അറിയാത്തൊരാൾ

5548 Views

അറിയാത്തൊരാൾ കഥ

ഇന്ന് നീയാകട്ടെ എൻ്റെ കഥയിലെ പ്രധാന കഥാപാത്രം.  എന്നും  എൻ്റെ ജീവിതത്തെതന്നെ  തിരിച്ചും, മറിച്ചുമെഴുതി എനിക്ക്  മടുത്തിരിക്കുന്നു. ആവർത്തന വിരസതയുടെ പച്ച പൂപ്പലുകൾ പടർന്നു പിടിച്ചു ആർക്കും വായിക്കാനാകാത്ത വിധത്തിൽ എൻ്റെ ജീവിതം ജീർണിച്ചു പോയിരിക്കുന്നു. ഒരു അഴുക്കു ചാലിൽ വീണെഴുന്നേൽക്കുമ്പോൾ സ്വയം തോന്നുന്ന ഒരു വെറുപ്പായി അത് രൂപാന്തരപ്പെട്ടിരിക്കുന്നു.

പക്ഷെ നീയൊരു പുതുമയാണ്. നിന്റെ നവീനമായ ആവിഷ്കാരങ്ങളുടെയും, ആകിരണങ്ങളുടെയും ഉദാത്തമായ ശൈലി കൊണ്ട് ഞാനെന്റെ ജീവിതത്തെ വീണ്ടും നിറമുള്ളതാക്കും. അതിനുവേണ്ടി ഞാൻ നിന്നെ കടമെടുക്കുകയാണ്. നീ അതിനനുവദിച്ചില്ലെങ്കിലും എനിക്കതാവശ്യമാണ്. സദയം ക്ഷമിക്കുക,

ഹേ വായനക്കാരാ, നീയൊരു മണ്ടനാണ്. മറ്റുള്ളവരുടെ ജീവിതത്തെ കട്ടെടുത്തെഴുതുന്ന എൻ്റെ കഥകളെ വായിക്കുന്ന നിന്നെ പിന്നെ ഞാനെന്തു വിളിക്കണം.  ഒരു പക്ഷെ കച്ചവടക്കണ്ണുമായി മാത്രമായിരിക്കാം ഞാനിതെഴുതുന്നത്.  എങ്കിലും രാത്രിയുടെ ഏകാന്തതയിൽ ഏതെങ്കിലുമൊരു മാസികയിൽ കണ്ണും നട്ട്, നല്ലതോ ചീത്തയോ ആയ നിന്റെ സ്വപ്നത്തിന്റെ പകുതി ഭാഗമെങ്കിലും നഷ്ടപ്പെടുത്തി നീയിതു വായിക്കുമെന്ന് എനിക്കുറപ്പുണ്ട്. എൻ്റെ വിയർപ്പിന്റെ ഗന്ധവും, അത് പരത്തുന്ന സൗരഭ്യത്തെയും  സ്വീകരിക്കാൻ തയ്യാറായി നിൽക്കുന്ന വായനക്കാർക്കു വേണ്ടി ഇനി നിന്നെയെ ഉപയോഗിക്കാനുള്ളു. സദയം ക്ഷമിക്കുക.

നീയാര്.. ഒരു നൂറുവട്ടം എന്നോട് ഞാൻ ചോദിച്ച ചോദ്യമായിരുന്നു ഇത്. എൻ്റെ ജീവിതത്തിൽ നിന്നൊരേട് അടർത്തിയെടുക്കുവാൻ ഇത്രയും പ്രയാസമനുഭവപ്പെടാറില്ലായിരുന്നു. പക്ഷെ നിന്നെ ഒരു കഥാപാത്രമായി ചിത്രീകരിക്കണമെങ്കിൽ ഞാൻ നീയാവണം.  അതിനു എനിക്കൊരു പക്ഷെ വർഷങ്ങൾ തന്നെ വേണ്ടി വന്നേക്കും.  അത്രയും കാലം കാത്തിരിക്കാൻ എൻ്റെ വായനക്കാർ തയ്യാറല്ല, എനിക്കുറപ്പുണ്ട്.

നിന്റെ ശരീരത്തിലെ അഴുക്കുരുട്ടി വിഴുങ്ങുമ്പോൾ അതിലെ കയ്പ്പും മധുരവും വേർതിരിച്ചറിയുവാൻ പ്രയാസപ്പെടുകയാണ് ഞാനിപ്പോൾ. കറുത്തിരുണ്ട ആ ഗോളങ്ങളെ ഒരുമിപ്പിച്ചു ഒരു രൂപമാക്കിയെടുക്കാൻ എനിക്ക് സാധിക്കുന്നില്ല. സമയപരിമിതി കൊണ്ട് ഉടഞ്ഞുപോയ പല കട്ടകളെയും ഒരുമിപ്പിച്ചു ഒന്നാക്കുവാൻ ഞാൻ നിരന്തരം ശ്രമിക്കുകയാണ്. അതിന്റെ അവസാനമെന്നോണമായിരുന്നു നിന്റെ ഉത്ഭവം. അത് തികച്ചും സത്യമറ്റതാകാം, അല്ലെങ്കിൽ അർഥമില്ലാത്തതാകാം, പക്ഷെ അങ്ങിനെയൊരു തുടക്കം എനിക്ക് കൊടുത്തേ തീരു. അതിനു മാത്രം ഞാൻ നിസ്സഹായനായി പോയി.  സദയം എന്നോട് ക്ഷമിക്കുക.

അതെ, ചേറും, ദുർഗന്ധവും നിറഞ്ഞ ഒരു ചളിക്കുണ്ടിലായിരുന്നു നിന്റെ ജനനം. നിന്റെ വിയർപ്പിന് ജനനം മുതൽ സഹിക്കാൻ പറ്റാത്ത നാറ്റമായിരുന്നു.  നിന്റെ നിറം കറുപ്പായിരുന്നു, എത്ര സുഗന്ധ ലേപനങ്ങൾ പൂശിയാലും തീരാത്ത നിന്റെ ദുർഗന്ധമാണ് ഈ കഥയിലേക്ക് നിന്നെ ക്ഷണിച്ചു വരുത്തുവാൻ ഞാൻ തയ്യാറായതിനു കാരണം. അതുകൊണ്ടു നീ എന്നെ അംഗീകരിച്ചില്ലെങ്കിലും എന്റെ പ്രസ്താവനയെ അംഗീകരിച്ചേ നിവൃത്തിയുള്ളു.

എനിക്കിനിയും ആലോചിക്കേണ്ടിയിരിക്കുന്നു,നിന്റെ ജീവിതം. അത് ഏതു അച്ചുതണ്ടിൽ എങ്ങിനെ തിരിക്കണം, അതിന്റെ അവസാനമെങ്ങിനെ, എന്നൊക്കെ. ഒരു സൃഷ്ടിയുടെ അവതാരം എളുപ്പമായിരിക്കും, പക്ഷെ അവസാനം, അതായിരുന്നു എന്നെ ബുദ്ധിമുട്ടിച്ചത്, എന്നും ഞാൻ കാണുന്ന മനുഷ്യരെപോലെയായിരുന്നില്ല നീ. ചെളിയിൽ ജനിച്ച വിയർപ്പിന് ദുർഗന്ധമുള്ള നിന്നെപ്പോലൊരുവനെ എനിക്കിതുവരെ പരിചയപ്പെടേണ്ടി വന്നിട്ടില്ല.  അതുകൊണ്ടായിരിക്കും ഒരു പക്ഷെ എന്റെ മറ്റേതൊരു സൃഷ്ടിയെക്കാളും ഞാനിത്രയും ബുദ്ധിമുട്ടേണ്ടി വന്നത്. നിന്റെ ജീവിതം ചിത്രീകരിക്കാൻ ഞാനിനിയും എത്ര ആലോചിക്കേണ്ടിയിരിക്കുന്നു. പക്ഷെ സമയപരിമിതി മൂലം എന്റെ മറ്റേതെങ്കിലും ഒരു കഥാപാത്രത്തിന്റെ നിറത്തിൽ നിന്നും കുറച്ചു ചുരണ്ടിമാറ്റി നിനക്ക് തരേണ്ടി വന്നേക്കും.  നീ സദയം ക്ഷമിക്കുമല്ലോ.

നീ വളർന്നത്, ജീവിച്ചത് ഒന്നും നിങ്ങളറിയേണ്ട.  ഒരു സാധാരണക്കാരൻ, അവൻ ഇന്നത്തെ സാഹചര്യത്തിൽ എങ്ങിനെയെങ്കിലും ജീവിക്കും. ആ സത്യം നിങ്ങൾക്കറിയാമല്ലോ, പക്ഷെ, നിന്നെ ഞാനവസാനിപ്പിക്കേണ്ടേ. ഇല്ലെങ്കിൽ നീയൊരു ചിരഞ്ജീവിയായിപ്പോകും. അതിനെന്റെ അസൂയ നിറഞ്ഞ മനസ്സ് ഒരിക്കലും അനുവദിക്കില്ല. നീ മാത്രം അങ്ങിനെ അമരനായി  ജീവിക്കേണ്ട. അവസാനിപ്പിക്കണം. അല്ലെങ്കിൽ തന്നെ കഥയില്ലാത്ത ഒരു ജന്മമാണ് നിന്റേത്.  എടുത്തുപറയാനുള്ളത്  നിന്റെ വിയർപ്പിന്റെ അസഹ്യമായ ദുർഗന്ധം മാത്രം. അതുകൂടിയില്ലെങ്കിൽ നീയെന്നോ മരിച്ചു പോയേനെ.  നിന്റെ ഗതികേടോർത്തു ഞാൻ ദുഃഖിക്കുകയാണ്, പക്ഷെ കരയാൻ കണ്ണീരൊന്നുമില്ല. സങ്കടം വരുമ്പോൾ അറിയാതെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങുന്ന ഒരു ദ്രാവകം.  പച്ചവെള്ളത്തിന്റെ  വില പോലും ഞാനതിനു കൊടുക്കാറില്ല. ഒരു നിറമോ, ചവർപ്പോ അതിനുണ്ടാകാറില്ല.  ആർക്കും വേണ്ടാത്ത ഉപ്പുരസമുണ്ടെന്നതൊഴിച്ചാൽ  അത് വെറും ഒരു നീര്. സദയം ക്ഷമിക്കുക.

നീയെന്നെയിപ്പോൾ കൂടുതൽ വിഷമിപ്പിക്കുകയാണ്.  ഞാനായിരുന്നു ഈ കഥാപാത്രമെങ്കിൽ എന്നോ കുഴിയെടുത്തു മൂടിയേനെ.. പക്ഷെ നീ, നിന്നെ അവസാനിപ്പിക്കാൻ എനിക്ക് കഴിയുന്നില്ല. നിന്നോടെനിക്ക് വെറുപ്പ് തോന്നുന്നു. നിന്നെ എടുത്തു വളർത്താൻ തോന്നിച്ച എന്നോടെനിക്ക് വിരോധം തോന്നുന്നു.  വളർത്തുപുത്രനോട്  ഒരമ്മക്ക് തോന്നുന്ന സ്നേഹം എന്നിൽ ബാക്കിനിൽക്കുന്നതുകൊണ്ടു നിന്നെയുപേക്ഷിക്കാനും എനിക്കാവുന്നില്ല.

 

നീയിപ്പോൾ വെറും ശവം. ചീഞ്ഞളിഞ്ഞു ഈച്ചയും, പ്രാണിയും, പുഴുക്കളും വിട്ടുമാറാതെ പിടികൂടിയിരിക്കുന്ന നിന്നിൽനിന്നും ഇപ്പോഴുമുണ്ട് വിയർപ്പിന്റെ മനം മടുപ്പിക്കുന്ന ആ ദുർഗന്ധം. നിന്നെ കുഴിച്ചു മൂടാൻ എനിക്ക് കഴിയുന്നില്ല. പകുതിയോളം ദ്രവിച്ചു എല്ലുകൾ പുറത്തേക്കു കാണാനാകുന്ന രീതിയിൽ നീയിങ്ങനെ കിടക്കുന്നതു കാണാൻ എനിക്കിഷ്ടം തോന്നുകയാണ്. മറ്റൊന്നിനോടും തോന്നാത്ത ഒരു വികാരം എന്നിൽ ജനിക്കുന്നു. ചീഞ്ഞളിഞ്ഞ നിന്റെ ജഡത്തിൽ കെട്ടിപ്പിടിച്ചു ഞാനുറങ്ങട്ടെ, അടർന്നു വീഴുന്ന നിന്റെ ശരീരഭാഗങ്ങൾ ഞാൻ കഴിച്ചോട്ടെ. അങ്ങിനെ നീയെന്നിൽ ജീവിക്കട്ടെ. എനിക്ക് ഭ്രാന്താണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടാകും. സ്വന്തം ജീവിതം കഴിഞ്ഞപ്പോൾ  വിയർപ്പിന് അസഹനീയദുർഗന്ധമുള്ള അവനെ  ദത്തെടുത്തു, എങ്ങിനെയൊക്കെയോ അവസാനിപ്പിച്ച് ആ ജഡത്തിന് കാവലിരിക്കുന്ന ഒരു ഭ്രാന്തൻ എന്ന് തോന്നുന്നതിൽ തെറ്റില്ല. അത്രക്കും വൃത്തികെട്ടവനായി ഞാൻ മാറിയിരിക്കുന്നു, എന്റെ സ്വന്തം ലാഭത്തിനുവേണ്ടി മാത്രം. സദയം ക്ഷമിക്കുക.

 

അങ്ങിനെ ഞാനൊരു കഥകൂടി എഴുതിക്കഴിഞ്ഞിരിക്കുന്നു.  നിന്റെ കഥ. എങ്ങിനെയാണ് എഴുതിത്തീർത്തതെന്നുകൂടി ഓർക്കാൻ ഇഷ്ടപ്പെടാതെ നിങ്ങൾക്കായി മാത്രം എഴുതിയ കഥ. ഇനിയും എന്നെ നിർബന്ധിക്കരുത്, ഒരു കഥ കൂടിയെഴുതാൻ. ഞാനതിനു തയ്യാറല്ല. സദയം ക്ഷമിക്കുമല്ലോ.

————

സുധേഷ്‌ ചിത്തിര

 

കൂടുതൽ കഥകൾ ഇവിടെ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക


Malayalam Story: അറിയാത്തൊരാൾ by സുധേഷ്‌ ചിത്തിര – Aksharathalukal Online Malayalam Story

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply