അലീന – ഭാഗം 4

6137 Views

aleena novel Saji Thaiparambu

സിബിച്ചൻ്റെ ഏറ്റ് പറച്ചിൽ അലീനയുടെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചു.

കണ്ടും കേട്ടും , പണ്ട് മുതലേ സിബിച്ചനെ താനൊരു നികൃഷ്ടജീവിയായിട്ടാണ്  കണ്ടിട്ടുള്ളതെന്ന് കുറ്റബോധത്തോടെ അവളോർത്തു.

വർഷങ്ങളായി, ആരോടും പറയാതെ ഉള്ളിൽ കിടന്ന് വീർപ്പ് മുട്ടിയ വേദനകളൊക്കെയും തൻ്റെ മുന്നിലിറക്കി വയ്ക്കുമ്പോൾ തന്നിൽ നിന്നൊരു ആശ്വാസവാക്ക് കേൾക്കാനും തൻ്റെ സ്നേഹപൂർവ്വമായ ഒരു തലോടലിനുമായി,  അദ്ദേഹമാഗ്രഹിക്കുന്നുണ്ടാവുമെന്ന് അവൾക്കറിയാമായിരുന്നു.

സിബിച്ചനെ, ഒന്ന് ചേർത്ത് പിടിക്കാനും ഇനി മുതൽ അദ്ദേഹത്തോടൊപ്പം ഒരു നിഴലായി താനെന്നുമുണ്ടാവുമെന്ന് പറയാനും അവളുടെ മനസ്സ് വെമ്പി.

പക്ഷേ, തനിക്ക് സുഖമില്ലെന്നും രണ്ട് മൂന്ന് ദിവസത്തേയ്ക്ക് കൂടെക്കിടക്കില്ലെന്നും താൻ കളവ് പറഞ്ഞ് പോയത് കൊണ്ട്, പെട്ടെന്നെങ്ങനെ തിരുത്തും.

തത്കാലം കൂടെ കിടക്കേണ്ട ,പക്ഷേ തനിക്ക് അദ്ദേഹമിപ്പോൾ ഏറ്റവും പ്രിയപ്പെട്ടവനാണെന്ന് ,അയാളോട് ഉറക്കെ വിളിച്ച് പറയണമെന്നവൾക്ക് തോന്നി.

നീയുറങ്ങിയോ?

കുറച്ച് നേരമായി അലീനയുടെ പ്രതികരണം കേൾക്കാതിരുന്നത് കൊണ്ട്, സിബിച്ചൻ താഴേക്ക് നോക്കി ചോദിച്ചു.

ഇല്ല ,ഇന്നിനി എനിക്ക് ഉറങ്ങാൻ കഴിയില്ല ,നേരം വെളുക്കുന്നത് വരെ സിബിച്ചനോട് സംസാരിച്ച് കൊണ്ട് ,എനിക്ക് ഉണർന്നിരിക്കണം,

ഞാൻ കോളേജിൽ പഠിക്കുന്ന കാലം മുതൽ ,നിങ്ങളെ ഞാൻ കാണാൻ തുടങ്ങിയതാണ് ,

വൈകുന്നേരങ്ങളിൽ, കോളേജ് വിട്ട് വരുമ്പോൾ, ഇടവഴിയിലൂടെ ചോരക്കണ്ണുകളുമായി ആടിയാടി വരുന്ന നിങ്ങളെ ,എനിക്കും കൂട്ടുകാരികൾക്കും, പേടിയെക്കാൾ കൂടുതൽ, വെറുപ്പായിരുന്നു, എൻ്റെ അയൽ വീട്ടിലുള്ള ചെറിയ കുട്ടികളെ, ഭക്ഷണം കഴിപ്പിക്കാനായി, അവരുടെ അമ്മമാർ മക്കളോട് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്, ചോറ് കഴിച്ചില്ലെങ്കിൽ സിബിച്ചനെ വിളിക്കുമെന്ന്, പാവം കുട്ടികൾ, അത് കേട്ട് പേടിച്ച് ഭക്ഷണംകഴിക്കുമ്പോൾ ,

നിങ്ങളൊരു ഭീകരജീവിയാണെന്ന് കുട്ടികളോടൊപ്പം, അന്ന് ഞാനും കരുതിയിട്ടുണ്ട് ,അന്ന് മുതലുള്ള നിങ്ങളോടുള്ള വെറുപ്പ്, കുറച്ച് മുമ്പ് വരെ എൻ്റെ മനസ്സിലുണ്ടായിരുന്നു,

പക്ഷേ വർഷങ്ങളായി എന്നിലുണ്ടായിരുന്ന ,വെറുപ്പിൻ്റെ പതിന്മടങ്ങ് സ്നേഹം, ഇപ്പോഴെനിക്ക് നിങ്ങളോട് തോന്നുന്നു, നിങ്ങൾ പറഞ്ഞതൊക്കെ സത്യമാണെങ്കിൽ ,നിങ്ങളെന്നെ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ, പകരം ആ കാല്ച്ചുവട്ടിൽ ഞാനെൻ്റെ ജീവിതം തന്നെ സമർപ്പിച്ചിരിക്കും ,

ഈ വീട്ടിൽ എനിക്ക് മിണ്ടാനും പറയാനും പരിഭവിക്കാനുമൊക്കെ നിങ്ങൾ മാത്രമേയുള്ളു ,അത് കൊണ്ട് ,ഇനി നിങ്ങൾ പഴയ ജീവിതത്തിലേക്ക് പോകരുത് ,നിങ്ങൾ പറഞ്ഞത് പോലെ, പെട്ടെന്നൊരു ദിവസം മദ്യം ഉപേക്ഷിക്കാൻ നിങ്ങൾക്ക് കഴിയില്ലെന്ന് എനിക്കറിയാം, പക്ഷേ ,കഴിവതും കൂട്ടുകാരുമായിട്ടുള്ള പരസ്യമായ മദ്യപാനം ഒഴിവാക്കണം ,കുടിക്കണമെന്ന് തോന്നുമ്പോൾ മാത്രം, ഈ മുറിയിൽ വച്ച് ആരുമറിയാതെ നിങ്ങൾ കുടിച്ചോളു ,അതും വളരെ കുറച്ച് ,അങ്ങനെ പതിയെ പതിയെ നിങ്ങൾക്ക് ഈ ദു:ശ്ശീലം പൂർണ്ണമായിട്ട് മാറ്റാൻ കഴിയും,

സിബിച്ചൻ കൊള്ളരുതാത്തവനാണെന്ന് പറഞ്ഞ നാട്ടുകാരെക്കൊണ്ടും ,

വീട്ടുകാരെ കൊണ്ടും തിരിച്ച് പറയിപ്പിക്കുന്ന ഒരു സുദിനമുണ്ടാകണം സിബിച്ചാ…

അതിന് വേണ്ടി എന്ത് ത്യാഗം സഹിക്കാനും ഞാൻ തയ്യാറാണ്

അത്രയും പറഞ്ഞ് അലീന പ്രതീക്ഷയോടെ സിബിച്ചൻ്റെ കണ്ണുകളിലേക്ക് നോക്കി.

നമ്മൾ കുറച്ച് നേരത്തെ ഒന്നാ കേണ്ടതായിരുന്നു അല്ലേ പെണ്ണേ ..?

അതെന്താ സിബിച്ചന് അങ്ങനെ തോന്നിയത്?

അല്ല, നമ്മളൊക്കെ ഇനി എത്ര നാളുണ്ടാവാനാ, പെട്ടെന്നൊരു ദിവസം എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഒപ്പം ഞാനില്ലാതെ നീ തനിച്ചാവില്ലേ?

പെട്ടെന്നവൾ അവൻ്റെ വായ പൊത്തിപ്പിടിച്ചു.

നല്ലൊരു ദിവസമായിട്ട് വേണ്ടാത്ത വർത്തമാനമെന്നും പറയണ്ടാ ,ഈ ലോകത്തിനി സിബിച്ചൻ

ഉണ്ടെങ്കിലേ അലീനയുമുള്ളു, അലീനയുടെ ഹൃദയം തുടിക്കുന്നത്, സിബിച്ചന് വേണ്ടി മാത്രമാണ്

തൻ്റെ ചുണ്ടുകൾ ചേർത്ത് പിടിച്ചിരിക്കുന്ന മൃദുലമായ അലീനയുടെ കൈയ്യിലയാൾ തെരുതെരെ ചുംബിച്ചപ്പോൾ അവൾ ,നാണത്താൽ പൂത്തുലഞ്ഞു.

പരസ്പരം ഹൃദയങ്ങൾ പങ്കുവച്ചവർ, രാവിൻ്റെ ഏതോ യാമത്തിൽ, സുഖസുഷുപ്തിയിലാണ്ടു.

പിറ്റേന്ന് കതകിലാരോ തുരുതുരെ മുട്ടുന്ന ശബ്ദം കേട്ടാണ് അലീന ഉണർന്നത്.

അപ്പോൾ, താഴെ കിടന്നിരുന്ന തൻ്റെ ഇടത് കൈയ്യിൽ സിബിച്ചൻ്റെ വലത് കൈ

കോർത്ത് പിടിച്ചിരിക്കുന്നത് കണ്ട അലീനയ്ക്ക് , തൻ്റെ ജീവിതം ഇനി മുതൽ ഈ കൈകളിൽ സുരക്ഷിതമായിരിക്കുമെന്നവൾ വിശ്വസിച്ചു.

അവൻ്റെ കൈ വിടർത്തി മാറ്റാൻ ശ്രമിച്ചപ്പോൾ അയാളുണർന്നു.

അപ്പോൾ വീണ്ടും കതകിൽ മുട്ടുന്നത് കേട്ടു.

അലീന പെട്ടെന്ന് ചാടിയെഴുന്നേറ്റ് താഴെ കിടന്ന ബെഡ്ഷീറ്റ് കട്ടിലിലേക്ക് എടുത്തിട്ടിട്ട് ,ചെന്ന് വാതില് തുറന്നു.

നേരം വെളുത്തതൊന്നും ,രാജകുമാരി

അറിഞ്ഞില്ലേ? ഇന്നലേ പറഞ്ഞതല്ലേ? ഞങ്ങൾക്കെല്ലാം ജോലിക്ക് പോകേണ്ടതാണ്, അടുക്കളക്കാര്യങ്ങൾ നീയാണ് നോക്കേണ്ടതെന്ന്?

മുന്നിൽ റെയ്ച്ചൽ ക്ഷോഭിച്ച് നില്ക്കുന്നത് കണ്ട് ,അലീനയ്ക്ക് തെല്ല് ഭീതി തോന്നി.

സോറി ചേച്ചീ .. ഉറങ്ങിപ്പോയി, ഞാനൊന്ന് ഫ്രഷായിട്ട് ഇപ്പോൾ തന്നെ വരാം

നീയെവിടെയും പോകുന്നില്ല,

നീ ഈ വീട്ടിൽ എന്ത് ചെയ്യണം എന്ത് ചെയ്യണ്ടാ എന്ന് തീരുമാനിക്കുന്നത് ഞാനാണ്, അല്ലാതെ കണ്ടവരല്ല

പെട്ടെന്ന് സിബിച്ചൻ ക്ഷോഭത്തോടെ പറഞ്ഞു.

ഓഹോ ,തൊലി വെളുപ്പുള്ള ഒരുത്തി വന്ന് കയറിയപ്പോൾ നിനക്ക് ഞങ്ങളൊക്കെ കണ്ടവരായല്ലേ? അവളിവിടെ നിന്നെയും സഹിച്ച് എത്ര നാളുണ്ടാവാനാ ,ഏറിയാൽ മൂന്ന് മാസം ,അപ്പോഴേക്കും ഒരു വെളിവുമില്ലാതെ ജീവിക്കുന്ന നിന്നെയവൾക്ക് മടുക്കും, വീണ്ടും നാണമില്ലാതെ നീ ഞങ്ങളുടെ കാൽക്കീഴിൽ വരും

ഇല്ല, അങ്ങനെയൊരു ദുരവസ്ഥ ഞാൻ ജീവനോടെയുള്ളപ്പോൾ എൻ്റെ ഭർത്താവിനുണ്ടാവില്ല, അതിന് ഞാൻ സമ്മതിക്കില്ല, ചേച്ചി പോയി ഒരുങ്ങിക്കോ സമയത്ത് ഓഫീസിൽ ചെല്ലേണ്ടതല്ലേ? അടുക്കള കാര്യം ഞാൻ നോക്കിക്കൊള്ളാം

തൻ്റെ ഭർത്താവിനെ കുറിച്ച് മറ്റൊരാൾ മോശമായി പറയുന്നത് അലീനയ്ക്ക് സഹിക്കാനാവില്ലായിരുന്നു

സിബിച്ചൻ കുറച്ച് കൂടി കിടന്നുറങ്ങിക്കോ, ബ്രേക്ക് ഫാസ്റ്റ് റെഡിയാക്കി എലാവരും ജോലിക്ക് പോയി കഴിയുമ്പോൾ ഞാൻ വന്ന് വിളിക്കാം ,എന്നിട്ട്

നമുക്കൊരുമിച്ചിരുന്ന് കഴിക്കാം

റെയ്ച്ചല് പോയിക്കഴിഞ്ഞപ്പോൾ ക്ഷുഭിതനായിരുന്ന സിബിച്ചനെ, അലീന മയപെടുത്തി.

പ്രാതല് കഴിച്ചിട്ട് എച്ചിൽ പാത്രങ്ങളുമായി അടുക്കളയിലേക്ക് പോയ അലീനയുടെ പുറകെ സിബിച്ചനും ചെന്നു.

ഉം ഇത് പെണ്ണുങ്ങളുടെ ഏരിയയാ ഇവിടെന്താ ആണുങ്ങൾക്ക് കാര്യം

അല്ലാ.. ഞാനീ വീട്ടിൽ അധികം കടന്ന് വരാത്ത ഒരു സ്ഥലമാണ് ഈ അടുക്കള ,എനിക്ക് ഓർമ്മയുള്ള കാലം തൊട്ട് കല്യാണിയാണ് ഇവിടെ എപ്പോഴുമുണ്ടാകുന്നത് ,പിന്നെ ചേട്ടത്തിമാർ വന്നപ്പോൾ ഇതവരുടെ സാമ്രാജ്യമായി, അപ്പാഴൊന്നും എനിക്ക് ഈ അടുക്കളയോട് ഇഷ്ടം തോന്നിയിട്ടില്ല, പക്ഷേ എൻ്റെ ഭാര്യയുടെ ഗന്ധം നിറഞ്ഞ് നില്ക്കുന്ന ഈ കിച്ചനോട് എനിക്കിപ്പോൾ ഒരു തരം പ്രണയം തോന്നുന്നു

ഉം ആള് കൊള്ളാമല്ലോ? ഇത്രയും നാളും പെണ്ണുങ്ങളുടെയൊന്നും മുഖത്ത് നോക്കാതിരുന്നത് കൊണ്ട്, ഉള്ളിലെ റൊമാൻസൊക്കെ പുറത്തേക്കൊഴുകുവാണല്ലോ?

അയാളെ കളിയാക്കി അവൾ ചിരിച്ചപ്പോൾ, സിബിച്ചനവളെ പിന്നിൽ നിന്ന് വരിഞ്ഞ് പിടിച്ചു.

അയ്യേ.. വിടു സിബിച്ചാ .. അമ്മയെങ്ങാനും ഇങ്ങോട്ട് വരും

ലജ്ജ കൊണ്ട് അവളുടെ കപോലങ്ങളിൽ  നുണക്കുഴികൾ

തെളിഞ്ഞു.

അമ്മ വന്നോട്ടെ നമ്മുടെ സ്നേഹം കാണുമ്പോൾ അമ്മ വന്നത് പോലെ തിരികെ പൊയ്ക്കൊള്ളും

പിന്നേ.. എനിക്ക് നാണമാ, ഞാൻ പിന്നെ അമ്മയുടെ മുഖത്ത് എങ്ങിനെ നോക്കും, സിബിച്ചനിപ്പോൾ അപ്പുറത്തെങ്ങാനും പോയിരിക്ക് രാത്രിയിൽ നമുക്ക് പ്രണയിക്കാൻ ഒരു പാട് സമയമുണ്ടല്ലോ

പക്ഷേ നിനക്ക് സുഖമില്ലെന്നല്ലേ പറഞ്ഞത്

അയ്യോ സിബിച്ചാ… എന്നോട് പൊറുക്കണേ, ഞാൻ സിബിച്ചനോടൊരു തെറ്റ് ചെയ്തു ,ഞാനിന്നലെ നിങ്ങളോടുള്ള നീരസം കൊണ്ടാണ്, ആദ്യമങ്ങനെ പറഞ്ഞത്, പക്ഷേ നമ്മൾ പരസ്പരം എല്ലാം തുറന്ന് പറഞ്ഞ് കഴിഞ്ഞപ്പോൾ, എനിക്ക് നിങ്ങളോടൊപ്പം കട്ടിലിൽ കിടക്കണമെന്ന് തോന്നി, ഇനിയും ഞാനിത് തുറന്ന് പറഞ്ഞില്ലെങ്കിൽ

വീണ്ടും ഞാൻ തറയിലും സിബിച്ചൻ കട്ടിലിലുമായി അകന്ന് കഴിയേണ്ടി വരില്ലേ? അത് കൊണ്ടാ ഞാനിപ്പോൾ സത്യം പറഞ്ഞത്, ഒരു നിമിഷം പോലും അകന്നിരിക്കാൻ ഇനി എനിക്ക് കഴിയില്ല സിബിച്ചാ…

അലീനയുടെ മിഴികളിൽ ആർദ്രത നിഴലിക്കുന്നതും, അവളുടെ മുഖം കുങ്കുമം പോലെ ചുവക്കുന്നതും അനുഭൂതിയോടെ അയാൾ നോക്കി നിന്നു.

ദിവസങ്ങൾ കടന്ന് പോയി ,

സിബിച്ചനിൽ വന്ന മാറ്റങ്ങൾ എല്ലാവരും അത്ഭുതത്തോടെയാണ് വീക്ഷിച്ചത്

പരസ്യമായി മദ്യപാനമില്ലാതിരുന്നത് കൊണ്ട് പെണ്ണ് കെട്ടിയപ്പോൾ ,സിബിച്ചൻ കുടി നിർത്തിയെന്നും, സ്കറിയാ മാഷിൻ്റെ പരീക്ഷണം ഫലം കണ്ട് തുടങ്ങിയെന്നും നാട്ട്കാർ പരസ്പരം പറഞ്ഞു ചിരിച്ചു.

പക്ഷേ, സിബിച്ചൻ അസ്വസ്ഥത പ്രകടിപ്പിക്കുമ്പോഴൊക്കെ, മറ്റാരുമറിയാതെ മുറിയിലിരുന്ന് അല്പം കഴിച്ചോളാൻ അലീന അയാളെ അനുവദിച്ചു.

ഒരു ദിവസം പാതിരാത്രിയായപ്പോൾ ,സിബിച്ചൻ്റെ ഞരക്കവും മൂളലും കേട്ടാണ് അലീന ഉണർന്നത്.

അവള്ളെഴുന്നേറ്റ് ലൈറ്റ് ഓൺ ചെയ്തിട്ട് അയാളെ തട്ടി വിളിച്ചു .

സിബിച്ചാ.. എന്ത് പറ്റി? ചോദ്യത്തോടൊപ്പം അയാളുടെ ശരീര ഊഷ്മാവിൽ സംശയം തോന്നിയ അവൾ നെറ്റിയിൽ കൈവച്ച് നോക്കി.

കർത്താവേ.. പൊള്ളുന്ന ചൂടാണല്ലോ? സിബിച്ചാ … എഴുന്നേല്ക്ക് ,നമുക്ക് ഹോസ്പിറ്റലിൽ പോകണം, നല്ല പനിയുണ്ട്

എനിക്ക് വയ്യ പെണ്ണേ ,ഞാൻ മരിച്ച് പോകും

അയാൾ വയറ് പൊത്തിപ്പിടിച്ച് കൊണ്ട് ,അസഹനീയതയോടെ പറഞ്ഞു.

അയ്യോ എനിക്ക് പേടിയാകുന്നു സിബിച്ചാ.. ഞാൻ പോയി ഡാഡിയെ വിളിച്ചോണ്ട് വരാം

പേടിച്ചരണ്ട അലീന താഴേക്കോടി.

അലീനയോടൊപ്പം സിബിച്ചനെ ഹോസ്പിറ്റലിലെത്തിക്കാൻ

സ്കറിയാ മാഷും ഡേവിസുമുണ്ടായിരുന്നു.

ഹോസ്പിറ്റലിലെത്തുമ്പോഴേക്കും

സിബിച്ചൻ അലീനയുടെ മടിയിൽ കിടന്ന് രണ്ട് തവണ രക്തം ഛർദ്ദിച്ചു .

അത് കണ്ട് ഭയന്ന് പോയ അലീന സകല ദൈവങ്ങളോടും മനസ്സുരുകി പ്രാർത്ഥിച്ചു.

എൻ്റെ കർത്താവേ..  നീയെനിക്കൊരു നല്ല ജീവിതം സമ്മാനിച്ചിട്ട് ,ഞാനത് അനുഭവിക്കുന്നതിന് മുമ്പേ നീയെന്നിൽ നിന്നത് തട്ടിപ്പറിച്ചെടുക്കരുതേ? നീയെന്നെ കണ്ണീരിലാഴ്ത്തല്ലേ ,എന്നും മുട്ടിപ്പായി പ്രാർത്ഥിക്കുന്ന എന്നെ നീ കൈവിടല്ലേ?

തുടരും

രചന

സജി തൈപ്പറമ്പ് .

 

 

സജി തൈപ്പറമ്പ് ൻ്റെ കൂടുതൽ കഥകൾ വായിക്കുക

 

 

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “അലീന – ഭാഗം 4”

Leave a Reply