Skip to content

“അജ്ഞാത്വാ തേ മഹത്വം……”

aksharathalukal-malayalam-stories

എന്തൊരു മഴയാണിത് ……….. മൂന്ന് ദിവസമായി നിന്ന് പെയ്യണൂ………………

…. സർവ്വത്ര വെള്ളം കേറി … ഇന്നലെ വരെ മുന്നിൽ കണ്ടതൊന്നും ഇന്നില്ല….
കണ്ണിൽ കണ്ടതെല്ലാം തച്ചുടച്ച്.. തകർത്തെറിഞ്ഞ്……
ഇനി ഒന്നും നശിപ്പിക്കാനില്ലെന്ന് തോന്നിട്ടാവും മെല്ലെ പത്തി താഴ്ത്തിത്തുടങ്ങിയത്…..
അല്ലെങ്കിലും നശിപ്പിക്കാൻ ഇനിയെന്ത് ബാക്കി……
………………………………………………

“വെചക്കണമ്മേ…..ച്ച് പാപ്പം തായോ …. ”

ജാനൂൻ്റെ എളയ കുഞ്ഞിൻ്റെ കരച്ചില് കേട്ടാണ് വിശാലാക്ഷിയമ്മ പുറത്തെ മുറിയിലേക്ക് ചെന്നത്…

” നീ മടിച്ച് നിക്കാണ്ടെ അകത്ത് കേറിവന്ന് ആ പിള്ളേർക്ക് വല്ലതും കഴിക്കാനെടുത്ത് കൊടുക്ക് ജാനൂ…..
ഇങ്ങോട്ട് കൂട്ടീപ്പഴേ നിന്നോടും ദാമൂനോടും ഞാൻ പറഞ്ഞതല്ലേ… ഒരു മടീം വേണ്ട..
സ്വന്തം വീട് പോലെ പെരുമാറാംന്ന്…
ന്ന്ട്ടാ നീയ് ഇങ്ങനെ ഉമ്മറത്തന്നെ ഒതുങ്ങി നിക്കണത്… ചെല്ല്.. കഴിഞ്ഞ ആഴ്ച വെട്ടി വെച്ച കൊല പഴ്ത്ത്ണ്ട്….അടുക്കളേല് ചെന്ന് ആ പഴം ഇങ്ങട്ടെടുത്തോ.. ആദ്യം അത് കൊടുക്ക് പിള്ളേർക്ക്…. ചെല്ല്….”

“കണ്ടോ.. പഴം കിട്ടീപ്പോ അവൻ കരച്ചില് നിർത്തീലോ…. നീ വേണ്ടത്ര കഴിച്ചോളൂട്ടോ..”

” അടിയത്ത്ങ്ങൾടെ കെടപ്പാടം… പോയീലോ മoത്തിലമ്മേ…രാവന്തിയോളം പണിയെടുത്താ ഇത്തിരി മണ്ണ് സൊന്താക്കീത്….. ഇതുങ്ങളും ഞാനും വെയിലും മഴേം കൊള്ളാണ്ടെ കെടക്കണംന്നും പറഞ്ഞ് രാത്രി ഒറക്കോം കൂടീല്ലാണ്ടാ ദാമ്വേട്ടൻ നാല് ചൊമര് കെട്ടിപ്പൊക്കി ഓട് മേഞ്ഞത്… അതില് ജീവിച്ച് തൊടങ്ങ്യേള്ളു….. അപ്പളേയ്ക്ക് ഒക്കെ പോയീലോ…..
ഓർക്കുമ്പോ സഹിക്കണില്യ….”

“പോയതൊക്കെ ആരോഗ്യണ്ടെങ്കി ഇനീം ണ്ടാക്കാലോ ജാനൂ….. ആയുസ്സിന് ആപത്തൊന്നൂണ്ടായില്യാലോ…
അതിന് ദൈവത്തോട് നന്ദി പറയാ…. ഇപ്പൊ വേറൊന്നും ഓർക്കണ്ട…. മക്കളൊക്കെ ദൂര്യായേപ്പിന്നെ ഞങ്ങള് രണ്ടാള്വല്ലേ ഇവിടെള്ളു…. അവരൊന്നും ഇനി ഇങ്ങട് വന്ന് താമസിക്കും ന്ന് തോന്നണില്യ…..
ഞങ്ങടെ കാലം കഴീണത് വരെ എടയ്ക്കും തലയ്ക്കും വന്ന് പോയ്ക്കൊണ്ടിരിക്കും…………..
അതെന്നെപ്പോ കൊറഞ്ഞേക്കണൂ…… കുട്ട്യോൾക്ക് ക്ലാസ്സ്… അവർക്ക് ജോലീന്നൊക്കെ കാരണങ്ങളായേക്കണൂ….അവരൊക്കെ വന്നാത്തന്നെ ഇവടെ ഇനി താമസിക്കലൂണ്ടാവില്യ….
ഭാര്യമാര്ടെ വീടുകളിലാ അവർക്ക് പറ്റ്യ സൗകര്യൊക്കെ ള്ളതേയ്…..
അതോണ്ട്.. കാര്യങ്ങളൊക്കെ ഒന്ന് നേര്യാവണത് വരേം.. അതെത്ര കാലാച്ചാലും നിങ്ങക്കിവിടെ ധൈര്യായിട്ട് കഴിയാം…”

നീ അകത്തേക്ക് ചെല്ല്.. അടുക്കളേല് ഷെൽഫില് കാപ്പിപ്പൊടീം പഞ്ചസാരേം ഒക്കെണ്ട്….
കൊറച്ച് കാപ്പി ണ്ടാക്കി ദാമൂന് കൊടുക്ക്……ഇവടത്താൾക്കും കൂടി ണ്ടാക്കിക്കോ.. മടിയ്ക്കണ്ട….
ചെറിയോനും വല്യോനും പണ്ഡിതനും പാമരനും ഒക്കെ ദൈവത്തിന് മുന്നില് തുല്യരാന്നാ ഭാഗവതം വായിച്ച ആചാര്യനും പറഞ്ഞതേയ്… അതോണ്ട് മിഴിച്ച് നിക്കാണ്ടെ അങ്ങട് ചെന്നോളൂ നീയ്യ് അടുക്കളേൽക്ക്..
ഭാഗ്യത്തിന് അടുപ്പിരിക്കണ ഭാഗം ഇടിഞ്ഞിട്ടില്യ… വല്ലതും വെച്ച്ണ്ടാക്കാൻ തടസൊന്നൂല്ല.. നാലഞ്ച് വയറിനും കൂടി അഭയം കൊടുക്കണ്ടതാന്ന് ഈശ്വരൻ മുൻകൂട്ടിക്കണ്ടതോണ്ടെന്ന്യാ ആ ഭാഗം കാത്ത് വെച്ചത്…. പഴേ വീടാച്ചാലും നല്ല ഒറപ്പാ…………..അടുക്കളേടെ കെഴക്കെ ചൊമരും ചായ്പും മാത്രേ ഇടിഞ്ഞ് വീണുള്ളൂലോ….”

“ജാനൂ ……..ആ ഷെൽഫില് റവ ഇരിപ്പ്ണ്ട് .. ………..ലേശം റവ ഉപ്പ്മാവ് ണ്ടാക്കാം കാലത്ത്…
മിനിഞ്ഞാന്ന് ദാമൂനെക്കൊണ്ട് സാധനങ്ങള് വാങ്ങിപ്പിച്ചതും ഭാഗ്യായി……
കാര്യങ്ങളൊക്കെ ഒന്ന് നേര്യാവണത് വരെയ്ക്ക്ളള സാധനങ്ങളൊക്കെ ഇരിപ്പ് ണ്ട്..
നീയ് പേടിക്കണ്ട…. വെള്ളൊക്കെ ഒന്നെറങ്ങി വീട് താമസിക്കാൻ പരുവത്തിലാക്കീട്ട് പോയാ മതി അങ്ങട്ടേയ്ക്ക്… ഞങ്ങൾക്കും ഒരു തൊണയായീന്ന് വെക്കാ…”

“ഹായ്………..ഈ ഫോണും ചത്തേട്ക്കണൂ…. വിളിച്ചിട്ട് കിട്ടാണ്ടെ കുട്ട്യോളും പരിഭ്രമിക്ക്ണ്ടാവും…..
മഴേം പ്രളയോം .. ഇവടത്തെ കാര്യങ്ങളൊക്കെ അവരവിടെ ടീവീല് കാണ് ണ്ടാവൂലോ..
അത്ങ്ങൾക്ക് സമാധാനണ്ടാവില്യ.. എന്താ ചെയ്യാ…..ഭഗവാനേ……. നാരായണാ…… കലികാലവൈഭവം….”

“കഴിഞ്ഞ പ്രാവശ്യം വന്നപ്പോ രണ്ടാളും മാറി മാറി പറഞ്ഞതാ… അവര്ടെ ആര്ടെ കൂട്യാച്ചാ ചെല്ലാൻ……
നമ്മടെ തേവരെ തൊഴാണ്ടേം ഈ മിറ്റത്തും തൊടീല്വൊക്കെ നടക്കാണ്ടേം എങ്ങന്യാ കഴിയാ…. ഞാൻ എങ്ങനേലും കഴിഞ്ഞോളാച്ചാലും ഇവടത്താൾക്ക് പറ്റില്യ…
കൂട്ടാക്കില്യ….. അല്ലെങ്കിലേ ദുരഭിമാനി….
മക്കൾടടുത്താച്ചാലും.. ഒരൂസം…. ഏറ്യാ രണ്ടൂസം… അതിക്കൂടുതല് തങ്ങണത് മൂപ്പർക്കിഷ്ടല്ല….
മക്കളായാലും അവർക്ക് ബാധ്യതയാന്ന് തോന്നിക്കാൻ എടേണ്ടാക്കരുത് ന്ന് എപ്പളും പറയും…. അകന്ന് നിന്നാത്തന്ന്യാ സ്നേഹം പോവാണ്ടെ നിക്കുള്ളൂന്നാ മൂപ്പര്ടെ പക്ഷം…
ഇനീപ്പോ ഈ പൊളിഞ്ഞ ഭാഗൊക്കെ നേര്യാക്കാൻ അവര് നിക്ക്വോന്ന് ആർക്കറിയാം…..
സാധ്യത കൊറവാ….
ഇത് നേര്യാക്കീട്ടും കാശ് മൊടക്കീട്ടും അവർക്കെന്തിനാ….
അവര്ടെ ഭാര്യമാർക്കും കുട്ട്യോൾക്കും ഇവിടെ അത്ര ബോധ്യോം അല്ല….
വല്ലപ്പളും വരുമ്പോന്നെ കഷ്ടിച്ച് രണ്ടൂസം നിക്കണതെന്നെ മനസ്സില്ലാ മനസ്സോട്യാ….
ആ…. പട്ടണത്തില് വളർന്നോരല്ലേ….
അവർക്ക്ണ്ടോ ഇങ്ങന്യൊക്കെ ജീവിച്ച് ശീലം… നമുക്ക് അയലോക്കക്കാര്യൊക്കെ കണ്ടില്ലെങ്കിലും മിണ്ടീല്ലെങ്കില്വാ ബുദ്ധിമുട്ട്….
അവർക്ക് നേരെ തിരിച്ചാ….
പട്ടണല്ലേ.. അടുത്ത ഫ്ളാറ്റില്ള്ളോരെപ്പോലും അറീല്യ….. ”

…………………………………………………
…………………………………………………………………………………….

” രണ്ടാഴ്ച ആയില്ലേ മoത്തിലമ്മേ ഞങ്ങളിവിടെ കഴീണൂ..
വെള്ളം എറങ്ങീലോ….ദാമ്വേട്ടൻ ഒരു വിധം നേര്യാക്കീണ്ട് വീട്….
നാളത്തെ കഴിഞ്ഞാ ഇവടത്തെ കുട്ട്യോള് എത്തുംന്നും അല്ലേ പറഞ്ഞേ…
അതിന് മുമ്പ് ഞങ്ങളങ്ങട് മാറാംന്ന് വിചാരിക്ക്യാ…
ഇത്രേം ദിവസം ഇവടെ കഴിഞ്ഞോളാൻ പറയാൻ സൻമനസ്സ് കാട്ട്യേന് ദൈവം തമ്പ്രാൻ നല്ലതേ വരുത്തുള്ളു…..
എന്താവശ്യണ്ടെങ്കിലും വിളിച്ചാ മതി…….. എത്തിക്കോളാo. ………..”

“ശരി കുട്ട്യേ…ന്നാ വൈകിയ്ക്കണ്ടാ ……ചെല്ലാ……..എപ്പളാച്ചാലും ഇങ്ങട്ട് വരാട്ടോ….
നിങ്ങള് ഞങ്ങക്കൊരു തൊണയാർന്നൂ…. ഈ കുട്ട്യോൾടെ കളീം …ചിരീം.. രണ്ടാഴ്ച പോയത് ഞങ്ങളും അറിഞ്ഞില്യ…..”

………………………………………………..
……………………………

” ഇതിനി നന്നാക്കാനൊക്കെ എത്ര രൂപ്യാവും.. ഇതില് കാശ് മൊടക്കീട്ട് കാര്യോം ഇല്ല… അച്ഛനും അമ്മേം ഇനീപ്പോ ഇവിടെ തനിച്ച് നിക്കണ്ട….. ഒരു കാര്യം ചെയ്യാം…. എൻ്റെ കൂടെ ബാംഗ്ലൂർക്ക് പോരൂ തല്ക്കാലം….
ഇടക്ക് ദീപൂൻ്റെ കൂടെം നിക്കാലോ….….. പോരാൻ റെഡ്യായ്ക്കോളൂ….. എന്തൊക്ക്യാച്ചാ എടുത്ത് വെച്ചോളൂ…..
ഞായറാഴ്ച തന്നെ പോണം…… അധികം ലീവില്ല എനിയ്ക്ക്…”

“ഞാൻ പറഞ്ഞ് നോക്കാം മോനേ….. അച്ഛന് സമ്മതാവ്വോ ആവോ….. ”

” അങ്ങനെ സമ്മതൊന്നും നോക്കീട്ട് കാര്യല്ലമ്മേ .. വയസ്സായാ മക്കള് പറേണത് കേക്കണം….ഞങ്ങൾക്ക് എപ്പളും ഇങ്ങട് ഓടി വരാൻ പറ്റില്യ………..നിങ്ങള് അങ്ങട് വരണതെന്ന്യാ പ്രാക്ടിക്കല്..
അല്ലാച്ചാ ഇനീം ഇതുപോലെ വല്ലതൂണ്ടായാ അച്ഛനേം അമ്മേം വയസ്സ് കാലത്ത് ഒറ്റക്കാക്കീന്ന് നാട്ട്കാര്ടെ പഴീം കേക്കണ്ടി വരും..മെല്ലെ ഈ വീട് വിക്കാംന്നാ ദീപൂം പറഞ്ഞത്…ആ ലാൻഡ് ബ്രോക്കറോട് ഞാൻ ഏല്പിച്ചിട്ട്ണ്ട്.. ആരെങ്കിലും ഉണ്ട്ച്ചാ പറയാൻ.. ദീപൂനും ഫ്ളാറ്റ് വാങ്ങ്യതില് ലോണ് ണ്ട്ന്ന് പറഞ്ഞു…
ഞങ്ങൾടെ രണ്ടാൾടേം ലോൺ തീർക്കാലോ…………ഈ വീടിവിടെങ്ങനെ ഇട്ടിട്ടും പ്രയോജനൊന്നൂല്ലാലോ…അമ്മ അച്ഛനോട് പറഞ്ഞോളൂ പോരാൻ തയ്യാറായിക്കോളാൻ ”
………………….

” അതേയ്…കുട്ട്യോള് പറേണതിലും കാര്യണ്ട്…. എതിര് പറയരുത്…..നമുക്ക് രണ്ടാൾക്കും വയസ്സായി…. ഇനീപ്പോ ആരെങ്കിലും സഹായല്ലാണ്ട് പറ്റില്യ…നമുക്ക് വയ്യാണ്ടായാ നാട്ടുകാര് വരണ്ടി വരും…
അതിൻ്റെ കൊറച്ചില് മക്കൾക്കല്ലേ….. വേറൊന്നും ഇനി ആലോചിക്കണ്ട……നമ്മടെ മക്കളല്ലേ….
സിദ്ധൂൻ്റെ കൂടെ ബാംഗ്ലൂർക്ക് പോവാം… എതിര് പറയല്ലേ ട്ടോ…… ”

“എതിര് പറഞ്ഞിട്ടും കാര്യല്ലാലോ വിശാലം….
തൻ്റെ ഇഷ്ടങ്ങൾക്ക് ഞാൻ മറുത്ത് പറയില്യാന്ന് തനിക്ക് നല്ലോണം അറിയാം….
ഉം…. ഇനി ഇതിനായിട്ട് എതിർപ്പ് പറഞ്ഞൂന്ന് വേണ്ട….. തൻ്റെ തീരുമാനം തെറ്റാവാഞ്ഞാ മതി….
തൻ്റെ കണ്ണ് കലങ്ങണതും മനസ്സ് വേദനിയ്ക്കണതും എനിക്ക് സഹിക്കില്യ……… ഇത്രേം കാലം അതില്യാണ്ടെ നോക്കി…ഇനീം അങ്ങനെന്നെ വേണംന്ന്ണ്ട്….ആ…. തൻ്റെ ഇഷ്ടം പോലെ ആവാം… ”

……………………………………………………………..

“താനിവിടെ അഡ്ജസ്റ്റായീലേ വിശാലം……
ഇവിടെ തനിക്ക് നേരല്യാത്ത കൊറവേള്ളു….
നമ്മള് എത്തീപ്പോ തന്നെ ഇവിടത്തെ സെർവൻ്റ് വേറെ ജോലി കിട്ടി പോയ കഥേം കേമായി…
കാലിൻ്റെ കൊഴമ്പ് തേക്കലും കഷായോം ഒക്കെ മൊടക്കീക്കണൂ താൻ……
നീര് കൂടീണ്ട് കാലില്…നല്ല വേദന ണ്ട് ലേ….അല്ല… ണ്ട്‌ ച്ചാലും താൻ ഇല്യാന്നേ പറയൂ…
തനിക്കാർന്നൂലോ മക്കള് പറേണത് കേട്ട് കൂടെ പോരാംന്ന് വാശി… ……………വീട് വിറ്റ പൈസ രണ്ടാൾക്കും വീതിച്ച് കൊടുക്കാംന്നും താനെന്ന്യാ തീരുമാനിച്ചേ..
അപ്പൊ ഇനി നിവൃത്തീല്യാ… അല്ലേടോ…..”

ൻ്റെ കൂടെ നടക്കാൻ വന്നോണ്ട് പഠിയ്ക്കാന് ള്ള സമയം പോയീന്നും പറഞ്ഞ് ആ ഇത്തിരില്യാത്ത കുഞ്ഞിനെ പിടിച്ച് തല്ലീതും സഹിക്കാൻ പറ്റീല്ല…..
അത് കണ്ടിട്ട് അവൻ ഒന്നും പറയാത്തോടത്ത് ഞാൻ എങ്ങന്യാ പറയാ….
തല്ലാലോ…. അതിൻ്റെ അമ്മയല്ലേ തല്ലണേ..
യു. കെ.ജി ല് പഠിക്കണ കുട്ടിയ്ക്ക് പഠിക്കാനും ഒരുപിടിണ്ട്ന്ന് ള്ളതും ന്യായം……
ഓഫീസ് സൂപ്രണ്ടായിരുന്ന എനിയ്ക്ക്ണ്ടോ അതൊക്കെ അറിയണൂ…..
ഞാനും കൂടെ വരട്ടെ അച്ഛച്ഛാന്ന് ചോദിച്ചപ്പോ.. പോരാൻ പറഞ്ഞതും തെറ്റെന്ന്യാണേയ്…

ആ….. അറക്കലെ നായര്ടെ തലേലെവര അമക്കി ചെരച്ചാ പോവില്യ…. ”

“ഏയ്.. സാരല്യാന്നേയ്.. ആ കുട്ടി അങ്ങന്യൊന്നും കരുതീട്ടാവില്യ….
പഠിയ്ക്കാൻ ണ്ടായിട്ടെന്ന്യാവും….
പിന്നെ…. യ്ക്ക് ഇവടെ സമയം പോണ്ടേ.. വേറെ സർവൻ്റിനെ നോക്കണോന്ന് ചോദിച്ചപ്പോ.. ഞാനെന്ന്യാ വേണ്ടാന്ന് പറഞ്ഞേ…..
നീരും വേദനേം ഒക്കെ സ്ഥലം മാറ്യേൻ്റ്യാവും..
മാറിക്കോളും…

ദീപു വര്ണ്ട്ത്രേ അടുത്താഴ്ച…
കൊറച്ചൂസം അവൻ്റൊപ്പം നിന്നൂടേന്ന് പണ്ട് ചോദിച്ചേർന്നൂ…..
യാത്ര ചെയ്യാൻ ആവത്ള്ളപ്പളല്ലേ പറ്റൂ….
ഇത്തവണ നമ്മള് കൂടെ ചെല്ലാംന്ന് ഞാൻ പറഞ്ഞ്ണ്ട്…… ”

“ഇനി അവടേം വേണോ ഒരു പരീക്ഷണം….?
ആ….. തൻ്റെ ഇഷ്ടങ്ങൾക്ക് ഞാൻ എന്നും ഒപ്പം നിന്നിട്ടേള്ളൂലോ.. ഇതിനും നിന്നില്യാന്ന് വേണ്ട….
പോണച്ചാ…. പോവാം….. ”

……………………………………………………………

”എന്താ വിശാലം……
താനിപ്പോ സംസാരിയ്ക്കാനും കൂടി മറന്നൂല്ലേ..
ഗുളിക വാങ്ങണംന്ന് അവനോട് പറഞ്ഞപ്പോ വീട്ടിലെ ചെലവ് കൂട്യ കണക്ക് ആ കുട്ടി ദീപൂനെ കേൾപ്പിക്കണത് ഞാനും കേട്ടു..
കാല് അമർത്തിപ്പിടിക്കണത് വേദന ഇല്ലാഞ്ഞിട്ടാവും…ലേ……
ന്നാലും മക്കളെ കുറ്റം പറേരുത്…… അമ്മയാണല്ലോ……
ഇത്രേം നാളും തൻ്റെ ആഗ്രഹത്തിനും ഇഷ്ടത്തിനും ഒന്നും ഞാൻ എതിര് പറഞ്ഞില്യ..
ഇനി ഞാൻ പറേണതിന് താനും എതിര് പറയണ്ട….
ൻ്റെ കൂടെ ജോലിണ്ടായിരുന്ന ഭാസ്ക്കരൻ ഗുരുവായൂരാ താമസം…
അവിടെ ഒരു വാടക വീട് നോക്കാൻ ഞാൻ വിളിച്ച് പറഞ്ഞേർന്നൂ…..
ഒരു വീട് ശരിയായിണ്ട്ന്ന് അയാളറിയിച്ച് ണ്ട്..
രണ്ടൂസത്തിനുള്ളില് നമ്മളെത്തുംന്ന് ഞാനയാളോട് പറഞ്ഞു….
കണ്ണ് നെറയ്ക്കണ്ട…
ആലോചിച്ച് കൂട്ടേം വേണ്ട…..
നാലായിരം ഉറുപ്യ വാടക കഴിച്ച് നാലായിരം ബാക്കീണ്ടാവൂലോ പെൻഷനില്….
മരുന്ന് വാങ്ങാനൊന്നും വല്യ ചെലവ് ണ്ടാവില്ലെടോ….
സർക്കാരിൻ്റെ ആയുർവേദ ആശുപത്രി അവിടെ അടുത്തെന്ന്യാ….
തൻ്റെ കാലിൻ്റെ കഷായോം കൊഴമ്പും ചെല്ലണ ദിവസം തന്നെ വാങ്ങണം….
അതൊന്നും മൊടക്കാണ്ടെ നോക്കണം ഇനി..

പിന്നെ ഉച്ചയ്ക്ക് അമ്പലത്തില് എന്നും അന്നദാനം ണ്ട്ത്രേ….
ഒരൂസം ഗുരുവായൂരെ ഒരു പിടി ചോറുണ്ണണംന്ന് തനിയ്ക്ക് മോഹാർന്നില്യേ..
ഒരൂസാക്കണ്ട….ഇനീപ്പോ എന്നും ആവാലോ…
അപ്പൊ എടുത്ത് വെയ്ക്കാ… അത്യാവശ്യള്ള തുണികള്….
കാലത്ത് നേർത്തെ എറങ്ങണം….
അവര് ഒണരണേന് മുമ്പെന്നെ…
ല്യാച്ചാ വിട്ടില്ലെങ്കിലോ…..
ലേശം ഒറങ്ങാ താൻ…. തിരുമ്മിത്തരാം കാല്….”

………………………………………………….

” ന്നാലും…. മoത്തിലമ്മേ……
നിങ്ങള് ഇവിടെ ഇങ്ങനെ എത്തീത് അറിഞ്ഞില്യാലോ…..
കഴിഞ്ഞാഴ്ച ഇവിടെ തൊഴാൻ വന്ന നാണ്വാരാ പറഞ്ഞേ അമ്പലത്തില് കണ്ടൂന്ന്…
ഇപ്പൊ ഇവിട്യാ താമസം ന്ന്…..
അപ്പൊ ദാമ്വേട്ടൻ പറയേ…
നമുക്ക് പോയി കൊണ്ടരാം ന്ന്…..
എതിർപ്പ് പറയരുത്……
വീട് നേര്യാക്കീപ്പോ ഒരു മുറി അടച്ചൊറപ്പാക്കി എടുത്ത്ണ്ട്… അതില് കെടക്കാം ….
ഞങ്ങടെ കൂടെ വരണം…..
ഒരു കൊറവും വരുത്താണ്ടെ നോക്കിക്കോളാം…
ഞങ്ങടെ അച്ഛനേം അമ്മേം പോലെ…. ”

” ഇല്യ കുട്ട്യെ…..നിങ്ങടൊപ്പം വരാൻ വിരോധണ്ടായിട്ടല്ലാട്ടോ…എന്നും ഗുരുവായൂര് കുളിച്ച് തൊഴണം ഇനീള്ള കാലംന്ന് ഞാൻ വാശി പിടിച്ചോണ്ടാ മക്കള് ഞങ്ങളെ ഇവിടെ കൊണ്ടാക്കീട്ട് പോയത്……………
സങ്കടപ്പെട്ടാ അവര് പോയത്…………
എന്നും രണ്ട് നേരോം വിളിച്ച് വെഷമം പറച്ചിലാ രണ്ടാളും…..
അച്ഛൻ്റേം അമ്മേടേം കൂടെ കഴിഞ്ഞ് കൊതി തീർന്നില്ലാന്ന് പറഞ്ഞ്….ഇതൊക്കെ അവര്ടെ ന്നെ ഏർപ്പാടാ ഒക്കെ …………….. അല്ലേ..?”

“ഉം…….. അതെ…..”

മൂളലിന് ശക്തി ലേശം കൂടുതലായിരുന്നോ….?

എയ്…. യ്ക്ക് തോന്നീതാവും…….

DR. RAJANI K P

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!