എല്ലാം ഞാൻ കേട്ടു എന്ന് നിറഞ്ഞു വന്ന എന്റെ കണ്ണ് കണ്ടപ്പോൾ അവർക്ക് മനസിലായി…
അപ്പോഴും എന്റെ മനസ്സിൽ വന്ന മുഖം പ്രണവ് ഏട്ടന്റെത് ആയിരുന്നു.. എല്ലാം അറിയുമ്പോൾ വീണ്ടും….
വീണ്ടും പ്രണവ് ഏട്ടൻ അച്ഛൻ പറഞ്ഞത് പോലെ എന്നെ വെറുക്കുമോ.. ..
കേട്ടത് ഉൾകൊള്ളാൻ ആവാതെ മരവിച്ച നിലയിൽ ഞാൻ അവിടെ തന്നെ നിന്നു..
ഗായത്രി…
അച്ഛൻ എന്റെ അടുത്തേക്ക് വന്നു..
അറിഞ്ഞു കൊണ്ട് ഒരു തെറ്റും ഈ അച്ഛൻ ചെറുത്തിട്ടില്ല മോളെ….. എന്നാൽ അറിയാതെ ആണെങ്കിലും ഈ കുടുംബത്തിലെ ഒരു അംഗം നഷ്ടപ്പെടാൻ കാരണം ഞാൻ ആണ്….
നിറകണ്ണുകളോടെ അച്ഛൻ എന്റെ മുമ്പിൽ നിന്ന് പറഞ്ഞപ്പോൾ എന്റെ നെഞ്ചും വിങ്ങി…
അച്ഛൻ ഇങ്ങനെ സങ്കടപെടാതെ….
പ്രവീൺ ഏട്ടൻ അച്ഛനെ ആശ്വസിപ്പിച്ചു ഇരുന്നു…
ജീവിച്ചു ഇരിക്കുമ്പോൾ തന്നെ മക്കളുടെ മരണം കാണേണ്ടി വരുന്നതിനേക്കാൾ വലിയൊരു സങ്കടം മറ്റൊന്നുമില്ല…. എന്നാൽ ഒന്നും ആരുടേയും തെറ്റ് അല്ല….
മാത്രമല്ല നഷ്ടപ്പെട്ടുപോയ എന്റെ മകൾക്കു പകരം ആയി രണ്ടു മരുമക്കൾ അല്ല.. മക്കൾ തന്നെ ഇല്ലേ ഇവിടെ …..
ഉള്ളിലെ സങ്കടം ഉള്ളിൽ തന്നെ ഒതുക്കി പ്രവീൺ ഏട്ടന്റെ അച്ചനും സമാധാനപ്പെടുത്തി….
അറിയാതെ അച്ചന്റെ ഭാഗത്തു നിന്ന് പറ്റി പോയൊരു കൈഅബത്തം… അത് ഇവർ എല്ലാരും ഷെമിച്ചു…. പക്ഷെ..
പ്രണവ് ഏട്ടൻ…
എന്റെ നാവിൽ നിന്നും ആ പേര് കേട്ടപ്പോൾ മൂന്ന് പേരുടെ മുഖത്തും നിരാശ പടർന്നു…
തത്കാലം ഒന്നും അവൻ അറിയണ്ടാ…
പ്രണവ് ഏട്ടന്റെ അച്ഛൻ അവസാനം പറഞ്ഞപ്പോഴും എന്റെ മനസിലെ ഭയം കൂടി വന്നു…
അന്ന് രാത്രി വരെ അത് മാത്രം ആയിരുന്നു എന്റെ മനസ്സിൽ …. അച്ഛൻ അറിഞ്ഞു കൊണ്ട് ഒരു തെറ്റും ചെയ്ത്തിട്ടില്ല…..ആർക്കും ഒരു ദോഷം വരണം എന്ന് ഞാനും ആഗ്രഹിച്ചിട്ടില്ല…
എന്നാലും ഇത് ഒന്നും പ്രണവ് ഏട്ടനോട് പറയാൻ ഞാൻ മടിക്കുന്നു….
ആ സ്നേഹം വീണ്ടും എനിക്ക് നഷ്ടമാവും എന്നാ ഭയം ആണോ….അവസാനം ഓരോ ചിന്തയ്ക്കും വിരാമം ഇട്ടു കൊണ്ട് ഞാൻ മുറിയില്ലേക്ക് പോയി….
മുറിയിൽ ചെന്നപ്പോൾ ഒഴിഞ്ഞു കിടക്കുക ആയിരുന്നു അവിടം….
പെട്ടന്ന് ആണ് പിന്നിൽ നിന്നു രണ്ടു കൈകൾ എന്നിൽ പിടിത്തം ഇട്ടത്…. ഒന്ന് ഞെട്ടി എങ്കിലും അത് ആരുടെ കരങ്ങൾ ആണ് എന്ന് അറിഞ്ഞപ്പോൾ ഞാനും അങ്ങനെ തന്നെ നിന്നു…..
