Skip to content

മിലൻ – Part 20

milan aksharathalukal novel

“മിലൻ ! ” അയാൾ ഞെട്ടലിൽ എഴുന്നേറ്റു,..

എന്നെ കോപംകൊണ്ട് വിറക്കുകയായിരുന്നു,… സിബി കണ്ണുനീർ തുടച്ചു, പിന്നെ എന്നെയൊന്നു നോക്കുക പോലും ചെയ്യാതെ പുറത്തേക്കിറങ്ങി, വാതിൽക്കൽ ഞാൻ ഒതുങ്ങിനിന്നുകൊടുത്തു,..

എത്രയൊക്കെ നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും മിഴിനീർ തുള്ളികൾ അനുസരണക്കേടോടെ അവളുടെ കവിൾത്തടങ്ങളിലൂടെ ഒലിച്ചിറങ്ങി,.. എന്റെ ഹൃദയം പിടയുകയായിരുന്നു,. പ്രവീണയെക്കണ്ടതും ഒരു പൊട്ടിക്കരച്ചിലോടെ സിബി അവരിലേക്ക് ചേർന്നു നിന്നു,.. അധ്യാപകരും വിദ്യാർത്ഥികളുമെല്ലാം ആശ്വസിപ്പിക്കാനായി അവളുടെ അടുത്ത് കൂടി,..

റിസീവറെ ഞാൻ കടുപ്പത്തിൽ നോക്കി,.. എന്റെ നോട്ടം കണ്ട അയാളൊന്ന് പതറിയെങ്കിലും സ്വന്തം പൊസിഷനെ ഓർത്താവണം ധൈര്യം സംഭരിച്ചു ചോദിച്ചു,..

“ഡോ തന്നോട് ഞാൻ പറഞ്ഞതല്ലേടോ, പുറത്ത് നിൽക്കാൻ,.. എന്നിട്ട് താനെന്ത് തോന്നിവാസമാ ഈ കാണിക്കണേ? ”

ഞാനയാളുടെ കോളറിന് കേറി പിടിച്ചു,

“തോന്നിവാസം കാണിച്ചത് ഞാനാണോ താനല്ലേ? ”

“ഞാൻ തന്നെ സഹായിക്കാമെന്ന് വെച്ചപ്പോൾ,. ”

“ഇനി നിങ്ങളുടെ സഹായമൊന്നും എനിക്കാവശ്യമില്ല, സഹായിച്ചിടത്തോളം മതി,.. ”

“മിലൻ !”

” ഞാനൊന്നും അറിഞ്ഞില്ലെന്ന് താൻ കരുതണ്ട,. തന്റെ രാഷ്ട്രീയവൈരാഗ്യം തീർക്കാനുള്ള ഇരകളായി താൻ ഞങ്ങളെ മാറ്റുകയായിരുന്നു !”

പിടിക്കപ്പെട്ട കള്ളനെപ്പോലെ അയാൾ നിന്ന് പരുങ്ങി, പിന്നെ എന്റെ കൈകൾ തട്ടിമാറ്റി,…

“തനിക്കെതിരെ ഞാൻ നടപടിയെടുക്കും മിലൻ !” അയാൾ ഭീക്ഷണിയായിപറഞ്ഞു,..

“എടുക്ക്, തന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്നതെല്ലാം താൻ ചെയ്യ്, പക്ഷേ ഈ മിലൻ നിങ്ങൾക്ക് മുൻപിൽ തോറ്റു തരില്ല, തോൽപ്പിക്കാനായി സിബിയെയും നിങ്ങൾക്ക് മുൻപിൽ ഇട്ടു തരില്ല,.. !”

അയാൾ ഞെട്ടലിൽ എന്നെ നോക്കി,..

“ഞാൻ പറഞ്ഞതല്ലേ നിങ്ങളോട്, സിബിക്ക് എന്നോട് പ്രേമമില്ലെന്ന്, എന്നിട്ട് താനവളോട് എന്തൊക്കെയാ ചോദിച്ചത്?”

“അത് പിന്നെ കാര്യങ്ങൾ അറിയണ്ടേ? ”

“അതിന് ഇങ്ങനാണോ ചോദ്യം ചെയ്യുന്നത്? ”

“ലുക്ക്‌ മിസ്റ്റർ, ചോദ്യം ചെയ്യേണ്ട രീതിയൊന്നും താനെന്നെ പഠിപ്പിക്കേണ്ട,… ഞാൻ വർഷങ്ങളായി ഈ ഫീൽഡിൽ, പിന്നെ തന്റെ പഠിപ്പിക്കലിന്റെ മാഹാത്മ്യം, താൻ പഠിപ്പിച്ചതിന്റെ ഗുണത്തിന്റെയാ ഇവിടെ ഇത്രയുമൊക്കെ പ്രശ്നങ്ങൾ !”

അയാളും തന്റെ ദേഷ്യം പ്രകടിപ്പിക്കാൻ തുടങ്ങി,.

“ചോദ്യം ചെയ്തതല്ലേ നിങ്ങൾ സ്റ്റുഡന്റ്സിനെ, ഈ പറയുന്ന സാജനും, സുമേഷും അല്ലാതെ വേറെയാരെങ്കിലും പറഞ്ഞോ മിലൻസാർ പഠിപ്പിച്ചതുകൊണ്ടാ ഇവിടെ ഇത്രയും പ്രശ്നങ്ങൾ ഉണ്ടായതെന്ന് !”

“നിങ്ങൾ സൂക്ഷിച്ചു സംസാരിക്കണം,..”

“സൂക്ഷിച്ചും കണ്ടും തന്നെയാ സംസാരിക്കണത് !”

“എന്റെ ഒരൊറ്റ സ്റ്റേറ്റ്മെന്റ്കൊണ്ട് തന്റെ ജോലി പോവും !”

“ആ എഴുത് സ്റ്റേറ്റ്മെന്റ്, എനിക്കാരെയും പേടിയില്ല !”

“പിന്നീട് നിങ്ങൾ ദുഃഖിക്കേണ്ടി വരും മിലൻ !”അയാൾ വാണിങ് തന്നു,.. എന്നെ വെറുപ്പിച്ചാൽ അയാളുടെ ഉദ്ദേശമൊന്നും നടക്കില്ലെന്നു കണ്ടിട്ടാവും ശാന്തത കൈവിടാതിരിക്കാൻ അയാൾ മാക്സിമം ശ്രമിച്ചു,

“ഞാനായിട്ട് തുടങ്ങിവെച്ചത് ഞാനായിത്തന്നെ അവസാനിപ്പിക്കും,.. ഇനി ഇവിടെ തുടരാൻ ഞാനാഗ്രഹിക്കുന്നില്ല !”

“മിലൻ,… നിങ്ങൾ ”

“ഇനി സിബിയുടെ അച്ഛനോട് ഫൈറ്റ് ചെയ്യാൻ മിലൻ എന്നൊരു ടൂൾ നിങ്ങൾക്ക് മുൻപിൽ ഉണ്ടാവില്ല !”

അതും പറഞ്ഞു ഞാൻ പുറത്തേക്കിറങ്ങി,.. എല്ലാവരും എന്നെത്തന്നെ നോക്കി നിന്നു,.. സ്റ്റാഫ്‌ റൂമിലേക്ക് ചെല്ലുമ്പോൾ കരഞ്ഞു കലങ്ങിയ മിഴികളുമായി സിബി എന്നെ നോക്കി,…

പതിയെ ഡ്രോ വലിച്ചു തുറന്ന്,. ആദ്യമേ എഴുതിവെച്ച റെസിഗ്നഷന്റെ എൻവലെപ് പുറത്തെടുത്തു,.. പിന്നെ ഒന്നും മിണ്ടാതെ അത് തുറന്നു ഡേറ്റും എഴുതി സൈൻ ചെയ്തു, പുറത്തേക്ക് നടന്നു,..

ഇനി ഞാൻ കാരണം, തനിക്കൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല സിബി,. താൻ സന്തോഷമായി ജീവിക്കൂ,…

*********

എന്റെ കയ്യിൽ നിന്നും റെസിഗ്നേഷൻ ലെറ്റർ ഏറ്റു വാങ്ങിയപ്പോൾ ജേക്കബ് സാറിന്റെ കൈ ഒന്ന് വിറച്ചു,.

ജേക്കബ് സാറിന്റെ മുറിയിൽ വിസിറ്റേഴ്സിനുള്ള സീറ്റിൽ കാലിന്മേൽ കാലും കയറ്റി വെച്ച് ചിന്താമഗ്നനായി റിസീവർ ഇരിപ്പുണ്ടായിരുന്നു,…

“ഞാൻ ഇറങ്ങുന്നു !”

തീർത്തും പരുക്കനായ ശബ്ദത്തിൽ അതും പറഞ്ഞയാൾ എഴുന്നേറ്റു,.

“താങ്ക് യു സാർ !” ജേക്കബ്സാർ അയാളെ യാത്രയാക്കി,.. ഗ്രൗണ്ടിൽ നിർത്തിയിട്ട പച്ച നിറമുള്ള റിസീവറുടെ അംബാസിഡർ കാർ ഐ ടി സിയുടെ ഗേറ്റ് കടന്നു പോയി,…

ജേക്കബ് സാർ ഒന്നും മിണ്ടാതെ തിരികെ തന്റെ സീറ്റിൽ വന്നിരുന്ന് എന്നെയും പിന്നെ കവറിലേക്കും മാറിമാറി നോക്കി,…

“മിലൻ താൻ ഇരിക്ക് !’

“താങ്ക് യൂ സാർ !”

ഞങ്ങൾക്കിടയിൽ ഇത്രമുഖവുരയുടെ ആവശ്യമെന്തെന്ന് ഞാൻ ചിന്തിച്ചിരിക്കെ അദ്ദേഹത്തിന്റെ ചോദ്യം വന്നു…

“മിലൻ,.. ആർ യൂ ഷുവർ? ”

“യെസ് സാർ !”

“പക്ഷേ ഇത്,.. ”

“എന്തിനാണ് സാർ,.. എന്തായാലും നിങ്ങൾ എന്നെ ഇവിടെനിന്ന് പുറത്താക്കും, അതിനു മുൻപേ ഞാനങ്ങ് ഒഴിഞ്ഞുതന്നേക്കാം,… ”

“മിലൻ,.. നിങ്ങളിതെന്തൊക്കെയാ? ഞാനിതൊക്കെ മനപ്പൂർവ്വം ചെയ്തതാണെന്നാണോ നിങ്ങൾ പറയുന്നത്? ”

“അങ്ങനെ ഞാൻ പറയില്ല സാർ,.. സത്യങ്ങളെല്ലാം എല്ലാവർക്കും അറിയാവുന്നതല്ലേ? ”

എന്റെ ചോദ്യത്തിന് മുൻപിൽ അയാൾ തലതാഴ്ത്തി,…

“നിങ്ങളെന്തായാലും റിസൈൻ ചെയ്യാൻ തീരുമാനിച്ച സ്ഥിതിക്ക് ഇവിടുത്തെ റൂൾസ്‌ ആൻഡ് റെഗുലേഷൻസിനെക്കുറിച്ച് അറിഞ്ഞേ പറ്റുള്ളൂ,.. ”

“പറഞ്ഞോളൂ സാർ !” എല്ലാം കേൾക്കാൻ തയ്യാറായി ഞാനിരുന്നു,..

“ഇവിടെ റെസിഗ്നേഷൻ ലെറ്റർ സമർപ്പിച്ചു കഴിഞ്ഞാൽ ആ വ്യക്തി,. അടുത്ത പത്തു ദിവസങ്ങൾ കൂടി ഇവിടെ ജോലി ചെയ്യേണ്ടതായുണ്ട്,. പുതിയൊരാളെ കണ്ടെത്താനുള്ള കാലയളവാണ് ഈ ദിവസങ്ങൾ,.. നിങ്ങൾ വില്ലിങ് അല്ലെ? അതല്ലെങ്കിൽ മാനേജ്മെന്റ് നിർദേശിക്കുന്ന തുക ഇവിടെ കെട്ടി വെക്കണം,. ഏതാണെന്നു വെച്ചാൽ നിങ്ങൾ തീരുമാനിച്ചോളൂ !”

എന്ത് തീരുമാനം ഞാനെടുക്കണം,. എല്ലാമവസാനിപ്പിച്ച് ഒറ്റയടിക്കു പോണോ അതോ,.. ഇനി പത്തു ദിവസങ്ങൾ കൂടി ഇവർക്കൊപ്പം ചിലവഴിച്ചിട്ട് പോണോ? എന്റെ കയ്യിലാണെങ്കിൽ പൈസ കാര്യമായൊന്നും ഇരിപ്പില്ലായിരുന്നു, അതിലേറെ ആ പത്തു ദിവസങ്ങൾ തിരഞ്ഞെടുക്കാൻ എന്നെ പ്രേരിപ്പിച്ച ഘടകം,.. അതെന്റെ സിബിയായിരുന്നു,… അത്ര ദിവസങ്ങൾ കൂടിയെങ്കിലും അവളെന്റെ കണ്മുന്നിൽ ഉണ്ടാവുമല്ലോ,…

“ഞാൻ പത്തു ദിവസം കൂടി ജോലി ചെയ്യാൻ തയ്യാറാണ് സാർ !”

എന്റെ മനസ്സ് വ്യക്തമായി വായിച്ചതുകൊണ്ടോ എന്തോ, അയാൾ പറഞ്ഞു തുടങ്ങി,..

“താൻ സ്റ്റാഫ്‌ റൂമിൽ തന്നെ ഇരുന്നാൽ മതി മിലൻ,… റിസീവറുടെ ഓർഡർ പഴയതുപോലെ തന്നെ തുടരാനാണ്,.. താൻ ക്ലാസ്സിൽ പോവേണ്ടതില്ല !”

അപ്പോൾ സ്റ്റാഫ്‌ റൂമെന്ന ജയിലിൽ എന്നെ തളച്ചിടാനാണ് ഉദ്ദേശം,… സാരമില്ല,. പത്തുദിവസം കൂടി എനിക്കിവിടെ നിൽക്കാമല്ലോ !

തൂക്കിക്കൊല്ലാൻ വിധിച്ച് പത്തുദിവസം കൂടെ ആയുസ്സ് നീട്ടിക്കിട്ടിയ പ്രതിയെപ്പോലെ ഞാൻ സന്തോഷിച്ചു,…

“പുതിയ കുറച്ചു നിർദേശങ്ങൾ കൂടിയുണ്ട് !”

“പറഞ്ഞോളൂ !” എല്ലാം കേൾക്കാൻ ഞാൻ തയ്യാറായിരുന്നു,..

അയാൾ പറഞ്ഞു തുടങ്ങി, അതിങ്ങനൊക്കെയായിരുന്നു,

1.ഞാൻ സിബിയോട് സംസാരിക്കാൻ പാടില്ല

2.സിബി സ്റ്റാഫ്‌ റൂമിൽ ഉള്ളപ്പോൾ ഞാൻ സ്റ്റാഫ്‌ റൂമിൽ ഇരിക്കാൻ പാടില്ല, സിബിയുമായി യാതൊരു വിധ സംസർഗവും പാടില്ല,..

ആ നിർദേശങ്ങൾ തീർച്ചയായും എന്റെ ഉള്ളുലച്ചു,..

“ഇതൊക്കെ സമ്മതമാണ് എങ്കിൽ ഈ മിനുറ്റ്സിൽ സൈൻ ചെയ്തിട്ട് പൊയ്ക്കോളൂ,… ”

സംസാരിക്കരുതെന്നല്ലേ പറഞ്ഞിട്ടുള്ളു, ദൂരെ മാറി നിന്ന് കാണുന്നതിന് തടസമൊന്നും ഇല്ലല്ലോ, റിസീവർ എഴുതി സീൽ ചെയ്തു വെച്ച നിർദേശങ്ങൾക്ക് കീഴിൽ മനസില്ലാമനസോടെ ഞാൻ സൈൻ ചെയ്തു,..

“ഇന്നിനി താൻ ലീവ് എടുത്തോളൂ,.. നാളെതൊട്ട് പത്തു ദിവസങ്ങൾ ആണ് കണക്കിൽ എടുക്കുന്നത് !”

“മ്മ്,.. ഓക്കേ സാർ !”

ഞാൻ എഴുന്നേറ്റു പുറത്തേക്ക് നടന്നതും വരാന്തയിൽ കുട്ടികൾ കൂടി നിൽപ്പുണ്ടായിരുന്നു,.. അവരുടെ മുഖത്തു നിരാശയും സങ്കടവും എല്ലാം ഉണ്ടായിരുന്നു,…

“ഞങ്ങളിത്രയും കഷ്ടപ്പെട്ടതെല്ലാം വെറുതെ ആയി അല്ലേ സാർ? ”

എനിക്കുത്തരമില്ലായിരുന്നു,. ഒരു കണക്കിന് നന്ദികേടല്ലേ ഞാൻ ഇവരോടൊക്കെ ചെയ്തത്? ചങ്ക് പറിച്ചുതന്നു കൂടെ നിന്ന കുട്ടികളാണ് ഒടുവിൽ എന്റെ സ്വാർത്ഥതയ്ക്ക് മുൻപിൽ, പ്രണയത്തിനും ആത്മാഭിമാനത്തിനും മുൻപിൽ ഞാനിവരെ,..

എല്ലാം മറന്ന് ഞാനെടുത്ത ഈ തീരുമാനം ഈ കുട്ടികളുടെ മുൻപിൽ എന്നിലെ അധ്യാപകനെ തോൽപിച്ചു കളഞ്ഞു,…

“ഞാൻ !” എന്റെ വാക്കുകൾ ഇടറി,…

“ആ ലെറ്റർ കൊടുക്കാൻ നേരം ഒരിക്കൽ പോലും ഞങ്ങളുടെ മുഖം സാറിന്റെ മനസ്സിൽ വന്നില്ലേ?”

മറുപടി പറയാനാവാതെ ഞാൻ തല താഴ്ത്തി നിന്നു,

“പറ സാർ? !” വീണ്ടുമവർ ചോദിച്ചു, അതവരുടെ അവകാശമാണ്, എനിക്കൊരിക്കലും അത് തള്ളിക്കളയാനോ, കണ്ടില്ലെന്ന് നടിക്കാനോ ആവില്ല !

“ഞാൻ എത്രയൊക്കെ പിടിച്ചു നിൽക്കാൻ ശ്രമിച്ചാലും, അവരെന്നെ പുറത്താക്കുമായിരുന്നു,.. ഒരു തെറ്റും ചെയ്യാതെ അത്തരത്തിലൊരു നടപടി നേരിടാൻ എന്റെ ആത്മാഭിമാനം എന്നെ അനുവദിച്ചില്ല,.. പിന്നെ ഞാനിവിടെ നിന്ന് പോകുന്നതാ എല്ലാവർക്കും നല്ലത് !”

“സാറെന്താ സാറെ ഇങ്ങനൊക്കെ പറയണത്? ”

“ഞാൻ കാരണം നിങ്ങൾ എല്ലാവരെയും വെറുപ്പിച്ചില്ലേ? ഇനിയും വേണ്ട,.. പിന്നെ ഞാൻ പോണതാ നിങ്ങളുടെ സിബി ടീച്ചറിനും ഇഷ്ടം !”

“ടീച്ചറോട് ഞങ്ങൾ ചോദിക്കാം സാറെ,. ടീച്ചർ ഇഷ്ടമാണെന്ന് ഒരു വാക്കുപറഞ്ഞാൽ ആരെതിർത്താലും ഞങ്ങൾ കൂടെയുണ്ടാവും, ഞങ്ങൾ നടത്തിത്തരും നിങ്ങളുടെ കല്യാണം !”

എല്ലാവരും ഒരേ ശബ്ദത്തിൽ പറഞ്ഞു,.. അത് അവിടെയാകെ പ്രതിധ്വനിച്ചു,…

എനിക്ക് മനസിലാകും നിങ്ങളുടെ സ്നേഹം, പക്ഷേ എനിക്കിപ്പോഴും മനസിലാവാത്തത് സിബിയെ ആണ്,.. സിബിയുടെ മനസ്സാണ്,…

“വേണ്ട, ആരും ഒന്നും ചോദിക്കണ്ട,.. ഞാനാർക്കും ഒരു ബുദ്ധിമുട്ടാകാൻ ആഗ്രഹിക്കുന്നില്ല !”

സിബികൂടി കേൾക്കാനായി അല്പം ഉച്ചത്തിലാണ് പറഞ്ഞത്,…

സിബിയുടെ അധരങ്ങളിൽ നിർവികാരത നിറഞ്ഞ ഒരു പുഞ്ചിരി വിരിഞ്ഞു,..

ഞാനൊരു തീരുമാനമെടുത്താൽ അതിൽ നിന്നും എന്നെപിന്തിരിപ്പിക്കാൻ ബുദ്ധിമുട്ടാണെന്നറിയാവുന്ന കുട്ടികൾ ഒടുവിൽ എന്റെ താല്പര്യങ്ങൾക്ക് തന്നെ വില തന്നു,.. എനിക്കൊരു കാവൽവലയം പോലെ അവരപ്പോഴും എന്റെ ചുറ്റും നിന്നു,..

**********

അങ്ങനെ എന്റെ ജീവിതത്തിലെ എണ്ണപ്പെട്ട ആ അവസാന പത്തുദിനങ്ങൾ,..

എന്നും വരാറുള്ളതുപോലെ തന്നെ കുളിച്ചു കുറിതൊട്ട് ഐ ടി സിയിലേക്ക് എന്റെ യാത്രയാരംഭിച്ചു,.

സിബിയെ പ്രണയിച്ചു തുടങ്ങിയത് മുതൽ കാവിൽ പോവുക എന്നത് എന്റെ പതിവായി മാറിയിരുന്നു,.. ഒരു നിമിഷം കണ്ണടച്ചു നിൽക്കും, അപ്പോഴെല്ലാം സിബിയുടെ മുഖം ഒന്നുമാത്രമായിരിക്കും എന്റെ മനസ്സിൽ,…

ഇന്നും അതൊന്നും തെറ്റിച്ചില്ല, കണക്ക് കൂട്ടലുകൾ എല്ലാം തെറ്റുകയാണെങ്കിലും പതിവുകളൊന്നും തെറ്റിക്കണ്ട എന്ന എന്റെ തീരുമാനത്തെ മാറ്റിമറിച്ചത് സിബി ആയിരുന്നു,..

രെജിസ്റ്ററിൽ സ്വന്തം പേരെഴുതി അവൾ സൈൻ ചെയ്തിരിക്കുന്നു,. അന്ന് സെറ്റ്സാരിയുടുത്ത് വന്നത് മുതൽ അവൾ ഇങ്ങനെ തന്നെയാണ്,…

നിർദേശപ്രകാരം സിബി സ്റ്റാഫ്‌ റൂമിലിരിക്കുന്ന ടൈമിൽ എല്ലാം ഞാൻ പുറത്തു നിൽക്കണം,.. രാവിലെ സിബിക്ക് ക്ലാസ്സ്‌ ഉള്ളത്കൊണ്ട് അവൾ ക്ലാസ്സിലേക്ക് പോയിരുന്നു,.. അതുകൊണ്ട് തന്നെ രെജിസ്റ്ററിൽ സൈൻ ചെയ്ത ശേഷം ഞാൻ സ്റ്റാഫ്‌ റൂമിലേക്ക് നടന്നു,…

ഇപ്പോൾ സഹപ്രവർത്തകരുടെയാരുടെയും മുഖത്തു എന്നോടുള്ള വെറുപ്പില്ല പകരം ഒരു സഹതാപം മാത്രം,… ആരും കൂടുതൽ ചോദ്യങ്ങളൊന്നും ചോദിച്ചില്ല,.. എന്തുകൊണ്ടോ സിബി ഇന്റെർവെല്ലിന് പോലും സ്റ്റാഫ്‌ റൂമിലേക്ക് വന്നില്ല,.. എനിക്കൊരു ബുദ്ധിമുട്ടുവേണ്ടെന്ന് കരുതിത്തന്നെയാകണം,..

അതേപോലെതന്നെ എന്നും ഉച്ച ഭക്ഷണം കഴിക്കേണ്ട സമയത്ത് പ്രവീണയെക്കൊണ്ട് ബാഗുമെടുപ്പിച്ച് രണ്ടുപേരും കൂടി എവിടേക്കോ പോകുമായിരുന്നു,.. എങ്ങോട്ടേക്കാണെന്ന് മാത്രം എനിക്ക് മനസ്സിലായിരുന്നില്ല,…

പ്രകാശിന്റെ മുഖത്ത് വിജയഭാവം,… സന്തോഷിക്കട്ടെ അയാളുടെ കൈകൾക്ക് ശക്തിയില്ലെങ്കിലും, ബുദ്ധിക്ക് കൂർമതയുണ്ട് അതാണെന്നെ ഈ അവസ്ഥയിൽ എത്തിച്ചിരിക്കുന്നത്,..

കുട്ടികൾ ഇടയ്ക്കിടെ സ്റ്റാഫ്‌ റൂമിൽ കേറി വന്ന് എന്റെ വിവരങ്ങൾ അന്വേഷിക്കുമായിരുന്നു,.. അവരുടെ സ്നേഹം എന്നിൽ വല്ലാതെ നഷ്ടബോധമുണർത്തി,..

അവരാരുംതന്നെ ക്ലാസ്സിൽ കേറുന്നില്ല എന്ന പരാതി ഉയർത്തി വീണ്ടും എന്നെ ജേക്കബ് സാർ വിളിപ്പിച്ചു,.. അതുകൊണ്ട് കുട്ടികളോട് ഞാൻ ക്ലാസ്സിൽ കയറണമെന്ന് അഭ്യർത്ഥിച്ചു,…

ഞങ്ങടെ സാർ ക്ലാസ്സിൽ ഇല്ലാത്തപ്പോൾ ഞങ്ങളെന്തിനാ ക്ലാസ്സിൽ ഇരിക്കുന്നതെന്ന മനോഭാവമായിരുന്നു അവരിലേവർക്കും,.. ഒരുവിധം കാര്യങ്ങൾ പറഞ്ഞു മനസിലാക്കി ഞാനവരെ ക്ലാസ്സിലേക്കയച്ചു,..

വെള്ളിയാഴ്ചയിൽ, എനിക്കും സിബിക്കും ഫ്രീ ആയ രണ്ട് അവറുള്ളതിനാൽ ആ ദിവസം ഉച്ചകഴിഞ്ഞു ലീവ് എടുത്ത് സിബി വീട്ടിലേക്ക് പോയി,…

സിബിയെ ഒരു നോക്ക് കാണാൻ പോലും കിട്ടാത്ത ആ ദിവസങ്ങൾ നരകതുല്യമായാണ് എനിക്ക് തോന്നിയത്,..

പത്തുദിവസം നിൽക്കേണ്ടിയിരുന്നില്ല,.. എങ്ങനെയെങ്കിലും മാനേജ്മെന്റ് നിർദേശിക്കുന്ന പണം കൊടുത്ത് ഇവിടെ നിന്ന് പോയാൽ മതിയായിരുന്നു എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ആയിരുന്നു ഓരോ അനുഭവങ്ങളും,..

പക്ഷേ ആ ദിവസങ്ങളിൽ എന്നോട് ഒന്ന് മിണ്ടാൻ പോലും മടി കാണിച്ചിരുന്ന മനോജ്‌ സാർ എന്നോട് സൗഹൃദം കൂടാൻ ശ്രമിച്ചു എന്നതായിരുന്നു ഏറ്റവും അത്ഭുതമായി എനിക്ക് തോന്നിയ കാര്യം,..

“ഡോ താനിങ്ങനെ ഇവിടെത്തന്നെ ചടഞ്ഞുകൂടിയിരിക്കാതെ പുറത്തേക്കൊക്കെ ഒന്നിറങ്ങന്നെ !”

“അതൊന്നും വേണ്ട മനോജ്‌ സാറെ,… ”

“തന്നോട് ക്ലാസ്സിൽ പോവേണ്ടന്നല്ലേ പറഞ്ഞിട്ടുള്ളു,.. പിള്ളേർക്കൊപ്പം ആ ലാബിൽ ഒക്കെയൊന്ന് ചെന്നിരിക്ക്,.. തന്റെ പിള്ളേരാണേൽ ഏത് സമയവും ഞങ്ങടെ മിലൻ സാറ് എന്നും പറഞ്ഞു കയറു പൊട്ടിക്കുവാ,.. ”

ഞാൻ വിരസമായൊന്ന് പുഞ്ചിരിച്ചു,..

“ഡോ,. തന്നെ ഇതുംപറഞ്ഞു ഒറ്റിക്കൊടുക്കാൻ ഒന്നുമല്ലട്ടോ,.. താനിവിടെ ഒറ്റകുറുക്കനെ പോലെ ഇരിക്കണ കണ്ടു പറഞ്ഞൂന്നേ ഉള്ളു !”

“വേണ്ട മനോജ്‌ സാറെ,.. എനിക്കിപ്പോൾ ഇതാ ഇഷ്ടം,.. ഇങ്ങനെ ഇരിക്കാൻ,… ”

അയാൾ പുഞ്ചിരിച്ചു,.. ഇനിയധികം ദിവസങ്ങളൊന്നും തന്നെയില്ല,.. ഒരു രണ്ടു ദിവസം കൂടി അത് കഴിഞ്ഞാൽ ഞാനിവിടെ നിന്നും തിരിച്ചു പോണം,…

“മിലൻ !” മനോജ്‌ സാർ വീണ്ടും വിളിച്ചു,…

“എന്താ സാറെ? ”

“തനിക്ക് എന്റെ എന്തെങ്കിലും ഹെൽപ് വേണമെങ്കിൽ പറയാൻ മടിക്കണ്ടാട്ടോ !”

മനോജ്‌ സാർ വലിയ രാഷ്ട്രീയപ്രവർത്തകനാണ്,.. പക്ഷേ ഞാനെന്ത് ഹെൽപ് ചോദിക്കാനാണ്,…

“ഒന്നും വേണ്ട,.. സാർ ചോദിച്ചല്ലോ അത് മതി !”

“ദേ, മിലൻ പതിവ് ജാഡ വർത്തമാനമൊന്നും വേണ്ട.. വല്യൊരു ആത്മാഭിമാനക്കാരൻ വന്നേക്കുന്നു, തനിക്ക് എന്ത് വേണമെങ്കിലും പറയടോ,.. ഞാൻ ചെയ്തു തരാം !”

എനിക്കറിയേണ്ടത് ഒന്ന് മാത്രമായിരുന്നു,.. സിബി എന്നും ഉച്ചക്ക് ബാഗുമെടുത്ത് പോകുന്നത് എങ്ങോട്ടേക്കാണെന്ന്,.. മടിയോടെ ഞാൻ മനോജ്‌ സാറിന് മുൻപിൽ കാര്യമവതരിപ്പിച്ചു,…

“ഓ ഇത്രയേ ഉള്ളു,.. ഇത് ഞാൻ ചോദിച്ചിട്ട് പറയാം,.. ”

അയാൾ ചുറ്റും നോക്കി,.. മിനി ടീച്ചർ മാത്രമേ സ്റ്റാഫ്‌ റൂമിൽ ഞങ്ങളെകൂടാതെ അപ്പോൾ ഉണ്ടായിരുന്നത്,..

“ടീച്ചറെ സിബി എവിടെ? ”

“സിബി ഉച്ച കഴിഞ്ഞു ലീവ് എടുത്തു,.. തലവേദന ആണത്രേ !”

മനോജ്‌സാർ നിരാശയോടെ എന്നെനോക്കി,..
പിന്നെ പറഞ്ഞു,..

“സാരമില്ലടോ,.. നാളെ അവളിങ്ങ് വരട്ടെ,.. ഞാൻ ചോദിക്കാമെന്നേ !”

“എന്ത് ചോദിക്കുന്ന കാര്യവാ സാറെ? “മിനി ടീച്ചർ തന്റെ സംശയം ഉന്നയിച്ചു,…

“അതൊരു കാര്യം,.. കുറച്ചു സീക്രട്ടാ !” മിനിടീച്ചർ കാര്യം മനസിലായെന്നപോലെ ചിരിച്ചു കൊണ്ട് മുഖം കുനിച്ചു,..

******

പിറ്റേന്ന് എനിക്ക് വേണ്ടി മനോജ്‌ സാർ സിബിയെ കണ്ടു,… എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു, ജനലിലൂടെ അതെല്ലാം ഞാൻ നോക്കിക്കണ്ടു, പിന്നെ സ്റ്റാഫ്‌ റൂമിൽ നിന്നും എന്നെ വിളിച്ചു പുറത്തിറക്കി,…

“എന്താ സാറെ സിബി പറഞ്ഞത്? ”

“പറയാം,… അതിനു മുൻപ് നമുക്കൊന്ന് നടന്നാലോ മിലൻ സാറെ !”

അയാളുടെ നാവിൽ നിന്നും കാര്യങ്ങൾ കേൾക്കാനായി അയാൾ പറയുന്ന എന്തുമനുസരിക്കാൻ ഞാൻ തയ്യാറായിരുന്നു,…

ഞങ്ങൾ ഐ ടി സിക്ക് പുറത്തെ വഴിയിലൂടെ പതിയെ നടന്നു,.. നാട്ടുകാരുടെ മൂർച്ചയേറിയ നോട്ടങ്ങൾ എന്റെ മേൽ തുളഞ്ഞു കേറിയിരുന്നു,.. അതെന്നെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു,… അത് മനസിലായതോണ്ടാവണം എന്റെ തോളിൽ തട്ടിക്കൊണ്ട് മനോജ്‌ സാർ പറഞ്ഞു,..

“താനീ നാട്ടുകാരുടെ നോട്ടങ്ങളെയും, ചോദ്യങ്ങളെയുമൊക്കെ ഭയപ്പെട്ട് തുടങ്ങിയാൽ പിന്നെ അതിന് മാത്രേ സമയം കാണു,… ”

“സാറെ,.. എന്താ സിബി പറഞ്ഞത്? ”

എന്റെ ചോദ്യം കേട്ട് അയാൾ പുഞ്ചിരിച്ചു,…

“പറയാം,. താൻ പക്ഷേ ഓവർ റിയാക്ട് ചെയ്യരുത് .. എല്ലാം ക്ഷമയോടെ കേൾക്കണം, സമ്മതമാണോ? !”

“ഇല്ല സാർ. അങ്ങനൊന്നും ചെയ്യില്ല,.. ഉറപ്പ് !” ഞാൻ പറഞ്ഞൊപ്പിച്ചു,..

“എടോ,.. ആ ടീച്ചർക്ക് തന്നെ ഒരുപാട് ഇഷ്ടമാണെടോ,..” അയാൾ പുഞ്ചിരിയോടെ പറഞ്ഞു,..

ഞാൻ വിശ്വസിക്കാനാവാതെ സാറിനെ നോക്കി,…

“സിബി അങ്ങനെ പറഞ്ഞോ? ” അത് ചോദിക്കുമ്പോൾ എന്റെ ശബ്ദമിടറി,…

“പറഞ്ഞില്ല,.. ”

അതെന്നെ നിരാശനാക്കി,…

“പിന്നെ? ”

“പക്ഷേ പറയാതെ പറഞ്ഞു !”

അതെന്നെ നിരാശനാക്കി,..

“അവരെന്നും ഉച്ചക്ക് ഭക്ഷണം പോലും കഴിക്കാതെ എങ്ങോട്ടാ ഈ പോണതെന്ന് തനിക്കറിയാവോ? ”

“ഇല്ല !” അതാണല്ലോ എനിക്കറിയേണ്ടിയിരുന്നതും,..

“പള്ളീലോട്ട്, തന്റെ ജീവന് വേണ്ടി മെഴുകുതിരി കത്തിച്ച് മുട്ടിപ്പായി പ്രാർത്ഥിക്കാൻ !”

കേട്ടതൊന്നും വിശ്വസിക്കാനാവാതെ ഞാൻ മനോജ്‌ സാറിനെ നോക്കി,..

“സത്യമാടോ പറയുന്നത് !എന്നും പള്ളിയിൽ പത്തു മെഴുകുതിരി വീതം കത്തിക്കാമെന്ന് നേർച്ച നേർന്നിട്ടുണ്ട് സിബി,. തനിക്കൊരാപത്തും വരാതിരിക്കാൻ ”

എനിക്ക് ശരീരം തളരുന്നത് പോലെ തോന്നി, ഞാൻ സമീപത്ത് കണ്ട കലുങ്കിൽ ഇരിപ്പുറപ്പിച്ചു,…

“സിബി,… ” എനിക്ക് ശബ്ദം പുറത്തേക്ക് വന്നില്ല,..

“താൻ സിബിയുടെ കോലം ശ്രദ്ധിച്ചോ? എന്ത് പ്രസരിപ്പോടെ നടന്ന കുട്ടിയാ, ഇപ്പോൾ ഒരുമാതിരി ക്ഷീണിച്ച് അവശയായി !”

ശരിയാണ്, മിന്നായം പോലെയാണ് പലപ്പോഴും കാണാറുള്ളതെങ്കിലും പഴയ ഊർജസ്വലത അവളിലില്ല,…

“പിന്നെ മിലൻ സിബി സാരിയുടുക്കുന്ന രീതി, അത് മാറിയിട്ടില്ലേ? ”

ഇയാളെന്തൊക്കെയാണ് പറഞ്ഞു വരുന്നത് എന്ന അർത്ഥത്തിൽ ഞാൻ മനോജ്‌ സാറിനെ നോക്കി,…

“താൻ തെറ്റിദ്ധരിക്കണ്ട,.. ഇപ്പോൾ സാരി പുതച്ചൊക്കെയാ വരാറ്,.. താൻ കാണാത്തതുകൊണ്ടാ, എടോ അവളുടെ മേത്തു മുഴുവൻ ബെൽറ്റിന് അടികിട്ടിയ പാടാണ്,.. ”

ഞാൻ അമ്പരപ്പിൽ അയാളെ നോക്കി,..

” നല്ല ഉപദ്രവമായിരുന്നു വീട്ടിൽ നിന്ന്, എന്നിട്ടും അവൾ പിടിച്ചു നിന്നു,.. ഒടുവിൽ തന്നെക്കൂടെ അവർ ഉപദ്രവിക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയപ്പോഴാ താനെഴുതിയ എഴുത്തുകൾ പോലും അവളെടുത്ത് കൊടുത്തത് !”

ഒന്ന് പൊട്ടിക്കരയാൻ കഴിഞ്ഞിരുന്നുവെങ്കിലെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു,.. ഞാൻ മുഖം പൊത്തിയിരുന്നു,..

സിബി,.. പാവം അവൾ എനിക്ക് വേണ്ടി എന്തെല്ലാം സഹിച്ചു പക്ഷേ ഈ ഞാൻ, എന്റെ നിലനിൽപ്പിന് വേണ്ടി, എനിക്ക് ജയിക്കാൻ വേണ്ടി അവളുടെ സ്നേഹത്തെ വിലകുറച്ചു കണ്ടു, ചോദ്യം ചെയ്തു,.. തെറ്റാണ് ഒരിക്കലും പൊറുക്കാനാവാത്ത തെറ്റാണ്,..

“സാറെ,.. എനിക്കിപ്പോൾ തന്നെ എന്റെ സിബിയെ കാണണം !”

ഞാൻ എഴുന്നേറ്റതും മനോജ്‌ സാർ എന്റെ കൈ പിടിച്ചു,..

“സാർ സിബി !”

“താൻ ഇപ്പോൾ എങ്ങോട്ടും പോവില്ല മിലൻ.. താനെന്നോട് പറഞ്ഞതല്ലേ? ഓവർ റിയാക്ട് ചെയ്യില്ലെന്ന്. എന്നിട്ട്? !”

“അവൾക്കെന്നോട് ഇഷ്ടമുണ്ട് മനോജ്‌ സാറെ !” എന്റെ ഹൃദയം ആനന്ദത്താൽ നിറഞ്ഞു

“ആ ഇഷ്ടം നിന്നോടവൾ പറയില്ല മിലൻ,. നിന്റെ ജീവനാ അവൾക്ക് വലുത്, നീ തൽക്കാലം അടങ്ങിയേ പറ്റു,.. നാളെ ലാസ്റ്റ് ഡേ അല്ലേ,.. എന്തെങ്കിലും വഴിയുണ്ടാക്കാം,… !”

എനിക്കെന്തോ വിശ്വാസമായില്ല,…

” തനിക്കെന്നെ വിശ്വാസമില്ലേ? ഇത്രയും ചെയ്യാൻ എന്നെക്കൊണ്ട് പറ്റുമെങ്കിൽ അതും കഴിയും !”

മനോജ്‌ സാറിന്റെ നിർബന്ധത്തിൽ ഞാൻ ഐ ടി സിയിലേക്ക് പോവാതെ നേരെ റൂമിലേക്ക് പോയി,…

********

കുറ്റബോധത്താൽ ഞാൻ വീർപ്പുമുട്ടി,.. സിബിയോടൊത്തുള്ള ഓരോ നിമിഷങ്ങളും എന്റെ ഓർമ്മയിൽ തെളിഞ്ഞു വന്നു,…

“എങ്ങനെയാണ് സിബി നിന്നോട് ഞാൻ മാപ്പ് പറയേണ്ടത്,.. സ്വാർത്ഥനായിപ്പോയി ഞാൻ,… എന്നെക്കുറിച്ച് മാത്രം ചിന്തിച്ചു,. എന്റെ ഇഷ്ടങ്ങൾ നിന്നിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചു,. പക്ഷേ നീയെന്നെ സ്നേഹിച്ചു നിസ്വാർത്ഥമായി,… വേദനകളെല്ലാം നീ സ്വയം ഏറ്റു വാങ്ങി,… ”

എത്രയൊക്കെ അടക്കിവെയ്ക്കാൻ ശ്രമിച്ചിട്ടും കണ്ണുനീർ തുള്ളികൾ നിയന്ത്രണം വിട്ട് കവിൾതടങ്ങളിലൂടെ ഒലിച്ചിറങ്ങി,…

ഇല്ല സിബി,.. നിന്റെ സ്നേഹത്തെ എനിക്കൊരിക്കലും നഷ്ടപ്പെടുത്താനാവില്ല,.. മരിക്കേണ്ടി വന്നാൽ പോലും,…

ആ രാത്രി ഒരുവിധം ഞാൻ നേരം വെളുപ്പിച്ചു,…

*******

അങ്ങനെ പത്താം ദിവസം,…

സിബി രാവിലെ എത്തിയിട്ടുണ്ടായിരുന്നില്ല, ഇനി അവൾ വരാതിരിക്കുവോ? അങ്ങനെ സംഭവിച്ചാൽ? എന്റെ ഹൃദയമിടിപ്പ് കൂടി വന്നു,..

ഇല്ല വരും, വരാതിരിക്കില്ല, വരാതിരിക്കാനാവില്ല സിബിക്ക്,. കാണണം സംസാരിക്കണം,. എന്ത് സംഭവിച്ചാലും കൂടെ കൂട്ടുമെന്നറിയിക്കണം,..

…പക്ഷേ,… സിബിയുടെ മുഖത്തേക്കൊന്ന് നോക്കാൻ പോലും യോഗ്യത നഷ്ടപ്പെട്ടവനാണെന്ന് ഞാനെന്ന് തോന്നി എനിക്ക്,..

“സിബി ഇന്നുച്ചയ്ക്ക് പോവരുത്,.. എനിക്ക് കാണണം, സംസാരിക്കണം തന്നോട് !” ഇത്രമാത്രം ഒരു വെള്ളക്കടലാസിൽ എഴുതി സിബിയുടെ സീറ്റിൽ വെച്ച് ഞാൻ പുറത്തേക്കിറങ്ങി,… നേരെ ഓഫീസിലേക്ക് നടന്നു,..

സൈൻ ചെയ്യാനായി രജിസ്റ്റർ തുറന്നപ്പോൾ എന്റെ പേരിന് നേരെ ആരോ സൈൻ ഇട്ടിട്ടുണ്ട്,.. സിബി ആവണം,.. ഒരു നിമിഷം എന്റെ കണ്ണുകൾ അതിൽ ഉടക്കി നിന്നു,…

“സൈൻ ചെയ്യുന്നില്ലേ സാറെ? ” ഫയൽസുമായി സേവ്യർ ഓഫീസിലേക്ക് കയറി വന്നു,.. ഇപ്പോൾ ബെല്ലടിക്കാൻ ആളില്ലാത്തത് കൊണ്ട് സേവ്യർ നേരത്തെ എത്തും,..

“മ്മ് !”

ഞാൻ പേന കയ്യിലെടുത്തതും സേവ്യർ ചോദിച്ചു,…

“സിബി ടീച്ചറാലെ എന്നും സാറിന്റെ ഒപ്പിടാറുള്ളത്? ”

ഞാനയാളെ ഞെട്ടലിൽ നോക്കി, ഞങ്ങൾക്ക് മാത്രമറിയാമായിരുന്ന ആ രഹസ്യം സേവ്യർ ഒടുവിൽ കണ്ടുപിടിച്ചിരിക്കുന്നു,…

“ഞാനാരോടും പറയാനൊന്നും പോണില്ല,.. സാറ് ധൈര്യമായി ഒപ്പിട്ടോ !!”

അയാൾ എന്തോ എടുത്തു വെളിയിലേക്ക് പോയി,…

ഇനിയൊരിക്കലും ഇങ്ങനൊരു ദിനം ഉണ്ടാവില്ല,. എങ്കിലും നീയെനിക്കായി നിന്റെ പേരിന്റെ ഒഴിഞ്ഞ കോളം മാറ്റി വെച്ചത് നന്നായി,.. അത് നിന്റെ ഹൃദയമാണെന്നും, നിനക്കെന്നോടുള്ള പ്രണയമാണെന്നും കരുതട്ടെ ഞാൻ,…

സിബിയുടെ പേരിന് നേരെ അവളുടെ ഒപ്പിടുമ്പോൾ എന്റെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ രെജിസ്റ്ററിലേക്ക് ഇറ്റ് വീണ് അതിൽ മഷി പടർത്തി,…

അപ്പോൾ സിബി എത്തിയിട്ടുണ്ട്, ഒരുപക്ഷേ ലാബിൽ ആയിരിക്കും,.. അതാണ് സ്റ്റാഫ്‌ റൂമിൽ ബാഗ് കാണാഞ്ഞത്,.. ഞാൻ സ്റ്റാഫ്‌ റൂമിലേക്ക് തിരികെ ചെന്നു,..

അപ്പോഴേക്കും പതിവുകൾ തെറ്റിച്ചു നേരത്തേയെത്തിയ അധ്യാപകർ എനിക്കായി ഫെയർവെൽ പാർട്ടി ഒരുക്കിയിരുന്നു,…

ചെറിയ ചെറിയ സമ്മാനങ്ങൾ അവർ എനിക്ക് നൽകി,.. വൈകിയ വേളയിലെ ഈ സ്നേഹപ്രകടനങ്ങളിൽ ജേക്കബ് സാറും, സേവ്യറും കൂടി ചേർന്നപ്പോഴും, ഇല്ലാതെ പോയത് സിബിയും പ്രകാശുമായിരുന്നു,…

എല്ലാവരും ചെയ്ത തെറ്റുകൾക്കെല്ലാം എന്നോട് മാപ്പപേക്ഷിച്ചു,…

എനിക്ക് അവരോടാരോടും യാതൊരുവിധ ദേഷ്യവും ഇല്ലെന്ന് ഞാൻ തുറന്നു പറഞ്ഞു,…

പിന്നീട്, കുട്ടികളെ കാണാനായി ഞാൻ ക്ലാസ്സിലേക്ക് ചെന്നു,.. ഇന്നെന്റെ ഇവിടത്തെ അവസാനദിവസമായത് കൊണ്ട് തന്നെ റിസീവറുടെ നിർദേശങ്ങൾ കാറ്റിൽ പറത്തി, എനിക്ക് മേലുള്ള നിയന്ത്രണങ്ങളിൽ ജേക്കബ് സാർ കണ്ണടച്ചു …

**********

“വീ വിൽ മിസ്സ്‌ യൂ സാർ ” എന്നവർ ബോർഡിൽ വലിയ അക്ഷരങ്ങളിൽ എഴുതിയിരുന്നു,.. അതിന്റെ സമീപത്ത് ചോക്ക് കൊണ്ട് വരച്ച എന്റെയൊരു ചിത്രവും,…

ഉള്ളിലേക്ക് കയറിയപ്പോൾ എന്റെ കാലുകൾ വിറച്ചു,. അന്ന് ആദ്യമായി ഈ ക്ലാസ്സിലേക്ക് കയറിയപ്പോൾ ഇതേ അനുഭവം തന്നെയാണ് ഉണ്ടായത്,… അന്നത് എങ്ങനെ ഇവിടെ പിടിച്ചു നിൽക്കുമെന്നോർത്തുണ്ടായ ടെൻഷനിൽ ആയിരുന്നെങ്കിൽ ഇന്നത്, എങ്ങനെ ഇവരെപ്പിരിഞ്ഞു പോകുമെന്നുള്ള ടെൻഷനിൽ ആണ്,..

ഞാൻ കയറി ചെന്നതും ബഹുമാനത്തോടെ എല്ലാവരും ഒന്നെഴുന്നേറ്റെങ്കിലും നിശ്ശബ്ദരായിത്തന്നെ സീറ്റിൽ ഇരുന്നു,…

എങ്ങനെ തുടങ്ങുമെന്നറിയാതെ ഞാൻ നിന്നു,… ഞാൻ ചോക്ക് എടുത്തു അവർ കുറിച്ചതിന് താഴെ ഇങ്ങനെ കുറിച്ചു,…

“സ്നേഹം മാത്രം !”

“എന്നിട്ടാണോ സാർ ഞങ്ങളെ വിട്ട് പോണത്? ”

ആദ്യത്തെ ചോദ്യം,..

“ചിലരുടെ സ്നേഹം അങ്ങനെയാ തീവ്രമായിരിക്കും, എന്നാൽ അനുഭവിക്കാൻ വിധിയുണ്ടാവില്ല !”

ഉള്ളിൽ തോന്നിയത് പറഞ്ഞതാണെങ്കിലും, ദൈവം അയച്ചത് പോലെ സിബി അപ്പോൾ വരാന്തയിലൂടെ നടന്നു പോയി,.. കേട്ടിട്ടുണ്ടാവണം അതാവും നടത്തത്തിന്റെ സ്പീഡ് കുറച്ചത്,…

“സാർ !”

അവർ ഉറക്കെ വിളിച്ചു,… ഞാൻ ഞെട്ടലോടെ ചിന്തകളിൽ നിന്നുമുണർന്നു,… അവരും കണ്ടിരുന്നിരിക്കണം സിബിയെ,…

“സാറിന്റെ സ്നേഹത്തിന് പകരം ഞങ്ങളെന്താ തരേണ്ടത്? ”

ഞാൻ എല്ലാം മറന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു,…

“ഒന്നും വേണ്ടടോ,. ഞാൻ ശരിക്കും നിങ്ങളുടെ ഈ സ്നേഹത്തിന് പോലും അർഹനല്ല !”

“രാവിലെ ടീച്ചേഴ്സ് ഒക്കെ എന്തൊക്കെയോ കാര്യമായി തന്നിട്ടുണ്ടല്ലോ, അപ്പോൾ ഞങ്ങളും എന്തെങ്കിലും ഒക്കെ തരണ്ടേ ഓർത്തിരിക്കാൻ ”

“നിങ്ങളെ അങ്ങനെ മറക്കാൻ എന്നെക്കൊണ്ടാവോ? ”

“ഇല്ലെന്നറിയാം എങ്കിലും ഞങ്ങളുടെ വക സാറിനൊരു ചെറിയ ഗിഫ്റ്റ് ഉണ്ട് !” അനിൽ കുമാർ എഴുന്നേറ്റു,.. അവൻ ഒരു ചെറിയ കവർ എടുത്ത് എനിക്ക് നേരെ നീട്ടി,…

“എന്തായിത്? ”

“തുറന്ന് നോക്ക് !”

ഞാൻ കവർ തുറന്നതും, ഓരോരുത്തരും എഴുന്നേറ്റ് വരിവരിയായി എന്റെ അരികിലേക്ക് വന്നു,… അവരുടെ കൈകളിലും അത്തരം കവറുകൾ ഉണ്ട്,….

ഞാൻ മടക്കിയ പേപ്പർ നിവർത്തി,.. അതവരുടെ എക്സാം റിസൾട്ടിന്റെ കോപ്പി ആയിരുന്നു,.. എല്ലാവരും വിജയിച്ചിരിക്കുന്നു,…

എന്റെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു,…

“ഞങ്ങൾക്ക് സാറിന് തരാവുന്ന ഏറ്റവും വലിയ ഗിഫ്റ്റ് അത് ഇതാണ് !”

അവരുടെ സ്നേഹത്തിന് മുൻപിൽ എന്റെ കണ്ണുകൾ നിറഞ്ഞു,…

“അയ്യേ,.. ഇതെന്താ മിലൻ സാറ് കരയുവാണോ? ”

എല്ലാവർക്കുമൊപ്പം ഞാനും ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കി,.. പുഞ്ചിരിയോടെ ക്ലാസ്സിലേക്ക് കയറിവന്ന ആളെക്കണ്ട് ഞാനൊന്ന് ഞെട്ടി,…

(തുടരും )

Click Here to read full parts of the novel

2.7/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!