Skip to content

നന്ദ്യാർവട്ടം – ഭാഗം 39 അവസാനിച്ചു

നന്ദ്യാർവട്ടം

” മോന് സുഖമില്ല മാം .. എനിക്ക് ഹസ്ബന്റിനോട് ഒന്നാലോചിക്കണം … ”

” ഒക്കെ .. അഭിരാമി … നമുക്ക് വേണമെങ്കിൽ ലീവ് ആക്കാം … ജോലി രാജിവച്ച് വെറുതെ മണ്ടത്തരം കാണിക്കണ്ട .. ”

” ങും …..” അവൾ മൂളി …

ഫോൺ കട്ട് ചെയ്തിട്ട് അവൾ ആദിയുടെ അരികിൽ വന്നിരുന്ന് അവനെ കൊഞ്ചിച്ചു കൊണ്ടിരുന്നു ..

കുറച്ച് കഴിഞ്ഞപ്പോൾ വിനയ് അങ്ങോട്ട് വന്നു …

” ആദി … ” അവൻ ബെഡിൽ കൈകുത്തി നിന്ന് ആദിയെ വിളിച്ചു ..

ആദി അവനെ നോക്കി ചിരിച്ചു കാട്ടി …

” പ…..പ്പാ ………” അവൻ കാലിളക്കിക്കൊണ്ട് വിളിച്ചു ..

” എന്തോ ……..” വിനയ് അവന്റെ കൈപിടിച്ച് കുലുക്കിക്കൊണ്ട് വിളി കേട്ടു .. പിന്നെ ആ കൈയിൽ ഒരുമ്മ കൊടുത്തു ..

അഭിരാമി അത് നോക്കി ചിരിച്ചു കൊണ്ട് നിന്നു ..

” വിശക്കുന്നുണ്ടോ .. ആമി ….” അവൻ ചോദിച്ചു …

” ഇല്ല വിനയേട്ടാ … അമ്മയവിടുന്ന് ഫുഡുമായിട്ട് ഇറങ്ങിയെന്ന് വിളിച്ചു പറഞ്ഞു .. ”

” ങും ”

” പിന്നെ … കോളേജിൽ നിന്ന് വിളിച്ചിരുന്നു എന്നെ .. സ്നേഹലത മാം … ”

” എന്ത് പറഞ്ഞു ….?” അവൻ ബെഡ്സൈഡിലെ സ്റ്റൂളിൽ ഇരുന്നു കൊണ്ട് ചോദിച്ചു ..

” എന്നോട് റിസൈൻ ചെയ്യണ്ടാന്നൊക്കെ പറഞ്ഞു .. റിസൈൻ ലെറ്റർ ഫയലിൽ സ്വീകരിച്ചിട്ടില്ലാത്രേ .. ” അവൾ അവനെ നോക്കി ..

” എന്നിട്ട് താനെന്ത് തീരുമാനിച്ചു … ” വിനയ് ചോദിച്ചു ..

” വിനയേട്ടനോട് ചോദിച്ചിട്ട് പറയാംന്ന് പറഞ്ഞു … ”

വിനയ് അവളെ നോക്കി ചിരിച്ചു ..

” അത് ഞാനാണോ തീരുമാനിക്കേണ്ടേ … താനല്ലേ .. ” അവൻ ചോദിച്ചു ..

” വിനയേട്ടൻ പറ …..” അവൾ മുഖം വീർപ്പിച്ചു ..

” എന്റെ അഭിപ്രായം താൻ ജോലി കളയണ്ട എന്നാ … തന്റെ അച്ഛന്റെ ജോലി കിട്ടിയതല്ലേ .. അല്ലെങ്കിലും ഭാര്യയെ വീട്ടിൽ അടച്ചിടാനൊന്നും എനിക്ക് ഉദ്ദേശമില്ല .. .. പിന്നെ ഇപ്പോ കുറച്ച് ദിവസം ലീവെടുത്താൽ നന്നായിരുന്നു … ”

” ലീവ് തരാന്ന് പറഞ്ഞു എന്നോട് .. ” അവൾ പറഞ്ഞു ..

” ദെൻ .. റിസൈൻ ചെയ്യണ്ട .. അത് പിൻവലിച്ചേക്ക് .. ” അവൻ പറഞ്ഞു …

” ങും……. ” അവൾ പുഞ്ചിരിച്ചു …

* * * * * * * * * * * * * * * * * * * * * * *

നിരഞ്ജന ജിതേഷിന്റെ നെറ്റിയിൽ ഉമ്മവച്ചു ..

അവൾക്കറിയാം അവന്റെ മനസ് എത്രമാത്രം വേദനിക്കുന്നുണ്ടെന്ന് ..

ആ റൂമിൽ അവരിരുവരും മാത്രം അവശേഷിച്ചു ..

ഇനിയൊരിക്കലും തിരികെ വരരുത് എന്നാജ്ഞാപിച്ച് രാഘവവാര്യർ അവിടെ നിന്നിറങ്ങിപ്പോയിരുന്നു .. ഒപ്പം ഭാഗ്യലക്ഷ്മിയും ദിവ്യയും …

” ഞാനുണ്ടാവും ജിത്തൂ… എന്നും നിന്റെ കൂടെ …. ” നിരഞ്ജന അവന്റെ തലമുടിയിൽ തഴുകി …

ആരോ വന്ന് ഡോറിൽ മുട്ടിയപ്പോൾ അവൾ ചെന്ന് തുറന്നു കൊടുത്തു ..

അറ്റൻഡറും ഒരു മെയിൽ നർസുമാണ് ..

” ആംബുലൻസ് റെഡിയാണ് മേഡം … ” അറ്റൻഡർ പറഞ്ഞു …

അപ്പോഴേക്കും Dr . കുര്യനും അങ്ങോട്ട് വന്നു …

” OK നിരഞ്ജന .. നിങ്ങളുടെ റിസ്കിലാണ് ഈ ഹോസ്പിറ്റൽ മാറ്റം .. ട്രിവാൻട്രം വരെയുള്ള യാത്രയായത് കൊണ്ടാണ് ഞാൻ ആദ്യം തടഞ്ഞത് .. .”

” ഐ ക്നോ സർ .. ”

” ലിബിൻ കൂടെയുണ്ടാകും .. ട്രിവാൻട്രം വരെ .. ”

” താങ്ക്യൂ സർ … ”

അറ്റൻഡറും ലിബിനും നിരഞ്ജനയും കൂടി തന്നെ ജിതേഷിനെ സ്ട്രച്ചറിലേക്ക് എടുത്ത് കിടത്തി … .

താഴെ എല്ലാ സജ്ജീകരണങ്ങളോടും കൂടി ആംബുലൻസ് കാത്ത് നിൽപ്പുണ്ടായിരുന്നു …

ജിതേഷിനെ കയറ്റി മറ്റുള്ളവരും ഒപ്പം കയറി .. ആംബുലൻസിന്റെ ഡോർ അടഞ്ഞു …

ആംബുലൻസ് ഇളകിയപ്പോൾ ജിതേഷിന്റെ മനസ് വേദനിച്ചു ..

ഇനിയൊരിക്കലും വളർന്ന നാട്ടിലേക്ക് തിരികെയില്ലാത്ത യാത്ര ….

അറിയാതെ ദിവ്യയുടെ മുഖം അവന്റെ മനസിൽ തെളിഞ്ഞു …

അവന് വേദന തോന്നി ..

പാവം…! അവളോട് വെറുപ്പൊന്നുമില്ലായിരുന്നു .. ഇഷ്ടമായിരുന്നു … ഹൃദയത്തോട് ചേർത്തു വച്ചിരുന്നു …

മോഡേൺ ലൈഫ് മാത്രം ആഗ്രഹിച്ചിരുന്ന നിരഞ്ജനയോട് , എപ്പോഴോ തോന്നിയ ഒരു ചാപല്ല്യം… ഒരു നേരം പോക്ക് …

പക്ഷെ അവൾ പിന്നീട് തന്റെ മനസിൽ വളരുകയായിരുന്നു .. എല്ലാ അർത്ഥത്തിലും …

ഇനിയൊരു തിരിച്ചുവരവിന് എനിക്ക് കഴിയില്ല ദിവ്യ … !

എന്നോട് പൊറുക്ക് മോളെ …! നിന്നെ ചതിച്ചതിന്റെ ശിക്ഷയാവാം ഇപ്പോ ഞാനനുഭവിക്കുന്നത് …

അവന്റെ കൺകോണിൽ കണ്ണുനീർ ഊറിക്കൂടി ..

നിരഞ്ജനയത് കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചു .. ഇപ്പോൾ അവനാഗ്രഹിക്കുന്നത് തനിയെ ഒന്ന് കരയാനാണെന്ന് അവൾക്കറിയാമായിരുന്നു ..

ആംബുലൻസ് അവരെയും കൊണ്ട് ചീറി പാഞ്ഞു … അനന്തപത്മനാഭന്റെ മണ്ണിലേക്ക് …

* * * * * * * * * * * * * * * * * * * * * *

ആശുപത്രി വാസത്തിന് ശേഷം ആദിയെയും കൊണ്ട് അവർ തിരിച്ചു വീട്ടിലെത്തി …

കാറിൽ അഭിരാമിയുടെ മടിയിലിരുന്ന് പുറം കാഴ്ചകൾ കണ്ടുകൊണ്ടാണ് ആദിയിരുന്നത് …

വന്നിറങ്ങുമ്പോൾ അവരെ കാത്ത് പ്രീതയും വിമലും ശ്രിയയും ജനാർദ്ദനനും ഉണ്ടായിരുന്നു …

സരള ആമിക്കൊപ്പമായിരുന്നു …

പ്രീത ഓടി വന്ന് ആദിയെ എടുക്കാൻ കൈ നീട്ടി .. ആദ്യം അവനൊന്നു മടിച്ചു .. ശ്രീയ കൂടി അടുത്തുകൂടിയപ്പോൾ അവൻ പ്രീതയുടെ കൈയിലേക്ക് ചെന്നു …

ശ്രിയക്ക് അനിയൻ കുട്ടൻ തിരിച്ചു വന്നതിന്റെ സന്തോഷമായിരുന്നു …

അവളവനെ എടുക്കാൻ കൈനീട്ടിയപ്പോൾ പ്രീത തടഞ്ഞു ..

” ആദിക്കുട്ടന് വയ്യാതിരിക്കുവല്ലേ .. മോളിപ്പോ എടുക്കണ്ട .. അമ്മയകത്ത് കൊണ്ടു വന്നിട്ട് മടിയിൽ വച്ചു തരാം ….”

അവൾ സമ്മതിച്ചു …

” ആരീ………………….” ആദി നീട്ടി വിളിച്ചു … ഒപ്പം ദൂരേക്ക് കൈ ചൂണ്ടി … എല്ലാവരും അവൻ വിരൽ ചൂണ്ടിയിടത്തേക്ക് നോക്കി …

അവന്റെ നന്ദ്യാർവട്ടം വാടി തളർന്ന് നിൽക്കുകയായിരുന്നു …

അതിനടുത്ത് പോകാനാണ് അവൻ വിരൽ ചൂണ്ടുന്നതെന്ന് ആമിക്ക് മനസിലായി ….

” നമുക്കേ പിന്നെ പോവാട്ടോ …” ആമി വന്ന് ആദിയുടെ നീട്ടിവച്ചിരുന്ന വിരലിൽ ഒരുമ്മ കൊടുത്തു …

വിമൽ സാധനങ്ങൾ കാറിൽ നിന്നെടുക്കാൻ വിനയ് യെ സഹായിക്കുകയായിരുന്നു …

പ്രീത ആദിയെയും കൊണ്ട് അകത്തേക്ക് കയറി … പ്രീതക്കൊപ്പം ശ്രിയയും തുള്ളിച്ചാടി അകത്തേക്ക് പോയി ..

ആമിയത് നോക്കി പുഞ്ചിരിച്ചു ..

പ്രീത അകത്ത് ചെന്നതും ജനാർദ്ദനൻ കിച്ചണിൽ നിന്നിറങ്ങി വന്നു ..

” ആദിക്കുട്ടോ……. അച്ഛച്ഛന്റെ മുത്തേ ….” ജനാർദ്ദനന്റെ മുഴങ്ങുന്ന ശബ്ദം എല്ലാവരും കേട്ടു …..