പതിയെ പ്രണവ് ഏട്ടൻ തന്നെ എന്നെ തിരിച്ചു നിർത്തി… ഒന്നും പറഞ്ഞില്ലെങ്കിലും പിന്നെ എനിക്ക് നൽകിയ ഓരോ ചുംബനത്തിനും ഒരായിരം സ്നേഹം ഉണ്ടായിരുന്നു…..
എല്ലാം മറക്കണം എന്ന് ആഗ്രഹമുണ്ട് എങ്കിലും എനിക്ക് കഴിഞ്ഞില്ല…… ഏട്ടനോട് ഒന്നും ഞാൻ പ്രതികരിക്കുന്നില്ലാ എന്ന് അറിഞ്ഞത് കൊണ്ട് ആവാം എന്നിൽ നിന്നും അല്പം മാറി….
എന്റെ മുഖത്തു തന്നെ ആ കണ്ണുകൾ സ്ഥാനം പിടിച്ചു…
എന്താ നിന്റെ മുഖം വാടി ഇരിക്കുന്നത്…..
നീ കരഞ്ഞോ…
സംശയത്തോടെ ചോദിച്ചപ്പോൾ കഴിയുന്നതും ചിരിച്ചു കൊണ്ട് തന്നെ ഞാനും മറുപടി നൽകി…
ഏഹ്… അല്ല…. വരുന്ന വഴിക്ക് കണ്ണിൽ എന്തോ വീണതാ….
കണ്ണ് തുടച്ചു കൊണ്ട് ഞാൻ പറഞ്ഞു…
എന്നാൽ അതിനു എനിക്ക് മറുപടി ആയി ആ ചുണ്ടുകൾ എന്റെ രണ്ടു കണ്ണിലും മുത്തം ഇട്ടു….
ഒന്നും പറയാതെ ഞാൻ ആ നെഞ്ചിൽ വീണു……
മനസ്സ് കലങ്ങി മറിയുക ആയിരുന്നു എങ്കിലും ഒന്ന് മാത്രം ഞാൻ അപ്പോൾ തീരുമാനിച്ചു.. ഈ സ്നേഹം ഒന്നിന്റെ പേരിലും നഷ്ടപ്പെടുത്താൻ എനിക്ക് വയ്യാ…..
നമ്മുക്ക് ഒരു സ്ഥലം വരെ പോകാം….
ആ വാക്കുകൾ കേട്ടപ്പോൾ തല ഉയർത്തി ചോദിച്ചു…
ഇപ്പോഴോ…
ഏട്ടൻ അതെ എന്ന് രീതിയിൽ തലയാട്ടി….
നേരം ഇത്രെയും ആയില്ലേ…. ഈ രാത്രി…
രാത്രി ആയത് കൊണ്ട് എന്താ….
ഏട്ടൻ തിരിച്ചു ചോദിച്ചു…. എന്തെങ്കിലും തീരുമാനിച്ചു കഴിഞ്ഞാൽ പിന്നെ എന്ത് പറഞ്ഞാലും മാറില്ല എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് ഞാനും സമ്മതിച്ചു…
ഡ്രസ്സ് ഒന്നും മാറ്റണ്ടാ ഇത് മതി… വാ..
എന്റെ കൈയും പിടിച്ചു റൂം അടച്ചു താഴേക്കു ഇറങ്ങി…
ആരോടും പറയണ്ടേ…
എന്റെ ചോദ്യം കേട്ടപ്പോൾ എന്റെ മുഖത്തു ഒരുമാതിരി നോക്കി…
നീ എന്റെ ആരാ…
ഏഹ്…
എന്റെ ആരാ എന്ന്…
ഭാര്യാ…
ആണല്ലോ… അപ്പോൾ എന്റെ കൂടെ എവിടെ എങ്കിലും പോകാൻ ആരോടും സമ്മതം ചോദിക്കണ്ടാ… വാ
വീണ്ടും എന്റെ കൈ പിടിച്ചു ഇറങ്ങാൻ തുടങ്ങുന്നതിന് മുമ്പ് ഏട്ടന്റെ കാറിന്റെ താക്കോലിന് പകരം ഋഷിയുടെ ബൈക്കിന്റെ താക്കോൽ എടുത്തു പുറത്ത ഇറങ്ങി…
ശരീരത്തിൽ തട്ടി പോകുന്ന കാറ്റിൽ പ്രണവ് ഏട്ടനെ കെട്ടി പിടിച്ചു ബൈക്കിന്റെ പിന്നിൽ ഇരുന്നപ്പോൾ എല്ലാം മറന്നു നമ്മുടേത് മാത്രം ആയ ഈ നിമിഷം ഞാൻ ആസ്വദിച്ചു തുടങ്ങിയിരുന്നു…
കുറച്ച് നേരത്തെ യാത്രയ്ക്ക് ശേഷം ബൈക്ക് നിന്നു….
