മാധുരി ……..!
ശബരിയുടെ തളർന്നു കിടന്ന ശരീരത്തിലെവിടെയോ ഒരു പ്രകമ്പനം കൊണ്ടു ..
വാതിലിനു നേർക്കുള്ള ബെഡിലായിരുന്നു ശബരി …
ഒരൊഴുക്കൻ സാരിയായിരുന്നു അവളുടെ വേഷം …
ക്രച്ചസിൽ വലതു ഭാഗം അവൾ കൂടുതൽ അമർത്തിയിട്ടുണ്ടായിരുന്നു …
അവൾക്കരികിലായി മൂന്നാല് വയസ് തോന്നിക്കുന്ന ഒരു പെൺകുഞ്ഞ് .. തല മൊട്ടയടിച്ചിരുന്നു അവളുടെ .. ഓറഞ്ച് ഫ്രോക്കിനുള്ളിൽ അവളുടെ ശരീരം വല്ലാതെ മെലിഞ്ഞ് കാണപ്പെട്ടു .. തെറ്റിയിലൊരു വട്ടപ്പൊട്ട് തൊട്ടിട്ടുണ്ടായിരുന്നു .. അവളുടെ കുഞ്ഞ് കണ്ണുകൾ അവിടമാകെ വീക്ഷിച്ചു ..
ഭാവവ്യത്യാസങ്ങളൊന്നുമില്ലാതെ മാധുരി ശബരിയെ നോക്കി നിന്നു …
അപ്പോഴേക്കും സുലോചന കൈയിലൊരു പാനുമായി അങ്ങോട്ട് വന്നു ..
ക്രച്ചസ് കുത്തി , പുറം തിരിഞ്ഞു നിൽക്കുന്ന ആ രൂപം അവർക്ക് പരിചിതമായി തോന്നി .. അടുത്ത നിമിഷം അവരൊന്നു നടുങ്ങി …
സുലോചന മാധുരിയെ കടന്ന് ശബരിയുടെ അടുത്ത് വന്നു .. പിന്നെ മാധുരിയെ ഒന്ന് നോക്കി … അവൾ സുലോചനയെ ശ്രദ്ധിച്ചതേയില്ല .. അവളുടെ നോട്ടം ശബരിയിൽ മാത്രമായിരുന്നു ….
അവൻ മുകളിലേക്ക് മിഴിനട്ടു കിടന്നു …
സുലോചന അവന്റെ കവിളിൽ ഒന്ന് തട്ടി … അവന്റെ കൃഷ്ണമണി ചലിച്ചു , സുലോചനയുടെ മുഖത്ത് അവ വന്നു തങ്ങി …
” മാധുരി ….” അവർ ശബ്ദം താഴ്ത്തി പറഞ്ഞു ..
” ക് .. ക്ണ്ടു …..” അവൻ കുഴഞ്ഞ ശബ്ദത്തിൽ പറഞ്ഞു ..
സുലോചന പാൻ വച്ച് കൊടുക്കാൻ ബെഡ്ഷീറ്റ് മാറ്റിയതും മലത്തിന്റെ ഗന്ധം രൂക്ഷമായി വാർഡിൽ പടർന്നു ..
മാധുരിക്ക് ഒപ്പമുണ്ടായിരുന്ന കുട്ടി പെട്ടന്ന് മൂക്ക് പൊത്തിക്കളഞ്ഞു ..
സുലോചന ബെഡ്ഷീറ്റ് മാറ്റിയിട്ട് , പുറത്ത് കാവൽ നിന്ന പോലീസിനോട് ചെന്ന് എന്തോ പറഞ്ഞു …
കുറച്ച് കഴിഞ്ഞപ്പോൾ മുകുന്ദൻ കൂടി അങ്ങോട്ട് വന്നു .. സ്ക്രീൻ വലിച്ചുകൊണ്ട് വച്ചതും , ബക്കറ്റിൽ വെള്ളം കൊണ്ട് വന്ന് മുഴുവൻ തുടച്ച് വൃത്തിയാക്കിയതും സുലോചനയും മുകുന്ദനും കൂടി തന്നെയായിരുന്നു ..
ആ നേരമത്രയും മാധുരി നിർവികാരയായി അത് നോക്കി നിന്നു .. വൃത്തിയാക്കി കഴിഞ്ഞ് , സുലോചനയും മുകുന്ദനും അവളെയൊന്ന് നോക്കി ..
ഇത്തവണ മാധുരി അവരെയും നോക്കി ..
പഴയ അഹങ്കാരമോ , ഗർവ്വോ ഒന്നുമില്ലാതെ വെറുമൊരു പ്രേതം പോലെ രണ്ടാത്മാക്കൾ …
പഴയൊരു രംഗം അവളുടെ കണ്ണുകളിൽ തെളിഞ്ഞു വന്നു …
കാവ്യ മോൾ ജനിച്ച് രണ്ട് മാസം കഴിഞ്ഞപ്പോൾ തന്നോടു പോലും പറയാതെ ബാംഗ്ലൂർ വിട്ട ശബരിയെ തേടി , ആദ്യമായി നാട്ടിൽ വന്നത് …
ഒരു വലിയ മണിമാളികയുടെ ഗേറ്റ് , തന്റെയും കൈകുഞ്ഞിന്റെയും മുന്നിൽ കൊട്ടിയടക്കുമ്പോൾ ആ സ്ത്രീയുടെ കണ്ണിൽ അഹന്തയായിരുന്നു ..
” ആൺ പിള്ളേരായാൽ ചിലപ്പോ ലോഹ്യം കൂടിയെന്നിരിക്കും .. നോക്കീം കണ്ടും നിക്കണമായിരുന്നെടീ നീ .. പിഴച്ച് ഉണ്ടാക്കിയിട്ട് വീട്ടിൽ കേറി വന്നാൽ , എന്റെ മോന്റെ കെട്ടിലമ്മയായി വാഴാമെന്ന് നീ കരുതിയോ .. കാൽക്കാശിന് ഗതിയില്ലാത്ത ദരിദ്രവാസി …..”
അന്ന് ആ സ്ത്രീ , തന്റെ മേൽ തുപ്പിയ അപമാന വർഷങ്ങൾ ഇന്നും അവളുടെ കാതിൽ തീമഴയായി പൊള്ളുന്നുണ്ട്….
പിന്നീട് എത്ര വട്ടം … അവരുടെ അപമാനങ്ങൾ സഹിച്ചു ..
ഇന്നിപ്പോ ആ സുലോചനയില്ല .. ആത്മാവ് നഷ്ടപ്പെട്ട രണ്ട് പ്രേതങ്ങൾ … അതാണ് ഇന്ന് സുലോചനയും മുകുന്ദനും ..
ഒരു പോലീസ് കോൺസ്റ്റബിൾ അകത്തേക്ക് വന്നു …
” എല്ലാവരും കൂടി ഇവിടെയിങ്ങനെ നിൽക്കാൻ പറ്റില്ല .. ഇത് പോലീസ് കസ്റ്റഡിയിലുള്ള പ്രതിയാണ് ….” അയാൾ പറഞ്ഞു ..
” സർ .. ഞാൻ DySP യിൽ നിന്ന് പെർമിഷൻ വാങ്ങിയിരുന്നു .. ” മാധുരി പറഞ്ഞു ..
” ങും …… കാര്യങ്ങളൊക്കെ കഴിഞ്ഞില്ലേ ..നിങ്ങൾ രണ്ടും ഒന്ന് വെളിയിൽ നില്ല് … ” കോൺസ്റ്റബിൾ മുകുന്ദനെയും സുലോചനയെയും നോക്കി പറഞ്ഞു …
മാധുരിയെ ഒന്ന് നോക്കിയിട്ട് അവർ പുറത്തേക്ക് നടന്നു …
സുലോചനയുടെ കണ്ണുകൾ അറിയാതെ കാവ്യ മോളുടെ നേർക്ക് നീണ്ടു .. അവരുടെ കണ്ണിൽ നനവ് പടർന്നു …
ക്രച്ചസിൽ താങ്ങി , മാധുരി ശബരിയുടെ അടുത്തേക്ക് വന്നു … പിന്നെ വളരെ ശ്രദ്ധിച്ച് കൈ കുത്തി ആ ബെഡിന്റെ ഒരറ്റത്തേക്കിരുന്നു … അവൾ ക്രച്ചസ് ബെഡിലേക്ക് ചാരി വച്ചു …
ശബരിയുടെ കണ്ണുകൾ അവളുടെ കിതക്കുന്ന ദേഹത്തിലായിരുന്നു .. അവനവളെ ആദ്യമായി കാണും പോലെ നോക്കി …
പിന്നിലേക്ക് ഒതുക്കി ക്ലിപ്പ് ചെയ്ത മുടിക്കിടയിലൂടെ അവളുടെ വെളുത്ത കഴുത്തിലെ ആ കറുത്ത മറുക് തെളിഞ്ഞു കാണാമായിരുന്നു …
ഭൂതകാലത്തിലെ ഒരു പുലരിയിലേക്ക് ആ മറുക് അവനെ കൂട്ടിക്കൊണ്ടു പോയി ..
” മധൂ…. ഇന്നെന്തേ എന്നെ വിളിച്ചുണർത്താഞ്ഞേ .. ഞാനെപ്പോഴെ നോക്കിയിരിക്കുവാ ……”
” ഒട്ടും വയ്യ ശബരി .. തൊണ്ടവേദന , പനിയുടെ ലക്ഷണമൊക്കെയുണ്ട് … ഞാനുണർന്നേയുള്ളു …. ” അവൾ പുതപ്പിനുള്ളിലേക്ക് കൂടുതൽ കുറുകിക്കൊണ്ട് പറഞ്ഞു ..
” ശ്ശെ… എന്നാലത് എന്നെ വിളിച്ചു പറയണ്ടേ … ഞാനങ്ങോട്ട് വരാം ….”
” അയ്യോ .. ഇങ്ങോട്ടോ .. വേണ്ട ശബരി .. അത് ശരിയാവില്ല .. എനിക്ക് പേടിയാ …” അവളുടെ ശബ്ദം നേർത്തു ..
” മധൂ …. ഞാൻ നിന്റെ ലവർ മാത്രമല്ല … ഒരു ഡോക്ടർ കൂടിയാ .. ഞാനിപ്പോ വരുന്നത് വെറുമൊരു ഡോക്ടറായിട്ടാണ് … ” അവൻ പറഞ്ഞു ..
” ഉറപ്പാണോ ….” അവൾ ചോദിച്ചു ..
” അതേ ….”
” പറ്റിക്കരുത് ……”
” ഇല്ല ……. വാക്ക് …”
പിന്നെ വൈകിയില്ല .. പറന്നെത്തി അവളുടെ ഫ്ലാറ്റിൽ ..
പുതപ്പിനുള്ളിൽ ചുരുണ്ടു കൂടിയിരുന്ന മാധുരിയെ നിർബന്ധിച്ച് ബാത്ത് റൂമിൽ പറഞ്ഞു വിട്ടു ഫ്രഷാകാൻ… അവൾ വരുമ്പോൾ ആവി പറക്കുന്ന കോഫിയും , ഒപ്പം പർസൽ വാങ്ങിക്കൊണ്ട് വന്ന ദോശയും റെഡിയായിരുന്നു ..
അവളെയത് കഴിപ്പിച്ച് , നിർബന്ധിച്ച് മരുന്നു കൊടുത്തു , ബെഡിൽ കൊണ്ടിരുത്തി …
അവൾ തന്റെ കണ്ണിലേക്ക് നോക്കി .. താനും ….
അതുവരെയുണ്ടായിരുന്ന ഡോക്ടർ പേഷ്യന്റിൽ നിന്ന് കാമുകി കാമുകന്മാരാകാൻ ആ ഒരു ചെറു നോട്ടം മാത്രം മതിയായിരുന്നു ..
” താങ്ക്സ് ശബരി …..” അവൾ പറഞ്ഞു ..
” താങ്ക്സ് എനിക്ക് വേണ്ട ….”
” പിന്നെ ……” അവൾ ചോദിച്ചു ..
” പറയട്ടെ …. .. ” അവൻ ചോദിച്ചു ..
” ദേ .. അതിര് കടക്കരുത് .. എന്താണേലും .. ” അവളാദ്യമേ ജാമ്യമെടുത്തു ..
” ഇല്ല .. ചെറിയൊരാഗ്രഹം …. ” അവൻ കൊഞ്ചി ..
” പറ ….” അവൾ അനുവാദം കൊടുത്തു ..
” ആ മറുകിൽ ഒരുമ്മ തന്നോട്ടെ … പ്ലീസ് …” കൊച്ചു കുഞ്ഞുങ്ങളെ പോലെ നിഷ്കളങ്കമായി അവൻ ചോദിച്ചു ..
അവൾ ചുണ്ടു കൂർപ്പിച്ചു …
” പ്ലീസ് ….”
” അത് വേണോ …” അവൾ ചോദിച്ചു ..
” വേണം … എനിക്ക് വേണം ….” അവൻ വാശി പിടിച്ചു ….
ഒടുവിലവൾ സമ്മതം മൂളി …
താൻ ബെഡിൽ അവൾക്കരികിലേക്കിരുന്നു … പിന്നെ ആ മുഖം കൈക്കുമ്പിളിലെടുത്തു .. ആ മറുകിലെ തന്റെ ആദ്യ ചുംബനം … ഒരെണ്ണം കൊണ്ട് തനിക്ക് മതിയായില്ല … അവൾക്കും ….
ആ ചുംബന ലഹരിയിൽ അവൾ ചുട്ടുപൊള്ളിയിരിക്കണം … അവൾ വാടി തന്റെ കൈകളിൽ കിടന്നു …
” ഇനിയുമുണ്ടോ നിന്നിൽ ഒളിച്ചു വച്ച മുത്തുകൾ … ” അവളുടെ കാതിൽ ചോദിച്ചതിനൊപ്പം ,ആ ചുണ്ടുകളും താൻ കവർന്നെടുത്തു …
അവളുടെ കഴുത്തിനും മാറിനുമിടയിൽ മുഖം പൂഴ്ത്തി വച്ച് അവൻ പറഞ്ഞു ..
” എനിക്കിനിയും വേണം …..”
അവളുടെ അനുവാദത്തിന് കാത്ത് നിൽക്കാതെ അവളിലെ കാണാമുത്തുകൾ തേടി താനാ സാഗരത്തിലേക്കാഴ്ന്നിറങ്ങി ..
” ശബരിയെന്താ ആലോചിക്കുന്നേ …. ” അവളുടെ ശബ്ദമാണ് അവനെയാ മായാലോകത്ത് നിന്ന് തിരിച്ച് കൊണ്ട് വന്നത് …
അവന് നിരാശ തോന്നി .. എന്ത് കൊണ്ടോ അവിടെ നിന്ന് തിരികെ വരേണ്ടിയിരുന്നില്ല എന്ന് അവന്റെ ഹൃദയം പറഞ്ഞു ..
ഓർമകളെങ്കിലും , അതത്രത്തോളം മധുരമുള്ളതായിരുന്നെന്ന് അവനറിഞ്ഞു .. ഒരു പക്ഷെ അന്ന് പോലും അനുഭവിക്കാത്തൊരനുഭൂതി ഇന്ന് ആ ഓർമയ്ക്കുണ്ടായിരുന്നു …
ഇന്നലെ വരെ തന്റെ ജീവിതത്തിലെ ” ഇന്ന് ” കളെ മാത്രം സ്നേഹിച്ചിരുന്ന ശബരി തന്റെ ” ഇന്നലെ ..” കളെ സ്നേഹിച്ചു തുടങ്ങുന്നു ..
” വേദനയുണ്ടോ ശബരി നിനക്ക് ശരീരം മുഴുവൻ ….” അവൾ നിസംഗതയുടെ മൂടുപടമണിഞ്ഞാണ് സംസാരിച്ചത് ..
” ഇല്ല …. ” അവൻ തളർന്ന ശബ്ദത്തിൽ പറഞ്ഞു ..
അവൾ കണ്ണ് വിടർത്തി അവനെ നോക്കി …
” ശരീരമുണ്ടെന്ന് തോന്നിയാലല്ലേ വേദനിക്കൂ ….. അല്ലേ …. ” അവൾ അവനെ നോക്കി ചെറുതായി ചിരിച്ചു …
” മനസിനോ ……… ” അൽപ നേരത്തെ മൗനത്തിന് ശേഷം അവൾ വീണ്ടും ചോദിച്ചു …
അവനൊന്നും മിണ്ടിയില്ല …
” നിന്റെ വേദന എനിക്ക് മനസിലാകും ശബരി … പെട്ടന്നൊരു സുപ്രഭാതത്തിൽ നമ്മുടെ ശരീരത്തിലുണ്ടായിരുന്ന ഒരു വിരലടർന്നു പോയാൽ പോലും നമുക്ക് സഹിക്കാൻ കഴിയില്ല .. അറ്റ് പോയ വിരലിനേക്കാൾ വേദന മനസിനായിരിക്കും …..” കല്ലിച്ച ശബ്ദത്തിൽ അവൾ പറഞ്ഞു …
ശബരി മിണ്ടാതെ കിടന്നു ..
” ഒരു രാത്രി , ആർക്കോ കൊട്ടേഷൻ കൊടുത്ത് , നീയെന്റെ വലത് കാലെടുപ്പിച്ചപ്പോൾ ഞാനുമറിഞ്ഞു .. അത്ര നാൾ കൂടെയുണ്ടായിരുന്ന ഒരവയവം നഷ്ടപ്പെട്ട വേദന … മുറിച്ചു മാറ്റിയ ശരീരത്തേക്കാൾ നൂറിരട്ടി വേദന മനസിനായിരിക്കും …… ”
അവളുടെ ശബ്ദത്തിന്റെ ഉറവിടം എതോ ഗുഹയിൽ നിന്നാണെന്ന് ശബരിക്ക് തോന്നി ..
അവൾ നിസംഗയായി വാതിൽക്കലേക്ക് നോക്കി ….
” നീ നമ്മുടെ മോളെ കണ്ടിട്ടുണ്ടോ ശബരി …? ” അവന്റെ നെഞ്ചിനു കുറുകേ ആഞ്ഞു വെട്ടിയത് പോലെ അവൾ ചോദിച്ചു …
മാധുരിയുടെ ക്രച്ചസിനരികെ നിൽക്കുന്ന കാവ്യയെ അവനൊന്ന് നോക്കി …
” ഇപ്പോ കണ്ടു … ല്ലേ … ” മാധുരി പുച്ഛത്തോടെ ചോദിച്ചു …
” നമ്മുടെ മോളൊരു ക്യാൻസർ പേഷ്യന്റാണെന്നറിഞ്ഞപ്പോഴെങ്കിലും നീയൊന്നു വരുമെന്ന് ഞാൻ കരുതി … ” നിർവികാരതയോടെ അവൾ പറഞ്ഞു ..
