അലീന – ഭാഗം 3

4750 Views

aleena novel Saji Thaiparambu

പാതിമയക്കത്തിൽ കതകിലാരോ തട്ടുന്ന ശബ്ദം കേട്ട് അലീന ഞെട്ടിയുണർന്നു .

കണ്ണ് തുറന്ന് നോക്കിയ അവൾ , മുറിയിലെ വെളിച്ചം കണ്ടപ്പോഴാണ്, താൻ ലൈറ്റ് ഓഫ് ചെയ്യാതെയാണ് കിടന്നതെന്ന് മനസ്സിലായത്.

അല്ലെങ്കിലും ഉറങ്ങാൻ കിടന്നതല്ലല്ലോ ? ഓരോന്നാലോചിച്ച് കിടന്നപ്പോൾ ക്ഷീണം കൊണ്ട് മയങ്ങിപ്പോയതല്ലേ?

വീണ്ടും,റെയ്ച്ചൽ പറഞ്ഞ കാര്യം അവളുടെ മനസ്സിലേക്ക് , തികട്ടി വന്നപ്പോൾ ഉള്ളിൽ നിന്നൊരാന്തലുണ്ടായി.

പിന്നെയും കതകിൽ തുരുതുരെ മുട്ട് കേട്ടു.

അത് സിബിച്ചനായിരിക്കുമെന്നും,

കുടിച്ച് കൂത്താടിയുള്ള വരവാണെന്നും ചിന്തിച്ച അവൾക്ക് അവനോട് വല്ലാത്ത വെറുപ്പ് തോന്നി.

സിബിച്ചനോടുള്ള ദേഷ്യം കടിച്ചമർത്തികൊണ്ട് ,അവൾ കതക് തുറന്നു.

കാത്തിരുന്ന് മുഷിഞ്ഞ് കാണുമല്ലേ?

ചിരിച്ചോണ്ടുള്ള  സിബിച്ചൻ്റെ ചോദ്യത്തെ അവഗണിച്ച് , അയാളുടെ മുഖത്ത് നോക്കാതെ അവൾ ഒതുങ്ങി മാറി നിന്നു.

താനിവിടെ തനിച്ചാണെന്ന് അറിയാഞ്ഞിട്ടല്ല, കൂട്ടുകാരെയൊന്ന് തൃപ്തിപ്പെടുത്താനായി എനിക്കവരോടൊപ്പം ഇത്രയും നേരം നില്ക്കേണ്ടി വന്നു ,അല്ലെങ്കിൽ അവൻമാര് പറയില്ലേ? കല്യാണം കഴിഞ്ഞതേയുള്ളു, അപ്പോഴേക്കും അവൻ പെൺകോന്തനായെന്ന്

ഇന്നെന്താ കുറച്ചേ കുടിച്ചുള്ളോ ?

നാക്കൊട്ടും കുഴയുന്നില്ല, അത് കൊണ്ട് ചോദിച്ചതാ?

ഉള്ളിലെ വെറുപ്പ് പുറത്ത് കാട്ടാതെ

അലീന ചോദിച്ചു.

ഹേയ്.. ഇന്ന് ഞാൻ തൊട്ടിട്ടേയില്ല,

അവരൊക്കെ ഒരു പാട് നിർബന്ധിച്ചു, പക്ഷേ ഞാൻ പറഞ്ഞു, ഇന്നെൻ്റെ ആദ്യ രാത്രിയാന്നെന്നും ,എന്നെ കാത്തിരിക്കുന്ന എൻ്റെ ഭാര്യയോട്

എനിക്ക് സ്വബോധത്തോടെ തന്നെ സംസാരിക്കണമെന്നും

ഓഹോ, അപ്പോൾ ഇന്നൊരു ദിവസത്തേക്ക് മാത്രമാണ് കുടിക്കാതിരുന്നത് ,എന്ന് വച്ചാൽ നാളെ മുതൽ വീണ്ടും തുടങ്ങുമെന്ന്, അല്ലേ?

അവൾ ഈർഷ്യയോടെ ചോദിച്ചു.