ഞാൻ ബൈക്കിൽ നിന്നും ഇറങ്ങി എവിടെ ആണ് എത്തിയത് എന്ന് നോക്കിയപ്പോൾ ഞാൻ ദയനീയപൂർവ്വം ഏട്ടനെ നോക്കി….
ഈ നഗരത്തിൽ എത്രെയോ ശാന്തസുന്ദരം ആയ സ്ഥലം ഉണ്ടായിട്ടും അവിടെ ഒന്നും പോവാതെ ഇവിടെ….
പ്രണവ് ഏട്ടൻ വല്ല ഫയൽ എടുക്കാൻ മറന്നോ…
അത് എന്താ അങ്ങനെ ചോദിച്ചേ….
ഒന്നില്ല… ഈ നട്ടപ്പാതി രാത്രി വീട്ടിൽ നിന്നും എന്നെ വിളിച്ചു കൊണ്ട് കമ്പനിയിൽ വന്നത് കൊണ്ട് ചോദിച്ചതാ….
മറുപടി ആയി ഒന്ന് ചിരിക്കുക മാത്രം ചെയ്തു… എന്നാൽ ആ ചിരി ഒരു വശത്തേക്ക് നോക്കിയപ്പോൾ മാറി…
ഞാനും ആ വശത്തേക്ക് നോക്കിയപ്പോൾ വലിയ തെറ്റ് ഒന്നും കണ്ടില്ല….. രാത്രി ആരായാലും ഉറങ്ങി പോകും….
ആ സെക്യൂരിറ്റിയും ഞങ്ങൾ വന്നത് ഒന്നും അറിയാതെ സുഖ ഉറക്കം….
ശമ്പളവും വാങ്ങിച്ചു കിടന്ന് ഉറങ്ങുന്നത് നോക്ക്..
അയാളെ നോക്കി കടുപ്പിച്ചു ഏട്ടൻ പറഞ്ഞു…
ഈ രാത്രി ഇവിടെ വന്നത് ആ പാവത്തിന്റെ ജോലി കളയാൻ ആണോ…
അല്ല… നീ വാ…
പിന്നെ ഒന്നും പറയാതെ എന്റെ കൈയിൽ പിടിച്ചു പ്രണവ് ഏട്ടൻ അകത്തു പോയി… അപ്പോഴും വാ തുറന്നു ആ സെക്യൂരിറ്റി സുഖ ഉറക്കം…
ഞാൻ മുകളിൽ വരുന്നില്ല… ഏട്ടൻ എന്താ മറുന്നത് എന്ന് നോക്കി എടുത്തു കൊണ്ട് വാ…
ഞാൻ എന്താ ഈ രാത്രി നിനെയും കൂട്ടി ഇവിടെ ഫയൽ എടുക്കാൻ വന്നത് ആണ് എന്നാണോ വിചാരിച്ചിരിക്കുന്നെ….
ഞാൻ അതെ എന്ന് രീതിയിൽ തലയാട്ടിയപ്പോൾ തന്നെ വായിൽ നിന്നും ഒരു കോട്ടുവായും വന്നു…
വാ…
ഞാൻ പറഞ്ഞത് ഒന്നും കേൾക്കാതെ എന്നെയും കൂട്ടി മുകളിലേക്ക് പോയി….
പക്ഷെ പ്രണവ് ഏട്ടന്റെ ക്യാബിനിൽ അല്ലായിരുന്നു….
ഏറ്റവും മുകളിൽ ആയിരുന്നു പോയത്…
എന്തിനാ ഇവിടെ വന്നത്…
മറുപടി ആയി ടെറസിലേക്ക് ഉള്ള വാതിൽ ഏട്ടൻ തുറന്നു….ഞാൻ അവിടേക്ക് പോയി… പിന്നാലെ പ്രണവ് ഏട്ടനും…
പക്ഷെ ചുറ്റിലും ഉള്ള കാഴ്ച മനസ്സിൽ ഒരു സന്തോഷം ഉണ്ടാക്കി…. വലിയ കമ്പനി കെട്ടിടത്തിന്റെ മുകളിൽ രാത്രി വിളക്കുകൾ കത്തി കിടക്കുന്ന ആ നഗര കാഴ്ച വ്യക്തമായി കാണാൻ കഴിഞ്ഞു….
നല്ല നിലവിൽ ആ കാഴ്ച ഒന്ന് കൂടി മനോഹരതയായി… എല്ലാം കണ്ടും ആസ്വദിച്ചു നിന്നപ്പോൾ ആണ് തോളിൽ ഒരു നിശ്വാസം തട്ടിയത്…
നല്ല ഭംഗി അല്ലേ…
ആ കാഴ്ച നോക്കി ഞാൻ പറഞ്ഞപ്പോൾ എന്നെ നോക്കി ഏട്ടൻ പറഞ്ഞു…
ഒരുപാട്..