” അച്ഛച്ഛന്റെ പൊന്നുണ്ണിക്ക് അച്ഛച്ഛൻ സൂപ്പർ പാൽപായസം ഉണ്ടാക്കുന്നുണ്ടല്ലോ ….” ജനാർദ്ദനൻ ആദിക്കുനേരെ കൈനീട്ടിക്കൊണ്ട് വന്നു …

അച്ഛച്ഛനെ കാണേണ്ട താമസം ആദി രണ്ടു കൈയുമെടുത്തിട്ട് അങ്ങോട്ടു ചാടി …

പണ്ടേ അച്ഛച്ഛനും പേരക്കുട്ടികളും ഒറ്റക്കെട്ടാണ് …

ആദിയെയും കൊണ്ട് ജനാർദ്ദനൻ സോഫയിലേക്കിരുന്നതും ശ്രീയയും കൂടെ കൂടി ….

” പായസം നോക്കിക്കോ മോളെ ….” കുഞ്ഞുമക്കൾക്കിടയിലിരുന്നു കൊണ്ട് ജനാർദ്ദനൻ വിളിച്ചു പറഞ്ഞു …

* * * * * * * * * * * * * * * * * * * * * *

ജിതേഷിന് വീൽചെയറിലേക്ക് എഴുന്നേറ്റ് ഇരിക്കാമെന്നായിട്ടുണ്ട് ..

നിരഞ്ജന വീൽ ചെയറുരുട്ടി , സിറ്റൗട്ടിൽ കൊണ്ടുവന്നു .. പിന്നെ അവനരികിൽ മുട്ടുകുത്തിയിരുന്നു ആ മടിയിലേക്ക് തല വച്ചു …

വലം കൈ ചലിപ്പിച്ച് അവൻ മെല്ലെ അവളുടെ തലയിൽ തൊട്ടു ..

സംസാരിക്കാൻ പാടില്ലാത്തത് കൊണ്ട് ,അവൻ മിണ്ടാതിരുന്നു ..

” ജിത്തൂ … ” നിരഞ്ജന അവന്റെ മടിയിൽ തല വച്ച് കൊണ്ട് തന്നെ ആ മുഖത്തേക്ക് നോക്കി വിളിച്ചു …

അവൻ അവളുടെ മിഴിയിൽ മിഴി കോർത്തു ..

കുറച്ചു ദിവസങ്ങളായി അവൻ കണ്ണുകൾ കൊണ്ടാണ് അവളോട് സംസാരിക്കുന്നത് ..

” ഇപ്പോ ഞാനേറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് എന്താന്നറിയോ .. ? ”

അവൻ നേർത്തൊരു മൂളൽ മറുപടിയായി കൊടുത്തു ..

” നിന്റെ കൈ കൊണ്ട് എന്റെ കഴുത്തിൽ താലികെട്ടുന്ന ദിവസം …… ആളും അരങ്ങും ഒന്നുമില്ലെങ്കിലും അത് വേണം ജിത്തു … എനിക്ക് നിന്റെ പെണ്ണായിട്ട് ജീവിക്കണം .. നിന്റെ മാത്രം പെണ്ണായിട്ട് …”

അവൻ അവളുടെ തലയിൽ വച്ചിരുന്ന വലംകൈ താഴേക്ക് കൊണ്ട് വന്ന് മെല്ലെ അവളുടെ കവിളിൽ തട്ടി …..

* * * * * * * * * * * * * * * * * * *

കുറേ ദിവസങ്ങൾക്ക്‌ ശേഷം വീണ്ടും ആദി ഉറങ്ങുവാനായി അമ്മയുടെ കൈയിലേറി ബാൽക്കണിയിൽ വന്നു …

അമ്പിളിത്തെല്ലും നക്ഷത്രക്കൂട്ടങ്ങളും അവനെ കാണാതെ പരിഭവത്തിലാണത്രേ ….

അവൻ ആകാശത്തേക്ക് വിരൽ ചൂണ്ടി …

” അമ്പിളി മാമാ …. വിളിച്ചേ ……” ആമി അവന്റെ കാതിൽ പറഞ്ഞു …

” അമിരീ .. ” അവൻ വിളിച്ചു …

അഭിരാമി ചിരിച്ചു പോയി …

” ഛോ…. മമ്മേടെ കള്ള കുറുമ്പൻ …..” അവൾ അവന്റെ കവിളിൽ ഉമ്മ വച്ചു …

അവൻ അവളുടെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നു ..

അവളുടെ നാവിൻ തുമ്പിൽ മറ്റൊരു താരാട്ടുണർന്നു .. അവനായി മാത്രം ..

ആദിയെ ഉറക്കിക്കൊണ്ട് വരുമ്പോൾ വിനയ് കാത്തിരിക്കുകയായിരുന്നു ..

ആദിയെ മെല്ലെ ബെഡിലേക്ക് കിടത്തിയിട്ട് നിവർന്നതും വിനയ് അവൾക്ക് പിന്നിലെത്തിയിരുന്നു …

അവനവളെ പിന്നിലൂടെ കെട്ടിപ്പിടിച്ചു … അവളാ നെഞ്ചിലേക്ക് ചേർന്നു കണ്ണടച്ച് നിന്നു ..

” എത്ര ദിവസമായടോ ….” അവൻ അവളുടെ കാതിൽ മൊഴിഞ്ഞു ….

അവളുടെ മുഖം ചുവന്നു തുടുത്തു .. അവനാ ചുണ്ടിലേക്ക് ചുണ്ടുകൾ ചേർത്തു ..

* * * * * * * * * * *

മൂന്ന് മാസങ്ങൾക്ക് ശേഷം ….!

രാവിലെ ഒപിയിലെ തിരക്കുകളിലായിരുന്നു വിനയ് ….. സിറിലും ഫസൽ നാസറും പിജിസും യൂണിറ്റിലുണ്ടായിരുന്നു ..

കൂടുതലും സർജറി കഴിഞ്ഞ് പോയ ശേഷം ചെക്കപ്പിന് വരുന്നവരാണ് …

മുടി മുന്നിലേക്ക് പിടിച്ച് മെടഞ്ഞിട്ട് ,ഓറഞ്ചും മഞ്ഞയും നിറങ്ങൾ കലർന്ന ചുരിദാർ ധരിച്ച , വെളുത്ത് സ്വർണ്ണ കതിരു പോലൊരു പെൺകുട്ടി നിറ ചിരിയുമായി വിനയ് യുടെ മുന്നിലേക്കിരുന്നു …

അമലാകാന്തി ….!

” ഹായ് അമലാ .. ഹൗ ആർ യു ..? ”

” ആം ഫൈൻ ഡോക്ടർ ….” അവൾ നിറഞ്ഞു ചിരിച്ചു .. അവളുടെ മുഖം പുലർകാലത്തിൽ വിരിഞ്ഞ പുഷ്പം പോലെ പ്രകാശിച്ചു …

” മെഡിസിൻസ് ഒക്കെ കൃത്യമായി കഴിക്കുന്നുണ്ടല്ലോ …..” അവൻ ചോദിച്ചിട്ട് , അമ്മ സരസ്വതിയെ നോക്കി …

” ഉണ്ട് ഡോക്ടർ … ”

” നടക്കാൻ ബുദ്ധിമുട്ടുണ്ടോ ..?” അവൻ ചോദിച്ചു ..

” ചെറിയൊരു പിടിത്തമുണ്ട് കാലിനും കൈക്കും എല്ലാം … ” അവൾ പറഞ്ഞു ..

” അത് ശരിയായിക്കോളും .. ” അവൻ ചിരിച്ചു…

” അമലയുടെ അച്ഛനിന്ന് വന്നില്ലേ …. ” വിനയ് ചോദിച്ചു ..

” ഇല്ല … അപ്പായുടെ ഊരിൽ പോയിരിക്കാ .. അവിടെ കൃഷിയിറക്കാൻ സമയമായി .. ” അവൾ പറഞ്ഞു ..

” ഓ … ഒക്കെ … അപ്പോ അമലയിപ്പോ സ്മാർട്ടാണ് .. ഇനിയിപ്പോ ആഴ്ചയിലാഴ്ചയിലുള്ള ചെക്കപ്പ് വേണ്ട .. രണ്ടാഴ്ച കൂടുമ്പോൾ വന്നാൽ മതി …..” അവൻ സരസ്വതിയെ നോക്കി പറഞ്ഞു ..

അവർ സന്തോഷത്തോടെ ചിരിച്ചു ..

ഒപ്പിടിക്കറ്റിൽ ,അവൻ രണ്ട് മൂന്ന് മെഡിസിൻ എഴുതി ..

” ഇനി ഇത് മാത്രം കഴിച്ചാൽ മതി .. ബാക്കിയൊക്കെ നിർത്തിയേക്കു …. ”

അമലാ കാന്തി തലയാട്ടി ..

” അപ്പോ ശരി … സ്കാനിംഗ് നമുക്ക് അടുത്ത പ്രാവശ്യം ചെയ്താൽ മതി … ” വിനയ് പറഞ്ഞു ..

അമലാകാന്തി സരസ്വതിയെ മലർന്നു നോക്കി ..

അവൾക്കെന്തോ പറയാനുണ്ടെന്ന് വിനയ് ക്ക് മനസിലായി ..

” എന്താ അമലാ …..?” അവൻ ചോദിച്ചു …

” വള്ളത്തോൾ അനുസ്മരണത്തിന് കലാമണ്ഡലം സംഘടിപ്പിക്കുന്ന പരിപാടിയിൽ ഡാൻസ് അവതരിപ്പിക്കാൻ ഞാൻ കൊടുത്ത ആപ്ലിക്കേഷൻ അപ്രൂവ് ആയി ഡോക്ടർ .. പക്ഷെ അമ്മ സമ്മതിക്കുന്നില്ല .. ഇനി ഡാൻസ് ഒന്നും വേണ്ടാന്നാ പറയുന്നേ … ” അത് പറഞ്ഞപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു ..

വിനയ് അവളുടെ മുഖത്തേക്ക് നോക്കി ചിരിച്ചു …

” എന്നാ പ്രോഗ്രാം …? ” അവൻ ചോദിച്ചു …

” അതിനിയും രണ്ട് മാസം ഉണ്ട് ഡോക്ടർ … ” അവൾ പറഞ്ഞു ..

” അപ്പ എന്ത് പറഞ്ഞു …? ” അവൻ ചോദിച്ചു ..

” അപ്പാക്ക് ഡാൻസ് ചെയ്യുന്നേന് കുഴപ്പം ഇല്ല … പക്ഷെ ഇപ്പോ ഡോക്ടറോട് ചോദിക്കാൻ പറഞ്ഞു .. ” അവൾ പ്രതീക്ഷയോടെ വിനയ് യെ നോക്കി ..

” രണ്ട് മാസം കഴിഞ്ഞിട്ടല്ലേ .. അപ്പോഴേക്കും അമല ഡബിൾ സ്ട്രോങ് ആകും ….. ഒരു സംശയവും വേണ്ട .. ഡാൻസിന്റെ പ്രാക്ടീസൊക്കെ പതിയെ സ്റ്റാർട്ട് ചെയ്തോ ….” അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു …

അവളുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു …

” താങ്ക്യൂ ഡോക്ടർ … കണ്ടോമ്മേ… ഡോക്ടർ പറഞ്ഞു .. ഇനി അമ്മ എതിർക്കരുത് ….” അവൾ സരസ്വതിയെ നോക്കി പറഞ്ഞു ..

” എനിക്ക് പേടിയ ഡോക്ടർ … ഡാൻസ് ഒക്കെ ചെയ്യുമ്പോൾ .. അതാ ഞാനെതിർത്തെ … ”

” ഏയ് … ഇപ്പോ പ്രശ്നമൊന്നുമില്ല .. പിന്നെ ഡാൻസ് മാത്രം പോരാ … നന്നായി പഠിക്കണം … ഒരു IPS കാരിയാകാനുള്ള ഭാവി ഞാൻ അമലയിൽ കാണുന്നുണ്ട് ….” വിനയ് പറഞ്ഞു …

അവൾ ചിരിച്ചു …..

അവിടെ നിന്നിറങ്ങി പോകുമ്പോൾ , അവൾ വീണ്ടും തിരിഞ്ഞ് നോക്കി …

തന്റെ ജീവൻ തിരികെ തന്ന മനുഷ്യൻ ..

എന്തോ എവിടെയോ ഒരിക്കലും നിർവചിക്കാനാകാത്ത ഒരിഷ്ടം , ഒരാരാധന അവളുടെ മനസിൽ കുരുങ്ങിക്കിടന്നു .. ഒരിക്കലും മറ്റാരും അറിയാതെ തന്നിൽ മാത്രം ഒതുങ്ങാൻ പോന്ന ഒരിഷ്ടം …

* * * * * * * * * * * * * * * * * *

” ആദീ ……. ഓടല്ലേ ……. വീഴും …… ” മുറ്റത്തു കൂടി തെന്നിത്തെറിച്ചോടുന്ന ആദിയുടെ പിന്നാലെ അഭിരാമിയും ഓടിച്ചെന്നു …

നന്ദ്യാർവട്ടത്തിന്റെ ചോട്ടിലേക്കാണ് അവനോടിയത് ..

അവിടെ അവനെ കാത്ത് ഒരഥിതിയുണ്ടായിരുന്നു .. ആ നന്ദ്യാർവട്ടത്തിലെ ആദ്യ പൂവ് ….

അവനത് നുള്ളാനായി കൈനീട്ടിയതും അഭിരാമി തടഞ്ഞു ….

” വേണ്ടാട്ടോ … പാവല്ലേ … ആദിയല്ലേ അത് … അവിടെ നിന്നോട്ടെ … ” അവൾ അവനെ ഉടലോട് ചേർത്ത് നിർത്തി കൊഞ്ചി പറഞ്ഞു ..

അവൻ മമ്മയുടെ മുഖത്തേക്ക് നോക്കി .. പിന്നെ കൈ പിൻവലിച്ചു ..

” ഗുഡ് ബോയ് ……..” അഭിരാമി ആ കൈ പിടിച്ച് ഉമ്മവച്ചു കൊണ്ട് അഭിനന്ദിച്ചു …

അവൻ വിടർന്നു ചിരിച്ചു …

” ഇനി പൂക്കുന്നതൊക്കെ ആദിക്ക് എടുക്കാട്ടോ …” അവൾ പറഞ്ഞു ..

അവൻ ആ പൂവിലേക്ക് നോക്കി നിന്നു ….

” ആ……രീ ……………..” അവൻ ആ പൂവിലേക്ക് നോക്കി നീട്ടി വിളിച്ചു … പിന്നെ പൊട്ടി ചിരിച്ചു …

” ഒന്നൂടി വിളിക്ക് …………..” ആമി പറഞ്ഞു …

” ആ ……….. രീ ………….” അവൻ പിന്നെയും വിളിച്ചു … ഒപ്പം അവന്റെ ആഹ്ലാദ ചിരിയും കേട്ടു ….

അരികെ വസന്തവും കാറ്റും കിളികളും ആ അമ്മയെയും മകനെയും നോക്കി പുഞ്ചിരി തൂകി ..

അവർക്കിടയിലേക്ക് കടന്നു വരാൻ ശിശിരം മടിച്ചു നിന്നു …

വരാനിരിക്കുന്ന വസന്തങ്ങൾ ഊഴം കാത്ത് കൊതിയോടെ നിന്നു …

ഇനിയാ ചില്ലയിൽ മറ്റൊരഥിതി കൂടി ചേക്കേറിയാലും ഇല്ലെങ്കിലും ഈ അമ്മക്കിളിയുടെ മാറിൽ എന്നെന്നും സ്നേഹത്തിന്റെ മുലപ്പാൽ കിനിയും …

തന്റെ മാത്രം പൊന്നുണ്ണിക്കായി ……

* ദുരന്തം മാത്രമേ ഞാനെഴുതു എന്നൊക്കെ ഒത്തിരിപ്പേർ പറഞ്ഞിരുന്നു .. ദിപ്പോ ഹാപ്പിയല്ലേ … ആദിയെയും ആമിയെയും പിരിക്കാൻ വേണ്ടിയായിരുന്നില്ല ഫ്രണ്ട്സ് ഞാനീ കഥ തുടങ്ങിയത് .. . അഭിരാമിയിലെ മാതൃത്വം ആണ് എന്റെ സന്ദേശം … പ്രസവിച്ചത് കൊണ്ടു മാത്രം ആരും അമ്മയാകില്ല .. സ്വന്തം കുഞ്ഞിനെ കൊല്ലാൻ പെറ്റമ്മ തന്നെ കൂട്ടുനിൽക്കുന്ന വാർത്തകൾ വരുന്ന ഈ ലോകത്തോട് , ഞാനെന്റെ രീതിയിൽ ചിലത് പറഞ്ഞു ..

