Skip to content

ഒരു അഡാർ പെണ്ണുകാണൽ – 10

Izah-Sam-oru-adar-penukanal

അമ്മയാണ്. ഞാൻ ഫോൺ എടുത്തപ്പോഴേക്കും അത് കട്ട് ആയി. ഭാഗ്യം. നന്നായി പോയി . ഞാൻ തിരിഞ്ഞതും വീണ്ടും ബെല്ലടിച്ചു. ഒരു നിമിഷം വെറുതെ ഞാൻ മോഹിച്ചു പോയി. ആധിയേട്ടനായിരുന്നെങ്കിൽ എന്ന്….

ഫോണെടുത്തു ചെവിയിൽ വെചു . അപ്പുറത്തു ഒന്നും കേൾക്കുന്നില്ലലോ.

“ഹലോ “

വീണ്ടും അനക്കം ഒന്നുമില്ല .

“ഹലോ ” ഞാൻ സംശയത്തോടെ നിന്നു

“എന്റെ ശിവകോച്ചവിടെ ജീവനോടെയുണ്ടോ ….”

എനിക്ക് ശബ്ദമുണ്ടായിരുന്നില്ല. ഞാൻ ഫോൺ ഒന്ന് നോക്കി.

ശെരിക്കും എന്റെ മനസ്സിൽ ഒരു മഞ്ഞു മഴ വീണത് പോലായിരുന്നു.

“മോളെന്താ ഫോൺ എടുത്തെ ?…സാധാരണ ഫോണിന്റെ അടുത്ത് നിന്നും കറക്കമാണല്ലോ”

ഈശ്വരാ ഇയാൾക്ക് ഇതൊക്കെ എങ്ങനറിയാം. ഇവിടെ ചാരന്മാരും ഉണ്ടോ. ഞാൻ ചുറ്റും നോക്കി.

…..”..നിനക്ക് എന്താ നാവില്ലേ ?…..” കലിപ്പാണ്. ഈ പൽവാൽ ദേവൻ ഇപ്പൊ ഫോൺ വെച്ചിട്ടു പോവൂലോ …ഞാൻ പെട്ടന്ന് ചോദിച്ചു …അത് കൊണ്ട് തന്നെ വിക്കലും ഉണ്ടായിരുന്നു.

“എപ്പോ …എപ്പോ വിളിച്ചു….ഞാൻ കേട്ടില്ലലോ ?…..”

“ഈ ഒന്നര വർഷവും നീ കേട്ടില്ല അല്ലേ ?…..”

“ഇല്ലാ ….” ഞാൻ ഒരൽപം ഗമയോടെ പറഞ്ഞു .

“എന്നാ ശെരി നീ ഫോൺ വെച്ചിട്ടു പൊക്കോ …..” അയ്യോ പണി ആയോ.

“അയ്യോ വെക്കല്ലേ…”

“എന്തിനാ… ഇയാള് ഞാൻ വിളിച്ചത് പോലും അറിഞ്ഞിട്ടില്ലാലോ…അപ്പൊ പിന്നെ എനിക്ക് ഒന്നും പറയാനില്ല…”

“എന്തിനാ കോളേജിൽ വന്നത്?” ശെരിക്കും എനിക്ക് എന്തക്കയോ ചോദിക്കാനുണ്ടായിരുന്നു. പക്ഷേ ഇതാ ചോദിച്ചത്.

“അത് മാത്രേയുള്ളൂ ചോദിക്കാൻ ?” ഒരു കുസൃതി സ്വരം . എന്റെ കൃഷ്ണാ ഇയാൾക്ക് എന്റെ മനസ്സ് വായിക്കാൻ പറ്റുമോ .

“അല്ല ….എനിക്ക് വേറെ എന്തക്കയോ ചോദിക്കാനുണ്ട്?”

“അപ്പൊ …ശിവക്ക് എന്നോട് എന്തക്കയോ ചോദിക്കാനും പറയാനും ഉണ്ട്.”

ഒരു നിമിഷം മൗനമായിരുന്നു.

“എന്റെ ശിവകോച്ചേ…” ശെരിക്കും ആ വിളി ഞാൻ അങ്ങ് ആസ്വദിച്ചു കാരണം അത്രക്ക് കൊതിയായിപ്പോയെ കേൾക്കാൻ.

“……എനിക്ക് ……… ഇപ്പൊ……. നിന്നോട് സംസാരിക്കാൻ……………..മനസ്സില്ല……….ഈ ഒന്നരവർഷം നിനക്ക് സംസാരിക്കാൻ പറ്റില്ലായിരുന്നല്ലോ….” അയ്യോ…സ്നേഹത്തോടെ ആരംഭിച്ചു ദാ കലിപ്പ് മോഡ് ആയി. ഇത് എന്നതിന്റെ കുഞ്ഞാണ് .

എന്റീശ്വരാ ഇത് എന്തു സാധനമാണ്…. ഇനി സഹിക്കാൻ പറ്റില്ല….അൽപ്പം താഴ്ന്നു കൊടുത്തപ്പോ….

“ഇയാള് സൈക്കോ ആണോ…”

“അല്ലാ…നിന്റെ ഞരമ്പുരോഗി ….വെച്ചിട്ടു പോടീ ….” കാൾ കട്ട് ആയി.

“വെക്കരുതു…ഹലോ…ഹലോ…” എനിക്ക് ദേഷ്യം വന്നു ഞാൻ ഫോൺ വെച്ച് ആ മേശക്കിട്ടു ഒരു ചവിട്ടും കൊടുത്തു.. എന്റെ കാലും പോയി.

“ആരാ ശിവ അത് ?” അമ്മയാണെ …

“അതൊരു ഞരമ്പ് രോഗിയാ….” ഞാൻ ദേഷ്യത്തോടെ പറഞ്ഞിട്ട് മുറിയിലോട്ടു പോയി. “അതിനു ഇവൾ എന്തിനാ എന്നോട് ദേഷ്യപ്പെടുന്നെ ?”

മുറിയിലെത്തിയപ്പോൾ എന്റെ ദേഷ്യം കുറഞ്ഞൂ കുറഞ്ഞു ഒരു കുഞ്ഞു ചിരിയായി മാറി . എന്തു പെട്ടന്നാ ദേഷ്യം വരുന്നത് ഈ ആദിയേട്ടനു . ശെരിക്കും പറഞ്ഞാൽ എന്റെ മനസ്സിലെ വലിയ ഒരു തീ അണഞ്ഞ പോലെ. ഒരു കുളിർ മഴ പെയ്തത് പോലെ.. വേണ്ട മോളെ ശിവാനി ഒരുപാട് മോഹിക്കണ്ട….. പ്രണയം വേദന തന്നെയാണ്. കുറച്ചു നേരമെങ്കിലും നന്നായി അനുഭവിച്ചതാണ്.. എന്തായാലും എന്റെ ആദ്യ പ്രണയം ഫോൺ അല്ല.

എവിടെ അവള് ആ അമ്മു പിശാശു. അവള് എന്നെ ഉപദേശിച്ചു തീ തീറ്റിച്ചു. അമ്മു പറഞ്ഞതൊക്കെ ശെരിയാ. എന്നാലും…ഈ പ്രണയം നമ്മുടെ കണ്ണ് മൂടികെട്ടുള്ളൂ…..ഞാൻ അപ്പോൾ തന്നെ എന്റെ ഫോൺ എടുത്തു അമ്മുനെ വിളിച്ചു.

“പറ ശിവാ…”

“ടീ എൻ്റെ ആദ്യ പ്രണയം ഫോൺ ഒന്നുമല്ല …കേട്ടോടി അമ്മുക്കുട്ടി…എന്നെ ആദ്യമായി പെണ്ണുകാണാൻ വന്ന ആദിത്യൻ എന്ന ആദിയേട്ടൻ തന്നെയാ… ഇന്ന് എന്നെ വിളിച്ചിരുന്നു.”

പിന്നെ ഞാൻ അവളോട് എല്ലാം പറഞ്ഞു. ഒടുവിൽ ആ പിശാശിന്റെ ഒരു നിഗമനം ..” അയാളുടെ പേര് എന്താ….ആദിത്യനോ ആദിദേവനോ….എന്താ ജോലി …പോട്ടെ എന്തിനാ നിന്നെ വിളിക്കുന്നേ…പോട്ടെ ഇഷ്ടാണ് എന്നെങ്കിലും പറഞ്ഞിട്ടുണ്ടോ…ശിവ എനിക്ക് തോന്നുന്നത് അയാൾക്കു ടൈം പാസ് ആണ് എന്നാ….”

“ആദിയേട്ടനെ പറ്റി എനിക്കെല്ലാമറിയാം എന്ന് വിചാരിച്ചിട്ടുണ്ടാവും..കല്യാണാലോചനയായി വീട്ടുകാരായി കൊണ്ടുവന്നതല്ലേ… അപ്പൊ എല്ലാം അങ്ങോട്ടും ഇങ്ങോട്ടും അറിയുമല്ലോ.അപ്പോൾ ആധിയേട്ടന് അറിയില്ലായിരിക്കും എനിക്കിതൊന്നും അറിയില്ലാ എന്ന്…മാത്രമല്ല ഇത് എന്റെ സ്വകാര്യ പ്രണയമായി ഇരുന്നോട്ടെ അമ്മു. എന്തായാലും ടൈം പാസിനു വിളിക്കുന്ന ആൾ അല്ലാ….അതെനിക്കുറപ്പാണ്..ചിലപ്പോൾ എന്നോട് പ്രണയം ഒന്നുമില്ല്ലായിരിക്കാം. സാരമില്ല…എന്റെ പ്രണയം ഞാൻ ഒരിക്കലും ആദിയേട്ടനോട് പറയാൻ പോണില്ല. പുള്ളിക്ക് എന്നോടതില്ലാ എങ്കിൽ വേണ്ടാ…”

“മോളെ ശിവാ…ഒടുവിൽ നീ വേദനിക്കരുത്. ” അമ്മുവാണ്.

“എനിക്കറിയാം അമ്മു. ഞാൻ ഒരിക്കലും വേദനിക്കില്ല…സത്യം. നീ സമാധാനമായി പോയികിടന്നുറങ്ങു.”

ഞാൻ ഫോൺ വെച്ച്. എന്നിട്ടും അമ്മുവിന്റെ വാക്കുകൾ എന്നെ വിട്ടു പോയില്ല . ഈ പ്രണയം നല്ല സുഖമുള്ള വേദനയാണ് അമ്മു..എന്തായാലും ഞാനതു രുചിക്കാൻ തീരുമാനിച്ചു. ആധിയേട്ടൻ ഞെരിച്ച എന്റെ കയ്യും ദേഷ്യത്തിൽ ഫോൺ വെച്ചതും എന്നെ ശിവകോച്ചെന്നു വിളിച്ചതും പലതും ആലോചിച്ചു ഞാൻ അന്ന് ഒരു പോലെ കണ്ണടച്ചിട്ടില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നും. വെള്ളം കുടിച്ചും..നിലാവ് നോക്കിയും..രാവിലെ തല പൊക്കാൻ വയ്യായിരുന്നു…ഈശ്വരാ ഈ പ്രണയം ഉറക്കം കളയുന്ന ഏർപ്പാടാണെൽ ഞാനീ പണിക്കു പോവില്ലായിരുന്നു.

രാവിലെ ഉറക്കം വന്നപ്പോൾ അൽപ നേരം കിടന്നുറങ്ങി. അതുകൊണ്ടു തന്നെ ഒരുപാട് ലേറ്റ് ആയി. വേഗം റെഡി ആയി വന്നു ഇടിയപ്പവും മുട്ടറോസ്റ്റും ആസ്വദിച്ചു കഴിക്കുവായിരുന്നു. അപ്പൊ ദാ ഫോൺ ബെല്ലടിക്കുന്നു. അച്ഛൻ എടുത്തു .അനക്കം ഇല്ല..അച്ഛന്റെ ഹലോ എനിക്ക് കേൾക്കാം. ഞാൻ വേഗം കഴിച്ചു. പാത്രം കഴുകി വെച്ചപ്പോൾ വീണ്ടും റിങ് ചെയ്യുന്നു. എന്റമ്മോ അമ്മയും കാശിയും പാറുവും സ്കൂളിൽ പോവാനുള്ള ഓട്ടം ….ഞാൻ വേഗം ചെന്ന് ഫോൺ എടുത്തു…. “ഹാലോ…”

ആ ചിരി കേട്ടപ്പോൾ തന്നെ എനിക്ക ആളെ മനസ്സിലായി. “അപ്പൊ ശിവകോച്ചിന്‌ഫോൺ ഒക്കെ എടുക്കാനറിയാം അല്ലേ …”

“ഇയാൾക്ക് ഓഫിസിൽ ഒന്നും പോണ്ടേ…. രാവിലെ പെണ്പിള്ളേരെയും വിളിച്ചിരിപ്പാണോ….”

“ഇല്ലല്ലാ പോണം സമയമില്ല…പിന്നെ നിന്നോട് ഒരു കാര്യം ചോദിക്കാൻ ഇന്നലെ വിട്ടു പോയി…”

എന്തായിരിക്കും ഞാൻ ചെവി കൂർപ്പിച്ചു.

“നിന്റെ കയ്യിലെ പാടൊക്കെ പോയോ…വേദനയുണ്ടോ….”

ലത്…..ഇപ്പൊ കാണിച്ചു തരാം.

“ഇല്ല പോയില്ല ..അമ്മ കൊട്ടംചുക്കാദി തൈലം ഇട്ടു ചൂട് പിടിച്ചു എന്നിട്ടും പോയില്ല…രാത്രി ഉറങ്ങാൻ പോലും പാറ്റിലാ…എങ്ങനെ പറ്റി എന്നൊക്കെ ചോദിച്ചു. ഞാൻ പറഞ്ഞു ഒരു അലമ്പൻ കയ്യിൽ കേറി പിടിച്ചതാ എന്ന്..അവനു ഞാൻ ഒന്ന് പൊട്ടിക്കുന്നുണ്ട്. എന്നും … പറഞ്ഞു.”

ഞാൻ പ്രതികരണത്തിനായി കാത്തു നിന്നു.

“ആണോ നിന്റെ അമ്മയോട് പറ ഒരു പത്തു കുപ്പി കൊട്ടംചുക്കാദി വാങ്ങി വീട്ടിൽ വെക്കാൻ പറ . നിനക്ക് ഇങ്ങനെയാണേൽ ഇനിയും ആവശ്യം വരും.”

ഞാൻ ചിരിയടക്കി നിന്നു.

“വേറെ ഒരു കാര്യവും കൂടെ ഉണ്ടായിരുന്നു അത് കൂടെ ചോദികാനാ വിളിച്ചത്. ഇന്നലെ ഞാൻ ഓഫിസ് റൂമിൽ നിന്നിറങ്ങിയപ്പോൾ എന്റെ ഓപ്പോസിറ്റ നിന്നും ഒരു സുന്ദരി കുട്ടി നടന്നു വന്നില്ലേ ..നല്ല കവിളൊക്കെ ചുമന്നു….എന്നോട് ചിരിച്ചു സംസാരിച്ചു…എന്താ അവളുടെ പേര്. ശിവയുടെ ക്ലാസ്സിലാണോ?”

ആരാ… ആ യാമി അല്ലേ അത്..

“എനിക്കെങ്ങും അറിയില്ല.” ദേഷ്യം വന്നു.

“അതൊക്കെ അറിയണ്ടേ….എന്തൊരു സുന്ദരിയാ….മോളു എനിക്കാകുട്ടിയുടെ നമ്പര് ഒന്നേ മേടിച്ചു തരോ….”

“അയ്യടാ …ഫോൺ വെച്ചിട്ടു ഓഫീസിൽ പോടാ കോഴീ …” അത്രയും പറഞ്ഞു ഞാൻ ഫോൺ വെച്ചു . അല്ല പിന്നെ….നമ്പര് ഇപ്പൊ തരാം ….ഗജപോക്കിരി….

“ഡീ …” ആര് കേൾക്കാൻ ആപ്പോഴേക്കും ഫോൺ വെച്ചിട്ടു അവള് പോയില്ലേ .ആദി ചിരിച്ചു കൊണ്ട് കാൾ കട്ട് ചെയ്തു. ഇപ്പോഴാ ആ കാന്താരി ശിവയായതു. ഈ ശിവാനിയാണ് എനിക്കിഷ്ടം…. ഇപ്പോഴാ എനിക്ക് ഒന്ന് സമാധാനമായതു. ഇത്ര നാളും എന്റെ കാൾ എടുക്കാതെ ഒളിച്ചിരിക്കുന്ന ശിവയെക്കാളും എനിക്കിഷ്ടം പ്രണയം ഈ കാന്താരിയോടാണ്. ഒരുപാടു തവണ വിളിച്ചിട്ടും ഒരിക്കൽ പോലും അവൾ എടുക്കാതെ ആയപ്പോൾ എനിക്ക് മനസ്സിലായി ആ സമയം നോക്കി അവൾ ഫോൺ എടുക്കാതിരിക്കുവാണു എന്ന്….പക്ഷേ എനിക്ക് ഉറപ്പായിരുന്നു എന്റെ മനസ്സിൽ ആരോ പറയുന്നുണ്ടായിരുന്നു അവൾ എന്റെ വിളിയും കാത്തിരിപ്പുണ്ട് എന്ന്. ഇന്നലെ അവളുടെ കണ്ണുകൾ എന്നോടത് വിളിച്ചു പറഞ്ഞു. ആദ്യമായി ഞാൻ കണ്ട ശിവാനിയുടെ കണ്ണിൽ ഒരു പ്രണയവും ഉണ്ടായിരുന്നില്ല. പക്ഷേ ഇന്നലെ ഞാൻ കണ്ട അല്ലെങ്കിൽ എന്നെ നോക്കിയാ ശിവാനിയുടെ കണ്ണിൽ ഒരുപാടു പ്രണയം ഉണ്ടായിരുന്നു. എന്നിട്ടും ഇത്രയും നാൾ എൻ്റെ ഫോൺ എടുക്കാത്തതിൽ എനിക്ക് നല്ല ദേഷ്യമുണ്ടായിരുന്നു….അതുകൊണ്ടാ അവളുടെ കൈ പിടിച്ചു നേരിച്ചതുംമ് രാത്രി ദേഷ്യപ്പെട്ടതും എല്ലാം. അവള് പറഞ്ഞത് പോലെ ഞാൻ ഒരു കൊച്ചു സൈക്കോയാ ….അവളോട്‌ മാത്രം…അത് എന്താ എന്നെനിക്കറിയില്ല…ഞാനിങ്ങനെയാണ് ..എന്റെ പ്രണയവും…പേടിക്കണ്ട… ശിവ എന്നെ സഹിച്ചോളും …അല്ലെങ്കിൽ അവൾക്കെ സഹിക്കാൻ പറ്റുള്ളൂ….

അപ്പൊ പണി ഞാൻ മറന്നിട്ടില്ല….ഒരു കൊച്ചു പണി അവൾക്കു കൊടുക്കണ്ടേ.

എല്ലാം കൊണ്ടും ശിവ എന്റെ പണി ഏറ്റ് വാങ്ങാനായി പാകപ്പെട്ടു.

“നീ ഇതുവരെ ഇറങ്ങീലെ ആദി….നേരത്തെ പോണമെന്നു പറഞ്ഞിട്ട്…” അമ്മയാണ്.

“അത് ഒരു അത്യാവശ്യ കാൾ ഉണ്ടായിരുന്നു. അതാ…..ഞാൻ ഇറങ്ങുവാ…”

എന്നും പറഞ്ഞു അമ്മയെ നോക്കി ചിരിച്ചിട്ട് ആദിയിറങ്ങി. ഇവൻ ഇന്നലെ തൊട്ടു വീണ്ടും ചിരിക്കുന്നുണ്ടലൊ. രാത്രി ഉറങ്ങാൻ നേരം നോക്കിയപ്പോളും മൊബൈലുമായി ബാല്കണിയിലിരുന്നു ചിരിക്കുന്നു. ഇപ്പൊ നല്ല തിരക്കാ എന്നും പറഞ്ഞു എന്തെക്കെയോ കഴിച്ചു ഓടി വന്നു ഫോൺ ചെയ്യുന്നു. ഞാൻ നോക്കിയപ്പോ ഈസി ചെയറിൽ ചാരിയിരുന്നു ചിരിക്കുന്നു. ഡോ . സൂസൻ മാത്യു നെ വീണ്ടും കാണണോ ദൈവമേ….ആ ശിവാനിയുടെ കല്യാണം ആയിട്ടുണ്ടാവോ …..അവർ അപ്പൊ തന്നെ ഫോൺ എടുത്തു.

പാവം ജാനകി ആന്റി അവിടെയിരുന്നു ആലോചിക്കട്ടെ…

ആദിയേട്ടൻ രാവിലെ വിളിച്ചതൊന്നും അമ്മുനോട് പറഞ്ഞില്ല…. കാരണം അവൾ പറയുന്നത് എല്ലാം പ്രാക്ടിക്കലി വളരെ ശെരിയാണ്… പ്രണയം അത്ര പ്രാക്ടിക്കൽ അല്ല…ഇത് എന്റെ സ്വകാര്യ പ്രണയമാണ്….

ഞങ്ങൾ ക്ലാസിലെത്തി… എല്ലാരും പ്രിൻസിയുടെ കാര്യം കേട്ട് ഞെട്ടി. എനിക്ക് ഒരു സസ്പെൻഷൻ ആണ് എല്ലാരും പ്രതീക്ഷിച്ചതു എന്ന് തോന്നുന്നു. എനിക്ക് ഉറപ്പായിരുന്നു അത്രയൊന്നും ഉണ്ടാവില്ല എന്ന്…ഒരു ചെറിയ തല്ലു കേസ്….പക്ഷേ നമ്മുടെ ആഷിഖ് അബു തുടങ്ങീലെ …വാദവും സ്‌ഫടികം ജോർജിന്റെ ഇടപെടലും യാമിയുടെ വാദവും എല്ലാം കൂടെ പൊലിപ്പിച്ചു ഈ ഞാൻ പോലും രോമാഞ്ച പുളകിതയായിപ്പോയി. അമ്മു എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. ഇത്രയും ആയപ്പോൾ യാമിയും കൂട്ടുകാരും കയറിവന്നു.

“ഇതാരാ നമ്മുടെ യാമി കൊച്ചല്ലയോ….ആരും ഒന്നും ചെയ്യല്ലേ സ്‌ഫടികം ജോർജ് വരും ചോദിക്കാൻ .” ഇത് വേറെയാരുമല്ല നമ്മുടെ രാഹുലിൻ്റെ കഥ കേട്ട് ആവേശംകൊണ്ടാ മറ്റൊരു പൂവാലൻ. യാമി അവനെ നോക്കി ….”പോടാ ” എന്നും പറഞ്ഞു പോയിരുന്നു. അവനും എന്തക്കയോ പറയുന്നുണ്ട്. ഞാൻ ഒന്നും അറിഞ്ഞില്ല രാമനാരായണഃ എന്ന ഭാവത്തിൽ നമ്മുടെ രാഹുൽ വന്നു എന്റടുത്തിരുന്നു. ഞാൻ ഒറ്റ ചവിട്ടു വെച്ച് കൊടുത്തു.

“നിനക്ക് മതി ആയല്ലോ….ഒരു കാര്യം പറഞ്ഞേക്കമ്മ്മ് ഇനി ഈ കഥ നീ ഇവിടെ ആരോടെങ്കിലും പറഞ്ഞാൽ ……” ഞാൻ അവന്റെ നേരെ കൈചൂണ്ടി പറഞ്ഞു.

“നീ പറഞ്ഞതെല്ലാം തള്ളാന് എന്ന് ഞങ്ങൾ പ്രൂവ് ചെയ്തു കൊടുക്കും…..നോക്കിക്കോ….മിണ്ടിപ്പോവരുത്….”

മറ്റാരുമല്ല നമ്മുടെ അമ്മു. ഞാൻ പറഞ്ഞില്ലേ അമ്മുന് നല്ല മാറ്റം ഉണ്ട്.

“കൊട് കൈ അമ്മു. നീ ഇതുപോലെ ആനന്ദേട്ടനോടും കൂടെ ഒന്ന് സംസാരിക്കണം.” ഞാൻ പറഞ്ഞു.

“എന്തിനു…. ഒൺ വേ ട്രാഫിക് അല്ലേ …..ഇവൾ അതൊക്കെ പറയും …..ഞാൻ ഒരു പ്രണയം പറഞ്ഞ ക്ഷീണം മാറീട്ടില്ലാ…അപ്പോഴാ അടുത്ത്.” രാഹുലാണ്‌.

ഞാൻ ചുണ്ടു കൊട്ടി തിരിഞ്ഞിരുന്നു. അപ്പൊ ദേ യാമി എന്നെ തുറിച്ചു നോക്കികൊണ്ടിരിക്കുന്നു .

“….എന്തൊരു സുന്ദരിയാ….മോളു എനിക്കാകുട്ടിയുടെ നമ്പര് ഒന്നേ മേടിച്ചു തരോ….”

ആദിയേട്ടന്റെ വാക്കുകൾ എനിക്കോർമ്മ വന്നു. എന്ത് ധൈര്യമുണ്ട് അങ്ങേർക്കു എന്നോട് ചോദിക്കുന്നു. അതും ഈ സുന്ദരിക്കോതയുടെ…

വൈകിട്ട് കോളേജിൽ നിന്നിറങ്ങുമ്പോൾ റിഷിയേട്ടനെ കണ്ടു.

“ശിവാ …തിങ്കളാഴ്ച സെമിനാറിന് നേരത്തെ ഹാൾ എത്തണം. ഫസ്റ്റ് ഇയർനും സെക്കന്റ് ഇയർനും വേണ്ടീട്ടാണ് “

“ഒ കെ ചേട്ടാ … ഈ പ്രവർത്തനങ്ങൾക്കിടയിൽ എപ്പോഴാ പഠിക്കുന്നേ…..ഇന്നലെ ഫേസ്ബുകിൽ കണ്ടല്ലോ എല്ലാര്ക്കും ഭിക്ഷക്കർക്കും ആശ്രിതരില്ലാത്തവർക്കും എല്ലാം ഫുഡ് ഒക്കെ കൊടുക്കുന്നെ….”

“തിയറിയെക്കാളും നമ്മൾക്ക് വേണ്ടത് പ്രാക്ടിക്കൽ ആണ്. പിന്നെ എഫ് . ബി ഫോട്ടോസ് ഞാൻ പ്രശസ്തനാവാൻ വേണ്ടി ഇട്ടതൊന്നുമല്ല… പ്രധാനമായി ഇത് പോലത്തെ പ്രവർത്തനങ്ങൾക്ക് ഫണ്ട് വേണം. പിന്നെ ആരെങ്കിലും ഇത് കണ്ടു മോട്ടിവേറ്റ് ആയി എന്തെങ്കിലും നന്മ ചെയ്‌താൽ അതും നല്ലതല്ലേ .”

“ചേട്ടനൊരു ഡിയർ കൊമോറഡ് ലൈൻ ആണ് അല്ലേ ….ചേട്ടന് ആ ലൂക്കും ഉണ്ട്…”

റിഷിയേട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു….”അത് ഞാൻ സുന്ദരനായത് കൊണ്ട് തോന്നുന്നതാ…..ഞാൻ അത്ര നല്ല കൊമോറഡ് ഒന്നും അല്ല….എനിക്കും കുറച്ചു രാഷ്ട്രീയ മോഹങ്ങളുണ്ട് കേട്ടോ …”

ഞങ്ങളും ചിരിച്ചു. “ശെരി അപ്പൊ പിന്നെ വിട്ടോ….” അതും പറഞ്ഞു റിഷിയേട്ടൻ ഞങ്ങളെ കടന്നു പോയി.

“എന്ത് ഫ്രാങ്കാ അല്ലേ അമ്മു. എന്ത് സോഫ്റ്റ് ആയിട്ടാ സംസാരിക്കുന്നേ “

” എന്നിട്ടെന്താ കാര്യം….നല്ല പണി തരാനും, ചീത്ത വിളിക്കാനും,കൈ പിടിച്ചു ഞെരിക്കാനും …എന്തിനധികം ഫോൺ ബെല്ലിൽകൂടെ പോലും പ്രണയിപ്പിക്കാനറിയില്ലലോ….” എന്നും പറഞ്ഞു പിശാശു ഓടി..ഇവള്……ഈ പിശാശിന്റെ അന്ത്യം എന്റെ കൈകൊണ്ടാണോ ഈശ്വരാ…

(കാത്തിരിക്കുമല്ലോ )

വായിക്കുന്ന കാത്തിരിക്കുന്ന എല്ലാപേരോടും ഒരുപാട് നന്ദി . കമന്റ്സ് ഇടുന്ന എന്റെ എല്ലാ ചങ്ക് കളോടും ഒരുപാട് സ്നേഹം.

ഇസ സാം

5/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

4 thoughts on “ഒരു അഡാർ പെണ്ണുകാണൽ – 10”

  1. Eppozhum ee storykk vendi wait cheyyum❤️ athrakkum ishtaan ee story💖💖Oru 10 part divasavum ittaal vaayikkum ❤️ athrakkum ishtaaan ee story😍😍😍😍Adipoli🔥🔥🔥🔥Shivani💖Adi💘😘😘😘😍 Writerkk kurach thirakk und…alle?? Athondaayirikkum length kurayunne😭😭💔💔 Kurachum koodi length kooottiyal sandhosham 💖 Kootiyillenkilum prashnam illa💖Story vaayikkum 💖supportum cheyyum❤️

Leave a Reply

Don`t copy text!