അപ്പോൾ എന്റെ കണ്ണിലും ഒരു നാണം വിരിഞ്ഞു… വീണ്ടും ആ കാഴ്ച്ചയിൽ എന്റെ കണ്ണ് തിരിഞ്ഞു…
കാറ്റു വീശിയപ്പോൾ പറന്നു കിടക്കുന്ന മുടി ഒരിക്കൽ കൂടി ഞാൻ ഒതുക്കി…. എല്ലാം വീക്ഷിച്ചു കൊണ്ട് പ്രണവ് ഏട്ടനും…
വീണ്ടും കാറ്റു വില്ലൻ ആയപ്പോൾ മുടി വാരി കെട്ടാൻ തുടങ്ങിയതും…
വേണ്ടാ..
എന്റെ കൈയിൽ പിടിച്ചു ഏട്ടൻ പറഞ്ഞു…
പറന്ന് കിടക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട്…
ഞാൻ അറിയാതെ ചിരിച്ചു…
എന്തേ ചിരിക്കൂന്നേ…
എന്റെ അടുത്തേക്ക് വന്നു ചോദിച്ചു…
മുമ്പ് എന്റെ മുടി കണ്ടു എന്നെ ദേഷ്യത്തിൽ യക്ഷി എന്ന് വിളിച്ച അതെ ആളുടെ നാവിൽ നിന്നും ഇപ്പോൾ മാറ്റി പറഞ്ഞത് കേട്ടു ചിരിച്ചതാ…
ഏട്ടനും ചിരിച്ചു…
പിനീടും കാറ്റ് അടിച്ചപ്പോൾ എന്റെ മുടി ഒതുക്കി തന്നത് ഏട്ടൻ ആയിരുന്നു….
കുറച്ച് നേരം നിന്നതിനു ശേഷം അവിടെ നടുക്കായി ഞങ്ങൾ രണ്ടാളും പോയി ഇരുന്നു…
ഗായത്രി..
മ്മ…
ഒരു കാര്യം ചോദിക്കട്ടെ…
എന്താ..
എന്നെ ആദ്യം കണ്ടപ്പോൾ എന്നെ കുറിച്ച് നിനക്ക് എന്താ തോന്നിയത്…
മുരടൻ..
ഒട്ടും ചിന്തിക്കേണ്ടി വന്നില്ല ആ ഉത്തരം എന്റെ നാവിൽ നിന്നും വരാൻ…
അത് കേട്ടപ്പോൾ ആദ്യം ഒന്ന് ഞെട്ടി എങ്കിലും പിന്നെ ചിരിച്ചു…
എന്നെ കണ്ടപ്പോഴൊ..
ഞാൻ തിരിച്ചും ചോദിച്ചു
മണ്ടി…
ചിരിച്ചു കൊണ്ട് ഏട്ടനും ഉത്തരം പറഞ്ഞു… ഒപ്പം ഞാനും…
പിന്നെ കുറച്ച് നിമിഷം നമ്മുക്ക് ഇടയിൽ മൗനം ആയിരുന്നു…
അധികം വയ്ക്കാതെ തന്നെ എന്നെ ആ നെഞ്ചോടു ചേർത്ത് ഇരുത്തി…
നിന്റെ ചെറിയമ്മ വില്ലത്തി ആണ് എങ്കിലും അവരു കാരണം അല്ലേ നമ്മുടെ കല്യാണം നടന്നത്…..
ഏട്ടന്റെ ഓരോ വാക്കുകളും എന്റെ ചിന്തകൾ പിന്നിലോട്ട് സഞ്ചിരിപ്പിച്ചു….
സ്വാതിയുടെ പേരും പറഞ്ഞു എന്നെ അവർ ഒരു ഗോഡൗണിലേക്ക് വിളിച്ചു വരുത്തിയതും… ഒപ്പം പ്രണവ് ഏട്ടൻ വന്നതും….. ഒടുവിൽ ഈ താലി എന്റെ കഴുത്തിൽ വീണതും….
എന്താ ആലോചിക്കുന്നേ…
ചിന്തകളിൽ നിന്ന് ഉയർത്തിയത് പ്രണവ് ഏട്ടന്റെ ചോദ്യം ആയിരുന്നു…
പണ്ടത്തെ കാര്യങ്ങൾ ഒക്കെ തന്നെ…
അന്ന്… ആ ഗോഡൗണിൽ ഞാനും കൂടെ നിന്റെ കൂടെ വന്നില്ലായിരുന്നു എങ്കിൽ..
തനിയെ പോകുമായിരുന്നു..
