്.. പോരാഞ്ഞിട്ട് ദോ കിടക്കുന്നു അച്ഛന്റെ പേടകം..

“നീ പതുക്കെ ഇറങ്ങി വാ ട്ടാ സഞ്ജു.. നിനക്കിന്ന് വച്ചിട്ടുണ്ട്..” ഒരു ഭീഷണി മുഴക്കി നിരഞ്ജൻ ചേട്ടൻ അകത്തോട്ട് വലിഞ്ഞു.. പിറകെ ഓടുന്നുണ്ട് തനു..

എല്ലാം കണ്ട് പാവം കോഴിയാണേൽ എന്നെ നോക്കി ഇരിപ്പാ.. “ഏത് നേരത്താ ടീ എനിക്ക് നിന്നെ വളയ്ക്കാൻ തോന്നിയെ..”

“അല്ലാണ്ട് നിങ്ങക്ക് വെള്ളമടിക്കാൻ തോന്നിയത് കൊണ്ടല്ല..”

“പിന്നെ നിന്നെ ഐസ് ക്രീമും പൂവും തന്ന് വളക്കാൻ പറ്റോ ടീ.. ദേ ഒറ്റ തൊഴി വച്ച് തന്നാലുണ്ടല്ലോ..”

“തൊഴിച്ചോ മനുഷ്യാ.. എല്ലാരും കൂടി കോഴിയെ നിർത്തിപൊരിച്ച് ബാക്കിയുണ്ടേല് നിങ്ങളെ ഞാനും തൊഴിച്ചോളാം..”

“നിന്നെ ഞാനിന്ന്..” അവൻ കൈ നീട്ടിയതും ഞാനോടി അകത്ത് കേറി..

വന്ന് നിന്നതോ, അയ്യോ കാലൻ.. സോറി അച്ഛൻ.. “അ അച്ഛനെപ്പോ വന്നു..”

എവിടെ, ഒരു മൈൻഡും ഇല്ല.. പോരാഞ്ഞിട്ട് എന്നെ നിന്ന് അടിമുടി നോക്കുവാ.. “ഇതെന്ത് കോലാ ടീ.. ഈ കോപ്പും ഇട്ടാണാ നീ ഊര് തെണ്ടാൻ പോയെ.. ഇതൊന്ന് നോക്കാൻ പോലും നിനക്ക് സമയമില്ലേ പ്രമീ..”

എന്റെ നെഞ്ചത്താണല്ലോ ഈശ്വരാ ശിങ്കാരി മേളം..

“ഈ പെണ്ണ് ഓരോന്ന് ചെയ്യുന്നേന് നിങ്ങളെന്തിനാ അശോകേട്ടാ എന്നെ നോക്കുന്നെ.. ഇതിനോട് ഞാൻ പോണ്ടാന്ന് ഒരു ആയിരം വട്ടം പറഞ്ഞതാ, അത് കേക്കണ്ടേ..”

“ഒന്ന് മതിയാക്ക് മാമാ ഒരു മാതിരി കൊച്ച് പിള്ളേരെ പോലെ..” അതും പറഞ്ഞാ മ്മടെ നായകൻറെ എൻട്രി.. “പ്ഫാ..!!” ന്നൊരു ആട്ട്, ആരാ അങ്കിള്.. സഞ്ജു തെറിച്ച് പോയില്ലന്നേ ഒള്ളു..

“അച്ഛാ ഞാൻ..”

ആര് കേൾക്കാൻ..

എല്ലാം കൂടി വളഞ്ഞിട്ട് കൊടുങ്ങല്ലൂർ ഭരണിപ്പാട്ട്.. “കള്ള് കുടിച്ച് കോണ് തെറ്റി, വീണ് ചുണ്ടും പൊട്ടിച്ച് വന്നിട്ട്, നീ പിന്നേം നിന്ന് പ്രസംഗിക്കുന്നോ ടാ..”

സഞ്ജു എന്നെയൊരു നോട്ടം.. ഞാനെന്ത് ചെയ്തു..

“ഇത്രേം നാള് നിന്റെ താളത്തിന് എല്ലാരും തുള്ളി.. ഇനി നീ ചെന്നൈയ്ക്ക് പോണത് എനിക്കൊന്ന് കാണണമെടാ..”

