Skip to content

മിലൻ – Part 22

milan aksharathalukal novel

“ഞാനപ്പോൾ ആത്മാർത്ഥമായി ആരെയും പ്രണയിച്ചിട്ടേ ഇല്ലന്നാണോ ഐഷു നീ പറയണത്? ”

ഞാൻ ഐഷുവിനെ നോക്കി,..

“ആത്മാർത്ഥമായി പ്രണയിച്ച ഒരാളെ മറക്കാൻ എങ്ങനാ അനു പിന്നെ പറ്റുക? ”

“നീ ആരെക്കുറിച്ചാ പറയണത്? ”

“ആരെക്കുറിച്ചാണെന്ന് നിനക്കിത് വരെ മനസിലായില്ലേ? ”

“ഇഷാനെക്കുറിച്ചാണെങ്കിൽ എനിക്ക് കേൾക്കാനൊട്ടും താല്പര്യമില്ല !” ഞാൻ മുഖം തിരിച്ചു..

ഐഷു എന്റെ കൈകളിൽ മുറുകെ പിടിച്ചു,.

“മതി നിന്റെയീ ഒളിച്ചോട്ടം, എത്ര കാലം നീയിങ്ങനെ സ്വയം വേദനിപ്പിക്കും? ”

“ക്യാൻ യൂ പ്ലീസ് സ്റ്റോപ്പ്‌ ദിസ്‌ !” എന്റെ ശബ്ദമുയർന്നു,..

“ഇല്ല, നിർത്തില്ല, ആരോടാ അനു നിന്റെ ഈ വാശിയും ദേഷ്യവുമൊക്കെ? മിലൻ സാറിന്റെ കഥ കേട്ടതും ഇത്രയും ഇമോഷണൽ ആയ നിന്റെ മനസ്സിൽ ഒരിക്കൽ പോലും ഇഷാൻ കടന്നു വന്നില്ലേ? ആ പ്രണയം നിനക്കൊട്ടും മിസ്സ്‌ ചെയ്തില്ലേ? ”

“ഇല്ല,..” ഉറപ്പോടെ അത് പറയുമ്പോഴും എന്റെ ശബ്ദമിടറി,..

“ഓ, അങ്ങനാണോ? ഇനിയും എനിക്ക് ഒന്നും ഒരു പ്രശ്നവും ഇല്ലെന്ന് പറഞ്ഞ് അഭിനയിക്കാൻ ആണെങ്കിൽ ആയിക്കോ,. ഞാൻ ഇടപെടുന്നില്ല !”

ഐഷു ദേഷ്യത്തിൽ പുറത്തേക്കിറങ്ങിപ്പോയി,..

ഒരു ശില കണക്കെ ഞാനവിടെ നിന്നു,. മനസ്സിൽ തിരമാലകൾ ഒന്നടങ്കം ആഞ്ഞടിച്ചൊരു സുനാമിക്ക് ഒരുക്കം കൂട്ടുകയായിരുന്നു,.

*****—*****

“ഹലോ സാർ, ഇട്സ് മി, അനുപമ,. അനുപമ മേനോൻ ”

“ഓ, അനുപമ, വാട്സ്ആപ്പ്? “ബട്ടർഫ്ലൈ പബ്ലിക്കേഷൻസിന്റെ ചീഫ് എഡിറ്റർ സാജൻ മാത്യു സാർ,.. ഞാൻ കോഴ്സ് കഴിഞ്ഞു കുറച്ചു കാലം ഇവിടെ ഇന്റേൺ ആയി വർക്ക്‌ ആയിരുന്നു,..

“ഫൈൻ സാർ,. !”

“അനുപമ വിളിച്ച കാര്യം പറയൂ !” ശബ്ദത്തിന് ഗൗരവമേറിയതുപോലെ തോന്നി,..

തെല്ലൊരു മടിയോടെ സാറിന് മുൻപിൽ ഞാൻ ബുക്ക്‌ പബ്ലിഷ് ചെയ്യുന്ന കാര്യമവതരിപ്പിച്ചു,.

“അനുപമ,.. ഞാനേ, അൽപ്പം തിരക്കിലാണെ, കുറച്ചു കഴിഞ്ഞ് അങ്ങോട്ടേക്ക് വിളിക്കാം,.. ”

നിരാശ മറച്ചു ഞാൻ അയാൾക്ക് നന്ദി പറഞ്ഞു,”ഓക്കേ,.. താങ്ക് യൂ സാർ !”

ഇനി വിളിക്കില്ല എന്ന കാര്യം നൂറു ശതമാനം ഉറപ്പാണ്,. എങ്കിലും ആദ്യത്തെയത്ര അപമാനം തോന്നിയില്ല,. കാരണം സാർ കോൾ അറ്റൻഡ് എങ്കിലും ചെയ്തല്ലോ,

മറ്റു പലരിൽ നിന്നും ഇതിലും മോശമായ അനുഭവമായിരുന്നു,.

ഞാൻ ടേബിളിൽ ഇരിക്കുന്ന ഫയലിലേക്ക് നോക്കി,.. ഇനി മിലനും വെളിച്ചം കാണാതെ തട്ടിൻപുറത്തിരിക്കാനാവും വിധി,…

അറിയാതെ എന്റെ മിഴികൾ നിറഞ്ഞു തുളുമ്പി,.

*****

“മോളെന്താ ഉറങ്ങുവാണോ? ”

“ഇല്ലച്ഛാ, വെറുതെ ഒന്ന് കിടന്നൂന്നെ ഉള്ളു !” ഞാൻ കട്ടിലിൽ എഴുന്നേറ്റിരുന്നു,..