ഏട്ടൻ എന്റെ മുഖത്തു നോക്കിയപ്പോൾ വീണ്ടും പുഞ്ചിരിച്ചു കൊണ്ട് ഞാൻ തുടർന്നു…
നോക്കണ്ടാ… എന്തൊക്കെ അപ്പോൾ സംഭവിച്ചിരുന്നു എങ്കിലും ആ സുധിയെ ഞാൻ കെട്ടില്ലായിരുന്നു….
അല്ല… ആ സമയത്ത് ഞാനും മോശമായിട്ടൊക്കെ അല്ലേ നിന്നോട് പെരുമാറിയത്… പിന്നെ എന്താ എന്നെ കല്യാണം കഴിക്കാൻ സമ്മതിച്ചത്…
അറിയില്ല…
എവിടേയോ നോക്കി ഞാൻ ആ ഉത്തരം പറഞ്ഞു..
എന്താ..
അറിയില്ല…
ഇപ്രാവശ്യം ഏട്ടന്റെ മുഖത്തു നോക്കി പറഞ്ഞു..
സത്യം പറ… നിനക്ക് എന്നെ പണ്ടേ ഇഷ്ടമായിരുന്നില്ലേ…
ഒരു കള്ള ചിരിയോടു കൂടി ആ ചോദ്യം വന്നു…
അയ്യടാ… മുഖത്തു നോക്കെനേ പേടി ആയിരുന്നു… അപ്പോൾ അല്ലേ പ്രേമം…
ഇപ്പോൾ പേടി ഇല്ലേ…
വീണ്ടും ചിരിച്ചു കൊണ്ട് ചോദിച്ചപ്പോൾ ഇല്ലാ എന്ന് തലയാട്ടി..
ഒട്ടും ഇല്ലേ…
വീണ്ടും മുഖം അടുപ്പിച്ചു ചോദിച്ചപ്പോൾ പറഞ്ഞു…
കുറച്ചൊക്കെ…
ആ ഉത്തരം ആ മുഖത്തു ഒരു സങ്കടം ഉണ്ടാക്കി…
വീണ്ടും എന്റെ കണ്ണിൽ നോക്കിയതിന് ശേഷം ആ കൈ കൊണ്ട് എന്റെ കവിളിൽ തലോടി…
മുരടൻ ആണ് എന്ന് പറഞ്ഞതിൽ തെറ്റ് ഒന്നുമില്ല അല്ലേ…. നമ്മൾ ആദ്യം കണ്ടത് തന്നെ…….
ബാക്കി പ്രണവ് ഏട്ടൻ പറഞ്ഞില്ല….പകരം ആ കണ്ണുകൾ എന്റെ കവിളിൽ സഞ്ചരിച്ചു… . ആദ്യമായി കണ്ടപ്പോൾ തന്നെ എന്നെ തല്ലിയ കാര്യം ആ മനസ്സിൽ കടന്നു പോയി കൊണ്ട് ഇരിക്കുന്നത് എന്ന് മനസിലായി…
സോറി പറഞ്ഞു ഒരു ഉമ്മയും തന്നപ്പോൾ നീ അത് എല്ലാം മറന്നു… എങ്കിലും……
എങ്കിലും ??…
ഏട്ടൻ ചുറ്റിലും ഒന്ന് നോക്കി….
ഇവിടെ ഇപ്പോൾ ആരുമില്ലലോ….
അതിനു..
വേണേൽ ഒന്ന് തിരിച്ചു തല്ലിക്കോ…
ആ മറുപടി ഞാൻ ഒട്ടും പ്രദീക്ഷിച്ചില്ല… ആരുടെ മുമ്പിലും താഴ്ന്നു കൊടുക്കാത്ത ആൾ എന്റെ മുമ്പിൽ ഇരുന്നു ഇങ്ങനെ പറയുന്നത്…
ആർക്കും കൊടുക്കാത്ത ഓഫർ ആണ്… തല്ലുന്നെങ്കിൽ ഇപ്പോൾ തല്ലിക്കൊ…
എന്ന് പറഞ്ഞു എന്റെ മുമ്പിൽ കവിൾ കാട്ടി…
ഒന്ന് ചിന്തിച്ചു എങ്കിലും കൊടുക്കാൻ ഞാനും തീരുമാനിച്ചു….. ആ കവിളിൽ അത് പതിഞ്ഞു…
എന്റെ കൈക്ക് പകരം ചുണ്ടുകൾ ആണ് പതിഞ്ഞത് എന്ന് മാത്രം…
വീണ്ടും ഏട്ടൻ ചിരിച്ചു കൊണ്ട് നോക്കിയപ്പോൾ നാണത്തോടെ ഞാൻ തല താഴ്ത്തി…
ഇങ്ങനെ ആണേൽ എത്ര വേണമെങ്കിലും തല്ലിക്കൊ….
മുഖം അടുപ്പിച്ചു കൊണ്ട് പറഞ്ഞപ്പോൾ ഞാനും ആ കണ്ണിൽ നോക്കി… ആ കണ്ണുകൾ എന്നിലും…
പോകണ്ടേ…
ഇപ്പോഴേ ??….
പിന്നെ..
നാളെ രാവിലെ പോകാം…
അത് വരെ…
എന്റെ ചോദ്യത്തിന് ഉത്തരമായി ഒരു പുഞ്ചിരി ആ മുഖത്തു വിരിഞ്ഞു….. പിന്നെ എനിക്ക് ഒന്നും ചോദിക്കാൻ കഴിഞ്ഞില്ല കാരണം ആ ചുണ്ടുകൾ എന്നോട് ചേർന്നിരുന്നു…
ദിവസങ്ങൾ കൊഴിയും തോറും ഞാനും പ്രണവ് ഏട്ടനുമായുള്ള പ്രണയവും കൂടി വന്നു….
പക്ഷെ അപ്പോഴും ഭയമായി ആ സത്യം എന്റെ മനസ്സിൽ വന്നു കൊണ്ടേ ഇരുന്നു…
പ്രിയയുടെ കാര്യം ഏട്ടൻ പറയുമ്പോഴും എന്റെ ഹൃദയം തുടിച്ചു കൊണ്ട് ഇരുന്നു….
എല്ലാം പറയണം എന്ന് ചിലപ്പോൾ തോന്നും എങ്കിലും പ്രണവ് ഏട്ടന്റെ സാമിപ്യം അറിയുമ്പോൾ തന്നെ ഒന്നും പറയാൻ ആവാതെ ഞാൻ നിക്കും….
മോളെ ഗായത്രി അല്പം പഞ്ചാര ഇങ്ങു എടുത്തേ… ഈ ചായക്ക് മധുരം ഇല്ലാ..
കൊടുക്കണ്ടാ മോളെ.. അമ്മയ്‌ക്ക ഇപ്പോൾ തന്നെ ഹൈ ഷുഗർ ആണ്…
അമ്മ എന്നോടായി പറഞ്ഞു..
ഓഹ് അതിനു ഇപ്പോൾ എന്താ എന്നായാലും ഒരു ദിവസം അങ്ങ് പോകും… അതിനു മുമ്പ് എല്ലാം കഴിച്ചു കൊണ്ട് പോകുന്നത് അല്ലേ നല്ലത്…
കുറച്ച് കൊടുത്താൽ മതി..
എന്ന് അമ്മ എന്റെ ചെവിയിൽ പറഞ്ഞതിന് ശേഷം പോയി..
ഞാൻ പഞ്ചാരയും ആയി അമ്മുമ്മയുടെ അടുത്തേക്ക് പോയി…
ഓഹ്.. ഇപ്പോൾ പത്രം ഒന്നും വായിക്കാൻ പറ്റാത്ത അവസ്ഥ ആണ്… പീഡനവും ഒളിച്ച ഓട്ടവും…
ചായയിൽ പഞ്ചാര ഇടുമ്പോൾ എന്റെ കണ്ണും പാത്രത്തിലേക്ക് പോയി…
ഓൺലൈൻ വഴി കണ്ടുമുട്ടിയ ചെറുപ്പക്കാരനും ആയി വീട്ടമ്മ ഒളിച്ച ഓടി പോയി…
കലി കാലം അല്ലാതെ എന്ത് പറയാൻ..
എന്ന് പറഞ്ഞു അമ്മുമ്മ പത്രം അടച്ചു വച്ചു…
പഴയ കാലം ആയിരുന്നു എങ്കിൽ ഇത് ഒന്നും നടക്കില്ല ആയിരുന്നു…. ഇപ്പോഴത്തെ ചില കുട്ടികൾക്കൊക്കെ മനസ്സ് തുറന്നു സംസാരിക്കാൻ പോലും അറിയില്ല…
ഞാൻ അമ്മുമ്മയുടെ അടുത്തായി ഇരുന്നു…. ആ സംസാരം തുടർന്നു…
എല്ലാ കുടുംബത്തിലും പറഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഉണ്ടാവു…പറഞ്ഞിട്ട് എന്താ തുറന്നു സംസാരിക്കാൻ രണ്ടു കൂട്ടരും മടിക്കും…
ചിലപ്പോൾ എല്ലാം തുറന്നു സംസാരിച്ചാൽ പ്രശ്നങ്ങളുടെ അവസാനം അല്ല മറിച്ചു തുടക്കം ആണ് സൃഷ്ടിക്കുന്നത് എങ്കിലോ…
എന്റെ മനസ്സിൽ പുകഞ്ഞു കൊണ്ട് നിക്കുന്ന കാര്യങ്ങൾ ആലോചിച്ചപ്പോൾ അങ്ങനെ ഒരു ചോദ്യം എന്റെ നാവിൽ നിന്നും വന്നു…
മോളെ… ഒളിച്ചുവഴക്കുമ്പോൾ അല്ല മറിച്ചു തുറന്നു പറയുനടത്തു ആണ് ദാമ്പത്യത്തിന്റെ വിജയം ഇരിക്കുന്നത്….
പിന്നെ അത് കൊണ്ട് വല്ല പ്രശ്നവും ഉണ്ടായാൽ തന്നെ സ്നേഹം എന്ന് പരിഹാരം കൊണ്ട് ആ പ്രശ്നം നമ്മുക്ക് മറികടക്കാം എന്നേ ഉള്ളു…
ഒരു പുഞ്ചിരിയോടെ അമ്മുമ്മ പറഞ്ഞു തീർന്നപ്പോൾ എന്റെ മനസ്സും എന്തൊകെയോ തീരുമാനിച്ചിരുന്നു….
നീ എന്താ ഗായത്രി ഒന്നും കഴിക്കാത്തത്..
അമ്മ ചോദിച്ചപ്പോൾ വിശപ്പില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു…..
ശരിക്കും എല്ലാം പ്രണവ് ഏട്ടനോട് പറയണോ വേണ്ടയോ എന്ന് ചിന്ത കൊണ്ട് മാത്രം ആണോ എന്ന് അറിയില്ല ആഹാരം ഒന്നും വേണ്ടാ…
റൂമിൽ പോയി ഒന്ന് കിടക്കാൻ തുടങ്ങിയതും എന്തോ… മനംപൊരുട്ടി നേരെ…. വാഷ് ബേസിൽ പോയി ശർദ്ധിച്ചു… ……
അധികം ഒന്നും കഴിച്ചില്ല എന്നിട്ടും എന്ത് കൊണ്ട്….
തല വേദന ആണോ തല കറക്കം ആണോ എന്ന് അറിയാൻ പോലും പറ്റാതെ ഒരു നിമിഷം നിന്നു…
വീഴാതെ ഇരിക്കാൻ വേണ്ടി ഭിത്തിയിൽ പിടിച്ചു….
പക്ഷെ എല്ലാം കൂടെ ആലോചിച്ചപ്പോൾ………………….
ഭിത്തിയിൽ താങ്ങി നിന്ന എന്റെ കൈ പതിയെ എന്റെ വയറ്റിലേക്ക് നീങ്ങി…..
സംശയം ഒരിക്കൽ കൂടി സ്ഥിതികരിക്കാൻ വേണ്ടി രോഹിണി ചേച്ചിയുടെ മുറിയിൽ ഞാൻ എപ്പോഴോ മുമ്പ് കണ്ട പ്രെഗ്നൻസി ടെസ്റ്റ് കിറ്റ് ചേച്ചി അറിയാതെ എടുത്തു..
പ്രണയത്തിന്റെ തീവൃത കൂടിയ പല സന്ദർഭങ്ങളിലും ഇപ്പോൾ കുട്ടികൾ വേണ്ടാ എന്ന് തീരുമാനം തിരുത്തി കൊണ്ട് പ്രണവ് ഏട്ടന്റെ ജീവന്റെ തുടിപ്പ് എന്റെ വയറ്റിൽ വളരുന്ന സത്യം ഞാൻ അറിഞ്ഞു…..
എല്ലാം പ്രണവ് ഏട്ടനോട് തുറന്നു പറയാൻ തീരുമാനിച്ച ഈ ദിവസം തന്നെ ഈ വാർത്ത….. പക്ഷെ എന്നാലും ഇന്ന് തന്നെ എല്ലാം പ്രണവ് ഏട്ടനോട് പറയാൻ ഞാൻ തീരുമാനിച്ചു…
പ്രിയയുടെ കാര്യവും… ഒപ്പം ഒരു അച്ഛൻ ആകാൻ പോകുന്ന വാർത്തയും…
ആദ്യം പ്രണവ് ഏട്ടൻ തന്നെ ഈ വാർത്ത അറിയണം എന്ന് എനിക്ക് തോന്നി.. അതു കൊണ്ട് തന്നെ മറ്റൊരോടും ഞാൻ പറഞ്ഞില്ല… മുറിയിൽ തന്നെ ഓരോന്നും ആലോചിച്ചു കൊണ്ട് ഇരുന്നു….