“അച്ഛാ..!! അപ്പൊ എന്റെ ജോലി..”

“നിന്റെ ജോലി.. എന്നെക്കൊണ്ടൊന്നും പറയിക്കണ്ട നീ.. വല്ല ജോലീം നോക്കാനുണ്ടേൽ നീ ഇവിടെ നിന്ന് നോക്കിയാ മതി.. അവന്റെ ഒരു ചെന്നൈ..”

“ഹ ഇതിനും മാത്രം ഞാനെന്തോ ചെയ്തെന്നാ..”

“നീയൊന്നും ചെയ്തില്ലേ.. നിന്നെക്കാൾ മൂത്തതാ സഞ്ജു ഇവൻ, ആ ഇവനെ മര്യാദക്ക് നിർത്താമെങ്കി, നിന്നേം മര്യാദക്ക് നിർത്താൻ എനിക്കറിയാം..”

സഞ്ജു പിന്നൊന്നും മിണ്ടീല..

അങ്കിള് നേരെ തിരിഞ്ഞു അച്ഛന്റെ നേർക്ക്.. “അശോകാ ഇതൊന്നും കണ്ട് നീ പേടിക്കണ്ട.. നിനക്ക് ഞാൻ തരുന്ന വാക്കാ, നിന്റെ മോളെ ഇവൻ ഒരു കാലത്തും സങ്കടപ്പെടുത്താതെ ഞാൻ നോക്കിക്കോളും..”

അതിന് എന്നെ ആര് സങ്കടപ്പെടുത്തി..

“നീയത് വിട് സതീശാ.. പിള്ളേരല്ലേ.. കെട്ട് കഴിയുമ്പോ ഒക്കെ മാറും.. ലച്ചൂന്റെ പഠിത്തം കഴിഞ്ഞ്, രണ്ടിനും ഒരു ജോലിയാകുമ്പോ നമുക്കങ്ങ് നടത്താം..”

“ഏഹ് അപ്പൊ ചേച്ചീടെ കെട്ടിന്റെ കൂടെ ഇല്ലേ..”

“പൊക്കോണം അവിടുന്ന്.. പഠിക്കണ പ്രായത്തില് അവള് കെട്ടാൻ നടക്കുവാ..”

ശെടാ ഇതെന്ത് പാട്, മര്യാദക്ക് ഉറങ്ങി കിടന്ന മനുഷ്യനെ വിളിച്ചെണീപ്പിച്ചിട്ട് ഇപ്പൊ ചോറില്ലാന്ന്.. സഞ്ജുവാണേൽ നിന്ന് വാ പൊത്തി ചിരിക്കുന്നു.. ദുഷ്ടൻ അങ്ങേരിക്കും കൂടി വേണ്ടിയാ ചോദിച്ചേ.. ഇപ്പോ ഞാൻ ശശി..

എന്നാ പിന്നെ ബിരിയാണി ഇല്ലാത്ത സ്ഥിതിക്ക്, “നമുക്ക് ഇറങ്ങാം അച്ഛാ..”

“പോകാൻ വരട്ടെ മോളെ..” അങ്കിളാ.. അടുത്ത എന്തോ കുരിശാണ്.. “ഇവനെ ഇങ്ങനെ വിട്ടാ പറ്റില്ല, നമുക്ക് ഇന്ന് തന്നെ ഇതിനൊരു തീരുമാനം വേണം..”

“ഇനിയെന്ത് തീരുമാനം..”

അങ്കിള് സഞ്ജുനെ കൊണ്ട് വന്ന് എന്റെ മുന്നിൽ നിർത്തി.. “വെക്കടാ കൈ അവളുടെ തലേല്..” ഇങ്ങേരിത് എന്തിനുള്ള പുറപ്പാടാ.. അപ്പൊ തന്നെ ലവന്റെ കൈ എന്റെ തലേൽ വീണു.. “ഇനി സത്യം ചെയ്.. ഇനിയൊരിക്കലും നീ കുടിക്കില്ലാന്ന്..”

കിളവന് ഇനി എന്റെ തല പൊട്ടിത്തെറിക്കണതും കൂടി കാണാത്തോണ്ടാ.. “ഏയ് അതൊന്നും വേണ്ട അങ്കിളേ..”

“അങ്ങോട്ട് പറയെടാ..!!”

ഞാൻ സഞ്ജുനെ നോക്കി ചെറഞ്ഞു.. എങ്ങാനും സത്യം ചെയ്താ മനുഷ്യാ ഇന്നത്തോടെ ബ്രേക്കപ്പ്..

പക്ഷെ അങ്കിള് വിടുന്ന മട്ടില്ല.. ഇനീപ്പോ എന്താ ചെയ്യാ.. വേറെ വഴിയില്ല.. “സഞ്ചുവേട്ടാ സത്യം ചെയ് സഞ്ചുവേട്ടാ എല്ലാരും പറയുവല്ലേ..”

ഞാനത് പറഞ്ഞതും അവനൊന്ന് ഞെട്ടി.. “സത്യം ചെയ് സഞ്ചുവേട്ടാ ഇനി എനിക്ക് ഇഷ്ടമല്ലാത്ത ഒന്നും കുടിക്കില്ലാന്ന്..”

കേട്ടതും അവനൊരു കള്ളച്ചിരി.. പണ്ടാരക്കാലൻ തലയിൽ ആഞ്ഞ് അടിച്ചൊരു സത്യം.. “ഇനി ലച്ചൂന് ഇഷ്ടമല്ലാത്തതൊന്നും ഈ സഞ്ജു കുടിക്കില്ല.. ഒരിക്കലും.. പോരെ..”

എല്ലാർക്കും വീണ്ടും സന്തോഷം ആഹ്ലാദം ആനന്ദം.. പക്ഷെ അപ്പോഴും സഞ്ജു എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു…….!! ചുണ്ടിലാ കള്ളചിരിയും..

ദിവസങ്ങൾ അങ്ങനെ ഓടിച്ചാടി പോയി..

കല്യാണ നാളും വന്നു.. ബൂട്ടീഷൻ ചേച്ചിയെ പൈസ കൊടുത്ത് നിർത്തിയ കൊണ്ട് കല്യാണത്തിന് ഞാനും സാരി..

“അയ്യോ മോളുടെ വയറ് കാണുന്നുണ്ടല്ലേ.. വാ മോൾക്ക് ചേച്ചി ഇടുപ്പിലൊരു പിന്ന് കൂടി കുത്തി തരാം..”

എന്തിന്.. “എനിക്ക് കുഴപ്പമൊന്നും ഇല്ല ചേച്ചി, അതങ്ങനെ കിടന്നോട്ടെ..” തനൂം ബുട്ടീഷ്യൻ ചേച്ചീം കൂടിയൊരു നോട്ടം.. ഞാൻ കാണാത്ത പോലെ നിന്നു..

പക്ഷെ പറഞ്ഞിട്ടെന്താ, വെള്ളം കോരിയതൊക്കെ വെറുതെയായി, സഞ്ജുനോട് ഒന്ന് മിണ്ടാൻ പോലും പറ്റീല.. അവിടവിടെ വച്ച് ഞങ്ങടെ കണ്ണുകൾ ഉടക്കിയ തന്നെ മിച്ചം..

ഇടയ്ക്ക് ആരും കാണാതെ സഞ്ജു എന്റെ അടുത്ത് എത്താറായതും, തുടങ്ങി താലി കെട്ടിന്റെ കുരവ.. അവനെന്റെ പിന്നിൽ വന്ന് നിന്നു.. ഞങ്ങള് രണ്ടും കല്യാണം കണ്ടില്ല, പക്ഷെ വെറുതെ നിന്ന് പൂവെറിഞ്ഞു.. ഒടുവിൽ ചുറ്റുമുള്ളോരൊക്കെ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോ ഞാൻ തന്നെ മാറി നിന്നു..

കെട്ട് കഴിഞ്ഞ് പോകാൻ നേരത്താണ് അടുത്ത കച്ചേരി.. തനുന്റെ ഒടുക്കത്തെ കരച്ചിൽ..

“അച്ഛാ അമ്മേ.. നിങ്ങളെയൊക്കെ വിട്ട്.. ഞാൻ..” എന്തൊരു പ്രഹസനമാന്ന് നോക്ക്..

“മോള് വിഷമിക്കണ്ട.. അധികം ദൂരമൊന്നും ഇല്ലല്ലോ.. എപ്പോ വേണേലും നമുക്ക് അങ്ങോട്ടും ഇങ്ങോട്ടും പോയി വരാവുന്നതല്ലേ ഒള്ളു..”

ശെടാ ഇവര് ഇതൊക്കെ വിശ്വസിച്ചാ..

അങ്ങനെ തനുവിനേം കൂട്ടി ചേട്ടനും ഫാമിലിയും പോയപ്പോഴാ എനിക്ക് കത്തിയെ, ഈശ്വരാ ഒരു പാലമല്ലേ നീ തുറന്നെ.. ഇനി എപ്പോ വേണേലും തനൂനെ പോയി കാണാല്ലോ..

“വൈകിട്ട് അഞ്ച് മണിക്കാ അടുക്കള..” ആരോ പറയുന്ന കേട്ടു.. രാവിലെയോ ആ മൊതലിനെ കണ്ടില്ല, അതോണ്ട് ഇച്ചിരി നേരത്തെ തന്നെ ഞാൻ റെഡിയായി ഇറങ്ങി.. “അല്ലാ നിങ്ങളാരും റെഡിയായില്ലേ..”

നോക്കുമ്പോ അമ്മേം അച്ഛനും ഓരോന്ന് പറഞ്ഞ് കറങ്ങി നടക്കുവാ.. ഇതെന്തൊരു കഷ്ടം.. “സമയം പോകുവാ..”

അപ്പോഴേക്കും ബുക്ക് ചെയ്തിരുന്ന ട്രാവൽസ് എത്തി.. “എനിക്ക് വയ്യ വെയിറ്റ് ചെയ്യാൻ.. ഞാൻ പോവാ ട്ടാ, എനിക്ക് തനൂനെ കാണണം..”

തിരിച്ച് എന്തേലും പറയും മുൻപേ ബന്ധുക്കളുടെ കൂടെ ഞാനും അതിൽ ഇടിച്ച് കേറി..

അങ്കിളിന്റെ വീട്ടില് ലൈറ്റൊക്കെ ഇട്ട് മൊത്തം കളറാ.. നിരഞ്ജൻ ചേട്ടൻ പുറത്ത് തന്നെ നിപ്പുണ്ട് എല്ലാരേം നോക്കി ചിരിച്ച്.. കൊച്ചുഗള്ളൻ..

ഇനീപ്പോ ഇത് എന്റേം കൂടി വീടല്ലേ.. ഞാൻ നേരെ അകത്തേക്ക് കേറി.. കണ്ട് കിട്ടിയത് ആന്റിയെയാ..

“ചേച്ചി എവിടെ ആന്റി..”

“ഹഹ ചേച്ചിയെ കാണാണ്ട് ഇരിക്കാൻ വയ്യ ല്ലേ..”

ആന്റിക്ക് നമ്മടെ ഉദ്ദേശം മനസിലായിട്ടില്ല.. ഞാനൊന്ന് ഇളിച്ചു.. “ചെല്ല്.. തനു അവിടെ മുകളില് റെഡിയായി കൊണ്ടിരിക്കുവാ..”

അത് കേട്ടാ മതി.. ഓടിച്ചാടി മേലെ ചെന്നപ്പോ തൊട്ടപ്പുറത്തെ മുറിയിലും ലൈറ്റുണ്ട്.. കണ്ടപ്പോ തന്നൊരു കുളിര്..

തനൂന്റെ മുറീല് കേറിയപ്പോഴോ പൊളപ്പനായിട്ട് ഒരുങ്ങി നിക്കുവാ അവൾ.. കണ്ണാടീൽ കൂടി എന്നെ കണ്ടിട്ടുണ്ട് സാധനം..

“ഹാ നീ അതിനിടയ്ക്ക് എത്തിയോ ലച്ചൂ.. അമ്മേം അച്ഛനും എവിടെ..”

“അവരൊക്കെ വരുന്നേ ഒള്ളു.. ഞാനിങ്ങ് പോന്നു.. ഇനീപ്പോ ഇത് പോലെ ഇടക്കിടക്ക് നിന്നെ കാണാൻ വരണോ ല്ലോ ന്ന് ആലോചിക്കുമ്പോഴാ..”

“നീ ഒരുപാടങ്ങ് ബുദ്ധിമുട്ടണ്ട.. ഇനിയെങ്കിലും പഠിത്തത്തില് ശ്രദ്ധിക്കാൻ നോക്ക്..”

തോന്നി അതേ പറയൂന്ന്.. എന്നാലും ഇനി തൊട്ട് ഇവളെൻറെ കൂടെ കാണില്ലല്ലോ ന്ന് ആലോചിക്കുമ്പോ മനസ്സിലെവിടെയോ..

“അല്ല തനൂ ഞാനൊരു കാര്യം ചോദിക്കട്ടെ..”

“ന്താ ടീ..” തനു ഒരുങ്ങുന്നതിനിടയിൽ എന്നെ നോക്കി..

“നീയും നിരഞ്ജൻ ചേട്ടനും സെറ്റാന്ന് വീട്ടിലെങ്ങനാ ടീ പിടിച്ചേ..”

“അറിഞ്ഞിട്ടിപ്പോ എന്തോ എടുക്കാനാ..”

“രണ്ടും കൂടി ഞാൻ പോലും അറിയാതെ കണ്ണടച്ച് പാല് കുടിച്ചതല്ലേ.. അപ്പൊ ഒന്ന് അറിഞ്ഞിരിക്കാല്ലോ..”

“ഓ ഞാൻ നിന്നെ പറ്റിച്ചതൊന്നും അല്ല ടീ.. ഒക്കെ അങ്കിള് കാരണാ.. ഞാൻ പ്ലസ് വണ്ണില് പഠിക്കുമ്പോഴും ഉണ്ട് അങ്കിളിന് ഈ കടേലെ കണക്കെഴുതുന്ന അസുഖം.. അതും കൊണ്ട് വീട്ടില് വരുമ്പോഴൊക്കെ എന്നെ പിടിച്ചിരുത്തി അങ്കിള് എഴുതിക്കും.. അങ്ങനെ ഒരു ദിവസം കണക്കെഴുതാൻ എടുത്തപ്പോഴാ കണ്ടേ, അതിനകത്ത് ആരോ എഴുതിയെക്കുന്നു നല്ല ഹാൻഡ് റൈറ്റിങ് ന്ന്.. പിന്നെയാ അറിഞ്ഞേ അങ്കിള് വീട്ടില് ചെന്നിട്ട് കണക്ക് നോക്കാൻ നിരഞ്ജൻ ചേട്ടന്റെ കയ്യിൽ കൊടുക്കും ന്ന്.. അങ്ങനെ തുടങ്ങിയതാ.. പിന്നെ ആ കണക്ക് പുസ്തകം മുഴുവൻ ഞങ്ങടെ എഴുത്തായി.. അങ്കിളാണേൽ അത് കൃത്യായി കൊണ്ട് വരേം ചെയ്യും.. പക്ഷെ ഒരു ദിവസം ഞാൻ സ്‌കൂളിന്ന് വന്നപ്പോ കണ്ടു അച്ഛനും അങ്കിളും കൂടി കണക്കും നോക്കിക്കൊണ്ട് ഇരിക്കുന്നു.. കയ്യോടെ പിടിച്ചില്ലേ എന്നെ.. പക്ഷെ ഭാഗ്യത്തിന് ആരും ചീത്തയൊന്നും വിളിച്ചില്ല, നൈസായിട്ട് ഏട്ടനെ അങ്ങ് സ്ഥലം മാറ്റി..”

“ഹ്മ് ഞാനെങ്ങാനും ആയിരുന്നേൽ എല്ലാം കൂടി പൊങ്കാലയിട്ട് കൊന്നേനെ..”

“അതിന് ആദ്യം നിങ്ങള് തമ്മില് ഈ കോഴിപ്പോര് നിർത്തീട്ട് വേണ്ടേ.. ദേ ലച്ചൂ ഇന്നെങ്ങാനും നീ ആ ചെക്കനോട് വഴക്ക് കൂടാൻ പോയാലുണ്ടല്ലോ..”

ഇങ്ങനൊരു സാധനം.. നന്നായി കെട്ടിപ്പോയത്..

“മോളെ..” പെട്ടെന്നാ ആന്റി കേറി വന്നേ.. “താഴെ എല്ലാരും വന്നിട്ടുണ്ട്.. മോള് ഒരുങ്ങിക്കഴിഞ്ഞിട്ട് അങ്ങ് പോരേ.. നിരഞ്ജനും അവിടെ താഴെ തന്നെയുണ്ട്..”

“ശരി ആന്റി..”

ആന്റി പിന്നേം നിന്ന് നോക്കുവാ.. നോട്ടം കട്ടിലിൽ ആണ്.. “അയ്യേ ഈ കട്ടിലെന്താ ഇങ്ങനെ കിടക്കണേ.. സഞ്ജുനോട് ഞാനിത് ഒരുക്കാൻ പറഞ്ഞതല്ലേ.. ഈ ചെക്കൻ.. എത്ര പറഞ്ഞാലും തലേ കേറൂല.. മോളെ ലച്ചു നീയും കൂടിയൊന്ന് നിന്ന് റെഡിയാക്കോ..”

“അതിനെന്താ ആന്റീ..”

ഹോ ഞാൻ ഇച്ഛിക്കുന്ന നോക്കി കൽപ്പിക്കുന്ന ഒരു ആന്റി..

“ഞാൻ അപ്പോഴേക്കും അവനെ സാധനോം കൊടുത്ത് പറഞ്ഞ് വിടാം ലച്ചൂ..”

“ശരി ആന്റീ..”

ആന്റി പോയതും തനു ഓടി വരുന്നു.. “ഞാൻ വേണേ നിന്റെ കാലില് വീഴാം ലച്ചൂ.. രണ്ടും കൂടി തല്ല് കൂടരുത് പ്ളീസ്..”

“ഞാനങ്ങനെ ചെയ്യോ തനൂ..”

അവള് പല്ല് ഞെരിച്ച് താഴേക്ക് ഇറങ്ങി പോയി..

അപ്പോഴാ ഒരു വാനരപ്പടയേം കൊണ്ട് കേറി വരുന്നു മ്മടെ ഹീറോ.. പിള്ളേരാണേൽ താലപ്പൊലി പോലെ ഒരു തട്ടത്തിൽ പൂവ്, ആപ്പിൾ, ഓറഞ്ച് ഒക്കെ പിടിച്ച് നിക്കുവാ.. പിള്ളേരെ കൊണ്ട് റൂം ഒരുക്കിക്കാൻ വന്നതാ കക്ഷി.. പക്ഷേ റൂമിലിപ്പോ എന്നെ കണ്ടതും അവനൊന്ന് ഞെട്ടി നിൽപ്പാ..

“ടാ എന്നാ പിന്നെ നിങ്ങള് ആ സാധനങ്ങളൊക്കെ അവിടെ മേശപ്പുറത്ത് വച്ചിട്ട് താഴെ പൊയ്‌ക്കോ ട്ടാ..”

“ചേട്ടന് വട്ടാണാ.. മര്യാദക്ക് കളിച്ചോണ്ട് നിന്ന ഞങ്ങളെ ചേട്ടൻ തന്നല്ലേ പിടിച്ചോണ്ട് വന്നേ.. എന്നിട്ടിപ്പോ പോകാൻ പറയണു..”

നാണമില്ലല്ലോ മനുഷ്യാ.. ഞാനൊന്ന് നോക്കി പുച്ഛിച്ചു.. അവൻ കൈ ചുരുട്ടി കാണിക്കുവാ.. ന്നിട്ട് പിള്ളേരെ നോക്കി കണ്ണുരുട്ടുന്നു.. “അതാ പറഞ്ഞെ സാധനങ്ങള് വച്ചിട്ട് നിങ്ങള് പോയി കളിച്ചോളാൻ.. ബാക്കിയൊക്കെഞാൻ തന്നെ ചെയ്തോളാം..”

പിള്ളേര് അപ്പൊ തന്നെ അതൊക്കെ അവിടെ ഇട്ടേച്ച് സ്ഥലം വിട്ടു.. “നിന്ന് നോക്കാതെ പെട്ടെന്നെല്ലാം ഒതുക്കെടീ..”

ഇങ്ങേരെ ഞാൻ.. അവസാനം ഒക്കെ ഞങ്ങള് രണ്ടും തന്നെ അടുക്കിപ്പെറുക്കി, മുല്ലമാല കൊണ്ട് അവിടമാകെ അലങ്കരിച്ചു.. ബാക്കിയുള്ള മുല്ലമൊട്ട് സഞ്ജു കട്ടിലിൽ വാരി വിതറുന്നുണ്ട്.. അപ്പോഴേക്കും ഞാൻ ഫ്രൂട്ട്സും ഒരു പ്ളേറ്റിൽ നിരത്തി.. ഫൈനലി കഴിഞ്ഞു..

പെട്ടെന്നാ പിന്നിൽ നിന്നും വാതിലടയുന്ന ശബ്ദം.. തിരിഞ്ഞ് നോക്കും മുൻപ് തന്നെ മുറിയിൽ ഇരുട്ട് പരന്നിരുന്നു.. അടുത്തടുത്ത് വരുന്ന ശ്വാസോഛോസം മാത്രം ആവർത്തിച്ചാവർത്തിച്ച് കേൾക്കാം.. “എന്തായിരുന്നെടീ ജാഡ രാവിലെ.. ഒരു സാരിയുടുത്തപ്പോ നമ്മളെയൊന്നും മൈൻഡില്ല..”

കുറ്റിത്താടി എന്റെ പിൻകഴുത്തിൽ അമർന്നതും ഞാൻ പെട്ടെന്ന് തിരിഞ്ഞ് നിന്നു.. “നിങ്ങള് വീണ്ടും വശീകരണ മന്ത്രോം കൊണ്ട് വരുവാണോ മനുഷ്യാ.. ദേ അന്ന് നടന്നതൊക്കെ ഓർമയുണ്ടല്ലോ..”

“നിന്നെ കണ്ടിട്ട് എന്നാ ടീ ഒന്നും നടക്കാത്തെ..” എന്നെ തന്നെ ഉറ്റു നോക്കുവാ ആ കണ്ണുകൾ..

കയ്യൊക്കെ വിരുവിരാ വരുന്നു.. സഞ്ജുവാണേൽ ഒന്നൂടി വന്നങ്ങ് ചേർന്ന് നിന്നു.. ഞാനറിയാതെ തന്നെ കൈ സഞ്ജുന്റെ ഷർട്ടിൽ പിടിത്തമിട്ടു, വേണ്ടാ ഇനി ആരേലും കണ്ടോണ്ട് വന്നാ പിന്നെ അത് മതി.. ഞാൻ അവനെ പിന്നിലേക്ക് തള്ളിയപ്പോഴുണ്ട് എന്റെ കയ്യേ നോക്കിക്കൊണ്ട് അവനൊരു കള്ളച്ചിരി..

ഈ മനുഷ്യൻ സമ്മതിക്കില്ല..

എന്നിട്ടെന്റെ നേർക്ക് നടന്ന് വരുവാ.. പിന്നിലേക്ക് ഞാനൊരു അടി വച്ച്, കട്ടിലിൽ തട്ടി നിന്നു.. അതാണേൽ അലങ്കരിച്ച് ഇട്ടേക്കുന്നു..

സഞ്ജു ഒരു ചുവട് കൂടി വച്ചതും, ആകെ മൊത്തം ശ്വാസം മുട്ടുന്ന പോലെ.. “വേണ്ടാ ട്ടാ.. ഇതെങ്ങാനും ആ പിള്ളേര് കണ്ടോണ്ട് വന്നാ–” അപ്പോഴേക്കും എന്റെ മുഖം കോരിയെടുത്ത് ആ ചുണ്ടുകൾ നെറ്റിയിൽ അമർന്നിരുന്നു..

ഞാൻ പറയുന്നതൊന്നും കേൾക്കാതെ ദേ നോട്ടം എന്റെ ചുണ്ടിലേക്ക് പോകുന്നു.. മനുഷ്യന്റെ കണ്ട്രോള് കളയാൻ വേണ്ടി.. മനസില്ലാ മനസോടെ സഞ്ജുനെ ഒന്നൂടെ ഞാൻ പിന്നിലേക്ക് തള്ളാൻ നോക്കിയെങ്കിലും, അപ്പോഴേക്കും അവന്റെ കൈ എന്നെ ഇടുപ്പിലൂടെ ചുറ്റിയെടുത്ത് എന്നേം കൊണ്ട് നേരെ കട്ടിലിലേക്ക് വീണിരുന്നു.. “അയ്യോ ചേച്ചീടെ കട്ടില്..!!”

കൊടുത്തു അഞ്ചാറ് ഇടി നെഞ്ചില്.. കിടന്ന് ചിരിക്കുവാ മനുഷ്യൻ.. എണീക്കാമെന്ന് വച്ചാ ഇടുപ്പിലെ പിടുത്തം വിടുന്നതും ഇല്ല, പിന്നേം എന്നെ ചേർത്ത് പിടിച്ച് ഉരുണ്ട് മറിയുവാ..

ക്ലിങ്..!! ച്ലിം..!!

കണ്ണ് തുറക്കുമ്പോ ഞങ്ങള് രണ്ടും കട്ടിലിന്റെ മറുവശം നിലത്ത്.. ഇപ്പോഴും എന്നെ പിടി വിട്ടിട്ടില്ല.. ന്നിട്ടൊരു കള്ളചിരിയും, വെറുതെ നല്ല പിള്ളേരെ കൂടി ചീത്തയാക്കാൻ..

ഇങ്ങേരിന്ന് മേടിച്ചിട്ടേ പോവൂ.. പിന്നൊന്നും നോക്കീല, ആ ചുണ്ടിലേക്ക് അടുത്തതും, “എന്താ ഇവിടൊരു ശബ്ദം കേട്ടേ..” ന്നും പറഞ്ഞ് ദേ വാതിൽ തുറക്കുന്നു..

“ആ പിള്ളേരായിരിക്കും..” എനിക്കങ്ങ് ദേഷ്യം വന്നു..

“കുരുപ്പുകളെ ഇന്ന് ഞാൻ..” എണീക്കാൻ തുനിഞ്ഞ സഞ്ജുന്റെ ചുണ്ടിൽ തന്നെ കൊടുത്തു ഒരു കടി..

അപ്പോഴേക്കും മുറിയിൽ പ്രകാശം പരന്നു..

“ശെടാ ഇതെന്ത് കോലാ ഈ മുറി..!!” നല്ല പരിചയമുള്ള ആൺ ശബ്ദം.. ലവനും തോന്നി.. കട്ടിലിന്റെ അടിയിൽ കൂടി ഞങ്ങള് നോക്കുമ്പോഴോ ദേ നാല് കാലുകൾ.. ചുറ്റും പൊട്ടിച്ചിതറിയ ഗ്ലാസ് പ്ളേറ്റ്, ആപ്പിൾ, ഓറഞ്ച് അങ്ങനെ ഒരു പഴക്കട തന്നെയുണ്ട്..

ഇതെപ്പോഴാ പൊട്ടിയെ..

ഇവിടുന്ന് ഇപ്പൊ എണീറ്റാൽ പിന്നെ എന്താ സംഭവിക്കാ ന്ന് പറയാൻ പറ്റില്ല.. എന്നാലും ആരാ ഇങ്ങനെ ടൈമിങ് ഇല്ലാതെ ഫ്രെയിമിൽ കേറി വരുന്നേ.. ഞങ്ങൾ ഒരുമിച്ച് ആ കാലുകളെ നോക്കുമ്പോഴുണ്ട് ദേ താഴ്ന്ന് വരുന്നു രണ്ട് പ്രായം ചെന്ന തലകൾ.. ന്റമ്മേ ഞങ്ങളെ കണ്ണെടുക്കാതെ നോക്കി നിക്കുവാ അച്ഛനും അങ്കിളും..!!

കണ്ടാലേ അറിയാം ഇന്നൊരു വധം നടക്കും..

(തുടരും)

 

വരലക്ഷ്മി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

5/5 - (11 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!