ലൈറ്റ് ഇട്ടതും ഞാൻ മുഖം മറച്ചു,..

“എന്തെ, സുഖമില്ലേ? ”

“ഹേയ് കുഴപ്പമൊന്നുമില്ല അച്ഛാ,.. ” മുഖം തുടച്ചുകൊണ്ട് ഞാൻ പറഞ്ഞു,.

“മോള് കരഞ്ഞോ? ” അച്ഛനെന്റെ അരികിൽ വന്നിരുന്നു,.

“ഇല്ലാലോ !”

“ദേ എന്നോട് കള്ളം പറയാൻ നിക്കരുത്ട്ടോ, പറ എന്താ പുതിയ പ്രശ്നം? !”

“ഒന്നൂല്ല !”

“ഞങ്ങളെ ഇത്ര അകറ്റി നിർത്താൻ മാത്രം ദൂരത്തിലായിപ്പോയോ മോളെ നിനക്ക് ഞങ്ങൾ? ”
ആ വാക്കുകൾ എന്റെ ഹൃദയത്തിൽ ആഞ്ഞു തറച്ചു,.

“അയ്യോ അങ്ങനൊന്നുമില്ല അച്ഛാ !”

“എന്നാൽ പിന്നെ പറ, എന്താ മോൾടെ പ്രശ്നം? ”

“അച്ഛന്റെ മോള് തോറ്റു പോയി,… ” ഞാൻ പൊട്ടിക്കരഞ്ഞു, അച്ഛനെന്നെ ചേർത്തു പിടിച്ചു,..

“അയ്യേ,.. കരയാണോ അച്ഛന്റെ കുട്ടി? ഇത്രേം ധൈര്യേ ഉള്ളോ നിനക്ക്? ”

“ഞാനെന്ത് ചെയ്യാനാ അച്ഛാ,. ആരും എന്നെ വിശ്വസിക്കുന്നില്ല, ഓരോരോ കാരണങ്ങൾ പറഞ്ഞൊഴിവാക്കാ,.. ”

“എന്തൊഴിവാക്കിയെന്നാ? ”

അച്ഛന് മുൻപിൽ ഉണ്ടായ കാര്യങ്ങൾ ഞാൻ അവതരിപ്പിച്ചു,..

” ഇനി ഞാൻ എഴുതുന്നില്ല !”

“ഓഹോ,. ഇത് തന്നെയാണല്ലോ കുറച്ചു കാലം മുൻപ് പറഞ്ഞത്,.. എന്നിട്ടാ ടേബിളിൽ ഇരിക്കുന്നതെന്താ? ”

അമ്മയാണ്,.. സാധരണ ഞങ്ങളുടെ സംസാരങ്ങളിലേക്ക് അമ്മ എത്തി നോക്കാത്തതാണ്,.. അഥവാ വന്നാലും എന്തെങ്കിലും ഉടക്കിടും,.. ഇന്നിനി എന്താണാവോ പറയാൻ പോണത്?

“പറയുമ്പോൾ നിന്നെക്കൊണ്ട് പറ്റുന്ന എന്തെങ്കിലും കാര്യം പറയണം,. അല്ലാതെ,.. ”

“ഞാൻ സീരിയസ് ആയിത്തന്നെയാ പറഞ്ഞത്,.. ഇനി ഞാൻ എഴുതുന്നില്ല,.. ”

അച്ഛന്റെയും അമ്മയുടെയും ഗൗരവമാർന്ന മുഖത്ത് പെട്ടന്ന് ചിരി പൊട്ടി,..

“നിങ്ങളെന്തിനാ ചിരിക്കണേ? ് !”

“എങ്ങനെ ചിരിവരാതിരിക്കും, അല്ലേ സുമി? ”

“അതേയതേ, ആര് എഴുത്ത് നിർത്തുമെന്നാ പറഞ്ഞത്? നീയ്,.. ”

ഞാൻ ഇത്ര ഇമോഷണൽ ആയിട്ടൊരു കാര്യം പറഞ്ഞപ്പോൾ രണ്ടെണ്ണം കൂടെയിരുന്നു ചിരിക്കുന്നു,..

“അച്ഛാ !”

ഞാൻ അൽപ്പം പിണക്കത്തിൽ വിളിച്ചു,.

“ഓ,.. എന്തോ !”

“ഇതോണ്ടാ ഞാനൊന്നും പറയാത്തത്!”

“ശരി ചിരിക്കുന്നില്ല, എന്നിട്ട് ഭാവി തീരുമാനം എന്താ? ”

“നിങ്ങളുടെ ഒക്കെ ആഗ്രഹം പോലെ സെറ്റിൽ ആവാം!”

ദേ വീണ്ടും ചിരിക്കുന്നു,..

“ഉറപ്പാണല്ലോല്ലേ? ”

“ഹാ !”

“എന്നാ പിന്നെ കൃഷ്ണേട്ടാ, ജാനകിയേടത്തി പറഞ്ഞ ആലോചന നമുക്കങ്ങ് പ്രൊസീഡ് ചെയ്താലോ !”

“ഓ, അതിനെന്താ, എന്നാൽ പിന്നെ നീ ജാനകി ചേച്ചിയെ വിളിച്ചു പറഞ്ഞേക്ക് !”

എന്റെ ഉള്ളിൽ കൊള്ളിയാൻ മിന്നി,..

“അത് പിന്നെ,..ഇത്ര പെട്ടന്ന് ! ” ഞാൻ വിക്കി,.

“മോളല്ലേ പറഞ്ഞത്, ഞങ്ങളുടെ ആഗ്രഹം പോലെ സെറ്റിൽ ആയിക്കോളാമെന്ന് !”

“പക്ഷേ, . ” ഞാൻ നിസ്സഹായതയോടെ അവരെ നോക്കി,.

“എന്തേ,. നീ വല്ല ചെക്കനേം കണ്ടു വെച്ചിട്ടുണ്ടോ? ”

“അയ്യോ ഇല്ല,..”

“അപ്പോൾ അന്ന് വന്ന ആ ഹിന്ദിക്കാരൻ ഏതാ? ”

ദൈവമേ ഇഷാന്റെ കാര്യം,..

“ഏത് ഹിന്ദിക്കാരൻ !”

“എന്താ കൃഷ്ണേട്ടാ അവൻ പേര് പറഞ്ഞത്? ”

“ഇവളുടെ കൂടെ വർക്ക്‌ ചെയ്ത ആ പയ്യനല്ലേ? ”

“ആ അത് തന്നെ !”

“ഇഷാൻ അങ്ങനെന്തോ ആണ് !”

അപ്പോൾ ഇവരെല്ലാം അറിഞ്ഞതാണ്,. എന്തൊക്കെയാണാവോ പറഞ്ഞത്,.. അറിഞ്ഞ സ്ഥിതിക്ക് ഇനിയൊന്നും മറച്ചു വെക്കണ്ട !

“അതൊന്നും ശരിയാവൂല്ല,.. ഞങ്ങൾ ബ്രേക്ക്‌ അപ്പ്‌ ആയതാ !”

“അമ്പടി, അപ്പോൾ അവനുമായി നീ പ്രേമത്തിൽ ആയിരുന്നൂല്ലേ? ”

അടിപൊളി അപ്പോൾ രണ്ടാളും വെറുതെ ഇട്ട് നോക്കിയതാണ്,.. ഞാനാണേൽ അതിൽ കേറി കൊത്തുകയും ചെയ്തു,..

“രണ്ടാളും ഒന്ന് നിർത്താവോ, വേറെന്തൊക്കെ പറയാനുണ്ട് !”

രണ്ടു പേരും പരസ്പരം നോക്കി,..

” എന്നാ കൃഷ്ണേട്ടാ, ഞാനൊരു കഥ പറയാം !”

അമ്മക്കിതെന്ത് പറ്റി? കഥയോ?

“ഇവള് പറയുന്ന പോലൊന്നും ആവൂല്ല, എങ്കിലും ഒന്ന് ട്രൈ ചെയ്തു നോക്കാം !”

“നീ ട്രൈ ചെയ്യ് സുമി ! എങ്ങനുണ്ടെന്ന് നോക്കട്ടെ ”

തലക്കാകെ വട്ടു പിടിച്ചിരിക്കുമ്പോൾ തന്നെ കഥ പറയണം,.. ഈയിടെയായി ഈ കപ്പിൾസ് വല്ലാതെ ഫണ്ണി ആവാറുണ്ട്,.. ആ കഥയെങ്കിൽ കഥ,.. കേട്ടിരിക്കാം,…

“കിളികളുടെ കഥയാണേ !”

ഞാനെന്താ എൽ കെ ജി കുട്ടിയോ കിളിയുടെ കഥ പറയാൻ,..

“അതെന്തെങ്കിലുമൊക്കെ ആയിക്കോട്ടെ സുമി,.. നീ പറയ് !”

“മ്മ്, അപ്പോൾ സ്റ്റാർട്ട്‌,.. പണ്ട് ഒരിടത്ത് ഒരു ആൺകിളിയും പെൺകിളിയും ഉണ്ടായിരുന്നു !”

ബെസ്റ്റ്, പതിവ് ക്ളീഷേ,…

” ഏറെ താമസിയാതെ അവർക്കിടയിലേക്ക് ഒരു കുഞ്ഞിക്കിളി കൂടെ കടന്നു വന്നു !”

“അല്ലമ്മേ ഒരു മിനിറ്റ്, ഈ പക്ഷികൾക്കും മൃഗങ്ങൾക്കുമൊക്കെ മൂന്നോ നാലോ ഒക്കെ കുഞ്ഞുങ്ങൾ കാണൂല്ലേ? ”

“അത് നീ സയൻസ് ശരിക്ക് പഠിക്കാത്തോണ്ടാ, കൃഷ്ണേട്ടാ ഇവളോട് മിണ്ടാതിരിക്കാൻ പറ, എന്റെ ഫ്ലോ പോകുന്നു,.. ”

അച്ഛൻ എന്നെ ശാസനയോടെ നോക്കി,. ഞാൻ ചിരിയടക്കി, അമ്മ ഇത്രയും ഫണ്ണി ആണെന്ന് ഇത്രയും കാലവും ഞാൻ അറിഞ്ഞിരുന്നില്ല,..

“ഓക്കേ, സോറി, ഇനി മിണ്ടൂല്ല,.. കണ്ടിന്യൂ,… ”

“വളരെ ഓമനത്വമുള്ള ഒരു പെൺകുഞ്ഞ്, അങ്ങനെ അവൾ വലുതായി വലുതായി വന്നു,..

പരന്നു കിടക്കുന്ന ആകാശത്തിന്റെ ആഴങ്ങൾ അവൾ സ്വപ്നം കണ്ടു,. തന്റെ കുഞ്ഞിച്ചിറകടിച്ച് ദൂരേക്ക് പറക്കാൻ അവൾ കൊതിപൂണ്ടു,..

എന്നാൽ അവിടെ അവളെക്കാത്തിരിക്കുന്ന അപകടങ്ങളെ ഓർത്ത് ഭയപ്പെട്ട അമ്മക്കിളി
അവളെ പലപ്പോഴും തടഞ്ഞു,.. ”

“സുമി,. ബാഹുബലി !”

“മോള് നിർത്തീപ്പോൾ അച്ഛനായി,.. ഇങ്ങനാണേൽ ഞാൻ പറയുന്നില്ല,.. ”

“അച്ഛാ,.. പ്ലീസ് പ്ലീസ്,.. അമ്മ പറയട്ടെ !”

“ആ പറയ്, ഞാനും മിണ്ടണില്ല !”

“ദിവസങ്ങൾ ചെല്ലുംതോറും തന്റെ ആഗ്രഹങ്ങൾക്ക് വിലങ്ങുതടിയായ അമ്മക്കിളിയിൽ നിന്നുമവൾ അകന്നു കൊണ്ടിരുന്നു,.

ഒടുവിൽ അവൾ പറക്കാൻ പഠിച്ചു , ചിറകുകൾക്ക് ബലം വെച്ച അവൾ, തനിക്ക് നേരെ ഉയർന്ന എല്ലാ എതിർപ്പുകളെയും അവഗണിച്ചു താൻ സ്വപ്നം കണ്ട ആകാശം തേടി ദൂരേക്ക് പറന്നു,.. അവിടെ അവൾ സ്വപ്നം കണ്ടിടത്തേക്കെല്ലാം തന്റെ കഴിവ് കൊണ്ടവൾ പറന്നു,..

തന്റെ ഇണക്കിളിയെ കണ്ടെത്തിയവൾ പുതിയൊരു ഒരു മരക്കൊമ്പിൽ കൂടു കൂട്ടി,. പിന്നെ അതായി അവളുടെ ലോകം,. പക്ഷേ പെട്ടന്നൊരു ദിവസം ഉണ്ടായ കൊടുംകാറ്റിൽ ആ കൂട് തകർന്നു നിലത്ത് വീണു,.. അവളുടെ ഇണക്കിളി പറന്നു ദൂരെയകന്നു,.. മുറിവേറ്റ അവൾ ചിറകടിച്ചു കരഞ്ഞു,..

അമ്മക്കിളിയെയും അച്ഛൻകിളിയെയും മകളുടെ ഈ അവസ്ഥ തളർത്തി, അവളെ സംരക്ഷിക്കാനായി അവർ പറന്നെത്തി, എന്നാൽ അവർക്കൊപ്പം മടങ്ങിപ്പോരാൻ അവൾ തയ്യാറായില്ല,..

കുറച്ചു കാലങ്ങൾക്ക് ശേഷം അവൾ അവിടേക്ക് മടങ്ങിയെങ്കിലും പഴയ കൂട് അവൾക്ക് മടുത്തതിനാലാവണം, അവരിൽ നിന്നുമകന്നവൾ മറ്റൊരു കൂട്ടിൽ ഇടം തേടി,.

ആ കൂട്ടിൽ അവൾക്കൊപ്പം വേറെയും കിളികൾ ഉണ്ടായിരുന്നു, അതിലെ ഒരു ദേശാടനക്കിളി, അവളെ മറന്ന് തുടങ്ങിയ ആ പഴയ സ്വപ്നങ്ങളെക്കുറിച്ചോർമ്മിപ്പിച്ചു,. പിന്നെ പറന്നു ദൂരെയകന്നു,…

കയ്യെത്തും ദൂരെ തന്റെ സ്വപ്നങ്ങളുണ്ടായിട്ടും, ദിശയെവിടേക്കെന്നറിയാതെ ഇപ്പോഴും അവൾ ചിറകടിച്ചുകൊണ്ടേ ഇരിക്കുകയാണ്,… ”

അമ്മ പറഞ്ഞു നിർത്തി ഞങ്ങളെ നോക്കി,.. നിറകണ്ണുകൾ തുടച്ചുകൊണ്ട് ഞാൻ അമ്മയെ നോക്കി, ആ മിഴികളും നിറഞ്ഞിരുന്നു,..

സ്വന്തം ലക്ഷ്യങ്ങൾ തേടി പറന്നകന്ന ആ കുഞ്ഞിക്കിളി മനസിലാക്കാതെ പോയ കാര്യങ്ങളെല്ലാം ഹൃദയത്തിൽ തട്ടുകയാണ്,. കുറ്റബോധം ഉണ്ടാക്കുകയാണ്,…

“അയാം സോറി മാ !”

ഞാനമ്മയെ ദൃഢമായി ആലിംഗനം ചെയ്തു,.

“എന്റെ മോളുടെ നേട്ടങ്ങളിലെല്ലാം അമ്മ സന്തോഷിച്ചിട്ടേ ഉള്ളൂ, എതിർത്ത കാര്യങ്ങളൊക്കെയും മോളുടെ നന്മയെ കരുതി മാത്രമാ !”

അച്ഛൻ മാറി നിന്നു കണ്ണുകൾ തുടച്ചു,. എത്ര മനോഹരമായ ചുരുങ്ങിയ വാക്കുകളിലാണ് അമ്മയെനിക്കെന്റെ ജീവിതം പറഞ്ഞു തന്നത്, തെറ്റുകൾ ബോധ്യപ്പെടുത്തി തന്നത്,..

എപ്പോഴും എല്ലായിടത്തും ഞാൻ എന്നെക്കുറിച്ച് മാത്രമേ ചിന്തിച്ചിരുന്നുള്ളു, ചുറ്റും നിൽക്കുന്നവരുടെ മനസെന്തെന്ന് മനസിലാക്കാൻ ഒരിക്കൽ പോലും ശ്രമിച്ചില്ല,..

“തോറ്റു പോയി, അല്ലെങ്കിൽ തളർന്നു എന്നൊക്കെ സ്വയം വിചാരിച്ചു കഴിഞ്ഞാൽ പിന്നെ ചെയ്യുന്ന കാര്യങ്ങളെല്ലാം പരാജയങ്ങളാവും,.. ഒരാളുടെ തോൽവിയും ജയവുമൊക്കെ നിശ്ചയിക്കുന്നത് അയാളുടെ മനസാണ് ! തോൽക്കില്ല എന്നൊരാൾ മനസ്സിൽ ഉറപ്പിച്ചാലുണ്ടല്ലോ, സാക്ഷാൽ സർവ്വേശ്വരന് പോലും അവരെ തോൽപ്പിക്കാനാവില്ല,… ”

ഞാൻ മറുപടി പറഞ്ഞില്ല,.. അമ്മയുടെ ചിറകിനടിയിലെ സുരക്ഷിതത്വത്തിൽ ഞാൻ സംതൃപ്തയായിരുന്നു,..

അമ്മയുടെ വാത്സല്യത്തിന്റെ തലോടലേറ്റ് ഞാനാ മടിയിൽ കിടന്നു,.. ഒരുപാട് കടങ്ങൾ ബാക്കിയുണ്ട് ഇവരോട്,.. ഇങ്ങനെയെങ്കിലും അതൊക്കെ വീട്ടണ്ടേ,.. ഒരുപക്ഷെ സിബി മിസ്സും ചിന്തിച്ചത് ഈ കടപ്പാടിനെ കുറിച്ച് തന്നെയാവും,..

വേണെങ്കിൽ മിസ്സിന് ഇറങ്ങിപ്പോകാമായിരുന്നു, പക്ഷേ മിസ്സിനെ പിടിച്ചു നിർത്തിയ ഫാക്ടർ അതൊരു പക്ഷേ മാതാപിതാക്കളോടുള്ള സ്നേഹവും കടപ്പാടുമായിരിക്കണം,..

“അല്ല കൃഷ്ണേട്ടാ, നിങ്ങളുടെ പരിചയത്തിൽ ഒരു പബ്ലിഷേഴ്‌സും ഇല്ലേ?

“ഞാനും അത് തന്നെയാ ആലോചിച്ചുകൊണ്ടിരുന്നത്,.. ഒരു തോമസ് വർക്കി ഉണ്ട്,.. ആള് കോളേജിൽ എന്റെ സീനിയർ ആയി പഠിച്ചതാ.. ”

“തോമസ് വർക്കിയോ? ”

“മ്മ്, അവന്റെ ഒരു പ്രെസ്സ് ഉണ്ട്,.. ആദ്യകാലങ്ങളിൽ ഒരുപാട് അച്ചടികൾ ഉണ്ടായിട്ടുള്ളതാ,.. ഒരു ആരോമ പബ്ലിക്കേഷൻസ് !”

“ആ, ഞാൻ പണ്ട് വായിച്ചിട്ടുണ്ട്,.. ഇപ്പോൾ ഒന്നും കേൾക്കാനില്ലല്ലോ!”

“അതേ നിർത്തിയോ എന്നൊരു സംശയം,.. അവന്റെ അപ്പന്റെ ആയിരുന്നേ !”

“എന്തായാലും ഒന്ന് അന്വേഷിച്ച് നോക്ക് കൃഷ്ണേട്ടാ,.. ”

“നോക്കാം,.. ”

ആദ്യമായിട്ടാണ് അമ്മയിൽ നിന്നും ഇത്രയും സപ്പോർട്ട് കിട്ടുന്നത്,..

“മോള് വിചാരിക്കുന്നത്ര വലിയ പ്രെസ്സ് ഒന്നുമല്ലട്ടോ, എങ്കിലും ഒന്ന് നോക്കി നോക്കാം അത്രയേ ഉള്ളു,. ? ”

അച്ഛന്റെ ഏതോ സുഹൃത്ത് വഴി,. ഞങ്ങൾ തോമസ് അങ്കിളിന്റെ നമ്പർ സംഘടിപ്പിച്ചു,..

ഞാനും അച്ഛനും കൂടിയാണ് കാണാൻ പോയത്,..

*****—-*****

“ഓ ഇതാണോ തന്റെ മോള്? !”

“അതേ,.. അനുപമ, പിന്നെ ആളൊരു കൊച്ച് എഴുത്തുകാരിയാട്ടോ,.. ”

“എനിക്കറിയാടോ,.കൊച്ചാണെങ്കിലും ആ എഴുത്തുണ്ടല്ലോ,.. ആ വാക്കുകളുടെ ആഴമൊക്കെ ഇല്ലേ,.. അതി ഭീകരം !”

അങ്കിൾ എന്റെ ബുക്ക്‌ വായിച്ചിട്ടുണ്ട് എന്നത് എനിക്ക് അഭിമാനമായി തോന്നി, അപ്പോൾ അങ്കിളും പ്രശ്നങ്ങൾ എല്ലാം അറിഞ്ഞു കാണും,.. അപ്പോൾ ഇപ്പോ തന്നെ വണ്ടി തിരികെയിറക്കുന്നതാവും നല്ലത്,..

“താങ്ക് യൂ അങ്കിൾ !”

“വെരി ഗുഡ്,.. കീപ് റൈറ്റിങ് !”

ഞാൻ അച്ഛനെ നോക്കി,.. അർത്ഥം മനസിലായിട്ടെന്നപോലെ അച്ഛൻ കാര്യം അവതരിപ്പിക്കാൻ തയ്യാറെടുത്തു,..

“ഈ മിടുക്കി തന്റെ മോളാണ് എന്നറിയില്ലായിരുന്നു കേട്ടോ ”

അച്ഛന്റെ തല അല്പമൊന്നുയർന്നു,..

“ഇടക്ക് എന്തൊക്കെയോ വിവാദങ്ങളിൽ ഒക്കെ പെട്ടില്ലാരുന്നോ? ”

എന്റെയും അച്ഛന്റെയുമെല്ലാം ആവേശം ഒറ്റയടിക്ക് കെട്ടടങ്ങി,..

“സാരമില്ല,.. മാങ്ങയുള്ള മാവിലെ, ആളുകൾ കല്ലെറിയൂ !”

അത് കേട്ടതും എന്റെ കിളി പോയി,.. അപ്പോൾ മാറി ചിന്തിക്കുന്നവരും ഒരുപാടുണ്ട്,..

“ഞങ്ങള് വന്നതെന്താച്ചാൽ, മോള് പുതിയൊരു ബുക്ക്‌ എഴുതിയിട്ടുണ്ട്, ഈ ഒരു പ്രശ്നം കാരണം ആരും അതിന് തയ്യാറാവുന്നില്ല !”

തോമസ് അങ്കിൾ, എന്നെയും അച്ഛനെയും സൂക്ഷിച്ചു നോക്കി,..

“ഓ !”

“ഇവിടത്തെ പബ്ലിക്കേഷൻസിൽ ഒന്ന് !”

ഞാനും അച്ഛനും അദ്ദേഹത്തെ ആകാംഷയോടെ നോക്കി,..

“അല്ല, പബ്ലിഷ് ചെയ്യുന്നതിൽ വിരോധമുണ്ടായിട്ടല്ല,.. പക്ഷേ പ്രെസ്സ് ഇപ്പോൾ വർക്കിങ് അല്ല !”

എന്തൊരു വിധിയാണ് ഈശ്വരാ,.. ഒരാൾ പബ്ലിഷ് ചെയ്യാൻ തയ്യാറായപ്പോഴേക്കും,..

” എനിക്ക് വയ്യാതായതോടെ ആർക്കും ഏറ്റെടുത്ത് നടത്താൻ താല്പര്യമില്ല,.. അതോടെ പ്രെസ്സ് നഷ്ടത്തിലായി,. പിന്നെ പൂട്ടേണ്ടി വന്നു,.. ”

അടിപൊളി എന്നാൽ പോവാം എന്ന് പറഞ്ഞു നിന്നപ്പോഴാണ് അയാൾ കേറി വരുന്നത്,.. ആൽബി,.. തോമസ് അങ്കിളിന്റെ മൂത്ത പുത്രൻ,. എം.ബി. എ ക്കാരൻ,.. അയാൾ ഞങ്ങളോട് കാര്യമന്വേഷിച്ചു,…

അച്ഛൻ ഞങ്ങളുടെ അവസ്ഥ അയാളെപ്പറഞ്ഞു ബോധ്യപ്പെടുത്തി,..

“വേണേൽ പ്രെസ്സ് വീണ്ടും തുറക്കാം,.. പക്ഷേ,.. നടത്തിക്കൊണ്ട് പോകാനുള്ള ഒരു ക്യാപിറ്റൽ,.. ഇപ്പോഴത്തെ സാഹചര്യത്തിൽ ഞങ്ങൾക്ക് ഇല്ല!”

“അത് കുഴപ്പമില്ല,.. എത്രയാണെന്ന് വെച്ചാൽ ഞാൻ ഇൻവെസ്റ്റ്‌ ചെയ്യാം !”

ഞാൻ അച്ഛനെ നോക്കി,..

“വേണ്ടച്ചാ,.. അതൊന്നും ശരിയാവില്ല,.. ”

“സാരമില്ലടോ,.. ബുക്ക്‌ പബ്ലിഷ് ചെയ്യണതല്ലേ നമുക്ക് അത്യാവശ്യം,… ”

“പക്ഷേ അച്ഛൻ കാശ് മുടക്കി !”

“എന്റെ മോൾക്ക് അത് അപമാനമാണെങ്കിൽ, ബുക്ക്‌ വിറ്റ് കിട്ടുന്ന ലാഭത്തിൽ നിന്നു മടക്കിത്തന്നേക്ക് !”

അങ്ങനെ ഒടുവിൽ പാർട്ണർഷിപ്പിൽ പ്രെസ്സ് വീണ്ടും തുറന്നു,… ആകെ പൊടിപിടിച്ചു കിടന്ന പ്രെസ്സ് ഒരാഴ്ച്ച കൊണ്ട് തന്നെ ജീവൻ വെച്ചു,..

എങ്കിലും എനിക്ക് ഒട്ടും അഡ്ജസ്റ്റ് ചെയ്യാൻ പറ്റാതെ പോയത്, അത് ആൽബിയോട് ആയിരുന്നു,..

“കുറേയൊന്നും അച്ചടിക്കണ്ട,.. മിനിമം ഒരു 1000 കോപ്പീസ്,.. ഒന്നും വിറ്റു പോയില്ലെങ്കിലോ !”

എന്തൊരു മനുഷ്യൻ, ഇങ്ങനൊക്കെ പച്ചക്ക് പറയുമോ? സാഹചര്യങ്ങൾ അങ്ങനൊക്കെ തന്നെയാണ് എന്ന് നന്നായിട്ടറിയാം എങ്കിലും,..

ഇങ്ങനൊരു സാഹചര്യത്തിൽ സഹായിക്കാമെന്നേറ്റവരാണ്,. തൽക്കാലം ഒന്ന് താഴ്ന്നു നിൽക്കുന്നതാണ് നല്ലത്,…

അത് കൊണ്ട് ആൽബിയുടെ താല്പര്യങ്ങൾ തന്നെ നടപ്പിലായി,. വളരെപ്പെട്ടന്ന് തന്നെ അച്ചടി പൂർത്തിയായി,.

അടുത്ത സ്റ്റെപ് ആയിരുന്നു ലോഞ്ചിങ് അതിന് വേണ്ടി മിലൻ സാറിന്റെ ഡയറി ഞാൻ അരിച്ചു പെറുക്കി,…

ആരുടേയും ഒരു ഫോൺ നമ്പറോ അഡ്രസോ പോലുമില്ല,.. ഇനി എന്ത് ചെയ്യും? കോളേജിൽ പോയി അന്വേഷിക്കാമെന്നു വെച്ചാൽ,.. ഈ അധ്യാപകരൊന്നും ഇപ്പോഴും അവിടെ ഉണ്ടാവണമെന്ന് യാതൊരു നിർബന്ധവുമില്ല,.. പൂർവവിദ്യാർത്ഥികളുടെ ഡീറ്റെയിൽസും ഉണ്ടാവുമെന്നതിനും എന്താണുറപ്പ്,..

എന്ത് ചെയ്യും?

ഒടുവിൽ ആ ഉദ്യമം ഐഷു ഏറ്റെടുത്തു,.. അവളുടെ ഫേസ്ബുക്ക്‌ സുഹൃത്തുക്കൾ വഴി ആ കാര്യത്തിൽ തീരുമാനമാക്കി,..

ഇനി അടുത്ത കടമ്പ മിലൻ സാറിനെയും സിബി ടീച്ചറെയും ഒരേ വേദിയിൽ എത്തിക്കുക എന്നതായിരുന്നു,.. പക്ഷേ അതിനു മുൻപ് മറ്റൊരു കടമ്പ കൂടി കടക്കാനുണ്ടായിരുന്നു അതായിരുന്നു ആൽബി….

“പ്രൊമോഷൻ ഈസ്‌ വെരി ഇമ്പോർട്ടന്റ്!”

“അതിന്റെയൊന്നും ആവശ്യമില്ല,.. പ്രോഫിറ്റ് ഒന്നും നോക്കിയല്ല ഞാനിത് പബ്ലിഷ് ചെയ്യാൻ തീരുമാനിച്ചത് !”

“ഹലോ, മാഡം ഒരു മിനിറ്റ്,.. ഇതെന്റെ ഫസ്റ്റ് പ്രൊജക്റ്റ്‌ ആണ്,. സോ ഇതിൽ സക്സസ് ആകുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്,.. ഒന്നുമില്ലെങ്കിലും നിങ്ങളൊരു ജേണലിസ്റ്റ് അല്ലേ? നിങ്ങൾക്ക് ഇതൊക്കെ വളരെ ഈസി അല്ലേ? ”

“ഞാൻ അതിനിപ്പോൾ വർക്ക്‌ ചെയ്യുന്നില്ലല്ലോ !”

“എന്ന് കരുതി ആ ഫീൽഡിൽ നിങ്ങൾക്ക് യാതൊരു ബന്ധങ്ങളും ഇല്ലെന്നാണോ? ”

എന്നെ ഇത്രയും മോശമാക്കി ചിത്രീകരിച്ച മീഡിയ ആണ്,. അതിൽ ആരുമായും യാതൊരു ബന്ധവും ഞാൻ വെച്ചു പുലർത്തുന്നുണ്ടായിരുന്നില്ല , ആൽബിയുടെ ആവശ്യം ന്യായമാണ്,..

ഇനി,… വൈഷ്ണവി,.. വൈഷ്ണവി ബാലചന്ദ്രൻ,..

വൈഷ്ണവിയെ വിളിച്ചു ഞാൻ കാര്യം പറഞ്ഞു, അവളെന്റെ കോളും കാത്തിരിക്കുകയായിരുന്നു എന്ന് തോന്നി സംസാരിച്ചപ്പോൾ,..

“ഞാൻ ചീഫിനോടൊന്ന് സംസാരിക്കട്ടെ ചേച്ചി,… ”

അര മണിക്കൂറിന്റെ കാത്തിരിപ്പിന് ശേഷം അവളെന്നെ തിരിച്ചു വിളിച്ചു,…

“അത് ചേച്ചി,.. ചീഫ് പറയുന്നത് ഇതിലിപ്പോൾ സ്‌ട്രൈക്കിങ് ആയിട്ട് ഒന്നുമില്ലെന്നാ !”

ഒരുകാലത്ത് മീഡിയ ആഘോഷമാക്കിയ അനുപമ മേനോൻ എന്ന എഴുത്തുകാരിയുടെ കരിയർ ഇടിഞ്ഞു കഴിഞ്ഞപ്പോൾ ഒട്ടും സ്‌ട്രൈക്കിങ് അല്ലാത്ത, വെറും വേസ്റ്റ് ആയി മാറികഴിഞ്ഞിരിക്കുന്നു,..

ഒരാളുടെ ജീവിതം തകർക്കുന്നതിൽ ആണല്ലോ ബ്രേക്കിംഗ് ന്യൂസ്‌ ഉള്ളത്, അവരുടെ ഉയർത്തെണീപ്പിൽ അല്ലല്ലോ,.. സ്വാഭാവികം,… അറിഞ്ഞോ അറിയാതെയോ പറ്റിയ തെറ്റുകൾ തിരിച്ചടിക്കുന്നു,. കർമ,….

“പക്ഷേ ചേച്ചി വിഷമിക്കണ്ട,.. ഇതിന്റെ ക്യാമ്പയ്‌നിങ് എന്തായാലും നടക്കും,.. ”

“ചീഫ് സമ്മതിക്കാതെ എങ്ങനെ? ”

“അതിനാണോ വഴിയില്ലാത്തത്,.. പിന്നെന്തിനാ ചേച്ചി ഈ യൂ ട്യൂബും ഫേസ്ബുക്കുമെല്ലാം,.. ”

എല്ലാത്തിൽ നിന്നും അകന്ന് തുടങ്ങിയപ്പോൾ, ഇതിന്റെയെല്ലാം സാധ്യതകളും ഞാൻ മറന്നു പോയിരിക്കുന്നു,..

“അത് കൊണ്ട് ആ കാര്യത്തിൽ ഡോണ്ട് വറി,.. ചേച്ചി ഡേറ്റ് ഫിക്സ് ചെയ്‌തോളൂ,.. ഞങ്ങളെല്ലാം ഏറ്റു,.. ”

എത്രയൊക്കെ മുക്കിക്കൊല്ലാൻ നോക്കിയാലും പിടിച്ചു കേറാനുള്ള ഒരു കച്ചിത്തുരുമ്പ് അത് ദൈവം ബാക്കി വെക്കും,..

“മെയ്‌ 15 ” അതായിരുന്നു ഞാൻ ഫിക്സ് ചെയ്ത ഡേറ്റ്,. മിലൻ സാർ ഐ ടി സി യുടെ പടിയിറങ്ങിയ ദിവസം,… സിബി ടീച്ചർ എവിടെയാണെങ്കിലും വിവരമെത്താൻ ഈ സോഷ്യൽ മീഡിയ ക്യാമ്പയിൻ തന്നെ ധാരാളമായിരുന്നു,..

ഇനി അടുത്തത് മിലൻ സാർ,…..

“ഞാൻ വരില്ല അനു,… ”

കാര്യങ്ങൾ ഇത്ര വരെ കൊണ്ടെത്തിച്ചത് വളരെ കഷ്ടപ്പെട്ടിട്ടാണ് എന്നിട്ട് സാർ വരില്ലെന്ന് പറഞ്ഞാൽ,…

“സാർ പ്ലീസ് !”

“ദയവ് ചെയ്ത് താനെന്നെ നിർബന്ധിക്കരുത് !”

സാർ കോൾ കട്ട് ചെയ്യും,…

“ഇനിയെന്താ അനു ചെയ്യാ? ”

“ഫങ്ക്ഷൻ നടക്കും, സിബി ടീച്ചറും വരും, മിലൻ സാറും വരും !”

“അതെന്താ ഇത്ര ഉറപ്പ് !”

“എന്റെ മനസ്സ് പറയുന്നു അവർ വരുമെന്ന് !”

*******—-******

മെയ്‌ 15,.

സെന്റ് മേരീസ് ഐ ടി സി യുടെ പടി ഞാനാദ്യമായി ചവിട്ടി,.. സിബി ടീച്ചറുടെയും മിലൻ സാറിന്റെയും പ്രണയഗോപുരത്തിന്റെ ഇടനാഴികളിലൂടെ ഞാൻ പതിയെ നടന്നു

വലിയ ബാനറിൽ എഴുതി വെച്ചിട്ടുണ്ടായിരുന്നു പൂർവ്വവിദ്യാർത്ഥി സംഗമത്തെക്കുറിച്ച്,..

ഐഷു എല്ലാം അടിപൊളിയായി അറേഞ്ച് ചെയ്തിട്ടുണ്ട്,.. നിരാശപ്പെടേണ്ടി വന്നില്ല,.കുടുംബവും കുട്ടികളും ഒക്കെയായി ഒരുവിധം എല്ലാവരും എത്തിയിട്ടുണ്ട്,..

ആ പഴയ ഫോട്ടോ പോലൊന്നും അല്ല ആരും,.. എങ്കിലും പ്രവീണ ടീച്ചറെയും, മിനി ടീച്ചറെയും എല്ലാം ഞാൻ ദൂരെ മാറി നിന്ന് കണ്ടു,..

ഉച്ച വരെയുള്ള സെക്ഷൻ അവരുടെ ഗെറ്റ് ടുഗെതർ ആയിരുന്നു,.. പരിചയപ്പെടലും, ഫോട്ടോ എടുക്കലും, ഒക്കെയായി , അതിൽ അവർക്കിടയിലേക്ക് ഒരു ശല്യമായി ഞങ്ങളാരും കടന്നു ചെന്നില്ല,.. ഒരു 96 സിനിമ നേരിൽ കാണുന്ന അനുഭവം ആയിരുന്നു അപ്പോൾ,.. എങ്കിലും അവരുടെയെല്ലാം മുഖത്ത് ആരെയോ കാത്തിരിക്കുന്ന ഭാവമായിരുന്നു,.

ഞാനും ആകാംഷയോടെ കാത്തിരുന്നത് ആ ജാനു – റാം കോംബോയ്ക്ക് വേണ്ടി ആയിരുന്നു,.. മിലൻ സാറിനും, സിബി ടീച്ചർക്കും വേണ്ടി,..

(തുടരും )

Click Here to read full parts of the novel

3.6/5 - (11 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!