ആ ഇരുപ്പിൽ എപ്പോഴോ അടഞ്ഞു പോയ മിഴികൾ തുറന്നത് പ്രണവ് ഏട്ടന്റെ ശബ്‌ദം കേട്ട് ആയിരുന്നു…
പക്ഷെ…
ഞാൻ പെട്ടന്നു താഴേക്കു ചെന്നു…
നോക്കിയപ്പോൾ പ്രണവ് ഏട്ടന് ചുറ്റും എല്ലാരും ഒന്നും മിണ്ടാതെ കുറ്റവാളികളെ പോലെ നിക്കുന്നു… അപ്പോഴും എന്നെ ഏറ്റവും ഭയപെടുത്തിയത് ആ നിന്നിരുന്നത് എന്റെ പ്രണവ് ഏട്ടൻ ആയിരുന്നില്ല എന്ന് തോന്നി പോയി….. ആ പഴയ പ്രണവ് ആയിരുന്നു അപ്പോൾ അവിടെ….
എല്ലാർക്കും എല്ലാം അറിയാമായിരുന്നു… ഞാൻ മാത്രം….
സങ്കടവും ഒപ്പം അതിലേറെ ദേഷ്യത്തോടെ ആയിരുന്നു ആ സ്വരം…
പെട്ടന്ന് ആണ് ആ കണ്ണുകൾ മാറി നിക്കുന്ന എന്നിലേക്ക് വീണത്… ആ കണ്ണുകളിൽ പല ഭാവവും വന്നു…. എന്റെ അടുത്തേക്ക് വരാൻ തുടങ്ങിയതും..
പ്രണവ് വേണ്ടാ..
പ്രവീൺ ഏട്ടൻ തടഞ്ഞു എങ്കിലും അത് ഒന്നും വക വയ്ക്കാതെ ഏട്ടൻ എന്റെ അടുത്തേക്ക് വന്നു…
എന്റെ കണ്ണിൽ നോക്കി….. പതിയെ ആ മിഴികൾ അടഞ്ഞു…. സ്വയം നിയന്ത്രിക്കുന്നത് പോലെ….
എന്റെ മാനസിക അവസ്ഥ എന്താണ് എന്ന് പോലും എനിക്ക് അറിയില്ല…
ഒരു ചോദ്യത്തിന് മാത്രം ഉത്തരം പറഞ്ഞാൽ മതി….
ഗൗരവത്തോടെ ആ സ്വരം എന്റെ നേർക്ക് വീണു…
പ്രിയ മരിച്ചത് നിന്റെ അച്ഛന്റെ വണ്ടി ഇടിച്ചിട്ടാണ് എന്ന് സത്യം നിനക്ക് നേരത്തെ അറിയാമായിരുന്നോ….
പ്രണവ് ഏട്ടാ ഞാൻ…
വേണ്ടാ… ഞാൻ ചോദിച്ചതിന് മാത്രം ഉത്തരം അറിഞ്ഞാൽ മതി… നിനക്ക് നേരത്തെ എല്ലാം അറിയാമായിരുന്നോ ഇല്ലയോ…
മറുപടി പറയാതെ ഞാൻ നിന്നു…
ഗായത്രി…
എന്റെ മൗനം ഇഷ്ടപ്പെടാതെ തറപ്പിച്ചു വിളിച്ചു…
പറയ്… അറിയാമായിരുന്നോ എല്ലാം നിനക്ക്…
എൻ്റെ കൈകളെ രണ്ടു വശം മുറുകെ പിടിച്ചു ചോദിച്ചപ്പോൾ എന്റെ നാവിൽ നിന്നും ഉത്തരം വന്നു…
അറിയാമായിരുന്നു…
ആ ഉത്തരം കേട്ടതും പതിയെ ആ പിടി അഴിഞ്ഞു വന്നു…
ഞാൻ എല്ലാം..
മതി…
ആ കണ്ണിൽ ഞാൻ കണ്ടത് വേദന ആയിരുന്നു…
പിന്നെ ഒരു വാക്ക് പോലും പറയാതെ പ്രണവ് ഏട്ടൻ പുറത്ത പോകാൻ തുടങ്ങിയതും അമ്മ തടഞ്ഞു..
നീ എങ്ങോട്ടാ പോവുന്നെ…
കരഞ്ഞു കൊണ്ട് അമ്മ ചോദിച്ചപ്പോൾ അമ്മയുടെ കൈകൾ മാറ്റി കൊണ്ട് ഏട്ടൻ പറഞ്ഞു..
എങ്ങോട്ടായാലും ഇവിടെ ആർക്കും ഒരു നഷ്ടവും വരാൻ പോവുന്നില്ലലോ….
എന്റെ മുഖത്തേക്ക് നോക്കി…
ആർക്കും…
അത്രെയും പറഞ്ഞു പ്രണവ് ഏട്ടൻ വീടിനു പുറത്ത പോയി….
ഞാൻ പിന്നാലെ വിളിച്ചു എങ്കിലും ഒന്നും കേൾക്കാതെ പോയി…
ഒരു അച്ഛൻ ആവാൻ പോകുന്ന സത്യം പോലും കേൾക്കാതെ…
************************************************
(തുടരും.. )
ജീവാംശമായി തുടർകഥകൾ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി ക്ലിക്കുചെയ്യുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission