പാലടപ്പായസം വിൽക്കുന്ന ആൺകുട്ടി (കഥ)

2793 Views

പാലടപ്പായസം വിൽക്കുന്ന ആൺകുട്ടി

വീട്ടിലേക്കുള്ള ഒരു യാത്രയിലാണ് പാലടപ്പായസം വിൽക്കുന്ന കുട്ടിയെ ആദ്യമായും അവസാനമായും കണ്ടത്.

കുറെ വണ്ടികൾ ഒരുമിച്ചു പാർക്ക് ചെയ്യാൻ സൗകര്യമുള്ള  കവളമുക്ക് എന്ന സ്ഥലത്തു വളരെയധികം വഴിയോരക്കച്ചവടക്കാർ അവരവരുടെ ചെറിയ സംരംഭങ്ങളുമായി  സ്ഥാനം പിടിച്ചിരുന്നു.   കുമ്മട്ടിക്ക ജ്യൂസ്, കരിമ്പ് ജ്യൂസ്, ഇളനീർ, സർബത്, ഉന്തുവണ്ടിയിൽ വിൽക്കുന്ന ഐസ്ക്രീം, എണ്ണക്കടികൾ,  ഉപ്പിലിട്ട മാങ്ങയും, കാരറ്റും, നെല്ലിക്കയും,  സാധാരണ വഴിവക്കിൽ കാണാത്ത തേൻ നെല്ലിക്ക, കല്ലുമ്മക്കായ വറുത്തത്, പരിപ്പുവട, ബിരിയാണി, പൊതിച്ചോറ് എന്നുവേണ്ട എല്ലാം അവിടെ ഉണ്ടായിരുന്നു. കണ്ടതും, കാണാത്തതുമായ പലവിധം പലഹാരങ്ങൾ വേറെയും. വഴിയാത്രക്കാർ അവിടെ വണ്ടി നിർത്തി അവർക്കിഷ്ടമുള്ളതു വാങ്ങി കഴിക്കുന്നു. ആരായാലും അവിടെയെത്തിയാൽ എന്തെങ്കിലുമൊന്ന് കഴിച്ചേ പോകാറുള്ളൂ.

“കൊതിമുക്ക് എന്നായിരുന്നു ആ സ്ഥലത്തിന് പേരിടേണ്ടിയിരുന്നത്” ഞാൻ മനസ്സിൽ പറഞ്ഞു.

കൊറോണ കാലമാണെന്നും, സാമൂഹിക അകലം പാലിക്കണമെന്നുമൊക്കെ ആളുകൾ മറക്കുന്നതുപോലെ തോന്നുന്നു. എന്തൊരു തിരക്കാണ് അവിടം.

ഉച്ചസമയം ആയതുകൊണ്ടാവും  പാലടപ്പായസം വിൽക്കുന്ന കുട്ടി വെയിൽ കൊണ്ട്  ആകെ വാടിയിരുന്നു. വഴിവക്കിൽ പായസം വിൽക്കുന്നത് ഈയിടെയാണ് കാണുന്നത്.  പണ്ടൊന്നും അങ്ങിനെ കണ്ടിട്ടില്ല. ഒരുപക്ഷെ ശ്രദ്ധിക്കപ്പെടാതിരുന്നതാകാം.

അവന്റെ മുന്നിൽ വച്ചിരിക്കുന്ന പ്ലാസ്റ്റിക്ക് മേശയിൽ പാലടപ്പായസം നിറഞ്ഞ  സ്റ്റീൽ ജാറുകൾ വെയിൽ തട്ടി വെട്ടിത്തിളങ്ങി.   അതിനടുത്തു കുറെ പാർസൽ കപ്പുകൾ. പായസം കുടിച്ചവർ നൽകിയ   പണം നിറഞ്ഞ ഒരു പ്ലാസ്റ്റിക് പാത്രം അവിടെയുണ്ട്. അവനു പിന്നിലായി നല്ല  പ്രായം തോന്നിക്കുന്ന ഒരു വൃദ്ധൻ കുറച്ചു തണലിലേക്ക് മാറി നിന്ന്   ഒരു സ്റ്റീൽ ജാർ കഴുകുന്നു. കുടിച്ചുകഴിഞ്ഞ ഗ്ലാസ്സുകൾ നിക്ഷേപിക്കാനുള്ള ഒരു കവർ മേശയുടെ അരികുഭാഗത്തായി തൂക്കിയിട്ടിരിക്കുന്നു. പാലടപ്പായസം എന്ന് ചുവപ്പിൽ വെള്ള നിറത്തിൽ എഴുതിയ ഒരു ബാനർ അവർക്കു പിന്നിലായി കെട്ടിവച്ചിട്ടുണ്ട്.

എനിക്ക് കൗതുകം തോന്നി, “പാലടപ്പായസം വിൽക്കുന്ന ആൺകുട്ടി”.

ക്ഷീണിതനാണെങ്കിലും ആരോഗ്യമുള്ള അവന്റെ ശരീരം ഒരു കഠിനാധ്വാനിയെ പോലെ തോന്നിച്ചു.

ആ  യാത്രയുടെ ഇടയിൽ കുട്ടികളുടെ ദാഹം തീർക്കാൻ   അവരുടെ നിർബന്ധപ്രകാരം കവളമുക്കിൽ കാർ നിർത്തിയതായിരുന്നു. അവരുടെ കണ്ണുകൾ പലവർണങ്ങളിലുള്ള ശീതളപാനീയങ്ങളിലേക്കും, ഐസ്ക്രീമിലേക്കുമൊക്കെ ഉടക്കി നിന്നു.  അവരുടെ ആവശ്യവും അതായിരുന്നു.. പക്ഷെ മോളി സമ്മതിച്ചില്ല.

“വേണമെങ്കിൽ ഇളനീര് വാങ്ങിച്ചോളൂ, അല്ലെങ്കിൽ വീട്ടിൽ എത്തിയിട്ട്  ഊണ് കഴിക്കാം.”.

അത് മോളിയുടെ കല്പനയാണ്. അതിനെ തിരുത്താൻ ഞാനോ മക്കളോ തയ്യാറായില്ല. മോളി പറഞ്ഞത് ശരിയാണ്. ഒരു മണി ആകുന്നതേയുള്ളു. വീട്ടിലെത്തിയാൽ ഊണ് കഴിക്കാം.

“ഒന്നാമത് കൊറോണ. പിന്നെ ഈ കളർ ചേർത്തുണ്ടാക്കുന്നതൊക്കെ വലിച്ചുകുടിച്ചു വയർ കേടാക്കിയാൽ എന്നെക്കൊണ്ടാകില്ല നിങ്ങളെ നോക്കാൻ. ” മോളി കെറുവോടെ പറഞ്ഞു.

“നിർബന്ധമാണേൽ ഓരോ ഇളനീർ വാങ്ങു അച്ചായാ.” മോളിയുടെ സമ്മതം കിട്ടി.

മോളിയും  മക്കളും കാറിൽ ഇരുന്നുകൊണ്ട് ഇളനീർ വെള്ളം കുടിക്കുന്നു. ഞാൻ പുറത്തു തന്നെ നിന്നു.

പാലടപ്പായസം വിൽക്കുന്ന  കുട്ടി പായസം ആവശ്യമുണ്ടോ എന്ന മട്ടിൽ ഒന്ന് നോക്കി. എത്ര തിളക്കമാർന്ന കണ്ണുകളാണ് അവന്.

ബാക്കിയുള്ള എല്ലാ കച്ചവടക്കാരും ആർത്തിയോടെ വഴിയാത്രക്കാരെ അവരവരുടെ കടകളിലേക്ക്  ക്ഷണിച്ചു കയറ്റാൻ പരസ്പരം മത്സരിക്കുമ്പോൾ അവൻ അതിനൊന്നും ശ്രമിക്കാതെ തന്റെ മൊബൈലിലേക്ക് നോക്കി ഇരിക്കുകയായിരുന്നു.

ഇളനീരിന്റെ കാമ്പും പൂണ്ടുതിന്നു അതിന്റെ പണവും നൽകി യാത്ര തിരിക്കാനൊരുങ്ങി.

ഒന്നുകൂടി ആ കുട്ടിയെ നോക്കി.

പതിമൂന്നോ പതിന്നാലോ വയസ്സ് പ്രായം  .  ഇരുനിറമാണ്. മഞ്ഞ നിറമുള്ള ടീഷർട്ടും, നീല ത്രീഫോർത്തും ആയിരുന്നു വേഷം.. നല്ല ആകർഷണമുള്ള തിളങ്ങുന്ന അവന്റെ കണ്ണുകൾ പരിചയമുള്ള ആരെയോ ഓർമ്മിപ്പിക്കുന്നതുപോലെ എനിക്ക് തോന്നി. മുഖം മാസ്ക് വെച്ച് മറച്ചിരുന്നു.

എന്നെ ബാധിച്ചിരിക്കുന്ന ഷുഗറിന്റെയും, കൊളസ്ട്രോളിന്റെയുമൊക്കെ അതിപ്രസരവും, ഭാര്യയുടെ ഉപദേശവും ഇത്തരം വഴിവക്കിലുള്ള വില്പനക്കാരിൽനിന്നും ഞാൻ കുറച്ചായി അകന്നു നിൽക്കുകയായിരുന്നു. കൊറോണ ആയപ്പോൾ മോളി എന്റെയും, മക്കളുടെയും ആരോഗ്യകാര്യങ്ങളിൽ വളരെ ശ്രദ്ധാലു ആയിരിക്കുന്നു.

തിരിച്ചു കാറിൽ കയറുന്നതിനു തൊട്ടുമുന്നെ ഒരാൾ വന്നു ആ കുട്ടിയോട് പാലടപായസം ആവശ്യപ്പെടുന്നുണ്ടായിരുന്നു. അയാൾക്ക് കൊടുക്കാൻ വേണ്ടി  ജാർ തുറന്നപ്പോൾ ആ പാലടപ്പായസത്തിന്റെ കൊതി പിടിപ്പിക്കുന്ന മണം എന്റെ മൂക്കിലേക്ക് അടിച്ചു കയറി. പറഞ്ഞറിയിക്കാൻ പറ്റാത്ത മണം അവിടമാകെ പെട്ടന്ന് പരന്നു.  അത്രക്കും മധുരവും, കൊതിയും തോന്നിപ്പിക്കുന്ന ഒരു മണം. പണ്ട് എപ്പോഴോ കുടിച്ച അല്ലെങ്കിൽ ഇപ്പോഴും രുചിക്കാൻ ആഗ്രഹിച്ചിരുന്ന ഒരു നറുമണം. അതോടൊപ്പം എന്റെ വായിൽ കൊതിയുടെ വെള്ളമൂറി വന്നു.  ആ പാലടപ്പായസം കുടിക്കാൻ എനിക്ക് ആവേശമായി.

“എന്താ വണ്ടി എടുക്കുന്നില്ലേ” മോളി ചോദിച്ചു. “നിങ്ങളെന്താ സ്വപ്നം കണ്ടു നിൽക്കുവാന്നോ” ഞാൻ പെട്ടന്ന് ഞെട്ടിയുണർന്നു.

“ആ പായസത്തിനു നല്ല മണം അല്ലെ, കുറച്ചു വാങ്ങി കുടിച്ചാലോ മോളി”.  ഞാൻ ചോദിച്ചു.

മക്കൾക്കും അത് കഴിക്കാൻ കൊതി വരുന്നതുപോലെ എനിക്ക് തോന്നി. പക്ഷെ അമ്മയെ  പേടിച്ചു  അവർ ഒന്നും മിണ്ടിയില്ല. കണ്ണുകളുയത്തി ആ പായസം വിൽക്കുന്ന കുട്ടിയെ പോലും അവർ നോക്കിയില്ല. രണ്ടുപേരും മൊബൈലിൽ തന്നെ തല പൂഴ്ത്തിയിരിക്കുന്നു.

“നിങ്ങൾ വണ്ടിയൊന്നെടുക്കണം. ഒരു വൃത്തിയും ഇല്ലാതെ ഉണ്ടാക്കുന്നതായിരിക്കും അതൊക്കെ.” മോളി ദേഷ്യത്തോടെ പറഞ്ഞു.

“മോളിക്കു ആഗ്രഹങ്ങൾ ഒന്നുമില്ലേ”, ഞാൻ ചിന്തിച്ചു. “അവളെയെന്താ മരം കൊണ്ടാണോ ഉണ്ടാക്കിയത്. ഇടയ്ക്കു തോന്നും ഒരു വികാരവും ഇല്ലാത്ത ഒരു സ്ത്രീയാണെന്ന്. ഒരു പക്ഷെ എന്റെയും, മക്കളുടെയും കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചു അവളങ്ങിനെ ആയതാവാം”. എനിക്കവളോട് ദേഷ്യം തോന്നി.

വായിൽ നിറഞ്ഞ വെള്ളം പതുക്കെ ഇറക്കിയിട്ടു കുട്ടികളോട് പറഞ്ഞു, “ഇന്ന് രാത്രി വീട്ടിൽ എത്തിയിട്ട് നമുക്ക് അമ്മയുടെ വക ഒരു പാലട പായസം”.

മോളി നെറ്റി ചുളിച്ചു. കണ്ണുകളുരുട്ടി.

“നിങ്ങളെന്തോന്നാ ഈ പറയുന്നേ. നിങ്ങടെ ഷുഗർ എത്രയാണെന്ന് വല്ല ഓർമയും ഉണ്ടോ. പായസം വേണം പോലും. പിന്നെ…, ചെറിയ കുട്ടിയല്ലേ. കൊളസ്‌ട്രോളിന്റെ മരുന്ന് കഴിച്ചില്ലല്ലോ ഇന്ന്. എല്ലാം ഞാൻ ഓർമിപ്പിക്കണമല്ലോ. എനിക്ക് വേണ്ടിയല്ലേ നിങ്ങൾ ജീവിക്കുന്നത്. എന്നെ ദേഷ്യം പിടിപ്പിക്കല്ലേ അച്ചായാ.”

എന്റെ  ദൗർബല്യങ്ങളെ അവൾ വലുതാക്കി കാണിച്ചു. ഒന്നും മിണ്ടിയില്ല.

“ഇപ്പൊ തന്നെ നേരം വൈകി. ഇനി സദ്യയും പായസവും ഒക്കെ കഴിച്ചിട്ട് ചെന്നാൽ അപ്പൻറെ വായിലിരിക്കുന്നതു കൂടി കേൾക്കണം.  അല്ലെങ്കിലേ എന്നെ കാണുന്നത് അങ്ങേർക്കു ചതുർത്ഥിയാ……” അവൾ പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.

ആ   കൊതിപ്പിക്കുന്ന മണം അവിടെ പരന്നപ്പോൾ അപ്പുറത്തുമിപ്പുറത്തുനിന്നും കുറച്ചുപേർ കൂടി ആ കുട്ടിയുടെ ചുറ്റും കൂടുന്നുണ്ടായിരുന്നു. പാലടപ്പായസം കഴിക്കാൻ.

“ഇതാ  സാനിറ്റൈസർ.  ആ കയ്യൊന്നു വൃത്തിയാക്കു”. സ്റ്റാർട്ട് ചെയ്യുന്നതിനുമുൻപേ  മോളി കയ്യിലേക്ക് ഒഴിച്ചുതന്നു.

യാത്ര തുടർന്നു. വീട്ടിലേക്കു ഇനി  അധികം ദൂരം ഇല്ല.

എന്റെ മനസ്സിൽ പാലടപ്പായസ്സത്തിന്റെ മധുരവും, ആ കുട്ടിയുടെ ആകർഷകമായ തിളങ്ങുന്ന കണ്ണുകളും മാത്രം.

നല്ല ചിരപരിചിതമായിരുന്നു ആ കണ്ണുകൾ.

പാലടപ്പായസം എനിക്ക്  വളരെ ഇഷ്ടമാണ്.  ചെറുപ്പത്തിൽ അമ്മച്ചി ഇടയ്ക്കിടെ  ഉണ്ടാക്കിത്തരാറുണ്ടായിരുന്നു. എന്തൊരു രസമായിരുന്നു.  അമ്മച്ചി മരിച്ചതിനു ശേഷം അത്രയും കൊതിയോടെ പായസം കുടിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.

ചിന്തകൾ എന്നെ എന്റെ ബാല്യകാലത്തിലേക്കു പിടിച്ചുവലിക്കുന്നപോലെ തോന്നി.

മക്കൾ മൊബൈലിൽ എന്തോ നോക്കിയിരിക്കുന്നു. യാത്ര തുടങ്ങിയപ്പോൾ തൊട്ടു ഇതുവരെ അതിലെ കാഴ്ചകൾ അവരുടെ കണ്ണുകളെ മരവിപ്പിച്ചു കാണില്ലേ.

കഴിഞ്ഞ കുറച്ചു  വർഷങ്ങളായി ഞങ്ങൾ ടൗണിൽ ഒരു വീടെടുത്തു താമസിക്കുന്നു. മോളി വീട്ടമ്മയാണ്.. ഞാൻ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്നു.. വീട്ടിൽ നിന്നും എന്നും പോയി വരാനുള്ള ദൂരമേ ഉള്ളു. പക്ഷെ  ആ ഓട്ടം കഴിഞ്ഞാൽ പിന്നെ ഒന്നിനും ഒരു സമയമില്ല.  വീട്ടിൽ അപ്പച്ചൻ ഒറ്റക്കാണ്. ആരോഗ്യവാനാണ്. മാസത്തിലൊരിക്കലെങ്കിലും വീട്ടിൽ വരണമെന്നൊരു നിർബന്ധം എനിക്കും അപ്പനുമുണ്ട്. അതിന്റെ പേരിൽ മോളി ഇടയ്ക്കു തെറ്റാറുമുണ്ട്.

“ആകെ ഒരു ശനിയും, ഞായറും കിട്ടിയാൽ അപ്പോഴേക്കും ഓടണം. എന്തൊരു മെനക്കെടാ അച്ചായാ ഈ യാത്ര. കുട്ടികളാണെങ്കിൽ  വീട്ടിലെത്തിയാൽ ഒന്നും പഠിക്കാതെ അപ്പന്റെ പിന്നാലെ നടക്കും.. ഇപ്പൊ കൊറോണ ആയതുകൊണ്ട് കുഴപ്പമില്ല എന്ന് വിചാരിക്കാം.  നാളെ മറ്റന്നാൾ അതങ്ങുമാറിയാൽ വീണ്ടും പഴയപോലെ ആവില്ലേ. അപ്പോഴും നിങ്ങൾക്ക് ഇടയ്ക്കിടെ വീട്ടിലേക്കു ഓടേണ്ടിവരില്ലേ.” മാസത്തിലൊരിക്കലാണ് പോകുന്നതെങ്കിലും ഓരോ യാത്രക്ക് മുന്നേയും മോളി ഇങ്ങനെ പറയാറുണ്ട്.

സാധാരണ വീട്ടിലെത്തിയാൽ അപ്പനോടൊപ്പം വർത്തമാനം പറഞ്ഞു പറമ്പിലൊക്കെ ഒന്ന് ചുറ്റി നടക്കാറുള്ളതാണ്. പക്ഷെ ഇന്ന് അതിനൊന്നും തോന്നുന്നില്ല.

അടുത്ത ദിവസം ഞായറാഴ്ച.  രാവിലെ ആലോചിച്ചത് പാലടപ്പായസത്തെ കുറിച്ച് തന്നെ. കാരണം രാത്രി കണ്ട സ്വപ്നത്തിൽ എനിക്ക് എത്ര ശ്രമിച്ചിട്ടും ഒരു കപ്പ് പാലട പായസം കുടിക്കാൻ കഴിഞ്ഞില്ല.

സ്വപ്നം ഇങ്ങനെ ആയിരുന്നു.

ഒരു തിരക്കുള്ള ഹാൾ. അവിടെ കുറെ ആളുകൾ ഒരു ചടങ്ങു കൂടാൻ നിൽക്കുന്നുണ്ട്.  കല്യാണമോ മറ്റോ ആയിരിക്കും.  ഹാളിന്റെ ഏറ്റവും അറ്റത്തു പാലട പായസം എന്നെഴുതിയ ഒരു ചെറിയ കൌണ്ടർ. വേറെയും ഒരു പാട് സ്റ്റാളുകൾ അവിടെയുണ്ട്. പക്ഷെ പാലടപ്പായസമെന്നെഴുതിയ ആ കൗണ്ടറിനു മുന്നിൽ വലിയ തിരക്കായിരുന്നു. അത്രയും ആൾക്കൂട്ടം ഇതുവരെ ഞാനെവിടെയും കണ്ടിട്ടില്ല. ഒരുപാടു സമയം ആ വരിയിൽ കാത്തുനിന്നു. സോമാലിയയിലെ പട്ടിണി പാവങ്ങൾ ഭക്ഷണത്തിനായി വരി നിൽക്കുന്നത് ടിവിയിൽ കണ്ടിട്ടുണ്ട്.  ഇതും ഏകദേശം അതുപോലെ. പക്ഷെ എല്ലാം പരിഷ്കാരികൾ ആണെന്ന് മാത്രം. എന്തൊക്കെ പ്രതിബന്ധങ്ങളാണ് അതിനിടയിൽ വന്നത്. ആളുകൾ പരസ്പരം ചീത്ത വിളിക്കുന്നു, തല്ലുകൂടുന്നു, സ്ത്രീകൾ തലമുടി പിടിച്ചു വലിക്കുന്നു. കുട്ടികൾ ആർത്തലച്ചു കരയുന്നു.  . എന്നിട്ടും വളരെ പ്രയാസപ്പെട്ടു ഒരു കപ്പ് പാലടപ്പായസം കൈക്കലാക്കി വിജയശ്രീലാളിതനായി കുടിക്കാനൊരുങ്ങുകയായിരുന്നു. പക്ഷെ കപ്പിനും ചുണ്ടിനും ഇടയിലെത്തിയപ്പോൾ, എവിടെനിന്നെന്നറിയില്ല തിരമാലപോലെ  തള്ളി വന്ന ഒരു ജനക്കൂട്ടം എന്നെയും പാലടപ്പായസത്തെയും മുന്നോട്ടുതള്ളി.  എന്റെ കയ്യിൽ നിന്നും കപ്പ് തെറിച്ചു ജനക്കൂട്ടത്തിനിടയിലെവിടെയോ ചെന്നുവീണു. എന്നിട്ടും അവരെ വകഞ്ഞുമാറ്റി പാലടപ്പായസം തിരഞ്ഞുകൊണ്ടിരുന്നു. ആ ബഹളത്തിൽ അതിനു വേണ്ടി ഞാൻ അലഞ്ഞുകൊണ്ടിരുന്നു. ഞാൻ തളർന്നു പോയി.  ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു. അപ്പോൾ മാത്രമാണ് അതൊരു സ്വപ്നമായിരുന്നു എന്ന് മനസ്സിലായത്.

“ഹോ, വല്ലാത്തൊരു സ്വപ്നം”. അറിയാതെ പറഞ്ഞുപോയി. ആരോടും പറയാൻ പറ്റാത്ത സ്വപ്നം. പുറത്തു വെളിച്ചം പരന്നിരുന്നു. പുലർക്കാലത്തു കാണുന്ന സ്വപ്‌നങ്ങൾ ഫലിക്കുമെന്നല്ലേ പറയാറുള്ളത്.

“അപ്പോളെനിക്ക് പാലടപ്പായസം കുടിക്കാനുള്ള യോഗമില്ലെന്നാണോ”. ഞാൻ കൊച്ചുകുട്ടികളെ പോലെ ചിന്തിച്ചു.

കവളമുക്ക്    വീട്ടിൽ നിന്നും അധികം ദൂരെയല്ല. ഒരു മൂന്നു  കിലോമീറ്റർ.

“ഉച്ചക്ക് ശേഷം ഒന്ന് പോയി നോക്കാം. മോളിയോട് എന്തെങ്കിലും കള്ളത്തരം പറയാം.. അരമണിക്കൂർ കൊണ്ട് പോയി വരാവുന്ന ദൂരമല്ലേ ഉള്ളു. ഒരു കപ്പ് പാലടപ്പായസം കുടിച്ചിട്ടുതന്നെ കാര്യം.” മനസ്സിൽ ഉറപ്പിച്ചു.

പതിവുപോലെ രാവിലെ അപ്പച്ചൻ ഒരു കപ്പ് പാൽകാപ്പി കൊണ്ട് തന്നു.  അത് അപ്പന് പണ്ടേയുള്ള ശീലമാണ്. ചെറുപ്പത്തിലേ അപ്പനാണ് കാപ്പി ഉണ്ടാക്കി ഞങ്ങൾ മക്കൾക്ക് തന്നിരുന്നത്. ഇപ്പോഴും അതിനു മാറ്റമില്ല.

“അപ്പൻ ഇങ്ങനെ സൽക്കരിച്ചാൽ മോനെ പിന്നെ ജീവനോടെ കാണില്ല.  പാലും പഞ്ചസാരയും പറ്റില്ലെന്ന് മോൻ തന്നെ അപ്പനോട് പറഞ്ഞു കൊടുത്തേക്ക്”. അപ്പച്ചൻ കേൾക്കാൻ തന്നെയാണവൾ പറഞ്ഞത്.  “അപ്പനറിഞ്ഞില്ലേ,  മോന് പാലടപ്പായസം കുടിക്കാൻ വല്ലാത്ത പൂതിയായിരുന്നു ഇന്നലെ”. ഒരു മയവുമില്ലാതെ മോളി അപ്പനോട് പറഞ്ഞു. “അപ്പനും മകനും കൂടി എന്താന്ന് വെച്ചാൽ ചെയ്യ്.  അവസാനം എന്തെങ്കിലും ദീനം വന്നാൽ എന്നെ കൂട്ടുപിടിക്കാൻ വരരുത്. പറഞ്ഞേക്കാം”. അവൾ അടുക്കളയിലേക്കു പോയി.

“മോളി പാലടപ്പായസത്തിന്റെ കാര്യം മറന്നിട്ടില്ല”. ഞാനോർത്തു.

അപ്പൻ ചോദിച്ചു,” എടാ, ഇവളുടെ നാക്കിനു ഇപ്പോഴും എല്ലു മുളച്ചില്ലേ” അതും പറഞ്ഞു അപ്പൻ ചിരിച്ചു.

“എന്താടാ അവൾ പാലടപ്പായസത്തിന്റെ കാര്യം പറഞ്ഞെ”. അപ്പൻ ചോദിച്ചു.

“അതപ്പാ, ഇന്നലെ ഞങ്ങൾ വരുന്ന വഴി നമ്മുടെ കവളമുക്കില്ലേ, അവിടെ ഇളനീര് കുടിക്കാൻ കാർ നിർത്തിയിരുന്നു.  അപ്പോൾ ഒരു പയ്യൻ പാലടപ്പായസം വിൽക്കാനായി ജാർ തുറന്നപ്പോൾ പായസത്തിന്റെ മണം അവിടെ പരന്നു.  അപ്പാ, നമ്മുക്ക്  പണ്ട് അമ്മച്ചി ഉണ്ടാക്കിത്തന്ന  പായസത്തിന്റെയൊക്കെ ഒരു ഓർമ്മ വന്നു.  ഒരു നിമിഷത്തേക്ക് ഞാൻ എല്ലാം മറന്നുപോയപ്പാ. ഷുഗറും, കൊളസ്ട്രോളുമൊക്കെ ഇല്ലായിരുന്നെങ്കിൽ അപ്പോൾ തന്നെ ഒരു ഗ്ലാസ് പാലടപ്പായസം കുടിക്കുമായിരുന്നു.. മോളിയോട് അറിയാതെ അതൊന്നു പറഞ്ഞു പോയി. പിന്നത്തെ പുകില് പറയണ്ടല്ലോ”. സംഭവം ചുരുക്കി പറഞ്ഞു.

“ഹ ഹ അതാണോ കാര്യം. നിനക്കാഗ്രഹമുണ്ടെങ്കിൽ നീ പോയി കുടിക്കെടാ. ഇപ്പൊ പറ്റിയില്ലെങ്കിൽ പിന്നെ എപ്പോഴാ. ആ പിള്ളേർക്കും വാങ്ങി കൊടുക്ക്. അവരും കുടിക്കട്ടെ”

അപ്പൻ ധൈര്യം തന്നു.

“അപ്പനത് പറയാം.  ആൾ നല്ല ആരോഗ്യവാനാണ്.  പ്രായം അധികമായെങ്കിലും ശരീരത്തിന് ഒരു ക്ഷീണവും പറ്റിയിട്ടില്ല.  വീട്ടിലും പറമ്പിലുമായി എപ്പോഴും എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കും. വെറുതെയിരിക്കാറേയില്ല.  പിന്നെ മോളിയുടെ വായിലിരിക്കുന്നതൊക്കെ കേൾക്കാൻ ഞാൻ ഒറ്റക്കെ ഉണ്ടാവുള്ളു”. മനസ്സിൽ വിചാരിച്ചു ചിരിച്ചു.

“അയ്യോ അപ്പാ വേണ്ട, ഞാൻ പോകുന്നില്ല, പിന്നെ എപ്പോഴെങ്കിലും ആകാം. ഞാനതു ഇന്നലെയെ മറന്നു”. അപ്പനോട് കള്ളം പറഞ്ഞു.

“മ്, മ്” അപ്പനൊന്നു മൂളിയിട്ടു പറമ്പിലേക്ക് പോയി.

ഉച്ചത്തെ ഊണ് കഴിഞ്ഞപ്പോൾ, പതുക്കെ വീട്ടിൽ നിന്നും ഇറങ്ങി.  അപ്പനുള്ള  മരുന്ന് വാങ്ങാൻ പോകുന്നു എന്നാണ് മോളിയോട് പറഞ്ഞത്.

സാധാരണ അതാണ് പതിവ്.  വീട്ടിലെത്തിയാൽ ഒരു മാസത്തേക്കുള്ള സാധനങ്ങളും, മരുന്നുമൊക്കെ അപ്പന് വാങ്ങി കൊടുക്കും.

കവളമുക്കിൽ എത്തി വണ്ടി പാർക്ക് ചെയ്തു. എല്ലാ കച്ചവടക്കാരും പതിവുപോലെ അവരുടെ വിഭവങ്ങളുടെ പേര് പറഞ്ഞു ക്ഷണിക്കുന്നുണ്ടായിരുന്നു. ഞാൻ പാലടപ്പായസം എന്ന ബാനർ നോക്കി. അവിടെ ആ കുട്ടി ഉണ്ടായിരുന്നില്ല. പ്രായമായ വൃദ്ധൻ മാത്രം. പാലടപ്പായസത്തിന്റെ ഒരു ജാർ മാത്രമേ ഉണ്ടായിരുന്നുള്ളു.

“പാലടപ്പായസം ഇല്ലേ..”.

“ഇല്ല…. കഴിഞ്ഞു”… തല ഉയർത്താതെ  അയാൾ പറഞ്ഞു,

എനിക്ക് വല്ലാത്ത നിരാശ തോന്നി.  എത്ര ആഗ്രഹിച്ചതായിരുന്നു. വളരെ പ്രതീക്ഷയോടെ ആയിരുന്നു വന്നത്.

പുലർച്ചെ കണ്ട സ്വപ്നത്തിലെ പോലെ പാലടപ്പായസം കയ്യിൽ നിന്നും വഴുതി വീഴുകയാണോ.

വൃദ്ധൻ ആയാസപ്പെട്ട് ആ സ്റ്റീൽ ജാർ കഴുകാനുള്ള തിരക്കിൽ  ആയിരുന്നു

“ഇന്നലെ ഇവിടെ നിന്നിരുന്ന കുട്ടി”….സംശയത്തോടെ ചോദിച്ചു.

“എന്റെ മോളുടെ കുട്ടിയാ…എന്താ സാറേ … എന്തെങ്കിലും പൈസ ബാക്കി തരാനുണ്ടായിരുന്നോ….”

“ഏയ്, ഇല്ല” ഞാൻ പറഞ്ഞു.

ഇന്നവിടെ പായസത്തിന്റെ മണമൊന്നും ഉണ്ടായില്ല.

“അവനു നല്ല സുഖമില്ല സാറേ, ചെറിയൊരു പനി പോലെ. അതുകൊണ്ടു ഇന്ന് കുറച്ചു പായസം മാത്രമേ ഉണ്ടായുള്ളു. അതും എന്റെ മോനല്ല ഉണ്ടാക്കിയത്. ഞാനൊരാളെ ഏൽപ്പിച്ചതാണ്”.

മൂക്കിന് താഴത്തേക്ക് ഊർന്നുവീഴുന്ന മാസ്ക് പൊക്കി വെച്ച് വൃദ്ധൻ പറഞ്ഞു.

“ഇന്നത്തെ പായസത്തിനു ഒരു രുചിയുമുണ്ടായിരുന്നില്ല സാറേ. അത് കുടിച്ചവരൊക്കെ പറഞ്ഞു. നാളെ അവൻ വരുമ്പോൾ നല്ല പാലടപ്പായസം ഉണ്ടാക്കിക്കൊണ്ടുവരും. ഇന്നത്തേക്കൊന്നു പൊറുക്കണം”.  എത്ര എളിമയോടെ ആണ് ആ വൃദ്ധൻ പറഞ്ഞത്. ഞാൻ അവിടുത്തെ സ്ഥിരം കസ്റ്റമർ ആണെന്നായിരിക്കും അയാൾ ധരിച്ചു വെച്ചിരിക്കുന്നത്.

“അപ്പോൾ പാലടപ്പായസം ഉണ്ടാക്കുന്നത് ആ കുട്ടി തന്നെയാണോ?”. എന്റെ സംശയം അറിയാതെ ചോദ്യമായി പുറത്തേക്കു വന്നു.

“അതെ സാറേ, അവന്റമ്മയുടെ കൈപ്പുണ്യം തന്നെയാണാകുട്ടിക്കും കിട്ടിയത്. എന്തുണ്ടാക്കിയാലും നല്ല രുചിയാ”. വൃദ്ധൻ സ്റ്റീൽ ജാർ കഴുകി മേശയിൽ കമഴ്ത്തിവച്ചുകൊണ്ടു പറഞ്ഞു.

“ഇത്ര ചെറു പ്രായത്തിൽ ഇത്രയും കൊതി പിടിപ്പിക്കുന്ന പായസം അവനെങ്ങനെ ഉണ്ടാക്കുന്നു.”  എനിക്കത്ഭുതം തോന്നി.

ചോദിയ്ക്കാൻ പുറപ്പെടുന്നതിനു മുന്നേ വൃദ്ധൻ പറഞ്ഞു.

“അവനായിട്ടു തന്നെ തുടങ്ങിയതാ സാറേ. ജീവിക്കണ്ടേ. അവന്റെ അച്ഛൻ എന്നോ അവരെ വിട്ടുപോയി. എന്റെ മോൾക്കാണെങ്കിൽ സുഖമില്ലാതെ കിടപ്പിലാ . പിന്നെ ഈ ഞാനാ ഉള്ളത്.  ആദ്യം ഒരു സെക്യൂരിറ്റി പണി ഉണ്ടായിരുന്നു. കൊറോണ തുടങ്ങിയപ്പോൾ അതും ഇല്ല. അല്ലെങ്കിലും വയസ്സായില്ലേ, ഇനി എന്ത് പണിയാ ചെയ്യുക. പേടിയാവുന്നുണ്ട് സാറേ”.

ഒന്ന് കിതച്ചുകൊണ്ടായാൾ തുടർന്നു.

“പ്ലസ്‌ടു പഠിച്ചുകൊണ്ടിരിക്കുവാ ചെക്കൻ.  നന്നായി പഠിക്കും. ഇപ്പൊ അതിനു മൊബൈലിൽ ഒക്കെയല്ലേ ക്ലാസ്. എവിടുന്നും ആവാല്ലോ. അവന്റമ്മയോടു അവൻ ചോദിച്ചു മനസ്സിലാക്കിയതാ ആ പാലടപ്പായസത്തിന്റെ കൂട്ട്”.

എനിക്ക് കേൾക്കാൻ താൽപ്പര്യം തോന്നി.

അതിനിടയിൽ കുറച്ചു ആളുകളൊക്കെ വന്നു പാലടപ്പായസം ഇല്ലെന്നറിഞ്ഞപ്പോൾ നിരാശയോടെ മടങ്ങുന്നുണ്ടായിരുന്നു.  ശരിയാണ്. ഒരുവട്ടം കുടിച്ചവരൊക്കെ വീണ്ടും അതിനായി വരുന്നുണ്ട്.

വൃദ്ധൻ തുടർന്നു, “അവനെന്നും പുലർച്ചെ നാലുമണിയാവുമ്പോഴേക്കും ഉണരാറുണ്ട്. രണ്ടു  പശുക്കളെ ഞാൻ വാങ്ങി കൊടുത്തിരുന്നു. എന്റെ ജീവിതത്തിലെ എല്ലാ സമ്പാദ്യവും പിന്നെ  കുറച്ചു കടവുമൊക്കെയെടുത്തു വാങ്ങിയതാ.  കടമൊക്കെ അവൻ തന്നെ എനിക്ക് വീട്ടി തന്നു. ആ പശുക്കളെ അവൻ പൊന്നു പോലെയാ നോക്കുന്നത്. ആ പശുക്കളെ കറന്നുകിട്ടുന്ന പാലിലാണ് അവൻ പായസം ഉണ്ടാക്കുന്നത്. അതിൽ ചേർക്കുന്ന അടയും ആ കുട്ടി  വീട്ടിൽ തന്നെ ഉണ്ടാക്കുകയാണ്. ഞാൻ ഉണരുന്നതിനുമുന്നെ അവൻ എല്ലാ പണിയും കഴിച്ചു പായസം തയ്യാറാക്കും. കൂട്ടത്തിൽ പഠിത്തവും നടക്കണ്ടേ.”

“പതിനാലു വയസ്സുള്ള ഒരു കുട്ടി…. ഇത്രയൊക്കെ… അവനെക്കൊണ്ടാകുമോ. ശരിയാണ്, ഞാനൂഹിച്ചതു പോലെ കഠിനാധ്വാനി തന്നെ”. എനിക്ക് അവനോടു അഭിമാനം തോന്നി.

“എന്റെ മോളുടെ കാര്യങ്ങളൊക്കെ നോക്കുന്നത് അവൻ തന്നെയാ. ഞാൻ വീട്ടിൽ തന്നെ ഇരിക്കാറാ പതിവ്. വീട്ടിൽ മോളൊറ്റക്കല്ലേ. അവൾക്കു ഭക്ഷണമൊക്കെ എടുത്തുകൊടുക്കണം.  രണ്ടു മൂന്നു ദിവസമായിട്ടു അവനു സുഖമില്ലാത്തതുകൊണ്ട് കൂടെ പോരുന്നതാ. അല്ലെങ്കിൽ എന്നെക്കൊണ്ട് ഇതൊന്നും അവൻ ചെയ്യിക്കൂല്ല സാറേ”. വൃദ്ധൻ കിതച്ചു കൊണ്ട് പറഞ്ഞു.

അയാളും നല്ല ക്ഷീണിതനാണ്. ശ്വാസം എടുക്കാൻ നന്നായി ബുദ്ധിമുട്ടുന്നുണ്ട്.

“സാറെന്തായാലും നാളെ വാ, നല്ല പാലടപ്പായസം അവൻ ഉണ്ടാക്കികൊണ്ടുവരും. അല്ലാതെ പറ്റില്ലല്ലോ. ഇതാണ് ഞങ്ങളുടെ ഏക വരുമാനം”.

അയാളപ്പോഴേക്കും എല്ലാം ഒതുക്കി വച്ച് പോകാൻ തയ്യാറായിരുന്നു.

“പാവം, തീരെ വയ്യാതായിരിക്കുന്നു”.  ആ വൃദ്ധനോടും കുടുംബത്തോടും സഹതാപം തോന്നി.

ഇത്ര പ്രായമായിട്ടും ഒന്ന് സമാധാനത്തോടെയിരിക്കാൻ അയാൾക്ക് പറ്റുന്നില്ലല്ലോയെന്നോർത്തപ്പോൾ എനിക്കും വിഷമമായി. എന്തെങ്കിലും പണം കൊടുത്തു അയാളെ സഹായിച്ചാലോ. വേണ്ട. നാളെ തിരിച്ചു പോകുമ്പോൾ കുറച്ചു പാലടപായസം അധികം വാങ്ങാം. ഓഫീസിലെ കൂട്ടുകാർക്കു കൊടുക്കാം. അത് ആ കുടുംബത്തിന് ഒരു സഹായമാകും.

 

പാലടപ്പായസം കുടിക്കാൻ സാധിക്കാത്തതിന്റെ നിരാശ മനസ്സിൽ ഒരു കനമായി നിൽക്കുന്നു.

ഞാൻ ചെല്ലുമ്പോൾ മോളി ഉറങ്ങുകയായിരുന്നില്ല..  സാധാരണ അവൾ നാലുമണി കഴിഞ്ഞേ ഉണരാറുള്ളു. ഇന്നിതെന്തു പറ്റി. അവളെന്നെ കാത്തിരിക്കുന്നപോലെ തോന്നി

“പാലടപ്പായസം കിട്ടിയോ” മോളിയുടെ ചോദ്യം കേട്ടപ്പോൾ ഞാൻ ഞാനൊന്നു ചൂളിപ്പോയി.

മോളിയുടെ കണ്ണുകളിൽ പരിഭവത്തിന്റെ ലാഞ്ചന. ഇനി അപ്പൻ പാലടപ്പായസത്തിന്റെ കാര്യം വല്ലതും പറഞ്ഞു കാണുമോ. ഇടയ്ക്കു അപ്പനും മകളും വലിയ കൂട്ടാണ്. ഒരുമിച്ചിരുന്നു നാട്ടുകാര്യവും, വീട്ടുകാര്യവും എല്ലാം പറയും.

എന്തെങ്കിലും മറുപടി പറയും മുൻപേ അവൾ പറഞ്ഞു

“എന്തിനാ ജോസച്ചായാ എന്നോട് കള്ളം പറഞ്ഞു പോയത്. അച്ചായന്റെ ആരോഗ്യം അറിയാല്ലോ. ഒരു സർജറി കഴിഞ്ഞതല്ലേ. അച്ചായൻ പോയാൽ പിന്നെ ഞങ്ങൾക്കാരാ ഉള്ളത്”. മോളിയുടെ കണ്ണ് നിറഞ്ഞിരുന്നു.

“അതുകൊണ്ടു തന്നെയാ ഞാൻ പറയാതിരുന്നത്.  എനിക്ക് ആ കുട്ടിയെ കണ്ടപ്പോൾ ഒരു വിഷമം തോന്നി. അവന്റെ കണ്ണുകൾ മാത്രമാണ് ഇന്നലെ ഞാൻ കണ്ടിരുന്നത്. കുറേ ചിന്തിച്ചപ്പോഴാണ് മനസ്സിലായത് അത്   എന്റെ പോളച്ചന്റെ അതേ കണ്ണുകളായിരുന്നു.  അത്രയ്ക്കും  തിളക്കമായിരുന്നു ആ കണ്ണുകൾക്ക്. അതുമല്ല ആ പായസത്തിന്റെ മണവും എന്നെ വല്ലാതെ ആകർഷിച്ചിരുന്നു.  എന്റെ അമ്മച്ചിയേയും, പോളച്ചനെയും എല്ലാം ഓർമ വരുന്നു.  എല്ലാം കൂടി ഞാനാകെ അസ്വസ്ഥനാകുന്നു മോളി.   സോറി” എന്റെ കണ്ണുകളും അറിയാതെ നിറഞ്ഞു.

പോളച്ചൻ എന്റെ ചെറിയ അനിയനായിരുന്നു. അവൻ വളരെ ചെറുപ്പത്തിലേ ഞങ്ങളെ വിട്ടു പോയതാണ്. ആ കുട്ടിയെ കണ്ടപ്പോൾ ആകർഷണം തോന്നാൻ അതായിരുന്നു കാരണം. പക്ഷെ എനിക്കതാരോടും പറയാൻ തോന്നിയിരുന്നില്ല. പോളച്ചൻ എന്റെ ഓർമയിലേക്ക് വരരുതെന്ന് ഞാനെന്നും കർത്താവിനോടു പ്രാർത്ഥിക്കാറുണ്ട്. പക്ഷെ ഇടക്കിതുപോലെ  ഞാനറിയാതെ അവനെന്നെ തേടി വരികയും ചെയ്യും.

“ഞാനിന്നു കുറച്ചു പാലടപ്പായസം വെക്കുന്നുണ്ട് ജോസച്ചായാ. അച്ചായൻ അത്രയും ആഗ്രഹിച്ചതല്ലേ “.  മോളി പറഞ്ഞു.

അവളങ്ങിനെയാണ്.  പറയാനുള്ളത് ആരോടും തുറന്നു പറയും. അതുകൊണ്ടു തന്നെ അവളെ എല്ലാവർക്കും വെറുപ്പുമാണ്. എനിക്കും അപ്പച്ചനുമൊക്കെ അവളെ നന്നായി അറിയാം.  മനസ്സിലാക്കിയവരൊക്കെ അവളെ എന്നും കൂടെ ചേർത്തുനിർത്താറുണ്ട്.

രാത്രിയിലെ ഊണ് കഴിഞ്ഞപ്പോൾ മോളി പാലടപ്പായസം കൊടുത്തു.  എല്ലാവർക്കും  സന്തോഷമായി.

“ഇനി നിങ്ങളെ കാണാൻ ഒരു മാസം കഴിയണ്ടേ. അപ്പനിവിടെ ഒറ്റയ്ക്ക് ഈ വലിയ വീട്ടിൽ. പ്രായം കൂടുകയല്ലേ.  ഇനിയും നിങ്ങളവിടെ വാടക കൊടുത്തു നിൽക്കണോ”.

“ഇല്ലപ്പാ, ഈ ഒരു വർഷത്തെ പ്രശനം കൂടിയേ ഉണ്ടാകു. അത് കഴിഞ്ഞാൽ  ഞങ്ങൾ തിരിച്ചു പോരും അപ്പാ. അപ്പൻ സമാധാനിക്ക്”.

മക്കൾക്ക് വേണ്ടിയാണ് ഞങ്ങൾ ടൗണിലേക്ക് വാടക വീടെടുത്തു പോയത്.  അവർക്കു നല്ല വിദ്യാഭ്യാസം വേണമെന്നുള്ള ഒരു വാശിയിൽ. പക്ഷെ ഇപ്പോൾ തോന്നാറുണ്ട് അതൊക്കെ അനാവശ്യമായ  മോഹങ്ങളാണെന്ന്.  പ്രായമായ മാതാപിതാക്കളെ വിട്ടു സ്വന്തം കാര്യം നോക്കി പോയിട്ട് എന്ത് കാര്യം. ഇപ്പോൾ അപ്പൻ ഒറ്റക്കായതുപോലെ നാളെ ഞങ്ങളുമാവില്ലേ.

“നല്ല പായസം മോളെ” , അപ്പൻ പറഞ്ഞു. മോളി ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി.

ഞാനും കുടിച്ചു. പക്ഷെ കവളമുക്കിൽ നിറഞ്ഞ പായസത്തിന്റെ ഗന്ധം അവിടെ ഉണ്ടായില്ല.

അങ്ങിനെ തൽക്കാലം എന്റെ പായസക്കൊതി നിന്നു എന്നാണ് കരുതിയത്. പക്ഷെ അന്നത്തെ രാത്രിയിലും എന്റെ സ്വപ്നത്തിൽ പാലടപ്പായസം നിറഞ്ഞു നിന്നു.

സ്വപ്നത്തിൽ ഞാനും എന്റെ മരിച്ചുപോയ അനിയൻ  പോളച്ചനും ആയിരുന്നു. പോളച്ചന് കവളമുക്കിൽ പാലടപ്പായസം വിൽക്കുന്ന കുട്ടിയുടെ ഛായ ആയിരുന്നു. ഞങ്ങൾ പഴയ വീടിന്റെ തിണ്ണയിലിരിക്കുമ്പോൾ അമ്മച്ചി പായസവുമായി വരുന്നു. എന്റെ മൂക്കിലേക്ക് ആ പാലടപ്പായസത്തിന്റെ ഗന്ധം എവിടെനിന്നോ അടിച്ചുകയറി. ഞങ്ങളുടെ മുന്നിൽ ഉള്ള പിഞ്ഞാണ പാത്രത്തിലേക്ക് അമ്മച്ചി ആവി പറക്കുന്ന പായസം ഒഴിച്ചു തന്നു. പോളച്ചന്റെ തിളക്കമുള്ള കണ്ണുകൾ പാലടപ്പായസം കണ്ടപ്പോൾ ഒന്നുകൂടി തിളങ്ങി.

“ചൂടാറിയിട്ടേ കഴിക്കാവൂ”. അമ്മച്ചി അതും പറഞ്ഞു അടുക്കളയിലേക്കു പോയി.

ഞാനും പോളച്ചനും കൊതിയോടെ കുറച്ചു സമയം കാത്തിരുന്നു.

എന്റെ ക്ഷമ നശിച്ചു. ഇനി കാത്തിരിക്കാനാകില്ല. ഞാൻ പിഞ്ഞാണമെടുത്തു പാലടപ്പായസം ആർത്തിയോടെ വായിലേക്ക് കമഴ്ത്തി.

“അയ്യോ” ഞാനുച്ചത്തിൽ  കരഞ്ഞു.

“അമ്മച്ചീ ഓടിവായോ, ജോസച്ചായന്റെ നാക്കു പൊള്ളിയേ”, പോളച്ചൻ ഉറക്കെ വിളിച്ചു പറഞ്ഞു.

അമ്മച്ചി ഓടിവന്നു എന്നെ മടിയിലിരുത്തി. കെട്ടിപ്പിടിച്ചു. കുറച്ചു തണുത്ത വെള്ളം എന്റെ വായിലാക്കി തന്നു.  പോളച്ചൻ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു.

“സാരമില്ലെടാ മക്കളെ, കരയല്ലേ, ഇതിപ്പം മാറും. ” എന്ന് പറഞ്ഞു എന്റെ മുഖത്ത് പതുക്കെ ഊതി തലോടി തന്നുകൊണ്ടിരുന്നു.

പെട്ടന്ന് കണ്ണ് തുറന്നപ്പോൾ മോളി.

“എന്ത് പറ്റി അച്ചായാ, എന്തിനാ ഉറക്കത്തിൽ നിലവിളിച്ചേ. എന്തോ കണ്ടു ഭയന്നതാന്നോ”.

“ആ, മോളി. എന്തോ ഒരു സ്വപ്നം കണ്ടപോലെ. നീ കിടന്നോ. കുഴപ്പമൊന്നുമില്ല”.   വിശദീകരിക്കാൻ നിന്നില്ല.

മോളി പ്രാർത്ഥിച്ചു കുരിശു വരച്ചു കിടന്നു.

സമയം പുലർച്ചെ ഒരു മണി ആകുന്നേയുള്ളു. പാലടപ്പായസം എന്റെ ഉറക്കം കെടുത്തുകയാണോ. അതോ ആ കുട്ടിയോ. എന്റെ പോളച്ചൻ ഞങ്ങളെ വിട്ടു പോയിട്ട് മുപ്പതു വർഷം കഴിഞ്ഞു. ഞങ്ങൾ നാല് മക്കളിൽ ഏറ്റവും ചെറിയവനായിരുന്നു പോളച്ചൻ. ഞാനായിരുന്നു മൂത്തവൻ. ശരിക്കും പോളച്ചനെ ഞാനായിരുന്നു നോക്കിയിരുന്നത് എന്ന് വേണം പറയാൻ. ഊണിലും ഉറക്കത്തിലുമെല്ലാം അവനു ഞാൻ വേണമായിരുന്നു. പക്ഷെ അവനൊരു പത്തു വയസ്സ് കഴിഞ്ഞപ്പോൾ ഒരു പനി വന്നു.  മഞ്ഞപ്പിത്തമായിരുന്നു എന്ന് പിന്നീടാണ് അറിഞ്ഞത്. എനിക്ക് അന്ന് ഏകദേശം ഇരുപത്തിരണ്ടു വയസ്സായിരിക്കണം. എപ്പോഴും എന്നെ ഒട്ടിക്കൊണ്ടു നടന്ന പോളച്ചൻ ഒരു ശൂന്യത സൃഷ്ടിച്ചുകൊണ്ട് എന്നെ പിരിഞ്ഞു പോയത് എനിക്കിപ്പോഴും ഓർമയുണ്ട്.

ഇനിയിന്നു ഉറക്കം വരുമെന്ന് തോന്നുന്നില്ല.

“മോളി”, ഞാൻ വിളിച്ചു.

“എന്താ അച്ചായാ…ഉറങ്ങുന്നില്ലേ…”

“നീയൊരു സ്ലീപ്പിങ് പിൽസ് എടുത്തേ, ഇന്നിപ്പം അതില്ലാതെ ഉറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല”.

“എന്താ അച്ചായാ, ഇന്ന് പോളച്ചനെ സ്വപ്നം കണ്ടോ”. എന്റെ മുടിയിലൂടെ വിരലോടിച്ചു മോളി ചോദിച്ചു.

“മ്”

“ഇത് കഴിച്ചു കുരിശും വരച്ചു കിടന്നോ അച്ചായാ, നാളെ നമുക്ക് പോകാനുള്ളതല്ലേ” അവൾ ഗുളികയും വെള്ളവും തന്നു.

“മ്”

ഞാൻ കണ്ണടച്ച് കിടന്നു, പാലടപ്പായസത്തിന്റെ ഗന്ധം അപ്പോഴും ഉണ്ടായിരുന്നു.

രാവിലെ ഉണർന്നു പത്രം നോക്കിയപ്പോഴാണ് പുതിയതായി പ്രഖ്യാപിച്ച കണ്ടൈൻമെൻറ്സോണിൽ കവളമുക്കും  ഉൾപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലായത്.

ഇന്നലെ പാലടപ്പായസം കിട്ടാതിരുന്നത് നന്നായി. അല്ലെങ്കിൽ എനിക്കും ഒരു പക്ഷെ സമ്പർക്കത്തിലൂടെ അസുഖം വരാൻ സാധ്യത ഉണ്ടായിരുന്നു.

പത്രത്തിന്റെ ഉൾപ്പേജിലൂടെ ഞാൻ കണ്ണോടിച്ചു.

“കോവിഡ്, ജില്ലയിൽ   ഒരു കുടുംബത്തിലെ മൂന്നുപേരടക്കം ഏഴു മരണം”.

“അച്ചായാ, ഇറങ്ങുവല്ലേ. ഇനി വൈകിയാൽ ഓഫീസിൽ സമയത്തെത്തില്ല”.

ഞാൻ പാത്രം മടക്കി അപ്പച്ചനോട് യാത്ര പറഞ്ഞു കാർ എടുത്തു.

“മോളിയേ, ജോസിനെയൊന്നു ശ്രദ്ധിച്ചേക്കണേ”.  അപ്പച്ചൻ മോളി കേൾക്കാനായി മാത്രം പറഞ്ഞു.

തിരിച്ചുള്ള യാത്രയിൽ കവളമുക്ക്   ശൂന്യമായിരുന്നു. ഒന്നോ രണ്ടോ പോലീസുകാരുണ്ടെന്നൊഴിച്ചാൽ വേറെ ആരും തന്നെയില്ല. പാലടപ്പായസം എന്നെഴുതിയ ബാനർ അവിടെ തന്നെ ഉണ്ടായിരുന്നു.

പാലടപ്പായസത്തിന്റെ കൊതിപ്പിക്കുന്ന ഗന്ധം.

കാർ നിർത്താൻ ആരോ എന്നെ നിർബന്ധിക്കുന്നു. ഗിയർ മാറ്റി കാറിന്റെ വേഗം കുറച്ചു പതുക്കെ നിർത്താനൊരുങ്ങി.

“അച്ചായാ, എന്തിനാ വണ്ടി നിർത്തുന്നെ, കുറേ ലേറ്റ് ആയിട്ടോ, അതുമല്ല ഇത് കണ്ടൈൻമെൻറ്സോൺ ആണ്”. മോളിയുടെ ഉച്ചത്തിലുള്ള ശബ്ദം എന്നെ പെട്ടന്നുണർത്തി.

വേഗം കൂട്ടി കാർ മുന്നോട്ടേക്കെടുത്തു.

അപ്പോഴാണ് കാറിന്റെ വലതു  വശത്തുമുള്ള കണ്ണാടിയിലൂടെ ഞാൻ പാലടപ്പായസം വിൽക്കുന്ന കുട്ടിയെ  വ്യക്തമായി കണ്ടത്. മുഖത്ത് മാസ്ക് ഉണ്ടായിരുന്നില്ല. ആകർഷണമുള്ള അവന്റെ കണ്ണുകൾക്ക് നല്ല തിളക്കമുണ്ടായിരുന്നു.

ആ കുട്ടി കൈ പൊക്കി  കാറിനു പിന്നിലായി ഓടി വരുന്നു.

പാലടപ്പായസത്തിന്റെ ഹരം പിടിപ്പിക്കുന്ന ഗന്ധം മൂക്കിലേക്ക് തുളച്ചുകയറി തലയെ മത്തു പിടിപ്പിക്കാനൊരുങ്ങുന്നു.

എനിക്ക് ഭയമായി.

ആക്സലറേറ്ററിൽ അമർത്തിചവുട്ടി കാറിനു വേഗം കൂട്ടി. കവളമുക്ക് കഴിയുന്നതുവരെ പാലടപ്പായസം വിൽക്കുന്ന കുട്ടി കാറിനു പിന്നാലെ ഓടിവരുന്നത് കണ്ണാടിയിലൂടെ കണ്ടു.

“അച്ചായാ, ശ്രദ്ധിച്ചു ഓടിക്കു, മുന്നിൽ വാഹനങ്ങൾ വരുന്നത് കാണുന്നില്ലേ”. മോളി എന്നെ ഇടയ്ക്കിടെ  തട്ടി പറഞ്ഞുകൊണ്ടിരുന്നു.

കവളമുക്ക് കഴിഞ്ഞു. പാലടപായസത്തിന്റെ ഗന്ധം മാറി. എന്റെ ഭയം കുറഞ്ഞു.

കണ്ണാടിയിൽ അവസാനമായി ഒന്നുകൂടി നോക്കി. കാറിനു പിന്നിലായി വളരെ ദൂരെ എന്റെ പോളച്ചൻ കൈ കാട്ടി യാത്ര പറഞ്ഞു നിൽക്കുന്നത് വ്യക്തമായി കാണുന്നു.

ഞാൻ ചിരിച്ചപ്പോൾ എന്റെ പോളച്ചനും ചിരിക്കുന്നത് ഞാൻ കണ്ണാടിയിലൂടെ കണ്ടു.

ഇനി വേറെയൊരവസരത്തിൽ  കാണാം എന്ന് അവന്റെ തിളങ്ങുന്ന കണ്ണുകൾ എന്നോട് വിളിച്ചു പറയുന്നുണ്ടായിരുന്നു.

പാവം, എന്നെ ഒട്ടിച്ചേർന്നു നടന്ന എന്റെ പോളച്ചൻ.

യാത്ര തുടർന്നു.

മോളി ആ പത്രവാർത്ത ഒന്നൂടെ എടുത്തു നോക്കി.

“കോവിഡ്,  ജില്ലയിൽ   ഒരു കുടുംബത്തിലെ മൂന്നുപേരടക്കം ഏഴു മരണം”.

അതിൽ ഒന്ന് ആ പാലടപ്പായസം വിറ്റുകൊണ്ടിരുന്ന ആൺകുട്ടിയായിരുന്നു.

———————————————–

സുധേഷ്‌ ചിത്തിര

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Tags:

1 thought on “പാലടപ്പായസം വിൽക്കുന്ന ആൺകുട്ടി (കഥ)”

  1. പൊന്നൂസ്

    വല്ലാത്തൊരു feel തോന്നുന്നു എന്തോ മനസ്സിൽ ഒരു വിങ്ങൽ പോലെ അവന്റെ കണ്ണുകൾ എന്റെ കണ്ണിൽ നിറഞ്ഞു നിൽക്കുന്നു ❤️❤️

Leave a Reply