” നീയെങ്ങനെയാ ശബരി ഇത്രക്ക് നീചനായത് … ഒരു മനുഷ്യന് ഇത്രയൊക്കെ ദുഷ്ടനാകാൻ കഴിയുമോ .. മനുഷ്യനോട് കരുണ കാട്ടേണ്ട പ്രഫഷനല്ലേ ശബരീ നിന്റേത് … എന്നിട്ടും നീ …..” മാധുരിയവനെ മനസിലാകാതെ നോക്കി ..
അവന് മിണ്ടാൻ കഴിഞ്ഞില്ല .. ഉത്തരമില്ലായിരുന്നു ഒന്നിനും ….
” നീയാ ഒന്നര വർഷക്കാലം എനിക്കൊപ്പം ബാംഗ്ലൂരിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ കരുതിയത് , നിന്റെയുള്ളിൽ എവിടെയോ ഒരു മനുഷ്യനുണ്ട് .. എന്നെങ്കിലും നീയെന്നെ മനസിലാക്കും എന്നായിരുന്നു .. പക്ഷെ അത് അഭിരാമിക്ക് വേണ്ടിയായിരുന്നെന്ന് ഞാനറിയാൻ ഒരുപാട് വൈകി .. ഞാൻ മാത്രമല്ല അവളും …… ”
” പഠനം കഴിഞ്ഞ് അഭിരാമി , ആ നഗരം വിട്ടപ്പോൾ … ആ നാട്ടിൽ എന്നെ തനിച്ചാക്കി അതേ തീവണ്ടിയിൽ നീയും കടന്നുകളഞ്ഞു .. ഒറ്റക്കാലും കൊണ്ട് , രണ്ട് മാസം പ്രായമുള്ള കൈക്കുഞ്ഞിനെയും വച്ച് ഞാനെന്തു ചെയ്യുമെന്ന് നീയോർത്തോ ശബരി ..ഒരിക്കലെങ്കിലും .. ” അറിയാതെ അവളുടെ കണ്ണിൽ വെള്ളം നിറഞ്ഞു …
ശബരി കണ്ണടച്ച് കിടന്നുകളഞ്ഞു …
” നാട്ടിൽ നിന്റെ അച്ഛനും അമ്മയും നിനക്കുറപ്പിച്ച കല്യാണം മുടക്കാൻ ഞാൻ വന്നു എന്ന് അറിഞ്ഞിട്ടും നീ പ്രതികാരിക്കാതിരുന്നതിന്റെ പൊരുൾ അന്നെനിക്ക് മനസിലായില്ല … പിന്നീട് അത് മനസിലായി …. അഭിരാമിക്കു വേണ്ടി … എന്റെ വരവിനെ നീ ഉർവ്വശ്ശി ശാപമായി കണ്ടു സന്തോഷിച്ചു …..”
” അഭിരാമിയോടുള്ള നിന്റെയാവേശവും , എന്നോടുണ്ടായിരുന്നത് പോലെ , നിന്റെ ജീവിതത്തിൽ കടന്നു പോയ മറ്റ് പല പെൺകുട്ടികളോടും ഉണ്ടായിരുന്നത് പോലെ വെറുമൊരാശയാണെന്നാ ഞാൻ കരുതിയത് … പക്ഷെ നീയവളെ നിന്റെ വീട്ടുകാർ വഴി പ്രപ്പോസ് ചെയ്തു എന്നറിഞ്ഞപ്പോൾ ഞാൻ തകർന്നു ശബരി… തകർന്ന് തരിപ്പണമായി .. നീയോർക്കുന്നില്ലേ ശബരി ലാൽബാഗിൽ വച്ച് നീ എന്നെയും അവളെയും നിന്നോട് ചേർത്തു നിർത്തി ഫോട്ടോയെടുക്കുമായിരുന്നത് .. ഒന്ന് ലവറും ഒന്ന് ബെസ്റ്റ് ഫ്രണ്ടും എന്ന് നീ പറഞ്ഞപ്പോൾ ഞാൻ പൊട്ടി അതും വിശ്വസിച്ചു .. നീയെന്നെക്കാൾ അവളെച്ചേർത്തു പിടിച്ചിരുന്നു എന്നൊക്കെയറിയാൻ ഞാനൊരുപാട് വൈകി ……” അവൾ ഹൃദയ വേദനയോടെ പറഞ്ഞു ..
അവളൽപ നേരം മിണ്ടാതിരുന്നു ….