അയ്യോ അങ്ങനല്ല, എൻ്റെ കൊച്ചേ .. പൂർണ്ണമായിട്ട് കുടി നിർത്തുക എന്ന് പറയുന്നത് നടക്കുന്ന കാര്യമല്ല ,നിനക്കറിയാമോ? ഇന്ന് രാവിലെ മുതൽ ,ഒരു തുള്ളി കഴിക്കാതെ ഇത്രയും നേരം  പിടിച്ച് നില്ക്കാൻ ഞാൻ പെട്ട പാട് ,നാളെ നേരം വെളുത്താലുടനെ എനിക്ക് ഒരു അരയെങ്കിലും കഴിക്കണം, ഇല്ലെങ്കിലെനിക്ക് ഭ്രാന്ത് പിടിക്കും

തൻ്റെ ഭർത്താവിനെ മദ്യപാനത്തിൽ നിന്ന് ,പൂർണ്ണമായി മോചിപ്പിക്കെടുക്കുന്നത് പ്രയാസമാണെന്ന്, അലീനയ്ക്ക് മനസ്സിലായി.

എന്നാലും സാരമില്ല, താനത് സഹിക്കാൻ തയ്യാറാണ്, പക്ഷേ റെയ്ച്ചൽ പറഞ്ഞത് പോലെ,

സിബിച്ചന് വഴിവിട്ട ബന്ധമുണ്ടെങ്കിൽ, അതൊരിക്കലും തനിക്ക് അംഗീകരിക്കാനാവില്ല.

പക്ഷേ, അങ്ങനെയൊരു ദുശ്ശീലമുണ്ടെന്ന്, എങ്ങനെയാണ് ഒന്ന് മനസ്സിലാക്കുന്നത്, തല്ക്കാലം ,റെയ്ച്ചൽ പറഞ്ഞതും

അതിന് മുമ്പ് തനിക്ക് സൂസിയിൽ നിന്നും റെയ്ച്ചലിൽ നിന്നും നേരിടേണ്ടി വന്ന, അവഗണനയെക്കുറിച്ചും

സിബിച്ചനോട് പറയാതിരിക്കുന്നതാണ് നല്ലതെന്ന് അവൾക്ക് തോന്നി

അല്ലെങ്കിൽ വന്ന് കേറിയപ്പോൾ തന്നെ, താൻ കുടുംബ കലഹമുണ്ടാക്കാൻ ശ്രമിച്ചെന്ന് മറ്റുള്ളവർ കരുതുമെന്നും ,അതോടെ ബാക്കിയുള്ളവർക്ക് കൂടി

തന്നോട് നീരസമുണ്ടാകുമെന്നുമവൾ ചിന്തിച്ചു .

സിബിച്ചനോടുള്ള അനിഷ്ടം പുറത്ത് കാട്ടാതെ സ്നേഹത്തോടെ പെരുമാറാനും, അയാളിൽ നിന്ന് തന്നെ ആ രഹസ്യം ചോർത്തിയെടുക്കാനും , അത് വരെ സിബിച്ചനിൽ നിന്നും ഒരു ശാരീരിക അകലം പാലിക്കാനും അവൾ തീരുമാനിച്ചു.

അല്ല ഇങ്ങനെ നിന്നാൽ മതിയോ നമുക്ക് കിടക്കണ്ടേ?

അയാളൊരു ശൃംഗാരച്ചിരിയോടെ അവളോട് ചോദിച്ചു.

ഉം കിടക്കാം, പക്ഷേ കുറച്ച് ദിവസം സിബിച്ചൻ കട്ടിലിലും ഞാൻ താഴെയുമായിരിക്കും കിടക്കുക

അയ്യോ അതെന്നാത്തിന്നാ ,എനിക്ക് വല്ല അസുഖവുമുണ്ടോ?

ഹേയ്, അസുഖമെനിക്കാ, എനിക്ക് കുറച്ച് മുമ്പ് പിരീഡ്സായി, രണ്ട് മൂന്ന് ദിവസത്തേക്ക് നല്ല ബ്ളീഡിങ്ങുണ്ടാവും, ഇപ്പോൾ തന്നെ നല്ല വയറ് വേദനയുണ്ട് ഞാൻ കൂടെ കിടന്നാൽ

സിബിച്ചൻ്റെ ഉറക്കം കൂടി പോകും

കർത്താവേ.. ഇതൊരുമാതിരി ചതിയായിപ്പോയല്ലോ? ആദ്യരാത്രി കുളമാകരുതെന്ന് കരുതിയാ ഞാനിത്രയും നേരം കുടിക്കാതെ പിടിച്ച് നിന്നത്  ,ഇനിയിപ്പോഴെന്തോ ചെയ്യും

അപ്പോൾ ആദ്യരാത്രിയെന്ന് പറയുന്നത് ,എന്തെങ്കിലും ചെയ്യാൻ മാത്രമുള്ളതാണോ ,ആദ്യമായി ജീവിതം തുടങ്ങുന്നവർ തമ്മിൽ, എന്തെല്ലാം കാര്യങ്ങൾ പരസ്പരം സംസാരിക്കാനുണ്ടാവും

അല്ലാ … അത് ശരിയാ, പക്ഷേ ….

ഒരു പക്ഷേയുമില്ല സിബിച്ചൻ അങ്ങോട്ട് കയറി കിടന്നേ, ഞാൻ ദേ ..തൊട്ടടുത്ത് താഴെ തന്നെയുണ്ട്, നമുക്ക് നേരം പുലരും വരെ സംസാരിച്ച് കൊണ്ട് കിടക്കാം ,ആദ്യം ഞാൻ എൻ്റെ പഴയ കഥകളൊക്കെ പറയാം

ഉം ശരി ,എന്നാൽ നീ പറ ,നിനക്കീ കല്യാണത്തിന് സമ്മതമായിരുന്നോ? അല്ലായിരുന്ന് എന്ന് എനിക്കറിയാം, അത് കൊണ്ടല്ലേ? അന്ന് കുർബാന കഴിഞ്ഞിറങ്ങിയ നിന്നെ ഞാൻ, വീട്ടിൽ കൊണ്ട് വിടാമെന്ന് പറഞ്ഞപ്പോൾ, നീയെന്നോട് കയർത്ത് സംസാരിച്ചത്, ആ സമയത്ത് നിന്നോടെനിക്ക് വല്ലാത്ത ദേഷ്യം തോന്നിയെങ്കിലും പിന്നീട് ഞാൻ നിൻ്റെ ഭാഗത്ത് നിന്ന് ചിന്തിച്ചപ്പോൾ നീ പറഞ്ഞത് ശരിയാണെന്നെനിക്ക് തോന്നി അല്ലെങ്കിലും കുടുംബത്ത് പിറന്ന പെണ്ണുങ്ങളാരെങ്കിലും എന്നെപ്പോലൊരു താന്തോന്നിയോടൊപ്പം ബൈക്കിൻ്റെ പിന്നിൽ കയറുമോ? നീ പറഞ്ഞത് പോലെ നിൻ്റെ മേൽ അധികാരം സ്ഥാപിക്കാൻ ഞാൻ നിൻ്റെ കഴുത്തിലന്ന് മിന്ന് കെട്ടിയിട്ടൊന്നുമില്ലായിരുന്നല്ലോ?

അത് കേട്ടപ്പോൾ അലീനയ്ക്കും നേരിയ വിഷമം തോന്നി ,താനുദ്ദേശിച്ചത് പോലെ ആളത്ര ക്രൂരനൊന്നുമല്ല

നന്മയുടെ ചെറുകണിക ഉള്ളിലെവിടെയോ ഉണ്ടെന്ന് അവൾക്ക് മനസ്സിലായി.

നീയെന്താ ഒന്നും മിണ്ടാത്തത് നിനക്ക് മറ്റാരോടെങ്കിലും ഇഷ്ടമുണ്ടായിരുന്നോ

ആ ചോദ്യം അവളിൽ ഞെട്ടലിന് പകരം ചെറിയ പ്രതീക്ഷയാണുണ്ടാക്കിയത് ഇനി തനിക്ക് തിരിച്ചും അങ്ങോട്ട് ആ ചോദ്യം ചോദിക്കാമെന്ന് അവൾ കണക്ക് കൂട്ടി

എനിക്കൊരാളെ ഇഷ്ടമുണ്ടായിരുന്നു അത് മറ്റാരുമല്ല എൻ്റെ അമ്മയുടെ മൂത്ത ആങ്ങളയുടെ മകൻ സെബാനെ ,ഞങ്ങൾ ചെറുപ്പം മുതലേ കളിക്കൂട്ടുകാരായിരുന്നു അത് കൊണ്ട് തന്നെ എല്ലാവരും പറയുമായിരുന്നു അലീന സെബാൻ്റെ പെണ്ണാണെന്ന് പക്ഷേ എനിക്ക് വയസ്സറിയിക്കുന്നതിന് മുമ്പ് തന്നെ ഒരാക്സിഡൻ്റിൽ സെബാൻ ഞങ്ങളെ വിട്ട് പോയി പിന്നീടിത് വരെ മറ്റൊരാളോടും എനിക്കിഷ്ടം തോന്നിയിട്ടില്ല, അതിരിക്കട്ടെ സിബിച്ചന് ,ഏതെങ്കിലും പെണ്ണുങ്ങളോട് അടുപ്പമുണ്ടായിരുന്നോ ?

ചോദ്യത്തോടൊപ്പം, അയാളുടെ മുഖത്ത് ഭാവമാറ്റമുണ്ടാകുന്നുണ്ടോ എന്നവൾ പ്രത്യേകം ശ്രദ്ധിച്ചു.

ഹ ഹ ഹ ,എൻ്റെ ജീവിതത്തിൽ ആദ്യവും അവസാനവുമായി ഒരു പെണ്ണിനോട് മാത്രമേ എനിക്കിഷ്ടം തോന്നിയിട്ടുള്ളു ,പത്തിൽ ഞാൻ പഠിക്കുമ്പോൾ എൻ്റെ ക്ളാസ്സിൽ മുൻ ബഞ്ചിലിരുന്ന് നന്നായി പഠിക്കുന്ന മേഴ്സിക്കുട്ടിയോട്, അവൾക്കറിയില്ലായിരുന്നു ഞാനവളെ ഇഷ്ടപ്പെടുന്ന കാര്യം എൻ്റെ മനസ്സിലിരുന്ന് അവളോടുള്ള ഇഷ്ടം വീർപ്പ് മുട്ടിയപ്പോൾ ഒടുവിൽ ഞാനത് തുറന്ന് പറയാൻ തീരുമാനിച്ചു

പല പ്രാവശ്യം ഞാനതിന് തുനിഞ്ഞെങ്കിലും എപ്പോഴും അവളുടെ കൂടെ ഒരു കൂട്ടുകാരിയുണ്ടായിരുന്നത് കൊണ്ട് എൻ്റെ ശ്രമങ്ങളെല്ലാം വിഫലമായി, അങ്ങനെയിരിക്കെ ഒരു ദിവസം ക്ളാസ്സ് നടന്ന് കൊണ്ടിരിക്കുമ്പോൾ അവൾ ടീച്ചറോട് ടൊയ്ലറ്റിൽ പോകണമെന്ന് ആംഗ്യത്തിലൂടെ പറയുന്നതും അവൾ ഒറ്റയ്ക്ക് പുറത്തേക്ക് പോകുന്നതും ഞാൻ കണ്ടു, ഇത് തന്നെയാണ് പറ്റിയ അവസരം എന്ന് മനസ്സിലാക്കിയ ഞാൻ ചാടിയെഴുന്നേറ്റ് എനിക്കും ഒന്നിന് പോകണമെന്ന് ടീച്ചറോട് പറഞ്ഞിട്ട് ഞാനും ക്ളാസ്സിൽ നിന്നിറങ്ങി അവള് പോയ പുറകെ ചെന്നു.

പെൺകുട്ടികളുടെ ടൊയ്ലറ്റുകളിലൊന്നിൽ അവൾ കയറുന്നത് കണ്ട് ,തുറന്ന് കിടന്നിരുന്ന ,തൊട്ടടുത്തുള്ള മറ്റൊരു ടൊയ്ലറ്റിലേക്ക്, ചുറ്റിനും ആരുമില്ലെന്ന് ഉറപ്പാക്കിയിട്ട്, ഞാനും ഓടിക്കയറി

അവിടെ നിന്ന് കൊണ്ട് , എനിക്ക് നിന്നെ ഒരു പാട് ഇഷ്ടമാണ് മേഴ്സി.. അത് പറയാനാണ്  ടീച്ചറോട് കളവ് പറഞ്ഞ് നിന്നോടൊപ്പം ഈ ടൊയ്ലറ്റിൽ കയറിയതെന്ന് അവൾ കേൾക്കാൻ പാകത്തിൽ ഞാൻ മേഴ്സിക്കുട്ടിയോട് വിളിച്ച് പറഞ്ഞു, എൻ്റെ കഷ്ടകാലത്തിന് തൊട്ടപ്പുറത്തെ ടൊയ്ലറ്റിൽ ഞങ്ങളുടെ ക്ളാസ്സ് ടീച്ചറുണ്ടായിരുന്നു ,അവർ ഞങ്ങളെ കയ്യോടെ പിടിച്ചു ,സ്കൂളിലാകെ അതൊരു വലിയ വാർത്തയായി ,നാണക്കേട് കാരണം മേഴ്സിക്കുട്ടി അതോടെ ക്ളാസ്സിൽ വരാതെയായി സ്ത്രീകളുടെ ടൊയ്ലറ്റിൽ ഞാൻ ഒളിച്ചിരുന്നെന്ന പരാതിയുമായി ഹെഡ്മിസ്ട്രസ് എൻ്റെ ഡാഡിയെ സ്കൂളിൽ വിളിച്ച് വരുത്തി, ഡാഡിയുടെ കയ്യിൽ ,എൻ്റെ ടി സി കൊടുത്തിട്ട്, മോനെ മറ്റേതെങ്കിലും സ്കൂളിൽ ചേർത്ത് കൊള്ളാൻ പറഞ്ഞ് വിട്ടു, പക്ഷേ ഡാഡിക്കത് വലിയ അപമാനമായി തോന്നി ,അന്നെന്നെ ഡാഡി ഒരു പാട് തല്ലി, നീയിനി പഠിക്കാൻ പോകേണ്ടന്നും, നിനക്കതിനുള്ള യോഗ്യതയില്ലെന്നും പറഞ്ഞ് ,അതോടെ ഡാഡി എൻ്റെ പഠിപ്പവസാനിപ്പിച്ചു ,എൻ്റെ പഠനം മുടങ്ങിയതിലല്ല, ഞാൻ കാരണം പാവം ഒരു പെൺകുട്ടിയുടെ ഭാവി കൂടി നശിഞ്ഞ് പോയല്ലോ എന്നോർത്ത്, എനിക്കൊരു പാട് കുറ്റബോധം തോന്നി ,ഞാൻ വരുത്തി വച്ച കളങ്കം എന്നെ വിടാതെ പിന്തുടർന്നു, അന്ന് മുതൽ ഡാഡിയും മമ്മിയുമുൾപ്പെടെ, എല്ലാവരുമെന്നെ തൊട്ടതിനും പിടിച്ചതിനുമൊക്കെ കുറ്റം പറയാൻ തുടങ്ങി ,പതിയെ പതിയെ ,എന്നെ ഇഷ്ടമില്ലാത്ത എൻ്റെ വീട്ടുകാരിൽ നിന്നും, ഞാൻ അകലാൻ തുടങ്ങി ,പിന്നെ എനിക്ക് എൻ്റെ ഇപ്പോഴുള്ള കൂട്ടുകാരായിരുന്നു എല്ലാം, ഒറ്റപ്പെടല് ഒരു വേദനയായി തോന്നി തുടങ്ങിയപ്പോഴാണ്, കൂട്ടുകാരുടെ നിർബന്ധ പ്രകാരം ഞാൻ ചെറുതായി മദ്യപാനം തുടങ്ങിയത്,

പിന്നെ പിന്നെ, എന്നെയൊരു കുറ്റവാളിയെപ്പോലെ കാണുന്ന എൻ്റെ വീട്ടുകാരോടുള്ള വാശിക്ക്, ഞാനതൊരു ശീലമാക്കി ,തലതെറിച്ചവൻ ,

താന്തോന്നി എന്നൊക്കെ നാട്ടുകാര് പറഞ്ഞ് തുടങ്ങിയ പോൾ ,എനിക്കത് കേൾക്കുന്നത് ഹരമായി തുടങ്ങി ,എല്ലാത്തിനും കാരണം, ഒരു പെണ്ണാണെന്ന തോന്നലാണ് ,പിന്നീടിത് വരെ ഒരൊറ്റ പെണ്ണിൻ്റെയും മുഖത്ത് പോലും നോക്കാൻ എനിക്ക് ധൈര്യമില്ലാതെ പോയത് ,നിന്നെ പെണ്ണ് കാണാൻ പോകണമന്ന് ഡാഡി എന്നോട് ആവശ്യപ്പെട്ടപ്പോൾ, ഞാൻ നിന്നെ മുമ്പ് കണ്ടിട്ടുള്ളതാണെന്ന്  കള്ളം പറഞ്ഞതായിരുന്നു, എന്ത് കൊണ്ടാണെന്നോ? ഒരു പെണ്ണിൻ്റെയും മുഖത്ത് നോക്കാനുള്ള ധൈര്യമെനിക്കില്ലാതിരുന്നത് കൊണ്ട് , സത്യത്തിൽ നിന്നെ ഞാൻ ആദ്യം കാണുന്നത് ,അന്ന് നീ കുർബാന കഴിഞ്ഞിറങ്ങി വരുമ്പോൾ, എൻ്റെ കൂട്ടുകാരൻ നിന്നെ ചൂണ്ടി കൊണ്ട്, എടാ അതാ നീ കെട്ടാൻ പോകുന്ന പെൺകുട്ടി എന്ന് പറഞ്ഞ് തന്നപ്പോഴാണ്,അന്ന് നിന്നെ കണ്ടപ്പോൾ, നിൻ്റെ സൗന്ദര്യത്തിന് മുന്നിൽ, ഞാൻ പണ്ട് പ്രേമിച്ച മേഴ്സിക്കുട്ടി ഒന്നുമല്ലെന്ന് എനിക്ക് മനസ്സിലായി ,അപ്പോൾ, പക്കാ ഫ്രോഡായ എന്നെ ഇഷ്ടപ്പെടാനും ഈ നാട്ടിൽ, സുന്ദരികളായ പെൺകുട്ടികളുണ്ടെന്ന തിരിച്ചറിവ്, എൻ്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു ,ആ ഒരു തോന്നല് ഒന്നുറപ്പിക്കാനാണ്, ഞാനന്ന് നിൻ്റെ മുന്നിൽ ഹീറോ കളിച്ചത്,

സത്യത്തിൽ നിൻ്റെ മുന്നിൽ ജാള്യത മറയ്ക്കാനാണ്, ഞാനന്ന് നിന്നെ വെല്ലുവിളിച്ചത് ,ഇനി ഞാനൊരു സത്യം പറയട്ടെ, എൻ്റെ ജീവിതത്തിൽ ആദ്യമായിട്ടാണ്, ഒരു പെണ്ണിനോട്  ഇത്രയധികം സംസാരിക്കുന്നത് ,അത് മറ്റൊന്നുമല്ല ,ഇത് വരെ മറ്റാരും എന്നെ കേൾക്കാൻ ക്ഷമ കാണിച്ചിട്ടില്ല ,അത് കൊണ്ട് തന്നെ എൻ്റെ ഉള്ളിലെ നീറ്റലുകൾ ഞാനാരോടും തുറന്ന് പറഞ്ഞിട്ടില്ല ,ഇപ്പോൾ എനിക്കതിനുള്ള ധൈര്യമുണ്ടായത്, നീയെങ്കിലും എന്നെ മനസ്സിലാക്കുമെന്ന് കരുതിയാണ് ,മറ്റുള്ളവരെപോലെ ഞാനും ഒരു കൊള്ളരുതാത്തവനാണെന്നായിരിക്കും നീ വിചാരിച്ചിരിക്കുന്നത് ,പക്ഷേ എന്നോടിത്തിരി സ്നേഹം കാണിച്ചിരുന്നെങ്കിൽ, എന്നെ മനസ്സിലാക്കാൻ എൻ്റെ വീട്ടിൽ ഒരാളെങ്കിലും ശ്രമിച്ചിരുന്നെങ്കിൽ ,

ഞാനൊരിക്കലും ഇങ്ങനെയൊന്നുമാകില്ലായിരുന്നു, ഇപ്പോൾ നീയെൻ്റെ ജീവിതത്തിലേക്ക് കടന്ന് വന്നപ്പോൾ, എനിക്കും നന്നാവണമെന്നൊരു തോന്നൽ അത് കൊണ്ട് ,ഇവിടെ നിനക്ക് എന്ത് ബുദ്ധിമുട്ടുണ്ടായാലും

ദയവ് ചെയ്ത് നീയെന്നെ ഉപേക്ഷിച്ച് പോകരുത് ,അത്രയ്ക്ക് ഇഷ്ടമാണ് എനിക്ക് നിന്നെ

എല്ലാം കേട്ട് കൊണ്ട് താഴെ കിടക്കുകയായിരുന്ന അലീനയുടെ കണ്ണുകൾ സങ്കടം കൊണ്ട് നിറഞ്ഞൊഴുകി.

തുടരും

രചന

സജി തൈപ്പറമ്പ്.

 

 

സജി തൈപ്പറമ്പ് ൻ്റെ കൂടുതൽ കഥകൾ വായിക്കുക

 

 

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “അലീന – ഭാഗം 3”

Leave a Reply