Skip to content

“സ്മരവാരം വാരം ………….”

aksharathalukal story

”ഹാവൂ ….. എത്തീലോ വാരസ്യാര്…..

കാണാഞ്ഞപ്പോ എന്താവോ പറ്റീത് ന്ന് വിചാരിച്ചു ഞാനേയ്….. വൈകാറില്ലാത്തതാണല്ലോ…..
ഇനി വല്ല വയ്യായേം ആണോ ന്ന് ചിന്തിക്ക്യാർന്നൂ…..

അല്ല… അങ്ങന്യാച്ചാ… ഗാഥക്കുട്ട്യേ പറഞ്ഞയയ്ക്കാറ്ണ്ടല്ലോ…. നിർമ്മാല്യം തൊഴുത് സ്ഥിരക്കാരൊക്കെ പോയി……

എന്താ കാണാത്തെന്ന് അന്വേഷിയ്ക്കാൻ രാമനെ പറഞ്ഞയയ്ക്കാംച്ചാ ആ ശുംഭൻ ഇന്നും വന്നില്യ……
പഠിക്കാനയച്ചിട്ട് വല്ലതും പഠിച്ചോ അതില്യ….ന്നാ സഹായത്തിന് കൂടെ നിക്കട്ടെ,
പൂജയൊക്കെ ഒന്ന് പഠിപ്പിച്ചെടുത്താ.. യ്ക്ക് പറ്റാണ്ടാവുമ്പോ ശാന്തി അങ്ങട്ടേല്പിക്കാലോച്ച്ട്ട് കൂടെക്കൊണ്ട് നിർത്തീതാ…….എവടെ… ഇപ്പളത്തെ കുട്ട്യോൾക്ക് ഇതിനൊന്നും താല്പര്യല്യ….
എന്താ ചെയ്യാ….ഈ കുട്ട്യോളൊക്കെ തലതിരിഞ്ഞേക്കണൂ…”

പൂജയ്ക്ക് പൂവും മാലേം കിട്ടാണ്ടാവോന്ന് ഭയന്നൂട്ടോ….
ആ ദേവീടെ നടയ്ക്കല്ള്ള ശോഷിച്ച ചെത്തീല് ഒരു മൂന്നാല് കൊല ചെത്തിപ്പൂവ്ണ്ടാർന്നൂ ….
അതങ്ങട്ട് പറിച്ചെടുത്തു.. അഞ്ചാറ് തൊളസിച്ചെടി ള്ളതോണ്ട് കൊറച്ച് തൊളസീം കിട്ടി….തല്ക്കാലം….
പൂജയ്ക്ക് നേരായീലോ… മാലയ്ക്കെന്താ ചെയ്യാന്ന് കരുതാർന്നൂ…..
ഭാഗ്യം…അപ്പളേയ്ക്ക് എത്തീലോ….”

”ഉം… വൈകിപ്പോയി….ഒന്നും പറേണ്ട തിരുമേനീ….. ”

” എന്തേപ്പോ പറ്റീത്..?”

” എവട്യാപ്പോ തെച്ചീം തൊളസീം ചെമ്പരത്തീം ഒക്കെള്ളെ…. ഒരു നടപ്പ് നടന്നിട്ടാണേയ് ഇന്നലെ വൈന്നേരം ഇത്രേന്നെ ണ്ടാക്കീത്…….ന്റെ വീട്ടില് ഞാൻ നട്ട്‌ പിടിപ്പിച്ചേർന്നതാ… മന്ദാരോം തെച്ചീം തൊളസീം ചെമ്പരത്തീം ഒക്കെ… കുട്ട്യോൾക്ക് നല്ല ജോലീം നെലേം ഒക്കെ ആയപ്പോ വീട് പൊളിച്ച് പണിതൂലോ.. ചെട്യോളൊക്കെ പഴഞ്ചൻ രീതീല് ള്ളതാണെന്ന് പറഞ്ഞ് അതൊക്കെ വലിച്ച് പറിച്ച് കളഞ്ഞു….
ഇപ്പളത്തെ ഒരൂട്ടം പൂവില്യേ.. ഓർക്കിഡ് ന്നോ മർക്കടൻ ന്നോ എന്തൊക്ക്യോ പേര്ള്ളത്… അതൊക്ക്യാപ്പോ ന്റെ വാര്യത്ത് ളളത്……………… അതാവുമ്പോ മണ്ണും വേണ്ടാത്രേ…….മണ്ണ് ചവിട്ട്യാ കുട്ട്യോൾക്ക് അലർജി വരുംത്രേ……….അതോണ്ട് ള്ള മുറ്റത്ത് സർവ്വത്ര കരിങ്കല്ല് കഷ്ണങ്ങള് വിരിച്ചേക്കല്ലേ …..
യ്ക്ക് വയ്യാണ്ടായേട്ക്കണൂ നാട് നീളെ നടന്ന് പൂ അന്വേഷിക്കാനൊക്കെ….
എവടന്നാ രാവിൽത്തേയ്ക്ക് ലേശം പൂവ്ണ്ടാക്കാന്ന് ചോയ്ച്ചപ്പോ ഗാഥക്കുട്ടി കള്യാക്കി ന്നെ..

” അമ്മമ്മേടെ തേവര് കാലം മാറീതൊന്നും അറിഞ്ഞില്യേന്ന്…
ഇപ്പൊ ആ പൂക്കളൊന്ന്വല്ലാ ഫാഷൻ ” ന്ന്…..
എന്താ പറയാ…. കാലം മാറിക്കണൂ…
കുട്ട്യോൾക്കിപ്പോ ആരോടാ പറേണേ,എന്താ പറേണേ, ആരെപ്പറ്റ്യാ പറേണേന്നൊന്നും നോട്ടല്യാണ്ടായ്ട്ക്കണൂ….

അതൊക്ക്യായപ്പോ ഓരോന്നോർത്ത് കെടന്നു രാത്രീല്… ന്റെ കാലം കഴിഞ്ഞാ ഈ കഴകൊക്കെ ആര് കൊണ്ടു നടക്കും ന്റെ തേവരേ…
ഓരോന്നോർത്ത് കെടന്ന്ട്ട് ഒറക്കോം വന്നില്ല്യ….
എപ്പളാ ഒറങ്ങ്യേന്ന് നിശ്ശല്യ..
പതിവില്യാത്ത ഒരൂട്ടം സ്വപ്നോം….
ഒക്കെക്കൂടി എണീയ്ക്കാനും വൈകീന്ന് പറഞ്ഞാ മതീലോ…. ഓടിപ്പെടഞ്ഞ് പോര്വാർന്നൂ….. ”

” അതാപ്പോ നന്നായത്… ന്ന്ട്ട് എന്ത് സ്വപ്നാവോ ഈ വയസ്സുകാലത്ത് വാരസ്യാര് കണ്ടത് വെളുപ്പിനെന്നെ..?”
…………………………………….
………………………………………………

” അയ്യയ്യോ ……….. ഇന്ന് വല്യതിരുമേനി ണ്ടാവില്ലാനാണല്ലോ അമ്മമ്മ പറഞ്ഞത് ………… അക്കരക്കാവില് ഉത്സവാണ്…….. അവിടെപ്പോ വേറെ ആളില്യാത്തോണ്ട് വല്യ തിരുമേനി മൂന്നാലൂസം അവിട്യാവും ..അമ്പലത്തില് ഉണ്ണ്യമ്പൂരി ആവും …….ഒക്കെ ഉപായത്തിലേ ണ്ടാവൂ ന്നൊക്കെ പറഞ്ഞതാണല്ലോ ………….. . ന്ന്ട്ട് വെല്യതിരുമേനി അങ്ങട്ടേയ്ക്ക് പോയില്യേ ആവോ ……….. അപ്പൊ ഇന്നെന്റ കാര്യം പോക്കാ…….പൂജയ്ക്ക് നട അടച്ചൂലോ…….. സമയത്ത് പൂവും മാലേം കിട്ടീലാന്ന് പറഞ്ഞ് വല്യതിരുമേനീടേന്ന് എനിയ്ക്കിന്ന് കണക്കിന് കിട്ടും ………”
പേടിച്ച് പേടിച്ചാ അകത്തേക്ക് കേറീത് ………..
“അമ്മമ്മയ്ക്ക് വെളുപ്പിന് എണീറ്റപ്പോ വയ്യ……… നല്ല സുഖല്യ… ….അതോണ്ട് ഞാൻ പോന്നതാ…അതാ വൈക്യേ ..ന്നൊക്കെ പറഞ്ഞ് തടിതപ്പാം ………..അല്ലപിന്നെ ….”

“ഞാനെന്ന്യേള്ളു ഗാഥേ……..വല്യച്ഛൻ അക്കരക്കാവിലെന്ന്യാ……… ” തിടപ്പള്ളീടവടന്നാ ശബ്ദം……..

” അപ്പൊ നട അടച്ച്ണ്ടല്ലോ…..അകത്ത് മന്ത്രോം കേക്ക്ണ്ട്… അകത്താരാ അപ്പോ പൂജയ്ക്ക്.. ”

” അത്…. അത് …..പിന്നെ.. ”

“എന്താ രാമൻ തിരുമേനിയ്ക്കൊരു കള്ളത്തരം..?”

”അത് ഞാൻ മന്ത്രങ്ങളൊക്കെ മൊബൈലില് ഡൗൺലോഡ് ചെയ്തു…….. അതകത്ത് വെച്ച്ണ്ട്…
അതാവുമ്പോ തെറ്റും വരില്യാലോ…..ഞാൻ ചൊല്ലണതൊക്കെ തെറ്റ്ണ്ട് ന്ന് പറഞ്ഞ് എന്നും വല്യച്ഛന്റെന്ന് വഴക്കാ.. അത്രേം കാണാപ്പാഠം പഠിക്കാൻ പറ്റ്വാർന്നൂച്ചാ ഞാനിപ്പോ എവടെ എത്ത്യേനെ…. വല്ല ജോലിയ്ക്കും പോവില്ലാർന്നോ…. പിന്നെ .. അകത്തെന്താ ചൂട്…. ആ ചൂടും സഹിച്ച് എങ്ങനെ ഇരിയ്ക്കാനാ നടയടച്ച് അതിനകത്ത്….. അതോണ്ട്… ഞാൻ…”

“കൊള്ളാം.. അത് സത്യാ രാമൻ തിരുമേനീ……….. ന്ന്ട്ട് തിരുമേനി പൊറത്ത് നിക്കണതെന്താ?”

” അത്………….. അത്……………. ഒരു ഓർഡർ വരാന്ണ്ടേയ്………………. കാത്ത് നിക്കാ.. ”

“ഹലോ.. ആ……… അതെന്നെ……….. ആ എടവഴീലേയ്ക്ക് കേറുമ്പോ തന്നെ ള്ള അമ്പലം……ഇടത്തേ സൈഡ് ലെ വഴീക്കൂടെ തെക്കോട്ട് തിരിഞ്ഞ് അപ്പോന്നെ പടിഞ്ഞാട്ട് വളയും ആ വഴി ……….. അങ്ങട് കൊണ്ടന്നോളൂ………തെക്കേ ഗോപുരത്തിന്റെ അവടെ ഞാൻ നിക്കണ്ട് …… … ”

“എന്ത് സാധനാപ്പോ ഈ നേരത്ത്..?”

”അത് പിന്നെ ഗാഥേ…….സ്വിഗ്ഗീന്ന് രണ്ട് പാൽപായസോം അമ്പത്തൊന്ന് ഉഴുന്നുവടേം ഓർഡറാക്കിണ്ട്…….. കൊട്ടാരം കേറ്ററേഴ്സ് ന്റെ ……………കൃഷ്ണന് രണ്ട്‌ പാൽപായസം ണ്ട് …….ഹനുമാന് വടമാലേം ……….ഒക്കെ ഇന്നന്നെ വരേം ചെയ്തണ്ട് ……….തെsപ്പള്ളീലെ അടുപ്പ് കത്തിക്കലും പൊകേം കരീം… അതൊന്നൂല്യാണ്ടെ കഴിക്കാലോ……. ഓർഡർ ചെയ്താ ഇപ്പൊ അവര് ഇവടെ കൊണ്ടേ തരും …………… വഴിപാട് ഏല്പിച്ചോര് ഇപ്പൊ എത്ത്വേ… അപ്പൊ ആ ഓർഡറ് വര്ണ്ടോന്ന് നോക്കി പൊറത്ത് നിന്നതാ………ഇനീപ്പോ ഇതാരോടും പറയാൻ നിക്കണ്ടാട്ടൊ …………….”

“കൊള്ളാലോ തിരുമേനീ…അത് നന്നായി…അതാപ്പോ എളുപ്പം….”

പിന്നേയ്…..തിരുമേനീ…. ദാ ……. ഈ പൂവും മാലേം അങ്ങോട്ട് വെച്ചോളൂ……… ഒക്കെ വാടാത്ത പൂവാ.. ഞാൻ ഇന്നലെ കോളേജിന്ന് വരുമ്പോ ഒയാസീസില് സെറ്റ് ചെയ്ത് വാങ്ങീതാ …… മൂന്നാലൂസത്തേയ്ക്ക് അനങ്ങില്യ..

തേവരോട് ഒന്ന് അഡ്ജസ്റ്റ് ചെയ്യാൻ പറഞ്ഞോളൂ അമ്മമ്മയ്ക്ക് സുഖാവണത് വരെയ്ക്ക്… യ്ക്ക് പരീക്ഷ്യാ.. രണ്ടു മൂന്നൂസം വരാൻ പറ്റില്ല്യേയ്.. ”

“യോ.. യോ.. കലക്കി ഗാഥേ ……..അതും ബുദ്ധ്യായി …”

………………………………….

“ഭേഷായി വാരസ്യാരേ നിങ്ങടെ സ്വപ്നം….
പറയാൻ പറ്റില്യ…….. ഭാവീല് ഇതും ഇതിൻറപ്പുറോം ആവാണ്ടിരിയ്ക്കാനും തരല്യ……….
നാടോടുമ്പോ നടുവേ ഓടണംന്നല്ലേ…………..ന്താ തേവരേ അങ്ങനെന്ന്യല്ലേ……..
ഇന്നലെ ഡോക്ടർ തമ്പുരാന്റെ വീട്ടിൽ പോയപ്പോ ഏകാദശി വെളക്ക് മൊബീലിൽ നോക്കണൂ …… ചെർപ്ലശ്ശേരി ശിവനും കോങ്ങാട് മധൂമൊക്കെ അതിന്റെ ഉള്ളിൽ നിന്ന് കൊട്ടണൂ……………അവടെ ഏകാശി നടക്കുമ്പോ അപ്പോന്നെ ഇവടെ കാണാം ………..അജ്ജാതി പൂജേം ഒക്കെ അപ്പോന്നെ കാണിക്കും ………. ”

“ന്നാ വാരസ്യാര് ആ മാലേം പൂവും തൃപ്പടീമ്മൽയ്ക്ക് വെച്ചോളൂ………….ന്ന്ട്ട് ലേശം വെള്ളം കോരിക്കോളൂ…
ഇവടത്തെ പൂജ വേഗം തീർത്തിട്ട് വേണം അക്കരക്കാവിലെത്താൻ…….
അവടെപ്പോ പൂജയ്ക്ക് ആളില്ലാലോ…
ഇപ്പളത്തെ കുട്ട്യോളെ ഇതിനൊക്കെ കിട്ട്വോ………… ലേശം പഠിപ്പായാ ഓരോ ജോലി നോക്കിപ്പോവല്ലേ ഇപ്പോ കുട്ട്യോളൊക്കെ….

കുറ്റല്ല.. ഈ പണ്യോണ്ടൊക്കെ ജീവിക്കാനും പറ്റ്വോ ഈ കാലത്ത്….

ഈശ്വരോ രക്ഷതു……

ന്നാ.. വാരസ്യാരേ….പൂജയ്ക്ക് നേരായി… നട അടയ്ക്കട്ടെ….. ”

Dr.K.P Rajani

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!