” പാവം … അവളെ പോലും ഞാൻ വെറുത്ത നാളുകൾ ഉണ്ടായിട്ടുണ്ട് … വെറുമൊരു പെണ്ണായി ഞാനും ചിന്തിച്ചു .. എന്റെ ജീവിതത്തിൽ നിഴൽ വീഴാൻ കാരണം അവളാണെന്ന് ….” ഇത്തവണ മാധുരിയുടെ തൊണ്ടയിടറി …
” കഷ്ടം …..! കഷ്ടം ……! ” അവൾ തല കുടഞ്ഞു ….
” നിന്നെയെനിക്ക് കിട്ടാൻ കാരണക്കാരി അവളാണെന്ന് പോലും ഞാൻ മറന്നു പോയി .. അവളില്ലായിരുന്നെങ്കിൽ ഞാനന്നേ ഒരു പിടി മണ്ണായി തീരുമായിരുന്നില്ലേ … അതും ഞാൻ മറന്നു പോയി … സ്ത്രീകളങ്ങനെയാ ശബരി … ഭർത്താവിന് വേണ്ടി എന്തും മറക്കും … എന്റെ മനസിൽ നീ മാത്രമേയുണ്ടായിരുന്നുള്ളു …. എന്റെ കുഞ്ഞിന്റെയച്ഛൻ , എന്റെ കഴുത്തിൽ താലി കെട്ടിയ പുരുഷൻ .. അങ്ങനെയൊരു ചിന്ത മാത്രമേയുണ്ടായിരുന്നുള്ളു ……… ”
അവൾ വീണ്ടും മൗനമവലംബിച്ചു ..
” നീയെന്താ ശബരി ഒന്നും പറയാത്തത് ….” അവളവനെ നോക്കി …
അവന്റെ അടഞ്ഞ കണ്ണുകൾക്ക് മീതെ കണ്ണുനീർ തുളുമ്പി നിൽക്കുന്നു ..
” നീ കരയുന്നോ ശബരി ……” അവൾ അവിശ്വസനീയതയോടെ ചോദിച്ചു …
അവന്റെ മൂക്കു വിറച്ചു …
മാധുരിയത് നോക്കിയിരുന്നു …
” ഒരു പാട് വൈകി പോയി ശബരി .. നീ നല്ലവനാകാൻ ഞാനൊരുപാട് പ്രാർത്ഥിച്ചിരുന്നു … ” അവൾ ഒന്ന് ചിരിച്ചു …
” പക്ഷെ നീയൊന്ന് കരഞ്ഞപ്പോൾ , കണ്ണ് നീരൊപ്പാൻ പോലും നിന്റെ കൈകളുയരാതായിപ്പോയി .. ”
ഒരു പിടച്ചിലോടെ ശബരി കണ്ണ് തുറന്നു …
ആ വാക്കുകൾ അവനെ കീറി മുറിച്ചു …
അവന്റെ കണ്ണിലൂടെ കണ്ണുനീർ ധാരധാരയായി ഒഴുകി …
” കാവ്യ കൈക്കുഞ്ഞായിരുന്നപ്പോൾ മാത്രമേ , ഞാനവളെ കൊണ്ട് വന്നിട്ടുള്ളു … നിന്നെ തേടിയുള്ള എന്റെ വരവുകളിൽ പിന്നീടൊരിക്കലും ഞാനവളെ കൂട്ടിയിട്ടില്ല … അതെന്തുകൊണ്ടാന്നറിയോ … എന്നെങ്കിലുമൊരിക്കൽ നീയവളെ തേടി വരണമെന്നായിരുന്നു എന്റെ ആഗ്രഹം .. അച്ഛനെ തേടി നടക്കുന്ന മകൾ … അതെന്റെ മകൾക്കൊരു കുറച്ചിലാണ് ശബരി … പക്ഷെ മകളെ തേടി വരുന്ന അച്ഛൻ …. അതാണ് എന്റെ മകൾക്ക് നല്ലതെന്ന് എനിക്ക് തോന്നി … നിനക്കറിയോ ശബരി … അച്ഛനെന്ന വാക്ക് പോലും എന്റെ മോൾക്കന്യമാണ് ….. ” അവൾ നിർവികാരതയോടെ പറഞ്ഞു ..
ശബരിയുടെ ഹൃദയം മുറിഞ്ഞു … അവന്റെ കണ്ണുകൾ കാവ്യയിലായിരുന്നു ..
മരണത്തോട് പടവെട്ടുന്ന കുഞ്ഞാണെന്നറിഞ്ഞിട്ടു പോലും താനതിനെയൊന്ന് കാണാൻ പോയില്ല ..
ഒരിക്കൽ പോലും എടുത്ത് അച്ഛന്റെ നെഞ്ചിലെ ചൂട് നൽകിയിട്ടില്ല …
ഇനി ….. ഇനിയെന്നെങ്കിലും തനിക്കതിനാകുമോ …….. ?
അവന്റെ ഹൃദയം കടൽ പോലെയിളകി …
ഏറെ നേരം അവർക്കിടയിൽ മൗനം തളം കെട്ടിക്കിടന്നു ..
” മാധുരി …..” അവൻ കുഴഞ്ഞ ശബ്ദത്തിൽ വിളിച്ചു ….
അവൾ അവനെ നോക്കി …..
” കാവ്യ മോളോട് എന്നെയൊന്ന് അച്ഛനെന്ന് വിളിക്കാൻ പറയോ … ഒരിക്കൽ .. ഒരിക്കൽ മാത്രം ……… ഇനിയതിന് കഴിഞ്ഞില്ലെങ്കിലോ …”
“ഹേയ് ……..” ഇനിയെന്തെങ്കിലുമവൻ പറയും മുന്നേ അവൾ അവനെ തടഞ്ഞു …
അവന്റെ മുഖമടച്ചൊന്ന് കൊടുക്കാനാണ് ആദ്യമവൾക്ക് തോന്നിയത് …
അവളവന്റെ മുഖത്തേക്ക് തന്നെ തുറിച്ചു നോക്കിയിരുന്നു ….
” നിനക്കെങ്ങനെ കഴിയുന്നു ശബരി …. ”
അവൾ മുഖം വെട്ടിച്ചു … കുറേ നേരം വാതിൽക്കലേക്ക് ഒരു ശിൽപം പോലെ അവൾ നോക്കിയിരുന്നു .. അവൾ കിതയ്ക്കുന്നുണ്ടായിരുന്നു …
ഒരു നെടുവീർപ്പിന് ശേഷം അവളവനെ നോക്കി ….
” വിളിപ്പിക്കുമായിരുന്നു ശബരി … നിന്റെ കൊള്ളരുതായ്മകളെല്ലാം മറന്ന് ഞാനവളെക്കൊണ്ട് വിളിപ്പിക്കുമായിരുന്നു .. എന്നെങ്കിലും നീ ഞങ്ങളെ തേടി വന്നിരുന്നെങ്കിൽ …. പക്ഷെ … ഇനിയില്ല … നിന്റെ കൈകളിൽ സ്ത്രീകളുടെ മാത്രം ചോരയല്ല , പിഞ്ചു കുഞ്ഞിനെപ്പോലും ദ്രോഹിച്ച നീചനാണ് നീ .. നീ കാരണം മരിച്ചു ജീവിച്ച് , ഒരു പാവം കുഞ്ഞ് ഇതേ ആശുപത്രിയിൽ കിടപ്പുണ്ട്… നിന്റെ ഫ്രണ്ട് Dr .വിനയ് യുടെയും അഭിരാമിയുടെയും കുഞ്ഞ് … മറന്നോ നീയത് .. നിന്നെ എന്റെ മോളിനി അച്ഛാന്ന് വിളിക്കാൻ പാടില്ല … അങ്ങനെയൊരു പാപം എന്റെ കുഞ്ഞിനെക്കൊണ്ട് ചെയ്യിക്കണ്ട .. നീയാ വിളിക്ക് അർഹനല്ല ശബരി … അർഹനല്ല …. ” അവളുടെ ഒച്ചയുയർന്നു ..
ശബരിയുടെ ഹൃദയം തുളച്ച് കയറി ആ വാക്കുകൾ ….
പിന്നെയും അവർക്കിടയിൽ നിശബ്ദത പടർന്നു …
” ഫ്ലാറ്റിലെ കുട്ടികൾക്ക് ട്യൂഷനെടുത്താ ഞാനെന്റെ മോളെ വളർത്തുന്നത് .. ചികിത്സക്കുള്ള പണം .. അതിപ്പോ ഒരു വെല്ലുവിളിയാണ് .. ” അവൾ നിസംഗതയോടെ പറഞ്ഞു ..
” ഞാൻ നോർത്തിലേക്ക് പോകാനിരിക്കുകയായിരുന്നു .. ”
” മാധുരി …..” അവൻ വിളിച്ചു ..
അവൾ അവന്റെ മുഖത്തേക്ക് നോക്കി ..
” അച്ഛനേയും അമ്മയേയും ഒന്ന് വിളിക്കു … പ്ലീസ് …..”
” എന്താ … എന്തെങ്കിലും വേണോ …..”
” ഒന്ന് വിളിക്കൂ .. ആ കോൺസ്റ്റബിളിനോട് പറഞ്ഞാൽ മതി ….”