* ആസാദ് ഷഫീഖ് ബോസിനെ കണ്ടു പിടിച്ചില്ലല്ലോ എന്ന് ഇനിയും പറയല്ലേ … ബോസല്ല പ്രതി .. മറ്റാരോ … അതേത് കൊച്ചി രാജാവിന്റെ കൊച്ചു മോനായാലും ആസാദ് ഷഫീഖ് കണ്ട് പിടിക്കും …. എന്നെങ്കിലും .. അത് കൃത്യമായി കഴിഞ്ഞ പാർട്ടിലും 36 th പാർട്ടിലും പറഞ്ഞിട്ടുണ്ട് …

* അഭിരാമി അമ്മയാകുമോ എന്ന ചോദ്യം .. അതവിടെ നിൽക്കട്ടെ .. അതാണതിന്റെ ബൂട്ടി ..

* അമലാകാന്തിയിൽ അവസാനം കൊണ്ടു വച്ച ചാപല്ല്യം…. കൗമാരത്തിന്റെ വെറും ചാപല്യമായി കണ്ടാൽ മതി .. അതങ്ങനെയാണ് … അങ്ങനെയൊക്കെ തോന്നും .. തോന്നണം …

* താനൊരമ്മയാകാനുള്ള സാത്യത കുറവാണ് എന്ന സത്യം അഭിരാമിക്ക് അറിയുമോ എന്ന ചോദ്യം … അറിയില്ലായിരിക്കാം .. അതവളുടെ മാത്രം രഹസ്യമായി ഇരിക്കട്ടെ …. വിനയ് ക്ക് അറിയില്ലല്ലോ … നമുക്കും പറയണ്ട ..

* കാവ്യ മോൾ ശബരിയുടെ വീട്ടിൽ വളരും

* ‘ 3K ‘ ആളുകൾ ‘ എന്റെ തൂലികയിൽ ‘ കഥ വായിക്കുന്നുണ്ട് എന്ന് സുക്കറണ്ണൻ എന്നോട് പറഞ്ഞു .. ഇവരെല്ലാവരും ലൈക്കോ കമന്റോ തരാത്തത് കഥ ഇഷ്ടാവാഞ്ഞിട്ടാണോ … എന്നാൽ കൊള്ളില്ല എന്നെങ്കിലും താഴെയൊരു കമന്റിടോ …

* ആദിക്കുട്ടനെ ഞാൻ കൊല്ലും എന്ന് കരുതി , കഥ വായന നിർത്തി പോയവർ വരെയുണ്ട് .. അവരെയൊക്കെ ആരേലും കണ്ടാൽ ഒന്ന് പറഞ്ഞേക്കണേ .. ഈ NB എങ്കിലും കാണിച്ചു കൊടുത്താൽ മതി ..

” ആദി കുട്ടനെ ഗർഭം ധരിച്ച് പ്രസവിച്ച് വളർത്തിയത് എന്റെ തൂലികത്തുമ്പിൽ പിറന്ന അക്ഷരങ്ങളല്ലേ … അവർക്കാ ക്രൂരത ചെയ്യാൻ കഴിയോ …”

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കുറ്റവും കുറവും എല്ലാം താഴെ വിശദമായി ഒന്ന് പറയണേ … അതൊക്കെ വായിച്ചിട്ട് തെറ്റുകൾ തിരുത്തി മറ്റൊരു കഥയുമായി അമ്മൂസ് ഈ വഴി ഇനിയും ആടുകളേയും മേച്ചു കൊണ്ട് വരാം ….

അതുവരെക്കും …. വണക്കം ….

ടാറ്റാ .. ഉമ്മ … ( ആദിക്കുട്ടന്റെ വക )

( അവസാനിച്ചു )

 

Click Here to read full parts of the novel

4.4/5 - (54 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

6 thoughts on “നന്ദ്യാർവട്ടം – ഭാഗം 39 അവസാനിച്ചു”

  1. arokke enthokke paranjalum, ittittu pyenkilum enikk ishtayi.
    enikkoru urappundarnnu shuparya vyavasyi ayi theerum ennu. eee…..
    good story keep writing.

Leave a Reply

Don`t copy text!