അവൾ ക്രച്ചസെടുത്ത് കുത്തി എഴുന്നേറ്റു … പുറത്ത് ചെന്ന് കോൺസ്റ്റബിളിനോട് പറഞ്ഞിട്ട് തിരികെ വന്നു പഴയപടിയിരുന്നു …
കുറച്ച് കഴിഞ്ഞപ്പോൾ സുലോചനയും മുകുന്ദനും കയറി വന്നു …
ശബരി കണ്ണ് ചലിപ്പിച്ച് അവരെ നോക്കി …
” അച്ഛാ ……” അവൻ തളർന്ന ശബ്ദത്തിൽ വിളിച്ചു ..
പിന്നെ മാധുരിക്കരികിൽ നിൽക്കുന്ന കാവ്യയെ നോക്കി …
” എന്റെ മോളാണ് .. എന്റെ മകളായിപ്പോയി എന്നൊരു തെറ്റേ അവൾ ചെയ്തുള്ളു… ആ തെറ്റിന്റെ ശിക്ഷയാണോ .. അറിയില്ല .. മരണത്തോട് യുദ്ധം ചെയ്യുന്ന രോഗിയാണവൾ .. ” അവന്റെ കണ്ണിൽ നിന്ന് കണ്ണുനീർ ധാരധാരയായി ഒഴുകി …
” അച്ഛനെന്റെ മോളെ ചികിത്സിക്കണം .. എനിക്കുള്ളതെല്ലാം കൊടുത്ത് .. മാധുരിയനുവദിച്ചാൽ നമ്മുടെ വീട്ടിൽ നിർത്തണം അവരെ രണ്ടു പേരെയും ……” അവന്റെ ശബ്ദം ഇടറിപ്പോയി…..
സുലോചന പൊട്ടിപ്പോയി …
അവർ ഓടിച്ചെന്ന് കാവ്യയെ വാരിയെടുത്തു .. ഉമ്മകൾ കൊണ്ട് മൂടി …
തന്റെ മകന്റെ കുഞ്ഞ് .. അവന്റെ ചോര .. ഒരിക്കൽ താൻ തള്ളിപ്പറഞ്ഞവൾ …
മാധുരി വിങ്ങിപ്പൊട്ടി … അവനിൽ നിന്ന് എന്നോ കേൾക്കാനാഗ്രഹിച്ചിരുന്ന വാക്കുകൾ ..
പക്ഷെ അത് തന്നെയും മോളെയും അവന്റെ നെഞ്ചിൽ ചേർത്തു നിർത്തി പറയുന്നതായിരുന്നു താൻ ആഗ്രഹിച്ചിരുന്നത് ….
” എനിക്ക് ശബരിയോട് മാത്രം സംസാരിക്കണം ….” ഒടുവിൽ മാധുരി പറഞ്ഞു …
സുലോചനയും മുകുന്ദനും പരസ്പരം നോക്കി .. പിന്നെ കാവ്യയെയും കൊണ്ട് പുറത്തേക്കിറങ്ങി …
അവർ പോയിട്ടും കുറേ സമയം മാധുരി നിശബ്ദയായി ഇരുന്നു ..
” എനിക്ക് ഇപ്പോഴും നിന്നെ ഇഷ്ടമാണ് ശബരി .. പഴയതു പോലെ പ്രണയം …. നിന്റെ ഈ കിടപ്പ് .. അതെനിക്ക് സഹിക്കാൻ വയ്യ ശബരി … ഞാൻ .. ഞാനീ ഒറ്റക്കാലും വച്ച് നിന്നെയെങ്ങനെ ശിശ്രൂഷിക്കും .. നീ ഈ കിടപ്പ് കിടന്നാൽ ശരീരമൊക്കെ പൊട്ടിയടരും …. പുഴുത്ത് പുഴുവരിക്കും …. എനിക്ക് .. എനിക്കതൊന്നും കാണാൻ വയ്യ ശബരീ ….. .”
ഒന്ന് നിർത്തിയിട്ട് അവൾ തുടർന്നു ..
” എനിക്ക് നിന്നെ പ്രണയിക്കണം ശബരീ ….. പഴയതു പോലെ … എനിക്ക് നിന്നെ പ്രണയിക്കണം … ” വല്ലാത്തൊരു ശബ്ദത്തോടെ അവൾ പറഞ്ഞു …
ഒപ്പം സാരിക്കിടയിൽ നിന്നെന്തോ ഒന്ന് വലിച്ചെടുത്ത് തൂവാലയിട്ട് മറച്ച് അവന്റെ നെഞ്ചിൽ വച്ചു …
പിന്നെ അവന് മാത്രം കാണാൻ പാകത്തിൽ അവളാ തൂവാല മാറ്റി കാണിച്ചു …
ഒരു പിസ്റ്റൾ ….
അതവന്റെ നെഞ്ചിലിരുന്ന് തിളങ്ങി ..
(തുടരും)
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission